Saturday, November 23, 2024
Novel

കവചം 🔥: ഭാഗം 24

രചന: നിഹ

ശാന്തമായ ഒരു രാത്രി പിന്നിട്ട് കഴിഞ്ഞപ്പോൾ പ്രഭാതം പൊട്ടി വിരിഞ്ഞു. സമയം മുന്നോട്ട് പോകുന്നതനുസരിച്ച് സൂര്യകിരണങ്ങൾ ഭൂമിയിൽ വെളിച്ചം വീശി. ആദ്യം ഉണർന്നത് ആതിരയാണ് . പുറത്ത് നിന്നും തണുപ്പ് അകത്തേയ്ക്ക് കയറി വരുന്നുണ്ട്. അനന്തനും വേദയും മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ് . അവൻ്റെ കൈകൾ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട് . അവൻ്റെ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്നാണ് അവൾ കിടക്കുന്നത്. ഒരു നിമിഷം ആതിര അത് നോക്കിയിരുന്നു . ഗൗരിയും വേദയും രാവിലെ തന്നെ പോകുമെന്നോർത്തപ്പോൾ ആതിരയ്ക്ക് സങ്കടം തോന്നി.

അഴിഞ്ഞു കിടക്കുന്ന മുടി വാരി കെട്ടിവെച്ച് മുഖം കഴുകി അവൾ അടുക്കലേക്ക് നടന്നു. പാൽ തിളപ്പിക്കാൻ വച്ചപ്പോഴേക്കും പതിവ് പോലെ ദേവകി വന്നു. ഭക്ഷണം ഉണ്ടാക്കാൻ ദേവകിയുടെ കൂടെ ആതിരയും കൂടി . ഗൗരി അപ്പോഴും ഉണർന്നിട്ടില്ലായിരുന്നു. രാത്രി വളരെ വൈകിയാണ് അവൾ കിടന്നത്. അവൾ കിടന്നോട്ടെ എന്നോർത്ത് ആതിരയും അവളെ വിളിച്ചില്ല. പ്രഭാതഭക്ഷണം ഉണ്ടാക്കി കഴിഞ്ഞിട്ടും ഗൗരി ഉണർന്നിട്ടില്ലയിരുന്നു. ആതിര അവളെ വിളിക്കാനായി മുറിയിലേക്ക് പോയി . 🌿🌿🌿🌿🌿🌿♥️♥️🌿🌿🌿🌿🌿🌿🌿

” അനി അവിടെ എത്തി കാണുമോ ആര്യേ … ? ” നാരായണിമ്മയുടെ കാല് കുഴമ്പിട്ട് തിരുമ്മുകയായിരുന്നു ആര്യ . ” അനിയേട്ടൻ പോയിട്ടില്ലമ്മേ … ഒരു പത്തൊക്കെയാകുമ്പോൾ എത്താൻ പാകത്തിന് പോകൂന്നാ പറഞ്ഞേ … അവിടെ നിന്ന് പത്ത് ,പതിനഞ്ച് കിലോ മീറ്ററേ ഉള്ളൂ … ” അനിരുദ്ധ് ഒരു ഹോട്ടലിൽ മുറിയെടുത്ത് രാത്രി അവിടെയാണ് തങ്ങിയത്. രാവിലെ അവിടെ നിന്നും അവരുടെ അടുത്തേയ്ക്ക് പോകാമെന്നാണ് അവൻ തീരുമാനിച്ചത്.

” അച്ചമ്മേ…. ” അനിരുദ്ധിന്‍റെയും ആര്യയുടെയും മൂത്തമകൾ അമേയ എന്ന അമ്മു അവരുടെ അടുത്തേയ്ക്ക് ഓടി വന്നു. ” അച്ചമ്മടെ സുന്ദരിക്കുട്ടി വന്നോ …? ” നാരായണി അവളുടെ കവിളത്ത് ചുണ്ട് ചേർത്തു. ” കുഴമ്പ് പറ്റും കുഞ്ഞേ … അച്ഛമ്മടെ ദേഹത്ത് കുഴമ്പ് പറ്റിയത് മോള് കണ്ടില്ലേ? ” മടിയിൽ കയറിയിരുന്ന അമ്മുവിനെ കൊഞ്ചിച്ചു കൊണ്ട് നാരായണി പറഞ്ഞു. ” അച്ഛമ്മ ഇന്നലെ പറഞ്ഞില്ലേ മോൾക്ക് പൂമ്പാറ്റടെ പാട്ട് പാടിതരാന്ന് … എന്നിട്ട് തന്നില്ലല്ലോ …?” നാരായണി പറഞ്ഞത് വക വയ്ക്കാതെ അമ്മു അവരുടെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.

