Sunday, December 22, 2024
Novel

ജീവാംശമായ് : ഭാഗം 6

നോവൽ
എഴുത്തുകാരി: അഗ്നി


ഇന്നത്തെ ആശുപത്രിയിൽ പോക്കും മറ്റുമായി അവൾ നന്നേ ക്ഷീണിച്ചിരുന്നതിനാൽ അവൾ മുറിയിലേക്ക് കിടക്കുവാനായി ചെന്നു….

അവിടെ അവൾ ചുമരിൽ വച്ചിരിക്കുന്ന ഒരു ഫോട്ടോയിൽ അവളുടെ കണ്ണുടക്കി…താനും സോനുവും കൂടെ ചേർന്ന് നിൽക്കുന്നൊരു ഫോട്ടോ…

അവൾ.അതേടുത്തൊന്ന് നോക്കി…അവളുടെ ചിന്തകൾ സോനുവിന്റെ വിവാഹ ദിവസത്തിലേക്ക് ചെന്നെത്തി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അന്ന് അപ്പനോട് മമ്മി വന്ന കാര്യം പറഞ്ഞിട്ട് നേരെ പോയത് സോനുവിന്റെ വീട്ടിലേക്കാണ്….വീട്ടിൽ നിന്നും സ്‌കൂട്ടറിൽ ഒരു പതിനഞ്ച് മിനിറ്റുള്ള യാത്രയെ ഉള്ളു അവളുടെ വീട്ടിലേക്ക്…..

ഞാൻ അവിടെ ചെല്ലുമ്പോഴേക്കും അവൾ അവിടെ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു…ഫോട്ടോഗ്രാഫര്മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു അവൾ…

ഒരു ഓഫ് വൈറ്റ് നിറമുള്ള സാരിയായിരുന്നു വേഷം…ബ്ലൗസിന്റെ കഴുത്തിൽ അതേ നിറമുള്ള മുത്തുകൾ നല്ല ഭംഗിയിൽ കൊരുത്തു വച്ചിരുന്നു….

ആഭരണങ്ങൾ അങ്ങനെ അധികം ഒന്നുമില്ല….അത് അവളുടെ ഭർത്താവാകാൻ പോകുന്ന ആൽവിന്റെ നിർബന്ധമായിരുന്നു….

വീട്ടിലെ പരിപാടികൾ എല്ലാം കഴിഞ്ഞു പള്ളിയിൽ ചെന്നു….പള്ളിയിൽ വച്ചായിരുന്നു മിന്നുകെട്ട്….

അങ്ങനെ കൂടിവന്നവരെയെല്ലാം സാക്ഷിയാക്കി ആൽവിൻ സോനുവിന്റെ കഴുത്തിൽ മിന്ന് ചാർത്തി തന്റെ നല്ല പാതിയാക്കി….

ഈ സമയങ്ങളിലെല്ലാം തന്നെ ആരോ ശ്രദ്ധിക്കുന്നതായി നീലുവിന് തോന്നി…..പള്ളിയിൽ കയറിയപ്പോൾ മുതൽ ഉള്ള തോന്നലായിരുന്നു അത്..എന്നാൽ ചുറ്റും നോക്കിയിട്ട് അങ്ങനെ സംശയിക്കതക്കതായ യാതൊന്നും കണ്ടുപിടിക്കുവാനും കഴിഞ്ഞിരുന്നില്ല…..

അവൾ പതിയെ അവിടെയുള്ള തന്റെ കൂട്ടുകാരോട് സംസാരിച്ചുകൊണ്ടൊരുന്നു…ഇടയിൽ ആൽവിന്റെയും സോനുവിന്റെയും കൂടെ നിന്ന് ഫോട്ടോയെടുക്കാനും മറന്നില്ല…

അങ്ങനെ സമയം.ചിലവഴിക്കുമ്പോഴാണ് ഒരു സുമുഖനായ ചെറുപ്പക്കാരൻ തന്നെ നോക്കി ചിരിച്ചതായി അവൾ കണ്ടത്….അവളും യാന്ത്രീകമായി അവനെ നോക്കി പുഞ്ചിരിച്ചു…..

