Sunday, December 22, 2024
Novel

മഴപോലെ : ഭാഗം 1

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” നിനക്കായ്‌ ” ക്ക് ശേഷം എഴുതുന്ന പുതിയ കഥയാണ്. അഭിയേയും അജിത്തിനെയും സ്വീകരിച്ചത് പോലെ തന്നെ സിദ്ധുവിനെയും അച്ചുവിനെയും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ ആരംഭിക്കട്ടെ.. 💞💞💞💞💞

മഴപോലെ – 1
***************

പോസ്റ്റ്മാൻ കൊണ്ടുവന്ന രജിസ്റ്റേഡ് ലെറ്ററിലേക്ക് ആകാംഷയോടെ നോക്കിയ അവളുടെ മിഴികൾ വിടർന്നു.

വീണ്ടും വീണ്ടും അതിലേക്ക് നോക്കുമ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവളുടെ ഉള്ള് നിറയെ.

” അമ്മേ …. അമ്മേ … ”

കയ്യിലെ കവർ ഉയർത്തിപ്പിടിച്ചുകൊണ്ട് ഉമ്മറത്ത് നിന്നും അർച്ചന ഉറക്കെ വിളിച്ചു. അകത്ത് നിന്നും അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ അവൾ വേഗം അകത്തേക്ക് നടന്നു.

” അമ്മേ ഇതെവിടെപ്പോയിക്കിടക്കുവാ ? ”

അടുക്കളയിലും പിന്നാമ്പുറത്തുമൊന്നും ശ്രീദേവിയെ കാണാതെ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അവൾ സ്വയം ചോദിച്ചു.

” എന്താ പെണ്ണേ കിടന്ന് വിളിച്ചുകൂവുന്നത് ? ”

പെട്ടന്ന് താഴെ പറമ്പിൽ നിന്നും ശ്രീദേവിയുടെ സ്വരം ഉയർന്ന് കേട്ടു. അർച്ചന വേഗം അങ്ങോട്ട് ഓടി.

” എന്റച്ചു ഒന്ന് പതിയെ ഇങ്ങനെ കിടന്ന് പായാൻ നിന്നെ ആരേലും കൊല്ലാൻ വരുന്നുണ്ടോ ? കെട്ടിക്കാൻ പ്രായമായി ഇപ്പഴും പൊടികുഞ്ഞുങ്ങളെപ്പോലാ കിടന്ന് പായുന്നത് “.

ഓടിപ്പാഞ്ഞുള്ള അർച്ചനയുടെ വരവ് കണ്ട് ചേനക്ക് മണ്ണ് കൂട്ടിക്കോണ്ടിരുന്ന ശ്രീദേവി പറഞ്ഞു.

” എന്റെ ദേവൂട്ടീ എനിക്ക് സന്തോഷം സഹിക്കാൻ വയ്യ ”

ഓടി വന്ന് വിയർത്തൊഴുകി മണ്ണിലും ചേറിലും കുഴഞ്ഞുനിന്ന അവരെ കെട്ടിപ്പിടിച്ച് കവിളിൽ ചുണ്ടമർത്തിക്കൊണ്ട് അർച്ചന പറഞ്ഞു.

” വിടച്ചൂ മേലപ്പിടി മണ്ണും ചെളിയുമാ ”

അവളെ തന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചുകൊണ്ട് ശ്രീദേവി പറഞ്ഞു.

” അതിനെന്താ ന്റെ ദേവൂട്ടീ ഈ മണ്ണും ചേറുമൊന്നും നമുക്കൊരു പുതുമയല്ലല്ലോ ”

ഒന്നുകൂടി അവരുടെ മാറോട് ചേർന്ന് കൊണ്ട് അവൾ പറഞ്ഞു. അവളുടെ ആ വാക്കുകൾ ശ്രീദേവിയിൽ ഒരു പുഞ്ചിരി വിടർത്തി.

” അല്ല വന്നകാര്യം പറഞ്ഞില്ലല്ലോ എന്താ ഇപ്പൊ ഇത്ര സന്തോഷിക്കാൻ ? ”

ഇളിയിൽ കുത്തിയിരുന്ന സാരിയുടെ തലപ്പെടുത്ത് മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ ഒപ്പിക്കൊണ്ട് അവർ ചോദിച്ചു.

