Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 19

എഴുത്തുകാരി: അഞ്ജു ശബരി


അവർ രണ്ടും കൂടെ നവിയുടെ വണ്ടിയിൽ പാലക്കാടേക്ക് യാത്ര തിരിച്ചു..

അസമയത്ത് ഉള്ള യാത്രയായതിനാൽ അനുവിന്റെ വേഷം ജീൻസും ടീഷർട്ടും ആയിരുന്നു…

നവിയുടെ വണ്ടി അത്യാവശ്യം നല്ല സ്പീഡിൽ തന്നെയായിരുന്നു… അനു പുറത്തേക്ക് നോക്കി ഇരുന്നു… മലകളുംകാടും നിറഞ്ഞ ഭൂപ്രകൃതി അവളെ വല്ലാതെ ആകർഷിച്ചു..

നവി ഇടക്ക് അനുവിനെ തിരിഞ്ഞ് നോക്കി… അവളുടെ മുഖത്ത് ഒരു ഭയം അവൻ കണ്ടു..

എന്താ.. അനു.. വല്ലാതിരിക്കുന്നത്.. എന്തെങ്കിലും പ്രശ്നമുണ്ടോ…

“ഏയ്‌ ഇല്ല നവി… ”

“തനിക്ക് സ്പീഡ് പേടിയാണോ?? ”

“മ്മ്.. കുറച്ചു…”

“എന്നാ അതങ്ങ് പറഞ്ഞാപ്പോരേ… എടോ നേരമിരുട്ടുന്നതിനു മുന്നേ ഹൈറേൻജ് ഇറങ്ങിയില്ലെങ്കിൽ വണ്ടിയോടിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്… ഒന്നാമതെ കോട മഞ്ഞു വന്നു നിറയും… പിന്നെ കാട്ടുമൃഗങ്ങൾ ഇറങ്ങും.. ”

“നമുക്ക് ഇരുട്ടുന്നതിനു മുൻപ് മുണ്ടക്കയം എങ്കിലും കഴിയണം…തനിക് പേടിയുണ്ടെങ്കിൽ കണ്ണടച്ചു കിടന്നോ… ”

“ഏയ്‌ ഇല്ല നവി… ”

അനു അങ്ങനെ പറഞ്ഞെങ്കിലും കുറച്ച് കഴിഞ്ഞപ്പോഴേക്കും നല്ല ഉറക്കത്തിലായിരുന്നു….

മുണ്ടക്കയം ടൗണിലെ ഒരു ചെറിയ തട്ടുകടയുടെ മുന്നിൽ നവി വണ്ടിയൊതുക്കി…

എന്നിട്ട് അനുവിനെ നോക്കി…

ചെറിയ കുട്ടികളെപ്പോലെ നിഷ്കളങ്കമായി അവൾ ഉറങ്ങുന്നത് കണ്ടപ്പോൾ നവി അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…

പെട്ടെന്ന് ഒരു വണ്ടിയുടെ ലൈറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ അനു കണ്ണു ചിമ്മിത്തുറന്നു… അപ്പോൾ കണ്ടത് അവളെത്തന്നെ നോക്കിയിരിക്കുന്ന നവിയെയാണ്…

താൻ നോക്കുന്നത് അനു കണ്ടപ്പോൾ അവന്‌ ജാള്യത തോന്നി അവൻ വേഗം വണ്ടിയിൽ നിന്ന് പുറത്തിറങ്ങി..

“ഡോട്ടരെ വല്ലോം കഴിക്കണമെങ്കിൽ ഇറങ്ങി വായോ.. ”

പുറത്ത് നിന്ന് അകത്തേക്ക് നോക്കികൊണ്ട് നവി പറഞ്ഞു..

അനു വേഗം പുറത്തിറങ്ങി..

