Saturday, January 18, 2025
Novel

കവചം 🔥: ഭാഗം 22

രചന: നിഹ

അവൻ കാർ തുറന്ന് തകിട് എടുത്തു . അവൻ അതും കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും കാറ്റ് നിലച്ചതും ഒന്നിച്ചായിരുന്നു. അനന്തൻ അത്ഭുതത്തോടെ തന്റെ കൈയിലിരിക്കുന്ന മന്ത്ര തകിടിലേയ്ക്ക് നോക്കി. അത് പ്രകാശിച്ചു കൊണ്ടിരുന്നു. അതിലേയ്ക്ക് നോക്കും തോറും ഉദ്ദേശിക്കുന്നത് പോലെ എല്ലാം ശുഭമായി ഭവിക്കുമെന്ന ഒരു ആത്മവിശ്വാസം അവനിലും വന്നുചേർന്നു. ആതിര അനന്തന്റെ അടുത്തേക്ക് ഓടിച്ചെന്നു. അവളും കൗതുകത്തോടെ മന്ത്രതകിടിലേക്ക് നോക്കി. വളരെ ശക്തിയുള്ള തകിടാണ് തങ്ങളുടെ കയ്യിലിരിക്കുന്നതെന്ന് അവർക്ക് മനസ്സിലായി.

പെട്ടെന്നാണ് ആതിര ഗൗരിയുടെയും വേദയുടെ കാര്യം ഓർത്തത്. ” ഗൗരി മോളെ…. ഗൗരി …. ” അവർക്ക് എന്തെങ്കിലും സംഭവിക്കുച്ചോന്നുളള പേടിയോടെ അവൾ അകത്തേക്ക് ഓടി. അനന്തൻ അവളുടെ പുറകെ മന്ത്ര തകിട് കൊണ്ട് അകത്തേക്ക് കയറി. തിരുമേനി പറഞ്ഞത് അനുസരിച്ച് അവൻ മന്ത്രതകിട് പൂജാമുറിയിൽ കൊണ്ടുപോയി വച്ചു. ” മോളേ … ഇത് എട്ടത്തിയാ .. വാതിൽ തുറക്ക്…” ആതിര അടഞ്ഞു കിടന്ന കതകിൽ തട്ടി വിളിച്ചു . വാതിൽ തുറക്കാൻ താമസിക്കും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു.

” ഗൗരി … ഗൗരി ….” വീണ്ടും വീണ്ടും തട്ടിയപ്പോൾ ഗൗരി വന്ന് വാതിൽ തുറന്നു. അവളുടെ കൈയിൽ കുഞ്ഞിയും ഉണ്ടായിരുന്നു. രണ്ടാളും നന്നായി പേടിച്ചിട്ടുണ്ടെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും ആതിരയ്ക്ക് മനസ്സിലായി. ” ഏട്ടത്തി … ” ആതിര കണ്ടപ്പോൾ ഗൗരിക്ക് സമാധാനമായി. ” അമ്മാ..” ആതിരയെ കണ്ടതും വേദമോൾ ഗൗരിയുടെ കൈയിൽ നിന്നും ആതിരയുടെ അടുത്തേയ്ക്ക് പോകാനായി അവളുടെ നേരെ കൈ ഉയർത്തി. ആതിര കുഞ്ഞിയെ എടുത്ത് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് സ്നേഹത്തോടെ അവളുടെ തലയിൽ തലോടി. ”

നിനക്കൊന്നും സംഭവിച്ചില്ലല്ലോ ഗൗരി.. നീ ഓക്കേയല്ലേ? ” ” എനിക്കൊന്നും പറ്റിയില്ല എട്ടത്തി. കുറെ നേരമായി കാറ്റ് വീശാൻ തുടങ്ങിയിട്ട്… ചുഴലിക്കാറ്റ് പോലെ… ജനലും വാതിലുമെല്ലാം അടിച്ചു പറിക്കുമെന്ന് ഞാൻ പേടിച്ച് പോയി .. എനിക്ക് വല്ലാതെ പേടി തോന്നുവാ…. കഴിഞ്ഞ പ്രാവശ്യം ഉണ്ടായ പോലെ എന്തെങ്കിലും സംഭവിക്കുമോന്ന്…” ഗൗരിയുടെ കണ്ണുകളിൽ ആ ഭയം നന്നായി കാണാമായിരുന്നു. “അങ്ങനെയൊന്നും സംഭവിക്കില്ല ഇനി പേടിക്കേണ്ട മോളെ.. ” ” പോയ കാര്യം നടന്നോ ആതിയേടത്തി അദ്ദേഹത്തെ കണ്ടോ ..?” ആകാംക്ഷയോടെ ഗൗരി ആരാഞ്ഞു.

