Tuesday, December 17, 2024
Novel

കവചം 🔥: ഭാഗം 34

രചന: നിഹ

വെളിച്ചത്തിനായി പന്തം കത്തിച്ച് അവർ മുന്നോട്ട് നടന്നു. പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇടയിലൂടെ കടവാതിലുകൾ കടിപിടി കൂടെ പാറി നടന്നു. അതിന്റെ ശബ്ദം അവരുടെ ഹൃദയ താളം കൂട്ടുന്നതായിരുന്നു. ഇരുഭാഗത്തുമായി തിങ്ങി നിൽക്കുന്ന മരങ്ങൾ , അവയുടെ ശിഖരങ്ങളിൽ സ്ഥാനം പിടിച്ച് ഉച്ചത്തിൽ മൂളുകയും കൂവുകയും ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന കാട്ടുപ്പക്ഷികൾ അവരുടെ ഉള്ളിൽ ഭയത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. ഇനി മുന്നോട്ട് എന്ത് സംഭവിക്കുമെന്നറിയാതെ പേടിയോടെ അവർ മുന്നോട്ട് നടന്നതും പുറകിലൂടെ ഒരു നിഴൽ ഓടി മറഞ്ഞു.

എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. ഒരു കാറ്റ് ഓടി പോയത് പോലെയാണ് അവർക്ക് തോന്നിയത്. മനസ്സിൻ്റെ ഉള്ളിൽ ഭയം കൂടി വന്നതല്ലതെ കുറഞ്ഞില്ല. ” ആരും പേടിക്കണ്ട … മുന്നോട്ട് ഇതുപോലെ പലതും സംഭവിക്കും … എന്നാലും അവൾ നമ്മളെ തൊടുകയില്ല” ഗുരു സ്വാമിയുടെ പ്രധാന ശിഷ്യനായ ഗിരി ഗോപൻ പറഞ്ഞു. അവന്റെ വാക്കുകൾ കേട്ടപ്പോൾ അവർക്ക് അതൊരു ആശ്വാസമായി. ഗുരു സ്വാമിയുടെ ശിഷ്യന്മാർക്ക് ഇത്തരം സംഭവങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത് കൊണ്ട് അവർക്ക് ഇതൊരു സംഭവമായി തോന്നിയില്ല. താൻ കണ്ട സ്വപ്നത്തിലെ കാര്യങ്ങൾ യാഥാർത്ഥ്യമാക്കുന്ന ഭയത്തിലായിരുന്നു അവൾ. രാമനും ദേവകിയും പരസ്പരം നോക്കി .

” മുന്നോട്ട് നടക്കൂ…” ചെറിയ ഒരു പേടി ഉണ്ടെങ്കിലും അവർ മുന്നോട്ട് നടന്നു. ” അനന്തേട്ടാ എനിക്ക് നല്ല പേടി. തോന്നുവാ…” തന്നോട് ചേർന്ന് നടക്കുന്ന അവൻറെ അരികിലേക്ക് ചേർന്ന് അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. ” പേടിക്കണ്ട… എല്ലാരും കൂടെയില്ലേ..?” അവനോട് ചേർന്ന് അവൾ മുന്നോട്ട് നടന്നു . ആരും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കാറ്റ് അടിക്കാൻ തുടങ്ങി. കാറ്റ് പിടിച്ച് മരങ്ങൾ ആടി തുടങ്ങി. ഇല്ലിക്കൂട്ടത്തിൽ കാറ്റുപിടിച്ചപ്പോൾ അവ പരസ്പരം ഉരസി ആടിയുലയുന്ന ശബ്ദം ഏവരെയും ഭയപ്പെടുത്താൻ പര്യാപ്തമായിരുന്നു. ഈ പ്രാവശ്യം അനന്തനും പേടി തോന്നി . ഇരു ഭാഗത്തായുള്ള മരങ്ങൾ ശക്തിയായി കാറ്റത്താടി. ആതിരയുടെ ഹൃദയമിടിപ്പ് നിർത്താതെ ഉയർന്നുകൊണ്ടിരുന്നു. അവൾക്ക് എങ്ങനെ തിരിച്ചു പോയാൽ മതിയെന്നായിരുന്നു.

