മകരക്കൊയ്ത്ത്‌ : ഭാഗം 3

Spread the love

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

നീയിതെങ്ങോട്ടാ രാവിലെ? കാപ്പി കുടി കഴിഞ്ഞ് ,സാരിയുടുത്ത് പുറത്തേയ്ക്കിറങ്ങുന്ന നീലിമയോട് സുധാകരൻ ചോദിച്ചു. എനിക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വരെയൊന്ന് പോകണം , ഡി ഇ ഓ ഓഫീസിൽ താല്കാലിക പ്യൂണായിട്ട് കയറാൻ വേണ്ടി ,ഒരു ഇൻ്റർവ്യു നടക്കുന്നുണ്ട് , ഒരു സ്ഥിര ജോലി കിട്ടുമെന്നോ, അതിന് പോകാൻ നിങ്ങളനുവദിക്കുമെന്നോ, ഒന്നും എനിക്ക് പ്രതീക്ഷയില്ല, പക്ഷേ ഞാൻ പഠിക്കുമ്പോൾ മുതലുള്ള, എൻ്റെ ആഗ്രഹം ഒരു ടീച്ചറാകുക എന്നതായിരുന്നു ,

അല്ലെങ്കിൽ സ്ഥിരവരുമാനമുള്ള, എന്തെങ്കിലുമൊരു സർക്കാർ ജോലി നേടുക, ആ ആഗ്രഹം ഇപ്പോഴൊരു വാശിയായി മാറി, അത് കൊണ്ടാണ്, താല്കാലികമായിട്ടെങ്കിലും, ഏതെങ്കിലുമൊരു സർക്കാരോഫീസിൽ, ഒരു ദിവസമെങ്കിൽ ഒരു ദിവസം, പ്യൂണായിട്ടെങ്കിലും ജോലി കിട്ടാനായി, ഒരു ശ്രമം നടത്തുന്നത്, അതിനെങ്കിലും നിങ്ങളെന്നെ അനുവദിക്കണം എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ ധൃതിയിൽ ഇറങ്ങിപ്പോയപ്പോൾ സുധാകരന് നോക്കി നില്ക്കാനേ കഴിഞ്ഞുള്ളു. ഉച്ചകഴിത്ത് കണ്ടത്തിലെ ചെളിക്കുണ്ടിൽ നുകം പേറിയ കാളകളെ തെളിക്കുമ്പോൾ റോഡിലൂടെ കുടയും പിടിച്ച് നടന്ന് പോകുന്ന നീലിമയെ സുധാകരൻ കണ്ടു. നീലിമേ..

അവിടെ നില്ക്ക് അയാൾ വിളിച്ച് പറഞ്ഞിട്ട് ,അവളുടെയടുത്തേക്ക് വേഗം നടന്ന് ചെന്നു. നീ പോയ കാര്യമെന്തായി ഇൻറർവ്യൂ പാസ്സായോ? ഹേയ് എവിടുന്ന്? അതിനുള്ള യോഗം പോലും എനിക്കില്ലന്നാണ് തോന്നുന്നത് ,എന്തായാലും നിങ്ങൾക്ക് സന്തോഷമായില്ലേ? ഞാൻ രാവിലെ പോയപ്പോൾ, നിങ്ങൾ മനസ്സിലാഗ്രഹിച്ചതും, എനിക്കീ ജോലി കിട്ടരുതെന്ന് തന്നെയല്ലേ? അല്ലെങ്കിലും, പണ്ട് മുതലേ ഞാനൊരു ഭാഗ്യദോഷിയാ, കൊതിച്ചതൊന്നും എനിക്ക് കിട്ടിയിട്ടില്ല, എന്തിന് നല്ലൊരു ജീവിതം പോലും കടുത്ത നിരാശയിൽ അവളത് പറഞ്ഞിട്ട് പോയപ്പോൾ സുധാകരൻ കുറ്റബോധത്തോടെ നിന്നു.

ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം സുഷമയുടെ വീട്ടിലേക്കുള്ള അരിയും തേങ്ങയും പച്ചക്കറികളുമൊക്കെയായി , രാവിലെ ടൗണിലേക്ക് പോയ സുധാകരൻ, വൈകുന്നേരമാണ് തിരിച്ചെത്തിയത്. നീയെവിടായിരുന്നു സുധാകരാ.. ഇത്രയും നേരം, സമയം വൈകുന്തോറും ബാക്കിയുള്ളവര് ആധിപിടിച്ച് ഒരു പരുവമായി ശാരദ ഉത്ക്കണ്ഠയോടെ മകനോട് ചോദിച്ചു. ഞാൻ ഇടയ്ക്ക് ഒരാളെ കാണാൻ കയറിയമ്മേ.. അവിടെ അദ്ദേഹമില്ലാതിരുന്നത് കൊണ്ട് വരുന്നത് വരെ കാത്തിരുന്നതാ അതാണ് നേരം വൈകിയത് എല്ലാം കേട്ട് കൊണ്ട് നീലിമ അരമതിലിൽ ഇരുന്ന് വാരിക വായിക്കുന്നുണ്ടായിരുന്നെങ്കിലും സുധാകരൻ വന്നതും വിശേഷം പറയുന്നതും അവൾ ഗൗനിച്ചതേയില്ല

എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു, ഒന്നകത്തേയ്ക്ക് വരു അയാൾ നീലിമയുടെ അടുത്തെത്തി അവളോട് പറഞ്ഞിട്ട് മുറിയിലേക്ക് കയറിപ്പോയി. ഡാ നീ വല്ലതും കഴിച്ചായിരുന്നോ ങ്ഹാ ഞാൻ സുഷമേടെ വീട്ടിൽ നിന്ന് കഴിച്ചമ്മേ.. സുധാകരൻ മുറിയിൽ നിന്ന് കൊണ്ട് മറുപടി പറഞ്ഞു. എന്താ പറയാനുണ്ടെന്ന് പറഞ്ഞത് ? നീലിമ പുറകെ വന്ന് അക്ഷമയോടെ ചോദിച്ചു. ഞാനിന്ന് നമ്മുടെ ദേവീവിലാസം സ്കൂളിൻ്റെ മാനേജരുടെ വീട്ടിൽ പോയിരുന്നത് കൊണ്ടാ വരാൻ താമസിച്ചത് അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ?

നിങ്ങളിഷ്ടമുള്ളപ്പോൾ പോകുകയോ വരികയോ ചെയ്യ് അതിന് ഞാനെന്ത് വേണം നീലിമ നീരസത്തോടെ പറഞ്ഞു. ഞാൻ പറഞ്ഞ് വരുന്നത് അതല്ല, നീ പറഞ്ഞല്ലോ? നീയൊരു ടീച്ചറാകാൻ ഒത്തിരി ആഗ്രഹിച്ചിരുന്നെന്ന്, അതൊരിക്കലും നടക്കില്ലെന്ന് പറഞ്ഞാണ്, ഒരു പ്യൂണിൻ്റെ ജോലിയെങ്കിലും കിട്ടിയാൽ മതിയെന്നും പറഞ്ഞ്, നീയന്ന് ഇൻ്റർവ്യൂവിന് പോയതും, ഇൻ്റർവ്യൂ പാസ്സാകാതെ നിരാശയോടെ തിരിച്ച് വന്നതും അതെ ,അതെന്തിനാ ഇപ്പോൾ പറയുന്നത് ,നിങ്ങളെക്കൊണ്ട് എനിക്ക് പ്യൂണിൻ്റെ പണി വാങ്ങിത്തരാൻ പറ്റുമോ നീലിമ പരിഹാസത്തോടെ ചോദിച്ചു. പ്യൂണിൻ്റെ പണിയല്ല,

