Thursday, December 19, 2024
Novel

ജീവാംശമായ് : ഭാഗം 11

നോവൽ
എഴുത്തുകാരി: അഗ്നി


“സ്റ്റെഫി ആകുന്ന ഞാൻ ഇമ്മാനുവേൽ ആകുന്ന അങ്ങയെ സ്നേഹത്തോടെയും സന്തോഷത്തോടെയും വിശ്വസ്തതയോടെയും കൂടെ എന്റെ ഭർത്താവായി സ്വീകരിച്ചുകൊള്ളുന്നു…

ഞാൻ ഇന്നേദിവസം മുതൽ ഇനി എന്നേക്കും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സന്താപത്തിലും രോഗത്തിലും സൗഖ്യത്തിലും കർത്താവ് നമുക്ക് നൽകുന്ന ഏത് സാഹചര്യത്തിലും മരണം നമ്മെ വേര്പിരിക്കും വരെ സ്നേഹത്താൽ അങ്ങേയ്ക്ക് കീഴ്പെട്ടിരിക്കുകയു.

എന്റെ കടമകൾ.എല്ലാം നിറവേറ്റുകയും ചെയ്യുമെന്ന് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഞാൻ ഇന്നേ ദിവസം സത്യം.ചെയ്ത് കൊള്ളുന്നു..”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഉഭയസമ്മതം കഴിഞ്ഞ ശേഷം പ്രാർത്ഥനയും കഴിഞ്ഞ് വിവാഹത്തിന്റെ ശ്രുശ്രൂഷകൾ അവസാനിച്ചു…

എല്ലാവരും റീസെപ്‌ഷനിൽ പങ്കെടുക്കുവാനായി പള്ളിയുടെ പാരീഷ് ഹാളിലേക്ക് പോയി…വലിയ പള്ളിയായതിനാൽ തന്നെ അവിടുത്തെ ഓഡിറ്റോറിയവും വലിയതായിരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ മനുവും നിലായും അവിടെയുള്ള സ്റ്റേജിൽ അവർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ വന്നിരുന്നു….

നിലാ മനു വാങ്ങിയ ബ്ലഡ് റെഡ് കളറുള്ള മന്ത്രകോടിയിൽ അതീവ സുന്ദരിയായി കാണപ്പെട്ടു…..

പിന്നീട് ഫോട്ടോയെടുക്കലും ഭക്ഷണം കഴിപ്പുമൊക്കെയായി നല്ല തിരക്കിലായിരുന്നു….

കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മനുവച്ചാച്ചന്റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി…അപ്പയും അമ്മയും സച്ചുവും വീടുവരെ കൂടെ വന്നു….എന്നെ അവിടെ ആക്കിയിട്ട് വൈകുന്നേരം ആയപ്പോൾ അവർ തിരികെപ്പോയി.

അവളുടെ അകത്ത് സഹിക്കുവാൻ കഴിയാത്ത വിധത്തിലുള്ള സങ്കടം വന്നെങ്കിൽ പോലും അത് പുറത്തേക്ക് വരാതിരിക്കുവാൻ അവൾ ശ്രദ്ധിച്ചു…അവർ പോയപാടെ അവൾ മനുവിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…അവൻ അവളുടെ മുടിയിഴകളിൽ തലോടി ആശ്വസിപ്പിച്ചു…

**************************************************************************************

അവർ പോയതിന് ശേഷം നിലാ കുറച്ചു സമയം കിടന്നുറങ്ങി….ഉണർന്നതിന് ശേഷം ഇരുവരും കൂടെ ഒന്ന് പുറത്തേക്ക് പോകുവാനായി ഇറങ്ങി…

വിവാഹത്തിന് അധികം ആളുകൾ ഉണ്ടായിരുന്നില്ല…വന്നവർ എല്ലാം വളരെ വേഗം തന്നെ തിരികെ പോയിരുന്നു…

”ഇതിപ്പോ എങ്ങോട്ടാടാ നീയും മോളും കൂടെ….”
വസ്ത്രം മാറി മുകളിൽ നിന്നും സ്റ്റെപ്പ് ഇറങ്ങി വന്ന മനുവിനെയും നിലായെയും കണ്ട തോമസ് ചോദിച്ചു….

