Tuesday, January 21, 2025
Novel

കനിഹ : ഭാഗം 4

ചില നേരത്ത് കനിഹയോട് അസൂയയാണ് തോന്നുന്നതെന്ന് പ്രസാദ് തിരിച്ചറിഞ്ഞു. ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കുന്നൊരു പെൺകുട്ടി. പ്രതിസന്ധികളെ പുഞ്ചിരിച്ചു കൊണ്ട് നേരിടുന്നവൾ.ക്ലാസ്സിൽ പഠിപ്പിക്കുമ്പോഴുമെല്ലാം ഒരു പ്രത്യേക ശ്രദ്ധ കനിഹയിൽ ഉണ്ടായിരുന്നു. അവളെ കാണുമ്പോഴെല്ലാം തന്റെ സ്കൂൾ കാലമാണ് പ്രസാദിന്റെ മുന്നിൽ തെളിയുന്നത്. പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മറ്റെല്ലാ ഉല്ലാസങ്ങളും സന്തോഷങ്ങളും ത്യജിച്ചു തീർത്ത സ്കൂൾ ജീവിതം. പ്രൈമറി സ്കൂൾ മുതൽ ക്ലാസ്സിൽ ഒന്നാമനായി, ടീച്ചേഴ്സിന്റെ പ്രിയ വിദ്യാർത്ഥിയായി മുൻബെഞ്ചിൽ സ്ഥാനം പിടിച്ചവൻ.

നന്നായി പഠിക്കണമെന്നും ടീച്ചേഴ്സിന്റെ ഗുഡ് ലിസ്റ്റിൽ ഉൾപ്പെടണമെന്നും മാത്രമാണ് ചെറുപ്പം മുതൽ മനസിലുണ്ടായിരുന്നത്. ഒരു തവണ മാർക്ക് കുറഞ്ഞു പോയാൽ അടുത്ത തവണ അതിനേക്കാൾ മാർക്ക്‌ വാങ്ങുന്നത് വരെ ടെൻഷൻ ആണ്. “നന്നായി ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നിട്ട് മാർക്ക്‌ കുറഞ്ഞല്ലോ ” എന്നുള്ള ടീച്ചേഴ്സിന്റെ വാക്കുകളെയാണ് താൻ പേടിച്ചിരുന്നതെന്ന് പ്രസാദ് ഓർത്തു. മറ്റു കുട്ടികളും അധ്യാപകരും എന്ത് കരുതും എന്നുള്ള ചിന്തയായിരുന്നു അന്നൊക്കെ ഉള്ളിൽ. ചെറുപ്പം മുതലേ വാശി ആയിരുന്നു പഠിക്കാൻ, ഉയർന്ന മാർക്ക്‌ വാങ്ങാൻ, കൂടെ പഠിക്കുന്നവർക്ക് മുന്നിൽ ഒന്നാമനായി നിൽക്കാൻ..

സ്കൂളിലും കോളേജിലും എല്ലാം നമ്പർ വൺ സ്റ്റുഡന്റ് ആയി ജയിച്ചതും കഷ്ടപ്പെട്ട് പഠിച്ചു 24ആം വയസിൽ തന്നെ govt ജോലി നേടിയതുമെല്ലാം ആ വാശിപ്പുറത്താണ്. പഠിത്തത്തിൽ മികച്ചവനായി നിന്ന് അധ്യാപകരുടെ പ്രശംസ ഏറ്റു വാങ്ങുമ്പോൾ തന്റെ നേർക്ക് അസൂയയോടെ നീളുന്ന കണ്ണുകളെ കാൺകെ ഒരു തരം ഹരമായിരുന്നു ഉള്ളിൽ. പഠിക്കാൻ പിറകിലായ കുട്ടികളെയും ബാക്ക്ബെഞ്ചിലെ കുട്ടികളെയുമൊക്കെ അധ്യാപകർ ശകാരിക്കുമ്പോൾ അവരൊക്കെ ജീവിതത്തിൽ എങ്ങും എത്താൻ പോണില്ലന്ന് നിനച്ചിട്ടുണ്ട്.

