Wednesday, January 22, 2025
Novel

മഴയേ : ഭാഗം 1

എഴുത്തുകാരി: ശക്തി കല ജി

“ഉത്തര മിസ്സേ… ഞാനൊരു ചോദ്യം ചോദിക്കട്ടെ” തിരിഞ്ഞ് നിന്ന് ബോർഡിൽ നോട്ട്സ് എഴുതിയിടുമ്പോൾ പുറകിൽ നിന്നും ഏതോ ഒരു വിരുതൻ്റെ ചോദ്യം.. കുട്ടികൾ അടക്കം ചിരിക്കുന്നുണ്ട്….. കേട്ടതും കേൾക്കാത്ത ഭാവത്തിൽ അവൾ പൂറത്തേക്കൊഴുകിയ ദേഷ്യം അടിച്ചമർത്തി കൊണ്ട് അവൾ തിരിഞ്ഞ് നോക്കാതെ നിന്ന് കൊണ്ട് അവളുടെ ജോലി തുടർന്നു.. ” സിലബസിൽ ഇല്ലാത്ത ചോദ്യമാണെൽ ചോദിക്കണ്ട… എൻ്റേൽ ഉത്തരമില്ല്യ” അവൾ തിരിഞ്ഞ് നോക്കാതെ മറുപടി പറഞ്ഞു….. ചിരിയടങ്ങി…

അവൾ തിരിഞ്ഞ് നോക്കിയപ്പോൾ എല്ലാരും എഴുതുകയാണ്… സാരിയുടെ മടക്കുകൾക്കിടയിൽ നിന്ന് മാല പുറത്തേക്കെടുത്തിട്ടു…. ക്ലാസ്സിൽ വന്ന ദിവസം മുതൽ ഏതോ ഒരുത്തൻ ഒളിഞ്ഞിരുന്ന് സംശയം ചോദിക്കുന്നുണ്ട് .. എന്നെങ്കിലും ഒരു ദിവസം എൻ്റെ കൈയ്യിൽ കിട്ടും…. അവൾ ഏതോ ലോകത്തിലെന്ന പോലെ മേശയിൽ ചാരി നിന്നു…. അവളുടെ കണ്ണുകൾ മുൻപിലുള്ള ആൺകുട്ടികളിലേക്ക് നീണ്ടു…. ഇത്രയും പത്ത് നാൽപത് കുട്ടികൾക്കിടയിൽ നിന്ന് എങ്ങനെ കണ്ടു പിടിക്കാനാണ്… അവൾ മനസ്സിൽ വിചാരിച്ചു…. കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ഇരിക്കുന്നത് ഇപ്പോഴത്തെ അവസ്ഥ അങ്ങനെയായത് കൊണ്ടാണ്…

കോളേജിൽ പഠിപ്പിക്കാൻ ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട് ആകർഷകമായ ശമ്പളം എന്ന് അടുത്ത വീട്ടിലെ ദിവാകരേട്ടൻ പറഞ്ഞപ്പോൾ നിധി കിട്ടിയ സന്തോഷമായിരുന്നു.. അമ്മയ്ക്ക് സമ്മതമായിരുന്നു…. . . ദിവാകരേട്ടൻ പറഞ്ഞാൽ അത് ഒഴിവാക്കാൻ കഴിയില്ല… തനിക്ക് പറ്റുന്നതേ പറയു എന്നറിയാം…. അച്ഛൻ്റെ ഒരേയൊരു കളിക്കൂട്ടുകാരൻ…. അച്ഛൻ്റെ ശേഷം ആകെയൊരു ആശ്വാസം ദിവാകരേട്ടനാണ്… അച്ഛൻ മാഷായിരുന്നത് കൊണ്ട് വേറെ ശുപാർശയുടെ ആവശ്യം വന്നില്ല.. . ജോലിക്ക് പോയി തുടങ്ങിയതിൽ പിന്നെ നാട്ടുകാർ അടക്കം പറഞ്ഞു തുടങ്ങിയിരുന്നു… ” ജോലിക്ക് എന്ന് പറഞ്ഞ് കറങ്ങാൻ പോവുന്നത് ഇപ്പോഴത്തെ കുട്ടികളുടെ രീതി ”

