Sunday, May 5, 2024
Novel

കവചം 🔥: ഭാഗം 21

Spread the love

രചന: നിഹ

Thank you for reading this post, don't forget to subscribe!

എവിടെ നിന്നൊക്കെയോ പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.ആണി പറിച്ചതും ചുവന്ന തുണിയിൽ പൊതിഞ്ഞിരിക്കുന്ന ഒരു പാവക്കുട്ടിനിലത്തേക്ക് ചാടി. അതിന്റെ മുകളിലേയ്ക്ക് പാലമരത്തിൽ അടിച്ചു ഉറപ്പിച്ചിരുന്ന ആണിയും…. നിമിഷ നേരം കൊണ്ട് അവർക്ക് മുന്നിലൂടെ ഒരു രൂപം മിന്നി മറഞ്ഞു. ലിജോ ഭയന്ന് ഓടാൻ തുടങ്ങി. സുദീപ് മിന്നലേറ്റതു പോലെ ഞെട്ടി നിന്നു. “എടാ…എനിക്ക് എന്തോ പന്തിക്കേട് തോന്നുവാ… എന്തോ മിന്നി മറഞ്ഞ പോലെ തോന്നിയില്ലേ… ?”

ഓടി പോകുന്ന ലിജോയോട് സുദീപ് വിളിച്ചു ചോദിച്ചു. “ഇവിടെ പ്രേതം ഉണ്ടെടാ.. നീ ഓടി രക്ഷപ്പെട്ടോ… ജീവൻ രക്ഷിക്കാൻ നോക്ക്….” ലിജോ തിരിഞ്ഞു നിന്ന് കിതപ്പോടെ പറഞ്ഞു.എന്നിട്ട് സുദീപിനെ അവിടെയിട്ടിട്ട് ഓടി രക്ഷപ്പെടാൻ തുടങ്ങി. “ദൈവമേ.. ഇവിടെ എന്തോ ഉണ്ടെന്ന് തോന്നുന്നു… എന്താ ഒരു ചീഞ്ഞ മണം.. ഇനി ആൾക്കാർ പറയുന്നത് പോലെ ഇവിടെ.. തമ്പ്രാട്ടിക്കുട്ടിടെ ആത്മാവാണോ ?” ശില പോലെ നിന്ന് ആലോചിക്കുന്ന സുദീപ് പെട്ടെന്ന് വലിച്ചെറിഞ്ഞ പോലെ പനയിൽ ഇടിച്ച് നിലത്തുവീണു.

ഞെട്ടലോടെ അവൻ ചാടി പിണഞ്ഞെഴുന്നേറ്റ് ചുറ്റും നോക്കിയപ്പോൾ ഇരുട്ട് മൂടുന്നത് കണ്ടു . ഭയം അവൻ്റെ ഉള്ളിലും തുടികൊട്ടൻ തുടങ്ങി. അത് വരെയുണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി. കാലിൻ്റെ അടിയിൽ നിന്നും എന്തോ ഒലിച്ചിറങ്ങുന്ന പോലെ തോന്നിയത് കൊണ്ട് അവൻ താഴേയ്ക്ക് നോക്കി. താൻ ഒരു പാവക്കുട്ടിയുടെ മുകളിലാണ് ചവിട്ടി നിൽക്കുന്നതെന്ന് അവന് മനസ്സിലായി. അതിൽ നിന്നുമാണ് രക്തം ഒലിച്ചിറങ്ങുന്നത് . സുദീപ് അത് കൈ കൊണ്ട് എടുത്തു അപ്പോഴും അതിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.

അവൻ അത് ദൂരയേക്ക് എറിഞ്ഞിട്ട് ഓടാൻ തുടങ്ങി. നിലത്ത് പതിച്ച പാവ പല കഷ്ണങ്ങളായി ചിതറി തെറിച്ചു. ഹ….ഹ… ഹ…. അവളുടെ പൊട്ടിച്ചിരി അലയടിച്ചു കൊണ്ടിരുന്നു. ആ നാദം ചെവിയിൽ വന്ന് പതിച്ചതും സുദീപിൻ്റെ ഹൃദയം പൊട്ടി പോകും വിധം പിടയ്ക്കാൻ തുടങ്ങി. പുറകിൽ അവൾ വന്നുനിന്നതും ശക്തിയായി കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി.അവൻ പോലും അറിയാതെ ഒരു നോക്ക് അവൻ പുറകോട്ട് തിരിഞ്ഞു നോക്കി . ഒറ്റ നോട്ടത്തിൽ തന്നെ അവൻ്റെ പാതി ജീവനും പോയി. ദേഹമാകെ ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്നു.മൂക്കിന്റെ ദ്വാരത്തിലൂടെ പുഴുക്കൾതൂങ്ങി കിടക്കുന്നു.

