Friday, November 15, 2024
Novel

മഴപോലെ : ഭാഗം 5

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


വിവാഹമണ്ഡപം അഥിതികളെക്കൊണ്ട് നിറഞ്ഞിരുന്നു. മണ്ഡപത്തിന് പിന്നിലായി വലിയ അക്ഷരത്തിൽ സിദ്ധാർഥ് വെഡ്സ് അർച്ചന എന്ന് എഴുതിയിരുന്നു. മണ്ഡപത്തിൽ ഒരു ചെറുപുഞ്ചിരിയോടെ സിദ്ധാർഥ് ഇരുന്നിരുന്നു.

” മുഹൂർത്തമായി കുട്ടിയെ വിളിച്ചോളൂ ”

ആരോ വിളിച്ചു പറഞ്ഞു. അല്പസമയത്തിനുള്ളിൽ താലപ്പൊലിയുടെ അകമ്പടിയോടെ അർച്ചന പുറത്തേക്ക് വന്നു.

സ്വർണനൂലുകൾ പാകിയ നീല സാരിയിൽ അവൾ വളരെയധികം സുന്ദരിയായിരുന്നു. അവളുടെ മുഖത്തേക്ക് നോക്കിയ സിദ്ധാർദ്ധിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

മണ്ഡപത്തിലേക്ക് കയറിയ അർച്ചന സദസ്സിന് നേരെ ഒന്ന് കൈകൂപ്പിയിട്ട് അവനരികിലായി ഇരുന്നു.

അവർക്ക് പിന്നിലായി നിന്നിരുന്ന അർച്ചനയുടെയും സിദ്ധുവിന്റെയും അച്ഛനമ്മമാരുടെ മുഖത്തും നിറഞ്ഞ പുഞ്ചിരിയായിരുന്നു.

” താലിയെടുത്ത് കൊടുത്തോളൂ ”

മഹാദേവന് നേരെ നോക്കിക്കൊണ്ട് പൂജാരി പറഞ്ഞു. അയാൾ പൂജിച്ച താലിമാല സിദ്ധാർദ്ധിന്റെ കയ്യിലേക്ക് വച്ചുകൊടുത്തു.

പുഞ്ചിരിയോടെ അവനതുമായി അർച്ചനയ്ക്ക് നേരെ തിരിഞ്ഞു. നിറഞ്ഞമിഴികൾ അടച്ച് കൈകൾ കൂപ്പി അവളാതാലിക്കായി തല കുനിച്ചു.

” മോളേ……. ”

പെട്ടന്ന് അർച്ചന ഞെട്ടിയുണർന്നു.

” മോളേ അച്ചൂ….. ”

താൻ കണ്ടത് സ്വപ്നമാണെന്ന് മനസ്സിലാക്കുമ്പോഴേക്കും വീണ്ടും ശ്രീദേവിയുടെ നിലവിളി ഉയർന്ന് കേട്ടു.

അവൾ വേഗം കിടക്കയിൽ നിന്നും ബദ്ധപ്പെട്ടെണീറ്റു. പുറത്തിറങ്ങി അച്ഛന്റെയും അമ്മയുടേയും മുറിക്ക് നേരെ ഓടുമ്പോൾ ഒരുതരം വിറയൽ അവളെ ബാധിച്ചിരുന്നു.

ശ്രീദേവിയും രാജശേഖറും കിടന്നിരുന്ന മുറിയുടെ വാതിൽ തുറന്ന് തന്നെ കിടന്നിരുന്നു.

” എന്താമ്മേ എന്ത്പറ്റി ? ”

വെപ്രാളത്തോടെ ചോദിച്ചുകൊണ്ട് അർച്ചന മുറിയിലേക്ക് കയറുമ്പോൾ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു രാജശേഖർ. അയാളുടെ കൈകൾ സ്വന്തമായി നെഞ്ചിൽ അമർത്തിത്തടവുന്നുമുണ്ടായിരുന്നു.

” അയ്യോ അച്ഛാ എന്താ എന്തുപറ്റി ? ”

ബെഡിൽ അദ്ദേഹത്തിനരികിലായി ഇരുന്നുകൊണ്ട് വെപ്രാളത്തോടെ അവൾ ചോദിച്ചു.

