Saturday, January 18, 2025
Novel

കവചം 🔥: ഭാഗം 7

രചന: നിഹ

പേടിച്ചു നിൽക്കുന്ന ആതിരയെ നോക്കി രാമൻ ധൈര്യമായിരിക്ക് എന്ന രീതിയിൽ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ മുന്നോട്ടു നടന്നു പോയി. ” എന്റെ ദൈവമേ …. ഈ രാമേട്ടൻ ഇത് എങ്ങോട്ടാ പോയത് . എന്ത് പരിഹാരമാണോ രാമേട്ടൻ കണ്ടെത്തിയത്, ഞാൻ ഇനി ഇവരുടെ കൂടെ പോകണ്ടി വരുമോ ….എന്റെ സ്വപ്നത്തിലെ പോലെ തന്നെയാ എല്ലാം നടക്കുന്നത്. ഓർക്കുമ്പോൾ കൈകാലും വിറയ്ക്കുവാ….

അനന്തേട്ടന് എന്താ ഒന്നും മനസ്സിലാക്കാത്തത് ….. ഞാൻ എന്തു ചെയ്യുമോ … ” ഓർക്കും തോറും അവളുടെ മനസ്സ് മരവിച്ചു പോയി. ” കുഞ്ഞീ … ഇവിടെ വാ…. ” മുറ്റത്ത് മണ്ണുവാരി കളിക്കുന്ന വേദയുടെ കൈപിടിച്ച് ആതിര ഉമ്മറത്തെ പടിയിൽ പോയിരുന്നു. ” ഈ ഏട്ടത്തിയ്ക്ക് എന്താ പറ്റിയേ ഏട്ടാ… എനിക്കും ഓരോന്നും ഓർക്കുമ്പോൾ പേടിയാകുന്നു. ” രാമേട്ടന്റെ വരവും കാത്തുനിൽക്കുന്ന അനന്തന്റെ അടുത്തേക്ക് പോയിട്ട് ഗൗരി ചോദിച്ചു. ”

എനിക്കറിയില്ല ഗൗരി…. അവൾ ഇവിടെ വന്നപ്പോൾ തൊട്ട് ചുമ്മാ ഓരോ ഭ്രാന്ത് കാണിക്കുവാ …. ഇങ്ങനെയായിരുന്നോ നമ്മുടെ ആതീ… ” അതു പറഞ്ഞപ്പോൾ അവന്റെ ശബ്ദമിടറി. അനന്തൻ അവന്റെ ആതിരയെ അത്രമാത്രം സ്നേഹിച്ചിരുന്നു. ദൂരെ നിന്ന് അനന്തൻ അവളെ നോക്കി. അവളുടെ മുഖം കണ്ടതും അതുവരെ അവനിലുണ്ടായിരുന്ന ദേഷ്യമെല്ലാം അലിഞ്ഞു പോയി. ”

എനിക്ക് തോന്നുന്നത് ഏട്ടത്തി എന്തോ മനസ്സിൽ മറച്ചുവയ്ക്കുന്നുവെന്നാണ്. നന്നായി പേടിക്കുന്നുണ്ട്. എല്ലാത്തിൽ നിന്നും അകന്നു മാറി … പാവം …” ഉമ്മറത്തിരുന്ന് വേദയോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആതിരയെ നോക്കി ഗൗരി പറഞ്ഞു. ” കുറച്ചു ദിവസായിട്ട് അവളുടെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്. പരസ്പരബന്ധമില്ലാതെ ഓരോന്നും വിളിച്ചുപറയുന്നു ….

രാത്രി ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് നടക്കുന്നു … ഇടക്കിടെ പേടിച്ച് കരയുന്നു .ആവശ്യമില്ലാത്ത വാശിയും …. നമുക്ക് ആതിരയെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചാലോ … ” സങ്കടത്തോടെയാണെങ്കിലും അവൻ ഒരു വിധം പറഞ്ഞു തീർത്തു. ” ഏട്ടാ …. ” ഒരു ഞെട്ടലോടെ ഗൗരി അനന്തനെ വിളിച്ചു. ” മോളേ … ഞാൻ ഉദ്ദേശിച്ചത് ആതിരക്കൊരു കൗൺസിലിംഗ് കൊടുക്കുക അത്രമാത്രമേയുള്ളൂ … ” ഗൗരി കാര്യമായിട്ട് ആലോചിക്കുന്നത് കണ്ട് അനന്തൻ തുടർന്നു. ”