”അത് പപ്പ വന്നിട്ട് അറിഞ്ഞാൽ മതി…അല്യോ…”
അവൻ നിലായെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു…

അവൾ അതേ എന്നുള്ള രീതിയിൽ തലയാട്ടി…

“എങ്ങോട്ടായാലും കൊള്ളാം..കൂടെ ഒരു പെങ്കൊച്ചൊണ്ട്….അതുകൊണ്ട് നേരത്തും കാലത്തും ഇങ് എത്തിയെക്കണം….

“ഓ ആയിക്കോട്ടെ പപ്പാ…പിന്നെ ഇച്ചേച്ചിയോടും ചേട്ടായിയോടും ഒന്ന് പറഞ്ഞേക്കണേ…”
മനു പപ്പയോട് പറഞ്ഞു…

“ഓ…ആയിക്കോട്ടെ..വേഗം പോയിട്ട് വാ….”

അവർ കാറിൽ കയറി യാത്ര തുടങ്ങി…വണ്ടി നേരെ ചെന്ന് നിന്നത് മുവാറ്റുപുഴ ടൗണിലാണ്…

അവിടെയുള്ള പ്രെറ്റി ഇൻ ബ്യൂട്ടി പാർലറിലേക്കാണ് നിലാ പോയത്….മനു വണ്ടിയിൽ തന്നെ ഇരുന്നു…

പത്ത് മിനിറ്റിനു ശേഷം നിലാ തിരിച്ചെത്തി…അരയൊപ്പം ഉണ്ടായിരുന്ന അവളുടെ മുടി ഇപ്പോൾ തോളിനൊപ്പമേ ഉള്ളു…..

“എന്നാലും മുടി വെട്ടണ്ടായിരുന്നു…. എനിക്ക് ഈ നീളൻ മുടിയോട് വല്ലാത്തൊരു ഇഷ്ടമാ…അതുകൊണ്ട് കെട്ടുന്ന പെണ്ണിന് നല്ല മുടി വേണമെനുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം….”
അവൾ കാറിലേക്ക് കയറിയപ്പോൾ അവൻ പറഞ്ഞു…

“അച്ചാച്ചാ…അങ്ങനെ പറയല്ലേ…എനിക്കും മുടി ഇഷ്ടമാണ്…പക്ഷെ കഴിഞ്ഞ ദിവസം അച്ചാച്ചൻ ഇങ്ങനെ ഒരു കാര്യം..അതായത് ഇവിടെ ഇങ്ങനെ മുടി ശേഖരിച്ച് ക്യാൻസർ രോഗികൾക്കായി സൗജന്യമായി വിഗ് ഉണ്ടാക്കി കൊടുക്കുന്നു എന്നറിഞ്ഞപ്പോൾ അതിൽ പങ്കാളിയാകണമെന്ന് തോന്നി..

നമ്മുടെ ജീവിതാരംഭം നല്ലൊരു കാര്യം ചെയ്തുകൊണ്ടാകട്ടെ എന്നോർത്തു…ഇനി എന്തായാലും അച്ചാച്ചന്റെ പൂർണ്ണ സമ്മതം കിട്ടിയിട്ട് മാത്രമേ ഞാൻ മുടി മുറിക്കു…സത്യം…”

അവളുടെ ഉത്തരം കേൾക്കെ അവന് ചിരി വന്നു….അവർ പതിയെ വീട്ടിലേക്ക് തിരിച്ചു…

**************************************************************************************

കാലം തെറ്റി പെയ്ത മഴയുടെ അകമ്പടിയോടെയാണ് അവർ വീട്ടിലേക്കെത്തിയത്….

