Sunday, November 24, 2024
Novel

കവചം 🔥: ഭാഗം 5

രചന: നിഹ

“അയ്യോ …..ആ….. രക്ഷിക്ക് ….” മുങ്ങിത്താഴുന്നതിന്റെ ഇടയിൽ പാതിമുറിഞ്ഞ വാക്കിൽ അവൾ നിലവിളിച്ചു. ശ്വാസം കിട്ടാതെ ആതിരയുടെ ശരീരം തളർന്നു . അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. ✨✨✨✨✨✨✨✨✨✨✨✨✨ സർവ്വശക്തിയുമെടുത്ത് അവൾ രക്ഷപ്പെടാനായി ശ്രമിച്ചു . പക്ഷേ ആ കൈകൾ അവളെ വെള്ളത്തിലേക്ക് മുക്കിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊണ്ടിരുന്നു.

ശ്വാസം കിട്ടാതെ അവൾ കൈകാലുകളിട്ട് അടിച്ചു കൊണ്ടിരുന്നു. ആ …..ആ…. ആതിര ഉറക്കത്തിൽ നിന്നും ചാടി പിടഞ്ഞെഴുന്നേറ്റു . അവളുടെ ഹൃദയമിടിപ്പ് വളരെ വേഗത്തിലായി. തൊണ്ട വറ്റി വരണ്ടു. വിയർപ്പ് തുള്ളികൾ അവളുടെ നെറ്റിൽ നിന്നും ഇരു വശത്തിലൂടെ ഒഴുകിയിറങ്ങി. ” ഞാൻ…. ഞാൻ കണ്ടേ ……. സ്വപ്നമാണോ… അല്ല…. അയ്യോ… ഞാൻ എന്തൊക്കെയാ ഇപ്പോൾ കണ്ടേ ”

സ്വബോധമില്ലാത്തവളെ പോലെ ആതിര ബെഡിലിരുന്ന് സ്വയം പിറുപിറുത്തു കൊണ്ടിരുന്നു. അപ്പോഴും സ്വപ്നത്തിന്റെ ആലസ്യത്തിൽ നിന്നും അവൾ ഉണർന്നിട്ടില്ലായിരുന്നു. ഇപ്പോഴും അവളുടെ കണ്മുൻപിൽ ആ വികൃതരൂപി ഓടി നടക്കും പോലെ…. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം അവളിൽ മാനസിക ബുദ്ധിമുട്ടും ഭയവും വന്നുനിറഞ്ഞു.

“കുഞ്ഞി…. കുഞ്ഞിയെവിടെ? എന്റെ മോള്….” ആതിര ചാടിയെഴുന്നേറ്റ് പുറത്തേക്കോടി. അവൾ ഓടി ഹാളിൽ എത്തിയപ്പോൾ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അനന്തന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന വേദയെ കണ്ടപ്പോളാണ് ആതിരയ്ക്ക് ശ്വാസം നേരെ വീണത്. അവൾ ഓടിച്ചെന്ന് കുഞ്ഞിനെ എടുത്ത് നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വച്ചു. ആതിരയ്ക്ക് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തിരുന്ന വെള്ളമെടുത്ത് അവൾ ആർത്തിയോടെ കുടിച്ചു.

അനന്തനും ഗൗരിയും കാര്യമൊന്നും പിടികിട്ടാതെ അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു. ” നീയെന്താ ആതീ… വല്ലാതെ വിയർക്കുന്നത്…? ” അനന്തൻ അവളുടെ നെറ്റിയിലെയും കഴുത്തിലെയും വിയർപ്പ്ത്തുള്ളികളെ നോക്കി കൊണ്ട് ചോദിച്ചു. ഒരു നിമിഷം തൻ്റെ സ്വപ്നത്തെക്കുറിച്ച് പറയണോ വേണ്ടയോന്ന് ആലോചിച്ചുകൊണ്ട് അവൾ നിന്നു. ആതിര ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ഗൗരി ചോദിച്ചു

