Tuesday, December 17, 2024
Novel

മഴപോലെ : ഭാഗം 6

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


എന്തുചെയ്യണമെന്നറിയാതെ തരിച്ച് നിൽക്കുന്ന സിദ്ധാർദ്ധിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അർച്ചന തിരിഞ്ഞ് നടന്നു. അപ്പോഴും കവിളുകളെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങിക്കോണ്ടിരുന്ന കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു.

അവനിൽ നിന്നകന്ന് പോകും തോറും അർച്ചനയ്ക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി.

തിരിച്ചോടിച്ചെന്ന് ആ നെഞ്ചിൽ വീണ് പൊട്ടിക്കരയാൻ അവളുടെ മനസ്സ് വെമ്പി.

എങ്കിലും അമ്മയുടെ മുഖമോർത്ത് എല്ലാമുള്ളിലൊതുക്കി അവൾ മുന്നോട്ട് തന്നെ നടന്നു.

സന്ധ്യയോടെ അർച്ചന വീട്ടിലെത്തുമ്പോൾ ഇറയത്ത് വിളക്ക് കൊളുത്തിക്കോണ്ടിരിക്കുകയായിരുന്നു ശ്രീദേവി. അവരെയൊന്നു നോക്കി തളർച്ചയോടെ അവൾ അകത്തേക്ക് നടന്നു.

നേരെ ചെന്ന് ബാത്‌റൂമിൽ ഷവറിന് കീഴിൽ നിൽക്കുമ്പോൾ ശിരസ്സിലൂടെ ഒഴുകിയിറങ്ങിയ തണുത്ത വെള്ളത്തിനൊപ്പം അവളുടെ കണ്ണുനീരും കലർന്നൊഴുകി.

എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല വാതിലിൽ മുട്ട് കേട്ടാണ് അവൾ പുറത്തേക്ക് വന്നത്.

” ഇതെന്തൊരു കുളിയാ എത്ര നേരായി ? ”

പുറത്തേക്ക് വന്ന അവളോടായി ശ്രീദേവി ചോദിച്ചു. അവളൊന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.

” നീയൊന്നും കഴിക്കുന്നില്ലേ അച്ചൂ ? ”

വാതിൽക്കൽ നിന്നുകൊണ്ട് ശ്രീദേവി ചോദിച്ചു.

” വേണ്ടമ്മേ വിശപ്പില്ല ”

പറഞ്ഞുകൊണ്ട് അവൾ പതിയെ ബെഡിലേക്ക് കിടന്നു. ഉറങ്ങാൻ കിടന്നിട്ടും അർച്ചനയുടെ ഉള്ളിലെ കനൽ പുകഞ്ഞുകൊണ്ടേയിരുന്നു.

കണ്ണുനീർ വീണ് തലയിണ നനഞ്ഞുകുതിർന്നു. രാത്രിയുടെ അവസാന യാമങ്ങളിലും അർച്ചനയിൽ നിന്നും തേങ്ങലുകൾ ഉയർന്നുകൊണ്ടിരുന്നു. എല്ലാമറിഞ്ഞെങ്കിലും ശ്രീദേവി ഒന്നുമറിഞ്ഞതായി ഭാവിച്ചില്ല.

അവളുടെ ഉള്ളിലെ നൊമ്പരമെല്ലാം പെയ്തൊഴിയട്ടെന്ന് അവരും കരുതി. കരഞ്ഞുതളർന്ന് അവളെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേദിവസം ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അർച്ചന കണ്ണ് തുറന്നത്. കരഞ്ഞു കരഞ്ഞ് കൺപോളകൾ വീർത്ത് തൂങ്ങിയിരുന്നു.

തലേദിവസം മുതൽ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാത്തതിന്റെ ക്ഷീണം വേറെയുമുണ്ടായിരുന്നു. അവൾ പതിയെ എണീറ്റിരുന്ന് കിടക്കയിൽ പരതി ഫോണെടുത്തു.

ഡിസ്പ്ലേയിൽ തെളിഞ്ഞ സിദ്ധാർദ്ധിന്റെ പേര് കണ്ട് അവളുടെ ഉള്ള് പൊള്ളി. അവൾ അല്പനേരം ആലോചിച്ചിരുന്നിട്ട് കാൾ കട്ട്‌ ചെയ്തു.

