Friday, January 17, 2025
Novel

കവചം 🔥: ഭാഗം 10

രചന: നിഹ

നിമിഷങ്ങൾ കൊണ്ട് അവളുടെ ചുറ്റിലും ഒരു പുകമറ രൂപപ്പെട്ടു. ഗൗരി രാമേട്ടന്റെ അടുത്തേക്ക് ഓടാൻ ശ്രമിച്ചതും അവളുടെ മുന്നിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. ആ രൂപം ഗൗരിയുടെ കൈയിൽ പിടിച്ചതും അത് സംഭവിച്ചതും ഒന്നിച്ചായിരുന്നു. അവർ രണ്ടാളും ഞൊടിയിടയിൽ അപ്രത്യക്ഷമായി. അവളുടെ കൈകൾ ഗൗരിയുടെ കൈത്തണ്ടയിൽ പിടിമുറുക്കിയപ്പോൾ നാഗം തന്റെ കൈയിൽ ഇഴഞ്ഞ് ചുറ്റിപ്പിണഞ്ഞതുപോലെയാണ് ഗൗരിക്ക് തോന്നിയത് .

അവൾക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. തെല്ലൊരു നേരത്തിനു ശേഷം അവളുടെ കൈയുടെ വേദന കുറയുന്നതും കൈയിലെ പിടിയഴയുന്നതും അവൾക്ക് നല്ലതു പോലെ അറിയാൻ കഴിയുന്നുണ്ടായിരുന്നു. ചുറ്റിലും അപ്പോഴും ശക്തമായ പുകമറ തന്നെയായിരുന്നു . അവൾക്ക് ചുറ്റിലും നടക്കുന്നതൊന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സിന്റെ ഭയം അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഗൗരി കണ്ണടച്ച് നിന്നു. ചുറ്റിലും ദുർഗന്ധം പരന്നതും അവൾ തലചുറ്റി നിലത്തേയ്ക്ക് വീണു . 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 📞

” ഗൗരി അടുത്തുണ്ടോ അനന്തേട്ടാ…. അവളെ പ്രത്യേകം ശ്രദ്ധിച്ചേക്കണേ … ” ആതിര പറഞ്ഞതും വെറുതെ അനന്തൻ തിരിഞ്ഞു നോക്കി. പുറകോട്ട് തിരിഞ്ഞുനോക്കിയിട്ടും അവൻ ഗൗരിയെ കണ്ടില്ല. ” ആതീ … ഞാൻ പിന്നെ വിളിക്കാട്ടോ… നീ സമാധാനമായിട്ടിരിക്ക് … ഞങ്ങൾ കുറച്ച് കഴിയുമ്പോൾ അവിടെ എത്തും ..” അനന്തൻ ഫോൺ വച്ചിട്ട് നാഗത്തറയുടെ അടുത്തേയ്ക്ക് നടന്നു. അനന്തന്റെ ശബ്ദം കേട്ടപ്പോഴാണ് ആതിരയുടെ മനസ്സൊന്ന് തണുത്തത്. അതുവരെ നെഞ്ചിൽ തീ കോരിയട്ടതു പോലുള്ള അവസ്ഥയായിരുന്നു അവളുടേത് .

എങ്കിലും അവളുടെ ഭയം പൂർണ്ണമായും മാറിയിരുന്നില്ല . അനന്തൻ നാഗത്തറയുടെ ചുറ്റിലും ഗൗരിയെ നോക്കിയിട്ടും അവളെ അവിടെ കാണാൻ സാധിച്ചില്ല. അപ്പോഴും രാമേട്ടൻ കണ്ണടച്ച് ഭദ്രകാളിയെ ധ്യാനിക്കുകയായിരുന്നു. ” രാമേട്ടാ …ഗൗരിയെ കണ്ടോ … ? ” രാമനെ തടസ്സപ്പെടുത്തി കൊണ്ട് അനന്തൻ ചോദിച്ചു. അനന്തന്റെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ രാമൻ കണ്ണ് തുറന്ന് അവനെ നോക്കി. ” ങേ … ഗൗരി മോൾ ഇവിടെ ഇല്ലേ … ” ? രാമേട്ടന്റെ മുഖത്തെ പരിഭ്രമം അനന്തൻ വ്യക്തമായി കണ്ടു. ”

