Sunday, December 22, 2024
Novel

മീനാക്ഷി : ഭാഗം 1

എഴുത്തുകാരി: അപർണ അരവിന്ദ്

കൃഷ്ണനെ തൊഴുതാണ് സ്കൂളിലേക്ക് പുറപ്പെട്ടത്.. ന്റെ ഏറ്റവും പ്രിയപ്പെട്ട ചുവന്ന സാരിയിൽ തന്നെ ആദ്യത്തെ ദിവസം ആരംഭിച്ചു.. പാടത്തിന് നടുക്ക് നട കയറിചെന്നാണ് സ്കൂളിലേക്ക് തിരിയുക.. ആരും ഈ വഴിയൊന്നും ഇപ്പോളും വരവിലെന്നു തോന്നുന്നു.. പക്ഷേ എനിക്കിപ്പോളും ഈ നാട്ടുവഴികളാണ് ഇഷ്ടം.. പഴയ ഓർമകളുടെ നനവുകൾ ഈ മണ്ണിനുണ്ട്.. ആ ഗന്ധം എനിക്കേറെ ഇഷ്ടമാണ്.. മീനാക്ഷി…. കേട്ട് മറന്ന ആ ശബ്‌ദം എന്നെ പുറകിലോട്ട് തിരിച്ചു.. അഭിയേട്ടൻ.. എന്താണ് മീനാക്ഷി…

നമ്മളെയൊക്കെ മറന്നോ… അത്… അഭിയേട്ട…. വേണ്ട മിനക്ഷി… ഒന്നും പറഞ് ബുദ്ധിമുട്ടണ്ട… ഓർത്താലല്ലേ മറക്കാൻ കഴിയൂ… തനിക് അന്നും ഇന്നും ഞാൻ അന്യനാണല്ലോ… അ..ഭി.. യെ… ട്ടാ അത് വിട്… മീനാക്ഷി ഇന്ന് ജോയിൻ ചെയ്യുമെന്ന് അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ ഈ വഴി താൻ മറന്ന് കാണുമെന്നാ കരുതിയത്.. മറവി…. വേണ്ടതൊന്നും മറക്കാൻ കഴിയില്ല അഭിയേട്ടാ… ചിലതെല്ലാം തീക്കനൽ പോലെ എരിഞ്ഞുകൊണ്ടിരിക്കും.. താൻ ആകെ മാറിപോയല്ലോ… ഈ കണ്ണടയും, ഫിലോസഫി പറച്ചിലും തനിക്ക് ചേരില്ല ട്ടോ… നിക്ക് പഴയ മീനുട്ടിന്യ ഇഷ്ടം.. ഉത്തരം നൽകിയില്ല.. ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു…

അഭിയേട്ടന്റ കൂടെയുള്ള ഈ നടത്തം മനസ്സിൽ എന്തോ ചെറിയ സന്തോഷം നൽകുന്നുണ്ടായിരുന്നു… ഭാര്യ എന്ത്‌ ചെയുന്നു… മക്കൾ ഉണ്ടോ.. മക്കളില്ല… ഒറ്റവാക്കിൽ അഭിയേട്ടൻ ഉത്തരം നൽകി.. പിന്നീട് ഒന്നും ചോദിക്കാൻ തോന്നിയില്ല തന്റെ കഥകളൊക്കെ അച്ഛൻ പറഞ്ഞു.. ഒന്നും നമ്മൾ കരുതും പോലെ വരില്ലല്ലോ മീനാക്ഷി… താൻ പഴയതൊക്കെ മറന്ന് വീണ്ടും മീനുട്ടിയാവണം… തന്റെ സ്വപ്നങ്ങളെല്ലാം വീണ്ടും നിറവേറ്റണം… എന്ത് സഹായത്തിനും ഞാൻ കൂടെയുണ്ടാകും.. ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ വീണ്ടും അഭിയേട്ടനിൽ കണ്ണുകൾ പതിപ്പിച്ചു..

