Sunday, December 22, 2024
Novel

കവചം 🔥: ഭാഗം 23

രചന: നിഹ

സമയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ത്രിസന്ധ്യാ സമയത്തിന് അവർക്ക് കാത്തിരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞത് അനുസരിച്ച് അനന്തൻ കുളിച്ച് ശുദ്ധി നേടി അദ്ദേഹം എഴുതികൊടുത്ത മന്ത്രം ജപിച്ച് കൈയിൽ തകിടുമായി വീടിൻ്റെ കിഴക്കേ മൂലയിലേക്ക് നടന്നു . അവൻ പുറത്തേയ്ക്ക് ഇറങ്ങിയതും ശക്തമായ കാറ്റുവന്നതും ഒരുമിച്ചായിരുന്നു . കാറ്റിന്റെ ശക്തികൊണ്ട് അനന്തന്റെ കൈയിൽ നിന്നും തകിട് നിലത്തേയ്ക്ക് വീണു. ഒരു ഞെട്ടലോടെ അവൻ അത് നോക്കിനിന്നു . ഇനി എന്ത് ചെയ്യുമെന്ന് ഒരു വേള അവൻ സംശയിച്ചു നിന്നു.

കാറ്റിൻ്റെ ശക്തികൊണ്ട് തകിട് മുന്നോട്ട് ഉരുണ്ടു പോയി . അനന്തൻ അത് എടുക്കാൻ ചെന്നതും തകിട് അവൻ്റെ കണ്ണ് മുന്നിൽ നിന്നും മറഞ്ഞു. തകിട് കുഴിച്ചിടുന്നതിന് ഒരുപാട് തടസ്സം നേരിടുമെന്ന് അദ്ദേഹം പറഞ്ഞതാണ്. എങ്കിലും അത് സംഭവിക്കാൻ തുടങ്ങിയപ്പോൾ അവൻ പരിഭ്രാന്തനായി. അവൻ ഒരു നിമിഷം ആലോചിച്ചു നിന്നു. പെട്ടെന്നാണ് അവൻ്റെ മനസ്സിൽ തിരുമേനി പറഞ്ഞ് തന്ന മന്ത്രം ഓർമ്മ വന്നത്. മൂന്ന് വട്ടം അവൻ അത് ഉരു വിട്ടപ്പോൾ തകിട് അവന് മുന്നിൽ തെളിഞ്ഞു വന്നു .

അനന്തൻ ഓടി ചെന്ന് തകിട് കൈയിൽ എടുത്തു. അത് കൈയിൽ കിട്ടിയപ്പോൾ അവൻ്റെ മനസ്സ് നിറഞ്ഞു . ഒരു ദീർഘ നിശ്വാസത്തോടെ അവൻ കിഴക്കേ ഭാഗത്തേയ്ക്ക് നടന്നു. അവൻ്റെ വേഗത കൂടിയതും കാറ്റിൻ്റെ ശക്തി കൂടി കൂടി വന്നു. വളരെ പാടുപ്പെട്ട് അനന്തൻ മണ്ണ് ഇളക്കി മാറ്റി ചെറിയ കുഴിയെടുത്ത് അതിലേയ്ക്ക് തകിട് ഇട്ടു. തകിട് കുഴിയിൽ ചെന്ന് പതിച്ചതും ലോഹ തകിട് രക്തവർണ്ണമായി . ചുറ്റിലും ചോര പൊടിഞ്ഞു. അതെല്ലാം കണ്ടതും അനന്തൻ ഞെട്ടലോടെ നോക്കി നിന്നു. അവൻ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .

തകിട് കുഴിച്ചിട്ടപ്പോൾ അതുവരെ തടസ്സമായി നിന്ന കാറ്റ് നിലച്ചു പോയി. അന്തരീക്ഷം വളരെ ശാന്തമായി മാറി . അനന്തനും സമാധാനത്തോടെ കൂടി അകത്തേയ്ക്ക് പോയി . സന്ധ്യ മയങ്ങിയതോടെ ആതിര വിളക്കു വയ്ക്കാനായി വന്നു. നാലഞ്ചു തവണ വിളക്ക് വച്ചപ്പോൾ അണഞ്ഞു പോയത് കൊണ്ട് പിന്നീട് അതിന് ശ്രമിച്ചിട്ടില്ല. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് അവർക്ക് അറിയാമായിരുന്നു . എന്നാൽ വളരെ പ്രതീക്ഷയോടെയാണ് ഈ തവണ അവൾ വിളക്കുമായി വന്നത്. അവളുടെ ആഗ്രഹം പോലെ തന്നെ അശുഭമായി ഒന്നും സംഭവിച്ചില്ല.

