Friday, January 17, 2025
Novel

മഴപോലെ : ഭാഗം 9

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


” പോയ കാര്യമെന്തായി ദേവേട്ടാ ? ”

മഹാദേവന്റെ കാർ മുറ്റത്ത്‌ വന്നുനിന്നതും അകത്തുനിന്നും ഓടി വന്ന സുമിത്ര ചോദിച്ചു. അയാൾ മറുപടിയൊന്നും പറയാതെ അകത്തേക്ക് നടന്നു. ഒന്നും മനസ്സിലാവാതെ സുമിത്രയും അയാളോടൊപ്പം ചെന്നു. അയാൾ തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു. അവർ വേഗം ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് അയാൾക്ക് നൽകി. മഹാദേവൻ അത് വാങ്ങി ധൃതിയിൽ കുടിച്ചു. അത് നോക്കി സുമിത്ര ക്ഷമയോടെ നിന്നു.

” ദേവേട്ടാ എന്തായി ദേവേട്ടനെന്താ ഒന്നും പറയാത്തത് ??? ശ്രീദേവിയെ കണ്ടില്ലേ ??? ”

അയാളിൽ നിന്നും ഗ്ലാസ്‌ തിരികെ വാങ്ങുമ്പോൾ അക്ഷമയോടെ സുമിത്ര ചോദിച്ചു.

” അവർക്ക് സമ്മതമല്ല സുമീ. ഞാൻ പറയാവുന്നത് പോലൊക്കെ പറഞ്ഞു. പക്ഷേ…. ”

അയാളുടെ വാക്കുകൾ കേട്ട് സുമിത്രയുടെ മുഖവും മങ്ങി. അവരും പതിയെ അയാൾക്കരികിലായി സോഫയിലേക്ക് ഇരുന്നു.

” അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ. അത്രയും വേദന അനുഭവിച്ചതല്ലേ. ”

സുമിത്ര പതിയെ പറഞ്ഞു. മഹാദേവൻ കുറ്റബോധം കൊണ്ട് തല കുനിച്ചു.

” ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ”

അയാളുടെ കൈകളിൽ തൊട്ടുകൊണ്ട് അവർ പറഞ്ഞു. മഹാദേവൻ അപ്പോഴും മൗനമായിത്തന്നെ ഇരിക്കുകയായിരുന്നു. പെട്ടന്ന് പുറത്ത് ഒരു കാർ വന്ന ശബ്ദം കേട്ട് സുമിത്ര അങ്ങോട്ട് നോക്കി.

” കണ്ണൻ വന്നതാ. ഇന്ന് ഊണ് കഴിക്കാൻ ഇങ്ങ് എത്തിയേക്കണമെന്ന് ഞാൻ കാലത്തേ പറഞ്ഞിരുന്നു. ദേവേട്ടനും വാ ഞാൻ ചോറെടുത്ത് വെക്കാം. ഇന്നവന്റെ ജന്മദിനമല്ലേ ഒരുനേരമെങ്കിലും ഒരുമിച്ച് കഴിക്കാം ”

സന്തോഷത്തോടെ അയാൾക്കരികിൽ നിന്നും എണീറ്റുകൊണ്ട് സുമിത്ര പറഞ്ഞു.

” ഞാൻ പിന്നെ കഴിച്ചോളാം. താനവന് കൊടുക്ക് ”

പറഞ്ഞുകൊണ്ട് അയാൾ മുകളിലേക്ക് പോകാനായി എണീറ്റു.

” അതെന്താ ദേവേട്ടൻ കഴിക്കുന്നില്ലേ ??? ”

മുന്നോട്ട് നടക്കാനാഞ്ഞ അയാളുടെ കൈകളിൽ പിടിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.

” ഞാനുണ്ടെങ്കിൽ കണ്ണൻ കഴിക്കില്ല സുമീ… എന്തിനാഡോ വെറുതെ നല്ലൊരു ദിവസായിട്ട് അവനെ പട്ടിണിക്കിടുന്നത്. ”

അവരുടെ മുഖത്തേക്ക് നോക്കി ഒരു വേദന നിറഞ്ഞ ചിരിയോടെ മഹാദേവൻ പറഞ്ഞു.

