Sunday, November 24, 2024
Novel

നാഗചൈതന്യം: ഭാഗം 2

എഴുത്തുകാരി: ശിവ എസ് നായർ

“രോഹിണി… ” കുമാരന്റെ ചുണ്ടുകൾ വിറച്ചു. അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു. കൃഷ്ണമണികൾ ചുവന്നു കലങ്ങിയിരുന്നു. ഇരുപത്തി നാല് വർഷങ്ങൾക്കിപ്പുറം തനിക്ക് മുന്നിൽ ക്രൂരമായ പുഞ്ചിരിയോടെ നിൽക്കുന്ന രോഹിണിയെ അയാൾ ഭയത്തോടെ നോക്കി. അവൾ അതൊന്നും വക വച്ചതേയില്ല. പതിയെ അവൾ അയാൾക്ക് നേരെ ചുവടുകൾ വച്ചു. അതിശക്തിയായി വീശിയ കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു. നായ്ക്കൾ കൂട്ടമായി ഓരിയിട്ടു കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു.

പെട്ടന്നാണ് രോഹിണി കുമാരനെയും പൊക്കിയെടുത്തു കൊണ്ട് ഗ്രാമാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനു നേർക്ക് പാഞ്ഞത്. കുമാരന്റെ നിലവിളി ശബ്ദം വായുവിൽ അലിഞ്ഞില്ലാതായി. ഇലഞ്ഞിമരചുവട്ടിലേക്ക് പറന്നിറങ്ങിയ രോഹിണി കുമാരനെ മരത്തിനോട് ചേർത്ത് നിർത്തി. വനത്തിനുള്ളിൽ നിന്നും നീണ്ടു വന്ന കാട്ടുവള്ളികൾ അയാളെ വരിഞ്ഞു മുറുക്കി. “രോഹിണി എന്നെയൊന്നും ചെയ്യരുത്…എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം. എന്നെ വെറുതെ വിടണം… ” നിലവിളി പോലെ അയാൾ പറഞ്ഞു. “നീ ചെയ്ത തെറ്റിന് മാപ്പില്ല കുമാരാ… നിഷ്കരുണം എന്നെ കൊന്നു കളയുമ്പോൾ ദയയുടെ ഒരു കണിക പോലും നിങ്ങളിൽ അവശേഷിച്ചിരുന്നില്ലല്ലോ….

നിന്നെ മാത്രമല്ല അന്ന് നിന്റെ കൂടെയുണ്ടായിരുന്ന ഒരുത്തനെയും ഞാൻ വെറുതെ വിടില്ല. പ്രതികാരം വീട്ടാൻ വേണ്ടി തന്നെയാണ് രോഹിണി ബന്ധനത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു വന്നത്…. ” രോഹിണിയുടെ അട്ടഹാസം അവിടമാകെ മുഴങ്ങി. ആകാശത്തു ഒരു വെള്ളിടി വെട്ടി. മിന്നൽ പിണരുകൾക്ക് പിന്നാലെ ഇടിമുഴക്കം കേൾക്കാമായിരുന്നു. തുള്ളിക്കൊരു കുടം കണക്കെ മഴ ആർത്തിരമ്പി വന്നു. രോഹിണി അയാൾക്ക് നേരെ ചുവടുകൾ വച്ചു. കുമാരന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു. തന്റെ അന്ത്യം അടുത്തു കഴിഞ്ഞുവെന്ന് അയാൾക്ക് ഉറപ്പായി. രോഹിണിയുടെ മുഖത്തിന്റെ പകുതി വിണ്ടു കീറി ചോര വാർന്നു. നീണ്ടു കൂർത്ത കോമ്പല്ലുകൾ പുറത്തേക്കുന്തി വന്നു.

ആ കാഴ്ച കണ്ടു കുമാരൻ ശ്വാസം വിടാൻ പോലും മറന്നു നടുങ്ങി നിന്നു. അയാളുടെ ശരീരത്തെ ചുറ്റി വരിഞ്ഞ കാട്ടുവള്ളികൾ അയഞ്ഞു തുടങ്ങി. അവൾ അയാളുടെ കഴുത്തിൽ പിടിമുറുക്കി. നീണ്ടു വളഞ്ഞ കൂർത്ത ദന്തങ്ങൾ കുമാരന്റെ ധമനിയിലേക്ക് ആഴ്ന്നിറങ്ങി. അയാളുടെ കരച്ചിൽ മഴയുടെ ഹുങ്കാര ശബ്ദത്തിൽ അലിഞ്ഞില്ലാതായി.അവളുടെ കയ്യിൽ കിടന്നയാൾ മരണ വെപ്രാളം കൊണ്ട് പിടഞ്ഞു. ഒടുവിൽ അവസാന പിടച്ചിലും നിന്നും. വിളറി വെളുത്ത അയാളുടെ നിശ്ചലമായ ശരീരം ഇലഞ്ഞി മരച്ചുവട്ടിൽ ഉപേക്ഷിച്ച ശേഷം രോഹിണി മേലാറ്റൂർ വനത്തിനുള്ളേക്ക് പോയി.