” നമ്മുടെ പ്രശ്നങ്ങളൊക്കെ തീരാൻ പോവാ ന്റമ്മക്കുട്ടീ … ”

ഇരു കൈകൾ കൊണ്ടും അവരുടെ കവിളിൽ പിടിച്ചുകൊണ്ടുള്ള ആരതിയുടെ വർത്തമാനം കേട്ട് ഒന്നും മനസിലാകാതെ ശ്രീദേവി അവളെ അന്തം വിട്ട് നോക്കി.

” എന്റെ പൊന്നമ്മേ എനിക്ക് ജോലി കിട്ടീന്ന് ”

അവരുടെ നോട്ടം കണ്ട് കയ്യിലെ കവർ ആ കൈകളിലേക്ക് വച്ചുകൊടുത്തുകൊണ്ട് നിറപുഞ്ചിരിയോടെ അർച്ചന പറഞ്ഞു. കേട്ടത് വിശ്വാസമാകാത്തത് പോലെ ആ ലെറ്ററിലേക്കും അവളുടെ മുഖത്തേക്കും അവർ മാറി മാറി നോക്കി.

പിന്നെ പതിയെ ആ വരണ്ട ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. ഒപ്പം കുഴിഞ്ഞുതുടങ്ങിയ ആ മിഴികളിൽ നീർമുത്തുകൾ ഉരുണ്ടുകൂടി.

” ന്റെ നാരായണാ നീയെന്റെ വിളി കേട്ടല്ലോ നിനക്കിപ്പോ ഞാനെന്താ തരിക ”

ആ ലെറ്റർ മാറിലമർത്തിപ്പിടിച്ച് മിഴികൾ മുകളിലേക്കുയർത്തി നിറകണ്ണുകളോടെ ശ്രീദേവി പറഞ്ഞു. അർച്ചനയുടെ മിഴികളും ഈറനണിഞ്ഞിരുന്നു അപ്പോൾ.

” എറണാകുളത്ത് ഒരു പ്രൈവറ്റ് കമ്പനിയാണ്. നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത് . താമസവും ഫുഡുമെല്ലാം കമ്പനി വകയാണ്. ”

ശ്രീദേവിയോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ അവൾ പറഞ്ഞു.

” അത്രേം ദൂരത്തൊക്കെ നീ ഒറ്റക്കെങ്ങനാ മോളേ…. ? ”

മാതൃസഹജമായ ആധിയോടെ ശ്രീദേവി ചോദിച്ചു.

” എന്റമ്മേ ഈ എറണാകുളമെന്ന് പറയുന്നത് അങ്ങ് അമേരിക്കയിലോ മറ്റോ ആണോ ? അത് മാത്രമല്ല അമ്മയുടെ പേടി കണ്ടാൽ തോന്നും ഞാനിപ്പോഴും കൊച്ചുകുട്ടിയാണെന്ന് ”

അവരുടെ തോളിലൂടെ കയ്യിട്ട് ചിരിയോടെ അർച്ചന പറഞ്ഞു .

” ഉവ്വാ ഒരു വല്യ ആള് വന്നേക്കുന്നു. ഇപ്പോഴും ഇടിവെട്ടി മഴ പെയ്താൽ പേടിച്ചുവിറക്കുന്ന നീയാ ഒരു വല്യകുട്ടി ”

അവളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ശ്രീദേവി
പറഞ്ഞു.

” ഒന്ന് ചുമ്മാതിരിക്കമ്മേ വെറുതെ കളിയാക്കാതെ ”

അവരുടെ കയ്യിൽ പതിയെ നുള്ളി ചിണുങ്ങിക്കോണ്ട് അവൾ പറഞ്ഞു. അവളോടൊപ്പം ചിരിക്കുമ്പോഴും ശ്രീദേവിയുടെ ഉള്ളിൽ എന്തെന്നറിയാത്ത ഒരുതരം നൊമ്പരം ഉറഞ്ഞുകൂടിക്കോണ്ടിരുന്നു.

വില്ലേജോഫീസറായിരുന്ന രാജശേഖറിന്റെയും ശ്രീദേവിയുടെയും ഒരേയൊരു മകളാണ് അച്ചു എന്ന അർച്ചനരാജശേഖർ.

ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തലേന്ന് തറവാടിന്റെ പ്രൗഡിയും പ്രതാപവുമെല്ലാം മറന്ന് സ്നേഹിച്ച പുരുഷന്റെ കയ്യും പിടിച്ച് ഇലഞ്ഞിക്കലെന്ന പേരുകേട്ട തറവാടിന്റെ പടിയിറങ്ങിയതോടെ അനാഥയായതാണ് ശ്രീദേവി.