” അവിടെനിക്ക് ദേവേട്ടാ ഇന്ന് നമ്മളൊന്നിച്ചിരുന്നേ ആഹാരം കഴിക്കുന്നുള്ളൂ. അതിനവൻ സമ്മതിച്ചില്ലെങ്കിൽ അവന്റെ അമ്മയുടെ മറ്റൊരു മുഖം അവൻ കാണും. ”

ദൃഡസ്വരത്തിൽ സുമിത്ര പറഞ്ഞു. അപ്പോഴേക്കും സിദ്ധാർഥ് അകത്തേക്ക് കയറി വന്നു.

” ഇനി വാക്ക് പാലിച്ചില്ലെന്ന് വേണ്ട ഞാൻ ഹാജർ. ”

അവരുടെ അരികിലേക്ക് വന്ന് സുമിത്രയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് സിദ്ധാർഥ് പറഞ്ഞു. അവർക്കൊപ്പം ഒരു വിളറിയ പുഞ്ചിരി മഹാദേവന്റെ ചുണ്ടിലും വിരിഞ്ഞു.

” നീയിരുന്നോ ഞാനിപ്പോ ചോറെടുക്കാം. ”

അവനെ നോക്കി പറഞ്ഞുകൊണ്ട് സുമിത്ര അടുക്കളയിലേക്ക് തിരിഞ്ഞു. സിദ്ധാർഥ് ഡൈനിങ് ഹാളിലേക്കും. അപ്പോഴും ആശയക്കുഴപ്പത്തിൽപ്പെട്ട് നിന്നിടത്ത് തന്നെ നിൽക്കുകയായിരുന്നു മഹാദേവൻ.

” ഹാ ദേവേട്ടനിതുവരെ ഇരുന്നില്ലേ ??? ”
ഡൈനിങ് ടേബിളിലേക്ക് ഓരോ പാത്രങ്ങളും കൊണ്ടുവയ്ക്കുന്നതിനിടയിൽ സുമിത്ര വിളിച്ചു ചോദിച്ചു. ഫോണിൽ നോക്കിയിരുന്ന സിദ്ധാർദ്ധിൽ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.

” വന്നിരുന്നു കഴിക്ക് ദേവേട്ടാ ”

അയാളുടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് സുമിത്ര പറഞ്ഞു. മനസ്സില്ലാ മനസ്സോടെ മഹാദേവൻ ഒപ്പം ചെന്നു. സിദ്ധാർഥിനരികിലായി അയാളെയുമിരുത്തി പ്ലേറ്റുകളിലേക്ക് സുമിത്ര ചോറും കറികളും വിളമ്പി. ആഹാരം കഴിക്കുമ്പോഴും മഹാദേവന്റെ കണ്ണുകൾ സിദ്ധാർഥിൽ തന്നെയായിരുന്നു. ഇടയ്ക്കെപ്പൊഴോ നീർ പൊടിഞ്ഞ ആ കണ്ണുകൾ കണ്ടെങ്കിലും സിദ്ധാർഥ് കണ്ടില്ലെന്ന് നടിച്ചു.

” ആഹാ കാര്യായിട്ട് എന്തോ ആലോചനയിലാണല്ലോ ”

ഊണ് കഴിഞ്ഞ് പാത്രങ്ങളൊക്കെ വൃത്തിയാക്കി ഹാളിലേക്ക് വരുമ്പോൾ എന്തോ ആലോചിച്ചുകൊണ്ടിരുന്ന മഹാദേവനോടായി സുമിത്ര ചോദിച്ചു. അയാൾ പതിയെ ഒന്ന് പുഞ്ചിരിച്ചു.

” ഞാനാലോചിക്കുകയായിരുന്നു സുമീ ഏതാണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു ഞാനും കണ്ണനും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചിട്ട്. ഇനിയൊരിക്കലും അത് നടക്കുമെന്നും ഞാൻ കരുതിയിരുന്നില്ല. എന്റെയാ മോഹമാണ് ഇന്ന് സാധിച്ചത്. ”

അത് പറയുമ്പോൾ മഹാദേവന്റെ സ്വരമിടറി. കണ്ണുകളിൽ നീർ പൊടിഞ്ഞു.