മാർക്ക്‌ കുറഞ്ഞവരെ ടീച്ചേഴ്‌സ് ശകാരിക്കുന്നത് കാണുമ്പോൾ ഉയർന്ന മാർക്ക്‌ വാങ്ങി ക്ലാസ്സ്‌ ടെസ്റ്റുകൾ ജയിച്ച താനാണ് ഏറ്റവും മികച്ചവനെന്ന് കരുതി. പഠിത്തത്തിൽ പിറകോട്ടു നിൽക്കുന്നവരെ രണ്ടാം തരക്കാരായി കണ്ടു തുടങ്ങി. ഏറ്റവുമൊടുവിൽ തന്നെകണ്ടു പഠിക്കെന്ന് ആ കുട്ടികളോട് പറയുന്നത് കേൾക്കുമ്പോൾ ഉള്ളാലെ പുളകം കൊണ്ടിട്ടുണ്ട്. അപ്പോഴൊക്കെയും ജയിച്ചവൻ താനാണെന്ന് കരുതി.സന്തോഷിച്ചു, എല്ലാം നേടിയവനെന്ന് ഉള്ളിൽ അഹങ്കരിച്ചു. പക്ഷെ താൻ നേടിയതിനേക്കാൾ കൂടുതൽ നഷ്ടപ്പെടുത്തിയവയാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

ഓർമയിലെന്നും കാത്തുസൂക്ഷിക്കാൻ നല്ലൊരു സൗഹൃദം പോലുമില്ല സ്വന്തമായി. പേരിനു മിണ്ടിയിരുന്നത് പഠനത്തിൽ അല്പം നിലവാരം പുലർത്തിയിരുന്ന ആൺകുട്ടികളോടും പെൺകുട്ടികളോടും ആയിരുന്നു. ഇങ്ങോട്ട് കൂട്ട് കൂടാൻ വന്നവരെ പോലും അകറ്റി നിർത്തിയിട്ടേ ഉള്ളു. ആരുടേയും കൂടെ കൂടി പഠിത്തത്തിൽ ഉഴപ്പാൻ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. സ്കൂൾ, വീട് ട്യൂഷൻ സെന്റർ, എന്നിങ്ങനെ മൂന്നിടങ്ങളിലായി ഒതുങ്ങിതീർന്നു ചെറുപ്പകാലം. ഹയർ സെക്കന്ററി ആയപ്പോ തന്നെ ഏത് ജോലിയിലേക്ക് പോകണമെന്ന് വ്യക്തമായ തീരുമാനം ഉണ്ടായിരുന്നു.

ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ തന്നെ PSC പരീക്ഷയ്ക്ക് വേണ്ടിയും പഠിച്ചു തുടങ്ങി. എത്രയും വേഗത്തിൽ ഗവണ്മെന്റ് സെർവിസിൽ ജോലിക്ക് കയറുക എന്നതായിരുന്നു സ്വപ്നം. ഗവണ്മെന്റ് ജോലിയുള്ളവരെ മികച്ചവരായും അല്ലാത്തവരെ രണ്ടാം തരക്കാരുമായി കാണുന്ന സമൂഹത്തിനു മുന്നിൽ അയാൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു എന്നതാണ് സത്യം. എങ്ങനെയെങ്കിലും പഠിച്ചു സർക്കാർ ജോലി വാങ്ങി രക്ഷപെടാൻ നോക്കെന്നുള്ള ബന്ധുക്കളുടെയും പരിചയക്കാരുടെയും സ്ഥിരം പല്ലവി കേട്ടതുകൊണ്ട് ഊണും ഉറക്കവും കളഞ്ഞു പഠിച്ചു, 24ആം വയസ്സിൽ തന്നെ അത് നേടിയെടുത്തു.

പക്ഷെ എല്ലാം നേടിയിട്ടും, മനസ്സിൽ ഒരു സംതൃപ്തിക്കുറവ് അനുഭവപ്പെടാറുണ്ട് ഇടയ്ക്ക്. അധ്യാപനത്തിലേക്ക് തിരിഞ്ഞപ്പോഴും താൻ കണ്ടു വളർന്ന അധ്യാപകരെ അനുകരിക്കുകയായിരുന്നു. താൻ പഠിച്ചു വളർന്ന അതെ രീതിയിൽ മുന്നോട്ട് പോകാൻ തന്റെ മുന്നിലിരിക്കുന്ന കുട്ടികളെയും നിർദ്ദേശിക്കുകയായിരുന്നു. ” സാർ.. ഇതൊന്നുടെ പറഞ്ഞു തരുമോ ” ഏതോ കുട്ടി സംശയം ചോദിച്ചപ്പോഴാണ് പ്രസാദ് ഓർമകളിൽ നിന്ന് തിരികെ വന്നത്. യാതൊരു മടിയുമില്ലാതെ അവർക്ക് മനസിലാകുന്നത് വരെയും ക്ഷമയോടെ നിന്ന് സംശയം തീർത്തു കൊടുക്കുമ്പോൾ തന്റെ ഉള്ളിലെ പഴയ പ്രസാദിൽ നിന്നു മാറ്റങ്ങൾ ഉണ്ടാകുന്നത് അയാൾ അറിഞ്ഞു.