നീയാഗ്രഹിച്ചത് പോലെ ടീച്ചറായിട്ട് തന്നെ നിനക്ക് ഉടനെ ജോലിക്ക് കയറാൻ പറ്റും , ങ് ഹേ, നിങ്ങൾക്കെന്താ തലയ്ക്ക് വെളിവില്ലേ? എനിക്കൊന്നും മനസ്സിലാവുന്നില്ല അതേ നീലിമേ.. ഞാൻ പറഞ്ഞത് സത്യമാണ് ,നമ്മൾ പഠിച്ച സ്കൂളിൽ ഇപ്പോൾ ഒരു ടീച്ചറുടെ ഒഴിവുണ്ട് ,മാനേജ്മെൻ്റ് അഞ്ചും ആറും ലക്ഷമൊക്കെയാണ് ചോദിക്കുന്നത് ,ഇപ്പോഴത്തെ മാനേജര് നമ്പൂതിരി മാഷും എൻ്റെ അച്ഛനുമായിട്ട് നല്ല സുഹൃത്തുക്കളായിരുന്നു ,അച്ഛൻ പണ്ട് പി ടി എ പ്രസിഡൻ്റാക്കെയായിരുന്നല്ലോ ആ പരിചയമൊക്കെ വച്ച് ഞാൻ മാഷുമായി സംസാരിച്ച് ഒരു നാല് ലക്ഷം രൂപ കൊടുത്താൽ നിനക്കവിടെ ടീച്ചറായി ജോലി തരാമെന്ന് മാഷ് ഉറപ്പ് തന്നു ങ്ഹേ,

സത്യമാണോ നിങ്ങളീ പറയുന്നത് അതെ നീലിമേ.. സത്യമാണ് അല്ലാ ഈ നാല് ലക്ഷം രൂപയെന്ന് പറയുന്നത് ചെറിയ തുകയൊന്നുമല്ല നിങ്ങളെന്ത് കണ്ടിട്ടാണ് വാക്ക് പറഞ്ഞിട്ട് വന്നത് എനിക്ക് വീട്ടിൽ നിന്ന് തന്ന സ്വർണ്ണം മുഴുവൻ വിറ്റാൽ പോലും ഒരു ലക്ഷം രൂപയേ കിട്ടുകയുള്ളു നിൻ്റെ സ്വർണ്ണമൊന്നും വില്ക്കേണ്ട നീലിമേ.. അതൊക്കെ ഞാൻ സംഘടിപ്പിച്ചിട്ടുണ്ട് അതെങ്ങനാ, ലോണെടുക്കാനോ അപ്പോൾ പിന്നെ എനിക്ക് കിട്ടുന്ന ശബ്ബളം ലോണടയ്ക്കാനേ തികയു ഇല്ല നീലിമേ..നീയതൊന്നുമോർത്ത് വിഷമിക്കേണ്ട ഞാൻ കുറെ വർഷങ്ങളായി സമ്പാദിച്ച് വച്ചിരിക്കുന്ന ഒരു നാല് ലക്ഷം രൂപയുണ്ട് അത് മറ്റൊന്നിനുമല്ല ,

കാളകളെ കൊണ്ട് കണ്ടം ഉഴുത് മറിക്കുക എന്ന് പറയുന്നത് കുറച്ച് കഷ്ടപ്പാടുള്ള പണിയാ, അത് കൊണ്ട് ഒരു ട്രാക്ടർ വാങ്ങാമെന്ന് കരുതി സ്വരുക്കൂട്ടി വച്ചിരുന്ന പൈസയാ ,സാരമില്ല ഞാൻ കുറച്ച് നാള് കൂടി കഷ്ടപ്പെടണമെന്നല്ലേയുള്ളു, എനിക്കിപ്പോൾ നിൻ്റെ സന്തോഷമാണ് പ്രധാനം, നാളെ തന്നെ ഞാൻ പൈസ കൊണ്ട് മാഷിനെ ഏല്പിക്കും ,പിന്നെ പേരിനൊരു ഇൻ്റർവ്യൂ കൂടി കഴിഞ്ഞാൽ അടുത്തയാഴ്ച മുതൽ നിനക്ക് ജോലിക്ക് കയറാം നീലിമയ്ക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല

താൻ സ്വപ്നം കാണുകയാണോ എന്ന സംശയത്തിൽ അവൾ കൈത്തണ്ടയിൽ സ്വയം നുള്ളി നോക്കി പിറ്റേ ആഴ്ച മുതൽ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ജോലിക്ക് നീലിമ പോയി തുടങ്ങി. രണ്ട് മാസം കഴിഞ്ഞ് ഒരു ദിവസം ഉച്ചകഴിഞ്ഞ് സ്റ്റാഫ് റൂമിൽ മറ്റ് ടീച്ചേഴ്സുമായി കുശലം പറഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് , സുധാകരൻ സ്കൂളിൻ്റെ ഗേറ്റ് കടന്ന് വരുന്നത് നീലിമ കണ്ടത് അയാളുടെ മുഷിഞ്ഞ വേഷം കണ്ടപ്പോൾ നീലിമയ്ക്ക് നാണക്കേട് തോന്നി അവൾ വേഗം സ്റ്റാഫ് റൂമിൽ നിന്നിറങ്ങി അയാളുടെ അടുത്തേയ്ക്ക് നടന്ന് ചെന്നു.

നിങ്ങളെന്തിനാ ഇപ്പോഴിങ്ങോട്ട് എഴുന്നള്ളിയത് മനുഷ്യനെ നാണം കെടുത്താനായിട്ട് അയ്യോ നീലിമേ.. ഞാൻ നിന്നെക്കാണാൻ വന്നതല്ല ഇവിടുത്തേയ്ക്കുള്ള അരിയുമായി വന്നതാ ,പണ്ട് മുതലേ ഉച്ചകഞ്ഞി വയ്ക്കാനുള്ള അരി നമ്മുടെ പാടത്തൂന്നാ കൊടുക്കുന്നത്, വഞ്ചിയിൽ അരിയും ചാക്കുമിരിപ്പുണ്ട്, അതൊന്ന് നമ്പൂതിരിമാഷോട് പറയാൻ, അദ്ദേഹത്തിൻ്റെ റൂമിലേക്ക് പോകുവാ ഞാൻ ഉം ശരി ശരി ,വേഗം പറഞ്ഞിട്ട് പൊയ്ക്കോ, ആരോടും എൻ്റെ ഭർത്താവാണെന്ന് പറഞ്ഞ് , പരിചയപ്പെടുത്താനൊന്നും നില്ക്കണ്ട ,കേട്ടല്ലോ?

ഹേയ് ഇല്ല, അല്ലേലും ഈ വേഷത്തിൽ എന്നെ കണ്ടാൽ ഞാൻ നിൻ്റെ ഭർത്താവാണെന്ന് ആർക്കും തോന്നില്ല ,വീട്ടിൽ നിന്നിറങ്ങിയപ്പോൾ നല്ല വേഷമായിരുന്നു, പിന്നെ വഞ്ചിയിലേക്ക് അരിയും ചാക്കുമൊക്കെ പിടിച്ച് കയറ്റിയപ്പോൾ മുഷിഞ്ഞതാ, എന്നാൽ നീ പൊയ്ക്കോ, ദേ ആരോ ഇങ്ങോട്ട് വരുന്നുണ്ട് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞെങ്കിലും, അയാളുടെ ഉള്ളിലൊരു സങ്കടം അണപൊട്ടാൻ വീർപ്പ് മുട്ടുന്നുണ്ടായിരുന്നു. ഒരു ദിവസം സ്കൂള് കഴിഞ്ഞ് വീട്ടിലെത്തിയ നീലിമ മുറ്റത്തൊരു സ്കൂട്ടർ ഇരിക്കുന്നത് കണ്ട് അമ്പരന്നു ഇതാരുടെയാ അമ്മേ.. ഈ സ്‌കൂട്ടറ്?

മുറ്റത്ത് ഉണക്കാനിട്ടിരുന്ന പാണ്ടിമുളക് തഴപ്പായിൽ ചുരുട്ടി എടുത്ത് കൊണ്ടിരുന്ന ശാരദയോടവൾ ജിജ്ഞാസയോടെ ചോദിച്ചു. ങ്ഹാ അത് സുധാകരൻ വാങ്ങിയതാ അവൻ്റെ കൂട്ടുകാരനാ ഇവിടെ കൊണ്ട് വച്ചത് ങ്ഹേ, പുള്ളിക്കാരൻ സ്കൂട്ടറ് ഓടിച്ച്പഠിക്കാൻ തീരുമാനിച്ചോ? ഉത്ക്കണ്ഠയോടെയവൾ അകത്തേയ്ക്ക് കയറിച്ചെന്നു നിങ്ങളെന്തിനാണ് സ്കൂട്ടറൊക്കെ വാങ്ങി വെറുതെ കാശ് കളഞ്ഞത്? നിങ്ങളതൊന്ന് പഠിച്ചെടുത്തിട്ട് എന്നെങ്കിലുമെനിക്ക് സ്കൂട്ടറിൽ യാത്ര ചെയ്യാൻ പറ്റുമോ?