രാമന്റെയും ദേവകിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. എന്നാൽ അനന്തന് ഏതുവിധേനയും കർമ്മങ്ങൾ പൂർത്തീകരിച്ച് മനവിട്ട് തിരിച്ചു പോകണം എന്നായിരുന്നു.അതിനായി കാവിൽ എത്തി കർമ്മങ്ങൾ പൂർത്തിക്കരിക്കണം എന്നായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടിച്ചിരി ഉയർന്നു കേട്ടു. അവരുടെ കണ്ണുകളിൽ ഭയത്തിന്റെ നിഴൽ വ്യാപിച്ചിരുന്നു. ഗിരി ,അവൻ പുറകിലേക്ക് പോയി നിന്നിട്ട് ഒരു ചരട് എടുത്ത് മന്ത്രം ജപിച്ച് പുറകോട്ട് നോക്കാതെ തലയുടെ മുകളിലൂടെ പുറകിലേക്ക് എറിഞ്ഞു. ഉടനെ കേട്ടു കൊണ്ടിരുന്ന ചിരി നിന്നു. കാട് മുഴുവൻ അത് വരെ ഉണ്ടായിരുന്ന ശബ്ദം നിലച്ചു പോയി. എല്ലാവരിലും സമാധാനത്തിൻ്റെ കാറ്റ് തലോടി പോയി.

എന്തെങ്കിലും ദുഷ്ട ശക്തികളുടെ സാന്നിധ്യം ഉണ്ടായാൽ അതിനെ താൽക്കാലികമായി ബന്ധിക്കാനുള്ള വിദ്യ ഗിരി ഗുരുവിൽ നിന്നും കരസ്ഥമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഗിരി താൽക്കാലികമായി അവളെ ബന്ധിച്ചു നിർത്തി. കാറ്റത്ത് അണഞ്ഞു പോയ പന്തം അവർ വീണ്ടും കത്തിച്ചു. ചുറ്റുമുള്ള അന്തരീക്ഷം ശാന്തമായതോടെ ഭയം കൂടാതെ അവർ മുന്നോട്ട് നടന്നു. അവർ അവിടെ എത്തിയപ്പോൾ അവരെ പ്രതീക്ഷിച്ച് കർമ്മികൾ ഉണ്ടായിരുന്നു. തിറയാട്ടത്തിന്റെ സജ്ജീകരണങ്ങളെല്ലാം അവർ പൂർത്തീകരിച്ചിരുന്നു. നാഗത്തറയ്ക്ക് അടുത്തുള്ള ശ്രീകോവിൽ തുറന്ന് ഭദ്രകാളിയമ്മക്ക് പൂജ നടത്തി.

വർഷങ്ങളോളം മുടങ്ങി കിടക്കുകായിരുന്നു പൂജകൾ… നാഗത്തറയിൽ വിളക്കും വച്ചിരുന്നു. തിറയാട്ടം തുടങ്ങാൻ സമയമായതും അനന്തനും ആതിരയും ആകാംക്ഷയോടെ നിന്നു. അവളുടെ ആധിപത്യം നിറഞ്ഞ കാവിൽ കൈകടത്തുന്നത് അവളിൽ പ്രകോപനം ഉണ്ടാക്കുമോ എന്നുള്ള ആശങ്കയിലായിരുന്നു രാമനും ദേവകിയും… നന്നായി ചമഞ്ഞു കെട്ടിയൊരുങ്ങിയിരിക്കുന്ന ഭദ്രകാളി തിറ അവർക്ക് മുന്നിലേയ്ക്ക് വന്നു. അതിൻ്റെ അകപ്പടിയായി ചെണ്ടക്കാർ താളത്തിൽ കൊട്ടാൻ തുടങ്ങി. മണി നാദവും മുഴങ്ങി കേട്ടു. വെളിച്ചത്തിനായി ചുറ്റിലും പന്തം കത്തിച്ചിട്ടുണ്ട്. പള്ളിവാളും കൈയിലേന്തി ഭീകര രൂപത്തിൽ മുന്നിൽ നിൽക്കുന്ന ഭദ്രകാളി തിറയുടെ മുഖത്തേക്ക് നോക്കാൻ പോലും ആതിരയ്ക്ക് ഭയം തോന്നി.

