Monday, November 18, 2024
Novel

കവചം 🔥: ഭാഗം 14

രചന: നിഹ

” ആതൂസേ ….” അനന്തൻ സ്നേഹത്തോടെ കരയുന്ന ആതിരയുടെ മുഖം പിടിച്ച് ഉയർത്തി. അനന്തന്റെ വിളി കേട്ടതും അവന്റെ നെഞ്ചിലേയ്ക്ക് തലവച്ചു കൊണ്ട് അവൾ അടക്കി പിടിച്ച സങ്കടമെല്ലാം കരഞ്ഞു തീർക്കാൻ തുടങ്ങി. ആതിരയെ സമാധാനിപ്പിച്ചു കൊണ്ട് അനന്തൻ അവളുടെ തലയിൽ തലോടി. ” എനിക്ക് നല്ല പേടി തോന്നുവാ അനന്തേട്ടാ….. വീടിൻറെ അകത്ത് ആരൊക്കെയോ ഉള്ളതുപോലെ , ആരോ പിന്തുടരുന്നത് പോലെ … നമ്മൾ എങ്ങനെ ഇവിടെ താമസിക്കും…”

“ഏറിയാൽ രണ്ടുമാസം അതിനുള്ളിൽ നമ്മൾ തിരിച്ചു മടങ്ങും. ഈ സമയം കൊണ്ട് ആവശ്യമായ തെളിവുകൾ എല്ലാം നമ്മൾ കളക്ട് ചെയ്യും. അതുവരെ മാത്രം ഇവിടെ നിന്നാൽ മതി. പേടിക്കണ്ട … ഞാൻ നിന്റെ കൂടെ ഇല്ലേ ആതു….” ” ഉം… ” ആതിര ശക്തിയില്ലാതെ ഒന്നു മൂളുക മാത്രം ചെയ്തു. ” ഈ വീടിൻറെ ഉള്ളിൽ പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല എങ്കിലും നീ നിന്റെ മനസ്സമാധാനത്തിന് വേണ്ടി ഒരു പൂജയോ, വഴിപാട് എന്താന്ന് വച്ചാൽ നടത്തിക്കോ… അതിലൊന്നും എനിക്ക് പ്രശ്നമില്ല…” ” അതിന് അനന്തേട്ടന് ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസം ഇല്ലല്ലോ…”

സംശയത്തോടെ ആതിര അനന്തന്റെ മുഖത്തേക്ക് നോക്കി. ” എനിക്ക് വിശ്വാസമില്ലെങ്കിലും എന്റെ ആതുന്റെ പേടി മാറി കിട്ടൂലോ… നിനക്ക് സമാധാനം കിട്ടുമല്ലോ … എനിക്ക് അത് മതി…” അത് കേട്ടതും സന്തോഷത്തോടെ ആതിര അനന്തനെ കെട്ടിപ്പിടിച്ചു. ” പിന്നെയുണ്ടല്ലോ .. നീ നിന്റെ എഴുത്തിലേക്ക് വീണ്ടും തിരിച്ചു വരണം. വെറുതെ ഓരോന്നും ആലോചിക്കുന്നത് കൊണ്ടാണ് പേടി തോന്നുന്നത്. വേറെ ഒന്നും ചിന്തിക്കേണ്ട…” ആതിരയുടെ മനസ്സ് മാറ്റാൻ അനന്തൻ ശ്രമിച്ചുകൊണ്ടിരുന്നു.

അവളുടെ മനസ്സിൽ ഓരോ ചിന്തകൾ കയറി കൂടിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മാനസികമായി അവൾ തളർന്നിരിക്കുന്നുവെന്നും അനന്തന് മനസ്സിലായി. അതിൽനിന്നും ഒരു മോചനം ആതിരയ്ക്ക് നേടി കൊടുക്കണം എന്ന് ആത്മാർത്ഥമായി അവൻ ആഗ്രഹിച്ചു. “നീ പ്രശസ്തയായ ഒരു എഴുത്തുകാരിയാണ്. എൻ്റെ ഭാര്യയുടെ പുതിയ നോവൽ കാത്തിരിക്കുന്ന ഒരുപാട് ആരാധകരുടെ കൂട്ടത്തിൽ ഈ പാവം ഭർത്താവുമുണ്ടേ…” ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൻറെ മുഖഭാവം കണ്ട് ആതിരയും ചിരിച്ചു പോയി.