എന്ന് അപ്പുറത്തെ രേവതിയമ്മ പറഞ്ഞത് കേട്ടപ്പോൾ മറുപടിയായി ഒരു പുഞ്ചിരി മാത്രം നൽകി കൊണ്ട് അവരെയും കടന്ന് പോയി… . അല്ലെങ്കിലും പേര് കേട്ട കിഴക്കേടത്ത് തറവാട്ടിലെ കുട്ടിയുടെ ബുദ്ധിമുട്ട് ആര് വിശ്വസിക്കാനാണ്. എല്ലാവർക്കും തന്നെ ചുറ്റി പുതിയ കഥകൾ മെനയാനാണ് ഇഷ്ടം.. ആരോടും ഒന്നും പറയാനുo നിൽക്കാറില്ല….. എല്ലാം മനസ്സിനുള്ളിൽ ഒതുക്കി വയ്ക്കും… ഇൻറർവെൽ ബെൽ മുഴങ്ങിയതും അവൾ ചിന്തകളിൽ നിന്ന് തിരികെ വന്നു… ബെല്ലടിച്ചതും കൂട്ടികളുടെ ബഹളം കൂടി ക്ലാസ്സിൽ നിന്നും ഇറങ്ങി… നിറഞ്ഞു വന്ന കണ്ണീർ ആരും കാണാതെ സാരിത്തുമ്പു കൊണ്ട് തുടച്ച് മാറ്റി സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുകയായിരുന്നു…. “എന്ത് പറ്റി ഉത്തരാ…

ഇന്നും ആ കുട്ടികൾ എന്തെങ്കിലും വികൃതി ഒപ്പിച്ചോ “..വത്സല ടീച്ചറിൻ്റെ വാക്കുകൾ കാതിൽ പതിഞ്ഞതും മുഖമുയർത്തി നോക്കി… നിറഞ്ഞ പുഞ്ചിരിയോടെ മുൻപിൽ നിൽക്കുന്ന വത്സല ടീച്ചറിനെ കണ്ടതും മനസ്സിലെ വിഷമം എങ്ങോ പോയ് മറഞ്ഞു…. “ഇന്നത്തെ കാലത്തെ കുട്ടികൾക്ക് എല്ലാം തമാശയാണ്… അദ്ധ്യാപകരോട് ബഹുമാനം ഇല്ല… “ഉത്തര ചിരിയോടെ മറുപടി പറഞ്ഞു… “അതൊക്കെ ഒരു വഴിക്കങ്ങ് പോകും… ഒരു ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിൽ കൂടെ കളയുക അത്രേയുള്ളു”..വത്സല ടീച്ചർ ഉത്തരയുടെ കൈ പിടിച്ച് കൊണ്ട് മുൻപോട്ട് നടന്നു… ജോലിക്ക് ചേർന്ന് രണ്ടാഴ്ചയായേ ഉള്ളു എങ്കിലും വത്സല ടീച്ചറിനെ നേരത്തെയറിയാം… ഡിഗ്രിക്ക് പഠിപ്പിച്ചിട്ടുണ്ട്… യുണിവേഴ്സിറ്റി റാങ്ക് ഹോൾഡറായത് കൊണ്ട് എല്ലാവർക്ക് വല്യ കാര്യമായിരുന്നു….

വത്സല ടീച്ചറിന് ഉത്തരയോട് പ്രത്യേക വാത്സല്യമാണ് മകളോടെന്നപ്പോൽ.. കോളേജ് വിട്ട് വൈകുന്നേരം ബസ്സിറങ്ങി വീട്ടിലേക്ക് ഇടവഴിയുടെ വേഗം മുൻപോട്ട് നടന്നു… മഴത്തുള്ളികൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് കുടയെടുത്തില്ലല്ലോ എന്നോർത്തത്… ഇക്കൊല്ലത്തെ ആദ്യത്തെ മഴ… നനയാൻ കൊതിയുണ്ടെങ്കിലും ആ ആഗ്രഹം മനസ്സിലൊതുക്കി.. കുട എടുത്തിട്ടും കാര്യമില്ല… കമ്പിയൊടിഞ്ഞിരിപ്പായിട്ട് കുറെ കാലമായി…. ശമ്പളം കിട്ടിയിട്ട് വേണം എല്ലാം ഒന്ന് ശരിയാക്കാൻ…. ചുറ്റുo നോക്കി… വഴിയിൽ ആരെയും കണ്ടില്ല…. പിന്നെയൊന്നുo നോക്കിയില്ല സാരിയിത്തിരി ഒതുക്കി പിടിച്ചു സാരിതുമ്പ് തല വഴിയിട്ട് കൊണ്ട് ഒറ്റ ഓട്ടമായിരുന്നു… തറവാട്ടിലെ പടിപ്പുര കടന്നപ്പോഴേക്ക് നനഞ്ഞ് കുളിച്ചിരുന്നു…