” നെഞ്ച്വേദനയാണെന്ന് തോന്നുന്നു മോളേ ഞാനുണരുമ്പോൾ ഇങ്ങനെ വെപ്രാളം കാണിക്കുവായിരുന്നു. ”

കണ്ണീരോടെ അർച്ചനയോടായി ശ്രീദേവി പറഞ്ഞു. അപ്പോഴും ജീവശ്വാസത്തിനായി പിടയുകയായിരുന്നു അയാൾ. അർച്ചനയുടെ കണ്ണുകളും നിറഞ്ഞൊഴുകി.

” ഈശ്വരാ ഈ രാത്രി ഞാനെന്ത്‌ ചെയ്യും ആരോട് സഹായം ചോദിക്കും ”

പൊട്ടിക്കരഞ്ഞുകൊണ്ട് മിഴികൾ മുകളിലേക്കുയർത്തി ശ്രീദേവി പറഞ്ഞു. പെട്ടന്ന് എന്തോ ഓർത്തപോലെ അർച്ചന മുറിയിലേക്ക് ഓടി.

മുറിയിലെത്തി ലൈറ്റിടാൻ പോലും മറന്ന് ഒരു ഭ്രാന്തിയെപ്പോലെ അവൾ കിടക്കയിലെല്ലാം പരതി ഫോൺ കയ്യിലെടുത്തു. ഫോണിൽ സിദ്ധുവേട്ടൻ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൾ ഡയൽ ചെയ്തു.

ഒരുതവണ മുഴുവൻ റിങ് ചെയ്ത് നിന്നിട്ടും ഫോണെടുക്കാതെ വന്നപ്പോൾ നിറഞ്ഞൊഴുകിയ മിഴികൾ അമർത്തിത്തുടച്ച് അവൾ വീണ്ടും ആ നമ്പറിലേക്ക് തന്നെ കാൾ കൊടുത്തു. ഇത്തവണ ഒന്ന് രണ്ട് റിങ്ങിന് ശേഷം ഫോൺ എടുക്കപ്പെട്ടു.

” എന്താ അച്ചൂ ഈ രാത്രി ? ”

ഉറക്കത്തിന്റെ ആലസ്യമാർന്ന സിദ്ധുവിന്റെ സ്വരം ഉയർന്ന് കേട്ടു.

” സിദ്ധുവേട്ടാ എന്റച്ഛൻ … ”

വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാതെ ഫോൺ ചെവിൽ ചേർത്ത് പിടിച്ചുകൊണ്ട് അർച്ചന പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചിൽ സിദ്ധാർദ്ധിന്റെ കാതിൽ വന്നലച്ചതും ഒരു ഞെട്ടലോടെ അവൻ ബെഡിൽ നിന്നും പിടഞ്ഞെണീറ്റു.

” അച്ചൂ എന്താ എന്തുപറ്റി …. ”

അമ്പരപ്പോടെ അവൻ ചോദിച്ചു.

” സിദ്ധുവേട്ടാ…. ”

തേങ്ങലുകൾക്കിടയിൽ വാക്കുകൾക്കായി അവൾ പരതി.

” അച്ചൂ കരയാതെ കാര്യം പറ എന്തുപറ്റി ? ”

ആധിയോടെ അവൻ വീണ്ടും ചോദിച്ചു.

” അച്ഛന് പെട്ടന്ന് വയ്യാതായി എന്ത് ചെയ്യണമെന്നെനിക്കറിയില്ല സിദ്ധുവേട്ടാ ”

കണ്ണീരിനിടയിലും വാക്കുകൾ പെറുക്കിക്കൂട്ടി അവൾ പറഞ്ഞൊപ്പിച്ചു.

” കരയല്ലേടാ ഞാനിപ്പോ വരാം നീ അച്ഛന്റടുത്തോട്ട് ചെല്ല് ”

അവന്റെ വാക്കുകൾ കേട്ട് അർച്ചന ഒന്ന് മൂളി. അവൻ വേഗം കോൾ കട്ട്‌ ചെയ്തു. അർച്ചന ഫോൺ ടേബിളിലേക്ക് വച്ച് വീണ്ടും പുറത്തേക്ക് ഓടി.