” ഏട്ടത്തി ഇന്ന് എണ്ണീക്കാൻ താമസിച്ചോ…. ” അതിന് മറുപടി പറഞ്ഞത് അനന്തനായിരുന്നു. ” അതെങ്ങനാ ഗൗരി രാത്രിയിലുള്ള മോണോആക്ട് ഒക്കെ കഴിയണ്ടേ….” അനന്തൻ ആതിരയെ നോക്കി കള്ളച്ചിരി ചിരിച്ചു. ഗൗരി ഒന്നും മനസ്സിലാകാതെ അവനെ മിഴിച്ചു നോക്കി. ” ഇന്നലെ രാത്രി ഞാൻ നോക്കിയപ്പോൾ നിന്റെ ഏടത്തി ഉറക്കത്തിൽ എണീറ്റ് എങ്ങോട്ടോ പോവുകയായിരുന്നു.

ഞാൻ ചോദിച്ചപ്പോൾ അവളെ ആരോ വിളിച്ചുവെന്ന് പറഞ്ഞു. ആരോടും പറയാതെ രാത്രി ഇറങ്ങി പോവുകയാണ്.” അനന്തൻ പറഞ്ഞത് കേട്ട് ഗൗരി പേടിയോടെയും കൗതുകത്തോടെയും ആതിരയെ നോക്കി. ” ഉറക്കത്തിൽ എണീറ്റ് നടന്നോ …” ആതിര ആകെ ചമ്മി നിൽക്കുകയാണ്. ഇന്നലെ നടന്ന കാര്യം അനന്തൻ ഗൗരിയോട് പറയുമെന്ന് ആതിര ഒട്ടും വിചാരിച്ചിരുന്നില്ല.

ആതിരയ്ക്ക് അനന്തനോട് ചെറിയ ദേഷ്യവും അതുപോലെ സങ്കടവും തോന്നി. അവൾ തിരികെ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് അത് ശ്രദ്ധിച്ചത്. അവർ കഴിച്ചു കൊണ്ടിരുന്നത് പുട്ടും കടലക്കറിയുമാണ്. ” ഇതുതന്നെയല്ലേ ഞാൻ സ്വപ്നത്തിൽ കണ്ടത്….” ആതിര ആലോചിച്ചു നിന്നപ്പോഴാണ് ഗൗരി ഭക്ഷണം കഴിച്ചു കഴിഞ്ഞ് അടുക്കളയിലേക്ക് പോകാൻ എഴുന്നേറ്റത്. അടുക്കളയിലേക്ക് പോകാൻ തുടങ്ങിയ ഗൗരിയുടെ മേൽ ആതിരയുടെ കണ്ണുകൾ ഉടക്കി.

ഒരു നിമിഷം ആ കാഴ്ച കണ്ട് അവളുടെ നെഞ്ചൊന്നു പിടഞ്ഞു. ആതിര സ്വപ്നത്തിൽ കണ്ടതുപോലെ ഗൗരിയുടെ പുറത്ത് എന്തോ വരഞ്ഞതുപോലെ ഒരു പാട്. ” ഗൗരി… ” ആശങ്കയോടെ ആതിര അവളെ വിളിച്ചു. ആതിരയുടെ വിളി കേട്ടതും ഗൗരി പെട്ടെന്ന് തിരിഞ്ഞു. ” എന്താ ഏടത്തി…” ” നിന്റെ പുറത്തെന്താ…” ആതിര വേഗത്തിൽ നടന്ന് അവളുടെ അടുത്തെത്തി . ആതിര അവളുടെ പുറത്ത് തൊട്ടു.

” അറിയില്ല ഏട്ടത്തി …. രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് പുറത്ത് എന്തോ ഉരഞ്ഞതു പോലെ തോന്നി. നല്ല നീറ്റലുമുണ്ട്. ” ഗൗരി പറഞ്ഞത് കേട്ടപ്പോൾ ഒരു മിന്നൽ അതിരയുടെ ദേഹത്തിലൂടെ കടന്നുപോയി. അവളുടെ സ്വപ്നത്തിലെ പോലെ തന്നെ …. താൻ കണ്ട സ്വപ്നം എല്ലാവരോടും വിളിച്ചുപറയണമെന്ന് അവൾക്ക് തോന്നി. പക്ഷേ തന്നെ ആരും വിശ്വസിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് ആതിര ഒന്നും ആരോടും പറഞ്ഞില്ല.