നിറയെ ആളുകൾ നിന്ന് ഭക്ഷണം കഴിക്കുന്ന തട്ടുകട കണ്ടപ്പോൾ അവളൊന്നു നിന്നു…

അനു വരുന്നില്ല എന്ന് കണ്ടപ്പോൾ നവി തിരിച്ചു വന്നു..

“എന്താ ഡോട്ടരെ എന്ത് പറ്റി.. ”

“ഏയ്‌ ഒന്നുമില്ല.. ”

“പിന്നെന്താ വരാത്തത്… ഇതുപോലുള്ള സ്ഥലത്തെ ഫുഡ് കഴിക്കില്ലേ… ഫൈവ്സ്റ്റാർ റെസ്റ്റോറന്റിൽ മാത്രമേ മാഡം കേറുള്ളോ.. ”

“അങ്ങനല്ല നവി… ”

“പിന്നെന്താ.. ”

“ഞാൻ… എനിക്കിതൊന്നും ശീലമില്ല… ഞാൻ ആദ്യമായി ആണ് തട്ടുകടയിൽ… അവിടെയൊക്കെ നിറയെ ആണുങ്ങൾ അല്ലെ എനിക്കെന്തോ ഒരു മടിപോലെ.. ”

“ഓഹ് അതാണോ.. എന്നാ താനിവിടെ നിൽക്ക് ഞാൻ പോയി വാങ്ങി വരാം.. ”

നവി വേഗം പോയി നല്ല ചൂട് തട്ടുദോശയും ബീഫ് റോസ്റ്റും കട്ടൻചായയും വാങ്ങിക്കൊണ്ടു വന്നു.. ”

“ഇന്നാ കഴിക്ക്.. ”

അവർ രണ്ടുപേരും കൂടെ ജീപ്പിന്റെ മുന്നിൽ നിന്ന് കഴിച്ചു..

“എങ്ങനുണ്ട് തട്ടുകട ഫുഡ്‌.. മാഡം കഴിച്ചിട്ടുള്ള ഫൈവ്സ്റ്റാർ ഫുഡിന്റെ ഏഴയലത്തു വരില്ലായിരിക്കും അല്ലെ.. ”

അനു നെറ്റിചുളിച്ചു നവിയെ ഒന്ന് നോക്കി..

“അതിന് ഞാൻ എപ്പോഴാ ഫൈവ്സ്റ്റാർ റെസ്റ്റോറന്റിൽ പോയത്… അച്ഛൻ മരിച്ചതിനു ശേഷം പുറത്ത് നിന്ന് ഒരുഗ്ലാസ്സ് വെള്ളം പോലും കുടിച്ചിട്ടില്ല… ഇല്ലാഞ്ഞിട്ടല്ല.. പൈസയുടെ വില മനസ്സിലാക്കിയത് കൊണ്ടാണ് നവി.. ”

അനുവിന്റെ സംസാരം കേട്ട് നവി വല്ലാതായി… അവൻ വേഗം അവൾ കഴിച്ച പാത്രം വാങ്ങി പൈസ കൊടുക്കാനായി കടയിലേക്ക് നടന്നു..

അവൻ തിരിച്ചു വന്നപ്പോഴേക്കും അനു ജീപ്പിന്റെ ഉള്ളിൽ കയറിയിരുന്നു..

നവി വന്നു വണ്ടിയെടുത്തു..

“നവനീത്… ”

“മ്മ്… എന്തെ ”

“താങ്ക്സ് ഫോർ ദിസ്‌ വണ്ടർഫുൾ സ്ട്രീറ്റ്‌ലൈറ് ഡിന്നർ… ”

“ഏഹ്… എന്താ.. “..

“അല്ല ഇതുപോലെ കുറച്ചു നല്ല നിമിഷങ്ങൾ തന്നതിന് താങ്ക്സ്…. ”

“ഓഹ് അത് നീ കയ്യിൽ വെച്ചോ ആവശ്യം വരുമ്പോൾ ഞാൻ വാങ്ങിക്കോളാം.. ”

അതും പറഞ്ഞു നവി അനുവിനെ കലിപ്പിച്ചു ഒന്ന് നോക്കി..

