Sunday, December 22, 2024
Novel

കവചം 🔥: ഭാഗം 37

രചന: നിഹ

കാവിലേയ്ക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ മൂന്നുപേർക്കും പേടി തോന്നി. നാഗ തറയിൽ വിളക്ക് വച്ച് ചെയ്യേണ്ട കർമ്മങ്ങൾ തിരുമേനി പ്രത്യേകം പറഞ്ഞയച്ചതാണ്. അവരുടെ സംരക്ഷണത്തിനായി ഗുരുസ്വാമിയുടെ പ്രധാന ശിഷ്യനായ ഗിരിയെ കൂടെ അയച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ കൂടെ തങ്ങളും സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തോടെ അവർ മൂന്നുപേരും കാവിലേക്ക് പുറപ്പെടാൻ തയ്യാറായി. ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും ആതിരയുടെ മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു. പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് താങ്ങാൻ കഴിയുന്നതിനപ്പുറം ആണല്ലോ.

പോകുന്ന വഴി എന്തെങ്കിലും അനർത്ഥങ്ങൾ സംഭവിക്കുമോയെന്ന് അനന്തനും പേടി ഉണ്ടായിരുന്നു . കാടിന്റെ ഭീകരത ഒഴിച്ചാൽ മറ്റ് തടസ്സങ്ങളും ഒന്നും കൂടാതെ അവർ കാവിൽ എത്തിചേർന്നു . പകൽ സമയത്ത് പോലും ഇരുട്ട് നിറഞ്ഞ അവിടം എത്രയൊക്കെ ധൈര്യം സംഭരിച്ചാലും അതിനെ ഇല്ലാതാക്കാൻ കഴിവുള്ളതായിരുന്നു. ഗിരി ഇന്നലെ ബന്ധിച്ചിരുന്ന ബന്ധനത്തിൽ നിന്നും അവൾക്ക് മുക്തി നേടാൻ സാധിച്ചിരുന്നില്ല. അതാണ് കാടിന്റെ ശാന്തതയ്ക്ക് കാരണം. അവൾ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന ഒരു ധൈര്യം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ അത് അധിക നാളത്തേക്ക് നിൽക്കുന്നതല്ലന്ന ബോധ്യം ഗിരിക്ക് ഉണ്ടായിരുന്നു .

അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കർമ്മങ്ങൾ തീർത്ത് അവരെ തിരികെ അയക്കാൻ അവൻ ധൃതി കൂട്ടി. നാഗത്തറയിൽ വീണു കിടക്കുന്ന ഇലകൾ മാറ്റി അവൾ വൃത്തിയാക്കി. അവിടെ ഉണ്ടായിരുന്ന വിളക്കുകളിൽ തിരി തെളിയിച്ചു. തമ്പുരാട്ടിയുടെ ഓർമ്മകൾ അവശേഷിക്കുന്ന നാഗദൈവങ്ങളുടെ അരികിൽ എത്തിയപ്പോൾ ദേവകിയ്ക്ക് അവരെ ഓർമ്മ വന്നു. അവരുടെ വിളക്കുകൾ കണ്ടപ്പോൾ പണ്ട് തമ്പുരാട്ടി കാവിൽ വിളക്ക് വച്ചിരുന്നത് ദേവകിയ്ക്ക് ഓർമ്മ വന്നു. തന്നെ ഒരു കൂടെപ്പിറപ്പ് പോലെ തന്നെയാണ് അവർ കണ്ടിരുന്നതെന്ന കാര്യം സങ്കടത്തോടെ ദേവകി ഓർത്തു. ആതിര ഭക്തിയോടെ നാഗദൈവങ്ങളെ പൂജിക്കുകയായിരുന്നു.

തിരുമേനി പറഞ്ഞത് അനുസരിച്ച് മഞ്ഞപ്പൂക്കൾ കൊണ്ട് കെട്ടിയ മാല ചാർത്തി നാഗ ദൈവങ്ങൾക്ക് മഞ്ഞൾപൊടി സമർപ്പിച്ചു. അവ കൂടാതെ മഞ്ഞപ്പട്ടും കവുങ്ങിൻ പൂക്കുലയും സമർപ്പിക്കുകയും ചെയ്തു. നാഗ ദോഷം മാറി നാഗ പ്രീതി നേടാനായി അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ആദ്യമായി അനന്തനും അവളോടൊപ്പം ചേർന്ന് വഴിപാട് കഴിപ്പിച്ചു.  നാഗദൈവങ്ങളെ കാണാൻ ഒരു പ്രത്യേക ഭംഗിയുള്ളത് പോലെ അവൾക്ക് തോന്നി. കുറെ നേരം ആതിര ഭക്തിയോടെ നോക്കി നിന്നു. ദോഷങ്ങൾ മാറ്റി ദൈവപ്രീതി നേടിയാൽ അവളെ തളക്കാനുള്ള ഹോമവും പൂജയും ആരംഭിക്കാമെന്ന് ഗുരുസ്വാമി പറഞ്ഞത് ആതിര ഓർത്തു.