അഭിയേട്ടന് ഇന്നും മാറ്റങ്ങളൊന്നുമില്ല.. മുഖത്തുള്ള കട്ടതാടി ഇന്നും അതേ ചേലിലുണ്ട്.. അമ്മായി കാലുപിടിച്ചുപറഞ്ഞിട്ടും ഈ താടി ഒഴിവാക്കിയിട്ടില്ലല്ലേ.. ഭാര്യയ്ക് ഇതൊക്കെ ഇഷ്ടാണോ ആവോ.. അഭിയേട്ടൻ കൈതട്ടി വിളിച്ചപ്പോളാണ് ചിന്തകൾ അവസാനിപ്പിച്ചത് എന്താ മീനുട്ടി… ഇത്ര ചിന്തിക്കാൻ.. ഭാര്യയ്ക്ക് ഈ താടിയൊക്കെ ഇഷ്ടാണോ.. ഭാര്യ…അത് ഉണ്ടങ്കിലല്ലേ… . അങ്ങനെയൊരാൾ ഇന്നും കടന്നുവന്നിട്ടില്ല.. താടി ഇഷ്ടപ്പെട്ടിരുന്ന, ഒരാളുണ്ടായിരുന്നു…സ്വന്തമാക്കാൻ കഴിഞ്ഞില്ല..

അതുകൊണ്ട് ഈ ജന്മം ഇങ്ങനെ തനിച്ച് ജീവിക്കാമെന്നു കരുതി വാക്കുകൾ ഇടരുമ്പോളും അഭിയേട്ടൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു…അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എന്റെ നെഞ്ചിലാണ് തറച്ചത്… എന്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് അഭിയേട്ടൻ മുൻപിൽ നടന്നു പോകുന്നത് ഞാൻ നോക്കിനിന്നു… ഒരുപക്ഷെ അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് എന്നിൽ നിന്നു മറച്ചുപിടിക്കാനാകും മുൻപിൽ എനിക്ക് കാതോർക്കാതെ നടന്ന് നീങ്ങിയത്.. ജോലിയിൽ ജോയിൻ ചെയ്ത് ഉച്ചവരെ സ്കൂളിലിരുന്നു… പഴയ ഓർമ്മകൾ മനസ്സിന് ആശ്വാസം നൽകുന്നുണ്ടായിരുന്നു…

അഭിയേട്ടനെ കണ്ണുകൾ തിരഞ്ഞെങ്കിലും ഒരിക്കൽ പോലും കണ്മുന്നിൽ കണ്ടില്ല.. മൂന്ന് മണി ആയപ്പോളാണ് വീട്ടിലേക്ക് തിരിച്ചത്.. നാളെ മുതൽ നാല് മണിവരെ സ്കൂളിൽ ഉണ്ടാവണമെന്ന് സാർ പറഞ്ഞിട്ടുണ്ട് വയൽകരയിലൂടെത്തന്നെയാണ് തിരിച്ചു പോയതും.. അമ്മ പഠിയ്ക്കൽ തന്നെ കാത്തിരിപ്പുണ്ടായിരുന്നു.. പണ്ട് സ്കൂൾ കഴിഞ്ഞ് ബാഗും തൂക്കി ഓടി വരുന്ന കുഞ്ഞു മീനുട്ടിയായ് ഞാൻ മാറുന്നത് പോലെ തോന്നി.. അമ്മയോട് വിശേഷങ്ങൾ പങ്കുവെച്ചു പെട്ടന്ന് തന്നെ മുകളിലേക്ക് പോയ്‌.. കുളിച്ചു കഴിഞ്ഞ് ചാരുപടിയിൽ വെറുതെ ദൂരേക്ക് നോക്കിയിരുന്നു.. തനിച്ചിരിക്കാനാണ് തോന്നിയത്…