ഫോൺ ബെഡിലേക്ക് ഇട്ടതും അത് വീണ്ടും റിങ് ചെയ്യാൻ തുടങ്ങി. കണ്ണും മുഖവും അമർത്തിത്തുടച്ച് അവൾ ഫോണെടുത്ത് കാതോട് ചേർത്തു.

” അച്ചൂ … ”

മറുവശത്ത് നിന്നും സിദ്ധാർദ്ധിന്റെ വേദന നിറഞ്ഞ സ്വരം കേട്ട് അർച്ചനടെ നെഞ്ച് പിടഞ്ഞു. പൊട്ടിക്കരഞ്ഞ് പോകാതിരിക്കാൻ അവൾ കൈകൊണ്ട് വായ അമർത്തിപ്പിടിച്ചു.

” എന്നോടൊന്ന് മിണ്ടാൻ പോലും വയ്യാത്തത്രയും നീയെന്നെ വെറുത്തോ ? ”

അവൻ വീണ്ടും ചോദിച്ചു.

” എന്തിനാ വിളിച്ചത് ? ”

കരച്ചിലടക്കി ഉറച്ച സ്വരത്തിൽ അവൾ ചോദിച്ചു.

” അച്ചൂ ഞാൻ….. ”

” വേണ്ട ഞാൻ പറഞ്ഞില്ലേ ഇനിയെന്നെ കാണാനോ വിളിക്കാനോ ശ്രമിക്കരുത്. സിദ്ധുവേട്ടനെ സ്നേഹിച്ചിരുന്ന സിദ്ധുവേട്ടൻ സ്നേഹിച്ചിരുന്ന ആ പഴയ അർച്ചന മരിച്ചു.

ഇപ്പൊ ഉള്ളത് പാവമെന്റമ്മക്ക് വേണ്ടി മാത്രം ജീവിക്കുന്ന അർച്ചനയാണ്. നമ്മൾ തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ളത്ര അന്തരമുണ്ട് സിദ്ധുവേട്ടാ.

പണത്തിന് മുകളിൽ കിടന്നുറങ്ങുന്ന സിദ്ധുവേട്ടനെ മോഹിക്കാനുള്ള അർഹതയൊന്നും ഈ പാവം അരപ്പട്ടിണിക്കാരി പെണ്ണിനില്ല. ഈ ബന്ധം സിദ്ധുവേട്ടന്റെ കുടുംബത്തിന്റെ അന്തസ് കളയാൻ മാത്രേ ഉപകരിക്കൂ .

അതുകൊണ്ട് എന്നെ വിട്ടേക്ക്. അതല്ല ഇനിയും എന്നെ ശല്യം ചെയ്താൽ എനിക്ക് ഈ ഭൂമിയിൽ നിന്നും തന്നെ ഓടിയൊളിക്കേണ്ടി വരും ”

പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ അവൾ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് ഇട്ടു. എന്നിട്ട് നിറഞ്ഞൊഴുകിയ മിഴികൾ അമർത്തിത്തുടച്ചിട്ട് പുറത്തേക്ക് നടന്നു.

ശ്രീദേവി ചെടി നനച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ചിത്തിരയുടെ മുറ്റത്ത്‌ ഒരു കാർ വന്ന് നിന്നത്.

കയ്യിലിരുന്ന ബക്കറ്റും വെള്ളവും താഴെ വച്ച് കൈകൾ സാരിയിൽ തുടച്ചുകൊണ്ട് അവർ അങ്ങോട്ട് നോക്കി .

മുണ്ടും ഷർട്ടും ധരിച്ച് കണ്ണട വച്ച് കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് ശ്രീദേവിയുടെ മിഴികൾ നിറഞ്ഞു.

” ഏട്ടൻ ”

ശ്രീദേവിയുടെ അധരങ്ങൾ മന്ത്രിച്ചു. കാറിൽ നിന്നിറങ്ങിയ മാധവൻ നായർ പതിയെ അവരുടെ അടുത്തേക്ക് വന്നു.