സമയം ആറ് കഴിഞ്ഞിരുന്നു…വീട്ടിൽ വഴിക്കണ്ണുമായി ഇച്ചേച്ചി നിൽക്കുന്നുണ്ടായിരുന്നു…

“ഹാ..നിങ്ങള് വന്നോ..എത്ര നേരമായി നോക്കി നിൽക്കുന്നു…അല്ലാ..രണ്ട് പേരും കൂടെ എവിടെ പോയതാ…”
എലിസബത്ത് ചോദിച്ചു…

”അത് ഞാൻ പറയുന്നതിലും നല്ലത് ഇച്ചേച്ചി നേരിൽ കാണുന്നതാ….”

അപ്പോഴേക്കും നിലാ വണ്ടിയിൽ നിന്ന് ഇറങ്ങിയിരുന്നു…

കാർപോർച്ചിൽ നിന്നും വീട്ടിലേക്ക് കയറാവുന്നതിനാൽ കുടയുടെ ആവശ്യം വന്നിരുന്നില്ല….

അവളെ കണ്ടതും എലിസബത്ത് ചിരിക്കുവാൻ തുടങ്ങി….നിലായാണെങ്കിൽ ചുണ്ട് കൂർപ്പിച്ചു അവരെത്തന്നെ നോക്കി നിന്നു….

ആ സമയം കൊണ്ട് തന്നെ എലിസബത്ത് നിലായെ വീടിനകത്തേയ്ക്ക് വലിച്ചുകൊണ്ട് പോയിരുന്നു….മനു പുറകെയും….

അകത്ത് ചെന്നപ്പോൾ പപ്പയും മാത്യൂസും നല്ല കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കട്ടൻ ചായയും കഴിക്കുകയായിരുന്നു…

മനുവിനെ കണ്ടയുടനെ അവർ അവനെ നോക്കിയൊന്ന് ചിരിച്ചു…പിന്നീടാണ് അവർ നിലായെ കണ്ടത്….

നിലായെ കണ്ടതും അവർ എല്ലാവരും കൂടെ മനുവിനെ നോക്കി ചിരിക്കുവാൻ തുടങ്ങി….

മനു ആണെങ്കിൽ ചമ്മി തല താഴ്ത്തിയാണ് നിൽപ്പ്…കാര്യം എന്താണെന്ന് നിലായ്ക്ക് മനസിലായതുമില്ല….

“അതേ…എല്ലാവരും എന്തിനാ ഇങ്ങനെ തലതല്ലി ചിരിക്കുന്നത്…കാര്യം എന്താണെന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു….”
അവൾ അൽപ്പം കുറുമ്പോടെയും ദേഷ്യത്തോടെയും പറഞ്ഞു….

അത് കേട്ടതും മനു പതിയെ ഉൾവലിയുവാൻ ശ്രമിച്ചെങ്കിലും എലിസബത്ത് അവനെ മേശയുടെ അരികിൽ തന്നെ പിടിച്ചിരുത്തി…കൂടെ നിലായെയും ഇരുത്തി അവർക്ക് ഒരു പ്ലേറ്റിൽ കപ്പയും കട്ടനും കൊടുത്തു…..

പപ്പാ എന്നിട്ട് പതുക്കെ അവർ ചിരിക്കുവാനുണ്ടായ കാര്യം പറഞ്ഞു തുടങ്ങി…

“മോളെ…ഇവന് ചെറുപ്പം മുതലേ നിറയെ മുടി ഉള്ളവരെ ഭയങ്കര ഇഷ്ടം ആയിരുന്നു….ഇവന്റെ ‘അമ്മ..അതായത് എന്റെ പാതി ജെസ്സിക്ക് തോളൊപ്പം മുടിയെ ഉണ്ടായിരുന്നുള്ളു…..

എനിക്കും മുടി ഇഷ്ടമായിരുന്നെങ്കിൽ പോലും രണ്ട് പിള്ളേരായപ്പോഴേക്കും അവൾക്ക് മുടി ഒന്നും ശ്രദ്ധിക്കാൻ കഴിയാതെയായി…ഞാനും നാട്ടിൽ ഇല്ലല്ലോ…അങ്ങനെ വന്നപ്പോൾ ഞാൻ തന്നെയാണ് അവളുടെ മുടി വെട്ടി കൊടുത്തതും…

ഇവൻ ജനിച്ചപ്പോൾ മുതൽ ജെസ്സിക്ക് മുടി കുറവായിരുന്നു….പിന്നെ എങ്ങനെയാണ് ഇവന്റെ മനസ്സിൽ മുടിയുള്ള പെണ്കുട്ടികളോടുള്ള ഇഷ്ടം കൂടിപ്പറ്റിയതെന്ന് ഞങ്ങൾക്കറിയില്ല..

