Wednesday, December 18, 2024
Novel

ജീവരാധ: ഭാഗം 4

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

” അനൂ…. !!!!! ”

” അതേടി… നീ അറിയാത്ത ചില കാര്യങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ട്… എല്ലാം തുറന്നു പറഞ്ഞിട്ടും നിങ്ങളോട് ഞാൻ മറച്ചു വച്ച ചില രഹസ്യങ്ങളുണ്ട്..

ഇനി പറഞ്ഞിട്ട് കാര്യമില്ലാതുകൊണ്ടും..

ഇനി ഞാൻ അതൊന്നും ഓർക്കാൻ പോലും ആഗ്രഹിക്കാത്തതുകൊണ്ടും നിന്നോട് പറയാതെ മാറ്റിവെച്ചവ…”

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ഡിഗ്രി കഴിഞ്ഞ് നീ അങ്കിളിനോടൊപ്പം അമേരിക്കയിൽ പോയല്ലോ…

നഗരത്തിലെ പ്രശസ്തമായ ശ്രീ രാജാസ് കോളേജിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാനായി ഞാനും ചേർന്നു…msc ഫിസിക്സ്‌… നിനക്കറിയാലോ ഒർമ്മയുറക്കുംമുന്നേ അച്ഛൻ മരിച്ചതാണ്…

അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ എന്നെ എത്ര കഷ്ടപ്പെട്ടിട്ടാണ് വളർത്തിയതെന്നും…

ഞാൻ ഫസ്റ്റ് സെമ്മിൽ പഠിക്കുമ്പോഴാണ് അമ്മ തലചുറ്റി വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അമ്മയുടെ രോഗം അറിയുന്നത്.. അതോടെ ഞാൻ ആകെ തളർന്നു പോയിരുന്നു…

ടൗണിലുള്ള ഒരു റെഡിമേഡ് ഷോപ്പിൽ പകൽ മുഴുവൻ ജോലിചെയ്ത് വൈകീട്ട് ഷോപ്പ് ഉടമയുടെ വീട്ടിലെ ജോലിയും ചെയ്താണ് അമ്മ എന്നെ വളർത്തിയത്..

എന്നാൽ അമ്മ കിടപ്പിലായതോടെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു..

ബന്ധുക്കൾ ഒന്നുമില്ലാത്ത ഞങ്ങളെ കുറച്ചൊക്കെ സഹായിച്ചതും ഈ ഹോസ്പിറ്റലിൽ തന്നെ കാണിക്കാൻ പറഞ്ഞതുo ഷോപ്പ് മുതലാളി സേതുരാമൻ ആയിരുന്നു…

മരുന്നു കൊണ്ടു മാറും നമുക്ക് നോക്കാം എന്നായിരുന്നു ആദ്യമൊക്കെ ഡോക്ടർ പറഞ്ഞത്. അതുകൊണ്ടുതന്നെ വീട്ടിൽ അമ്മ കംമ്പ്ലീറ്റ് റെസ്റ്റിലായിരുന്നു. എനിക്ക് ഭയമായിരുന്നു…

അമ്മ കൂടി നഷ്ടപ്പെട്ടാൽ… !! അതുകൊണ്ട് അമ്മയെ ഞാൻ അനങ്ങാൻ പോലും സമ്മതിച്ചില്ല.. എങ്കിലും പണം ഞങ്ങൾക്ക് മുമ്പിൽ വലിയൊരു കടമ്പയായിരുന്നു…

പഠിത്തം നിർത്തി വല്ല കമ്പനിയിലും ജോലിക്ക് പോകാം എന്നൊക്കെ ഞാൻ പറഞ്ഞതാണ് പക്ഷേ അമ്മ സമ്മതിച്ചില്ല.

ഇതിനിടയിലാണ് സെം എക്സാം ഫീസ് അടക്കാൻ നോട്ടിഫിക്കേഷൻ വന്നത്. അന്ന് ലാസ്റ്റ് ഡേറ്റ് ആയിരുന്നു.

അമ്മ കരുതിവെച്ച പണം മുഴുവൻ ചികിത്സയ്ക്കും മരുന്നിനും ആയി ചെലവായിരുന്നു..