വർഷങ്ങളുടെ ഇടവേള ആ മുഖത്ത് ചുളിവുകൾ വീഴ്ത്തിയിരുന്നു. മുടിയിഴകളിൽ നര വേരോടിയിരുന്നു. എങ്കിലും ആ പ്രൗഡിക്കും ഗാഭീര്യത്തിനും ഒട്ടും മാറ്റ് കുറഞ്ഞിരുന്നില്ല.

” ഏട്ടാ… ”

നിറമിഴികളോടെ ശ്രീദേവി വിളിച്ചു. വർഷങ്ങൾക്ക് ശേഷം കുഞ്ഞനുജത്തിയുടെ നാവിൽ നിന്നും ആ വിളി കേട്ട് മാധവന്റെ മിഴികളും നിറഞ്ഞു.

” എല്ലാമറിയാൻ ഒരുപാട് വൈകിപ്പോയി എല്ലാവരെയും ദിക്കരിച്ചിറങ്ങിപ്പോയെങ്കിലും നീ ഇപ്പോഴും സന്തോഷായി ജീവിക്കുകയാണെന്നാണ് കരുതിയിരുന്നത്. അല്ലെങ്കിലും അതങ്ങനെതന്നെ ആയിരുന്നല്ലോ . രാജൻ മരിച്ചതൊക്കെ ഒരുപാട് വൈകിയാണ് അറിഞ്ഞത് ”

അവരുടെ നെറുകയിൽ തലോടി മുഖത്ത് നിന്നും കണ്ണട മാറ്റി കണ്ണുകൾ തുടച്ചുകൊണ്ട് മാധവൻ പറഞ്ഞു. കണ്ണീരിനിടയിലും ശ്രീദേവി പതിയെ പുഞ്ചിരിച്ചു.

” ഏട്ടൻ അകത്തേക്ക് വാ മുറ്റത്ത്‌ തന്നെ നിൽക്കാതെ ”

പെട്ടന്ന് എന്തോ ഓർത്തത് പോലെ അകത്തേക്ക് നോക്കിക്കൊണ്ട് അവർ പറഞ്ഞു. ചിരിയോടെ അവർക്ക് പിന്നാലെ അയാൾ അകത്തേക്ക് കയറി.

” മോളെ അച്ചൂ ഇതാരാ വന്നതെന്ന് നോക്കിക്കേ ”

അകത്തേക്ക് കയറുന്നതിനിടയിൽ സന്തോഷത്തിൽ ശ്രീദേവി വിളിച്ചുപറഞ്ഞു.

” ഏട്ടനിരിക്ക് …. ”

ഹാളിലെ സോഫയിലേക്ക് ചൂണ്ടി അയാളോടായി ശ്രീദേവി വീണ്ടും പറഞ്ഞു. പെട്ടന്ന് പുറത്തേക്ക് വന്ന അർച്ചന സോഫയിലിരിക്കുന്ന ആളിനെ മനസ്സിലാകാത്തത് പോലെ നോക്കി.

” ആഹ് അച്ചൂ നീ കണ്ടിട്ടില്ലല്ലോ ഈ ആളിനെ ഇതാണ് മാധവമ്മാമ ”

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന അർച്ചനയെ നോക്കി ചിരിയോടെ ശ്രീദേവി പറഞ്ഞു. അത് കേട്ട് അവളും അയാളെ നോക്കി പതിയെ ചിരിക്കാൻ ശ്രമിച്ചു.

അപ്പോഴും അർച്ചനയെത്തന്നെ നോക്കിയിരുന്ന മാധവൻ നായരുടെ കണ്ണുകൾ നനഞ്ഞു.

” മോളിങ്ങ് വാ ”

അർച്ചനയ്ക്ക് നേരെ കൈ നീട്ടി അയാൾ വിളിച്ചു.
അവൾ പതിയെ അയാളുടെ അരികിലേക്ക് ചെന്ന് സോഫയിൽ ഇരുന്നു.

” വർഷങ്ങൾക്ക് മുൻപ് എന്റെ വിരലിൽ തൂങ്ങി നടന്ന എന്റെയീ പെങ്ങളെ അന്ന് കണ്ടത് പോലെതന്നെയുണ്ട് എന്റെ മോള് ”

വാത്സല്യത്തോടെ അർച്ചനയുടെ നെറുകയിൽ തലോടിക്കൊണ്ട് മാധവൻ പറഞ്ഞു. അത് നോക്കി നിന്ന ശ്രീദേവി പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.