ചെറുപ്പത്തിൽ പാരച്യുട്ട് വെളിച്ചെണ്ണയുടെ പരസ്യത്തിൽ കാവ്യാ മാധവൻ വരുമ്പോൾ ഇവൻ ഓടി വന്ന് മുടി നോക്കി നിൽക്കും…എന്നിട്ട് ജെസ്സിയെക്കൊണ്ട് ആ വെളിച്ചെണ്ണ മാത്രേ വാങ്ങി തേപ്പിക്കു….

അവൻ അന്ന് കുഞ്ഞല്ലേ…കൂടിപ്പോയാൽ എട്ടോ പത്തോ വയസ്സ് കാണും…..

അവൻ അത്രയും ഇഷ്ടമാണ് നീളൻ മുടിയോട്….അവസാനം അവന്റെ മുടിയോടുള്ള പ്രേമം കാരണം ജെസ്സി പറഞ്ഞു വിവാഹം കഴിക്കുമ്പോൾ മുടിയുള്ള പെങ്കൊച്ചിനെ കെട്ടിയാൽ മതി എന്ന്….അന്നാണ് അവൻ ഒന്ന് അടങ്ങിയത്….

അന്ന് മോളെ വന്ന് കണ്ടപ്പോഴും ഞങ്ങൾ ആദ്യം നോക്കിയത് മോളുടെ മുടിയിലേക്കാണ്…അങ്ങനെ മുടിയെ പ്രേമിക്കുന്ന ഇവൻ മുടി വെട്ടുവാൻ സമ്മതിച്ചു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് അതൊരു അത്ഭുതമായി….”

പപ്പാ അതും പറഞ്ഞുകൊണ്ട് നിർത്തി…

നിലാ മനുവിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവൻ ഒന്നും അറിയാത്ത രീതിയിൽ.ഇരുന്ന് കപ്പ കഴിക്കുന്നതാണ് കണ്ടത്….

എല്ലാവരും അവനെത്തന്നെ നോക്കുന്നത് ശ്രദ്ധിച്ചിട്ടാവണം അവൻ പറഞ്ഞു തുടങ്ങി…

”നിലായുടെ മുടി വെട്ടുവാൻ ഞാൻ സമ്മതിച്ചതിന് രണ്ട് കാരണങ്ങളുണ്ട്….
ഒന്ന്….ഇവൾ എന്നോട് ആദ്യമായി പറഞ്ഞ ഒരു ആഗ്രഹം…

രണ്ട്….ആ ആഗ്രഹത്തിന് പിന്നിലെ സദുദ്ദേശം…അതായത് ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യണമെന്നുള്ള ആഗ്രഹം…

എന്തായാലും വളരാത്ത സാധനം ഒന്നും അല്ലല്ലോ മുടി…എന്റെ ഭാര്യയുടെ മുടി ഞാൻ തന്നെ വളർത്തിപ്പിച്ചോളാം…കേട്ടോ…”

അവൻ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു..
അവന്റെ ആ ഭാവവും സംസാര രീതിയും കേട്ട് നിലായുൾപ്പടെ എല്ലാവരും ചിരിച്ചു….

പിന്നീടവർ എന്തെല്ലാമോ സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിപ്പ് തുടർന്നു…..

**************************************************************************************

വൈകുന്നേരം വൈകി കപ്പ കഴിച്ചതുകൊണ്ട തന്നെ രാത്രി ഭക്ഷണമായി ആരും ഒന്നും കഴിച്ചിരുന്നില്ല….