ഒരിക്കലും തനിച്ചാകരുതെന്ന് പ്രാർത്ഥിച്ച ആ പഴയ മീനുട്ടി ഇന്നൊരുപാട് മാറിയിരിക്കുന്നു… പാടത്തേക്ക് കണ്ണുംനട്ടിരിക്കുമ്പോൾ മനസ്സ് മറ്റെവിടെയ്ക്കോ പറന്നിരുന്നു.. മീനു… അമ്മയുടെ വിളിയാണ്…ഒന്നു മിണ്ടാൻ പോലും തോന്നിയില്ല.. വീണ്ടും നിശബ്‌ദമായിരുന്നു. എന്താ ഇത് മീനുട്ട്യേ.. വയസ്സ് ഇരുപത്തിയാറ് ആയതല്ലേ ഉള്ളു നിനക്ക്, അതോണ്ടല്ലേ അമ്മ ഇങ്ങനെ ചോദിക്കുന്നത്.. ഇത്രചെറുപ്പത്തിൽ നീ തനിച്ചായി നിൽക്കുന്നത് അമ്മയെങ്ങന്യാ സഹിക്യാ… ന്റെ കുട്ടി അമ്മ പറയുന്നതൊന്ന് കേൾക്കു.. പ്ലീസ് അമ്മേ… ഇനിയെങ്കിലും ഒന്ന് നിർത്തു..

അമ്മേടേം അച്ഛന്റേം വാക്ക് കേട്ട് നിങ്ങൾക്ക് വേണ്ടിയാണ് ഞാനയാളുടെ മുൻപിൽ തലകുനിച്ചത്… മൂന്ന് വർഷങ്ങൾ… എന്റെ മൂന്ന് വർഷങ്ങളാണ് ഉരുകി തീർന്നത്.. ഇനിയുമൊരു പരീക്ഷണത്തിന് എനിക്ക് വയ്യ… നിങ്ങൾക്കൊക്കെ ശല്യമായിന്ന് തോന്നിയെങ്കിൽ ഈ നിമിഷം ഇറങ്ങും മീനാക്ഷി തറവാട്ടീന്ന്.. ഒന്നും മിണ്ടാതെ കണ്ണ് തുടച്ചിറങ്ങുന്ന അമ്മയെ ഞാനും നോക്കിനിന്നത്തെ ഉള്ളു… എന്താണ് ചെയ്യേണ്ടതെന്നോ എന്ത്‌ പറയണമെന്നോ എനിക്കപ്പോളും അറിയില്ലായിരുന്നു…

ഒന്നും ചിന്തിക്കാതിരുന്നിട്ടും കണ്ണുകൾ നിറയാൻ തുടങ്ങി.. പാടത്തു ചേറിൽ കിടന്നുരുളുന്ന കുറുമ്പന്മാരിൽ കണ്ണുടക്കിയപ്പോളാണ് ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞത്.. പഴയ കാലങ്ങൾ, എന്റെ മനോഹരമായ കുട്ടികാലം.. അമ്മയുടേം അച്ഛന്റേം തണലിൽ ഞാൻ ആസ്വദിച്ച എന്റെ ബാല്യകാലം.. പാടത്തുടെയുള്ള കളികളും, പുഴയിൽ പോയ്‌ നീന്തം പഠിച്ചതും, തോട്ടിലെ പരൽ മീനിനെ തോർത്ത്‌ വിരിച്ച് പിടിച്ചതും, തുലാമഴയിൽ മഴക്കാലം ആസ്വദിച്ചതും… അങ്ങനെ എന്തെല്ലാം ഏതെല്ലാം.. എന്ന് മുതലാണ് മീനാക്ഷി മാറി തുടങ്ങിയത്…