അമ്മ കാണാതെ സാരിക്ക് മുകളിൽ കിടന്ന മാല സാരിക്കുള്ളിൽ ഒളിപ്പിച്ചു.. അമ്മ തോർത്തുമായി വരാന്തയിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. .. ” ആകെ നനഞ്ഞൂല്ലോ .ആ കുട ഇന്നാ ഉണ്ണി ശരിയാക്കാൻ എടുത്തോണ്ട് പോയത്..” അമ്മ ദേവിക തോർത്ത് അവളുടെ കൈയ്യിലേക്ക് കൊടുത്തു.. . “ഓ മഴയത്ത് നനഞ്ഞപ്പോൾ എന്ത് രസമായിരൂന്ന് അറിയോ…. മനസ്സ് കൊച്ചു കുട്ടിയായത് പോലെ.. നല്ല തണുപ്പ്… മനസ്സും തണുത്തു… അമ്മേ ഒരു കട്ടൻ വേണംട്ടോ” എന്ന് പറഞ്ഞ് ഉത്തര മുറിയിലേക്ക് പോയി… ബാഗ് എടുത്ത് മേശമേൽ വച്ചു… അതിനുള്ളിൽ നിന്ന് ഫോൺ എടുത്ത് നോക്കി… തോർത്ത് കൊണ്ട് ഒന്നു തുടച്ച് മേശമേൽ വച്ചു… തോർത്തു കൊണ്ട് മുഖവും കൈകളും തുടച്ചു….. ജനൽ പാളിക്കിടയിലൂടെ കുസൃതിയോടെ മഴ എത്തി നോക്കുന്നത് പോലെ…

ജനൽ പാളികൾ നല്ലത് പോലെ കയ്യെത്തിച്ച് തുറന്നിട്ടു… ഏറെ നാളുകൾക്ക് ശേഷം മഴ മണ്ണിനെ പുണർന്ന നിമിഷം… മണ്ണിൻ്റെ വാസന മനസ്സിനെ കുട്ടി കാലത്തേക്ക് കൂട്ടികൊണ്ടു പോയി…. അന്ന് മഴയോടായിരുന്നു പ്രണയം ഞാൻ ജനലഴികൾക്കിടയിലൂടെ എത്തി നോക്കി…. ഇത്രനാളും വരാത്തതിൻ്റെ പരിഭവം തീർക്കുവാനെന്നപ്പോൽ…. ജനലഴികൾക്കിടയിലുടെ വീശിയ കാറ്റിൽ നനുത്ത മഴത്തുള്ളികൾ ദേഹത്തേക്ക് പതിച്ചു… കൊതിയോടെ മഴയേ നോക്കി നിന്നു… ഒന്നു തൊടാൻ ആഗ്രഹിച്ചു കൊണ്ട്…, ജനലഴികൾക്കിടയിലൂടെ മഴയെ കൈ കൊണ്ട് എത്തി പിടിക്കാൻ പാഴ്ശ്രമം നടത്തി… ആശ്വസിപ്പിക്കാനെന്നപ്പോൾ മഴത്തുള്ളികൾ കൈവെള്ളയിൽ പതിച്ചു…. കൈകളിൽ പതിഞ്ഞ മഴത്തുള്ളികളെ ചൂണ്ടോട് ചേർത്തു…

