Sunday, December 22, 2024
Novel

ഹരിബാല : ഭാഗം 12

നോവൽ
എഴുത്തുകാരി: അഗ്നി


അത് ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ആയിരുന്നു..അതിൽ തെളിഞ്ഞു നിന്ന രണ്ടു വരകൾ അവരുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരികയാണെന്ന് വിളിച്ചോതി..

വിച്ചുവേട്ടൻ വിശ്വാസം വരാതെ എന്നെ നോക്കി..ഞാൻ സത്യം എന്നുള്ള രീതിയിൽ തലയാട്ടി..സന്തോഷം കൊണ്ട് ഞങ്ങൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു തൂകി…

ഏട്ടൻ പതുക്കെ എന്നെ കിടത്തി വയറിന്റെ ഭാഗത്തുനിന്ന് സാരീ ഒരൽപ്പം നീക്കി എന്റെ ഉദരത്തിൽ മുത്തമിട്ടു…എന്റെ നെറുകയിലും ചുംബിച്ചു..

എന്നിൽ എന്തെന്നില്ലാത്ത ഒരു അനുഭൂതി വന്നു നിറഞ്ഞു..ഒരു സ്ത്രീയുടെ ഗർഭാവസ്ഥയിൽ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവളുടെ ഭർത്താവിന്റെ സ്നേഹവും കരുതലുമാണ്..

അത് വേണ്ടുവോളം ഏട്ടൻ എനിക്ക് നൽകുമെന്ന് എനിക്ക് മനസ്സിലായി….അന്ന് മുതൽ ഞങ്ങളുടെ ജീവിതത്തിലെ കാത്തിരിപ്പിന്റെ പുതിയൊരു അധ്യായം തുടങ്ങുകയായിരുന്നു….
പൂർത്തിയാകുന്നതിനുമുന്നേ പുസ്തകതാളുകൾ കീറിപ്പോയൊരു അധ്യായം…

പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ നിന്ന എന്നെ പിടിച്ച് വീണ്ടും കിടത്തി എനിക്കുള്ള കാപ്പിയുമായി ഏട്ടൻ വന്നു…എത്ര വേണ്ടെന്നു പറഞ്ഞിട്ടും ഏട്ടൻ ചെവിക്കൊണ്ടില്ല…പല്ലു തേക്കണം എന്ന് പറഞ്ഞപ്പോൾ രോഗികളെ പരിചരിക്കുന്ന മാതിരിയാണ് ഏട്ടൻ എന്നെ ബാത്റൂമിലേക്ക് കൊണ്ടുപോയത്…എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞിട്ടൊന്നും ഏട്ടൻ കേൾക്കുന്നുണ്ടായിരുന്നില്ല…

അവസാനം എല്ലാ അങ്കവും കഴിഞ്ഞ് ഞങ്ങൾ താഴെ എത്തി…താഴെ വൈശുവും ജിത്തേട്ടനും ഉണ്ടായിരുന്നു..പറയാൻ മറന്നു വൈശു 8 മാസം ഗർഭിണിയാണ്..എന്നാലും ആൾക്ക് യാത്ര ചെയ്യാനൊന്നും ബുദ്ധിമുട്ടില്ല…ഏഴാം മാസത്തെ ചടങ്ങൊക്കെ പേരിന് നടത്തി ആള് ഇപ്പോഴും ഏട്ടന്റെ കൂടെ തന്നെയാണ്..

താഴെ എത്തിയപ്പോൾ വൈശുവിനെ അമ്മി വഴക്ക് പറയുകയാണ്…ഈ വയർ വച്ചോണ്ട് യാത്രയാണെന്നും അടങ്ങിയൊതുങ്ങി ഇരിക്കില്ല എന്നൊക്കെ പറഞ്ഞാണ് ചൂടാവുന്നത്…

“‘അമ്മി ഇങ്ങനെ ചൂടാവല്ലേ..എന്റെ പുന്നാര ആങ്ങള വിളിച്ചിട്ടാണ് ഇന്ന് ഞാൻ ഇങ്ങോട്ട് വന്നത്..അല്ലേൽ ഞാൻ വീട്ടിൽ തന്നെ നിന്നേനെ..”