ഞാൻ മാറിയതാണോ അതോ അയാളെന്നെ മാറ്റിയെടുത്തതാണോ… ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയാത്തവിധം ഇത്രമേൽ മാറണമെങ്കിൽ അയാളെന്നിൽ അത്രയേറെ ആഴ്ന്നിറങ്ങിയിരിക്കുന്നു.. ചിന്തകൾ തലയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.. അച്ഛന്റെ കൂടെ സ്കൂളിൽ ടീച്ചറായി തുടരാമെന്നാണ് ഞാനും കരുതിയിരുന്നത്.. നമ്മുടെ നാട്, നമ്മുടെ സ്കൂൾ, നന്നുടെ കുട്ടികൾ.. മുന്നിട്ടിറങ്ങേണ്ടത് നമ്മൾ തന്നെയാണ്.. സ്കൂൾ മോഡിപിടിപ്പിക്കാനും ചെറിയ ചില പുരോഗമനങ്ങൾ വരുത്താനും എനിക്കും സാധിച്ചിരുന്നു… സ്കൂളിലേക്ക് പുറപ്പെട്ട ഒരു തണുത്ത പകലിൽ വഴിയരികിൽ വെച്ചാണ് ആദ്യമായ് അയാളെ കാണുന്നത്..

പിന്നീട് വീണ്ടും വീണ്ടും ആ മുഖം എന്റെ മുൻപിൽ പ്രത്യക്ഷപെട്ടു.. അമ്പലനടയിൽ, രാമേട്ടന്റെ കടയിൽ ഏറ്റവും അവസാനം എന്റെ വീട്ടിലും.. മോളെ..നിന്നെ പെണ്ണുകാണൻ വന്നതാ.. ചെക്കൻ ഡോക്ടറാ.. എന്റെ മോൾടെ ഭാഗ്യം.. വേഗം വന്ന് ഒരുങ്ങി അയാൾക്ക് ചായ കൊടുക്ക്.. അമ്മ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ നെഞ്ചിലുണ്ട്.. ഭാഗ്യമാണോ ഭാഗ്യക്കെടാണോ എന്ന് ഒരു നിശ്ചയവുമില്ലാതെ അയാളുടെ മുൻപിൽ ഞാൻ ഒരുങ്ങി നിന്നു.. മുറ്റത്തെ നെല്ലിമരത്തണലിൽ വിയർത്തുരുകി ഞാൻ നിന്നപ്പോൾ ഒരു കുസൃതി ചിരിയുമായ് അദ്ദേഹം എന്നെ ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു..

താൻ വല്ലാതെ നേർവസ് ആണല്ലോ… എന്തിനാ ഇത്ര ടെൻഷൻ.. ഞാൻ നിന്നെ എന്റെ പാതിയായി ക്ഷണിക്കാൻ വന്നതാണ്, അല്ലാതെ കൊല്ലാൻ വന്നതൊന്നുമല്ല.. ഒന്ന് ശ്വാസം വിട് മാഷേ.. അയാളുടെ ചിരിച്ചുകൊണ്ടുള്ള ആ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.. തീർത്തും സാധരണകാരനെന്നപോലെയാണ് എന്നോട് സംസാരിച്ചത്.. എന്റെ പേര് നിശാന്ത്.. ഒരു ചെറിയ ഡോക്ടർ ആണ് കേട്ടോ.. വർക്ക്‌ ചെയുന്നത് ബാംഗ്ളൂരിലാണ്.. തനിക്ക് നാട് നിർബന്ധമാണെങ്കിൽ കല്യാണത്തിന് ശേഷം ഇങ്ങോട്ട് വന്ന് സെറ്റിൽ ആവാം.. എല്ലാം തന്റെ ഇഷ്ടം പോലെ…