സിദ്ധാർഥും വേഗം എണീറ്റ് ഡ്രസ്സ്‌ മാറി താഴേക്ക് ഓടി. നിമിഷങ്ങൾക്കുള്ളിൽ സിദ്ധാർദ്ധിന്റെ കാർ മംഗലത്ത് വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പാഞ്ഞു. ഇരുട്ടിനെ കീറിമുറിച്ച് കാർ ഹൈവേയിലൂടെ മുന്നോട്ട് പാഞ്ഞു.

” പേടിക്കണ്ടച്ഛാ ഒന്നുല്ല ഇപ്പൊ വണ്ടി വരും ”

വീണ്ടും മുറിയിലെത്തി പിടയുന്ന രാജശേഖറിന്റെ നെഞ്ച് തടവിക്കൊടുത്തുകൊണ്ട് അർച്ചന പറഞ്ഞു.

പത്തുമിനുട്ടിനുള്ളിൽ സിദ്ധാർദ്ധിന്റെ കാർ ചിത്തിരക്ക് മുന്നിലെത്തി. രാജശേഖറുമായി കാർ ഹോസ്പിറ്റലിലേക്ക് പായുമ്പോഴും അർച്ചനയുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു.

ഡ്രൈവ് ചെയ്യുന്നതിനിടയിലും ഇരുളിന്റെ മറപറ്റി സിദ്ധാർദ്ധിന്റെ കൈ അർച്ചനയുടെ കയ്യിലമർന്നു. ദയനീയമായി തന്നെ നോക്കിയ അവളെ നോക്കി സാരമില്ല എന്ന അർഥത്തിൽ അവൻ കണ്ണടച്ച് കാണിച്ചു.

പൊട്ടിക്കരയുന്ന അവളെയൊന്നു ചേർത്ത് പിടിക്കാൻ അവന്റെ കൈകളും മനസ്സും ഒരുപോലെ കൊതിച്ചെങ്കിലും സാഹചര്യം മനസ്സിലാക്കി അവനെല്ലാം ഉള്ളിലടക്കി.

ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിലെത്തിയതും രാജശേഖറിനെ കാറിൽ നിന്നും നേരെ സ്ട്രെട്ചറിലേക്ക് കിടത്തി.

ഹോസ്പിറ്റൽ ഇടനാഴികളിലൂടെ ഉരുളുന്ന സ്ട്രെക്ചറിനൊപ്പം നടക്കുമ്പോൾ അർച്ചന ശ്രീദേവിയെ ചേർത്ത് പിടിച്ചിരുന്നു. രാജശേഖറിനെ നേരെ ഐസിയുവിലേക്കാണ് കൊണ്ടുപോയത്.

ഐസിയുവിന് മുന്നിൽ കാത്ത് നിക്കുമ്പോഴും എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ അർച്ചനയെ തളർത്തിക്കോണ്ടിരുന്നു.

സമയം പതിയെ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. രാത്രി ഒന്നര മണിയോടെ ഐസിയുവിന്റെ വാതിൽ തുറന്ന് ഡോക്ടർമാരുടെ സംഘം പുറത്തേക്ക് വന്നു.

” ഞങ്ങൾ പരമാവധി ശ്രമിച്ചു പക്ഷേ… വീ ആർ സോറി അദ്ദേഹത്തേ രക്ഷിക്കാൻ കഴിഞ്ഞില്ല ”

വാതിൽക്കൽ നിന്ന സിദ്ധാർദ്ധിന്റെ മുഖത്ത് നോക്കി പതിഞ്ഞ സ്വരത്തിൽ ഡോക്ടർ സുരേഷ് ബാബു പറഞ്ഞു.

” രാജേട്ടാ ….. ”

ശ്രീദേവിയിൽ നിന്നും ദുർബലമായ ഒരു നിലവിളി ഉയർന്നു. പെട്ടന്ന് കണ്ണുകൾ മലർന്ന് അവർ പിന്നിലേക്ക് മറിഞ്ഞു.