വൈശു ഏട്ടനെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു…

“എന്നതാടാ ഇത്? ഈ പ്രായമായിട്ടും നിന്റെ കുരുത്തക്കേട് മാറിയില്ലേ?..അവൾക്ക് വയ്യാത്തതാണെന്ന് നിനക്കറിയില്ലേ…”
അച്ചായി ഏട്ടന്റെ ചെവിയിൽ പിടിച്ചുകൊണ്ട് ചോദിച്ചു..

“ഹൗ…അച്ഛായി എനിക്ക് വേദനിച്ചൂട്ടോ..”

“പൊന്നച്ഛായി..അവൻ കാര്യം.പറയട്ടെ…അവന്റെ ചെവിയിൽ നിന്ന് കയ്യെടുക്ക്”..ജിത്തേട്ടനാണ്

“ആ..അതേ..ജിത്തുവിനെ എന്നോട് സ്നേഹമുള്ളു” ഏട്ടൻ പറഞ്ഞു..

“എടാ ചേട്ടാ..നീ പറയുന്നുണ്ടേൽ പറ…”
വൈശു അവസാനം ചൂടായി…

“പൊന്നുമോളെ ഈ സമയത്ത് നീ ചൂടാവല്ലേ..ഞാൻ പറയാം”
അങ്ങനെ ഏട്ടൻ പറഞ്ഞതും എല്ലാവരും ഏട്ടനെ ശ്രദ്ധിച്ചു…ഞാൻ പതുക്കെ ഏട്ടന്റെ അടുക്കൽ പോയി നിന്നു…എനിക്കെന്തോ ഒരു ചമ്മൽ പോലെ..

ഏട്ടൻ പറഞ്ഞു തുടങ്ങി..
“ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം…ഞാൻ ഒരു വലിയ കുരുത്തക്കേട് കാണിച്ചു..അതിൽ ഞങ്ങൾ രണ്ടു പേർക്കും തുല്യ പങ്കാളിത്തമുണ്ട്.. അതുകൊണ്ട് കാര്യം കേട്ടുകഴിയുമ്പോൾ വഴക്കുപറയാൻ തോന്നുവാണെങ്കിൽ എന്നെ മാത്രമല്ല ദോ ഇവളേം കൂടെ പറഞ്ഞോണം”
എന്ന് പറഞ്ഞോണ്ട് ഏട്ടൻ എന്നെ പിടിച്ച് മുന്നിൽ നിറുത്തി..

“എടാ..ഒന്ന് പറ മോനെ..കഞ്ഞി അടുപ്പത്തിരിക്കുവാ..” ‘അമ്മി അൽപ്പം ദേഷ്യത്തിൽ പറഞ്ഞു..

“അത് വേറെ ഒന്നുമല്ല അമ്മി..എന്റെ അച്ചായിയും അമ്മിയും ഒന്നും കൂടെ മുത്തച്ഛനും മുത്തശ്ശിയും ആകാൻ പോകുവാ”

അത് കേട്ടതും അമ്മിയുടെ കയ്യിൽ ഇരുന്ന സ്പൂണ് താഴേ വീണു…വൈശു എന്നെ വന്ന് ചേർത്ത് പിടിച്ചു…

“എടാ..കുരുത്തംകെട്ടവനെ..ആ കൊച്ചു പഠിക്കുവല്ലായിരുന്നോ..നീ എന്നാത്തിനാ ഇത്ര പെട്ടെന്ന് ഈ കുരുത്തക്കേട് കാണിച്ചേ?” എന്നും പറഞ്ഞ് അമ്മി ഏട്ടന്റെ ചെവിയിൽ കളിയായി പിടിക്കാനായി തുനിഞ്ഞപ്പോഴേക്കും ഞാൻ അമ്മയോട് എന്റെ ഭാഗത്താണ് തെറ്റെന്നും ഞാനാണ് ഒരു കുഞ്ഞിനെ ഏട്ടനേക്കാൾ കൂടുതൽ ആഗ്രഹിച്ചതെന്നും പറഞ്ഞപ്പോൾ ‘അമ്മി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു..
“മക്കളെ…നമ്മുടെ ഉദരത്തിൽ ഉരുവാകുന്ന ജീവൻ..അത് ദൈവത്തിന്റെ ദാനമാണ്…മോൾക്ക് കുഴപ്പമില്ലെങ്കിൽ അമ്മിക്കും അച്ചായിക്കും ഒക്കെ സന്തോഷമാണ്…”