അന്നന്നത്തെ അന്നം കഴിക്കാൻ തന്നെ എന്തെങ്കിലും ഒരു വഴി നോക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു പ്രശ്നം വന്നത്..

ഒരു രണ്ടു ദിവസം അധികം കിട്ടുമോ എന്ന് അറിയാനാണ് ഞാൻ അന്ന് ഓഫീസിൽ പോയത്.

ഓഫീസിൽ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കയറുമ്പോൾ പ്രിൻസിപ്പൽ അവിടെനിന്ന് മറ്റൊരു ആൺകുട്ടിയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു…

 

തിളങ്ങുന്ന കാപ്പി കണ്ണുകളും കട്ടി മീശയും ചെറിയൊരു താടിയും നെറ്റിയിലേക്ക് വീണുകിടക്കുന്ന ചെറിയ മുടിയിഴകളും കൂടെ ബ്ലൂ ഷർട്ട്‌ ആൻഡ് ബ്ലാക്ക് ജീൻ…!!

” അപ്പോൾ ജീവൻ… ഞാൻ പറഞ്ഞു വന്നുകൊണ്ടിരുന്നത് എന്താണെന്നുവെച്ചാൽ കഴിഞ്ഞ കോളേജ് കലോത്സവത്തിൽ താൻ ബെസ്റ്റ് ആക്ടർ ആയിരുന്നു…

കൂടാതെ ബെസ്റ്റ് സിംഗറും… ആ പോയിന്റ് ഉള്ളത് കൊണ്ടുമാത്രമാണ് നമുക്ക് ഓവർ ആൾ കിരീടം നേടാനായത്… ഈ പ്രാവശ്യവും ഒരുകാരണവച്ചാലും കിരീടം നമുക്ക് മിസ്സാകാൻ പാടില്ല…..

സൊ യൂ ഷുഡ് ബീ വെരി കെയർഫുൾ… !!

” ഷുവർ സർ… !! ”

എം എ പൊളിറ്റിക്കൽ സയൻസ് സെക്കൻണ്ട് ഇയർ വിദ്യാർത്ഥിയായിരുന്നു ജീവൻ.
കോളേജിന്റെ ത്രസിപ്പിക്കുന്ന പാട്ടുകാരനും എല്ലാം പ്രാവിശ്യവും ബെസ്റ്റ് ആക്ടർ പട്ടവും നേടുന്ന അധ്യാപകരുടെ കണ്ണിലുണ്ണിയായ..

അതിലുപരി പെൺകുട്ടികളുടെ എല്ലാം ആരാധന കഥാപാത്രമായ ജീവൻ എന്ന വ്യക്തിയെക്കുറിച്ച് കുറെയേറെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരിട്ട് കാണുന്നത്..

എങ്ങനെ കാണാൻ… !!!പുള്ളി എപ്പോഴും പ്രാക്ടീസ്, പ്രോഗ്രാം അങ്ങനെയൊക്കെയായി പുറത്തായിരിക്കും..

ഇങ്ങനെയൊക്കെ ആണേലും പുള്ളി റാങ്ക് ഹോൾഡർ ആണെന്നാ കേട്ടത്..

ഒരു ഓൾ ഇൻ വൺ കലാകാരൻ… ഞാൻ അമ്പരപ്പോടെ പ്രിൻസിപ്പൽ മുന്നിൽ നിൽക്കുന്ന അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….!!!

അവനും എന്നെ തന്നെ ശ്രദ്ധിക്കുക ആണെന്ന് പ്രിൻസിപ്പലിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

” യെസ്… എന്താ കുട്ടി പറയു… ”

” അത് സർ… ഫസ്റ്റ് സേം ഫീ അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ഇന്നായിരുന്നു.. വീട്ടിൽ അമ്മയ്ക്ക് നല്ല സുഖമില്ല അതുകൊണ്ട് പണത്തിന് ചെറിയൊരു പ്രോബ്ലം ഒരു രണ്ടുദിവസം എക്സ്ടെണ്ട് ചെയ്ത് കിട്ടുമോ എന്നറിയാൻ…. !!””
ജീവന്റെ മുന്നിൽവച്ച് കാര്യം പറയാൻ എനിക്ക് കുറച്ചു പ്രയാസം ഉണ്ടായിരുന്നു..