പ്രണയം നിന്നോടാണ്… എൻ്റെ കാത്തിരിപ്പെല്ലാം …, നിയെന്നെ തേടിയെത്തുന്ന ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നു.. … കണ്ണടച്ചു നിന്നു… എന്നെങ്കിലും തന്നെ തേടി വരുമെന്ന പ്രതീക്ഷ മനസ്സിൻ്റെ ഒരു കോണിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്…. കണ്ണു തുറന്നു ഒന്നൂടി ജനാലയിൽ കൂടി എത്തി നോക്കി…. പെയ്യട്ടെ.. ഭൂമി തണുക്കട്ടെ… .. നീളൻ മുടി അഴിച്ചിട്ടു തോർത്തുകൊണ്ട് തോർത്തി… കുളിച്ച് സാരി മാറി ദാവണിയിട്ടു.. കോളേജിലായത് കൊണ്ട് പ്രായം കൂടുതൽ തോന്നിക്കാനാണ് സാരിയുടുത്ത് ചെല്ലുന്നത്… . അവർക്കെന്നെ കാണുമ്പോൾ ഒരു ബഹുമാനമൊക്കെയുണ്ട്…. ഒന്ന് രണ്ടെണ്ണത്തിന് ഇത്തിരി ഇളക്കമൊക്കെ ഉണ്ടാരുന്നു… ഒരു ദിവസം മാല അവന്മാർ കാൺകെ സാരിക്ക് മുകളിൽ എടുത്തിട്ടു….

പിന്നെ ശല്യമുണ്ടായില്ല… കുറച്ച് ദൂരെയായത് കൊണ്ട് നാട്ടിലുള്ളവർ ആരും ഇവിടെ പഠിക്കുന്നില്ലല്ലോ എന്നൊരു സമാധാനം ഉണ്ട്…. അച്ഛൻ അടുത്തുള്ള സ്കൂളിലെ മാഷായിരുന്നു… നാട്ടുകാർക്ക് വേണ്ടി ജീവിച്ച മനുഷ്യൻ.. മുത്തശ്ശിയുള്ള കാലം വരെ ഇല്ലത്തെ കാര്യങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വന്നിരുന്നില്ല.. മുത്തശ്ശിയുടെ മരണശേഷം മുത്തശ്ശൻ നീണ്ട് കിടക്കുന്ന വസ്തു വകകൾ ഓരോ ആവശ്യത്തിനായി വിൽക്കാൻ തുടങ്ങി… അവസാനം തറവാടും ചുറ്റുമുള്ള പറമ്പും അടുത്തുള്ള കാവും മാത്രമായി… മുത്തശ്ശിയുണ്ടാരുന്നപ്പോൾ കാവിൽ മുടങ്ങാതെ വിളക്ക് വച്ചിരുന്നു…… മുത്തശ്ശി മരിച്ച് കിടന്നത് കാവിനുള്ളിലാണ്….. മുത്തശ്ശിയുടെ മരണശേഷം ആരും കാവിലേക്ക് കയറിയിട്ടില്ല… .

മുത്തശ്ശിയുടെ മരണശേഷം മുത്തശ്ശൻ മുറിയിൽ നിന്ന് അധികം പുറത്തേക്കിറങ്ങാറില്ല… രണ്ടു വർഷം മുന്നേയാണ് അച്ഛന് അറ്റാക്ക് വരുന്നത്.. ഞാനപ്പോൾ പിജിയും ബിഎഡും കഴിഞ്ഞ് യുണിവേഴ്സിറ്റിയിൽ പി എച്ച് ടി. ചെയ്യുകയായിരുന്നു… അപ്പോൾ വിവാഹ ആലോചനകൾ ഒന്നിന് പുറകേ ഒന്നായ് വന്നുകൊണ്ടിരുന്നു… ജാതകം ചേരാത്തത് കൊണ്ട് ഓരോന്നായി മുടങ്ങി കൊണ്ടിരുന്നു… ഒരെണ്ണം അവസാനം ഒത്ത് വന്നു… ഫോട്ടോ പോലും നോക്കാതെ സമ്മതം മൂളി… പി എച്ച് ടി യുടെ അവസാനത്തെ പേപ്പർ പേസൻ്റ് ചെയ്ത് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അച്ഛൻ ആശുപത്രിയിലാണ് എന്നറിയുന്നത്… ഉണ്ണി പ്ലസ്റ്റു പരീക്ഷ കഴിഞ്ഞ് എഞ്ചിനിയറിംഗിന് ചേർന്ന സമയം….