” ഉം.. കണ്ടു . പരിഹാരക്രിയകളും പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ വിശദമായി പറയാം… ഗൗരിയോട് എനിക്ക് വേറെ ചില കാര്യങ്ങളും പറയാനുണ്ട്. ” ആതിരയ്ക്ക് തന്നോട് എന്താണ് പറയാനുള്ളതെന്ന് ഒരു നിമിഷം ഗൗരി ആലോചിച്ചു. ” ദേവേച്ചി പോയോ..? ” ” പോയി.. കുറച്ചുകഴിഞ്ഞ് വരാമെന്ന് പറഞ്ഞു. കാറ്റൊക്കെ വീശിയപ്പോൾ ഞങ്ങൾ തനിച്ചായിരുന്നു… ചേച്ചി ഉണ്ടായിരുന്നെങ്കിൽ എനിക്ക് പിന്നെയും ഒരു ധൈര്യം ഉണ്ടായേനെ… ഒറ്റയ്ക്ക് ശരിക്കും പേടിച്ചുപോയി ..” ഗൗരി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

അവളുടെ പേടി മാറ്റാനായി ആതിര ഓരോന്നും പറഞ്ഞ് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ” മേ ഐ കമിൻ സാർ…” ” വാടോ .. ” യുവ പോലീസ് ഓഫീസർ ശ്രീരാഗ് ചന്ദ്രൻ കമ്മീഷണർ അലക്സാണ്ടറുടെ അനുവാദത്തോടെ അകത്തേക്ക് പ്രവേശിച്ചു. ” ഇരിക്ക്..” വളരെ ഭവ്യതയോടെ ശ്രീരാഗ് കസേരയിൽ ഇരുന്നു. ” അന്വേഷണം എവിടെ വരെ എത്തി? ” ഗൗരവത്തോടെ അലക്സാണ്ടർ ചോദിച്ചു. ” അന്വേഷണം നടത്തുന്നുണ്ട് സാർ. മാക്സിമം ഈ കേസിലേക്ക് തന്നെ കോൺസെൻട്രേറ്റ് ചെയ്തിട്ടുണ്ട്.” ” എന്നിട്ട് പുരോഗതി ഒന്നും കാണുന്നില്ലല്ലോ… ”

അലക്സാണ്ടറുടെ ചോദ്യത്തിന് മുമ്പിൽ ശ്രീരാഗ് തലകുനിച്ചു. ” ഇന്നത്തോടെ എല്ലാം തീർന്നുവെന്ന തോന്നുന്നത്… ഇയാൾ ഒരു കാട്ടുപോത്ത് ആണെന്നല്ലേ രവി സാർ പറഞ്ഞത് . അന്വേഷണം നടക്കുന്നതല്ലാതെ ഒരു പുരോഗതിയുമില്ല… എന്തു പണിഷ്മെന്റ് കിട്ടുമോ എന്തോ…” ” രണ്ടാഴ്ച കൂടി ഞാൻ തരും. അതിനുള്ളിൽ കേസ് ഫയൽ കംപ്ലീറ്റാക്കി എനിക്ക് കിട്ടിയിരിക്കണം.. മനസ്സിലായോ തനിക്ക്…” അയാളുടെ ശബ്ദം വളരെ കനത്തിരുന്നു. ” യെസ് സാർ ” ശ്രീരാഗ് അലക്സാണ്ടറിനെ സല്യൂട്ട് ചെയ്ത പുറത്തേക്ക് നടന്നു. അവനാകെ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇനിയെന്ത് ചെയ്യുമെന്ന് ഓർത്ത് മുന്നോട്ട് നടന്നപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്. ”