” ആന്റി…. ”

വിളിച്ചുകൊണ്ട് സിദ്ധാർഥ് പാഞ്ഞുചെന്ന് ആ ശരീരം താങ്ങി പിടിച്ചു. പെട്ടന്ന് ഓടി വന്ന നേഴ്സുമ്മാർ അവരെ അകത്തേക്ക് കൊണ്ടുപോയി.

അപ്പോഴാണ് സിദ്ധാർഥ് അർച്ചനയെക്കുറിച്ചോർത്തത്. പിന്നിൽ ഭിത്തിയിൽ ചാരി ഒരു ശിലപോലെ അവൾ നിന്നിരുന്നു. ആ മിഴികളിലേ ഭാവം അവന് അവ്യക്തമായിരുന്നു.

അവിടെ നടന്നതൊന്നും അവൾ അറിഞ്ഞിട്ടുകൂടിയുള്ളതായി തോന്നിയില്ല. അവളുടെ കണ്ണുകളിൽ ഒരുതുള്ളി കണ്ണുനീർ പോലും അപ്പോൾ കാണാൻ കഴിഞ്ഞിരുന്നില്ല.

” അച്ചൂ …. ”

അവളുടെ അരികിലെത്തി സിദ്ധാർഥ് പതിയെ വിളിച്ചു.
പക്ഷേ അവളത് കേട്ടതായിപ്പോലും തോന്നിയില്ല.

” അച്ചൂ മോളേ… ”

അവളുടെ തോളിൽ പിടിച്ചുകുലുക്കി സിദ്ധാർഥ് വീണ്ടും വിളിച്ചു. അവളൊന്ന് ഞെട്ടിയത് പോലെ തോന്നി.

അന്തം വിട്ട് അവളവന്റെ മുഖത്തേക്ക് നോക്കി. പതിയെ പതിയെ അവളുടെ മിഴികളിൽ ഉറവ പൊട്ടി. വളരെ വേഗം അവളുടെ കവിൾത്തടങ്ങളെ നനച്ചുകൊണ്ട് കണ്ണുനീർ കുതിച്ചൊഴുകി.

” സിദ്ധുവേട്ടാ എന്റച്ഛൻ…. എന്റച്ഛൻ പോയല്ലേ ? ”

അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു. അവളോടെന്ത്‌ പറയണമെന്നറിയാതെ അവൻ തല കുനിച്ചു.

” പറ സിദ്ധുവേട്ടാ എന്റച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയല്ലേ ? ”

അലറിക്കരഞ്ഞുകൊണ്ട് അവന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് അവൾ ചോദിച്ചു.
അവളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ തളർന്നുനിന്ന അവന്റെ നെഞ്ചിൽ തല തല്ലി അവൾ പൊട്ടിക്കരഞ്ഞു.

” അച്ചൂ കരയല്ലേടാ സഹിച്ചല്ലേ പറ്റൂ നീ വേണ്ടേ അമ്മേ സമാധാനിപ്പിക്കാൻ ”

അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ വച്ചുകൊണ്ട് സിദ്ധു പറഞ്ഞു.

” എന്റമ്മയിത് സഹിക്കില്ല സിദ്ധുവേട്ടാ അച്ഛനപ്പുറമൊരു ലോകം ആ പാവം കണ്ടിട്ടില്ല. ഞങ്ങൾക്കിനി ആരൂല്ലല്ലോ സിദ്ധുവേട്ടാ ”

അവനെ അമർത്തിപ്പിടിച്ചുകൊണ്ട് അവൾ പതം പറഞ്ഞുകരഞ്ഞു. നെഞ്ച് പൊട്ടുന്ന വേദനയിൽ അവളുടെ കൈ നഖങ്ങൾ അവന്റെ പുറത്താഴ്ന്നിറങ്ങി.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചിത്തിരയുടെ മുറ്റത്ത് രാജശേഖറിന് അന്ധ്യവിശ്രമം ഒരുങ്ങി. എല്ലാത്തിനും സാക്ഷിയായി അർച്ചനയ്ക്ക് ചുറ്റും എപ്പോഴും സിദ്ധുവുണ്ടായിരുന്നു.