“എന്റെ കാട്ടാളാ… നിനക്കീ കലിപ്പൻ സ്വഭാവം കളഞ്ഞിട്ട് ആ പഴയ നവനീത് ആയിക്കൂടെ.. ”

“ഞാനെങ്ങനെ ആയാൽ നിനക്കെന്താ… ഞാനിങ്ങനാ… ആ എന്നെ ഇങ്ങനെ സഹിക്കാൻ പറ്റുമെങ്കിൽ സഹിച്ചാൽ മതി.. ”

“അത് ശരിയാ എനിക്കെന്താ… ഞാനല്ലല്ലോ സഹിക്കേണ്ടത് നിന്റെ ആമിയല്ലേ.. ”

അത് പറഞ്ഞപ്പോൾ അനുവിന്റെ ശബ്ദത്തിൽ ചെറിയ വിറയൽ പോലെ നവിക്ക് തോന്നി…

നവി അനുവിനെ നോക്കിയപ്പോൾ അവൾ പുറത്തേക്ക് കണ്ണു നട്ടിരിക്കുന്നു…

കുറച്ചു കഴിഞ്ഞപ്പോഴേക്കും അനു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..

വണ്ടി കയ്യിൽ നിന്നും പാളി റോഡിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് നവി ചവിട്ടി നിർത്തിയത്…

“ശേ ഇതെന്താ പതിവില്ലാത്തപോലെ മയക്കം വരുന്നല്ലോ… ഇനിയും മൂന്ന് മണിക്കൂർ ഉണ്ട് പാലക്കാട്‌ എത്താൻ ഇങ്ങനെ പോയാൽ ശരിയാവില്ല… ”

നവി അനുവിനെ നോക്കി…

വണ്ടി സ്ലിപ് ആയതൊന്നും കക്ഷി അറിഞ്ഞിട്ടില്ല..

“അതെങ്ങനെ കൂടെയുള്ള ആൾ കൂർക്കം വലിച്ചുറങ്ങുമ്പോൾ ബാക്കിയുള്ളവന് എങ്ങനെ ഉറക്കം വരാതിരിക്കും… ”

അവൻ വണ്ടി കുറച്ചു ഒതുക്കി നിർത്തിയിട്ട് ഒന്ന് മയങ്ങാനായി കണ്ണടച്ചു കിടന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

“സുമിത്രാമ്മേ… മതി നിന്ന് മഞ്ഞുകൊണ്ടത്… അകത്തേക്ക് കയറി ഇരിക്ക്.. ”

“അനു വന്നില്ലല്ലോ മോളെ.. ”

“അനുവേച്ചി എത്താൻ സമയമാകുന്നെ ഉള്ളു.. അഞ്ചുമണിക്ക് അല്ലെ ഇറങ്ങിയത്.. അപ്പൊ ഇങ്ങെത്തുമ്പോഴേക്കും പാതിരാത്രി പന്ത്രണ്ടു മണിയെങ്കിലും ആകും.. അതുവരെ സുമിത്രാമ്മയ്ക്ക് ഇങ്ങനെ നിൽക്കാൻ പറ്റില്ലല്ലോ.. ”

“എന്നാലും മോളെ.. അവളെന്തു ഭാവിച്ചാ ഈ പാതിരാത്രി വരുന്നത്.. ”

“അതിന് ചേച്ചി ഒറ്റക്കല്ലല്ലോ ഫ്രണ്ട് കൂടെയുണ്ടെന്നല്ലേ പറഞ്ഞത്.. ”

“ഏത് ഫ്രണ്ടായാലും അതൊരു പയ്യനല്ലേ.. അവളെന്തു വിശ്വസിച്ചാ അവനൊപ്പം ഈ രാത്രിയിൽ.. ”