പൂർണ്ണ ശോഭയോടെ തിരിനാളം പ്രകാശിപ്പിച്ചു കൊണ്ടിരുന്നു. ഒരു പുഞ്ചിരിയോടെ അവൾ ഉമ്മറത്തിരുന്ന് നാമം ജപിക്കാൻ തുടങ്ങി . വെളിച്ചം മങ്ങി ഇരുട്ട് പരന്നതും എവിടെ നിന്നോ വവ്വാൽ തമ്മിൽ കടിപ്പിടി കൂടുന്ന ശബ്ദം കേട്ട് തുടങ്ങി. അത് കൂടാതെ കാട്ടുചെമ്പകം പൂത്ത മണവും …. ചെറിയൊരു പേടി തോന്നിയത്തോടെ അവൾ അകത്തേയ്ക്ക് കയറി പോയി . കുഞ്ഞി നിലത്തിരുന്ന് കളിക്കുകയാണ് ഗൗരി അടുത്തിരുന്ന് ബുക്ക് വായിക്കുന്നുണ്ട്. ആതിര എഴുതിയ ഒരു നോവലാണ് അവൾ വായിച്ചു കൊണ്ടിരുന്നത്. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടു പോയിട്ടും തളരാതെ മുന്നോട്ട് പ്രതീക്ഷയോടെ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് അത്.

ജോലികളെല്ലാം തീർത്ത് ദേവകി സന്ധ്യ മയങ്ങിയപ്പോഴേക്കും വീട്ടിലേക്ക് പോയിയിരുന്നു . അത്താഴത്തിന് സമയമായപ്പോൾ ആതിരയും ഗൗരിയും ചേർന്ന് ഭക്ഷണമെല്ലാം ടേബിളിൽ വിളമ്പി വച്ചു. അപ്പോഴേയ്ക്കും കുഞ്ഞിയെയും കൊണ്ട് അനന്തനും ഭക്ഷണം കഴിക്കാൻ വന്നു. ഗൗരിയുടെ മുഖത്ത് നാളെ പോകുന്നതിൻ്റെ സങ്കടം നിഴലിച്ചിരുന്നു. അത് കണ്ടപ്പോൾ ആതിരയ്ക്ക് ചെറിയൊരു സങ്കടം തോന്നി. പക്ഷേ ഗൗരിയുടെ ജീവൻ രക്ഷപ്പെടുമെന്ന് ഓർത്തപ്പോൾ അവൾ അത് കാര്യമാക്കിയില്ല. ” നാളെ അനിയേട്ടൻ വരും നീ പോകുവല്ലേ..?” ആതിര ഗൗരിയോട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്ന് അറിയാവുന്നത് കൊണ്ട് അനന്തൻ ഗൗരിയോട് ചോദിച്ചു.

” രാവിലെയാണോ അനിയേട്ടൻ വരുന്നത്? ഞാൻ പോകണോ ഏട്ടാ?” താൻ പോകാതിരിക്കാൻ അനന്തൻ സമ്മതിക്കില്ലെന്ന് അറിയാം എന്നിട്ടും ഗൗരി വെറുതെ ചോദിച്ചു. ” വേണം നീ വീട്ടിലേയ്ക്ക് തിരിച്ച് പോകണം . കാര്യങ്ങളെല്ലാം ആതിര നിന്നോട് പറഞ്ഞതല്ലേ? ” അനന്തന്റെ മറുപടി അതായിരിക്കും എന്ന് പ്രതീക്ഷിച്ചത് കൊണ്ട് തന്നെ ഗൗരിക്ക് അത് കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അനന്തൻ ചോദിച്ചതിന്റെ മറുപടിയായി അവൾ ശക്തിയില്ലാതെ മൂളി. ആതിര കുഞ്ഞിയെ മടിയിലിരുത്തി മോൾക്ക് വാരി കൊടുത്തു. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