പതിയെ പതിയെ ആളും ബഹളവുമൊക്കെ ഒഴിഞ്ഞ് ശ്രീദേവിയും അർച്ചനയും മാത്രമായി. സന്ധ്യയോടെ മനസ്സില്ലാമനസോടെ സിദ്ധാർഥും പടിയിറങ്ങി.

ദിവസങ്ങൾ കഴിയും തോറും രാജശേഖറിന്റെ അഭാവം ശ്രീദേവിയും അർച്ചനയും ഉൾക്കൊണ്ട് തുടങ്ങി. എങ്കിലും പെട്ടന്നുണ്ടായ ആ വിയോഗം അവരെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു.

അതുവരെ ഒരു ജോലിക്കും പോയിട്ടില്ലാത്ത ശ്രീദേവി പണ്ടെങ്ങോ എവിടെയോ ഉപേക്ഷിച്ച തയ്യൽ മെഷീൻ പൊടിതട്ടിയെടുത്തു ജീവിതചക്രം തിരിച്ചുതുടങ്ങി.

” നീയെന്താ അച്ചൂ ഇങ്ങനെ അച്ഛൻ മരിച്ച് മാസങ്ങളാല്ലേ ഇനിയുമിങ്ങനെ കരഞ്ഞും പിഴിഞ്ഞുമിരുന്നിട്ടെന്താ നിന്റമ്മ പോലും എല്ലാത്തിനോടും പൊരുത്തപ്പെട്ടിട്ടും നീയിങ്ങനെയായാലോ ? ”

തങ്ങൾ സ്ഥിരമിരിക്കാറുള്ള വാകമരത്തണലിൽ അവളോടൊത്തിരിക്കുമ്പോൾ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് സിദ്ധാർഥ് ചോദിച്ചു.

” മനഃപൂർവമല്ല സിദ്ധുവേട്ടാ എനിക്ക് പറ്റുന്നില്ല. അച്ഛനിനി ഇല്ലെന്ന് വിശ്വാസിക്കാൻ പോലും എനിക്കിതുവരെ കഴിയുന്നില്ല. ഇത്ര പെട്ടന്ന് അച്ഛനില്ലാതെ വരുമെന്നൊന്നും ഞാനൊരിക്കലും വിചാരിച്ചില്ല.

പലപ്പോഴും ഞാനാഗ്രഹിച്ച് പോകാറുണ്ട് എല്ലാമൊരു സ്വപ്നമായിരുന്നെങ്കിലെന്ന് ആ സ്വപ്നത്തിൽ നിന്നും ഞാൻ ഉണർന്നെണീക്കുമ്പോൾ പഴയത് പോലെ ഒന്നുകിൽ ഉമ്മറത്ത് പത്രം വായിച്ചുകൊണ്ട് അല്ലെങ്കിൽ തൊടിയിൽ തെങ്ങിന് തടം വെട്ടിക്കോണ്ട് അതുമല്ലെങ്കിൽ അടുക്കളയിൽ അമ്മയോടൊപ്പം നാട്ടുകാര്യങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛനുണ്ടായിരുന്നെങ്കിലെന്ന്. ”

തറയിൽ നിന്നും ചുവന്നുതുടുത്ത ഒരു വാകപ്പൂവെടുത്ത് വെറുതെ കയ്യിൽ വച്ചുകൊണ്ട് അർച്ചന പതിയെ പറഞ്ഞു. അവളോട് പറയാൻ ആശ്വാസവാക്കുകളൊന്നുമില്ലാതെ സിദ്ധാർഥ് വെറുതെ ദൂരെക്ക് നോക്കിയിരുന്നു.

” നീ വാ സമയം ഒരുപാടായി ഇന്നിനി ബസ്സിലൊന്നും പോകണ്ട. ഞാൻ കൊണ്ട് വിടാം. ”

തങ്ങൾക്കിടയിൽ മൗനം വല്ലാതെ കനക്കുമ്പോൾ പെട്ടന്ന് അവളുടെ കൈയിൽ പിടിച്ചെണീറ്റുകൊണ്ട് സിദ്ധാർഥ് പറഞ്ഞു. അവനോടൊപ്പം ബൈക്കിലിരിക്കുമ്പോഴും അർച്ചന മൗനമായിത്തന്നെയിരുന്നു.