ജഡക്കെട്ടിയ മുടികൾ കാറ്റത്ത് പാറി പറക്കുന്നു. ചുണ്ടിലൂടെ തുള്ളി തുള്ളിയായി ഇറ്റിറങ്ങുന്ന ചോരത്തുള്ളികളും തീ ഗോളം കത്തിയെരിയുന്ന കണ്ണുകളും ….. അവളുടെ രൂപം മുന്നിൽ കണ്ട മാത്രയിൽ ശ്വാസമെടുക്കാൻ പോലും അവൻ മറന്നു പോയി. പേടിച്ച് കിലുകിലേ വിറക്കുന്ന അവന് ഒരടി പോലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. കാലുകൾ ഒരടി പോലും അനങ്ങിയില്ല. അലറി കൂവി വിളിക്കണമെന്ന് തോന്നിയെങ്കിലും നാവും ചലനമറ്റു . ആ രൂപം കൂടുതൽ തന്നിലേക്ക് അടുക്കാൻ തുടങ്ങിയതും ജീവൻ രക്ഷിക്കാനുളള കൊതിയോടെ അവൻ മുന്നോട്ട് ഓടി.ഉയരത്തിൽ പൊങ്ങി നിൽക്കുന്ന പുല്ലിൽ തട്ടി അവൻ മുഖം കുത്തി നിലത്തേക്ക് വീണു.

വീണ്ടും പിടഞ്ഞെഴുന്നേറ്റു മുന്നോട്ട് ഓടാൻ ആഞ്ഞതും അവൾ അവൻ്റെ കഴുത്തിൽ പിടി മുറുക്കിയിരുന്നു. അവളുടെ നീണ്ട കൂർത്ത നഖം കൊണ്ട് മുറിഞ്ഞ അവൻ്റെ കഴുത്തിലൂടെ രക്തം ഒഴുകിയിറങ്ങി . ചോര കണ്ടതും കൊതിയോടെ അതിലേറെ വർഷങ്ങളായി ഉള്ളിൽ ഒതുക്കിയ ദാഹത്തോടെ അവൾ നാവു കൊണ്ട് നക്കിയെടുത്തു.അവളുടെ നാവുകൾ മുള്ളുകൾ പോലെ അവൻ്റെ ദേഹത്തെ കുത്തി നോവിച്ചു . ശരീരത്തിൽ ജീവൻ്റെ തുടിപ്പ് ഉണ്ടെന്നല്ലാതെ പേടിക്കൊണ്ട് അവൻ ശവമായി മാറിയിരുന്നു. അവൻ്റെ കഴുത്തിൽ നീല നിറത്തിൽ തെളിഞ്ഞു നിന്ന ഞരമ്പിലേയ്ക്ക് പല്ലുകൾ അമർന്നതും സുദീപ് ജീവനും കൊണ്ട് പിടഞ്ഞു.

” ആ ….. ആ …. ആ ….. ” വേദന കൊണ്ട് അവൻ അലറി വിളിച്ചു . അവന്റെ കരച്ചിൽ കാവിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. സുദീപിൻ്റെ ശരീരത്തിലെ ചോര മുഴുവൻ അവൾ വലിച്ചു കുടിച്ചു കൊണ്ടിരുന്നു . പ്രാണ വേദനയാൽ കരയുന്ന സുദീപിൻ്റെ ശബ്ദം കാടിനെ പോലും ഭയപ്പെടുത്തി . ആരോ അലറി കരയുന്ന ശബ്ദം കേട്ട് ലിജോ പെട്ടെന്ന് നിന്നു. കിതപ്പ് കൊണ്ട് ശ്വാസം എടുക്കാൻ പോലും അവന് പ്രയാസമനുഭവപ്പെടുന്നുണ്ടായിരുന്നു . സ്വന്തം ജീവനുവേണ്ടിയുള്ള തന്റെ സുഹൃത്തിന്റെ യാചനയാണ് ആ കേൾക്കുന്നതെന്ന് മനസ്സിലാക്കാൻ നിമിഷങ്ങൾ പോലും അവന് വേണ്ടിവന്നില്ല. ആ തിരിച്ചറിവിൽ കണ്ണിമ ചിമ്മാൻ പോലും അവൻ മറന്നു. ചെവിയിൽ സുദീപിന്റെ കരച്ചിൽ അലയടിച്ചു കൊണ്ടിരുന്നു.