“നീ തന്നെയല്ലേ പറഞ്ഞത് നിന്റെ എഴുത്തിന് പറ്റിയ ഒരു സ്ഥലമാണ് ഇതെന്ന്… അപ്പോൾ നാളെ മുതൽ എഴുത്ത് തുടങ്ങിക്കോ…ഒരു പുതിയ നോവൽ…..” ആതിരയ്ക്ക് എഴുത്ത് അത്രമേൽ പ്രിയപ്പെട്ടതാണ്. അവളുടെ എഴുത്തിനെ സ്നേഹിക്കുന്ന ഏറ്റവും വലിയ ആരാധകൻ അവളുടെ ഭർത്താവ് അനന്തൻ തന്നെയായിരുന്നു. “അനന്തേട്ടാ … ഞാൻ ഗൗരിയുടെ അടുത്തേയ്ക്ക് പോകുവാ … രാത്രി എന്തേലും ആവശ്യം വന്നാൽ, അതുമാത്രമല്ല അവളെ ഒറ്റയ്ക്ക് കിടത്തണ്ട… ഇന്ന് ഞാൻ അവളുടെ അടുത്ത് ഇരുന്നോളാം … ” ആതിര അനന്തന്റെ അരികിൽ നിന്നും എഴുന്നേറ്റു.

” മോൾ ഇവിടെ കിടന്നോട്ടെ… ഇടയ്ക്ക് ഒന്ന് നോക്കണേ…” ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞിയെ തലോടിക്കൊണ്ട് ആതിര പറഞ്ഞു. ” നാളെ തന്നെ അമ്പലത്തിൽ പോണം. വീട്ടിലെ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരമെല്ലാം ചെയ്യണം. ഗൗരി മോളേ തിരിച്ച് വീട്ടിലേയ്ക്ക് പറഞ്ഞയ്ക്കണം .. ” സ്വയം പറഞ്ഞു കൊണ്ട് ആതിര ഗൗരിയുടെ അടുത്തേയ്ക്ക് നടന്നു . 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 വടക്ക് ഭാഗത്ത് നിന്നും വരുന്ന കാറ്റിൻ്റെ കൂടെ പാലപ്പൂമണം ചുറ്റിലും വ്യാപിച്ചിരുന്നു. നല്ല തണുത്ത കാറ്റ് വീശികൊണ്ടിരുന്നു. ടോർച്ച് വെളിച്ചത്തിൽ രാമനും ദേവകിയും ധൃതി പിടിച്ചു നടന്നു. ”

ഗൗരിയെ ജീവനോട് തിരിച്ചു കിട്ടിയത് ഭാഗ്യം അല്ലേ രാമേട്ടാ…ഇത് വരെ ആരും അവളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് വന്നിട്ടില്ലല്ലോ… ?” ” പോകണ്ടെന്ന് ഞാൻ എത്രവട്ടം പറഞ്ഞതാ അനുസരണയില്ലാത്തവർ അനുഭവിച്ചല്ലേ പഠിക്കൂ… ആ കൊച്ചിനെ കാണാതെ വന്നപ്പോൾ എൻ്റെ പാതി ജീവനും പോയി.” “നമ്മുടെ മോൾ ഉണ്ടായിരുന്നുവെങ്കിൽ അവൾക്ക് ഗൗരിയുടെയും ആതിരയുടെയും ഒക്കെ പ്രായം ആയേനെ അല്ലേ ….? ” രാമൻ്റെ ആ വാക്കുകൾ ദേവകിയുടെ കണ്ണ് നനച്ചു . പഴയ കുറെ ഓർമകൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു .

അതിൻ്റെ അടയാളം എന്ന പോലെ കവിളിലൂടെ മിഴിനീർ ഒലിച്ചിറങ്ങി . ദേവകിയുടെ സംസാരം നിലച്ചു പോയതോടെ രാമൻ തൻ്റെ പുറകെ നടക്കുന്ന ദേവകിയെ നോക്കി . ” എന്തേ…. മിണ്ടാത്തത്….? ” ദേവകി വീണ്ടും ഒന്നും മിണ്ടാതെ നിന്നത് കൊണ്ട് രാമൻ പറഞ്ഞു. ” നമ്മൾക്ക് നമ്മൾ മതി . എനിക്ക് നീയും നിനക്ക് ഞാനും …. വേറെ ആരും വേണ്ട നമ്മൾക്ക്….” അവസാന വാക്ക് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ തൊണ്ട ഇടറി. കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാതെ രണ്ടാളും മുന്നോട്ട് നടന്നു. ” രാമേട്ടാ … അവളുടെ പക ഇനിയും അടങ്ങിയില്ലേ… ? എത്രപേരുടെ ജീവനാ അവളിപ്പോൾ….. ബാക്കി പറയാൻ കഴിയാതെ ദേവകി നിർത്തി . ”