” അതിനെന്താ അച്ഛമ്മ പാടി തരലോ ..” അവളുടെ കുഞ്ഞി കൈയിൽ പിടിച്ച് കൊണ്ട് നാരായണി പൂമ്പാറ്റയുടെ കവിത പാടാൻ തുടങ്ങി . അനന്തന്റെയും ആതിരയുടെയും കേസിന്റെ കാര്യം ഓർത്ത് ദുഃഖിച്ചിരിക്കുന്ന നാരായണിക്ക് ഏക ആശ്വാസമാണ് അവരുടെ കൊച്ചുമക്കൾ. അവരുടെ കളിച്ചിരിയിലാണ് അവർ സങ്കടങ്ങൾ മറക്കുന്നത്. അനിരുദ്ധിനും ആര്യക്കും രണ്ടു കുട്ടികളാണ് ആദികേശവും അമേയയും. അനന്തൻ്റെയും ആതിരയുടെയും മകൾ വേദ .. അങ്ങനെ മൂന്ന് കൊച്ചുമക്കളാണ് നാരായണിക്ക് ഉള്ളത്. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ” ഗൗരി…. ടീ .. എഴുന്നേൽക്ക് … ”

ആതിര അവളെ തട്ടി വിളിച്ചു. അതൊന്നും അറിയാതെ ഗൗരി നല്ല ഉറക്കത്തിലാണ്. ” പെണ്ണേ … മതി കിടന്നത് സമയം എന്തായിന്ന് അറിയാമോ…? നിനക്ക് പോകാറുള്ളത് അല്ലേ ?” ആതിര അവളെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു. മടിപിടിച്ച് ഗൗരി വീണ്ടും കട്ടിലിൽ തന്നെയിരുന്നു. പോകുന്ന കാര്യം ഓർത്തിട്ട് എഴുന്നേൽക്കാൻ പോലും അവൾക്ക് തോന്നിയില്ല. വീണ്ടും പറഞ്ഞാലും ആരും സമ്മതിക്കില്ലെന്ന് അറിയാവുന്ന കൊണ്ട് അവൾ വീണ്ടും ചോദിക്കാനും പോയില്ല. ” അവിടെ കുത്തിപ്പിടിച്ചിരിക്കാതെ താഴേയ്ക്ക് വരാൻ നോക്കിയേ .. അനിയേട്ടൻ ഇപ്പോ വരും… ”

ഗൗരി മനസ്സില്ലാ മനസോടെ പതിയെ എഴുന്നേറ്റ് ആതിരയുടെ കൂടെ താഴേയ്ക്ക് പോയി. താൻ പോയാൽ അവൾ വീണ്ടും മടിപിടിച്ചു കിടക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഗൗരിയെയും കൂട്ടിയാണ് ആതിര മുറിയിൽ നിന്നും പോയത്. ” ഗൗരി .. നീ കുഞ്ഞിയെയും കൂടെ കൊണ്ടുപോക്കോ ..” ആതിര പറഞ്ഞത് കേട്ട് ഗൗരി ഒരു നിമിഷം നിന്നു. ” അപ്പോൾ എട്ടത്തിക്കും ഏട്ടനും …. അല്ല കുഞ്ഞി കൂടെ വരുമോ ,?” ” മോള് ഇവിടെ നിന്നാൽ ശരിയാകില്ല .. ഒരു വട്ടം അവളെ കാണാതെ പോയത് നീ ഓർക്കണില്ലേ? അനന്തേട്ടൻ പറഞ്ഞത് പോലെ പൂജയുടെയുംമറ്റും കാര്യത്തിന്റെ ഇടയിൽ മോളെ നോക്കാൻ പറ്റിയെന്ന് വരില്ല ..