“അമ്മക്ക് ചേച്ചിയെ അറിയത്തില്ലേ പിന്നെന്തിനാ ഈ ടെൻഷൻ ചേച്ചിക്ക് അത്രയ്ക്ക് ഉറപ്പുള്ള ഫ്രണ്ട് ആയതുകൊണ്ടാവും ഈ സമയത്ത് വരുന്നത്.. ”

“അമ്മ വന്നു കഞ്ഞികുടിച്ചേ.. മരുന്ന് കഴിക്കാനുള്ളതാ… സമയത്ത് ഭക്ഷണവും മരുന്നും കഴിച്ചില്ലെങ്കിൽ ചേച്ചി എന്നെയാ ചീത്ത പറയുന്നത്.. ”

അതും പറഞ്ഞു നാദി സുമിത്രാമ്മയെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോകാൻ നോക്കി

“ഓഹ് ഈ പെണ്ണിന്റെ കാര്യം.. വിടെടി പെണ്ണെ ഞാൻ വരാം.. ”

അകത്തേക്ക് കയറുമ്പോഴും സുമിത്രാമ്മ തിരിഞ്ഞ് തിരിഞ്ഞു പടിപ്പുരയിലേക്ക് നോക്കുന്നുണ്ടായിരുന്നു

💮💮💮💮💮💮💮💮💮💮💮💮💮💮💮

ക്ഷേത്രത്തിന്റെ മുന്നിൽ വിവാഹത്തിനായി തയ്യാറാക്കിയ ഒരു മണ്ഡപം അതിനുള്ളിൽ പയ്യന്റെ സ്ഥാനത്തു ഇരിക്കുന്ന നവനീത്…

തൊട്ടുമുന്നിൽ ആമി നിൽക്കുന്നുണ്ട്…

പക്ഷെ പെട്ടെന്ന് താലവുമേന്തി സർവ്വാഭരണവിഭൂഷിതയായി മറ്റൊരു പെൺകുട്ടി നവിയുടെ അടുത്ത് വന്നിരുന്നു..

അപ്പോൾ നവി പകപ്പോടെ ആമിയെ നോക്കി..

അവളുടെ നെറുകയിൽ സിന്ദൂരവും കഴുത്തിൽ താലിയുമുണ്ടായിരുന്നു..

നവി വീണ്ടും അടുത്തിരുന്ന പെൺകുട്ടിയെ നോക്കി..

അനു.. അനുരാധ.. നീയെന്താ ഇവിടെ..

പെട്ടെന്ന് ഒരു വണ്ടിയുടെ നീട്ടിയുള്ള ഹോൺ കേട്ട് നവി ഞെട്ടിയുണർന്നു..

അപ്പോഴാണ് അവൻ വണ്ടിയിലിരുന്നു മയങ്ങിപോയതാണെന്നു മനസ്സിലായത്..

“എന്നാലും ഇതെന്താ ഇങ്ങനെ ഒരു സ്വപ്നം… പലപ്പോഴും ആമിയെ ഓർക്കുമ്പോൾ എന്റെ മുന്നിൽ തെളിയുന്നത് ഇവളുടെ മുഖം ആണല്ലോ എനിക്ക് എന്താ പറ്റിയത്… ഞാനെന്തിന് ഇവളെ ഓർക്കുന്നത്… ”

നവി തന്റെ പേഴ്സൽ നിന്നും ആമിയുടെ ഫോട്ടോ പുറത്തെടുത്തു..

ചിരിച്ചുകൊണ്ടിരിക്കുന്ന ആമിയുടെ മുഖം കണ്ടപ്പോൾ അവന്റെ കണ്ണു നിറഞ്ഞു വന്നു..

“എവിടേക്കാ ആമി നീ എന്നെ വിട്ടു പോയത്… ഒരുപക്ഷേ നമ്മൾ തമ്മിൽ ഇനിയൊരിക്കലും കണ്ടുമുട്ടിയില്ലെങ്കിലും എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും…”

നവനീത് ഫോട്ടോ തിരികെ പേഴ്സിലേക്ക് വെച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു..