അവളുടെ മനസ്സ് അശുഭമായി എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഒന്നും പറയാൻ കഴിയാതെ തറഞ്ഞു നിൽക്കുന്ന ആതിരയെ നോക്കി അനന്തൻ പറഞ്ഞു. ” നിനക്കെന്താ പെണ്ണേ പറ്റിയേ … നീയെന്താ ഞെട്ടി നിൽക്കുന്നത് … പോയി ഫ്രഷായിട്ട് വന്ന് വല്ലോം കഴിക്ക് . സമയം എത്രയായെന്ന് അറിയാമോ .. എന്നും കഴിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കണം. … ”

ആതിര ആരോടും ഒന്നും പറയാതെ തിരികെ നടന്നു. കുളിച്ച് ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോഴും അവളുടെ മനസ്സ് നിറയെ കുളവും ഇടവഴിയും വികൃതരൂപിയുമെല്ലാമായിരുന്നു. ” എന്റെ കൃഷ്ണാ എനിക്ക് എന്തു വേണേലും സംഭവിച്ചോട്ടേ … പക്ഷേ എന്റെ മോള് ….. അവൾക്ക് ഒന്നും പറ്റരുത്.” പാവ കൊണ്ട് കളിക്കുന്ന വേദയെ കണ്ടപ്പോൾ ആതിരയുടെ കണ്ണു നിറഞ്ഞു. പേരിന് കഴിച്ചുവെന്ന് വരുത്തി അവൾ എഴുന്നേറ്റു പോയി.

അവൾ പുറത്തേക്കിറങ്ങിയപ്പോൾ ആതിരയും അനന്തനും രാമേട്ടനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്.അയാളുടെ കൂടെ കാടുവെട്ടി തെളിക്കാൻ പണിക്കാരും ഉണ്ടായിരുന്നു. നാല് ബംഗാളികളും രണ്ട് മലയാളികളുമായിരുന്നു പണിക്കാർ . അവരല്ലാതെ കീഴാറ്റൂർ മനയിൽ ജോലിക്ക് വരാൻ മറ്റാരും തയ്യാറാകുമായിരുന്നില്ല. ഭൂതപ്രേത കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്ത രണ്ട് മലയാളികളായിരുന്നു മനയിൽ ജോലിക്ക് വന്നത്. ”

അകത്തെ ജോലിക്കുള്ള ആളെ കിട്ടിയോ രാമേട്ടാ … മൂന്നുപേർക്ക് ഭക്ഷണം ഉണ്ടാക്കാൻ വല്ല ബുദ്ധിമുട്ടൊന്നുമില്ല .പക്ഷേ ഇതെല്ലാം അടിച്ചു തുടയ്ക്കാൻ വലിയ പാടാ… മുകളിലത്തെ മുറികൾ ഒന്നും ഇതുവരെ വൃത്തിയാക്കിയിട്ടില്ല …. ” ഗൗരി ഇത്തിരി പരിഭവം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. കീഴാറ്റൂർ മനയിൽ ജോലിക്ക് ആരും വരില്ലാത്തതുകൊണ്ട് ജോലിക്കാരെ കിട്ടാൻ നല്ല പാടായിരുന്നു.