” അവനാകെ മാറിപ്പോയി. അവന്റെയീ പോക്കെങ്ങോട്ടാണെന്നോർത്തിട്ട് എനിക്കൊരു സമാധാനവുമില്ല. ”

ദീർഘമായൊന്ന് നിശ്വസിച്ചുകൊണ്ട് സുമിത്ര പറഞ്ഞു.

” താൻ വിഷമിക്കണ്ട സുമീ ഒരിക്കൽ ഞാൻ തകർത്തുകളഞ്ഞ എന്റെ മോന്റെ ജീവിതം എന്ത് വില കൊടുത്തിട്ടായാലും ഞാനവന് തിരികെ കൊടുത്തിരിക്കും. ഇത് ഞാൻ തനിക്ക് തരുന്ന വാക്കാണ്. ”

സുമിത്രയുടെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. സുമിത്ര പതിയെ അയാളുടെ തോളിലേക്ക് തല ചായ്ച്ചു. എന്തോ തീരുമാനിച്ചുറച്ച ഭാവമായിരുന്നു അപ്പോൾ മഹാദേവന്റെ മുഖത്ത്.

വീട്ടിൽ നിന്നും ഓഫീസിലേക്ക് തിരിച്ചെത്തിയിട്ടും അച്ഛന്റെ മുഖമായിരുന്നു സിദ്ധാർദ്ധിന്റെ മനസ്സിൽ മുഴുവൻ. ആ നിറഞ്ഞ കണ്ണുകൾ അവന്റെ ഉള്ളിലെവിടെയോ കൊളുത്തി വലിച്ചു. എവിടെയോ നഷ്ടമായ അല്ലെങ്കിൽ താൻ മനഃപൂർവം നഷ്ടമാക്കിയ ആ സ്നേഹച്ചൂട് വീണ്ടുമവനെ പൊതിഞ്ഞത് പോലെ തോന്നിയവന്. കുറെ നേരമങ്ങനെ തന്നെയിരുന്ന ശേഷം സിദ്ധാർഥ് പതിയെ എണീറ്റ് കബോഡിൽ നിന്നും മദ്യത്തിന്റെ ബോട്ടിലും ഗ്ലാസുമെടുത്ത് ടേബിളിലേക്ക് വച്ചു.

” നിനക്കിന്നാകെപ്പാടെ ഒരു മൂഡോഫാണല്ലോ എന്താടീ എന്തുപറ്റി ??? ”

തന്റെ സീറ്റിൽ ടേബിളിലേക്ക് തല ചായ്ച്ചുവച്ചിരുന്ന അർച്ചനയെ തട്ടി വിളിച്ചുകൊണ്ട് അലീന ചോദിച്ചു.

” ഒന്നുല്ലടീ ഞാൻ വെറുതെയിരുന്നതാ. ”
പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അർച്ചന പറഞ്ഞു.

” ഡീ അച്ചൂ …. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ??? ”
മുഖവുരയോടെ അലീന ചോദിച്ചു.

” എനിക്ക് പറയാൻ കഴിയുന്നതാണെങ്കിൽ പറയാം ”

അർച്ചനയുടെ മറുപടി കേട്ട് അവളൊന്ന് മൂളി.

” നിനക്ക് സിദ്ധാർഥ് സാറിനെ നേരത്തെയറിയുമോ ??? ”

തന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയുള്ള അലീനയുടെ ചോദ്യം കേട്ട് അർച്ചന പതിയെ തല കുനിച്ചു.

” പലപ്പോഴുമുള്ള നിന്റെ പെരുമാറ്റം കണ്ടിട്ടാണ് ഞാനിത് ചോദിക്കുന്നത്. സിദ്ധു സാറിനെപ്പറ്റി പറയുമ്പോഴൊക്കെയുള്ള നിന്റെ മുഖത്തെ ആകാംഷയും ആധിയും ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഞാൻ സാറിനെ കുറ്റം പറയുമ്പോഴെല്ലാം നിന്റെ ഉള്ളിലെ നൊമ്പരം നീ പോലുമറിയാതെ കണ്ണീരായ് പുറത്തുവന്നിരുന്നു. ”

അർച്ചനയെത്തന്നെ ഉറ്റുനോക്കി അവൾ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴും അർച്ചനയുടെ ശിരസ്സ് കുനിഞ്ഞുതന്നെ ഇരുന്നു.