” റൂൾ പ്രകാരം ഇന്ന് 4 മണിക്ക് മുന്നേ അടച്ചില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന… സാരമില്ല കുട്ടി വന്ന് പറഞ്ഞ സ്ഥിതിക്ക് മറ്റന്നാൾ ഉച്ചയ്ക്ക് മുന്നേ അടച്ചാൽ മതി..

ഒത്തിരി ലേറ്റ് ആക്കരുത് കേട്ടോ.. യൂണിവേഴ്സിറ്റി റൂളാണ്.. ”

” താങ്ക് യൂ സർ… !! ”

” കുട്ടി ഏത് ക്ലാസിലാണ്..? ”

” msc ഫിസിക്സ്‌ ഫസ്റ്റ് ഇയർ സർ… ”

” ഒക്കെ ശെരി ”
തിരിച്ച് നടന്ന് ഡോർ അടുക്കുമ്പോഴും ജീവന്റെ കണ്ണുകൾ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..

എന്തോ ആ കാപ്പി കണ്ണുകളിലെ തീവ്രമായ നോട്ടം എനിക്ക് ഒത്തിരി നേരം താങ്ങാനായില്ല. തിരിച്ചു ക്ലാസിലേക്ക് നടക്കുമ്പോൾ ജീവനെ ഓർത്ത് എനിക്ക് അഭിമാനവും ആരാധനയും തോന്നി…

പങ്കെടുത്ത മേഖലകളിലെല്ലാം കഴിവുതെളിയിച്ചവൻ..

സാധാരണ കോളേജുകളിൽ പഠിക്കുന്ന ആൺകുട്ടികൾ ഉണ്ടാക്കുന്ന യാതൊരു പ്രശ്നത്തിനും ഇതുവരെ ഇവന്റെ പേര് വന്നിട്ടില്ല. എല്ലാവർക്കും അവനെപ്പറ്റി പറയാൻ വാക്കുകൾ ഏറെയാണ്…!!

താൻ തന്നെ എത്ര കേട്ടിരിക്കുന്നു…!!
അല്ല ഞാൻ ഇതൊക്കെ എന്തിന് ചിന്തിക്കുന്നു..

അവൾ തന്റെ തലയ്ക്കൊരു കിഴുക്ക് കൊടുത്തു.. എങ്ങനെയെലും രണ്ട് ദിവസംകൊണ്ട് പണം കണ്ടെത്തണം.

4500 രൂപ…!! ഇല്ലെങ്കിൽ എക്സാം എഴുതൽ ഉണ്ടാവില്ല.

വീട്ടിലുള്ള സകല മൂലയിലും തപ്പിയും… സകല കുടുക്കളും പൊട്ടിച്ചും…

മുറ്റത്തുള്ള ചെറിയ പച്ചക്കറി തോട്ടത്തിൽ നിന്ന് വെണ്ടയും പയറും ഒക്കെ പഠിച്ചു വിറ്റും.

വീടിനടുത്തുള്ള ഞങ്ങളെ എല്ലായ്പ്പോഴും സഹായിക്കാനുള്ള സൗമ്യ ചേച്ചിയോട് മടിയോടെ ആണെങ്കിലും കുറച്ചു രൂപ കടംവാങ്ങിയും 4000 രൂപ ഒപ്പിച്ചു…

എങ്കിലും ബാക്കി 500 രൂപയുടെ കാര്യത്തിൽ അപ്പോഴും അനിശ്ചിതത്വം നിലനിന്നു .. അന്നുച്ചയ്ക്ക് ക്ലാസ്സിൽ വിഷമിച്ചിരിക്കുന്ന എന്നെ നോക്കി എയ്ഞ്ചൽ ചോദിച്ചു..

” എന്തു പറ്റിയെടി ”

” ഇന്ന് ഉച്ചയ്ക്ക് മുന്നേ fee അടച്ചില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ല..ഞാൻ…. ഞാനെന്താ ചെയ്യാ.. ”

” നീ ഇതുവരെ ഫീ അടച്ചില്ലേ.. എങ്കിൽ വേഗം പോയി കൊടുക്കു… ”

“പക്ഷെ… ടി എന്റെ കയ്യിൽ 4000 രൂപയേ ഉള്ളൂ ഒരു 500 രൂപ കുറവുണ്ട്.”