അത് കേട്ടപ്പോൾ എനിക്കും ഏട്ടനും സന്തോഷമായി…വേഗം തന്നെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു…വീട്ടിൽ നിന്നും അച്ഛനും അമ്മയും ഏട്ടനും അനിയത്തിമാരും ഒക്കെ വന്നു…ഏടത്തി വന്നില്ല..ഏടത്തിക്കും നാല് മാസം വിശേഷമുണ്ട്.. അതിന്റെതായ ബുദ്ധിമുട്ടുകളും…ചുരുക്കത്തിൽ എല്ലാ കുടുംബത്തിലും കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ പോകുകയായിരുന്നു…

ആന്ന് എല്ലാവരും അവിടെ തന്നെ കൂടി..വൈകുന്നേരമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിപ്പോയത്…അന്ന് വൈകിട്ട് ഏട്ടൻ എനിക്കൊരു പാവക്കുട്ടിയെ വാങ്ങിത്തന്നു..ഒരു ചുന്ദരി പാവകുട്ടി…പിങ്ക് നിറമുള്ള ഉടുപ്പൊക്കെയിട്ട്, നീലകണ്ണുകളുള്ള ഒരു പാവകുട്ടി…കിടത്തുമ്പോൾ കണ്ണടയ്ക്കുകയും നേരെ വയ്ക്കുമ്പോൾ കണ്ണ് തുറക്കുകയും ചെയ്യുന്നൊരു പാവകുട്ടി…നമുക്ക് ഇതുപോലൊരു പെണ്കുഞ്ഞായിരിക്കും എന്ന് ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ കാണുകയായിരുന്നു എന്റെ കുട്ടേട്ടൻ അച്ഛനാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മുതൽ വന്ന മാറ്റം

പിന്നീടുള്ള ദിവസങ്ങളെല്ലാം ഏട്ടൻ എന്നെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു…എനിക്ക് രണ്ട് മാസമായപ്പോഴേക്കും വൈശു ലച്ചുവിനെ പ്രസവിച്ചു…

വീട്ടിൽ നിന്നും ഒരു 5 കിലോമീറ്റർ മാറിയുള്ള ആശുപത്രിയിലാണ് എന്നെ കാണിച്ചുകൊണ്ടിരുന്നത്‌….സാധാരണ ഗര്ഭിണികൾക്കുണ്ടാകുന്ന ഛർദ്ധിലോ തലകറക്കമോ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല…അതുകൊണ്ട് തന്നെ കോളേജിൽ പോക്കും മുറപോലെ നടന്നു..കോളേജിലും അറിഞ്ഞിരുന്നു ഞാൻ ഗർഭിണി ആണെന്നുള്ള കാര്യം…അതുകൊണ്ട് തന്നെ കുട്ടികൾക്കും ടീച്ചേഴ്സിനുമൊക്കെ എന്നിൽ ഒരു പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്നു…

ഏട്ടൻ വീട്ടിൽ വന്നാൽ എന്റെ മടിയിൽ കിടന്ന് കുഞ്ഞിനോട് കൊഞ്ചലാണ് പ്രധാന പരിപാടി…ഏട്ടൻ വീട്ടിലാണേൽ എപ്പോ നോക്കിയാലും വീർത്തുവരുന്ന എന്റെ വയറിൽ തൊട്ടും തലോടിയും ഇരിക്കും…ഇടയ്ക്ക് എന്നെ പിടിച്ച് പിയാനോയുടെ മുന്നിലിരുത്തി ഓരോ പാട്ടുകൾ വായിക്കും…
ഒരു ദിവസം ഏട്ടൻ എന്നെ അവിടെ പിടിച്ചിരുത്തി വയറിൽ മുത്തമിട്ടു…എന്നിട്ട് വായിച്ചു തുടങ്ങി..