” എന്താ ദേവകി …?” അടുക്കളയിൽ ആലോചിച്ചു കൊണ്ടിരുന്ന ദേവകിയുടെ അരികിലേക്ക് രാമൻ നടന്നു. ” ടീ …” രാമൻ ഒന്നുകൂടി വിളിച്ചപ്പോഴാണ് ദേവകി ബോധത്തിലേക്ക് വന്നത്. ” എന്താ രാമേട്ടാ..?” രാമൻ എന്താണ് ചോദിച്ചതെന്ന് അറിയാതെ ദേവകി തിരിച്ചു ചോദിച്ചു. ” നിനക്കെന്താ പറ്റിയത്? നീ എന്താ ആലോചിച്ചുകൊണ്ട് നിൽക്കുന്നത് ?” ” ഞാൻ ആ പിള്ളേരുടെ കാര്യം ഓർക്കുകയായിരുന്നു. എനിക്കെന്തോ … രാ മേട്ടാ …” ” എന്താ ദേവകി ..?” ” പൂജയും മറ്റും തുടങ്ങുകയല്ലേ? അവൾ വെറുതെയിരിക്കുമോ ? എനിക്ക് അറിയില്ല … ഇനി എന്തൊക്കെ സംഭവിക്കുമോ ? ”

ദേവകിയുടെ ഭയം രാമന്റെ മനസ്സിലും ഉണ്ടായിരുന്നു. രാമൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല കാരണം എന്തെങ്കിലും പറഞ്ഞു വന്നാൽ പിന്നെ പഴയ കാര്യങ്ങളെല്ലാം പറഞ്ഞ് ദേവകി കരയാൻ തുടങ്ങും. അത് കണ്ട് നിൽക്കാൻ അയാൾക്ക് കഴിയില്ല. ചെറുപ്പത്തിലെ നഷ്ടമായ അവരുടെ മകളും ,നീതി ലഭിക്കാതെ ഭൂമിയിൽ നിന്നും പോകണ്ടി വന്ന കുറെ ആത്മാക്കളും ദേവകിയുടെ മനസ്സിലെ നൊമ്പരങ്ങളാണ് . 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 ആതിര വരുന്നതും കാത്ത് അനന്തൻ മുറിയിൽ നോക്കിയിരുന്നു. അവളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം അവന് പറയാനുണ്ടായിരുന്നു. അവൾ അതിന് സമ്മതിക്കുമോയെന്ന് പല തവണ അനന്തൻ ആലോചിച്ചു കൊണ്ടിരുന്നു.

അവൾ മുറിയിൽ കയറിയതും അനന്തൻ അവളെ നോക്കി പുഞ്ചിരിച്ചു. വാതിൽ അടച്ച് അവൾ അവൻ്റെ അടുത്ത് വന്നിരുന്നു. ” ഇപ്പോഴാ അനന്തേട്ടാ സമാധാനമായത്… കാര്യങ്ങളൊക്കെ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ അവസാനിക്കുമെന്ന് തോന്നുന്നു…” അനന്തൻ്റെ അരികിൽ കിടക്കുന്ന കുഞ്ഞിയെ തലോടിക്കൊണ്ട് അവളെ ചേർത്ത് പിടിച്ച് ആതിര കിടന്നു. ” ആതി…” ” എന്താ അനന്തേട്ടാ… ?” അവൾ അവനെ നോക്കി . അവന്റെ മുഖം കണ്ടിട്ട് എന്തോ ഗൗരവമുള്ള കാര്യമാണെന്ന് അവൾക്ക് മനസ്സിലായി. ” ഞാനൊരു കാര്യം പറയട്ടെ നീ ആലോചിച്ചു മാത്രം തീരുമാനമെടുത്താൽ മതി…”