” ദേവൂ…”

ശ്രീദേവി ഉച്ചക്കത്തേക്കുള്ള ഊണ് തയ്യാറാക്കുന്നതിനിടയിൽ അടുക്കളയിലേക്ക് വന്ന്കൊണ്ട് മാധവൻ നായർ വിളിച്ചു.

” എന്താ ഏട്ടാ ? ”

പെട്ടന്ന് തിരിഞ്ഞുകൊണ്ട് ശ്രീദേവി ചോദിച്ചു.

” ഞാൻ വന്നത് നിന്നെയും മോളെയും തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനാ . ഇനി നിങ്ങളൊറ്റക്ക് ഇവിടെന്ത്‌ ചെയ്യാനാ നിനക്കൂടെ അവകാശപ്പെട്ട വീടല്ലേ അത് ”

അയാൾ പതിയെ പറഞ്ഞു.

” അത് വേണ്ടേട്ടാ ”

ശ്രീദേവിയുടെ വാക്കുകൾ അയാളെ തെല്ലൊന്നമ്പരപ്പിച്ചു.

” നിനക്കിതുവരെ ഞങ്ങളോടുള്ള പിണക്കം മാറിയില്ലേ ദേവൂ … ”

അയാൾ വീണ്ടും ചോദിച്ചു.

” എനിക്ക് പിണക്കമൊന്നുമില്ലേട്ടാ അന്നും ഇന്നും. പിന്നെ ഈ വീട് രാജീവേട്ടൻ ഒരുപാട് മോഹിച്ചുണ്ടാക്കിയതാണ്.

ഇതാണ് ഞങ്ങടെ സ്വർഗം. ഈ വീട്ടിൽ ഓരോയിടത്തും രാജീവേട്ടൻ ഇപ്പോഴുമുണ്ട്.

അതുകൊണ്ട് ഇവിടം വിട്ട് ഞാനെങ്ങോട്ടുമില്ല. ഞാൻ തറവാട്ടിലേക്ക് വരാം ഒന്നോ രണ്ടോ ദിവസം ഒരധിതിയായ് മാത്രം അത് മതിയേട്ടാ ”

ചിരിയോടെ ശ്രീദേവി പറഞ്ഞുനിർത്തി.

” നിന്റെ തീരുമാനമതാണെങ്കിൽ പിന്നെ ഞാനെന്ത് പറയാൻ . എന്റെ പെങ്ങളെയോർത്ത് എനിക്ക് അഭിമാനമേയുള്ളൂ. ”

അവരുടെ പുറത്ത് തട്ടിക്കൊണ്ട് മാധവൻ പറഞ്ഞു. ദിവസങ്ങൾ വീണ്ടും കടന്ന് പോയ്‌ക്കോണ്ടിരുന്നു. എങ്കിലും അർച്ചനയുടെ ഉള്ളിൽ സിദ്ധാർദ്ധിന്റെ മുഖം പച്ച കുത്തിയത് പോലെ തെളിഞ്ഞുതന്നെ നിന്നിരുന്നു.

” അയ്യോ സാർ ഇനി ഞാൻ ലേറ്റാവൂല്ല ”

ഉറക്കത്തിൽ സ്വപ്നം കണ്ടുള്ള അലീനയുടെ നിലവിളി കേട്ട് അർച്ചനയുടെ ഓർമകൾ മുറിഞ്ഞു.

അപ്പോൾ അവളുടെ മിഴിയിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ തലയിണയിലേക്ക് ഒഴുകിയിറങ്ങി. അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് മിഴികൾ പതിയെ അടച്ചു.

” അച്ചൂ … ഡീ അച്ചൂ ”

പുലർച്ചെ അലീനയുടെ സ്വരം കേട്ടാണ് അർച്ചന കണ്ണ് തുറന്നത്. അവൾ കുളി കഴിഞ്ഞ് ഫാനിന്റെ കീഴിൽ നിന്ന് മുടി ഉടക്കറുത്തുകൊണ്ടിരിക്കുകയായിരുന്നു.