🎶 ഉണ്ണികളേ ഒരു കഥ പറയാം
ഈ പുല്ലാങ്കുഴലിൻ കഥ പറയാം

പുൽമേട്ടിലോ പൂങ്കാട്ടിലോ
പുൽമേട്ടിലോ പൂങ്കാട്ടിലോ

എങ്ങു പിറന്നു പണ്ടുമിളം കൂട്ടിൽ

മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മ കൈമാറിയും

വേനല്ക്കുരുന്നിന്റെ തൂവലായ്
തൂവാലകൾ തുന്നിയും

പാടാത്ത പാട്ടിന്റെ ഈണങ്ങളെ
തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ

ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളില് സംഗീതമായ്

പുല്ലാംകുഴല് നാദമായ്

ഉണ്ണികളേ ഒരു കഥ പറയാം
ഈ പുല്ലാങ്കുഴലിൻ കഥ പറയാം🎶

എനിക്ക് അത് ഒത്തിരി ഇഷ്ടമായി…ഞാൻ പതിയെ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു…കുറച്ചധികം നേരം തന്നെ അവിടെ ഇരുന്നു..

പിന്നെ ഏട്ടൻ ഓഫിസ് റൂമിലേക്ക് പോയി..എക്സ്പോർട്ടിങ് കമ്പനിയുടെ ചില ഡോക്കുമെന്റ്സോ മറ്റോ നോക്കാനായി…അത് കഴിഞ്ഞ് നേരെ വർക്ക് സൈറ്റിലേക്കും പോയി

ഞാൻ പതിയെ അടുക്കളയിലേക്കും നടന്നു..എനിക്ക് മാസം നാലായിരുന്നു..അന്നത്തെ ദിവസവും കടന്നുപോയി…ഏട്ടൻ വളരെ വൈകിയാണ് വന്ന് കിടന്നത്..വന്ന ഉടനെ തന്നെ അജിതേട്ടനെ ഒന്ന് വിളിച്ചിട്ട് കുളിച്ചു, എന്നിട്ട് എന്നെ ചേർത്തു പിടിച്ച് കിടന്നു..ഏട്ടനെ കാത്തിരുന്ന് ഉറക്കമിളച്ചതിൽ എന്നെ വഴക്കും പറഞ്ഞു..

പിറ്റേ ദിവസം ഞാൻ എന്തോ സ്വപ്നം കണ്ട് അൽപ്പം നേരത്തെ ഉണർന്നു..സമയം നോക്കിയപ്പോൾ വെളുപ്പിന് 4:30 മാണിയെ ആയിട്ടുള്ളു..നേരം വെളുത്തിട്ട് പോലുമില്ല..പക്ഷെ എന്റെ ഹൃദയം അസാധാരണമായി മിടിക്കാൻ തുടങ്ങി..അരുതാത്തത് എന്തോ ഇന്ന് എന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നതുപോലെ തോന്നി..ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി..ഏ.സി ഇട്ടിട്ടുകൂടെ ഞാൻ വിയർത്തു…

പെട്ടന്നാണ് ഒരു കൈ എന്റെ ചുമലിൽ പതിഞ്ഞത്..എട്ടാനാണ്..പാവം പേടിച്ചിട്ടുണ്ട്..

“എന്താടാ അമ്മൂട്ടാ..വിയർത്തിരിക്കുന്നു…വെള്ളം വേണോ..എന്തേലും അസ്വസ്ഥത ഉണ്ടോ..പറയെടാ… ആശുപത്രിയിൽ പോകണോ…പോകണമെങ്കിൽ പറ.. നമുക്ക് പോയിട്ട് വരാം..”
ഏട്ടൻ പരിഭ്രാന്തിയോടെ എന്നോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്..