പഠിക്കണമെങ്കിൽ പഠിക്കാം, ജോലിചെയ്യണമെങ്കിൽ ജോലിചെയ്യാം, അതുമല്ല…. ഇനി കുട്ടികളുമായി വീട്ടിലിരിക്കണമെങ്കിൽ അതുമാവാം.. അതും പറഞ് അയാളുടെ ചുണ്ടുകൾ വീണ്ടും കള്ളച്ചിരി ചിരിക്കാൻ തുടങ്ങി.. അദേഹത്തിന്റെ ഓരോ സംസാര രീതിയും എന്നെ വല്ലാതെ ഭ്രമിപ്പിച്ചു.. അച്ഛനും അമ്മയും മുതൽ എല്ലാവർക്കും കല്യാണത്തിന് പരിപൂർണ സമ്മതമായിരുന്നു സ്വന്തമായി ഒരു തീരുമാനം എടുത്താൽ ഒരു പക്ഷേ തെറ്റിപോയാലോ എന്ന് പേടിച്ച് എല്ലാം ഞാൻ അച്ഛന്റെ കൈകളിൽ ഏൽപ്പിച്ചു.

ആഘോഷമായിതന്നെ കല്യാണം നടത്തി..ചേർത്തുപിടിച്ച കൈകൾ പ്രാർത്ഥനയോടെ അച്ഛൻ നിശാന്തേട്ടന്റെ കൈകളിൽ ഏൽപ്പിച്ചു.. അച്ഛനോളം വാത്സല്യവും, അത്രയേറെ സുരക്ഷിതത്വം എനിക്ക് ആ കരങ്ങളിലും അനുഭവപ്പെട്ടിരുന്നു… കുറച്ച് ദിവസങ്ങളോളം മാത്രം.. പതിയെ പതിയെ ദിവസങ്ങൾ ഇരുളാൻ തുടങ്ങി… കഴുത്തിലെ താലി എന്നെ ചുറ്റിമുറുക്കുന്നത് പോലെ തോന്നി.. പഠിക്കാൻ പോകാനും ജോലിക്ക് പോകാനും അദ്ദേഹമെന്നെ അനുവദിച്ചില്ല… ജീവനുള്ള ഒരു വസ്തു എന്ന് പോലുമോർക്കാതെ രാത്രികൾ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു, വീട്ടിൽ പോകാനോ ഒന്ന് അച്ഛനോട് സംസാരിക്കാനോ അദ്ദേഹമെന്നെ അനുവദിച്ചില്ല..

ഫോൺ പോലും തച്ചുടച്ച് എന്നെ അയാളുടെ ലോകത്ത് കെട്ടിയിട്ടു.. ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ എന്നെ റൂമിൽ പൂട്ടിയിട്ടാണ് പുറത്തിറങ്ങുക.. ഒരിക്കലെങ്കിലും പഴയ പോലെ പുറത്തിറങ്ങാൻ എന്റെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു.. മാനസിക നില തെറ്റിയ ഭ്രാന്തനാണോ അയാളെന്ന് എനിക്ക് തോന്നിപോയിരുന്നു.. എന്നും രാത്രി അയാളുടെ ഫോണിൽ വീട്ടിലേക്ക് വിളിക്കും.. എന്റെ ശബ്‌ദം ഒന്നിടറിയാൽ പോലും അയാളെന്നെ മർദ്ധിക്കുമായിരുന്നു.. സങ്കടമെല്ലാം ഉള്ളിലൊതുക്കി ഞാൻ പരിപൂർണ സന്തോഷത്തിലാണെന്ന് അമ്മയോട് ഞാൻ പറയുമായിരുന്നു..

മകളുടെ ഭാഗ്യം എന്നും പുകഴ്ത്തി പറയുന്ന അമ്മയോട് എനിക്ക് എത്രയോ തവണ സഹതാപം തോന്നിയിട്ടുണ്ട്.. ദിവസങ്ങളും മാസങ്ങളും ഇഴഞ്ഞിഴഞ് കടന്നുപോയി.. മഴയും വെയിലുമറിയാതെ അയാളുടെ തടവറയിൽ ഞാൻ ഉരുകിയൊലിച്ചു.. ഒരമ്മ ആവാനുള്ള അവകാശം പോലും അയാൾ നിഷേധിച്ചു… ഒരുകണക്കിന് അത് നന്നായെന്നും ഞാൻ ഓർത്തു.. എന്റെ കൂടെ ഈ നരകത്തിൽ എന്റെ കുഞ് തളർന്നുറങ്ങുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.എത്ര പ്രശ്നങ്ങൾ വന്നാലും നെറ്റിയിലെ സിന്ദൂരം മങ്ങാതെയിരിക്കണം എന്നോർത്ത് ഞാൻ എല്ലാം സഹിച്ചു, ക്ഷമിച്ചു..