രാത്രി കിടക്കാൻ നേരം എലിസബത്ത് നിലായുടെ കയ്യിലേക്ക് ഒരു ഗ്ലാസ് ജ്യൂസ് കൊടുത്തു…എന്നിട്ട് ഒരു ഓൾ ദ ബെസ്റ്റ് പറഞ്ഞുകൊണ്ട് അവളെ മനുവിന്റെ മുറിയിലേക്കാക്കി…..

നിലാ പതിയെ മുറിയിലേക്ക് ചെന്നു…..മനുവിനെ നോക്കിയെങ്കിലും കണ്ടില്ല….ബാൽക്കണിയിൽ അനക്കം കണ്ടപ്പോൾ അവൻ അവിടെ ഉണ്ടാകുമെന്നവൾ ഊഹിച്ചു…

അവൾ ആ ഗ്ലാസ് അവിടെയുള്ള മേശമേൽ വച്ചിട്ട് ആ മുറി ആകമാനം ഒന്ന് വീക്ഷിച്ചു….ചുറ്റും നോക്കുന്നതിനിടയിലാണ് പിന്നിലൊരു നിഴലനക്കം കണ്ടത്…

ആളെ അറിയാവുന്നതുകൊണ്ട് തന്നെയവൾ വേഗം തിരിഞ്ഞു നോക്കി…

“എന്താ പ്രിയതമ മുറി ഒക്കെ നോക്കിയും കണ്ടും പഠിക്കുകയാണോ…”
മനു തമാശരൂപേണ ചോദിച്ചു…

“അതേലോ പ്രിയാ….”..
അവളും ആ രീതിയിൽ തന്നെ ഉത്തരം പറഞ്ഞു…

“അതേ…ഈ മുറി നോക്കി പഠിക്കാനൊന്നും ഇല്ല…നമ്മുടെ മുറി അങ് ചെന്നൈയിൽ അല്ലെ…ആ മുറിയൊക്കെ കണ്ട് പഠിച്ചാൽ മതി…

ഇപ്പൊ നീ ഇങ് വാ…എനിക്ക് കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട്…”

അതും പറഞ്ഞുകൊണ്ട് അവൻ അവളെ വലിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു…അവിടെയുള്ള ആട്ടുകട്ടിലിൽ അവളെ ഇരുത്തി…എന്നിട്ട് അവൻ അവളുടെ മടിയിലേക്ക് കയറിക്കിടന്നു..

ആ ഒരു നീക്കത്തിൽ അവൾ ഒന്ന് വിറച്ചു…അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു…..

“അല്ല പെണ്ണേ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…..”

“മ്മ്……”….
അവൾ ഒരു മൂളലിൽ അവളുടെ ഉത്തരം ഒതുക്കി…

“അല്ലാ.. നിനക്ക് എന്നതാ പറ്റിയെ… ഹേ…കാര്യം പറ….”
മനു നേരെയിരുന്ന് നിലായുടെ മുഖം അവന്റെ നേരെ തിരിച്ചുകൊണ്ട് പറഞ്ഞു…

“അത്…അത്…അച്ചാച്ചാ…അത്…”

“എന്നതാ മോളെ..നീ കാര്യം പറ….”
മനു അവളോട് പറഞ്ഞു…

“അത്..അച്ചാച്ചാ…എനിക്ക് പൂർണമായും അച്ചാച്ചന്റെ ഭാര്യയാവാൻ കുറച്ച് സമയം വേണം…..കാരണം….”
അതിനു മുന്നേ അവന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു….

“അത് തന്നെയാ മോളെ ഞാൻ നിന്നോട് പറയാനും വന്നത്…

എന്തായാലും പ്രണയിച്ച് പരിചയമില്ലാത്തവരാണ് നമ്മൾ….അതുകൊണ്ട് തന്നെ നമുക്ക് ഇനിയൊരു രണ്ട് വർഷക്കാലം അങ് പ്രണയിക്കാം….