ഒരു പ്രോബ്ലം ചെയ്യാൻ കുട്ടികളെ ഏല്പിച്ച ശേഷം പ്രസാദ് കുറച്ചു സമയം വാതിലിനു അടുത്ത് പോയി നിന്നു.അവർക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും വീണ്ടും പഠിപ്പിക്കാതെ വെറുതെ ക്ലാസ്സിനെ ഒന്ന് നിരീക്ഷിച്ചു. അൽപനേരം കിട്ടുമ്പോ തന്നെ സംസാരത്തിന്റെ കെട്ടഴിച്ചിടുന്ന ചിലർ, ബുക്കിൽ ഓരോന്ന് കുത്തിക്കുറിച്ചിരിക്കുന്ന മറ്റു ചിലർ., പുറത്തേക്ക് നോക്കി പ്രകൃതി ഭംഗി ആസ്വദിക്കുന്ന കുറച്ചു പേർ, വരാന്തയിലൂടെ പോകുന്നവരെ കണ്ണുകൾ കൊണ്ട് പിന്തുടരുന്ന മറ്റു ചിലർ, ക്ലാസ്സിലിരുന്ന് ടീച്ചറിന്റെ കണ്ണ് വെട്ടിച്ചു എന്തൊക്കെയോ കഴിക്കുന്ന വിരുതന്മാർ, തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നവർ,തന്റെ ക്ലാസ്സിലിരുന്ന് മറ്റു സബ്ജെക്ടിന്റെ ഹോംവർക്ക് ചെയ്യുന്നവർ,

അല്പനേരം കിട്ടുമ്പോൾ തന്നെ ഡെസ്കിൽ തല ചായിച്ചു ഉറങ്ങുന്നവർ, അവരെ ശല്യം ചെയുന്നവർ, കണ്ണും കണ്ണും നോക്കിയിരിക്കുന്ന ചിലർ,കൂട്ടുകാരുടെ തോളിൽ ചാരി വിശേഷം പറയുന്നവർ, ബെഞ്ച് മാറി ഇരിക്കുന്നവർ, വഴക്ക് ഇടുന്നവർ, പരിഭവം പറയുന്നവർ, അടുത്ത കൂട്ടുകാരൻ അവധിഎടുത്തത് കൊണ്ട് മൂകമായി ഇരിക്കുന്നവർ,അങ്ങനെ എത്രയെത്ര കുട്ടികൾ. ചിലതൊക്കെ കാണവേ പ്രസാദിൽ ചിരി പൊട്ടി. ഇതൊക്കെ ഒരു കാലത്ത് കണ്ടിട്ടും കാണാത്തവനെ പോലെ നടന്നു ആ കൂട്ടത്തിലൊക്കെ ചേരാത്തതിൽ ആദ്യമായി വിഷമം തോന്നി. free ടൈമിൽ പോലും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്ന അയാളെ വേദനയോടെ ഓർത്തു.

ഒന്നുകൂടി തിരിച്ചു പോകാൻ കൊതി തോന്നുന്നു ആ ബാല്യത്തിലേക്ക്. ഒരിക്കൽ നഷ്ടപ്പെടുത്തിയ വർണങ്ങളിലേക്ക്. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങൾ ഏറെയാണ്. ആ സ്കൂൾ ജീവിതവും അതിന്റെ മധുരവും എല്ലാം നഷ്ടപ്പെടുത്തി കളഞ്ഞു താൻ.ഇനിയൊരു തിരിച്ചു പോക്ക് ഇല്ലന്നറിഞ്ഞിട്ടും വെറുതെ അയാൾ മോഹിച്ചു. ************ ദിവസങ്ങൾ ഓടിക്കൊണ്ടേ ഇരുന്നു. എത്ര വേഗമാണ് അധ്യയന വർഷത്തിന്റെ മുക്കാൽ ഭാഗത്തിലേറെയും കഴിഞ്ഞു പോയത്. അതോടൊപ്പം തന്നെ പരീക്ഷാചൂടിലേക്ക് കുട്ടികളും എത്തിയിരുന്നു.

മോഡൽ പരീക്ഷയും കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപ്പേപ്പർ വിശകലനവുമൊക്കെയായി എല്ലാവരും അവസാനവട്ട ഒരുക്കങ്ങളിലേക്ക് എത്തപ്പെട്ടു. കനിഹയിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടെന്നത് പ്രസാദിന് വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. അങ്ങനെ 10 ആം ക്‌ളാസുകാരുടെ സെന്റ് ഓഫ്‌ ദിവസം വന്നെത്തി. സ്കൂളിലെ അവരുടെ അവസാന ദിവസമാണ്. ഓരോരുത്തരും അവരവരുടെ അധ്യാപകരോടും പ്രിയപ്പെട്ട കൂട്ടുകാരോടുമൊക്കെയായി സംസാരിച്ചും യാത്ര ചോദിച്ചും രാവിലെ മുതൽ തിരക്കുകളിൽ ആയിരുന്നു. 3 ആഴ്ചകൾ കൂടി കഴിഞ്ഞാണ് എക്സാം തുടങ്ങുന്നത്.