പറയത്തക്ക സമ്പത്തോ ബന്ധുബലമോ ഒന്നും ഇല്ലാത്ത രാജശേഖറിന് ആകെ ഉണ്ടായിരുന്നത് ഒരു പാവം അമ്മയും അവരുടെ കഷ്ടപ്പാടുകളുടെ ഫലമായുണ്ടായ ഒരു സർക്കാർ ജോലിയും മാത്രമായിരുന്നു.

സ്വത്തും പണവുമൊന്നും ഇല്ലായിരുന്നുവെങ്കിലും അവരുടെ കൊച്ചുകുടുംബത്തിൽ എന്നും സന്തോഷം നിറഞ്ഞുനിന്നിരുന്നു.

പിന്നീട് അർച്ചന എന്ന മകളുടെ ജനനത്തോടെ ആ കൊച്ചുകുടുംബം ഒരു സ്വർഗമായി മാറുകയായിരുന്നു.

അർച്ചന ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോഴായിരുന്നു ഒരു അറ്റാക്കിന്റെ രൂപത്തിൽ മരണം രാജശേഖറിനെ അവരിൽ നിന്നും കവർന്നെടുത്തത്.

ആ ആഘാതത്തിൽ നിന്നും കര കയറാൻ ശ്രീദേവിയും അർച്ചന ഒരുപാട് സമയമെടുത്തു.

രാജശേഖറിന്റെ മരണശേഷം ആകെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ അധ്വാനം കൊണ്ടുണ്ടായ ” ചിത്തിര ” എന്ന വീട് മാത്രമായിരുന്നു.

തുടർന്നുള്ള അർച്ചനയുടെ പഠിപ്പിനും വീട്ടിലെ മറ്റുകാര്യങ്ങൾക്കും ഒക്കെയായി ഭർത്താവിലൂടെ മാത്രം ലോകം കണ്ടിരുന്ന ഒരു പാവം വീട്ടമ്മയായ ശ്രീദേവി നന്നേ ബുദ്ധിമുട്ടിയിരുന്നു.

എങ്കിലും ആ ബുദ്ധിമുട്ട് ഒന്നും തന്നെ അവർ മകളെയറിയിച്ചിരുന്നില്ല. പണ്ടെപ്പോഴോ പഠിച്ച തയ്യൽ ഉപജീവനമാക്കി അവർ പതിയെ ജീവിതം മുന്നോട്ട് നയിച്ചു.

” എന്താ ഒരാലോചന ? ”

ഉമ്മറത്തെ കസേരയിൽ ആലോചനയിൽ മുഴുകിയിരുന്ന അർച്ചനയുടെ അരികിലേക്ക് വന്നുകൊണ്ട് ശ്രീദേവി ചോദിച്ചു.

” ഏയ് ഒന്നുല്ലമ്മേ ഞാൻ വെറുതെ… ”

പെട്ടന്ന് ഞെട്ടിയുണർന്ന അർച്ചന പുഞ്ചിരിയോടെ പറഞ്ഞു.

” നാളെയല്ലേ പോണത് അതിന് മുന്നേ നമുക്ക് കുടുംബക്ഷേത്രത്തിൽ പോയി തൊഴണം. ഭഗവാനൊരു പാല്പായസം കഴിപ്പിക്കണം ”

അരഭിത്തിയിലേക്ക് ഇരുന്നുകൊണ്ട് ശ്രീദേവി പറഞ്ഞു.

” എന്നാപ്പിന്നെ നമുക്ക് വൈകുന്നേരം പോയി ദീപാരധനയൊക്കെ തൊഴുത് വരാം ”

ഉത്സാഹത്തോടെ അർച്ചനയും പറഞ്ഞു.

” എന്റച്ചൂ മതിയൊരുങ്ങിയത് ഇനിയും താമസിച്ചാൽ നടയടക്കും. ഒന്ന് വേഗം വാ ”

സന്ധ്യക്ക് അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങിയിറങ്ങി ഉമ്മറത്ത് നിന്നുകൊണ്ട് അകത്തേക്ക് നോക്കി ശ്രീദേവി ഉച്ചത്തിൽ വിളിച്ചു.

” ദാ വരുന്നമ്മേ… ”

കണ്ണാടിക്ക് മുന്നിൽ നിന്ന് ചുരിദാറിൽ ഷാൾ പിൻചെയ്തുകൊണ്ടിരുന്ന അർച്ചന ചിരിയോടെ വിളിച്ചുപറഞ്ഞു. എന്നിട്ടവൾ വേഗം ടേബിളിലിരുന്ന ഫോണുമെടുത്ത് പുറത്തേക്ക് നടന്നു.