നിനക്ക് പി.ജി.ചെയ്യണം എന്നല്ലേ ആഗ്രഹം…അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഞാൻ ശെരിയാക്കിയിട്ടുണ്ട്… ചെന്നൈ ലൊയോള കോളേജിൽ…

ഫൈനൽ റിസൾട്ടിന് മുന്നേ ക്ലാസ്സ് തുടങ്ങും…ഇതിനു മുന്നേയുള്ള സെമ്മുകളിലെ നിന്റെ പഠനത്തിന്റെ റിപ്പോർട്ട് നോക്കിയിട്ട് അവിടെ നിനക്ക് അഡ്മിഷൻ ഞാൻ ശെരിയാക്കിയിട്ടുണ്ട്…

നീ ആഗ്രഹിച്ചപോലെ പഠനം നടക്കട്ടെ…ജീവിതം മുന്നിലുണ്ടല്ലോ…അത് വരെ നമുക്ക് പ്രണയിക്കാമെന്നെ..

പിന്നെ പൂർണമായ ഭാര്യാ സ്ഥാനം കൊണ്ട് നീ ഉദ്ദേശിക്കുന്നത് ഫിസിക്കൽ റിലേഷന്റെ കാര്യമാണെന്ന് മനസ്സിലായി….

മെന്റൽ റിലേഷൻ ശെരിയാകാതെ ഫിസിക്കൽ റിലേഷൻ കൊണ്ട് എന്ത് ഗുണം…

വിവാഹം കൊണ്ടുദ്ദേശിക്കുന്നത് അത് മാത്രം അല്ലല്ലോ…

പിന്നെ പ്രണയമില്ലാതെ ശരീരം പങ്കുവയ്ക്കുന്ന ഒരാളും കാശിന് വേണ്ടി ശരീരം വിൽക്കുന്ന ആളും തമ്മിൽ എന്ത് വത്യാസം….

ഒരാൾ തന്റെ പട്ടിണിയകറ്റാൻ അത് ചെയ്യുന്നു…മറ്റെയാൾ കടമ എന്നുള്ള രീതിയിൽ അത് ചെയ്യുന്നു….

ഭാര്യാ ഭർതൃ ബന്ധത്തിലെ പങ്കുവയ്ക്കലുകൾ ഒരിക്കലും കടമയായി മാത്രം കണക്കാക്കരുത്….അവർ തമ്മിലുള്ള തീവ്രമായ പ്രണയം പ്രകടിപ്പിക്കുവാനുള്ള മാധ്യമമാണ് ഫിസിക്കൽ റിലേഷൻ….കടമയും സ്നേഹവും ചേരുമ്പോൾ മാത്രമല്ലേ അത് പൂര്ണമാകുകയുള്ളൂ…

അതുകൊണ്ട് നിലാ കൊച്ചേ…നമുക്ക് കാത്തിരിക്കാം….ആദ്യം നന്നായി മനസ്സിലാക്കണം…പ്രണയിക്കണം…പിന്നെ ആലോചിക്കാം എല്ലാം…കേട്ടോ…”

സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….അവൾ അവനെ ഇറുക്കി കെട്ടിപ്പിടിച്ചു…

“അതേ കൊച്ചേ…നീ ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചാൽ ചിലപ്പോ ഞാൻ തീരുമാനം അങ്ങ് മാറ്റുവേ…..”
അവൾ കുറുമ്പോടെ മുഖമുയർത്തി അവനെ നോക്കി….

“എന്നതാടി മത്തക്കണ്ണി…നോക്കി പേടിപ്പിക്കുന്നോ….”
അവൻ അവളുടെ മൂക്കിൽ പിടിച്ചുകൊണ്ട് ചോദിച്ചു….

അവൾ അവനെ നോക്കി കണ്ണ് ചിമ്മി…

“അല്ലെടി നിലാപ്പെണ്ണേ… എനിക്കൊരു സംശയം…..”
അവൻ വീണ്ടും അവളുടെ മടിയിലേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു….
.
“എന്നതാ അച്ചാച്ചാ…..”