ട്രാഫിക്കിൽ ബൈക്ക് നിർത്തി സിഗ്നൽ കാത്തിരിക്കുമ്പോഴാണ് അവർക്ക് പിന്നിലായി ഒരു കാർ വന്ന് നിന്നത്. അതിന്റെ പിൻസീറ്റിലിരുന്ന മംഗലത്ത് മഹാദേവന്റെ കണ്ണുകൾ മകനൊപ്പം ഉള്ള പെൺകുട്ടിയിൽ തറഞ്ഞ് നിന്നു. ദേഷ്യം കൊണ്ട് അയാൾ വിറച്ചു.

പിറ്റേദിവസം അർച്ചന കോളേജിലേക്ക് പോയി കുറച്ചുസമയത്തിന് ശേഷം മഹാദേവന്റെ കാർ ചിത്തിരക്ക് മുന്നിൽ വന്നുനിന്നു.

ഉമ്മത്തിന്റെ കോണിലിരുന്ന് എന്തോ ചെയ്തുകൊണ്ടിരുന്ന ശ്രീദേവി പെട്ടന്ന് ബദ്ധപ്പെട്ടെഴുന്നേറ്റു. കാറിൽ നിന്നിറങ്ങി പൂമുഖത്തേക്ക് കയറിയ ആളിന്റെ മുഖത്തേക്ക് നോക്കി ഒന്നും മനസ്സിലാവാതെ അവർ നിന്നു.

” രാജശേഖറിന്റെ ഭാര്യയല്ലേ ? ”

അയാൾ പെട്ടന്ന് ചോദിച്ചു. ശ്രീദേവി പതിയെ മൂളി.

” ഞാൻ മംഗലത്ത് മഹാദേവൻ സിദ്ധാർദ്ധിന്റെ അച്ഛനാണ്. ഒരുപക്ഷേ എന്നെയോ സിദ്ധാർദ്ധിനെയോ നിങ്ങളറിയില്ലായിരിക്കാം പക്ഷേ മകൾ നന്നായി അറിയും. പിള്ളേര് തമ്മിലൊരു ധാരണയായ ലക്ഷണമാണ്.

പക്ഷേ ഞാനൊക്കലും ഇതനുവദിക്കില്ല. മംഗലത്ത് മഹാദേവന്റെ മരുമകളാവാനുള്ള യോഗ്യതയൊന്നും വെറുമൊരു ക്ലർക്കിന്റെ മോൾക്കില്ല. അത് മോളേയൊന്നു പറഞ്ഞ് മനസ്സലാക്കണമെന്ന് പറയാനാ ഞാൻ വന്നത്.

ഇതിനിപ്പോ ഞാൻ തന്നെ വരാൻ കാരണമെന്താണെന്ന് ചോദിച്ചാൽ , അവനാഗ്രഹിച്ചതൊന്നും ഞാൻ കൊടുക്കാതിരുന്നിട്ടില്ല. നിങ്ങടെ മോളെ ചോദിച്ചാലും എനിക്ക് പറ്റില്ലെന്ന് പറയാൻ കഴിയില്ല.

അപ്പൊ അവനതെന്നോട് അവശ്യപ്പെടും മുന്നേ അങ്ങനൊരു സാഹചര്യം ഒഴിവാക്കേണ്ടത് ഞാനല്ലേ അതുകൊണ്ട് നിങ്ങടെ മകളായിട്ട് തന്നെ എല്ലാം അവസാനിപ്പിച്ചിരിക്കണം “.

ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ച് അയാൾ തിരിഞ്ഞു നടക്കുമ്പോഴും സ്തംഭിച്ച് നിൽക്കുകയായിരുന്നു ശ്രീദേവി. വൈകുന്നേരം അർച്ചന വന്നുകയറുമ്പോൾ ശ്രീദേവി അടുക്കളയിലായിരുന്നു.