” നാളെ രാവിലെ വരും….” മുഖത്തൊരു ചിരി വരത്താൻ ശ്രമിച്ചു കൊണ്ട് രാമൻ നായർ പറഞ്ഞു. അപ്പോഴും ഒരാളെ എങ്ങനെ തരപ്പെടുത്തുമെന്ന ആശങ്കയിലായിരുന്നു രാമൻ. അനന്തന്റെ ആവശ്യപ്രകാരം രാമൻ അവരെ മനയുടെ പരിസരമെല്ലാം കാണിക്കാനായി കൊണ്ടുപോയി. അനന്തനും ഗൗരിക്കും അതൊരു ആവേശവും കൗതുകവുമായിരുന്നുവെങ്കിൽ ആതിരക്ക് ആകുലതയുടെയും ഭയത്തിന്റെയും നിമിഷങ്ങളായിരുന്നു.

കീഴാറ്റൂർ മനയുടെ വിശാലമായ തെങ്ങിൻ തോപ്പും കൃഷിയിടങ്ങളും കണ്ട് വന്നപ്പോൾ സമയം ഉച്ചയായിരുന്നു. അപ്പോഴേക്കും പണിക്കാർ വീടിന്റെ മുറ്റവും പരിസരവും വെട്ടി വൃത്തിയാക്കി കഴിഞ്ഞിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അനന്തൻ അടുത്ത ആവശ്യം ഉന്നയിച്ചു . ” രാമേട്ടാ …. ഇത്രയും സ്ഥലം മാത്രമല്ലല്ലോ ഉള്ളത്…. നമ്പൂതിരി പറഞ്ഞിരുന്നല്ലോ കാവും കുളവുമൊക്കെ ഉണ്ടെന്ന് …. അത് കൂടി കാണണം … ” അതു കേട്ടതും കഴിച്ചോണ്ടിരുന്ന ഭക്ഷണം വിക്കി ശിരസ്സിൽ കയറി രാമൻ നായർ നിർത്താതെ ചുമയ്ക്കാൻ തുടങ്ങി.

അയാളുടെ മനസ്സിൽ ഭയം നിറഞ്ഞു. രാമന്റെ മുഖത്തെ ഭാവം കണ്ട ആതിരയ്ക്ക് കാര്യമെല്ലാം മനസ്സിലായി. ” കാവും കുളവുമുണ്ടോ ഏട്ടാ… എന്നാൽ എന്തായാലും കാണാൻ പോണം …” വളരെ ആവേശത്തോടെ ഗൗരി പറഞ്ഞു. ” മോളേ അത് …. വഴി മുഴുവൻ കാടാ … കാവിന്റെ പരിസരമായതു കൊണ്ട് നിറയെ പാമ്പുകളും … കുളത്തിലേക്ക് പോകുന്ന വഴിയൊക്കെ ആകെ നശിച്ചു കിടക്കുവാ … അങ്ങോട്ട് ഒന്നും ആരും പോകാറില്ല. ” രാമൻ ഭയത്തോടെ എല്ലാവരോടുമായി പറഞ്ഞു.

അയാളുടെ വാക്കുകൾ കേട്ടതും അനന്തനും ഗൗരിക്കും നിരാശ തോന്നിയെങ്കിൽ ,ആതിരയ്ക്ക് തന്റെ സ്വപ്നത്തിലെ കാഴ്ചകളാണ് മുന്നിൽ തെളിഞ്ഞത്. ഗൗരിയുടെ വാടിയ മുഖം കണ്ട രാമേട്ടൻ അവളെ നോക്കി പറഞ്ഞു ” മോൾ വിഷമിക്കണ്ട…. മറ്റൊരു ദിവസം ഞാൻ കൊണ്ടുപോകും. മോൾക്ക് ഇതിലൊക്കെ വിശ്വാസമുണ്ടോന്ന് അറിയില്ല. ഇന്ന് വെള്ളിയാഴ്ച്ചയല്ലേ… ഈ ദിവസം കാവും കുളവും കാണാൻ പോകുന്നത് നല്ലതല്ല. അവിടെ ഒരു ഏഴിലം പാലയുണ്ട്. അങ്ങോട് പോകണ്ട.. ”