“ആഹാ…നിലാകൊച്ചിന് ശബ്ദം വച്ചല്ലോ…”

മനു പറഞ്ഞത് കേട്ടതും അവൾ അവന്റെ കൈക്കിട്ട് ഒന്ന് തല്ലി…

“ഔ… വേദനിക്കുന്നു പെണ്ണേ…
.ഹാ.. അത് പോട്ടെ..ഞാൻ ഒരു കാര്യം ചോദിക്കാനാ വന്നേ….”

“ഹാ..ധൈര്യമായി ചോദിക്ക് അച്ചാച്ചാ….”..
നീലു അവനെ പ്രോത്സാഹിപ്പിച്ചു…

“അത് വേറെ ഒന്നുമല്ല…ഈ സിനിമകളിലും കഥകളിലുമൊക്കെ ആദ്യരാത്രിയിൽ പെണ്കുട്ടി നമ്രമുഖിയായി തലയൊക്കെ താഴ്ത്തി നല്ല സെറ്റും മുണ്ടും ധരിച്ച് മുല്ലപ്പൂവൊക്കെ ചൂടി ഒരു ഗ്ലാസ് പാലൊക്കെ ആയിട്ടല്ലേ വരുന്നേ…

ഇവിടെയാണെങ്കിൽ ദേ ഒരുത്തി നീലയിൽ വെള്ള പുള്ളിക്കുത്തുള്ള ഒരു കുഞ്ഞു കുർത്തയും വെള്ളയിൽ നീല പുള്ളിക്കുത്തുള്ള പാന്റും ഇട്ടിട്ടാണല്ലോ കർത്താവേ വന്നിരിക്കുന്നെ…”.

അവൾ അവന്റെ പറച്ചില് കേട്ട് ചിരിച്ചു…

“എല്ലാം ഒരുപോലെയായാൽ ശെരിയാകില്ലല്ലോ മോനെ…അതല്ലേ…നമ്മുടെ ഒറിജിനൽ ഫസ്റ്റ് നൈറ്റിന് ഞാൻ ഇതുപോലൊക്കെ വരാവേ….”…

“യ്യോ..വേണ്ടാ….നമ്മുടെ ഒറിജിനൽ ഫസ്റ്റ് നൈറ്റിന് ഉടുക്കുവാനുള്ള സാരിയൊക്കെ ഞാൻ അവിടെ വാങ്ങി വച്ചിട്ടുണ്ട്…

എന്തായാലും രണ്ട് വർഷം കഴിഞ്ഞ് നിന്റെ പഠനം കഴിഞ്ഞിട്ട് മതി…

രണ്ട് വർഷത്തിന് ശേഷം എപ്പോൾ നിനക്ക് പൂർണമായും എന്റേതായി മാറുവാൻ തോന്നുന്നുവോ…അന്ന് നിനക്ക് ആ സാരീ ഉടുക്കാം..കേട്ടോടാ…”

അവൾ പുഞ്ചിരിയോടെ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു….

“പിന്നെ എനിക്ക് ഒരാഗ്രഹം.കൂടെ ഉണ്ട്….നീ പി.ജി.കൂടെ കഴിഞ്ഞാൽ സി.എ എടുക്കണം..
സത്യം പറഞ്ഞാൽ.ഡിഗ്രി കഴിഞ്ഞ് ചെയ്യാം..പിന്നെ നിനക്ക് പി.ജിയോട് താത്പര്യമായതുകൊണ്ടാണ് ഞാൻ നിർബന്ധിക്കാത്തത്….

ചെയ്യില്ലെന്ന് പറയരുത്….

അല്ലെങ്കിൽ നമുക്ക് പി.ജി ഒകെ കഴിഞ്ഞ് ഒരു മൂന്ന് പിള്ളേരായിട്ട് സി.എ ചെയ്താലും മതി….”
.അവൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞുനിര്ത്തി….

“മൂന്ന് പിള്ളേരോ….”..
അവൾ ചോദിച്ചു….