രാമേട്ടൻ എന്തിനാ പേടിക്കുന്നത് ? അവൾ ഇവിടെ എവിടെയെങ്കിലും കാണും … വാ നോക്കാം ….” കാഴ്ച കണ്ട് അവൾ എവിടേക്ക് എങ്കിലും മാറിയിട്ടുണ്ടാകും എന്നാണ് അനന്തൻ കരുതിയത്. ഗൗരി ……ഗൗരി……….. ” ഗൗരി … നീ എവിടെയാ…. ?” അനന്തൻ അവളെ വിളിച്ചു കൊണ്ട് കുറച്ച് മുന്നോട്ടു നടന്നു. ” ഈ പെണ്ണ് ആരോടും പറയാതെ എങ്ങോട്ട് പോയതാ …. ?” ഗൗരിയെ കാണാതെ വന്നപ്പോൾ അനന്തന് ചെറിയൊരു ആശങ്ക തോന്നി. ” എന്റെ ദേവീ … ആ കുട്ടിക്ക് ഒന്നും പറ്റരുതേ …

നീ തന്നെ കാത്തോണേ.” രാമേട്ടൻ ഭയത്തോടെ നെഞ്ചത്ത് കൈവച്ചു. ” ഗൗരി മോളേ ….. ഗൗരി…. ” രാമേട്ടനും ഗൗരിയെ തിരഞ്ഞ് കാവിന്റെ വടക്ക് ഭാഗത്തേയ്ക്ക് നടന്നു. ” ഇങ്ങോട്ടേയ്ക്ക് എങ്ങാനുമാണോ ആ കുട്ടി വന്നിരിക്കുന്നത്…. എന്നാൽ ജീവനോടെ കിട്ടുമോ എന്തോ …. ? ” ആരോടെന്നില്ലാതെ സ്വയം സംസാരിച്ചു കൊണ്ട് രാമൻ ചുറ്റിലും അവളെ തിരഞ്ഞ് നടന്നു. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 അടഞ്ഞുപോയ കണ്ണുകൾ പതിയെ വലിച്ചു തുറന്ന് ഗൗരി നിലത്തു നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.

അവളുടെ കണ്ണുകൾ ഉടക്കിയത് പൊടി പിടിച്ച് ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ കുഞ്ഞിന്റെ ചിത്രത്തിലേക്കാണ്. ഗൗരി നിലത്തു നിന്ന് ചാടിയെഴുന്നേറ്റ് ചുറ്റിലും നോക്കി. താനൊരു പഴയ വീടിന്റെ അകത്തളത്തിലാണെന്ന് അവൾക്ക് മനസ്സിലായി. അവൾ മുറിയ്ക്ക് ചുറ്റും കണ്ണോടിച്ചു. എങ്ങും പൊടിപടലങ്ങൾ , തൂങ്ങിക്കിടക്കുന്ന മാറാലകൾ …. വർഷങ്ങളായി തുറക്കാതെ അടഞ്ഞു കിടക്കുന്ന മുറിയുടെ മടുപ്പിക്കുന്ന ഗന്ധം ,വെളിച്ചം മങ്ങിയ ഒരു മുറി .

ഒരു നിമിഷം ഗൗരി മുറി മുഴുവൻ വീക്ഷിച്ച് തനിക്ക് രക്ഷപ്പെടാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോയെന്ന് കണ്ണുകൾ കൊണ്ട് തിരഞ്ഞു . ജനലുകളില്ലാതെ വാതിൽ മാത്രമുള്ള ഒരു ചെറിയമുറിയായിരുന്നു അത് . എയർ ഹോളിലൂടെ വരുന്ന വെളിച്ചമാണ് ആ മുറിക്ക് വെളിച്ചം നൽകിയത്. ഇടുങ്ങിയ ആ മുറിക്കുള്ളിൽ ശ്വാസമെടുക്കാൻ പോലും ഗൗരിയ്ക്ക് ബുദ്ധിമുട്ട് തോന്നി. ഇരുട്ടു മുറിയിലെ മിന്നാമിന്നി വെളിച്ചം പോലെ പ്രതീക്ഷയുടെ ചെറുതരി വെട്ടമായി അവളുടെ കണ്ണുകളിൽ പഴയ രീതിയിൽ കൊത്തുപണി ചെയ്ത ഒരു വാതിൽ കണ്ടു.

വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഗൗരി തനിക്ക് എതിർഭാഗത്തായി കണ്ട വാതിലിൽ ചെന്ന് തട്ടി നോക്കി. അടഞ്ഞു കിടന്ന വാതിൽ വലിച്ചു തുറക്കാൻ ശ്രമിച്ചു. ” അയ്യോ …. രക്ഷിക്കണേ …. വാതിൽ തുറക്ക് ….. ” ഗൗരി തന്നാൽ കഴിയും വിധം ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു. കൈത്തണ്ട കൊണ്ട് അവൾ ശക്തിയിൽ വാതിലിൽ തട്ടി . അവളുടെ ശ്രമങ്ങളെല്ലാം വെറും പാഴ്ശ്രമങ്ങളായി തുടർന്നു കൊണ്ടിരുന്നു. പുറത്തു നിന്ന് താഴിട്ടു പൂട്ടിയ വാതിലാണെന്ന് അവൾക്ക് മനസ്സിലായെങ്കിലും മറ്റു വഴികളൊന്നുമില്ലാതെ ഗൗരി വീണ്ടും വീണ്ടും വാതിൽ തുറന്ന് രക്ഷപ്പടാനുള്ള അവളുടെ ശ്രമം തുടർന്നുകൊണ്ടിരുന്നു.

എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടുക എന്നതു മാത്രമായിരുന്നു അവളുടെ ആഗ്രഹം. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന് അവളുടെ ഉള്ളിൽ ആരോ മന്ത്രിക്കുന്നതു പോലെ ഭയം അലയടിച്ചു കൊണ്ടിരുന്നു. കുറച്ച് നേരത്തെ കഠിന പരിശ്രമത്തിന് ഒടുവിൽ ഗൗരി തന്റെ ശ്രമങ്ങൾ ഉപേക്ഷിച്ച് തളർന്ന് നിലത്തിരുന്നു. അവളുടെ മനസ്സിൽ നിരാശയും ഭയവും കൂടിക്കലർന്ന വികാരങ്ങൾ രൂപപ്പെട്ടു. മനസ്സിൽ സങ്കടം നിറഞ്ഞപ്പോൾ ഗൗരിക്ക് അവളുടെ അമ്മയുടെ മുഖം ഓർമ്മ വന്നു. ആ മുഖം മനസ്സിൽ തെളിഞ്ഞതും അവളൊരു കൊച്ചുക്കുട്ടിയെ പോലെ അമ്മയുടെ അരികിലേക്ക് ഓടിയെത്താൻ മനസ്സുകൊണ്ട് കൊതിച്ചു.

” പോകണ്ട മോളേ … ഏട്ടത്തി പറയുന്നത് കേൾക്ക് … ” ആതിരയുടെ വാക്കുകൾ ഗൗരിയുടെ ചെവിയിൽ അലയടിച്ചു. ” ആതിരേടത്തി പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു….. എന്നെ രക്ഷിക്കാൻ ആരുമില്ലല്ലോ …. ഈശ്വരാ … ഞാൻ എങ്ങനെ രക്ഷപ്പെടും ? ഇവിടെ കിടന്ന് മരിക്കാനാവും എന്റെ വിധി …. ” ആതിര നിരാശയോടെ കാൽ മുട്ടുകളിൽ മുഖം അമർത്തി ഉറക്കെ കരഞ്ഞു. ആ മുറിയിലെ നിശബ്ദത പോലും അവളെ ഭയപ്പെടുത്തിയിരുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം മുറിയിലുള്ള വെളിച്ചം പതുക്കെ പതുക്കെ കുറഞ്ഞു വരുന്നത് ഗൗരിയുടെ ശ്രദ്ധയിൽ പെട്ടു. അവളാകെ വിയർക്കാൻ തുടങ്ങി.

മുറിയുടെ അന്തരീക്ഷമാകെ മാറി മറയുന്നതും തറയിൽ വിള്ളലുകൾ രൂപപ്പെടുന്നതും ഗൗരി ഞെട്ടലോടെ അതിലുപരി ആശങ്കയോടെ നോക്കി നിന്നു. ” ആ …. ആ ….. മുറി കുലുങ്ങുന്നതു പോലുള്ള അലറി കരച്ചിൽ കേട്ടതും ഗൗരി ഞെട്ടി തിരിഞ്ഞ് ചുറ്റും നോക്കി. തറയിലെ വിള്ളലുകൾ കൂടുതൽ വേഗത്തിൽ ചുറ്റുപ്പാടിലേയ്ക്ക് വ്യാപിച്ചു. മുറിയുടെ ഒരു കോണു മുതൽ മറു കോണു വരെ മുറിയിൽ മുഴുവൻ രക്തം ഒഴുകാൻ തുടങ്ങി. ആ കാഴ്ച്ച കാണവേ ഗൗരിയുടെ ശരീരമാകെ ഭയത്താൽ വിറയ്ക്കാൻ തുടങ്ങി. ഒരടി പോലും മുന്നോട്ട് വയ്ക്കാൻ കഴിയാതെ ശില പോലെ നിന്ന അവളുടെ പാദങ്ങളിൽ ഒഴുകി വന്ന രക്തത്തുള്ളി സ്പർശിച്ചതും ഭീകര ശബ്ദത്തോടെ തറ ഇടിഞ്ഞ് അവളെയും കൊണ്ട് താഴേയ്ക്ക് പോയതും ഒപ്പമായിരുന്നു…… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…