” കണ്ണും മിഴിച്ച് കിടക്കാതെ പോയിക്കുളിക്കച്ചൂ… അല്ലേൽ ആദ്യദിവസം തന്നെ ആ കാണ്ടാമൃഗത്തിന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും ”

തന്നെത്തന്നെ നോക്കി ബെഡിൽ കിടക്കുന്ന അർച്ചനയോടായി അലീന പറഞ്ഞു. ഒരു ചെറു ചിരിയോടെ അവൾ പതിയെ എണീറ്റു. എന്നിട്ട് ഡ്രെസ്സുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു.

” എങ്ങനാഡീ നീയീ മുടിയിങ്ങനെ സൂക്ഷിക്കുന്നത് ഈ തിരക്കിനിടയിൽ ? ഇതിന്റെ പകുതിയില്ലാഞ്ഞിട്ട് നോക്കാൻ വയ്യാതെ മുറിച്ചു കളഞ്ഞതാ ഞാൻ. ”

കുളി കഴിഞ്ഞ് വന്ന് നീണ്ട മുടിയിഴകൾ മാറിലൂടെ മുന്നിലേക്കിട്ട് കോതിക്കൊണ്ട് നിന്ന അർച്ചനയോടായി അലീന ചോദിച്ചു.
അർച്ചന ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

” സിദ്ധുവേട്ടാ… ”

” എന്താടി പൊട്ടി.. ”

” സിദ്ധുവേട്ടനെന്ത്‌ കണ്ടിട്ടാ എന്നെ ഇഷ്ടായെ ? ”

” മ്മ്മ്…… എന്റച്ചൂന്റെയീ നീണ്ട മുടി എന്റമ്മേപ്പോലെ നല്ല നീണ്ട ഈ മുടിയും നിന്റെയീ മഞ്ഞൾക്കുറിയും കണ്ടപ്പോഴേ ഞാനുറപ്പിച്ചു ഈ അടക്കാക്കുരുവി മംഗലത്ത് സുമിത്രക്ക് കൊടുക്കാൻ പറ്റിയ മരുമോളാണെന്ന് ”

” ഡീ സ്വപ്നജീവീ നീയെന്തുവാ നിന്നീ പകൽക്കിനാവ് കാണുന്നത് . ? ”

കണ്ണാടിക്ക് മുന്നിൽ ഓർമകളിൽ മുഴുകി നിന്ന അർച്ചനയെ തട്ടി വിളിച്ചുകൊണ്ട് അലീന ചോദിച്ചു.

” ഏയ് ഞാൻ ചുമ്മാ… ”

ഞെട്ടിത്തിരിഞ്ഞുകൊണ്ട് അർച്ചന പറഞ്ഞു.
കൃത്യം ഒൻപത് മണിക്ക് തന്നെ അവർ ഓഫീസിലെത്തി.

കുറച്ച് സമയം കൂടി കഴിഞ്ഞതും സിദ്ധാർദ്ധിന്റെ കാർ ഓഫീസിന് മുന്നിലെത്തി. അകത്തേക്ക് കയറിപ്പോകുമ്പോൾ അവന്റെ കണ്ണുകൾ അർച്ചനയുടെ സീറ്റ് തേടി വന്നു.

കാൽപ്പെരുമാറ്റം കേട്ട് അവൾ തല ഉയർത്തി നോക്കിയതും അവൻ കണ്ടില്ലാത്തമട്ടിൽ അകത്തേക്ക് കയറിപ്പോയി. പരസ്പരം കാണാനുള്ള അവസരങ്ങളൊക്കെ അർച്ചനയും മനഃപൂർവം ഒഴിവാക്കിക്കോണ്ടിരുന്നു.

ഒരു മാസം വളരെ വേഗത്തിൽ കടന്ന് പോയി. അർച്ചനയും സിദ്ധുവും തമ്മിൽ ഒഫീഷ്യലായ കാര്യങ്ങൾ മാത്രം അപൂർവമായി മാത്രം സംസാരം ഉണ്ടായിരുന്നുള്ളൂ.

” എന്റെ ദൈവമേ ഇയാളെന്റെ കൈകൊണ്ട് തന്നെ തീരും മിക്കവാറും ”

സിദ്ധാർദ്ധിന്റെ ക്യാബിനിൽ നിന്നും പുറത്തേക്ക് വന്ന് തന്റെ സീറ്റിലേക്ക് ഇരുന്നുകൊണ്ട് അലീന പറഞ്ഞു.