പെട്ടെന്നൊരു ദിവസം അച്ഛൻ ഇല്ലാതായപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അമ്മയേയും ഉണ്ണിയേയും ചേർത്തു പിടിച്ചിരുന്ന ദിവസങ്ങൾ…. അച്ഛൻ വല്യ ഒരു തണൽ മരമായിരുന്നു എന്ന് മനസ്സിലായത് ആ നാളുകളിലായിരുന്നു…. അച്ഛൻ്റെ മരണശേഷം ബന്ധുക്കളുടെ വരവ് തറവാട്ടിലേക്ക് കുറഞ്ഞു… കല്യാണ ആവശ്യത്തിന് സ്വർണ്ണവും പണവും ബാങ്കിൽ സൂക്ഷിച്ചിട്ടുണ്ട്… ഇനി അത് അനിയൻകുട്ടൻ്റെ പഠിപ്പിനായ് ചിലവഴിക്കണം… മനസ്സിൽ ഓരോ കണക്കുകൂട്ടലുകൾ നടന്നു… അടുക്കളയിൽ നിന്ന് അമ്മയുടെ വിളി വന്നു… നനഞ്ഞ മുടി തോർത്ത് കൊണ്ട് ചുറ്റി കെട്ടി വച്ചു മുറിയിൽ നിന്നിറങ്ങി….. അടുക്കളയിലേക്ക് നടന്നു… കട്ടൻ കാപ്പിയുടെ മണം ചുറ്റും പരന്നു.. .”

ഉത്തരേച്ചി ദാ ഞാൻ കുട ശരിയാക്കിട്ടോ … ഇനി തുടർന്ന് മഴയായിരിക്കുമത്രേ… ” ഉണ്ണി കുടയുമായി വരാന്തയിലേക്ക് കയറി… ശക്തമായ കാറ്റു കൂടിയുള്ള മഴയായിരുന്നത് കൊണ്ട് ഉണ്ണിയുടെ ദേഹവും നനഞ്ഞിരുന്നു… ഉണ്ണിയുടെ ശബ്ദം കേട്ട് ഉത്തര കൈയ്യിൽ ആവി പറക്കുന്ന കട്ടൻ കാപ്പിയുമായി വരാന്തയിലേക്ക് വന്നു… . ” ൻ്റെ ഉണ്ണി നീ ഞാൻ പറഞ്ഞ കാര്യം ചെയ്തോ…” ഉത്തര കാപ്പി അവൻ്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു… ” ഒന്നും നടക്കില്ല ചേച്ചി… ചേച്ചി ജോലിക്ക് കയറിയതല്ലേയുള്ളു. .. ഞാൻ ഡിഗ്രിക്ക് വല്ലതും ചേർന്നോളാം”… നാലുകുട്ടികൾക്ക് അക്ഷരം പറഞ്ഞ് കൊടുക്കുന്ന അധ്യാപകനാകാൻ കഴിഞ്ഞാൽ തന്നെ ഭാഗ്യം അല്ലേ ” ഉണ്ണി കട്ടനൂതി കുടിച്ച് കൊണ്ട് പറഞ്ഞു…