” ഇന്ന് നീ അമ്പലത്തിൽ പോയത് സിദ്ധാർഥ് സാറിന് വേണ്ടിയല്ലേ ???? ”

അലീനയുടെ ആ ചോദ്യം കേട്ട് അർച്ചനയിൽ ഒരു ഞെട്ടൽ പ്രകടമായി.

” അത് ഞാൻ….. ”

എന്തുപറയണമെന്നറിയാതെ അർച്ചന വിക്കി.

” നുണ പറയാൻ നോക്കണ്ട അച്ചൂ ”

കയ്യിലിരുന്ന ചന്ദനവും കുങ്കുമവും കൂടിക്കുഴഞ്ഞ് നനവ് പടർന്ന ചെറിയൊരു കടലാസ് കഷ്ണം നിവർത്തി കാണിച്ചുകൊണ്ട് അലീന പറഞ്ഞു. അത് കണ്ട് മറുപടിയൊന്നുമില്ലാതെ അർച്ചന തളർന്നിരുന്നു.

” നീയെപ്പോഴും പറയാറുള്ള സിദ്ധാർഥ് സാറിന്റെയാ തേപ്പുകാരി കാമുകിയില്ലേ അത് വേറാരുമല്ല നിന്റെ മുന്നിലിരിക്കുന്ന ഈ ഞാൻ തന്നെയാ ലീന ”

പ്രതീക്ഷിച്ചിരുന്നതെങ്കിലും അർച്ചനയുടെ വാക്കുകൾ കേട്ട് അലീന ഒന്നമ്പരന്നു. അവളുടെ മുഖത്തേക്ക് നോക്കാതെയിരുന്ന് എല്ലാം തുറന്ന് പറയുമ്പോഴും അർച്ചനയുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു.

” സാരമില്ലെടാ ഒന്നും മനഃപൂർവമല്ലല്ലോ. എനിക്ക് നിന്നെ മനസ്സിലാവും കരയണ്ട ”

ഒരു ദീർഘനിശ്വാസത്തോടെ അലീന പറഞ്ഞു. പെട്ടന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അർച്ചനയവളുടെ നെഞ്ചിലേക്ക് ചേർന്നു.

” പോട്ടെടാ…. ”

അവളെ ചേർത്തുപിടിച്ചുകൊണ്ടത് പറയുമ്പോൾ അലീനയുടെ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ ചലിച്ചുകൊണ്ടിരുന്നു.

അഞ്ചുമണിയോടെ സ്റ്റാഫുകളെല്ലാം പോയിക്കഴിഞ്ഞിട്ടും സിദ്ധാർദ്ധിനെ പുറത്തേക്ക് കാണാതെ വന്നപ്പോൾ അർച്ചന അവന്റെ ക്യാബിനുള്ളിലേക്ക് ചെന്നു. അപ്പോഴും കുടിച്ചുകുടിച്ച് ബോധമില്ലാതെ സിദ്ധാർഥ് ഉള്ളിൽ തന്നെയുണ്ടായിരുന്നു.
ഡോർ തള്ളിത്തുറന്ന് അകത്തേക്ക് കയറിയ അർച്ചനയ്ക്ക് ആ കാഴ്ച കണ്ട് നെഞ്ച് വിങ്ങി.

” സിദ്ധുവേട്ടാ….. ”

അവളടുത്ത് ചെന്നിട്ടും കണ്ണുപോലും തുറക്കാതെയിരുന്ന അവന്റെ ഇരുകവിളിലും കൈ ചേർത്ത് കുലുക്കിക്കൊണ്ട് അർച്ചന വിളിച്ചു. പെട്ടന്ന് കണ്ണുകൾ തുറന്ന അവൻ അല്പനേരം അവളെത്തന്നെ നോക്കിയിരുന്നു. പിന്നെ അവളെ നോക്കി പതിയെ പുഞ്ചിരിച്ചു.

” എനിക്കറിയാം അച്ചൂ നീയിനി എനിക്കൊരു സ്വപ്നം മാത്രമാണെന്ന് ”

പറഞ്ഞുകൊണ്ട് അവന്റെ മിഴികൾ വീണ്ടുമടഞ്ഞു. ആ വാക്കുകൾ കേട്ട് നിയന്ത്രണം നഷ്ടപ്പെട്ട അർച്ചന അവന്റെ മുഖം നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു. അവളുടെ അധരങ്ങൾ ആ നെറ്റിയിലും കവിളിലുമെല്ലാം പതിഞ്ഞു.