” എന്താടീ ? ”

അർച്ചന പതിയെ ചോദിച്ചു.

” ഓഹ് ഒന്നുല്ലെഡീ പതിവ് പോലെ ഇന്നും എനിക്കാ കള്ള്കൂടിയന്റെ കയ്യീന്ന് വയറുനിറയെ കിട്ടി ”

സിദ്ധാർദ്ധിന്റെ ക്യാബിന് നേരെ നോക്കി അലീനയത് പറയുമ്പോൾ അർച്ചനയുടെ നെഞ്ച് പടപടാ മിഡിക്കുകയായിരുന്നു.

” അതിന് സാറ് മദ്യപിക്കുമോ? ”

സ്വരമിടറാതെ ശ്രദ്ധിച്ചുകൊണ്ട് അർച്ചന ചോദിച്ചു. അത് കേട്ട് അലീന പൊട്ടിച്ചിരിച്ചു.

” നീയിത് സിദ്ധാർഥ് മേനോനെപ്പറ്റി തന്നാണോ ചോദിക്കുന്നത് എടി ഓഫീസ് ടൈം കഴിഞ്ഞാൽ പിന്നെ ഫുൾ ടൈം പുള്ളി നല്ല ഒന്നാന്തരം താമരയാ. അങ്ങേരെ പണ്ട് പഠിക്കുന്ന കാലത്ത് ഏതോ പെണ്ണ് തേച്ചെന്നും പറഞ്ഞാ ഇപ്പോഴും ഈ കുടി. അല്ലേലും ആ പെണ്ണിനെ പറഞ്ഞിട്ട് കാര്യമില്ല ഈ കാണ്ടാമൃഗത്തിനെയൊക്കെ ആരാ പ്രേമിക്കുന്നത് ”

വീണ്ടും ചിരിയോടെ അലീന പറഞ്ഞു. പക്ഷേ അർച്ചനയുടെ ഉള്ളിൽ ഒരു കടലിളകി മറിയുകയായിരുന്നു അപ്പോൾ .

ഒന്നലറിക്കരയാൻ അവൾ തീവ്രമായി ആഗ്രഹിച്ചു. താൻ കാരണം ആ പാവം നശിച്ചുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ അവൾ ഉരുകിയൊലിച്ചു. കണ്ണുകൾ നിറയാതിരിക്കാൻ അവൾ നന്നേ പാട്പെട്ടു.

അർച്ചന പതിയെ സീറ്റിൽ നിന്നും എണീറ്റ് സിദ്ധാർദ്ധിന്റെ ക്യാബിന് നേരെ നടന്നു. അനുവാദത്തിന് കാത്തുനിൽക്കാതെ ഡോർ തുറന്നവൾ അകത്തേക്ക് ചെന്നു.

” ഹു ഈസ്‌ ദ…. ”

ദേഷ്യത്തിൽ അലറിയ അവന്റെ വാക്കുകൾ അർച്ചനയെ കണ്ടതും തൊണ്ടയിൽ കുടുങ്ങി.

” എന്തുവേണം ? ”

വീണ്ടും ശ്രദ്ധ മുന്നിലിരുന്ന കുപ്പിയിലേക്കും ഗ്ലാസിലേക്കും തിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

” എന്തിനാ സാർ ഇങ്ങനെ കുടിച്ച് നശിക്കുന്നത് ? ”

ഇടറുന്ന സ്വരത്തിൽ അവൾ ചോദിച്ചു. പെട്ടന്ന് കയ്യിലെടുത്ത ഗ്ലാസ് താഴേക്ക് വച്ചുകൊണ്ട് അവനവളെ നോക്കി.

” അത് ചോദിക്കാൻ നീയാരാഡീ ? ”

ശബ്ദമമർത്തി അവളെ നോക്കി സിദ്ധാർഥ് ചോദിച്ചു.

( തുടരും… )

മഴപോലെ : ഭാഗം 1

മഴപോലെ : ഭാഗം 2

മഴപോലെ : ഭാഗം 3

മഴപോലെ : ഭാഗം 4

മഴപോലെ : ഭാഗം 5