തിരികെ പോരാൻ നേരം അനന്തനും അത് തന്നെയാണ് ഓർത്തത്. ദേവകിയുടെ മനസ്സിൽ പഴയ ചില ഓർമ്മകളായിരുന്നു. എത്ര മായിച്ചാലും മാഞ്ഞു പോകാതെ മനസ്സിൽ തങ്ങി നിൽക്കുന്ന കുറേ നോവുകൾ.. അന്ന് പതിവിലും വിപരീതമായി കാവിന്റെ ശാന്തത അനന്തനും ആതിരയും അത്ഭുതത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴി ഉടനീളം ഗിരി ചെറിയ സ്വരത്തിൽ മന്ത്രങ്ങൾ ഉരുവിടുന്നുണ്ടായിരുന്നു. അതിൻ്റെ ഒരു പോസറ്റീവ് എനർജി അവർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു. ദേവകിയാണ് ഏറ്റവും മുന്നിൽ നടന്നത്. അതിൻ്റെ പുറകെ അനന്തനും അവന്റെ പുറകിലായി ആതിരയും നടന്നു. ഏറ്റവും പുറകിലാണ് അവർക്ക് കാവലായി ഗിരി നടന്നത്. 🌿🌿🌿🌿🌿🥀🥀🥀🌿🌿🌿🌿🌿🌿 ” ഗൗരി ആരെയാവും പ്രണയിക്കുന്നത്?

ഈ കുട്ടിക്ക് എന്താ പറ്റിയത്? അവളെ പറഞ്ഞിട്ടും കാര്യമില്ല ഈ പ്രായത്തിൽ അങ്ങനെ പലതും തോന്നും… എല്ലാവരും അറിയുമ്പോൾ എന്താകുമോ എന്തോ? അവൾ ഒന്നും തെളിച്ചു പറയുന്നില്ല…” ആര്യ ബെഡ്ഷീറ്റ് മാറ്റി വിരിച്ചു. ഇന്നലെ ഗൗരി പറഞ്ഞതിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത. ” ആതിരയെ വിളിച്ചു ചോദിച്ചാലോ..? ഗൗരിയുടെ എല്ലാ കാര്യങ്ങളും അവൾ അറിയുന്നതല്ലേ ?ഗൗരി എന്തായാലും അവളോട് പറയാതിരിക്കില്ല… പക്ഷേ ഈ കാര്യം ആതിരയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. അവളുടെ സംസാരത്തിൽ നിന്നും അങ്ങനെയല്ലേ തോന്നിയത്.. അതെ ഗൗരി ആതിരയോട് പറഞ്ഞിട്ടില്ല… എന്തായിരിക്കും ഗൗരി ഇത്രയധികം ഒളിപ്പിക്കാൻ കാരണം…? അതും ആതിരയോട് പോലും പറയാതെ..”

ആര്യയുടെ മനസ്സിൽ പുതിയ സംശയങ്ങൾ രൂപപ്പെട്ടിരുന്നു. “ടീ… കുടിക്കാൻ തണുത്ത എന്തെങ്കിലും എടുത്തിട്ട് വാ .. എന്നാ ചൂടാ… ” അനിരുദ്ധ് മുറിയിലേയ്ക്ക് കയറി വന്നു. അവനെ കണ്ടതും ഗൗരിയുടെ കാര്യം പറയണോ വേണ്ടയോയെന്ന് അവൾ ആലോചിച്ചു. പിന്നെ കൂടുതൽ പ്രശ്നത്തിലേക്ക് കാര്യങ്ങൾ എത്തിക്കേണ്ടല്ലോ എന്നോർത്ത് അവൾ ഒന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലും ഗൗരിയെ പറഞ്ഞു തിരുത്തണമെന്ന് അവൾ മനസ്സിൽ കരുതിയിരുന്നു. ഗൗരിയുടെ കൈ വിരലുകൾ കുഞ്ഞിയുടെ മുടിയിലൂടെ ഒഴുകി നടന്നു. കുഞ്ഞി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. അവളുടെ കുഞ്ഞി കണ്ണുകൾ അടഞ്ഞു വരുന്നത് ഗൗരി പുഞ്ചിരിയോടെ നോക്കിയിരുന്നു. കുറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അവളെ പിടിച്ച് കിടത്തി ഉറക്കാൻ കഴിഞ്ഞത്.