ആകാശത്തു ശക്തിയായി ഇടിവെട്ടി, മഴ തകർത്തു പെയ്തു കൊണ്ടിരുന്നു. അപ്പോഴും ഇലഞ്ഞി മരത്തിന്റെ ഏറ്റവും ഉയർന്ന ശിഖരത്തിൽ ഇരുന്നു കാലൻ പക്ഷി മഴയുടെ ഹുങ്കാര ശബ്ദത്തെയും കീറി മുറിച്ചു കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു. അതേസമയം വനത്തിനുള്ളിൽ മഴത്തുള്ളികൾ ശക്തിയായി മുഖത്തേക്ക് വന്നു പതിച്ചപ്പോൾ മല്ലിക പതിയെ മയക്കം വിട്ടുണർന്നു. കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ അവരുടെ സ്മൃതി പദത്തിലേക്ക് തെളിഞ്ഞു വന്നു. ഒരു നടുക്കത്തോടെ മല്ലിക ചാടിയെഴുന്നേറ്റ് ചുറ്റും പകച്ചു നോക്കി.അരികിൽ ഭർത്താവിനെയും കാണാത്തതിനാൽ അവർ കൂടുതൽ ഭയ ചകിതയായി.

“കുമാരേട്ടാ… ” തൊണ്ട പൊട്ടുന്ന ഒച്ചയിൽ മല്ലിക തന്റെ ഭർത്താവിനെ വിളിച്ചു. “എന്റീശ്വരന്മാരെ ഇതെന്തൊരു പരീക്ഷമാണ്. ഈ പെരും മഴയത്തു എന്നെ ഇവിടെ ഒറ്റയ്ക്കാക്കി നിങ്ങളെങ്ങോട്ട് പോയ്‌ മനുഷ്യ…. ” തേങ്ങലോടെ മല്ലിക ചുറ്റും കണ്ണോടിച്ചു. എവിടെയും ഒരു നിഴലനക്കം പോലുമില്ലായിരുന്നു. മഴ കൂടുതൽ ശക്തിയിൽ പെയ്തു കൊണ്ടിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തിയ ഭയം അവരെ കാർന്നു തിന്നാൻ തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ മല്ലിക ആ ഘോര വനത്തിനു നടുവിൽ നിസ്സഹായായി നിലകൊണ്ട്. അമാവാസി രാത്രി കൂടി ആയതിനാൽ ചുറ്റിലും കണ്ണിൽ തുളച്ചു കയറുന്ന അന്ധകാരം മാത്രമായിരുന്നു . അപ്പോഴാണ് ഇരുതലയുള്ള ഒരു കരിനാഗം നാഗത്തറയിൽ നിന്നും ഇഴഞ്ഞിറങ്ങിയത്.

സർപ്പാക്കാവ് പിന്നിട്ടു കഴിഞ്ഞപ്പോൾ കരിനാഗത്തിന്റെ രൂപം പതിയെ രോഹിണിയിലേക്ക് വഴിമാറി. അത്രയും സമയം തകർത്തു പെയ്തു കൊണ്ടിരുന്ന മഴ പെട്ടന്ന് നിലച്ചു. വീശിയടിച്ച കാറ്റിൽ മര ചില്ലകൾ ആടിയുലഞ്ഞു. നായ്ക്കളുടെ ഓരിയിടലും നിലച്ചു. വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ടിട്ടെന്ന പോലെ ഒരു നിമിഷം പ്രകൃതി നിശ്ചലമായി. പിന്നിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് മല്ലിക ഭയപ്പാടോടെ തിരിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന സ്ത്രീ രൂപത്തെ കണ്ടതും മല്ലിക കിടുങ്ങിപ്പോയി. ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയതും മല്ലികയുടെ സപ്തനാഡികളും തളർന്നു.