“നമ്മുടെ അച്ഛൻ്റെ ആഗ്രഹമാ നിന്നെ ഒരു എഞ്ചിനിയറായി കാണാണമെന്നുള്ളത്.. അതിന് വേണ്ടിയുള്ള പൈസ അച്ഛൻ മാറ്റി വച്ചിട്ടുമുണ്ട് ” പിന്നെന്താ നിനക്ക് പഠിക്കാൻ പോയാൽ… പഠിക്കാൻ അവസരം കിട്ടാതെ എത്ര പേർ വിഷമിക്കുന്നുണ്ട് എന്നറിയാമോ… ഉണ്ണിക്ക് കിട്ടിയിട്ടും പോകാൻ കഴിയില്ലാച്ചാൽ ന്ത് ചെയ്യാനാ.. ” ഉത്തര ദേഷ്യം ഭാവിച്ച് പറഞ്ഞു… ” അത് ചേച്ചിടെ വിവാഹത്തിനായി മാറ്റി വച്ചിരിക്കുകയാണ് അമ്മയും ഞാനും … നമ്മുക്ക് ഒന്നൂടി അവരോട് സംസാരിക്കാം… ആദ്യം ചേച്ചിടെ ഫോട്ടോ കണ്ട് ഇഷ്ട്ടപ്പെട്ടു എന്ന് അവർ പറഞ്ഞതല്ലേ…. പിന്നെ അവർക്ക് മറുപടി കൊടുക്കാൻ പറ്റിയിട്ടില്ല. അവരും വന്നില്ല… എന്നാലും അച്ഛൻ്റെ കൂടെ ജോലി ചെയ്ത മാഷല്ലെ… ഇപ്പോഴുള്ള അവസ്ഥ പറഞ്ഞാൽ അവർക്ക് മനസ്സിലാവും…..

” ഉണ്ണി ആർത്തിരമ്പി പെയ്യുന്ന മഴയിലേക്ക് നോക്കി പറഞ്ഞു…. “ൻ്റെ ഉണ്ണി പഠിച്ച് ജോലി കിട്ടി സമ്പാദിച്ച് ചേച്ചിയെ കെട്ടിച്ച് വിടില്ലേ… എനിക്കത്ര പ്രായമൊന്നുമായില്ല… നീയെന്നെ ഇപ്പോഴേ കെട്ടിച്ച് വിടാമെന്ന് വിച്ചാരിക്കണ്ട ചെക്കാ.. ” “ഞാനങ്ങനെ ഇപ്പോഴേ ഇവിടുന്ന് പോന്നില്ല”… പിന്നെ അവർക്കുള്ള മറുപടി ഞാനന്ന് അച്ഛൻ ആശുപത്രിയിലാരുന്നപ്പോഴേ പറഞ്ഞതാ…” “. അതു കൊണ്ട് അവർ ഈ വഴിക്ക് വരില്ല.. പിന്നെ നല്ല ശമ്പളമുള്ള ജോലി കിട്ടിയ സ്ഥിതിക്ക് നമ്മുടെ ബുദ്ധിമുട്ടുകൾ മാറും ”.. നാലഞ്ച് വർഷമൊക്കെ കണ്ണടച്ച് തുറക്കുമ്പോഴേക്ക് കഴിഞ്ഞ് പോകും…..” ഉത്തര ചിരിച്ച് കൊണ്ട് പറഞ്ഞു… അമ്മ അപ്പോഴേക്ക് വന്നു… “എല്ലാം സ്വയം തീരുമാനിച്ചുവല്ലേ…

ഈ അമ്മയോട് പോലും ആലോചിക്കാതെ “അമ്മ ശാസനയോടെ ചോദിച്ചു.. . ” അമ്മേ നമ്മുക്ക് പറ്റുന്ന ബന്ധമല്ല.. നമ്മളേക്കാൾ ഒരുപാട് ഉയരത്തിലാണ് അവർ…. ഉണ്ണി നീ നാളെ തന്നെ തുടർന്ന് പഠിക്കാനുള്ള കാര്യങ്ങൾ നോക്കിക്കോണം… കോയമ്പത്തൂർ അല്ലെ… ദിവാകരേട്ടൻ നിൻ്റെ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട് “.. ഞാൻ പറയുന്നത് കേട്ടാൽ മതി… ഫീസിനുള്ള പണം ഞാൻ ദിവാകരേട്ടനെ ഏൽപ്പിച്ചിട്ടുണ്ട്.. പിന്നെ ചിലവിനുള്ളത് മാസമാസം ഞാൻ അക്കൗണ്ട് വഴി ഇട്ട് തരും…. . ഇനി ഇക്കാര്യത്തിൽ മാറ്റമില്ല കേട്ടല്ലോ “ഉത്തര ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ട് മറുപടി കേൾക്കാൻ കാത്ത് നിൽക്കാതെ മുറിയിലേക്ക് പോയി….