സർ, അനന്തനും ആതിരയും ഡൽഹിയിൽ ഉണ്ടെന്ന് ഒരു സൂചന കിട്ടിയിട്ടുണ്ട്…” അത് കേട്ടപ്പോൾ അവൻ്റെ കണ്ണുകൾ വിടർന്നു. ” സത്യമാണോ ? ” ” അറിയില്ല .. ബട്ട് അവിടെ അവരെ കണ്ടവർ ഉണ്ടെന്ന് പറഞ്ഞത് കേട്ടു. എനിക്ക് തോന്നുന്നത് അവിടെത്തന്നെ അവർ ഉണ്ടെന്നാണ്..” ” എന്തായാലും നമുക്ക് അവരെ കണ്ടെത്തിയേ പറ്റൂ. അവർ എവിടെപ്പോയി ഒളിച്ചാലും…” അവരെ കണ്ടെത്തിയിട്ടെ ഇനി തനിക്ക് വിശ്രമം ഉണ്ടാകുകയുള്ളുവെന്ന് അവൻ തീരുമാനിച്ചിരുന്നു . ✨✨✨✨✨✨✨✨✨✨✨✨✨✨✨ ” തിരുമേനി എന്താ മോളെ പറഞ്ഞത്..?” തിണ്ണയിൽ സംസാരിച്ചുകൊണ്ടിരുന്ന ആതിരയുടെയും ഗൗരിയുടെ അടുത്തേക്ക് വന്നുകൊണ്ട് ദേവകി ചോദിച്ചു.

” കുറെ പരിഹാര കർമ്മങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്… ഈ വീട്ടിലാകെ ദോഷങ്ങളാണ്. ഗതികിട്ടാതെ അലയുന്ന കുറേ ആത്മാക്കൾ ഉണ്ടെന്നു പറഞ്ഞു. അദ്ദേഹം പറയുന്നതെല്ലാം കേട്ടിട്ട് എൻ്റെ കയ്യും കാലും വിറച്ചിട്ട് പാടില്ലായിരുന്നു. കർമ്മങ്ങളെല്ലാം ചെയ്തിട്ട് എത്രയും വേഗം ഇവിടെ വിട്ടു പോകാനാണ് അദ്ദേഹം പറഞ്ഞത്…” ആതിര പറഞ്ഞു നിർത്തി .അത് കേട്ടിട്ടും ദേവകിക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ ഗൗരി ഒരു ഞെട്ടലോടെയാണ് കേട്ടത്. ” കാവുമുടിഞ്ഞു കിടക്കുന്നതാണ് ഏറ്റവും വലിയ ദോഷം . ഇവിടെ കാവിൽ നേരത്തെ വിളക്ക് വയ്ക്കുകയും ദേവി പൂജയും നാഗപ്പൂജയൊക്കെ ഉണ്ടായിരുന്നുവെന്നാ പറഞ്ഞത് .

അത് നിർത്തിയത് കൊണ്ട് അതിന്റെ ദോഷമുണ്ട്. നാഗങ്ങളെ ഉപദ്രവിച്ചത് കൊണ്ട് നാഗദോഷമുണ്ട്.നാഗ പ്രീതിക്കും ദേവി പ്രീതിക്കും പൂജകൾ ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. ശാപങ്ങൾ മാറ്റി ദേവപ്രീതി നേടിയിട്ട് ആത്മാക്കൾ തളക്കണമെന്നൊക്കെ പറഞ്ഞു. എനിക്ക് പേടി കൊണ്ട് പകുതി മനസ്സിലായില്ല … തിരുമേനി ഇങ്ങോട്ട് വരുന്നുണ്ട് … ” തിരുമേനി പറഞ്ഞത് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ആതിര അവരോട് പറഞ്ഞു. അദ്ദേഹം പറഞ്ഞത് പൂർണ്ണമായും അവരോട് അവൾ പറഞ്ഞില്ല. അതിന്റെ പ്രധാന കാരണം ഗൗരി അതെല്ലാം കേട്ടാൽ പേടിക്കുമെന്നത് തന്നെയായിരുന്നു. ” ഏട്ടത്തി …. ” ഗൗരി പേടിയോടെ ആതിരയെ വിളിച്ചു.