പാലക്കാട് ടൗൺ എത്തിയപ്പോഴേക്കും സമയം ഏതാണ്ട് 11 മണി കഴിഞ്ഞിരുന്നു..

നവനീത് അനുവിനെ തട്ടിയുണർത്തി…

“എന്റെ ഡോക്ടറെ ഇത് എന്തൊരു ഉറക്കമാ… ”

“സോറി നവി… ”

“സോറി ഒന്നും വേണ്ട ഇനി എങ്ങോട്ടാ പോകേണ്ടത് പോകുന്ന വഴി പറഞ്ഞു താ നമ്മൾ പാലക്കാട് എത്തി… ”

അനു വേഗം കണ്ണും തിരുമി ചുറ്റും നോക്കി…

“നവി കുറച്ചുകൂടി മുന്നോട്ട് പോകണം എന്നിട്ട് ആദ്യം കാണുന്ന ടൗണിൽ നിന്നും വലത്തോട്ട് തിരിയുക..”

വീടിന്റെ പടിപ്പുര കടന്ന് ഒരു ഭാഗത്തായി നവി വണ്ടി ഒതുക്കി… അനു വേഗം ഇറങ്ങിച്ചെന്ന് കോളിംഗ് ബെൽ അടിച്ചു…

അപ്പോഴേക്കും നൗഫൽ വാതിൽ തുറന്ന് ഇറങ്ങിവന്നു…

“ഇക്കാ ഇവിടെ ഉണ്ടായിരുന്നോ.. ”

“പിന്നെ നീ വരുമെന്ന് പറഞ്ഞിട്ട് ഇത്രയും നേരമായിട്ടും കാണാതായപ്പോൾ ടെൻഷനായി അതുകാരണം ഞങ്ങളെല്ലാവരും അമ്മയോടൊപ്പം ഇവിടെത്തന്നെ ഉണ്ടായിരുന്നു… ”

“എന്നിട്ട് അമ്മ എവിടെ… ”

അപ്പോഴേക്കും സുമിത്രാമ്മ ഇറങ്ങി വന്നു..

“മോളെ അനു… നീ എത്തിയോ… എന്താ ഇത്രയും താമസിച്ചത്.. ”

“ഇത്രയും ദൂരം വണ്ടിയോടിച്ച വരണ്ടേ അമ്മേ… ”

“എവിടെ നിന്റെ കൂടെയുള്ള ഫ്രണ്ട്… ” നൗഫൽ ചോദിച്ചു..

“അയ്യോ അത് മറന്നു ഒരു മിനിറ്റ് എന്ന് വിളിച്ചിട്ട് വരാം.. ”

അതും പറഞ്ഞു അനു ജീപ്പിന്റെ അടുത്തേക്ക് പോയി..

“സോറി നവി.. അകത്തേക്ക് കേറി വാ…”

“ഞാൻ തിരിച്ചു പോകാമെന്ന് കരുതി നിൽക്കുകയായിരുന്നു.. ”

“സോറി പറഞ്ഞില്ലേ പെട്ടെന്ന് അമ്മയെ കണ്ട സന്തോഷത്തിൽ ഞാൻ തന്റെ കാര്യം മറന്നു പോയി.. ”

“അതൊന്നും സാരമില്ല.. ”

അനു നവിയെയും കൂട്ടി അകത്തേക്ക് കയറി വന്നു..

“അമ്മേ ഇത്… ”

സുമിത്രാമ്മയെ കണ്ടപ്പോൾ നവനീത് വേഗം ഓടിച്ചെന്ന് അമ്മയുടെ കയ്യിൽ പിടിച്ചു…

അമ്മേ അമ്മയ്ക്ക് എന്നെ മനസ്സിലായോ…

ഒന്നും മനസ്സിലാവാത്തത് സുമിത്രാമ്മ അനുവിനെ നോക്കി…

അമ്മയ്ക്ക് നല്ലതുപോലെ അറിയാവുന്ന ഒരാളാണ്..