“ഹാ…മൂന്ന് പിള്ളേര്.. കർത്താവ് തരുന്നത് പോലെ തരട്ടെ….
എന്നാലും എന്റെ ആഗ്രഹം എനിക്ക് മൂന്ന് പിള്ളേര് വേണം എന്നാ….
മൂത്ത രണ്ട് പേരും ആണ്പിള്ളേര് മതി…
മൂന്നാമ്മത്തെയാൾ പെണ്കുട്ടിയും…രണ്ട് ആങ്ങളമാരുടെ കുഞ്ഞിപ്പങ്ങൾ….”

അവൻ അതും പറഞ്ഞുകൊണ്ട് നിലായുടെ വയറിലേക്ക് മുഖം പൂഴ്ത്തി…

അവൾ അവന്റെ താടിയിലൂടെ വിരലോടിച്ചു….

“പിന്നെയെ….”
അവൻ വീണ്ടും പറഞ്ഞു തുടങ്ങി…
“ഞാൻ ഇത്രയും ഒക്കെ പറഞ്ഞു എന്ന് വച്ചിട്ട് ഞാൻ നിന്നെ തൊടില്ല എന്നല്ല ഉദ്ദേശിച്ചത് കേട്ടോ….
നിന്റെ മുഖം ഞാൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് വേർപെട്ടിരിക്കുന്നു….

എനിക്ക് സ്നേഹം കൂടിയാൽ അത് ചുംബനങ്ങളായി പ്രകടിപ്പിക്കാൻ നിന്റെ മുഖം എനിക്ക് വേണം…കേട്ടോ നിലാക്കൊച്ചേ….”

“ഈ അച്ചാച്ചന്റെ ഒരു കാര്യം….”
അവൾ അതും പറഞ്ഞുകൊണ്ട് അവളുടെ കൈ തലയിൽ വച്ചു….

അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു….

അതിനിടയിൽ ചെന്നൈയിൽ.ചെന്നിട്ട് നിലായ്ക്കൊരു സർപ്രൈസ് ഉണ്ടെന്നും അവൻ പറഞ്ഞു…അത് എന്താണെന്ന് ചോദിച്ചിട്ട് അവൻ പറഞ്ഞതുമില്ല…

അങ്ങനെ അവർ സംസാരിച്ചു സംസാരിച്ചു സമയം ഒത്തിരി കടന്നുപോയി….

അപ്പോഴെല്ലാം മനു നിലായുടെ മടിയിലായിരുന്നു….അവളുടെ വലംകൈ അവന്റെ തലമുടിയിലൂടെ ഓടി നടന്നുകൊണ്ടിരുന്നു……

അവളുടെ ഇടം കൈ ആണെങ്കിൽ അവളുടെ ചുണ്ടിൽ ഉണങ്ങിപ്പിടിച്ചിരുന്ന തൊലി പൊളിച്ചുകളയുന്ന തിരക്കിലും…

സമയം കടന്നുപോയതിന്റെയാകാം നിലാ പതുക്കെ ഉറക്കം തൂങ്ങുവാനായി തുടങ്ങി….ഇത് കണ്ട മനു അവളെ തട്ടിയുണർത്തി…

അവൻ അവളെയും ചേർത്ത് പിടിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു….അവളെ കട്ടിലിൽ ഇരുത്തി ജ്യൂസിന്റെ പകുതി കുടിച്ചിട്ട് ബാക്കി അവൾക്ക് നൽകി….അവൾ സന്തോഷപൂർവ്വം അത് കുടിച്ചു…

അവൻ ആ ഗ്ലാസ് ഒന്ന് കഴുകി മേശമേൽ വച്ചു….എന്നിട്ട് ഏ.സിയുടെ തണുപ്പ് അഡ്ജസ്റ്റ് ചെയ്തിട്ട് അവൻ ഇട്ടിരുന്ന ടി.ഷർട്ട് ഊരിമാറ്റി കിടന്നു…അവളും അവനോട് ചേർന്ന് തന്നെ കിടന്നു….

നല്ലൊരു നാളെയെ സ്വപ്നം കണ്ട് അവർ ഒന്നിച്ചൊരു ജീവിതം അവിടെ ആരംഭിച്ചു….കാലം അവർക്ക് കാത്തുവച്ചിരിക്കുന്നത് എന്തെന്ന് അറിയാതെ….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10