വീണ്ടും വീണ്ടും അദ്ദേഹം തന്നെ കാണുമ്പോഴൊക്കെ ഒരു പുഞ്ചിരി ചൊടികളിൽ ഒളിപ്പിക്കുന്നതായി അവൾ ശ്രദ്ധിച്ചു….അതിനാൽ തന്നെ അയാളെപ്പറ്റി അവൾ സോനുവിന്റെ അനിയത്തി സ്വപ്ന എന്ന സീനയോട് ചോദിച്ചു…

“സീനമോളെ…”

“എന്താ ചേച്ചി….”…അവൾ അവിടെയിരുന്ന ഐസ് ക്രീം നുണഞ്ഞുകൊണ്ട് ചോദിച്ചു…

“ഓ…ഇതെന്നതാ ….സ്വന്തം ചേച്ചിയുടെ കല്യാണത്തിന്റെ ഐസ് ക്രീം നീ തന്നെ തീർക്കുമോ മോളെ…”..അവൾ ഒരു ചിരിയോടെ സീനയോട് ചോദിച്ചു…

“പൊന്നു നീലു ചേച്ചി…സോനുവിന്റെ വിവാഹം ആയതുകൊണ്ട് ആദ്യത്തെ പന്തിയിൽ ഇരിക്കാൻ ‘അമ്മ സമ്മതിച്ചില്ല…എനിക്കാണെങ്കിൽ വിശക്കുകയും ചെയ്യുന്നു…ഇനി ഇപ്പൊ ഇതല്ലാതെ നിവർത്തിയില്ല….

അല്ല..ചേച്ചി എന്തിനാ എന്നെ വിളിച്ചത്… കാര്യം പറ…എന്നിട്ട് വേണം എനിക്ക് ഒരു വട്ടം കൂടെ കഴിക്കുവാൻ….”

നീലു ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു തുടങ്ങി….

“അത് മറ്റൊന്നുമല്ല…കുറച്ചു നേരമായി ഞാൻ പോകുന്നിടത്തെല്ലാം ഒരാളെ കാണുന്നു….അയാൾ ആരാണെന്ന് അറിയാനാ….”

“ചേച്ചി ആളെ കാണിക്ക്…അറിയാവുന്ന ആളാണോ എന്ന് ഞാൻ നോക്കട്ടെ…” സീന പറഞ്ഞു നിറുത്തി..

“ദേ…ആ ഇളം നീല ഷർട്ടും കടും നീല ജീൻസും ധരിച്ചിരിക്കുന്ന ആളില്ലേ…”

“ഏത്…ആ താടിയും മീശയുമുള്ള ചേട്ടായിയെ ആണോ നീലുവേച്ചി ഉദ്ദേശിച്ചത്….”..സീന ചോദ്യഭാവത്തിൽ നീലുവിനോട് ചോദിച്ചു…

“ആ…അയാൾ തന്നെ..കുറച്ചു നേരമായി എന്നെ തന്നെ ശ്രദ്ധിക്കുന്നു എന്നൊരു തോന്നൽ….”

“ഹ..ഹ….അയ്യോ….ചേട്ടായി ഒരു പാവമാണെ… കോഴി ആണെന്നൊന്നും വിചാരിക്കല്ലേ….
അതാണ് ഇമ്മാനുവേൽ ചേട്ടായി…ഞാൻ ഇമ്മൂട്ടനേട്ടൻ എന്ന് വിളിക്കും…”

“എന്നാന്ന്…???!!!” നീലു ചോദിച്ചു…

“അയ്യോ…അത് ഇമ്മാനുവേൽ ഫിലിപ് തോമസ് എന്ന ആൽവി ചേട്ടയിയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ….

അവർ ഒന്നിച്ചാണ് പഠിച്ചത്…ഇപ്പൊ ആള് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ന്യുറോ സർജനാണ്….”