“എനിക്ക് മോനെ മനസ്സിലായില്ലല്ലോ… ”

“അമ്മേ ഇത് നവനീത്… നമ്മുടെ ശത്രു കുടുംബത്തിലെ അംഗമാണ്… ”

അത് കേട്ടതും സുമിത്രാമ്മ വേഗം നവിയുടെ കയ്യിലെ പിടുത്തം വിട്ടു…

“നീ.. നീ… എന്താ ഇവിടെ… അനു എന്താ ഇതൊക്കെ.. ”

“അമ്മ തെറ്റിദ്ധരിക്കേണ്ട… ഞാൻ ഏട്ടന്റെ വഴിയെ പോയിട്ടൊന്നുമില്ല.. ”

“അമ്മയ്ക്ക് നവനീതിനെ അറിഞ്ഞുകൂടെ.. ആ പഴയ നവനീത് തന്നെയാണ് ഇപ്പോഴും ഒരു മാറ്റവും ഇല്ല… എന്നെ സഹായിക്കാൻ വേണ്ടി എന്നോടൊപ്പം വന്നതാ ബാക്കി ഒക്കെ ഞാൻ അമ്മയോട് പിന്നെ വിശദമായി പറയാം..”
അനു അമ്മയെ സമാധാനിപ്പിച്ചു..

എന്നിട്ടും സുമിത്രാമ്മ വിശ്വാസം വരാതെ നിന്നു..

“അമ്മക്ക് അമ്മേടെ മോളെ വിശ്വാസം ഉണ്ടോ.. ഉണ്ടെങ്കിൽ നവിയെയും വിശ്വസിക്കാം.. ”

“അമ്മ എന്നെ വിശ്വസിക്കണം ചതിക്കില്ല ഒരിക്കലും… ”

അത് പറയുമ്പോൾ നവിയുടെ ശബ്ദം ഇടറുന്നുണ്ടാരുന്നു..

“ഞാൻ ചോറ് വാരി തന്ന് വളർത്തിയ എന്റെ മക്കളെ എനിക്ക് വിശ്വാസമാണ്… ആ പഴയ നവനീതാണ് നീയെങ്കിൽ നിന്നെ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.. ”

സുമിത്രാമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആണ് അനുവിന് സമാധാനമായത്..

“വാ മക്കളെ അകത്തേക്ക് കയറി വാ നിങ്ങൾ എന്തെങ്കിലും കഴിച്ചോ… ”

“അതൊക്കെ കഴിച്ചു അമ്മെ എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മതി… ഭയങ്കര ക്ഷീണം.. ”

“അമ്മേ ഞാൻ ഇവിടെ അടുത്ത് ഏതെങ്കിലും ഹോട്ടലിൽ റൂം എടുത്തോളാം… അനുവിനെ ഇവിടെ ആക്കാൻ വേണ്ടി വന്നതാ.. ഞാൻ നാളെ രാവിലെ വരാം… ”

“അതെന്താ നവി അങ്ങനെ.. ” അനു ചോദിച്ചു..

“ഞാനിവിടെ നിന്നാൽ നിങ്ങൾക്കതൊരു ബുദ്ധിമുട്ട് ആകും… ”

“ഡാ.. ചെക്കാ നീ എന്റെ കയ്യിൽ നിന്ന് നല്ല അടി വാങ്ങിച്ചു കൂട്ടും മര്യാദയ്ക്ക് കയറിവന്നോ ഇങ്ങോട്ട്… ”

സുമിത്രാ ദേഷ്യപ്പെട്ട് നവിയുടെ നേരെ കൈ ഓങ്ങിയപ്പോൾ നവി മര്യാദക്കാരനായി അവരോടൊപ്പം അകത്തേക്ക് കയറി…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18