ചിലപ്പോൾ നമ്മളോട് പറയാത്ത കാര്യം ആതിര അവരോട് മനസ്സു തുറന്നു പറയും. അവൾക്ക് എന്താണ് മാനസികമായി സംഭവിച്ചതെന്ന് നമുക്ക് അറിയേണ്ടേ …” അനന്തൻ പറഞ്ഞത് ശരിയാണെന്ന് ഗൗരിക്കും തോന്നി. അവൾക്കും അവളുടെ പഴയ ആതീയേടത്തിയെയായിരുന്നു വേണ്ടത്. അവരുടെ സംസാരമൊന്നുമറിയാതെ ആതിര മനസ്സു നീറി ഓരോ ആലോചനയിലായിരുന്നു. പത്തു മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും രാമൻ നായർ ദൂരെ നിന്നു നടന്നു വരുന്നത് ആതിരയും അനന്തനും കണ്ടു.

അദ്ദേഹത്തിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അത് ആരാണെന്ന് അറിയാത്തത് കൊണ്ട് എല്ലാവരും അവരെ നോക്കി നിന്നു . രാമനും ആ സ്ത്രീയും മനയുടെ മുറ്റത്തേയ്ക്ക് കയറി . ആതിര അവരെ നോക്കി ചിരിച്ചു. അത് ആരാണെന്ന് അറിയാൻ അവളുടെ മനസ്സിലും ആകാംക്ഷ ഉണ്ടായിരുന്നു. ” ഇത് ദേവകി എന്റെ ഭാര്യയാ …” രാമൻ എല്ലാവർക്കും അവളെ പരിചയപ്പെടുത്തി. ദേവകി എല്ലാവരെയും നോക്കി ചിരിച്ചു.

ഏകദേശം അമ്പതു വയസ്സു പ്രായമുള്ള വെളുത്തു മെലിഞ്ഞ ഒരു നായർ സ്ത്രീ. നീല കരയുള്ള ഒരു സെറ്റ് സാരിയാണ് വസ്ത്രം . മുടി പുറകോട്ട് വട്ടം കെട്ടിവച്ചിട്ടുണ്ട് ,അതിൽ മുല്ലപ്പൂവും വച്ചിട്ടുണ്ട്. കണ്ണെഴുതി കുങ്കുമം കൊണ്ട് നെറ്റിയിൽ ചെറിയൊരു വട്ടപ്പൊട്ട് കുത്തിയിട്ടുണ്ട്. അതിന്റെ മുകളിലായി ചന്ദനക്കുറി . നെറുകയിൽ നീട്ടി വരച്ചിരിക്കുന്ന സിന്ദൂരം. മൂക്കിൽ സ്വർണ്ണത്തിന്റെ മൂക്കുത്തി . അമ്പത് വയസ്സാണ് പ്രായമെങ്കിലും നന്നായി അണിഞ്ഞൊരുകി സുന്ദരിയായിരിക്കുന്നു. ഐശ്വര്യമുള്ള മുഖം …

ആതിര അവരെ തന്നെ നോക്കി നിന്നു . തന്റെ കഥകളിൽ വരച്ചു വയ്ക്കുന്ന സുന്ദരി നായിക രൂപം. ” നമ്മൾ പോകുമ്പോൾ ആതിര മോൾ തനിച്ചാകില്ലേ … അതാ ഞാൻ ദേവകിയെ കൊണ്ടുവന്നത്. അവൾ നോക്കിക്കോളും… ” രാമൻ നായർ ആതിരയെ നോക്കിയാണ് പറഞ്ഞത് . അവളുടെ മനസ്സിന്റെ ആധി നന്നായി മനസ്സിലാക്കുന്ന ഒരാളായിരുന്നു രാമൻ . അവരുടെ കൂടെ പോകണ്ടേന്ന് അറിഞ്ഞപ്പോൾ ആതിരയ്ക്ക് സമാധാനം തോന്നി. രാമൻ ദേവകിയ്ക്ക് അവരെ പരിചയപ്പെടുത്തി കൊടുത്തു.