ഏട്ടന് എന്നോടുള്ള സ്നേഹവും.കരുതലും കാണുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…പക്ഷെ അത് ഞാൻ എട്ടനിൽ നിന്നും ഒളിപ്പിച്ചു…

“നിക്ക് ഒന്നും ഇല്ലേട്ടാ…എന്തോ ഒരു സ്വപ്നം കണ്ടു..അത്രേയുള്ളൂ..”
ഞാൻ കണ്ണുകൾ തുടച്ച് മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു..

“ഏട്ടാ”

“എന്താടാ അമ്മൂട്ടാ…പറഞ്ഞോ..”

“ഏട്ടാ..ഇന്ന് ഏട്ടൻ എന്റെ നെഞ്ചിൽ കിടക്കാവോ..എനിക്ക് ഏട്ടനെ പൊതിഞ്ഞു പിടിച്ച് കിടക്കാൻ തോന്നുവാ”

“നിനക്കെന്നാടാ പറ്റിയെ.. മോള് പറ..എന്താ മനസ്സിന്റെ വിഷമം..”

“ഒന്നൂല ഏട്ടാ..എന്തോ ഏട്ടൻ എന്നെ വിട്ടു ദൂരേക്ക് പോകുമോ എന്നൊരു പേടി”

“ഞാനോ..ഞാൻ എങ്ങോട്ട് പോകാനാ..നിന്നേം എന്റെ ചുന്ദരികുട്ടിയേം വിട്ടിട്ട്..”
എന്നിട്ട് എന്റെ സാരി അൽപ്പം മാറ്റി…
“അച്ഛെടെ ചുന്ദരിമുത്ത്‌ ഈ ‘അമ്മ പറയുന്നത് കേട്ടില്ലേ..അച്ഛ നിങ്ങളെ വിട്ട് പോകുമോ എന്ന്.. ചുന്ദരിപെണ്ണ് ചവിട്ടി തുടങ്ങുന്ന സമയമായിരുന്നെങ്കിൽ നമുക്ക് അമ്മയെ ചവിട്ടാർന്നു അല്ലെ..ഇങ്ങനൊക്കെ പറയുന്നത്കൊണ്ട്..”

അത് കെട്ടപ്പോഴേക്കും ഞാനൊന്ന് ചിരിച്ചു..

ഹാവൂ..ചിരിച്ചല്ലോ എന്നും പറഞ്ഞു ഏട്ടൻ നെഞ്ചിൽ കൈ വച്ചു..
എന്നിട്ട് ഇനി നിന്റെ ആഗ്രഹം സാധിച്ചു തന്നില്ലാ എന്ന് വേണ്ടാ എന്നും പറഞ്ഞുകൊണ്ട് ഏട്ടൻ എന്റെ നെഞ്ചിൽ തലചായ്ച്ചു…ഞാൻ ഏട്ടനെ ഇറുകെ പുണർന്നുകൊണ്ട് കണ്ണുകളടച്ചു കിടന്നു..

രാവിലെ എഴുന്നേൽക്കുമ്പോഴും ഏട്ടൻ എന്റെ നെഞ്ചിൽ തന്നെ ആയിരുന്നു..എന്റെ കൈകളും ഏട്ടനെ വലയം ചെയ്തിരുന്നു..

എന്തോ ഒരു വാത്സല്യം തോന്നി ഏട്ടൻ കിടക്കുന്ന കണ്ടപ്പോൾ..ഞാൻ ഏട്ടന്റെ നെറുകയിൽ ഒന്ന്‌ മുത്തി..എന്നിട്ട് പതിയെ ഏട്ടന്റെ തല എന്റെ നെഞ്ചിൽ നിന്നും മാറ്റിയിട്ട് ഫ്രഷ് ആവാനായി പോയി..

ഫ്രെഷായി വന്നശേഷം ഏട്ടനെ വിളിച്ചുണർത്തി…എന്നിട്ട് ഫ്രഷ് ആവാൻ വിട്ടിട്ട് ഞാൻ താഴേക്ക് ചെന്ന് അത്യാവശ്യം കാപ്പിയുണ്ടാക്കി 2 കപ്പുകളിൽ പകർന്നു..ബാക്കി അച്ഛനും അമ്മയ്ക്കും ഫ്‌ളാസ്ക്കിൽ ഒഴിച്ചു വച്ചു..അച്ചായിയും അമ്മിയും രാവിലെ തന്നെ അമ്പലത്തിൽ പോകുമെന്ന് പറഞ്ഞിരുന്നു..