” പേടിക്കാനൊന്നുമില്ല … കരുതൽ മതി.അദ്ദേഹം ഒരു തകിട് തന്നിട്ടുണ്ട്. അത് വീടിൻറെ കിഴക്കേ മൂലയിൽ കുഴിച്ചിടണമെന്നാണ് പറഞ്ഞത്. അതുള്ളപ്പോൾ ഈ വീട്ടിൽ ആരുടെയും ജീവന് ആപത്ത് സംഭവിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത് …. ” ആതിര വളരെ ആത്മവിശ്വാസത്തോടെ അവരോട് പറഞ്ഞു. ദേവകിയുടെ മുഖത്ത് അപ്പോഴും ഒരു തെളിച്ചവും ഉണ്ടായിരുന്നില്ല. “അകത്ത് കുറച്ച് പണിയുണ്ട് .ഞാൻ അകത്തേക്ക് പോകുവാ … ” അവർ പെട്ടെന്ന് അകത്തേക്ക് പോയി. ആതിരയും ഗൗരിയും അവർ നടന്നു പോകുന്നത് നോക്കിയിരുന്നു. ” ഗൗരി മോളേ … ഏട്ടത്തി ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ ..?” ” എന്താ ഏട്ടത്തി … ? ” ആകാംക്ഷയോടെ ഗൗരി ആതിരയെ നോക്കി.

” ഗൗരി ഇവിടെ നിന്നും തിരിച്ചു പോകണം … ” ആതിര പറഞ്ഞതിന് അവൾ ഒന്നും മറുപടി പറഞ്ഞില്ല. ” നോക്കു മോളെ ,നാളെ അനിയേട്ടൻ വരും മോളെ കൊണ്ടുപോകാൻ .. ഒരു തടസ്സവും പറയേണ്ട നീ ഇവിടെ നിന്നും പോകണം … ” ആതിര നിർബന്ധം പിടിച്ച രീതിയിൽ പറഞ്ഞു. ” നിങ്ങളെ ഇവിടെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോകില്ല … എന്ത് സംഭവിച്ചാലും നമ്മൾ ഒന്നിച്ചു നേരിടും ” മനയിലെ അപകടത്തിലേക്ക് ആതിരയെയും അനന്തനെയും തനിച്ചാക്കി പിന്തിരിഞ്ഞു ഓടാൻ അവൾ തയ്യാറായിരുന്നില്ല. ” ഗൗരി മോളെ ഏട്ടത്തി പറയുന്നത് കേൾക്ക് , മോളുടെ നല്ലതിന് വേണ്ടിയല്ലേ ഏട്ടത്തി പറയുന്നത്… ഈ അപകടം പിടിച്ച സ്ഥലത്ത് നിന്ന് മോള് തിരിച്ചു പോണം …

അറിഞ്ഞുകൊണ്ട് നിന്നെ അപകടത്തിലേക്ക് തള്ളി വിടാൻ ഞങ്ങൾക്ക് വയ്യ … എന്റെ മാത്രമല്ല നിന്റെ ഏട്ടന്റെ കൂടെ തീരുമാനമാണിത്…” ആതിരയുടെ വാക്കുകൾ ഗൗരിയെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. ” നിങ്ങളെ ഇവിടെ തനിച്ചാക്കി ഞാൻ മാത്രം രക്ഷപ്പെടണം എന്നാണോ ഏട്ടത്തി പറയുന്നത് … ? ” ഗൗരിയും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ” എന്റെ പൊന്നു ഗൗരി മോളെ , നീയെന്താ ഞങ്ങൾ പറയുന്നത് മനസ്സിലാകാത്തത് ? ഇവിടത്തെ പരിഹാരപൂജകൾ ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ വേറൊരു വീട്ടിലേക്ക് മാറുകയാണ്. മോൾക്ക് അറിയാലോ ഞങ്ങളെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് .