അത് വരെ കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാം എന്നതും അവർക്ക് ആശ്വാസമായിരുന്നു. പരീക്ഷയക്ക് മുൻപായി കുട്ടികളോട് ആശംസകൾ അറിയിക്കാനും അവർക്ക് യാത്ര അയപ്പ് നൽകാനുമായി സെന്റ് ഓഫ്‌ ദിവസം എല്ലാ അധ്യാപകരും ഓരോ ക്ലാസ്സ്‌ മുറിയിലും എത്തിയിരുന്നു. എന്നാൽ അന്നത്തെ ദിവസം കനിഹ ക്ലാസ്സിൽ വന്നിരുന്നില്ല. ” കനിഹ എന്താ വന്നില്ലേ ” അവളോടൊപ്പം ഇരിക്കുന്ന കുട്ടിയോട് പ്രസാദ് ചോദിച്ചു ” കനിഹ തിരികെ പോയല്ലോ സാർ ” “എവിടേയ്ക്ക് ” ” മുംബൈലേക്ക് ആണെന്ന് പറഞ്ഞു ” ” അതെന്തു പറ്റി പെട്ടന്ന്… എക്സാം എഴുതാൻ വരില്ലേ ” ചെറിയൊരു അമ്പരപ്പോടെ അയാൾ ചോദിച്ചു.

” ഒന്നും അറിയില്ല.. പെട്ടന്ന് പോകേണ്ടുന്ന ആവിശ്യം ഉണ്ടെന്ന് പറഞ്ഞു. ചിലപ്പോൾ എക്സാമിനു വരുമായിരിക്കും സാർ. ” അവൾ പറഞ്ഞു. പ്രസാദിന് എന്തോ വല്ലായ്മ തോന്നി. പെട്ടന്ന് മുംബയിലേക്ക് തിരികെ പോകണമെങ്കിൽ എന്തോ കാര്യമുണ്ട്. ഒന്നും പറയാതെ, ആരെയും ഒന്നും അറിയിക്കാതെ എന്തിനായിരിക്കും അവൾ പോയതെന്ന് അറിയാൻ അയാളുടെ മനസ് തുടിച്ചു. മധുരം പങ്കുവെക്കലും ഫോട്ടോയെടുപ്പുമൊക്കെയായി സന്തോഷത്തോടെ ആ ദിവസം കടന്ന് പോകുമ്പോഴും എന്തോ ഒരു കുറവ് എല്ലാവർക്കും അനുഭവപ്പെട്ടു. ക്ലാസ്സിന് ഒരു ഉണർവ് ഇല്ലന്ന് മറ്റു ടീച്ചർമാരും അഭിപ്രായം പറഞ്ഞു.

ആ ഉണർവ് കനിഹ ആണെന്ന് ആരും പറയാതെ തന്നെ പ്രസാദിന് മനസിലായിരുന്നു. തന്റെ ഉള്ളിലെ എനെർജിയെ ചുറ്റുമുള്ളവരിലേക്കുകടത്തി വിട്ടു പാട്ടും ബഹളവുമൊക്കെയായി ക്ലാസ്സിനെ ഉണർത്തി നിർത്തുന്നത് അവളാണെന്ന് പോലും ചില നേരത്ത് പ്രസാദിന് തോന്നിപോയിട്ടുണ്ട്. പക്ഷെ ഒരു വാക്ക് പോലും പറയാതെ അവൾ പോയത് എന്തിനായിരിക്കുമെന്ന് അയാൾ ചിന്തിച്ചുകൊണ്ടേ ഇരുന്നു. തനിക്ക് വളരെ പ്രിയപ്പെട്ട ആരോ പോയത് പോലെയൊരു തോന്നൽ. ഇത്രയ്ക്കു അടുപ്പം തോന്നാനും മാത്രം അവൾ തന്റെ ആരാണ്.. ക്ലാസ്സിലെ സ്റ്റുഡന്റ്.. വെറുമൊരു സ്റ്റുഡന്റ്.. അത്ര മാത്രം.. അതോ അതിനുമപ്പുറം എന്തോ ഉണ്ടോ? ” ഉത്തരം കിട്ടാത്ത സമസ്യയായി ആ ചോദ്യം അയാളിൽ അവശേഷിച്ചു.

(തുടരും )

കനിഹ : ഭാഗം 3