അങ്ങനെ കാപ്പികുടിയൊക്കെ കഴിഞ്ഞ് അമ്മിയും അച്ചായിയും ഒക്കെ വന്ന് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷം ഇടയൻ ഓഫീസിലേക്ക് പോകാനായി വസ്ത്രം മാറാനായി ചെന്നു..ഞാനും ഏട്ടന്റെ പുറകെ തന്നെ ചെന്നു..ഏട്ടനെ തന്നെ നോക്കിക്കൊണ്ടിരുന്നു…

എന്റെ നോട്ടം കണ്ടിട്ടാവണം ഏട്ടൻ എന്താണെന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞ് എന്റെ ചുമൽ കൂച്ചി..

ഏട്ടൻ വസ്ത്രം മാറിക്കഴിഞ്ഞുടൻ തന്നെ ഞാൻ ഏട്ടനെ വലിച്ച് എന്നോട് ചേർത്തു..ആ മുഖത്തും കവിളിലും ഒക്കെ മാറി മാറി ചുംബിച്ചു..എന്താണെന്നറിയില്ല..എനിക്ക് എന്തൊക്കെയോ വല്ലായ്മ മനസ്സിൽ തോന്നി തുടങ്ങിയിരുന്നു…എങ്കിലും.ഞാൻ ഒന്നും ഏട്ടനോട് പറഞ്ഞില്ല..അവസാനം ഏട്ടന്റെ അധരങ്ങളിൽ ദീർഘമായ ഒരു ചുംബനം നൽകിയ ശേഷം ഞാൻ ഇടയൻ വിട്ടു..ഏട്ടൻ എന്റെ നെറ്റിയിലും കണ്ണുകളിലും മാറി മാറി ചുംബിച്ച ശേഷം എന്റെ ചുണ്ടിലും മൃദുവായി ചുംബിച്ചു..എന്നിട്ട് വൈകിട്ട് ആശുപത്രിയിൽ പോകാനായി റെഡി ആയി ഇരിക്കണമെന്നും പറഞ്ഞിട്ട് പോയി..

ഏട്ടൻ പോയിക്കഴിഞ്ഞും എന്റെ മനസ്സിന് സ്വസ്ഥത കിട്ടുന്നില്ലയിരുന്നു…എന്തോ ഒരു വിഷമം മനസ്സിനെ പൊതിഞ്ഞിരുന്നു..സമയം കടന്നുപോയി..ഉച്ച കഴിഞ്ഞ് ഒരു ക്ഷീണം അനുഭവപ്പെട്ടപ്പോൾ ഞാൻ ഒന്ന് കിടക്കാൻ തീരുമാനിച്ചു…കിടന്നപ്പോൾ തന്നെ ഉറങ്ങിയും പോയി..

ഒരു നാലര ഒക്കെ ആയപ്പോൾ അമ്മി എന്നെ വിളിച്ചുണർത്തി ആശുപത്രിയിൽ പോകാൻ ഒരുങ്ങാൻ പറഞ്ഞു..അമ്മിയുടേ മുഖത്തെ പതർച്ച ഞാൻ ശ്രദ്ധിച്ചിരുന്നു..എങ്കിലും ഞാൻ ഒന്നും അമ്മിയോട് ചോദിച്ചില്ല…

ഏട്ടന്റെ കാര്യം ചോദിച്ചപ്പോൾ മുഖത്ത് നോക്കാതെ ഏട്ടൻ ആശുപത്രിയിൽ ഉണ്ടാകും എന്ന് മാത്രം പറഞ്ഞു..

അച്ചായിയുടെ മുഖത്തും അതേ പതർച്ചയും വെപ്രാളവും കണ്ടപ്പോൾ എന്റെ ഹൃദയവും ശക്തിയായി മിടിക്കാൻ തുടങ്ങി…

അച്ചായി പരമാവധി വേഗതയിൽ ആണ് വണ്ടി ഓടിച്ചത്…ഞങ്ങൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവിടെ എന്റെ ഏട്ടൻ വന്നിട്ടുണ്ടായിരുന്നു..