” എന്നാൽ ഇനി സമയം കളയണ്ട … നമ്മുക്ക് ഇറങ്ങാം …. സന്ധ്യ മയങ്ങും മുന്നേ തിരികെ വരണം …. ” ദേവകി രാമന്റെ അടുത്തേയ്ക്ക് ചെന്നിട്ട് ശബ്ദം കുറച്ച് ചോദിച്ചു. ” രാമേട്ടാ …. അങ്ങോട്ടേയ്ക്ക് പോണോ … എനിക്ക് നല്ല പേടി തോന്നുവാ .. എന്തെലും സംഭവിച്ചാൽ .. ” ദേവകിയുടെ ആശങ്ക നിറഞ്ഞ മുഖത്തേയ്ക്ക് നോക്കി അദ്ദേഹം പറഞ്ഞു. ” ദേവീ … നീ പേടിക്കണ്ട … എന്റെ കൈയിൽ പൂജിച്ച രുദ്രാക്ഷമാല ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നത്. നിനക്കറിയില്ലേ ഇതിന്റെ ശക്തി. ”

” വാ… രാമേട്ടാ എന്നാൽ നമ്മുക്ക് ഇറങ്ങാം … ” അനന്തന്റെ ശബ്ദം കേട്ടാണ് രണ്ടാളും തിരിഞ്ഞു നോക്കിയത്. ” ആ … ശരി ,നമ്മുക്ക് ഇറങ്ങാം … ദേവകീ … മോളേ നോക്കിക്കോണേ…” ആതിരയുടെ ഉത്തരവാദിത്ത്വം ദേവകിയെ ഏൽപ്പിച്ച് രാമൻ അനന്തനെയും ഗൗരിയെയും കൂട്ടി മാവിന്റെ അടുത്തുള്ള ഇടവഴിയിലൂടെ വടക്ക് ഭാഗത്തേയ്ക്ക് നടന്നു. അവരു പോകുന്നതും നോക്കി ആതിരയും ദേവകിയും ആധി നിറഞ്ഞ മനസ്സോടെ നിന്നു. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

” ആതിര പേടിക്കണ്ട … അവരു വരുന്നതുവരെ ഞാൻ കൂടെ ഇരിക്കാട്ടോ … ” ആതിര ദേവകിയെ നോക്കി പുഞ്ചിരിച്ചു. ” വാ… അകത്തേയ്ക്ക് വാ… ” ആതിര ദേവകിയെ അകത്തേയ്ക്ക് കൂട്ടി കൊണ്ടുപോയി. അവളുടെ തോളിൽ കിടന്ന് വേദ അപ്പോഴേക്കും ഉറങ്ങിയിരുന്നു. ” ഇവൾ ഉറങ്ങിയത് നന്നായി … അല്ലെങ്കിൽ കൂടെ പോകാൻ കരഞ്ഞേനേ…. ഞാൻ പെട്ടുപ്പോയേനേ…” ” ഞാനീ മനയ്ക്ക് അകത്ത് വന്നിട്ട് ഒരു ഏട്ട് വർഷമായി കാണും. ” ചുറ്റിലും നോക്കിയിട്ട് ഒരു ദീർഘ നിശ്വാസത്തോടെ ദേവകി കസേരയിൽ ഇരുന്നു.

എട്ട് വർഷം മുന്നെയുള്ള ഓർമകൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു. ” ഞാനിപ്പോൾ വരാട്ടോ ചേച്ചി … ഞാൻ ചായ ഇട്ടു തരാം … ” ആതിര കുഞ്ഞിനെയും കൊണ്ട് അടുക്കളയിലേക്ക് പോകാനായി തുടങ്ങി. ” മോളേ ഇങ്ങോട്ട് തന്നേയ്ക്ക് … ഞാൻ നോക്കിക്കോളാം … ” മടിച്ചാണെങ്കിലും ആതിര കുട്ടിയെ ദേവകിയെ ഏൽപ്പിച്ചു. വേദ ഒന്നും അറിയാതെ നല്ല ഉറക്കമാണ്. മോളേ ഒരിക്കൽ കൂടി നോക്കി ആതിര അടുക്കളയിലേയ്ക്ക് നടന്നു. ” എന്റെ ഭഗവാനേ …

അവർ എവിടെയെത്തി കാണുമോ … എന്തെങ്കിലും അരുത്താത്തത് സംഭവിക്കുമോ … എന്റെ അനന്തേട്ടൻ … എത്ര പ്രാവശ്യം ഞാനാ മനുഷ്യനോട് പറഞ്ഞതാ പോകരുതെന്ന് … ഗൗരിയും കേട്ടില്ല … എന്റെ മനസ്സിന്റെ വിഷമം ഒന്നും ആർക്കും മനസ്സിലാകില്ല …ഞാനിവിടെ എരിഞ്ഞു തീർന്നു കൊണ്ടിരിക്കുവാ …. ” സ്വയം പറഞ്ഞുകൊണ്ട് ആതിര പാൽ തിളപ്പിക്കാൻ വെച്ചു. അവളുടെ മനസ്സ് മുഴുവൻ അവരെക്കുറിച്ചുള്ള ചിന്തയായിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ നോക്കിയപ്പോഴാണ് അടുപ്പിലിരുന്ന പാലുമുഴുവൻ തികന്ന് താഴേക്ക് തൂവുന്നത് കണ്ടത്.