” പോകാം ? ”

ഉമ്മറത്തേക്ക് വന്നുകൊണ്ട് വിടർന്ന ചിരിയോടെ അവൾ ചോദിച്ചു.

” ഓഹ് എത്തിയോ ഇനി തൊഴുതിട്ടിങ്ങ് വരുമ്പോൾ സമയെത്രാകുമെന്ന് വല്ല ബോധോമുണ്ടോ അച്ചൂ നിനക്ക് ? ”

അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ശ്രീദേവി ചോദിച്ചു

” സാരമില്ലെന്റെ ദേവൂട്ടീ നമുക്ക് വേഗം പോകാം വാ ”

അവരുടെ കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ അർച്ചന പറഞ്ഞു. അവർ ക്ഷേത്രത്തിൽ എത്തുമ്പോഴേക്കും ദീപാരാധന തുടങ്ങിയിരുന്നു.

നിറയെ ദീപങ്ങളാൽ അലംകൃതമായ ക്ഷേത്ര മുറ്റത്ത്‌ കൂടി നടക്കുമ്പോൾ ശ്രീദേവിയുടെ അധരങ്ങളിൽ പ്രാർത്ഥനകൾ നിറഞ്ഞിരുന്നു.

ദീപാരാധനക്ക് ശേഷം തുറന്ന ശ്രീകോവിലിന് മുന്നിൽ നിൽക്കുമ്പോൾ അവരുടെ മിഴികൾ നിറഞ്ഞൊഴുകി.

പിറ്റേന്ന് കാലത്ത് അഞ്ചുമണിയോടെ അർച്ചന പോകാൻ റെഡിയായിരുന്നു. തലേദിവസം രാത്രി തന്നെ ഒരുക്കി വച്ച ബാഗുമെടുത്ത് അവൾ പുറത്തേക്ക് വന്നു.

രാജശേഖറിന്റെ ഫോട്ടോയ്ക്ക് മുന്നിൽ അല്പനേരം മൗനമായി നിന്ന ശേഷം അർച്ചന തിരിഞ്ഞ് ശ്രീദേവിയുടെ കാലിൽ തൊട്ടു.
അവരവളെ ചേർത്ത് പിടിച്ച് നെറുകയിൽ മുകർന്നു.

” സൂക്ഷിച്ചുപോണേ മോളേ എത്തിയാലുൻ വിളിക്കാൻ മറക്കണ്ട ”

ബസ്സിലേക്ക് കയറാൻ തുടങ്ങുമ്പോൾ അർച്ചനയുടെ കൈ പിടിച്ച് ഇടാറുന്ന സ്വരത്തിൽ ശ്രീദേവി പറഞ്ഞു.

” മ്മ്മ് വിളിക്കാമ്മേ ”

പറഞ്ഞുകൊണ്ട് അവൾ വേഗം ബസ്സിലേക്ക് കയറി. അവൾ കേറി ബസ്സ് അകലാൻ തുടങ്ങിയതും എന്തോ നഷ്ടപ്പെടുന്നത് പോലെ തോന്നിയ ശ്രീദേവിയുടെ ഉള്ള് പിടയാൻ തുടങ്ങി.

അതുവരെ അർച്ചന കാണാതെ അടക്കിവച്ചിരുന്ന കണ്ണീരൊക്കെ ഒരുനിമിഷം കൊണ്ട് നിയന്ത്രണം വിട്ട് പുറത്ത് ചാടി.

രാവിലെ പത്ത് മണിയോടെ അർച്ചന ജോയിൻ ചെയ്യേണ്ട കമ്പനിക്ക് മുന്നിലെത്തി. അകത്തേക്ക് നടക്കുമ്പോൾ എന്തോ ഒരു വെപ്രാളവും പരവേശവും അവളിൽ ഉടലെടുത്തു.

” ഓ ജോയിൻ ചെയ്യാൻ വന്നതാണോ പ്ലീസ്‌ സിറ്റ് മാഡം ”

അവളിൽ നിന്നും അപ്പോയ്ന്റ്മെന്റ് ഓർഡർ വാങ്ങി അതിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം റിസപ്ഷനിലിരുന്ന പെൺകുട്ടി പറഞ്ഞു.

അല്പം ടെൻഷനോടെ തന്നെ അർച്ചന അവൾ ചൂണ്ടിക്കാണിച്ച കസേരയിലേക്ക് ഇരുന്നു.