അവൻ പോലും അറിയാത്ത അവൻ്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ അടർന്നു വീണുകൊണ്ടിരുന്നു. ഒരു വർഷത്തെ പരിചയം മാത്രമാണ് സുദീപുമായി അവന് ഉണ്ടായിരുന്നുവെങ്കിലും ഒരുപാട് അടുപ്പം തോന്നിയ സൗഹൃദമാണ് അവരുടേത് . ഒരു നോക്ക് തന്റെ സുഹൃത്തിനെ നേരിൽ കാണാൻ അവനെ കൊതി തോന്നി. എന്നാൽ യാഥാർത്ഥ്യം അവനെ ഭയപ്പെടുത്തി കൊണ്ടിരുന്നു . എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു അവൻ്റെ ചിന്ത . സുദീപിൻ്റെ കരച്ചിൽ വകവയ്ക്കാതെ ലിജോ തപ്പി തടഞ്ഞും ഉരുണ്ട് വീണും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു .

പുഴ പോലെ സുദീപിൻ്റെ കഴുത്തിൽ നിന്നും ചോര ഒഴുകി കൊണ്ടിരുന്നു . ജീവൻ്റെ അവസാനത്തെ കണികയിൽ പോലും അവൻ ജീവനു വേണ്ടി പിടഞ്ഞു. അവൻ്റെ കഴുത്തിലെ ഞരമ്പും ദശയും കൂടി അവൾ കടിച്ചെടുത്തു. അവശേഷിച്ച ഞരമ്പ് വള്ളി പോലെ തൂങ്ങി കിടന്നു .നിമിഷങ്ങൾ കൊണ്ട് തന്നെ സുദീപ് രക്തം വാർന്ന് മരിച്ചു . മരിച്ച അവൻ്റെ ശരീരം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവൾ അട്ടഹസിച്ചു. ആ ചിരിയിൽ കീഴാറ്റൂർ മന മുഴുവനായും നശിപ്പിക്കാനുള്ള പ്രതികാര ദാഹമുണ്ടായിരുന്നു. അവളുടെ ഘാതകനെ വലിച്ചു കീറി ചോരകുടിക്കാനുളള പകയുണ്ടായിരുന്നു.

പൊലിഞ്ഞു പോയ അവളുടെ സ്വപ്നങ്ങളുടെ വേദയുണ്ടായിരുന്നു. ഓടി തളർന്ന് ലിജോ ഒരു മരത്തിൽ ചാരി നിന്ന് കിതയ്ക്കാൻ തുടങ്ങി. അവന്റെ കാലുകൾ തളർന്ന് കാലിനാകെ മരവിപ്പ് കയറുന്നത് പോലെ അവന് തോന്നി. അവന്റെ ശ്വാസഗതികൾ പോലും സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നു. വെള്ളം കിട്ടാതെ അവന്റെ തൊണ്ട വരണ്ടു. ശരീരം കുഴഞ്ഞ് അവനാ മരത്തടിയിൽ ചാരിനിന്നു. പെട്ടെന്നൊരു കൈവന്ന് അവന്റെ കഴുത്തിൽ ഞെക്കി പിടിച്ചു. ശ്വാസം കിട്ടാതെ അവൻ്റെ കണ്ണുകൾ മിഴിഞ്ഞു. സഹായത്തിനായി വിളിച്ചു കരയാൻ പോലും അവസരം കിട്ടാതെ അവളുടെ കൈയ്യിൽ കിടന്നു ലിജോ പിടഞ്ഞു . കണ്ണുകൾ നിറഞ്ഞു ഒഴുകി.ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു പിടഞ്ഞ് മരിച്ചു വീണു. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