” ശ്ശോ …. പാൽ മുഴുവൻ പോയല്ലോ …” സ്റ്റൗവ് ഓഫ് ചെയ്ത് ആതിര ചായയെടുത്തു. അവളുടെ കൈതട്ടി കുടിക്കാനായി പാത്രത്തിൽ വച്ചിരുന്ന വെള്ളം മുഴുവൻ നിലത്തേയ്ക്ക് മറിഞ്ഞു ചാടി. അവൾ നിലത്തു ചാടിയ വെള്ളം തുടക്കാനായി ഒരു പഴയ തുണിയെടുത്തു. അതുകൊണ്ട് ആതിര വെള്ളം തുടക്കാനായി തുടങ്ങി. പക്ഷേ തുടച്ചിട്ടും തുടച്ചിട്ടും വെള്ളം ഉണങ്ങിയില്ല. നിലയ്ക്കാതെ വീണ്ടും വീണ്ടും അത് ഒഴുകി കൊണ്ടിരുന്നു. അത് കണ്ടപ്പോൾ ആതിരയ്ക്ക് ചെറിയൊരു ഭയം തോന്നി.

നിമിഷ നേരം കൊണ്ട് ആ വെളളം രക്തമായി മാറി. തന്റെ കണ്ണുകളെ വിശ്വാസം വരാതെ അതിര മിഴിച്ചു നോക്കി. ” അതെ … ഇത് ബ്ലേഡാണല്ലോ … ” അതിര പേടിയോടെ ചാടിയെഴുന്നേറ്റ് ചുറ്റിലും നോക്കി. അവളുടെ ഹൃദയം വല്ലാതെ പിടയ്ക്കാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പുകൾ പൊടിഞ്ഞു. ചുറ്റിലും നോക്കിയിട്ടും വെറെ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. എല്ലാം ശാന്തമായിരുന്നു. ആതിര വേഗം ചായക്കപ്പുമായി ഓടിയും നടന്നുമല്ലാത്തതുപോലെ ധൃതി പിടിച്ച് ദേവകിയുടെ അടുത്തേയ്ക്ക് എത്തി.

അവളെയും മോളേയും കണ്ടപ്പോഴാണ് ആതിരയ്ക്ക് ശ്വാസം നേരേ വീണത് . ” ദാ… ചായ … ” ചൂടു ചായ ആതിര മേശയിലേക്ക് വച്ചുക്കൊണ്ട് ദേവകിയെ നോക്കി പറഞ്ഞു . ആതിര ദേവകിയുടെ മടിയിൽ നിന്നും കുഞ്ഞിനെ എടുത്ത് തോളത്തിട്ടു . അവളുടെ മനസ്സ് നല്ലതുപോലെ അസ്വസ്ഥമായിരുന്നു. ആതിര കുഞ്ഞിനെ എടുത്തതും ദേവകി എഴുന്നേറ്റ് മേശയിൽ നിന്നും ചായയെടുത്ത് തിരികെ വന്ന് കസേരയിലിരുന്നു. ” എന്താ കുട്ടി ഒരു പരിഭ്രമം …. ”

ആതിരയുടെ മുഖത്തെ പരിഭ്രമം കണ്ട് ദേവകി ചോദിച്ചു. ” ഒന്നുമില്ല ചേച്ചി … ചായ കൊള്ളാമോ…. ” ഉള്ളിലെ ഭയം മറച്ചു കൊണ്ട് ആതിര വെറുതേ ചോദിച്ചു. ” അതിന് മനുഷ്യരല്ലേ കുട്ടി ചായ കുടിക്കുന്നത് … ഞാൻ മനുഷ്യനാണെന്ന് നിന്നോടാരാ പറഞ്ഞത് … ” ദേവകിയുടെ വാക്കുകൾ കേട്ടതും അതിരയുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ കടന്നുപോയി. തന്റെ ശരീരത്തേയും മനസ്സിനെയും ഭയം കീഴടക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ചലിക്കാൻ പോലും കഴിയാതെ അവൾ തറഞ്ഞു നിന്നു.…… തുടരും….

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…