” ഓ അതാണോ… നിനക്ക് എന്നോട് ചോദിച്ചാൽ പോരേ.. ഞാൻ അച്ഛനോട് ഫീസ് 5000 ആണെന്ന പറഞ്ഞെ.. ബാക്കി 500ന് പുട്ടടികാലോ എന്നോർത്തു.. ദാ 500 രൂപ.. വാ വേഗം പോയി ഫീ അടക്കാം ..”

” പക്ഷേ… ഞാൻ ഇത് നിനക്ക് എപ്പോൾ തിരിച്ചു തരും.. ”

” ഒലക്ക…!!! നീ ചാവും മുന്നേ തിരിച്ചു തന്നാൽ മതി.. അവളുടെ ഒരു ശൃംഗാരം പോയി ഫീ അടക്കെടി… ”

” ഓഫീസിൽ ചെന്ന് പേരുപറഞ്ഞ് രസീത് മുറിക്കാൻ നേരമാണ് അവിടത്തെ ചേട്ടൻ പറയുന്നത്..”

” അനുരാധ അല്ലെ.. ”

” അതെ ”

” താൻ ഫീസ് അടച്ചതാണല്ലോ ”

” ങേ…. !!!! ഞാനോ…. അതെപ്പോൾ… !! ”

” 2 ദിവസം മുന്നേ അടച്ചിട്ടുണ്ട് ”

” ആരടച്ചു…!! ഞാൻ അടച്ചില്ലല്ലോ… ചേട്ടന് ചിലപ്പോൾ തെറ്റിയതാവും പേര് ഒന്നുകൂടി നോക്കൂ. ”

” ഏയ് ഇല്ല… ലാസ്റ്റ് ഡേറ്റ്ന്റെ അന്ന് തന്നെ തന്റെ ഫീസ് അടച്ചിട്ടുണ്ട്..”

ഞാനും എയ്ഞ്ചലും അന്തംവിട്ട് പരസ്പരം നോക്കി നിൽക്കുമ്പോഴാണ് ഞങ്ങൾ മൂവർ സംഘത്തിലെ മൂന്നാമനായ രേഷ്മ അവിടേക്ക് വന്നത്.

” എന്തോന്നെടി രണ്ടും കൂടെ കിളി പോയ പോലെ ഇവിടെ നിൽക്കുന്നു… പുതിയ ഗ്ലാമർ ബോയ്സ് വല്ലതും ഞാൻ അറിയാതെ വന്നോ ഇനി.. ! ”

” നിന്റെ….. !! ” എയ്ഞ്ചൽ കൈ കൊണ്ട് അവളുടെ തലയ്ക്കൊരു തട്ട് കൊടുത്തു

” ഞാൻ ഫീസ് അടക്കാൻ വന്നതാ അപ്പോഴേക്കും എന്റെ ഫീസ് ആരോ അടചെന്ന്.. ”

” ഹാ അതു പറഞ്ഞപ്പോഴാ ഓർത്തത്.. ഞാൻ അന്നേ നിന്നോട് ചോദിക്കണമെന്ന് കരുതിയതാ … പിന്നെ ഞാൻ മറന്നു ഇന്നലെ ഞാൻ ലീവും ആയിരുന്നല്ലോ…

മിനിഞ്ഞാന്ന് ഞാൻ ഫീ അടക്കാൻ വന്നപ്പോൾ ഒടുക്കത്തെ ക്യൂ ആയിരുന്നു എന്റെ നേരെ മുന്നിൽ ഉണ്ടായിരുന്നത് നമ്മുടെ സീനിയർ കലാകാരൻ, ഗ്ലാമർ, പൊളി ചേട്ടൻ ഇല്ലേ..

ജീവൻ ആ മറ്റേ കിടിലൻ ചേട്ടനെടി…!! ”

” എന്റെ പൊന്നു മോളെ.. നീ കൂടുതൽ വിവരിക്കേണ്ട. ആളെ മനസ്സിലായി എന്നിട്ട് ബാക്കി പറ. ”

” ഫസ്റ്റ്യേർസ്ന്റെ ക്യൂവിൽ ഇങ്ങേർക്കെന്താ കാര്യമെന്ന് ഞാൻ അപ്പോഴേ ഓർത്തതാ..