അവൾ പരിഹാസത്തോടെ ചോദിച്ചു. ഇല്ലെന്ന് നിന്നെപ്പോലെ തന്നെ എനിക്കുമറിയാം, അതിന് ഞാൻ ശ്രമിക്കുമ്പോഴൊക്കെ ,പണ്ട് സൈക്കിള് ചവിട്ട്പഠിപ്പിക്കാൻ അച്ഛൻ കൂടെ ഓടിയതും, അന്ന് ഞാനും സൈക്കിളും അച്ഛൻ്റെ കൈവിട്ട് മുന്നോട്ട് നിയന്ത്രണമില്ലാതെ പോകുന്നത് കണ്ട് ,എതിരെ പാഞ്ഞ് വരുന്ന കാറ് എന്നെ ഇടിച്ചിടുമെന്ന് ഭയന്ന്, എൻ്റെ ജീവൻ രക്ഷിക്കാൻ ഓടി വന്ന അച്ഛൻ്റെ ദേഹത്ത് കൂടി, കാറ് കയറിയിറങ്ങി പോകുന്നതും ഇപ്പോഴും എൻ്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ,അത് കൊണ്ടാണ് ഞാനിത് വരെ സൈക്കിള് പോലും ചവിട്ടാൻ പഠിക്കാതിരുന്നത്, ഇപ്പോൾ സ്കൂട്ടറ് വാങ്ങിയത് എനിക്കല്ല നിനക്കാണ്,

എനിക്കോ, അതിന് എനിക്ക് ഓടിക്കാൻ അറിയില്ലല്ലോ? അതിനെന്താ പഠിക്കാമല്ലോ? ഇപ്പോൾ ഒരു പാട് സ്ത്രീകൾ സ്കൂട്ടറും കാറുമൊക്കെ പഠിക്കുന്നുമുണ്ട്, ഓടിക്കുന്നുമുണ്ട് നാളെ മുതൽ നീയും ഡ്രൈവിംഗ് സ്കൂളിൽ പോകണം അതിന് വേണ്ട ഏർപ്പാടൊക്കെ ഞാൻ ചെയ്തിട്ടുണ്ട് ,നിന്നെ എൻ്റെ പുറകിലിരുത്തുന്നതിനെക്കാൾ നല്ലതല്ലേ? നീ സ്വയം സ്കൂട്ടറോടിച്ച് സ്കൂളിലും മറ്റുമൊക്കെ പോകുന്നത്, ഇനി മുതൽ നിനക്ക് നടന്ന് വെയില് കൊള്ളാതെ പോകാമല്ലോ? ഇപ്പോൾ തന്നെ നിൻ്റെ മുഖമാകെ കറുത്ത് കരുവാളിച്ചു,

സുന്ദരിയും പ്രസന്നവതിയുമായ നീലിമ ടീച്ചറെ കാണാൻ, എന്നെ പോലെ കുട്ടികൾക്കും ആഗ്രഹം കാണില്ലേ? ഉം …ആള് ഞാൻ കരുതിയ പോലൊന്നുമല്ലല്ലോ? ദീർഘവീക്ഷണമൊക്കെയുണ്ടല്ലേ? എങ്കിൽ ഞാൻ പോയെൻ്റെ സ്കൂട്ടറൊന്ന് കണ്ണ് നിറച്ച് കാണട്ടെ അവളുടെ സ്നേഹപ്രകടനത്തിനായി പ്രതീക്ഷയോടെ കാത്തിരുന്ന സുധാകരന് നിരാശയായിരുന്നു ഫലം.

തുടരും.

മകരക്കൊയ്ത്ത്‌ : ഭാഗം 2

-

-

-

-

-