“രോഹിണി… നീ… ” വിറയലോടെ മല്ലികയുടെ ചുണ്ടിൽ നിന്നും വാക്കുകൾ ചിതറി വീണു. അവരുടെ നോട്ടം നാഗതറയിലേക്ക് നീണ്ടു ചെന്നു. നാഗയക്ഷിയുടെ സ്വർണം കൊണ്ട് നിർമിച്ച ശില സ്ഥാപിച്ചിരുന്ന ഭാഗം ശൂന്യമായിരുന്നു. ആ കാഴ്ച കണ്ടു മല്ലിക ഞെട്ടിത്തരിച്ചു. വർഷങ്ങൾക്കിപ്പുറം രോഹിണി നാഗത്തറയിൽ നിന്നും പുറത്തു വന്നിരിക്കുന്നു. ആ ചിന്ത അവരുടെ മനസിലൂടെ കടന്നു പോയി. അടിവയറ്റിൽ നിന്നുമൊരു തീഗോളം നെഞ്ചിലേക്ക് ഉരുണ്ടു കൂടുന്നത് അവരറിഞ്ഞു. ഒന്ന് ശബ്‌ദിക്കാൻ പോലും കഴിയാതെ മല്ലിക നിന്നു വിയർത്തു. മല്ലിക നോക്കിനിൽക്കേ രോഹിണി കരിനാഗമായി മാറാൻ തുടങ്ങി.

നാലാൾ വലുപ്പമുള്ള ഇരുതലയുള്ള കരിനാഗമായി മാറിയ രോഹിണി അവർക്ക് നേരെ ചീറിയടുത്തു. ആദ്യമൊന്നു പകച്ചു നിന്നെങ്കിലും സമനില വീണ്ടെടുത്ത മല്ലിക ജീവനും കയ്യിൽ പിടിച്ചു കൊണ്ട് മുന്നിൽ കണ്ട വഴിയിലൂടെ ലക്ഷ്യമില്ലാതെ ഓടി. എങ്ങനെയും ജീവൻ തിരിച്ചു കിട്ടിയാൽ മതിയെന്നെ അവരുടെ മനസ്സിൽ അപ്പോഴുണ്ടായിരുന്നുള്ളു.ശരീരത്തെ ബാധിച്ച തളർച്ച അവർ കാര്യമാക്കിയില്ല. പ്രയാധിക്യം കാരണം കാലുകൾ കുഴഞ്ഞു പോയെങ്കിലും മല്ലികയുടെ മനസ്സിൽ രക്ഷപ്പെടണമെന്ന ചിന്ത മാത്രമായിരുന്നു. പക്ഷേ കരിനാഗത്തിൽ നിന്നും അധിക ദൂരം ഓടി രക്ഷപ്പെടാൻ മല്ലികയ്ക്ക് കഴിഞ്ഞില്ല.ആ ഇരുതലയുള്ള കരിനാഗം അവരെ വാലിൽ ചുഴറ്റി പൊക്കിയെടുത്തു. ശേഷം ദൂരേക്ക് വലിച്ചെറിഞ്ഞു.

വായുവിലൂടെ ഉയർന്നു പൊങ്ങിയ മല്ലിക കൃത്യം തന്റെ ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ചെന്ന് തലയടിച്ചു വീണു.അവരുടെ തല പൊട്ടി ചോരയൊലിച്ചു. വേദന കാരണം മല്ലിക അലറി കരഞ്ഞു. അരികിൽ ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ട് മല്ലിക സ്തംഭിച്ചു. പൊടുന്നനെ ഇലഞ്ഞിമരമൊന്നു വിറകൊണ്ടു. ശിഖരങ്ങൾക്കിടയിൽ നിന്നും ഇഴഞ്ഞിറങ്ങിയ കരിനാഗം മല്ലികയുടെ കഴുത്തിൽ വരിഞ്ഞു മുറുക്കി. തുടരെ തുടരെ അവരുടെ കണ്ണിൽ കരിനാഗം ആഞ്ഞു കൊത്തി…വായിൽ നിന്നും നുരയും പതയും വന്നു മല്ലിക കുമാരന്റെ നെഞ്ചിൽ വീണു കിടന്നു പിടഞ്ഞു.ശരീരം നീല നിറമായി മാറി. ഒടുവിൽ അവരുടെ പിടച്ചിലും നിന്നു.