“ഏട്ടനെന്താ ഇവിടെ..കുട്ടേട്ടനെ കണ്ടായിരുന്നോ?”

ഞാൻ ചോദിച്ചതിന് മറുപടിയാം വണ്ണം ഏട്ടൻ എനിക്ക് ഒരു വിളറിയ ചിരി തന്നു..എന്നിട്ട് പറഞ്ഞു..

“ആ കുഞ്ഞി.. വിഷ്ണുവിനെ ഞാൻ കണ്ടിരുന്നു..അവൻ മുകളിലുണ്ട്..ഞാൻ എന്റെ ഒരു സുഹൃത്തിനെ കാണാനായി വന്നതാ”

“മോനെ എങ്കിൽ ഞങ്ങൾ പോയി വിച്ചുവിനെ വിളിച്ചിട്ട് വരാം മോൻ മോളുടെ കൂടെ ഡോക്ടർടെ അടുത്ത് ചെല്ല്..”

ശെരി അച്ചായി എന്നും പറഞ്ഞുകൊണ്ട് ഏട്ടൻ എന്നെയും കൊണ്ട് ഡോക്ടറുടെ അടുക്കലേക്ക് ചെന്നു..

അപ്പോഴും കുട്ടേട്ടനെ കാണാഞ്ഞിട്ട് എനിക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല..ഞാൻ എന്റെ ഏട്ടനോട് ചോദിച്ചപ്പോൾ വരും എന്ന് മാത്രം.പറഞ്ഞു..എന്നാലും ആ മുഖത്ത് കളിയാടുന്ന പരിഭ്രമം ഞാൻ ശ്രദ്ധിച്ചിരുന്നു..

ഡോക്ടറെ കണ്ട് കഴിഞ്ഞ് ഞങ്ങൾ അവിടെയുള്ള ക്യാന്റീനിൽ കയറി കാപ്പിയും പരിപ്പുവടയും കഴിച്ചു..
ഏട്ടന് എന്നോട് എന്തോ പറയാനുള്ളതായി എനിക്ക് തോന്നി..ഞാൻ ഏട്ടന്റെ കയ്യിൽ പിടിച്ചു..എന്നിട്ട് രണ്ടും കൽപ്പിച്ച് ചോദിച്ചു..

“ഏട്ടാ..ഏട്ടന്റെ കുഞ്ഞിയോട് ഏട്ടന് എന്താ പറയാനുള്ളത്?”

അത് കേട്ടപ്പോൾ ഏട്ടൻ എന്നെ ഒന്ന് നോക്കി.എന്നിട്ട് മുഴുവൻ കഴിക്കാൻ പറഞ്ഞു..ഞാൻ അതുപോലെ തന്നെ ചെയ്തു..കാരണം വാശി കാണിക്കുന്നത് ഏട്ടന് ഇഷ്ടമല്ല..മനസ്സ് അകമേ തിളച്ചു മറിയുകയാണ്..എന്നാലും ഒന്നും പുറമെ കാണിക്കാനും പറ്റുന്നില്ല…വിച്ചുവേട്ടന് എന്തോ പറ്റി എന്ന് മന്ത്രിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ ശാസിച്ചു നിർത്തിയിരിക്കുകയായിരുന്നു ഞാൻ അപ്പോൾ..എല്ലാം കഴിഞ്ഞ ശേഷം ഏട്ടൻ പതിയെ എന്റെ കയ്യിൽ പിടിച്ചു..എന്നിട്ട് പറഞ്ഞു..

“കുഞ്ഞി…ഞാൻ പറയുന്നത് നീ ശ്രദ്ധയോടെ കേൾക്കണം”

എന്റെ ഹൃദയം പിന്നെയും മിടിക്കാൻ തുടങ്ങി..ഒരു ഭയം എന്നിൽ വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു…

(തുടരും..)

 

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11