“ആഹാ…ആള് കൊള്ളാലോ….കാണാനും കൊള്ളാം..നല്ല ഉദ്യോഗവും ഉണ്ട്….”..നീലു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു…

“ആ നോക്കിക്കൊണ്ടിരിക്കുകയെ ഉള്ളു…ആൾക്ക് വേറെ ഏതോ ഒരു പെണ്കുട്ടിയെ ഇഷ്ടാത്രേ….പക്ഷെ ആ കൊച്ചിന്റെ പേരും നാളും ഒന്നും കഴിഞ്ഞ തവണ ഞങ്ങൾ കാണുമ്പോൾ വരെ ആൾക്ക് അറിയില്ലായിരുന്നു….

എന്തായാലും ഇമ്മൂട്ടനേട്ടന് ആ ചേച്ചിയെ നല്ല ഭേഷായി ബോധിച്ചു….അതുകൊണ്ട് ഈ അരി ആ കലത്തിൽ വേവില്ല പൊന്നേ…”

“ഓ..ആയിക്കോട്ടെ പൊന്നേ…നമുക്ക് ഈ വായിനോട്ടം മാത്രം മതി…അല്ലാതെ വേറെ ഒന്നും വേണ്ട…കേട്ടോ…
പിന്നെ നീ എന്താ മോളെ അയാളെ വിളിക്കുന്നെ….ഇമ്മുട്ട….”

“ഈ മുട്ടയും ചീമുട്ടയും ഒന്നുമല്ല…ഇമ്മുട്ടനേട്ടൻ….

അതായത് ചേട്ടയിയെ എല്ലാവരും ഇമ്മു എന്നാണ് വിളിക്കുന്നെ….ആൽവി ചേട്ടായി ആണേൽ ഇമ്മൂട്ടൻ എന്നും…അപ്പോൾ ഞാൻ ഇമ്മൂട്ടന്റെ കൂടെ ഒരു ഏട്ടനും കൂടെ കൂട്ടി ഇമ്മൂട്ടനേട്ടൻ എന്ന് വിളിക്കും….”

“നന്നായി…കുട്ടിക്ക് നല്ല ബുദ്ധിയുണ്ടല്ലേ…”

സീന അത് കേട്ട് നീലുവിനെ നോക്കി ഒന്നു ചിരിച്ചു…

അപ്പോഴേക്കും കല്യാണപ്പെണ്ണിന്റെ അനിയത്തിയെ അന്വേഷിച്ചു വന്നവർ സീനയെ കൊണ്ടുപോയി….നീലു കൂട്ടുകാരും നാട്ടുകാരുമൊക്കെയായി വർത്തമാനം പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവളുടെ ശ്രദ്ധ എത്ര വേണ്ടെന്ന് പറഞ്ഞിട്ടും ഇമ്മാനുവേലിന്റെ അടുക്കലേക്ക് പൊയ്ക്കൊണ്ടേയിരുന്നു…

അവൾ നോക്കുമ്പോഴെല്ലാം അവനും അവളെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി….അവളുടെ മനസ്സിൽ പല തരം വികാരങ്ങൾ പൊങ്ങി വരുന്നതായി അവൾക്ക് തോന്നി…എങ്കിലും സീന പറഞ്ഞ കാര്യങ്ങൾ ഓർത്ത് അവൾ അവളുടെ മനസ്സിൽ വരുന്ന ചിന്തകളെ അടക്കി നിറുത്തി…

അതേ സമയം അവളുടെ ചേഷ്ടകളെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇമ്മു അപ്പോൾ….

**************************************************************************************

വിവാഹം കഴിഞ്ഞു നന്നേ ക്ഷീണിച്ചാണ് അവൾ വീട്ടിലേക്ക് തിരികെ എത്തിയത്….അപ്പയും അമ്മയും വിവാഹത്തിന് വന്നിരുന്നു…അവർ അൽപ്പ സമയം കഴിഞ്ഞു തന്നെ തിരികെ വന്നു…മമ്മിയും സച്ചുവും കൂടെയുണ്ടായിരുന്നു…

അവളുടെ കണ്ണ് കലങ്ങിയുള്ള വരവ് കണ്ടപ്പോഴേ വീട്ടുകാർക്ക് അവളുടെ വിഷമത്തിന്റെ ആഴം മനസ്സിലായിരുന്നു…..