ആ കാഴ്ച മതിവരുവോളം കണ്ടു നിന്ന ശേഷം ആ കരിനാഗം മേലാറ്റൂർ വനത്തിനുള്ളിലേക്ക് ഇഴഞ്ഞു പോയി. കാലൻ പക്ഷിയുടെ നിലവിളി നിലച്ചു. എങ്ങും നിശബ്ദത തളം കെട്ടി നിന്നു. ************** പിറ്റേന്ന് ഋഷിനാരാധ മംഗലത്തെ ഗ്രാമവാസികൾ ഉണർന്നത് കുമാരന്റെയും മല്ലികയുടെയും ദാരുണമായ മരണവാർത്ത കേട്ടുക്കൊണ്ടായിരുന്നു… നേരം പുലർന്നു തുടങ്ങിയതേയുണ്ടായിരുന്നുള്ളു. അന്തരീക്ഷത്തിൽ നേർത്ത മൂടൽ മഞ്ഞ് വ്യാപിച്ചു കിടന്നിരുന്നു. മരം കോച്ചുന്ന തണുപ്പുണ്ടായിരുന്നിട്ടും ആളുകൾ അതൊന്നും വക വയ്ക്കാതെ ഗ്രാമതിർത്തിയിലേക്ക് ഓടി കൂടി. ഇലഞ്ഞി മരച്ചുവട്ടിൽ തണുത്തു മരവിച്ചു കിടക്കുന്ന മൃതശരീരങ്ങൾക്കരികിൽ എന്ത് ചെയ്യണമെന്നറിയാതെ ആളുകൾ പകച്ചു നിന്നു.

ശരീരത്തിൽ നിന്നും രക്തം മുഴുവനും നഷ്ടപ്പെട്ടു വിളറി വെളുത്തു വിറങ്ങലിച്ചു കിടക്കുന്ന കുമാരന്റെ ശരീരവും ശരീരം മുഴുവനും നീല നിറം വ്യാപിച്ചു തല പൊട്ടിപ്പിളർന്നു ചോരയൊഴുകി പടർന്നു വികൃതമായി കിടക്കുന്ന മല്ലികയുടെ ശവ ശരീരവും അവരിൽ ഭീതിയുളവാക്കി. “രോഹിണി ബന്ധന വിമുക്തയായിരിക്കുന്നു. അതിന്റെ പരിണിത ഫലങ്ങളാണ് നാം ഈ കാണുന്നത്. ഇനിയും എത്ര മനുഷ്യ കുരുതികൾ ഇവിടെ നടക്കുമെന്ന് ഈശ്വരനറിയാം….” കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയൊരു വൃദ്ധൻ നെഞ്ചത്ത് കൈവച്ചു വിലപിച്ചു കൊണ്ട് പറഞ്ഞു.

വൃദ്ധന്റെ വാക്കുകൾ കേട്ട് സകലരും ഞെട്ടി തരിച്ചു. പഴയ ആളുകൾക്കെല്ലാം ഒരുവിധം രോഹിണിയുടെ ചരിത്രമറിയാമെങ്കിലും പുതിയ തലമുറയിൽപ്പെട്ടവർക്ക് അതൊരു പുതുമ തന്നെയായിരുന്നു. പഴമക്കാർ പറയുന്നതെല്ലാം കെട്ടു കഥകളായി മാത്രം കണ്ടിരുന്ന നാട്ടിലെ ചോരത്തിളപ്പുള്ള യുവ തലമുറയ്ക്കും രോഹിണിയുടെ തിരിച്ചു വരവ് അവരുടെ ഉള്ളിൽ അസ്വസ്ഥത ഉളവാക്കി. പണ്ടത്തെ ആളുകൾ പറയുന്നതിലും സത്യമുണ്ടെന്ന് ഇലഞ്ഞി മരച്ചുവട്ടിലെ മൃതദേഹങ്ങൾ കണ്ടപ്പോൾ പലർക്കും ബോധ്യമായി. ഉറക്കം കെടുത്തുന്ന രാത്രികളാണ് ഇനി വരാൻ പോകുന്നതെന്ന് അവരുടെ ഉള്ളിലിരുന്ന് ആരോ വിളിച്ചു പറഞ്ഞു. “ഇനിയിപ്പോ നമ്മളെന്താ ചെയ്യുക…?? ”

ഒരാൾ സംശയത്തോടെ ചോദിച്ചു. “തല്ക്കാലം മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിക്കാം… അല്ലാതെ നമുക്കൊന്നും ചെയ്യാനില്ല…. ” മറ്റൊരാൾ മറുപടി പറഞ്ഞു. “രോഹിണി ബന്ധനത്തിൽ നിന്നും പുറത്തു വന്ന സ്ഥിതിക്ക് അതിനൊരു പ്രതിവിധി കാണണ്ടേ… ഇല്ലെങ്കിൽ പിന്നെ അത് നമ്മുടെയെല്ലാം ജീവന് തന്നെ ആപത്താകില്ലേ… ” നാട്ടുകാർ തങ്ങളുടെ സംശയങ്ങൾ പരസ്പരം പങ്കു വച്ചു കൊണ്ടിരുന്നു. ഒടുവിൽ ഒരു പോംവഴി കണ്ടെത്താനാകാതെ ആളുകൾ പിരിഞ്ഞു പോയി. കുമാരൻ ജനിച്ചതും വളർന്നതുമൊക്കെ ഋഷിനാരാധ മംഗലത്ത് തന്നെയായിരുന്നു. അയാൾക്ക് പ്രത്യേകിച്ച് പറയത്തക്ക ബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല.