ഞങ്ങളുടെ കൂടെ നിന്നാൽ നിനക്കും ആപത്താണ് . അതുമാത്രമല്ല മോളെ എന്റെ വാക്ക് ധിക്കരിച്ച് അന്നു നീ പോയതിന്റെ ഫലം അനുഭവിച്ചില്ലേ ? ഇതും അതുപോലെ തന്നെയായിരിക്കും . ആതിര അത് പറഞ്ഞിട്ട് ഗൗരിയെ നോക്കി. അവളുടെ മുഖത്ത് ചെറിയൊരു ഭയം നിഴലിച്ചിരുന്നു. ആതിര വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞ് ഗൗരിയെ സമ്മതിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ” നാളെ അനിയേട്ടൻ വരുമ്പോൾ നീ കൂടെ പോയെ പറ്റൂ …. പിന്നെ ഇവിടത്തെ പ്രശ്നമൊന്നും നീ ആരോടും പറയരുത്. ഞങ്ങൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല എത്രയും പെട്ടെന്ന് ഇവിടെ നിന്നും മാറും…അവരെ ഇതൊന്നും അറിയിച്ചു സങ്കടപ്പെടുത്തരുത്. ഒന്നാതെ കേസിന്റെ കാര്യത്തിൽ വേദനിച്ച് നടക്കുകയാ… ”

താൻ പറയുന്നത് ഗൗരി അനുസരിക്കുമെന്ന വിശ്വാസത്തോടെ ആതിര പറഞ്ഞു. ” ഗൗരി മോളേ … ” സ്നേഹത്തോടെ ആതിര അവളെ വിളിച്ചു. ” ഏട്ടത്തി ഇനി കൂടുതലൊന്നും പറയണ്ട ഞാൻ പൊയ്ക്കോളാം.. ” ഒടുവിൽ ആതിരയുടെ പരിശ്രമം വിജയം കണ്ടു. സങ്കടത്തോടെ ഗൗരി മുഖം തിരിച്ചു. ഗൗരി സങ്കടപ്പെടുമെന്ന് അറിഞ്ഞിട്ടും ആതിരക്ക് അപ്പോൾ സന്തോഷമാണ് തോന്നിയത് . ഗൗരിയുടെ ജീവിതം സുരക്ഷിതമായതിലുള്ള ആനന്ദമായിരുന്നു അത്. ” പിണങ്ങല്ലേ ഗൗരി … ഏട്ടത്തിയുടെ മുത്തല്ലേ ? മോളുടെ നന്മയ്ക്ക് വേണ്ടിയല്ലേ ഞങ്ങൾ പറയുന്നത് … ഇവിടെ നിന്നും മാറി കഴിഞ്ഞാൽ നീ കൂടെ വന്ന് നിന്നോ ? പിണങ്ങല്ലേ മോളേ … ”

സ്നേഹത്തോടെയുള്ള അവളുടെ സംസാരം കേട്ടിട്ട് പിണങ്ങി നിൽക്കാൻ ഗൗരിയ്ക്ക് കഴിഞ്ഞില്ല. അത്രമാത്രം ഇഷ്ടമായിരുന്നു ഗൗരിയ്ക്ക് ആതിരയെ . ” ശരി ഇനി ഞാനായിട്ട് പിണങ്ങുന്നില്ല . എനിക്ക് നിങ്ങളുടെ കാര്യമോർത്താ സങ്കടം … ഞാൻ നാളെ പോകുവാ .. ഇനി ഏട്ടത്തി പറഞ്ഞത് അനുസരിച്ചില്ലെന്ന് വേണ്ട … ” അവസാനം ഗൗരി തിരികെ പോകാൻ സമ്മതിച്ചു. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 സമയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ത്രിസന്ധ്യാ സമയത്തിന് അവർക്ക് കാത്തിരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞത് അനുസരിച്ച് അനന്തൻ കുളിച്ച് ശുദ്ധി നേടി അദ്ദേഹം എഴുതികൊടുത്ത മന്ത്രം ജപിച്ച് കൈയിൽ തകിടുമായി വീടിൻ്റെ കിഴക്കേ മൂലയിലേക്ക് നടന്നു . അവൻ പുറത്തേയ്ക്ക് ഇറങ്ങിയതും ശക്തമായ കാറ്റുവന്നതും ഒരുമിച്ചായിരുന്നു . കാറ്റിന്റെ ശക്തികൊണ്ട് അനന്തന്റെ കൈയിൽ നിന്നും തകിട് നിലത്തേയ്ക്ക് വീണു. ഒരു ഞെട്ടലോടെ അവൻ അത് നോക്കിനിന്നു .…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…