പിന്നെ വിചാരിച്ചു വല്ല അനിയത്തിയുടെയോ ലവർന്റെയോ അങ്ങനെ വല്ലവരുടേയും അടയ്ക്കാനാകുമെന്ന്..

അങ്ങേരുടെ ലൗവർന്റെ പേര് കേൾക്കാൻ വേണ്ടി ശ്രദ്ധിച്ചത് ഒന്നുമല്ല…

തൊട്ടുമുന്നിൽ ആയതുകൊണ്ട് പേര് പറഞ്ഞപ്പോൾ കേട്ടതാ അനുരാധ എന്ന് അതും msc ഫസ്റ്റ് ഇയർ… !!!

” ങേ… !!! ”

” അതേടി… നമ്മുടെ ക്ലാസ്സിൽ ഇനി നീ അല്ലാതെ വേറെ അനുരാധ വല്ലോം ഉണ്ടോ.. ഒരു ദിവസം ഞാൻ ലീവ് ആയപ്പോഴേക്കും പുതിയ അഡ്മിഷൻ വല്ലതും വന്നോ…”

” ആരും വന്നില്ല….ആ അനുരാധ ഈ അനുരാധ തന്നെയെടീ..”
ഏയ്ജൽ പൊട്ടിച്ചിരിച്ചു

” ങേ… നീ നിന്റെ ഫീസടക്കാൻ അങ്ങേരെ പറഞ്ഞുവിട്ടോ.. ”

” എടി ആ ചേട്ടനെ എനിക്ക് അറിയുകപോലുമില്ല… ഞാൻ ആദ്യമായി കണ്ടത് തന്നെ അന്ന് പ്രിൻസിപ്പൽ റൂമിൽ പോയപ്പോഴാ..”

” അങ്ങനെയൊക്കെ നടന്നോ… എന്നാൽ ഇത് അസ്സൽ പ്രേമം തന്നെ…”

“രേഷ്മമോളെ ണീ മിണ്ടാതിരുന്നോ ഒരു ഫീ അടച്ചാൽ പ്രേമം ആകുമോ…!! ഇത് അടച്ചത് അവൻ തന്നെ ആണെങ്കിൽ സഹതാപം കൊണ്ടായിരിക്കും..

അന്ന് ഞാൻ പറഞ്ഞതൊക്കെ അവനും കേട്ടതല്ലേ.. അങ്ങനെ ആരുടെയും സഹതാപം ഒന്നും അനുരാധക്ക് വേണ്ട.. നാളെ തന്നെ ഈ പണം തിരിച്ചു കൊടുക്കാം.”

പിറ്റേന്ന് ബസ്സിറങ്ങി കോളേജിലേക്ക് നടക്കുകയായിരുന്നു.

അപ്രതീക്ഷിതമായാണ് പെട്ടെന്നൊരു മഴ പെയ്തത്. കോരിച്ചൊരിയുന്ന മഴയിലൂടെ ഓടി വരാന്തയിലേക്ക് കയറുമ്പോൾ പുറകെ മറ്റൊരാളും കൂടി ഉണ്ടായിരുന്നു.

ഒരു തൂണിനു സമീപം കയറിനിന്ന് തിരിഞ്ഞുനോക്കിയപ്പോൾ
തൊട്ടടുത്ത് ജീവൻ..!!

മുഖത്തെ വെള്ളം കൈകൊണ്ട് തുടച്ച് കോരിച്ചൊരിയുന്ന മഴയിലെക്ക് നോക്കിനിൽക്കുകയാണവൻ.

അവന്റെ കൺപീലികളിലും നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിലും കുഞ്ഞു താടിയിലും വെള്ളത്തുള്ളികൾ പറ്റിപിടിച്ചിരുന്നു…!!

അവൻ രണ്ടു കൈകൾ കൊണ്ടും നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ പിന്നിലേക്ക് ആക്കി അവളെ നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു.

പുഞ്ചിരിക്കുമ്പോൾ ചെറുതാവുന്ന കണ്ണുകളിലെ കൺപീലികളിൽ നിന്നും വെള്ളത്തുള്ളികൾ അവന്റെ കവിളുവഴി ഉരുണ്ട് താഴേക്കു വീണു.

ശേഷം തല രണ്ടു വശത്തോട്ടും ഒന്ന് ചെരിച്ച് കുടഞ്ഞ് വെള്ളം കളഞ്ഞു.