സിദ്ധാർഥ് കണ്ണ് തുറക്കുമ്പോൾ ഏകദേശം അർദ്ധരാത്രി കഴിഞ്ഞിരുന്നു. അവൻ പതിയെ ബെഡിൽ എണീറ്റിരുന്നു. എപ്പോ വീട്ടിൽ വന്നെന്നുപോലും അവനപ്പോൾ ഓർമയുണ്ടായിരുന്നില്ല.
എങ്കിലും അർച്ചന അടുത്ത് വന്നതൊക്കെ ഒരു പുകമറയിലെന്നപോലെ അവന്റെ ഓർമയിലേക്ക് വന്നു. അത് സ്വപ്നമോ സത്യമോ എന്ന് പോലും തിരിച്ചറിയാൻ കഴിയാതെ അവൻ വീണ്ടും ബെഡിലേക്ക് തന്നെ കിടന്നു.

” ഡീ ലീനാ എണീക്കെഡീ …. നീയെന്റെ മാല കണ്ടോ ”

അതിരാവിലെ തന്നെ പുതച്ച് മൂടിക്കിടന്നിരുന്ന അലീനയുടെ മുഖത്ത് നിന്നും പുതപ്പ് വലിച്ച് നീക്കിക്കൊണ്ട് അർച്ചന ചോദിച്ചു.

” എന്താടീ നിനക്ക് സൺ‌ഡേ ആയാലും ഒന്ന് കിടന്നുറങ്ങാൻ സമ്മതിക്കില്ലേ നീ ??? ”

ഉറക്കം മുറിഞ്ഞതിന്റെ അസ്വസ്ഥതയോടെ അവൾ ചോദിച്ചു.

” ഒന്നെണീക്ക് പെണ്ണേ എന്റെ മാല കണ്ടില്ല ”

കുളിച്ചിട്ട് ഈറൻ മുടി മാറിലൂടെ ഇട്ട് ഉടക്കറുത്തുകൊണ്ട് അർച്ചന പറഞ്ഞു.

” അതാ ബാത്‌റൂമിലോ മറ്റോ കാണും.. അല്ല നീയീ ഞായറാഴ്ചയായിട്ട് എങ്ങോട്ടാ കുളിച്ചൊരുങ്ങി. ഇന്നുമിനി നിന്റെ സാറിനുവേണ്ടി അമ്പലത്തിൽ പോണുണ്ടോ ??? ”

പതിയെ എണീറ്റ് ബെഡിൽ ചാരിയിരുന്ന് ചിരിയോടെ അലീന ചോദിച്ചു.

” ആഹാ അപ്പൊ ഞാനിന്നലെ പറഞ്ഞതൊക്കെ എന്റെ മോള് മറന്നോ ?? എടി ഉറക്കപ്പിശാശേ ഞാൻ പറഞ്ഞില്ലേ മറ്റന്നാൾ എന്റച്ഛന്റെ ഓർമ ദിവസാണ് ഞാനിന്ന് വീട്ടിൽ പോകുമെന്ന്. ”

ധൃതിപിടിച്ച് ഒരുങ്ങുന്നതിനിടയിൽ അർച്ചന പറഞ്ഞു.

” അയ്യോ ഞാനത് മറന്നെഡീ ”

ബെഡിൽ നിന്നും എണീറ്റുകൊണ്ട് അലീന പറഞ്ഞു. അതുകേട്ട് അർച്ചനയൊന്ന് ചിരിക്കുക മാത്രം ചെയ്തു. അലീന കുളി കഴിഞ്ഞ് പുറത്തേക്ക് വരുമ്പോഴേക്കും അർച്ചന ഇറങ്ങാൻ റെഡിയായിരുന്നു.

” ഞാൻ പോയിട്ട് വരാടാ ”

അലീനയെ കെട്ടിപിടിച്ചുകൊണ്ട് പുഞ്ചിരിയോടെ അവൾ പറഞ്ഞു.