ഉറക്കെ അലറി വിളിച്ചു കൊണ്ട് തിറ ആട്ടം തുടങ്ങിയിരുന്നു. ഇടക്കിടെ കണ്ണും മിഴിച്ച് അലറി കൂവി അരികിലേക്ക് കടന്നു വരുന്ന അമ്മക്ക് മുന്നിൽ ആതിര പേടിക്കൊണ്ട് വിറച്ചു. കുഞ്ഞി കൂടെ ഇല്ലാത്തത് എത്ര നന്നായിയെന്ന് അവൾ ചിന്തിച്ചു. മനയിൽ ഒറ്റയ്ക്ക് ഇരുത്തിയിട്ട് പോകാനും വയ്യ ഇവിടെ കൊണ്ടുവരാനും കഴിയില്ല … 🥀🥀🥀🥀🥀🥀🥀🌿🌿🥀🥀🥀🥀🥀🥀 ” ഇത് എന്താ കുട്ടി ഈ രാത്രി ഒറ്റയ്ക്ക് വന്നിരിക്കുന്നത് ..,? ” മുറ്റത്തേക്ക് നോക്കി ചാരിയിരിക്കുന്ന ഗൗരിയെ നോക്കി നാരായണി അങ്ങോട്ടേക്ക് വന്നു. ” എന്താ അമ്മേ …” അടുത്ത് വന്നിരിക്കുന്ന നാരായണിയെ നോക്കി ഗൗരി കണ്ണ് മിഴിച്ചു. ” നീ എവിടെയാ ശ്രദ്ധിച്ചിരുന്നത് … ? ഇവിടെ ഒന്നും അല്ലല്ലോ…?”

നാരായണി അവളെ നോക്കി കണ്ണുരുട്ടി. ” ഇനി എന്താ നിന്റെ തീരുമാനം..? പഠിത്തം ആണോ?ജോലിയോ അതോ കല്യാണമോ..?” ഗൗരിയെ വെറുതെ ഇരുത്തിയാൽ ശരിയാകില്ലെന്ന് അറിയാവുന്നതുകൊണ്ട് അവളുടെ മനസ്സറിയാൻ നാരായണിയമ്മ ചോദിച്ചു. ഡിഗ്രി കഴിഞ്ഞ് വീട്ടിലിരിക്കുകയാണ് ഗൗരി . അവൾ അത്യാവശ്യം നന്നായി തന്നെ പഠിക്കുന്നത് കൊണ്ട് മുന്നോട്ടു പഠിപ്പിക്കാനായിരുന്നു വീട്ടുകാർക്കും താൽപര്യം. ” ഞാൻ pg പഠിക്കാൻ പോകുവാ.. എനിക്ക് ഇപ്പോൾ കല്യാണം വേണ്ടമ്മേ.” തൻ്റെ ഇഷ്ട്ടത്തിനൊപ്പം അമ്മ നിൽക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ധൈര്യത്തോടെ അവൾ പറഞ്ഞു. ” ഇപ്പോഴത്തെ സ്ഥിയിലാണെങ്കിൽ പഠിക്കാൻ പോയിട്ട് കാര്യമില്ല…