” അമ്മേ…… ”

വിളിച്ചുകൊണ്ടവൾ നേരെ അടുക്കളയിലേക്ക് കയറി വന്നു.

” നീയും സിദ്ധാർഥും തമ്മിലെന്താ ? ”

പെട്ടന്നുണ്ടായ ശ്രീദേവിയുടെ ചോദ്യത്തിൽ അർച്ചനയൊന്ന് പതറി.

” അതമ്മേ …. ”

അവൾ വിക്കി.

” മതി…. എന്തുതന്നെയായാലും അതെല്ലാം എന്റമോള് മറക്കണം. കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ നമ്മളൊരിക്കലും നമ്മുടെ നില മറക്കാൻ പാടില്ല മോളെ. അവന്റെ അച്ഛനിവിടെ വന്നിരുന്നു.

മകളെ നല്ലത് പഠിപ്പിക്കാൻ ഉപദേശിച്ചിട്ടാ പോയത്. ഈ പ്രാരാബ്ദങ്ങൾക്കിടയിൽ ഇനി എന്റെ മോളുടെ അമ്മേ ശിക്ഷിക്കരുത്. ”

അർച്ചനയുടെ മുഖത്ത് നോക്കാതെ പറഞ്ഞുകൊണ്ട് അവർ വേഗം അകത്തേക്ക് നടന്നു. രാത്രി മുഴുവൻ അർച്ചനയുടെ മിഴികൾ പെയ്തുകൊണ്ടിരുന്നു.

ഒടുവിൽ കോളേജിലേക്കിറങ്ങുമ്പോൾ അവളുടെ ഉള്ളിലൊരു ഉറച്ച തീരുമാനം രൂപപ്പെട്ടിരുന്നു . കോളേജിലെത്തി അവൾ സിദ്ധുവിനരികിലേക്ക് ചെന്നു.

” നിന്റെ മോന്തക്കിതെന്താ പെണ്ണേ വല്ല കടന്തലും കുത്തിയോ ”

അരികിലേക്ക് വന്ന അവളുടെ വാടിയ മുഖം കണ്ട് സിദ്ധാർഥ് ചോദിച്ചു.

” നമുക്കെല്ലാം അവസാനിപ്പിക്കാം സിദ്ധുവേട്ടാ എനിക്ക് കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത സിദ്ധുവേട്ടനെ ഞാൻ മോഹിച്ചത് തന്നെ തെറ്റാണ്.

ആ തെറ്റ് ഞാൻ തിരിച്ചറിയാൻ സിദ്ധുവേട്ടന്റെ അച്ഛൻ പറയേണ്ടി വന്നു.

തെറ്റ് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താതിരിക്കുന്നതല്ലേ ഏറ്റവും വലിയ തെറ്റ് ”

അവൾ പറഞ്ഞതെല്ലാം അമ്പരപ്പോടെ കേട്ടിരിക്കുകയായിരുന്നു സിദ്ധാർഥ്.

” നീയിതെന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും മനസിലായില്ല. ”

അക്ഷമയോടെ അവൻ ചോദിച്ചു. നടന്ന കാര്യങ്ങളൊക്കെ പറയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടിയിരുന്നു.

” ഇന്ന് ഇവിടെ സിദ്ധുവേട്ടന്റെ അച്ചു മരിച്ചു. ഇനി നമ്മൾ തമ്മിൽ കാണില്ല . പാവമെന്റമ്മേ ഇനിയും കരയിക്കാൻ വയ്യ. പോട്ടെ… ”

പറഞ്ഞുനിർത്തി മറുപടിക്ക് കാത്തുനിൽക്കാതെ തിരിഞ്ഞുനടക്കുന്ന അവളെ നോക്കി സ്തംഭിച്ചുനിൽക്കുകയായിരുന്ന അപ്പോൾ സിദ്ധാർഥ്.

( തുടരും… )

മഴപോലെ : ഭാഗം 1

മഴപോലെ : ഭാഗം 2

മഴപോലെ : ഭാഗം 3

മഴപോലെ : ഭാഗം 4