ന്യായം അവളുടെ ഭാഗത്ത് ആയിരുന്നില്ലേ … ഒടുവിൽ ഗതി കിട്ടാതെ… ” വാക്കുകൾ പൂർത്തികരിക്കുന്നതിന് മുമ്പായി കാറ്റിന്റെ തീവ്രത കൂടി. കാറ്റത്ത് പാറിവന്ന പാലപ്പൂക്കൾ അവരുടെ മുമ്പിൽ വന്നു വീണു. അത് കണ്ടപ്പോൾ ദേവകിയ്ക്ക് പേടി തോന്നി. അവളുടെ ഹൃദയം ശക്തിയായി പിടക്കാൻ തുടങ്ങി . ” രാമേട്ടാ….” ഇടറിയ ശബ്ദത്തിൽ ദേവകി പേടിയോടെ വിളിച്ചു. അപ്പോഴും കാറ്റ് ആഞ്ഞടിച്ചു കൊണ്ടിരുന്നു. വെള്ളി കൊലുസിന്റെ നേർത്ത നാദം അവരുടെ ചെവികളിൽ ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ടിരുന്നു. ” അവൾ ഇവിടെ ഉണ്ട് …. നമ്മൾ പറയുന്നത് കേൾക്കുന്നുണ്ട് ദേവകി …”

വിറയാർന്ന ശബ്ദത്തോടെ രാമേട്ടൻ അത് പറയുമ്പോൾ അന്തരീക്ഷത്തിൽ ഇടിമിന്നൽ രൂപപ്പെട്ടതും പാലപ്പൂക്കൾ പൊഴിഞ്ഞതും ഒന്നിച്ചായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന പാലപ്പൂക്കളെ ടോർച്ച് വെളിച്ചത്തിൽ അവർ കണ്ടു . അത് കണ്ടതും ദേവകി രാമേട്ടൻ്റെ കൈയിൽ മുറുക്കെ പിടിച്ചു. ” വാ … നമ്മുക്ക് വേഗം വീട്ടിലേയ്ക്ക് പോകാം… ഇനി ഇവിടെ നിൽക്കണ്ട …” രാമൻ ദേവകിയുടെ കൈയിൽ പിടിച്ച് കൊണ്ട് വേഗത്തിൽ നടന്നു . തങ്ങളെ അവൾ ഒന്നും ചെയ്യുകയില്ലെന്ന് അവർക്ക് അറിയാമെങ്കിലും മനസ്സിൻ്റെ ഉള്ളിൽ പേടി തുടികൊണ്ടിയിരുന്നു.

” രാമേട്ടാ …. കുട്ടികളെ രക്ഷിക്കണം .. എത്രയും പെട്ടെന്ന്..” പോകുന്ന വഴിയിൽ ദേവകി രാമനോട് ആധിയോടെ പറഞ്ഞു. ” അവർക്ക് ഇനി പോകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ദേവകി … ഇനി അവർ ആഗ്രഹിച്ചാൽ പോലും… ” ദേവകിയുടെ മനസ്സിൽ വേഗം ആതിരയുടെ മുഖം ഓടിയെത്തി. എന്തെന്നില്ലാത്ത ഒരു സങ്കടം അവളെ പൊതിഞ്ഞു. ഹൃദയത്തിൽ എവിടെയോ ഒരു വേദന . രാമനും ദേവകിയും മനവിട്ട് പോയതും കാറ്റ് നിലച്ചു. മുറ്റത്ത് വീണ പാലപ്പൂക്കൾ അഗ്നിയിൽ എരിഞ്ഞു തീർന്നു.

വടക്കേ തൊടിയിലെ പാലമരത്തിന്റെ മുന്നിലൂടെ പുകമറയിൽ ഒരു രൂപം മിന്നി മറഞ്ഞു. അവളുടെ ആഗമനത്തിൽ പതിവ് പോലെ അവൾക്ക് ഏറെ പ്രിയപ്പെട്ടിരുന്ന കുളത്തിൽ ചുഴി രൂപപ്പെട്ട് വെള്ളം തിളച്ച് മറയാൻ തുടങ്ങി . അവളുടെ പുഞ്ചിരിക്കും കണ്ണുനീരിനും സാക്ഷ്യം വഹിച്ചിരുന്ന കുളപടവിൽ പൊട്ടിച്ചിരികൾ ഉയർന്നു കേട്ടു . അവളുടെ ചിരിയിൽ കാവും പരിസരവും വിറ കൊണ്ടു. ദൂരത്ത് നിന്നും ഒരു കൂട്ടം വവ്വാലുകൾ നാഗത്തറയെ ലക്ഷ്യമാക്കി പറന്നുയർന്നു.… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…