” അനന്തേട്ടാ … എനിക്ക് ശരിക്കും നല്ല പേടി തോന്നുവാ … ആർക്കെങ്കിലും എന്തേങ്കിലും സംഭവിച്ചാൽ ….” ആതിരയ്ക്ക് ബാക്കി പറയാൻ കഴിഞ്ഞില്ല . കാർ ഓടിക്കുന്ന അനന്തൻ അവളെ നോക്കി. ” നേർവസാവണ്ട ആതീ … കൂൾ . പരിഹാരം ചെയ്യാൻ അല്ലേ നമ്മൾ പോകുന്നത് . നമ്മുടെ കൈയ്യിൽ തന്നിരിക്കുന്ന ഈ തകിട് വീടിൻ്റെ കിഴക്ക് മൂലയിൽ കുഴിച്ചിട്ടാൽ നമ്മൾക്ക് ആർക്കും ജീവഹാനി സംഭവിക്കില്ലെന്നല്ലേ അദ്ദേഹം പറഞ്ഞത്. പിന്നെ നീ ഇങ്ങനെ ടെൻഷൻ ആകല്ലേ … അത് കൊണ്ട് കാര്യമില്ല … ” ഡ്രൈവ് ചെയ്ത കൊണ്ട് അനന്തൻ അവളോട് പറഞ്ഞു. തിരുമേനി പറഞ്ഞത് അനുസരിച്ച് അവൾ നിസ്സാരക്കാരിയല്ലെന്നും ഈ പ്രശ്നം ഗുരുതരമാണെന്നും അനന്തന് മനസ്സിലായതാണ്.

ആതിരയുടെ പേടിയും ആകുലതയും വെറുതെയല്ലെന്നും അറിയാം എങ്കിലും ആതിരയെ ഓരോന്ന് പറഞ്ഞ് അവൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. മനയിലേയ്ക്ക് അവർ എത്തിയപ്പോൾ ശക്തമായ കാറ്റടിക്കുകയായിരുന്നു. മുറ്റത്തെ മരങ്ങൾ പോലും കടപുഴകി വീഴും പോലെ കാറ്റിന്റെ ശക്തി കൂടി കൊണ്ടിരുന്നു. പൂഴിമണ്ണ് കാറ്റത്ത് പാറി നടക്കുന്നു . ഭീകരമായ ആ കാറ്റ് കണ്ടപ്പോൾ രണ്ടാൾക്കും ഭയം തോന്നി. ” ഭഗവാനേ … എന്താ ഇങ്ങനെയൊരു കാറ്റ് … അതും ഈ സമയത്ത് …. എന്തോ പന്തിക്കേട് തോന്നുവാ … അയ്യോ എന്റെ മോള് … ഗൗരി … ” കാറിന്റെ ഡോർ തുറന്ന് സ്വയം പറഞ്ഞു കൊണ്ട് ആതിര ഇറങ്ങി. കുഞ്ഞിയുടെയും ഗൗരിയുടെയും കാര്യം ഓർത്തപ്പോൾ ആതിരയ്ക്ക് വെപ്രാളമായി. ” ഗൗരി …. ഗൗരി …. ”

ആതിര ഉറക്കെ അകത്തേയ്ക്ക് നോക്കി വിളിച്ചു. എന്നാൽ കാറ്റിന്റെ ശബ്ദം കൊണ്ട് അതൊന്നും കേൾക്കാൻ പോലും കഴിഞ്ഞില്ല. അവൾ പേടിയോടെ ധൃതി പിടിച്ച് നടക്കാൻ തുടങ്ങിയിട്ട് നീങ്ങിയില്ല. കാറ്റ് അവളെ പറത്തി കളയാൻ ശ്രമിക്കുന്നു . വസ്ത്രങ്ങൾ കാറ്റത്ത് ആടിയുലഞ്ഞു. അനന്തൻ വണ്ടി ഒതുക്കിയിട്ടിട്ട് ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി. കാറ്റിന്റെ ശക്തി അവനെയും മറിച്ചു വീഴ്ത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. നടക്കാൻ പോലും പ്രയാസം. അപ്പോഴാണ് അനന്തൻ കാറിൽ വച്ച് എടുക്കാൻ മറന്ന തകിടിന്റെ കാര്യം ഓർത്തത് . അവൻ കാർ തുറന്ന് തകിട് എടുത്തു . അവൻ അതും കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും കാറ്റ് നിലച്ചതും ഒന്നിച്ചായിരുന്നു. അനന്തൻ അത്ഭുതത്തോടെ തന്റെ കൈയിലിരിക്കുന്ന മന്ത്ര തകിടിലേയ്ക്ക് നോക്കി. അത് പ്രകാശിച്ചു കൊണ്ടിരുന്നു.…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…