അമ്മയെ കാണാൻ വാശി പിടിച്ച് കരഞ്ഞതു കൊണ്ട് ആതിരയെ വിളിച്ച് സംസാരിപ്പിച്ച് നാളെ വരുമെന്ന് വിശ്വസിപ്പിച്ചാണ് വേദയെ കിടത്തി ഉറക്കിയത്. വേദയുടെ അസാന്നിധ്യം ഒരുപ്പാട് സങ്കടം ഉണ്ടാക്കുന്നുണ്ടെങ്കിലും കുട്ടി കൂടെയില്ലാത്തത് തന്നെയാണ് നല്ലതെന്ന് അവർക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. അമ്മയും അച്ഛനും അടങ്ങുന്ന അവളുടെ കുഞ്ഞു ലോകത്ത് നിന്നും അവളെ പറിച്ചു മാറ്റിയതിന്റെ എല്ലാം ബുദ്ധിമുട്ടുകളും വേദ മോൾക്ക് ഉണ്ടായിരുന്നു. ആര്യ അനിക്ക് കുടിക്കാനുള്ള ജ്യൂസുമായിട്ട് വന്നപ്പോൾ അവൻ ഫോണിൽ സംസാരിക്കുകയായിരുന്നു. അവൾ ഗ്ലാസ്സ് ടേബിളിൽ വച്ചിട്ട് ഉറങ്ങി കിടക്കുന്ന അമ്മുവിന്റെ അടുത്ത് പോയിരുന്നു. ”

ആര്യേ … നമ്മൾ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങൾ… രോഹിത്തിനെ കണ്ടുപിടിച്ചു. ആരും കണ്ടുപിടിക്കില്ലെന്ന് കരുതി അവൻ ഒളിച്ചു താമസിക്കുകയായിരുന്നു…. എത്രയും പെട്ടെന്ന് അവൻ അവിടെ നിന്നും മാറുന്നതിന് മുന്നേ അവനെ ഇങ്ങോട്ട് പിടിച്ച് കൊണ്ട് വരണം…” ദേഷ്യം കൊണ്ട് അവൻറെ മുഖം വലിഞ്ഞു മുറുകുമ്പോഴും രോഹിത്തിനെ കണ്ടുപിടിച്ച സന്തോഷം അവൻ്റെ മുഖത്ത് ഉണ്ടായിരുന്നു. ” അപ്പോൾ അവൻ തന്നെയാണോ കമ്പനിയിൽ ഡ്രഗ്സ് വച്ചതും…?” ” അതിന് സംശയം ഒന്നുമില്ല അവൻ തന്നെയാണ്. എന്തിന് വേണ്ടി ? ആര് പറഞ്ഞിട്ട്? എങ്ങനെ ? ഇതിനെല്ലാം ഉത്തരം കണ്ടുപിടിക്കണം ….ഞാൻ കണ്ടുപിടിക്കും… ” ചിലതെല്ലാം മനസ്സിൽ ഉറപ്പിച്ചാണ് അവൻ അത് പറയുന്നതെന്ന് ആര്യയ്ക്ക് മനസ്സിലായി. ”

ആ നായിന്റെ മോൻ കാരണം എന്തെല്ലാം ബുദ്ധിമുട്ടുകളാ നമുക്ക് ഉണ്ടായത്… നമ്മുടെ അന്തസ്സും അഭിമാനവും വച്ചാ അവൻ കളിച്ചത്… നമ്മുടെ അച്ഛന്റെ കിടപ്പിനും അനന്തൻ ഒളിവിൽ കഴിയണ്ടി വന്നതും എല്ലാം.. എല്ലാം അവൻ കാരണമാ… അതിന് എല്ലാം പകരം ചോദിക്കാതെ അവനെ വെറുതെ വിടില്ല….” അവൻ്റെ കണ്ണുകളിൽ രോഹിത്തിനോടുള്ള ദേഷ്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു.…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…