തൊട്ടടുത്തു നിൽക്കുന്നതുകൊണ്ടുതന്നെ അവന്റെ തലയിൽ നിന്നും ചിതറിവീണ വെള്ളത്തുള്ളികൾ മുഴുവൻ തന്റെ ദേഹത്തും മുഖത്തും ആയിരുന്നു.

ചിതറിതെറിക്കുന്ന വെള്ളത്തുള്ളികൾക്കിടയിലൂടെ ഞാൻ കണ്ടു അവന്റെ കുസൃതി ഒളിപ്പിച്ച കാപ്പി കണ്ണുകൾ…!!

എനിക്കെന്തെങ്കിലും പറയാനും ചെയ്യാനും പറ്റും മുൻപേ ഒരുസൈഡിലിട്ട തന്റെ കോട്ടൻ ഷോളിന്റെ തുമ്പെടുത്ത് തലയും മുഖവും ഒന്ന് അമർത്തി തുടച്ച് തനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് പെയ്ത് തോർന്ന മഴക്കിടയിലൂടെ മുറ്റത്തേക്കിറങ്ങി പോയിരുന്നു അവൻ…!!
ഞാനാകെ ഹൃദയം നിലച്ചു പോയ അവസ്ഥയിലായിരുന്നു…!!

എന്താണ് നടന്നത് എന്നതിനെ കുറിച്ചെനിക്ക് യാതൊരു ബോധവും ഉണ്ടായിരുന്നില്ല…

ഫീസിന്റെ കാര്യം പോയിട്ട് ഒന്ന് ശ്വസിക്കാൻ പോലും മറന്നുപോയ അവസ്ഥ…. !!

രേഷ്മവന്ന് തട്ടി വിളിച്ചപ്പോഴാണ് ബോധത്തിലേക്ക് വന്നത്. വരാന്തയിലൂടെ ക്ലാസിലേക്ക് നടക്കുമ്പോഴും മനസ്സ് പെരുമ്പറകൊട്ടുകായിരുന്നു. എന്തിനാണവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്… !!

അതിനുമാത്രം അവൻ തന്റെ ആരാണ്…!

അവന്റെ ഉദ്ദേശം എന്തായിരിക്കും… !!

ഇത് രണ്ടാമത്തെ കൂടിക്കാഴ്ചയാണ് അപ്പോഴേക്കും അവന്റെ പ്രവൃത്തികൾ തന്നെ ഇങ്ങനെ വല്ലാതെ സ്വാധീനിക്കുന്നത് എന്താണ്…!!

അവന്റെ സാമീപ്യം പോലും തന്റെ നെഞ്ചിടിപ്പും ശ്വാസഗതിയും ക്രമാതീതമായി ഉയർത്തുന്നതെന്താണ്… !!

ഈശ്വര എനിക്കെന്താണ് സംഭവിക്കുന്നത്… പാടില്ല.. ഒന്നും പാടില്ല…എന്റെ അമ്മ… എന്റെ കുടുംബം… !!

എങ്ങനെയെങ്കിലും ഇന്നു തന്നെ ആ പണം തിരിച്ചു കൊടുക്കണം.

അപ്പോൾ കോളജ് മുറ്റത്തെ വാകമരത്തിൽ നിന്നും ഒത്തിരി കൊഴിഞ്ഞ പൂക്കൾ നനഞ്ഞുകുതിർന്ന മണ്ണിലേക്ക് വീണടിഞ്ഞു കൊണ്ടിരുന്നു.

ഇലകൾക്കിടയിലൂടെ തഴുകിയെത്തിയ നനഞ്ഞ കാറ്റിൽ പളുങ്കുമണികൾ പോലെ വെള്ളത്തുള്ളികൾ അവയ്ക്ക് മേലെ ചിതറി… !!

ഇന്റർവെൽ ടൈമിൽ ഞങ്ങൾ മൂന്ന് പേരും കൂടി പണവും എടുത്ത് സെക്കൻഡ് ഇയർ പൊളിറ്റിക്കൽ സയൻസ് ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു.

അറിയാതെ കയറിക്കൂടിയ ബാധ്യത ഒഴിവാക്കിയേ പറ്റു.

 

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3