രാത്രി കഞ്ഞി മുത്തശ്ശന് മുറിയിൽ കൊണ്ടു കൊടുക്കുമ്പോൾ മഴ തോർന്നിരുന്നു… ” ഞാൻ ചെയ്ത പാപങ്ങൾ നിങ്ങളാ അനുഭവിക്കുന്നത് അല്ലേ… സ്വത്തുക്കൾ വിറ്റ് മുടിച്ചു… ൻ്റെ കുട്ടിടെ വിവാഹം നടത്താൻ പോലും പറ്റാത്ത അവസ്ഥയിലാക്കിയില്ലേ…. എന്നോട് ദേഷ്യമുണ്ടോ ൻ്റെ കുട്ടിക്ക്.. “മുത്തശ്ശൻ്റെ കണ്ണു നിറഞ്ഞു…. “വെറുതെ ഈ മുറിയിൽ തന്നെ ഇരുന്നിട്ടാ ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത്…”.. എനിക്ക് നല്ല ജോലി കിട്ടിയില്ലേ നമ്മുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറും… ” നാളെ മുതൽ കുറച്ച് പുറത്തിറങ്ങി നടക്കുകയൊക്കെ ചെയ്യണംട്ടോ… “വേഗം കഞ്ഞി കുടിച്ചാട്ടെ” ഞാൻ കസേര മേശയുടെ അടുത്തേക്ക് വലിച്ചിട്ടു…

അദ്ദേഹം ഒന്നും മിണ്ടാതെ വിറയ്ക്കുന്ന കൈയ്യോടെ കഞ്ഞി കോരി കുടിച്ചു… പതിവ് പോലെ മുത്തശ്ശൻ ഉറങ്ങുന്നത് വരെ ഞാൻ കഥയും പറഞ്ഞിരുന്നു… മുത്തശ്ശൻ ഉറങ്ങിക്കഴിഞ്ഞ് പ്ലേറ്റുമെടുത്ത് അടുക്കളയിലേക്ക് നടന്നു… അമ്മ അപ്പോഴേക്ക് അടുക്കള ജോലി തീർത്തിരുന്നു… അത്താഴം കഴിക്കാനിരുന്നു…. ” ചേച്ചിയും അമ്മയും മുത്തശ്ശനും ഒറ്റയ്ക്കാവും എന്ന് വിചാരിക്കുമ്പോഴാ വിഷമം” ഉണ്ണി വിഷമത്തോടെ പറഞ്ഞു… ” ഓ അതൊക്കെ അങ്ങ് നടന്ന് പോക്കോളും.. നീ നന്നായി പഠിച്ച് വന്നാൽ മതി…. നിന്നിലാണ് ഞങ്ങളുടെ പ്രതീക്ഷ അത് മാത്രം മനസ്സിൽ ഉണ്ടാവണം” ഉത്തര ഗൗരവത്തിൽ പറഞ്ഞു…

“എൻ്റെ മനസ്സിൽ ഉണ്ട്.. നന്നായി പഠിച്ചോളാം ചേച്ചി” ഉണ്ണിയുടെ മറുപടി കേട്ടപ്പോൾ സമാധാനമായി…. എന്തായാലും ഉണ്ണി കോയമ്പത്തൂര് പോകാൻ സമ്മതമറിയിച്ചു.. സമ്മതിക്കുമെന്ന് വിചാരിച്ചതല്ല… ഉണ്ണി സമ്മതിച്ചപ്പോൾ എനിക്ക് സമാധാനമായി…. സമാധാനത്തോടെ ഉറങ്ങാൻ കിടന്നു… മഴ പെയ്തു തുടങ്ങി…. മഴയുടെ തണുപ്പ് എന്നിലേക്കും പടർന്നു.. കണ്ണടച്ചു കിടന്നു…. മഴത്തുള്ളികൾ പതിക്കുന്ന താളത്തിൽ മുഴുകി നിദ്രയിലേക്ക്… നിദ്രയുടെ ഏതോ യാമത്തിൽ അവ്യക്തമായ നിറമില്ലാത്ത സ്വപ്നങ്ങൾ അവളെ വേറൊരു ലോകത്തെത്തിച്ചിരുന്നു…. തുടരും