കഴിച്ചോണ്ടിരുന്ന ഭക്ഷണം മതിയാക്കി അയാൾ എഴുന്നേറ്റ് കൈ കഴുകി പുറത്തേക്കിറങ്ങി. ആതിരയും വേഗം ഭക്ഷണം കഴിക്കുന്നത് നിർത്തി എഴുന്നേറ്റു . രാത്രി പാല മരചുവട്ടിലേയ്ക്ക് വിളിച്ച അശരീരി അവളുടെ ചെവികളിൽ മുഴങ്ങുന്നത് പോലെ …… ആതിര കൈ കഴുകി വന്നപ്പോഴേക്കും രമേട്ടൻ മുറ്റത്തേക്കിറങ്ങിയിരുന്നു. ” രാമേട്ടാ….” ആതിരയുടെ വിളികേട്ട് രാമൻ തിരിഞ്ഞു. ആതിര ഉമ്മറത്തു നിന്ന് അകത്തേയ്ക്ക് നോക്കി. ഗൗരിയും അനന്തനും സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കുകയാണ്.

ആ അവസരം നോക്കി ആതിര ധൃതി പിടിച്ച് രാമേട്ടന്റെ അരികിലേക്ക് ഓടി. ആതിര എന്തോ ചോദിക്കാനായി വരുന്നതാണെന്ന് അയാൾക്ക് മനസ്സിലായി. ” രാമേട്ടാ…. ” ” എന്നാ മോളേ…. ” അയാൾ അവളുടെ മുഖത്തേയ്ക്ക് നോക്കി. മുഖത്ത് നല്ലരീതിയിൽ സംഭ്രമം പ്രകടമായിരുന്നു. കണ്ണുകളിൽ ഭയവും. ” രാമേട്ടാ… വടക്ക് ഭാഗത്താണോ കുളം അതിന്റെ അടുത്തായിട്ടല്ലേ പാലമരം …. ” അവളുടെ ചോദ്യം കേട്ടതും മിന്നൽ ഏറ്റത്തു പോലെ അയാൾ തറഞ്ഞു നിന്നു .

ദേഹത്താകെ തരിപ്പ് പോലെ . അയാളുടെ മുഖത്തെ ഭയവും ചോദ്യം കേട്ടപ്പോൾ അയാളിൽ ഉണ്ടായ ഭാവമാറ്റവും ആതിര വ്യക്തമായി നിരീക്ഷിച്ചു. ” പറ രാമേട്ടാ…. ” അപ്പോഴും അയാൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. തളർന്ന ശബ്ദത്തോടെ അയാൾ സംസാരിച്ചു ” അതെ … കുഞ്ഞിന് എങ്ങനെ അറിയാം.. അങ്ങോട്ടേങ്ങാനും പോയിരുന്നോ….. ” ആശങ്കയോടെ അയാൾ ആതിരയെ നോക്കി.

എന്നാൽ രാമൻ നായരുടെ ഉത്തരം കേട്ട നടുക്കത്തിലായിരുന്നു ആതിര , തന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആതിരയുടെ ശരീരത്തിലെ ഓരോ അണുവിലും ഭയം നിറഞ്ഞു. ” പറ മോളേ…. നീ അങ്ങോട് പോയിരുന്നോ … നിനക്ക് എങ്ങനെ അറിയാം … ”

ഭയന്ന് നിൽക്കുന്ന ആതിരയുടെ കൈയിൽ പിടിച്ചു കൊണ്ട് രാമൻ ചോദിച്ചു. ആ സമയത്ത് മനയുടെ വടക്കുഭാഗത്തായിട്ടുള്ള കുളത്തിലെ വെള്ളത്തിൽ ചുഴികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. വെള്ളം തിളച്ചു മറഞ്ഞ് ആർത്തിരമ്പുകയായിരുന്നു. കുളത്തിന്റെ കുറച്ച് അകലയായി സ്ഥിതി ചെയ്തിരുന്ന പാലമരത്തിൽ നിന്നും രക്തത്തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി. ഭയപ്പെടുത്തുന്ന ഭീകര ശബ്ദങ്ങൾ മുഴങ്ങി കേൾക്കാൻ തുടങ്ങി.…… തുടരും….

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…