” മാഡം അകത്തേക്ക് ചെന്നോളൂ ”

അല്പസമയത്തിന് ശേഷം ആ പെൺകുട്ടി വന്ന് അർച്ചനയോടായി പറഞ്ഞു. അവൾക്ക് നേരെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചിട്ട് അർച്ചന വേഗം സിഇഒ എന്ന ബോർഡ് വച്ച ക്യാബിന് നേരെ നടന്നു.

” സർ മേ ഐ ? ”

ഗ്ലാസ് ഡോർ പതിയെ തുറന്ന് കൊണ്ട് അവൾ ചോദിച്ചു.

” വരൂ… ”

അകത്തുനിന്നും ദൃഡമായ പുരുഷസ്വരം കേട്ടു. അകത്തേക്ക് ചെല്ലുമ്പോൾ ആദ്യം അവളുടെ കണ്ണുകൾ പതിഞ്ഞത് ആ ടേബിളിൽ വച്ചിരുന്ന നെയിം ബോർഡിലായിരുന്നു.

” സിദ്ധാർഥ് മേനോൻ… സിഇഒ ”

ആ പേര് അവൾ പതിയെ ഉരുവിട്ടു.

” പ്ലീസ് സിറ്റ് ”

ആ ശബ്ദം കേട്ട് അവൾ ഒരു ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. അവളുടെ അപ്പോയ്ന്റ്മെന്റ് ഓർഡർ പരിശോധിച്ചുകൊണ്ടിരുന്ന ആ മുഖത്ത് പക്ഷേ ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.

ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി അല്പനേരം അവളിരുന്നു. അപ്പോയ്ന്റ്മെന്റ് ഓർഡർ പരിശോധിച്ച് അവളെ ഒന്ന് നോക്കിയ ശേഷം സിദ്ധാർഥ് ഫോണെടുത്ത് ഡയൽ ചെയ്ത് ആരെയോ വിളിച്ചു.

പെട്ടന്ന് സുന്ദരിയായ ഒരു പെൺകുട്ടി അകത്തേക്ക് വന്നു.

” സാർ… ”

അകത്തേക്ക് വന്ന് അവൾ വിളിച്ചു.

” ആഹ് മീര ഇയാൾക്ക് ക്യാബിനും ജോലിയുമൊക്കെ പറഞ്ഞുകൊടുക്കണം ”

അർച്ചനയെ ചൂണ്ടി മീരയോടായി സിദ്ധാർഥ് പറഞ്ഞു.

” ഓക്കേ സർ ”

പുഞ്ചിരിയോടെ അവൾ പറഞ്ഞു.

” വരൂ ”

അർച്ചനയുടെ നേർക്ക് തിരിഞ്ഞ് വിളിച്ചുകൊണ്ട് മീര പുറത്തേക്ക് നടന്നു. അവൾക്കൊപ്പം പുറത്തേക്ക് നടക്കുമ്പോൾ അർച്ചന പതിയെ തിരിഞ്ഞുനോക്കി. സിദ്ധാർദ്ധിന്റെ കണ്ണുകൾ അപ്പോഴും അവളിൽ തറഞ്ഞ് നിന്നിരുന്നു.

അത് കണ്ട് അവൾ വേഗം പുറത്തേക്ക് ഇറങ്ങി. തന്റെ ക്യാബിനിലെത്തിയിട്ടും അർച്ചനയുടെ മനസ്സ് നിറയെ സിദ്ധാർഥ് ആയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ കസേരയിൽ തളർന്നിരുന്നു.

പെട്ടെന്നെന്തോ ഓർത്തത് പോലെ അവൾ ഫോൺ എടുത്ത് ശ്രീദേവിയുടെ നമ്പർ ഡയൽ ചെയ്തു.

ഒന്ന് രണ്ട് ബെല്ലുകൾക്ക് ശേഷം അപ്പുറത്ത് നിന്നും ശ്രീദേവിയുടെ സ്വരം കേട്ടു.

” അച്ചൂ ഓഫീസിലെത്തിയോ മോളേ ? ”
ഫോണെടുത്തയുടൻ അവർ ചോദിച്ചു.

” എത്തിയമ്മേ ജോയിൻ ചെയ്തു ”

അവൾ പതിയെ പറഞ്ഞു.

” എന്താടാ ഒരു വിഷമം പോലെ എന്തുപറ്റി ? ”

പെട്ടന്ന് ശ്രീദേവി ചോദിച്ചു.