ചെറുപ്പം മുതൽ ഡിഗ്രി വരേക്കും ഒന്നിച്ചു പഠിച്ച ഇണപിരിയാത്ത ചങ്ങാതിമാരായിരുന്നു രണ്ടുപേരും…അതുകൊണ്ട് തന്നെ ഒരാൾ മറ്റൊരാളെ വിട്ടു പോയപ്പോൾ ഉണ്ടാകാവുന്ന മനോദുഖം അവളിൽ തളം കെട്ടിയിരുന്നു…

അതിനാൽ തന്നെ അവളെ അവളുടെ വഴിക്ക് വിട്ടിട്ട് ആന്റണിയും ത്രേസ്യയും അന്നമ്മയും സച്ചുവും അവരവരുടെ കാര്യങ്ങളിലേക്ക് കടന്നു….

**************************************************************************************

വിവാഹം കഴിഞ്ഞു വന്നയുടൻ തന്നെ കിടന്ന നീലു പിന്നെ ഉണർന്നത് രാത്രിയായപ്പോഴാണ്….സമയം ഏഴര കഴിഞ്ഞിരുന്നു…അവൾ വേഗം തന്നെ കുളിച്ചു മുന്നിലത്തെ മുറിയിലേക്ക് ചെന്നപ്പോൾ കണ്ടു പ്രാർത്ഥനായ്ക്കായി ഒരുങ്ങിയിരിക്കുന്ന കുടുംബാംഗങ്ങളെ…

അവൾ വേഗം തന്നെ ഒരു ഷാളെടുത്ത് തലയിൽ കൂടെയിട്ടു…അവൾ വന്നതും ത്രേസ്യ പതുക്കെ പ്രാർത്ഥിച്ചു തുടങ്ങി…

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ..
നിന്റെ രാജ്യം വരേണമേ…
നിന്റെ ഇഷ്ടം സ്വര്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ….
……………………………………………….
……………………………………………….
……………………………………………….
……………………………………………….
……………………………………………….
……………………………………………….
രാജ്യവും ശക്തിയും മഹത്വവും
എന്നേക്കും നിനക്കുള്ളതല്ലോ

ആമേൻ….”

എല്ലാവരും ആമേൻ പറഞ്ഞു…അതിന് ശേഷം ത്രേസ്യ ബൈബിൾ ഉറക്കെ വായിച്ചു….പതിവുപോലെ ആന്റണി അതിന്റെ അർത്ഥം എല്ലാവർക്കുമായി വിശദീകരിച്ചതിന് ശേഷം എല്ലാവരും തമ്മിൽ തമ്മിൽ സ്തുതി കൊടുത്തതിന് ശേഷം പിരിഞ്ഞു…..

ത്രേസ്യയും അന്നമ്മയും അടുക്കളയിലേക്ക് ചെന്ന് ഭക്ഷണമെല്ലാം ഒരുക്കി അത് ഊണുമുറിയിലേക്ക് എടുത്തു വച്ചു…..

ഭക്ഷണം കഴിക്കുന്നതിന് മുന്നേ അത് നൽകിയ ദൈവത്തിന് ആന്റണി നന്ദി പറഞ്ഞു പ്രാർത്ഥിച്ചു….

പ്രാർത്ഥനയ്ക്ക് ശേഷം ത്രേസ്യയും അന്നമ്മയും കൂടെയാണ് ഭക്ഷണം വിളമ്പിയത്….

അവരെല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആന്റണി പറഞ്ഞു തുടങ്ങിയത്…

“എനിക്ക് പ്രധാനപ്പെട്ടൊരു കാര്യം പറയുവാനുണ്ട്….എല്ലാവരും..പ്രത്യേകിച്ചു നീലുമോൾ ഇത് ശ്രദ്ധിച്ചു കേൾക്കണം….”

ആന്റണി എന്താണ് പറയുവാൻ പോകുന്നതെന്ന് അറിയുവാനായി നീലു കാതോർത്തു..ബാക്കിയുള്ളവരുടെ മുഖഭാവത്തിൽ നിന്നും പറയാൻ പോകുന്നത് എന്താണെന്ന് അവർക്കറിയാം എന്നുള്ളത് നീലു മനസ്സിലാക്കി….

ആന്റണി പതിയെ പറഞ്ഞു തുടങ്ങി….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5