കുഞ്ഞിയെ നോക്കിയിട്ട് അവൻ ആതിരയെ നോക്കി. ” എന്ത് കാര്യമാ ഏട്ടാ..?” ” നാളെ ഗൗരി പോകുമ്പോൾ നമുക്ക് കുഞ്ഞിയെയും കൂടെ അയച്ചാലോ..?” അനന്തൻ ചോദിച്ചതും ഒരു ഞെട്ടലോടെ ആതിര എഴുന്നേറ്റിരുന്നു. ഗൗരിയെ പറഞ്ഞയാക്കാം എന്നതിനപ്പുറം കുഞ്ഞിയുടെ കാര്യമൊന്നും ആതിര ചിന്തിച്ചതെയില്ല. ” എനിക്ക് മോളില്ലാതെ ഒരു നിമിഷം പോലും കഴിയാൻ പറ്റില്ല ഏട്ടാ… ” ആതിര കുഞ്ഞിയെ തലോടി അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ” മോളില്ലാതെ എനിക്കും പറ്റില്ല ആതീ.. പക്ഷേ നമുക്ക് വലുത് അവളല്ലേ? ഗൗരിയുടെ കൂടെ വീട്ടിലേക്ക് പോകുന്നതാണ് ഇപ്പോൾ ഏറ്റവും നല്ലത്.

ഹോമവും പൂജയൊക്കെ നടക്കുമ്പോൾ നമുക്ക് മോളുടെ കാര്യം ശ്രദ്ധിക്കാൻ കഴിയില്ല.. ഇതെല്ലാം കണ്ട് അവർ പേടിച്ചാലോ..? ഈ വീട് അത്ര നല്ല സ്ഥലമൊന്നും അല്ലല്ലോ..?” അനന്തൻ പറയുന്നതിൽ കാര്യമുണ്ടെന്ന് അവൾക്ക് മനസ്സിലായി. എങ്കിലും മോളെ പിരിഞ്ഞുനിൽക്കാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല. ” ആതീ … ഞാൻ പറയുന്നതുപോലെ ചെയ്യണോ ?അതോ മോളെ നമ്മുടെ കൂടെ നിർത്തണോ?” അവളുടെ സങ്കടം കണ്ടിട്ട് അനന്തൻ വീണ്ടും ചോദിച്ചു. കുറച്ചുനേരം ആതിര കണ്ണടച്ച് ആലോചിച്ചിട്ട് പറഞ്ഞു. ” കുഞ്ഞി ഗൗരിയുടെ കൂടെ പോയിക്കോട്ടെ… ”

അനന്തൻ അവളുടെ മുഖത്തേക്ക് നോക്കി . കണ്ണ് നിറച്ച് കൊണ്ടാണ് അവൾ അത് പറഞ്ഞത്. ഒരു പ്രാവശ്യം കുഞ്ഞിയെ കാണാതെ പോയതു കൊണ്ട് ഇനിയും അത് ആവർത്തിക്കപ്പെടുമോയെന്ന് അവർക്ക് പേടിയുണ്ടായിരുന്നു. പണ്ട് ഡൽഹിയിൽ താമസിച്ച സമയത്ത് ഒരാഴ്ച്ച മോളെ പിരിഞ്ഞ് അവർ നിന്നിട്ടുണ്ട് . അന്ന് ഗൗരിയായിരുന്ന് വേദയെ നോക്കിയത് , ഇപ്പോൾ അവളെ പിരിയാൻ തീരുമാനിച്ചതും ഗൗരി അവളെ നോക്കുമെന്ന ഉറപ്പിലാണ്. ഗൗരി കൂടെയുണ്ടെങ്കിൽ വേദയ്ക്കും പ്രശ്നമൊന്നുമ്മില്ല .പക്ഷേ ഇടക്കിടെ അവൾ അവരുടെ അടുത്തേയ്ക്ക് പോകാനായി വാശി കാണിക്കും . എന്തെങ്കിലും പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാമെന്ന് അവർ തീരുമാനിച്ചു .

നാളെ ഗൗരിയുടെ കൂടെ വേദയെയും തറവാട്ടിലേക്ക് പറഞ്ഞ് വിടാൻ അവർ തീരുമാനിച്ചു. തൊടിയിൽ നിൽക്കുന്ന പാല പൂത്തത്തിന്റെ വശ്യമായ ഗന്ധം കാറ്റിലൂടെ പാറി നടന്നു. നല്ല തണുത്ത കാറ്റ് രാത്രിയെ ശീതികരിച്ചു. പകയുടെ തീ കനൽ ആളിക്കത്തുന്നതിന് മുമ്പുള്ള ശാന്ത സുന്ദരമായ ഒരു രാത്രിയിലൂടെ കീഴാറ്റൂർ മന കടന്നുപോയി. ഇതൊന്നും അറിയാതെ ആതിരയും അനന്തനും ഉറക്കത്തിലേക്ക് വഴുതി വീണു.…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…