” ഒന്നുല്ലമ്മേ ജോയിൻ ചെയ്തകാര്യം അമ്മയോടൊന്ന് പറയാമെന്ന് കരുതി വിളിച്ചതാണ് ശരിയമ്മേ ഞാൻ വൈകുന്നേരം വിളിക്കാം ”

” ശരി മോളേ ”

അവൾ കാൾ കട്ട് ചെയ്തു. ആദ്യ ദിവസമായത് കൊണ്ട് അർച്ചനക്ക് അധികം ജോലിയൊന്നും ഉണ്ടായിരുന്നില്ല.

കമ്പനിയുടെ തന്നെ ലേഡീസ് ഹോസ്റ്റലിലായിരുന്നു അവൾക്ക് താമസം ഒരുക്കിയിരുന്നത്.

രണ്ട് പേർവീതം താമസിച്ചിരുന്ന മുറിയിൽ സിദ്ധാർദ്ധിന്റെ സെക്രട്ടറിയായ അലീന എന്ന പെൺകുട്ടിയായിരുന്നു അർച്ചനയോടൊപ്പം ഉണ്ടായിരുന്നത്.

ഓഫീസിൽ വച്ച് തന്നെ കണ്ട് പരിചയമായതിനാൽ അവർ വളരെ വേഗം അടുത്തിരുന്നു.

” താനെന്താഡോ ഇങ്ങനെ ആലോചിച്ചിരിക്കുന്നത് ? ”

എന്തോ ആലോചിച്ചുകൊണ്ട് കിടക്കയിലിരുന്ന അവളുടെ അരികിലേക്ക് വന്നിരുന്നുകൊണ്ട് അലീന ചോദിച്ചു.

” ഏയ് ഒന്നുല്ല ഞാൻ അമ്മേക്കുറിച്ചോർക്കുവായിരുന്നു ”

അവൾ പതിയെ പറഞ്ഞു.

” ഓഹ് അത്രേയുള്ളോ അതിനിത്ര വിഷമിക്കാനെന്താ അതൊക്കെ പതിയെ മാറിക്കോളും ”

പുഞ്ചിരിയോടെ അലീന പറഞ്ഞു. അർച്ചനയും പതിയെ ഒന്ന് മൂളി.

” ആഹ് സമയം ഒരുപാടായി നീ കിടന്നുറങ്ങാൻ നോക്ക് ലേറ്റായി ഓഫീസിൽ ചെന്നാൽ ആ കടുവ എന്നെയെടുത്ത് ഉടുക്കും. ”

ബെഡിലേക്ക് കയറിയിരുന്നുകൊണ്ട് അലീന പറഞ്ഞു.

” ഏത് കടുവ ? ”

അവളെ സൂക്ഷിച്ചുനോക്കി അർച്ചന ചോദിച്ചു.

” വേറാരാ ആ സിദ്ധാർഥ് സാർ . അങ്ങേർക്ക് ദേഷ്യം വരാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട ചെറിയൊരു കാര്യം മതി കാട്ടുപോത്ത് ഓഫീസ് മുഴുവൻ ഉഴുതുമറിക്കും. അതാ സ്വഭാവം.

വീട്ടിലെ കഷ്ടപ്പാടുകളോർത്തിട്ടാ അല്ലേൽ എപ്പോഴേ ഞാനീ ജോലി കളഞ്ഞിട്ട് പോയേനെ.

എന്നെ പഠിപ്പിക്കാൻ ഉണ്ടാക്കിയ കടം ഇതുവരെ വീടിയിട്ടില്ല അതിനിടേൽ ഉള്ള ജോലി കൂടി കളഞ്ഞിട്ട് തിരിച്ച് ചെന്നാൽ എന്ത് ചെയ്യും ”

അവൾ പറയുന്നതെല്ലാം കേട്ട് അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അപ്പോൾ അർച്ചന.

” കിടക്കാൻ നോക്ക് അല്ലേൽ നാളേം ആ വേതാളം എന്റെ തോളത്തോട്ട് കയറും ഗുഡ് നൈറ്റ്‌ ”

പറഞ്ഞിട്ട് അലീന പതിയെ ബെഡിലേക്ക് കിടന്നു. അല്പം നേരം കൂടിയിരുന്നിട്ട് അർച്ചനയും പതിയെ കിടന്നു.

ഇരുളിലേക്ക് മിഴിനട്ട് വെറുതെ കിടക്കുമ്പോൾ അവളുടെ മനസ്സ് അഞ്ചുവർഷം പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു.

( തുടരും… )