വാർദ്ധക്യം ബാധിച്ചു അച്ഛനും അമ്മയും മരിച്ച ശേഷം കുറേനാൾ ഒറ്റത്തടിയായി നടന്ന കുമാരൻ ഒരു സുപ്രഭാതത്തിലാണ് പുത്തൻ പണക്കാരനാകുന്നത്. അയൽ ഗ്രാമത്തിൽ നിന്നും മല്ലികയെ അയാൾ വേളി കഴിച്ചു കൊണ്ട് വന്നു. ആയിടയ്ക്കാണ് നാഗത്തറയിൽ വച്ചു ദുർമരണപ്പെട്ട രോഹിണിയുടെ ആത്മാവ് ഋഷിനനാരദ മംഗലത്തു മരണം വിതയ്ക്കാൻ തുടങ്ങിയത്.കുമാരന്റെ ഗർഭിണിയായ ഭാര്യയെ രോഹിണിയുടെ ആത്മാവ് കടന്നാക്രമിച്ചെങ്കിലും അന്ന് മല്ലിക തലനാരിഴയ്ക്ക് രക്ഷപെട്ടു. ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച കുമാരനും രോഹിണിയുടെ പ്രഹരത്താൽ നാല് വർഷങ്ങളോളം തളർന്നു കിടന്നിരുന്നു.മല്ലികയുടെ ഗർഭസ്ഥ ശിശുവിനെ നഷ്ടമാകുകയും ചെയ്തു.

പിന്നീട് ഇരുവർക്കും സന്തതി ഭാഗ്യം ഉണ്ടായതുമില്ല. ഇരുപത്തി നാല് വർഷങ്ങൾക്ക് മുൻപ് രോഹിണിയിൽ നിന്നും കഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്.എന്നാൽ ഇത്തവണ രണ്ടുപേർക്കും മരണം വരിക്കേണ്ടി വന്നു. അന്ന് വാസുദേവ ഭട്ടതിരിയുടെ മാന്ത്രിക ബന്ധനത്തിൽ തളയ്ക്കപ്പെട്ട രോഹിണി എങ്ങനെ മോചിതയായെന്ന് ആർക്കും പിടികിട്ടിയില്ല. അയൽ ഗ്രാമത്തിൽ നിന്നും മല്ലികയുടെ ബന്ധുക്കളെ വരുത്തിയാണ് മരണാനന്തര കർമങ്ങൾ നടത്തിയത്. ************** പാലത്തിടത്ത്‌ തറവാട്ടിന്റെ ഉമ്മറ കോലായിലെ ചാരുകസേരയിൽ മച്ചിലേക്ക് കണ്ണുകൾ നാട്ട് നിർവികാരനായി കിടക്കുകയിരുന്നു നാരായണൻ.

അപ്പോഴാണ് കാര്യസ്ഥൻ ശങ്കരൻ പടിപ്പുര കടന്നു ധൃതിയിൽ അവിടേക്ക് വന്നത്. “തിരുമേനി…. ” ഇടറിയ ശബ്ദത്തിൽ ശങ്കരൻ വിളിച്ചു. “എന്ത് പറ്റി ശങ്കരാ… ” പരിഭ്രമത്തോടെ അദ്ദേഹം ആരാഞ്ഞു. “രോഹിണി കുഞ്ഞ് നാഗത്തറയിൽ നിന്നും ബന്ധന വിമുക്തയായിരിക്കുന്നു… ” അത് കേട്ട മാത്രയിൽ നാരായണൻ ഇരിപ്പിടത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു. “എന്റെ ദേവ്യേ ഞാനെന്തായീ കേക്കണത്… ” അയാളുടെ ഒച്ച വിറച്ചു.നാരായണന്റെ കൈകൾ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷത്തിൽ അമർന്നു. അതേസമയം ഒരു കരിനാഗം നാരായണനെ ലക്ഷ്യമിട്ട് പടിപ്പുര കടന്നു ഇഴഞ്ഞു വരുന്നുണ്ടായിരുന്നു. തുടരും

നാഗചൈതന്യം: ഭാഗം 1