” മ്മ്മ് … ”

പുഞ്ചിരിയോടെ അവളും മൂളി.
പതിനൊന്ന് മണിയോടെ അർച്ചന വീട്ടിലെത്തുമ്പോൾ ശ്രീദേവി അടുക്കളയിൽ തിരക്കിട്ട പണികളിലായിരുന്നു.

” ദേവൂട്ടി…. ”

പിന്നിലൂടെ ചെന്ന് അവരെ വട്ടം കെട്ടിപിടിച്ചുകൊണ്ട് അർച്ചന വിളിച്ചു.

” ആഹ് വന്നോ ജോലിക്കാരി ?? ”

ചിരിയോടെ ശ്രീദേവി ചോദിച്ചു.

” നീ വല്ലോം കഴിച്ചോ ?? ”

” അതുകൊള്ളാം ദേവൂട്ടിടെ ഈ പൊന്നുമോൾ ഹോട്ടലിന്ന് വല്ലതും കഴിച്ച ചരിത്രമുണ്ടോ??? പിന്നെ അതിരാവിലെ അവിടുന്നിറങ്ങിയ ഞാനെന്ത്‌ കഴിക്കാൻ ??? ”

ശ്രീദേവിയുടെ ചോദ്യത്തിന് മറുപടിയായി അർച്ചന മറുചോദ്യം ചോദിച്ചു.

” എന്നാപ്പിന്നെ വേഗം ഡ്രസ്സ്‌ മാറി വാ. ഞാൻ കാപ്പിയെടുക്കാം ”

” ഓക്കേ. ഒരഞ്ചുമിനുട്ട് ദാ എത്തി ”

ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് നടന്നു.

ഉച്ചയോടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അർച്ചന റൂമിലേക്ക് വന്നത്. ഡിസ്പ്ലേയിൽ തെളിഞ്ഞ പരിചയമില്ലാത്ത നമ്പർ കണ്ട് അല്പം ശങ്കിച്ച് നിന്ന ശേഷം അവൾ രണ്ടും കല്പ്പിച്ച് കോൾ അറ്റന്റ് ചെയ്തു.

” ഹലോ… ”

മറുവശത്ത് നിന്നും വന്ന ശബ്ദം തിരിച്ചറിഞ്ഞ അർച്ചനയുടെ ഉടൽ വിറച്ചു.

” സിദ്ധുവേട്ടൻ ”

ആത്മഗതം ആയിരുന്നെങ്കിലും ശബ്ദം അല്പം ഉയർന്നതിനാൽ അത് സിദ്ധാർദ്ധിന്റെ കാതലുമെത്തി. എങ്കിലും അവൻ മറുപടിയൊന്നും പറഞ്ഞില്ല.

” നീയിന്നലെ എന്റെ ക്യാബിനിൽ വന്നിരുന്നോ ?? ”

കുറച്ച് സമയത്തെ നിശബ്ദതയ്ക്ക് ശേഷം സിദ്ധാർഥ് പെട്ടന്ന് ചോദിച്ചു.

” ഇ… ഇല്ല എന്താ ?? ”

ഒന്ന് ഞെട്ടിയെങ്കിലും അവൾ ചോദിച്ചു.

” ഓഹോ എങ്കിൽപ്പിന്നെ എനിക്ക് വല്ല കാന്തശക്തിയും കാണും. അതല്ലേ നിന്റെ മാല ആകർഷിച്ചെടുത്ത് കൃത്യമായി എന്റെ ഷർട്ടിന്റെ ബട്ടനിൽ തന്നെ കുരുക്കിയിട്ടത്. ”

അവന്റെ വാക്കുകൾ കേട്ട് അർച്ചന വിയർത്തൊഴുകി. അവൾ തലക്ക് കൈ കൊടുത്ത് കട്ടിലിലേക്ക് ഇരുന്നു.

( തുടരും… ) മൂന്ന് ദിവസം കൂടുമ്പോഴായിരിക്കും പോസ്റ്റാൻപറ്റുള്ളൂട്ടോ.. തിരക്കുണ്ട്…

മഴപോലെ : ഭാഗം 1

മഴപോലെ : ഭാഗം 2

മഴപോലെ : ഭാഗം 3

മഴപോലെ : ഭാഗം 4

മഴപോലെ : ഭാഗം 5

മഴപോലെ : ഭാഗം 6

മഴപോലെ : ഭാഗം 7

മഴപോലെ : ഭാഗം 8