ഇതൊക്കെ കണ്ട് കുഞ്ഞി പേടിച്ചാലും മതിയല്ലോ ..?” ആതിര പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയായിരുന്നു ഗൗരി . അതിൽ കാര്യം ഉണ്ടെന്ന് അവൾക്കും തോന്നി. കുഞ്ഞിയെ കൂടെ കൊണ്ട് പോകുന്നതിൽ അവൾക്കും സന്തോഷമായിരുന്നു . ഗൗരി കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അനിരുദ്ധ് എത്തിയിരുന്നു. ലിവിംഗ് റൂമിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്ന അനിരുദ്ധിനെ കണ്ടപ്പോൾ ഗൗരിക്ക് സങ്കടമാണ് വന്നത്. അനന്തനും ആതിരയും അടുത്തിരുന്ന് സംസാരിക്കുന്നുണ്ട് . കേസിൻ്റെ കാര്യങ്ങളും വീട്ടിലെ വിശേഷങ്ങളാണ് സംസാരിക്കുന്നത് . നനഞ്ഞ മുടി തുവർത്തി വിടർത്തിയിട്ട് കൊണ്ട് അവൾ അവർക്ക് അരികിലേക്ക് ചെന്നു.

” ഗൗരി മോളേ… നിന്നെ കണ്ടിട്ട് എത്രനാളായി ..?” അവളെ കണ്ടതും അനിരുദ്ധ് ഒരുപ്പാട് സന്തോഷത്തോടെ ചോദിച്ചു. ഗൗരി ഏറ്റവും ഇളയ കുട്ടിയായത് കൊണ്ട് രണ്ട് ഏട്ടന്മാർക്കും അവളോട് സ്നേഹ കൂടുതലുണ്ട്. അവൻ്റെ ചോദ്യത്തിന് അവളൊന്നു പുഞ്ചിരിച്ചു. ” നിൻ്റെ പനിയൊക്കെ മാറിയോ? ആകെ വല്ലാണ്ടിരിക്കുന്നല്ലോ ..?” ” ഇവിടെ നിന്ന് പോകുന്നതിൻ്റെ വിഷമം അല്ലാതെ വേറെയൊന്നുമല്ല അനിയേട്ടാ..” അവൻ്റെ ചോദ്യത്തിന് ആതിരയാണ് മറുപടി പറഞ്ഞത്. പിന്നെയും അവർ ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അത്കഴിഞ്ഞ് അനിരുദ്ധ് അനന്തന്റെ കൂടെ മനയും പരിസരവും കാണാനായി പുറത്തേക്കിറങ്ങി.

ഗൗരി റെഡിയാകാനായി പോയി . ആതിരയും മോളെ കുളിപ്പിച്ച് ഒരുക്കി. കുഞ്ഞിയെ കിടത്തി ഉറക്കി. അവൾ ഉറങ്ങുമ്പോൾ അവരുടെ കൂടെ പറഞ്ഞയക്കാൻ വേണ്ടിയാണ് ആതിര ശ്രമിക്കുന്നത്. ഈ സമയം കിഴക്ക് ഭാഗത്തെ മുറിയിൽ ഇരുട്ട് വന്ന് നിറയുന്നുണ്ടായിരുന്നു. ആ മുറി മാത്രം അന്ധകാരത്തിൽ പിടിയിലമർന്നു. തീ ഗോളം പോലുള്ള രണ്ട് കണ്ണുകൾ ഇരുട്ടിൽ കത്തി ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു. മുറി നിറയെ മാറാലകൾ തൂങ്ങി കിടന്നു. ഭിത്തിയിലെ പൊടി പിടിച്ചു കിടക്കുന്ന ഫോട്ടോകൾ ചില്ല് പൊട്ടി താഴെ വീണുടഞ്ഞു. അവളുടെ സാന്നിധ്യം അറിഞ്ഞതും കിഴക്കേ മൂലയിൽ കുഴിച്ചിട്ടിരിക്കുന്ന തകിട് പ്രകാശിപ്പിക്കാൻ തുടങ്ങി … തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…