എന്തോ മനസ്സിൽ കയറി പറ്റിയിട്ടുണ്ട്.. എന്താണെന്ന് ചോദിച്ചാൽ വാ തുറന്നു പറയണ്ടേ..?” ദേഷ്യത്തോടെ നാരായണി മുഖം തിരിച്ചു . അത് കണ്ടപ്പോൾ ഗൗരി ധർമ്മ സങ്കടത്തിലായി . ഒന്നും മനസ്സ് തുറന്നു പറയാനും കഴിയില്ല എന്നാൽ മറച്ചു വയ്ക്കാനും കഴിയില്ല …. ” എങ്ങനെ ചിരിച്ച് സന്തോഷിച്ചു നടന്ന പെണ്ണാ… ഇപ്പോ ഊണുമില്ല ഉറക്കമില്ല.. പെറ്റ തള്ളയെ പോലും വേണ്ട.. ഏതു നേരവും ദുഃഖിച്ചിരിക്കുന്നു.. അനുവിന്റെ കാര്യമാണെങ്കിൽ അത് അങ്ങനെ … ഇതെല്ലാം കാണാൻ ഞാൻ എന്ത് മഹാപാപമാണോ ചെയ്തത് എന്റെ ഗുരുവായൂരപ്പാ ….” സ്വയം പറഞ്ഞു കരഞ്ഞു കൊണ്ട് അവർ അകത്തേയ്ക്ക് കയറി പോയി. രണ്ട് മക്കളുടെയും കാര്യം ഓർത്ത് നാരായണിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു.

കുറച്ചുനാൾ മുന്നെ വരെ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ്. പെട്ടെന്നാണ് എല്ലാം കീഴ്മേൽ മാറി മറഞ്ഞത് . കേസ് വന്നതോടെ അനന്തനും ആതിരയും ഒളിവിൽ പോയി . അതിൻ്റെ പ്രശ്നങ്ങൾ അനിരുദ്ധും ആര്യയും അനുഭവിക്കുന്നുണ്ട്. ഭർത്താവ് വാസുദേവൻ കിടപ്പിലായി. ഇപ്പോൾ ഓമനിച്ചു വളർത്തിയ ഇളയ മകളുടെ സ്വഭാവത്തിൽ തന്നെ മാറ്റങ്ങൾ എല്ലാം കൂടി ഓർത്തപ്പോൾ നാരായണിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല . പൂജാമുറിയിൽ പോയിരുന്നു അവർ കരയാൻ തുടങ്ങി . ഭഗവാനോട് സങ്കടങ്ങൾ പറഞ്ഞ് കരഞ്ഞു തീരുമ്പോൾ മനസ്സിനൊരു സമാധാനം കൈവരും.

അതാണ് നാരായണിക്കുള്ള ഇപ്പോഴത്തെ ഏക ആശ്വാസം. വീട്ടിൽ വന്നപ്പോൾ മുതൽ ഗൗരിയുടെ പെരുമാറ്റത്തിലുള്ള പ്രകടമായ വ്യത്യാസം വീട്ടിലെ എല്ലാവർക്കും മനസ്സിലായതോടെ എല്ലാവരിൽ നിന്നും ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അത് അവളെ മാനസികമായി തളർത്തുന്നുണ്ട്. ” ഗൗരി….” പുറകിൽ നിന്നും ആര്യയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുറിയിലെ ജനൽ കമ്പികളിൽ പിടിച്ച് ആലോചനയിൽ മുഴുകി നിൽക്കുകയായിരുന്നു അവൾ. ” എന്താ ഏടത്തി…” ” എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനും ചോദിക്കാനുമുണ്ട്… ഇവിടെ വാ … ” സാരിയുടെ തലപ്പ് അരയിൽ കുത്തികൊണ്ട് ആര്യ ബെഡിന്റെ സൈഡിൽ ഇരുന്നു. എന്തായാലും തന്റെ മാറ്റത്തിനുള്ള കാരണം ചോദിക്കുമെന്ന ഉറപ്പോടെ അവൾ ആര്യയുടെ അടുത്ത് പോയിരുന്നു. അവൾക്ക് പറയാനുള്ളത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയും ഗൗരിയ്ക്ക് ഉണ്ടായിരുന്നു..… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…