എന്റെ ഈ നരകജീവിതം ഒരിക്കലും അച്ഛനൊരു വിഷമമാവരുതെന്ന് ഞാൻ കൊതിച്ചു, സത്യങ്ങൾ അറിഞ്ഞാൽ അവർ തകർന്ന് പോകുമെന്ന് എനിക്കുറപ്പായിരുന്നു… പതിവുപോലെ അദ്ദേഹം ഹോസ്പിറ്റലിലേക്ക് പോയ ആ ദിവസം ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ ആൽബം എന്റെ കൈകളിൻ എത്തിയത്.. വളരെ മോശമായരീതിയിൽ സ്ത്രീകളോടൊപ്പമുള്ള അയാളുടെ ഫോട്ടോകൾ എന്നെ വല്ലാതെ തളർത്തി.. വീടുമുഴുവൻ അരിച്ചുപെറുക്കി നോക്കിയപ്പോൾ പല ഞെട്ടിക്കുന്ന സത്യങ്ങളും ഞാനറിഞ്ഞു..

ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച അയാൾക്ക് അവരിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്ന് പെട്ടന്ന് തന്നെ എനിക്ക് മനസിലായി.. ഇനിയും അവിടെ തുടർന്നാൽ എന്റെ മരണം അയാളുടെ കൈകൊണ്ടാകുമെന്ന് മനസിലായ ഞാൻ എങ്ങനെയാണ് അവിടെനിന്ന് രെക്ഷപെട്ടതെന്ന് ഇപ്പോളും ഓർമയില്ല.. ഒരു പക്ഷേ ജീവിക്കാനുള്ള കൊതി എനിക്ക് ആവേശം നൽകിയതാകാം.. ഒരുക്കലും അയാൾക്ക് വേണ്ടി ഞാൻ മരണത്തിന് കീഴടങ്ങില്ല എന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു. ഓർമ്മകൾ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു.. അതിനിടയിൽ ഇപ്പോൾ അഭിയേട്ടനും… ഞാൻ കാരണം അയാളുടെ ജീവിതം..

മോളെ മീനു.. ആ… അച്ഛൻ വന്നോ… എന്താ ഇത്ര ആലോചന അഭിയേട്ടൻ.. അഭിയേട്ടനെ കണ്ടിരുന്നു ഹം. കല്യാണം നോക്കുന്നില്ലേ അമ്മായി കുറെ പറഞ്ഞുനോക്കി അവൻ തയ്യാറല്ല.. പിന്നെന്ത് ചെയ്യാൻ കഴിയും… നിന്നെ അവൻ ഇത്രയേറെ സ്നേഹിച്ചിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും മോളുടെ ജീവിതം ഇങ്ങനെയാവില്ലായിരുന്നു.. ഹം… എല്ലാം യോഗം… അല്ലാതെന്ത് പറയാൻ.. അച്ഛന്റെ വാക്കുകൾ ഞാൻ കേൾക്കുന്നില്ലായിരുന്നു.. എന്റെ മനസ്സിൽ ആ പഴയ കാലം മിന്നിമറയുകയായിരുന്നു… ഒരു പട്ടുപാവാടക്കാരിയും അവളുടെ കൂടെ കൈ ചേർത്ത് പിടിച്ച് ഒരു പൊടിമീശക്കാരനും

തുടരും