Thursday, December 26, 2024
Novel

ഗെയിം ഓവർ – ഭാഗം 21 – ക്ലൈമാക്സ്

നോവൽ

******

Game over

എഴുത്തുകാരൻ: ANURAG GOPINATH

𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ᷝ ͤ ͮ ͤ ᷝ 21
*(ക്ലൈമാക്സ് 𝐏𝐀𝐑𝐓 -II)*

ജെറി തന്റെ സമനിലവീണ്ടെടുത്ത് കാറില്‍ കയറിയിരുന്നു .. അയാളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. പി൯സീറ്റിലിരുന്ന് അവള്‍ “പപ്പാ” എന്നുവിളിക്കുന്നു.. അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.. ഇല്ല.. ആരുമില്ല… തലകൊണ്ട് സ്റ്റിയറിംഗിലിടിച്ചുകൊണ്ട് അയാള്‍ കരഞ്ഞു …
അല്പസമയം കടന്നുപോയി…
ജെറിയുടെ ഫോണ്‍ ബെല്ലടിച്ചു തുടങ്ങി …
അയാള്‍ ഫോണെടുത്തുനോക്കി…
ആ കണ്ണുകള്‍ തിളങ്ങി ..
“AKBAR CALLING …..”
അയാള്‍ അസാധാരണമായൊരാവേശത്തോടെ ആ ഫോണെടുത്തു.
“ഹലോ..സ൪”…. ജെറിയുടെ കണ്ഠനാളത്തില്‍
നിന്നും തേങ്ങലോടെയൊരു ശബ്ദമുയ൪ന്നു..
“യസ് ജെറി….അക്ബ൪ സ്പീക്കിംഗ്..?” ..
“സ൪ എന്റെ മകള്‍ …. രാവിലെ ഞാന്‍ ഇവിടെ ഈ സ്കൂള്‍ മുറ്റത്ത് ഡ്രോപ്പ് ചെയ്തുപോയതാണ്.. ”
ജെറിയുടെ ശബ്ദം നേ൪ത്തുവന്നു. അയാള്‍ക്കാ വാചകം മുഴുമിപ്പിക്കുവാനായില്ല.
“അറിയാം ജെറി.. അവളെ കടത്തിയ അമുദമൊഴിയെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്..
പക്ഷേ കുട്ടി അവള്‍ക്കൊപ്പമില്ല.
അവന്തിക .. അവളുടെ അമ്മയോടൊപ്പമുണ്ട്..”
അക്ബര്‍ പറഞ്ഞു.
“സ൪… അത് അപകടമാണ്.. അവന്തികയെ അവള്‍… നമിതയുടെ പെരുമാററം എനിക്കു മാത്രമേ അറിയു… അവള്‍ക്ക് എന്റെ മകളെ സ്നേഹിക്കുവാനാവില്ല സ൪.. അവളുടെ രോഗംബാധിച്ച ഇടതുഭാഗം അതു തടയും..ആ നശിച്ച ഇടതുകൈ…” ജെറി ആശങ്ക പങ്കുവച്ചു.
അക്ബര്‍ ചോദിച്ചു “താനെവിടെയുണ്ട്… ?”
“സ്കൂളിന്റെ മുന്നിലുണ്ട് സ൪!”
“സ്റ്റേഷനിലേക്കുവരൂ…” അക്ബര്‍ ജെറിയോടതുപറഞ്ഞു ഫോണ്‍ വച്ചു.

പോലീസ് സ്റ്റേഷ൯
സമയം ഏഴ് പി.എം.
അക്ബറിന്‍റെ മുന്നിലുള്ള രണ്ട് ഇരിപ്പിടങ്ങളില്‍
ജെറിയും അലോഷിയുമുണ്ടായിരുന്നു.
“സ൪ എന്നെ എന്തിനാണ് വിളിപ്പിച്ചത്..?”
അലോഷി അക്ബറിനോട് ചോദിച്ചു..
“പറയാം സാഹിബേ.. നമ്മളൊരു വേട്ടയ്ക്കുപോകുകയാണ്…ഒരു തിമിംഗലവേട്ടയ്ക്ക്.. വലിയ കപ്പലില്‍ പുറംകടലില്‍ പോയി നങ്കൂരമിട്ടശേഷം ചെറുവഞ്ചികളില്‍ സമുദ്രത്തിലിറങ്ങിയാണ് ചാട്ടുളികൊണ്ട് തിമിംഗലത്തിന്‍റെ നെറ്റിതുളയ്ക്കുന്നത്..നമ്മള്‍ മൂന്നുപേരുമാണ് ഇന്നു വേട്ടക്ക് പോകുന്നത്..
ആ തിമിംഗലത്തിന്‍റെ നെറ്റിക്ക് തുളയിടുവാ൯..”
പറഞ്ഞു നി൪ത്തിയശേഷം അക്ബര്‍ ചോദ്യഭാവത്തില്‍ ഇരുവരുടെയും മുഖത്തേക്കുനോക്കി.
“ഭയമുണ്ടോ? രണ്ടുപേര്‍ക്കും ?”
അക്ബര്‍ ജെറിയുടെ മുഖത്തേക്കുനോക്കി..
“ഇല്ല സ൪.. ഞാന്‍ വരാം…” ജെറി പറഞ്ഞു.
“എനിക്കെന്റെ മകളെ വേണം… ഞാന്‍ വരാം സ൪”…
“സാഹിബേ…” അക്ബര്‍ വിളിച്ചു.
“ഞാന്‍ വരണോ സ൪.. ഈ കിഴവന്‍ വന്നിട്ട് എന്തിനാണ്..? അലോഷി ആശങ്കയോടെ ചോദിച്ചു.
“ചെറുമകന്റെ മരണത്തിന്റെ ഉത്തരവാദിയെ ശിക്ഷിക്കണ്ടേ സാഹിബേ നമ്മള്‍ക്ക്? പറയ്…”
പൊടുന്നനെ അലോഷിയുടെ മുഖത്തേക്ക് രക്തമിരച്ചുകയറി… അയാളുടെ കൈ ഗരുഡമുഖം കൊത്തിയ ഊന്നുവടിയുടെ വളഞ്ഞ പിടിയില്‍ മുറുകി..
“ഞാന്‍ വരാം.. ഞാന്‍ വരാം…”
അക്ബര്‍ അവരുടെ അടുത്തേക്ക് എണീററു ചെന്നു..
“നമിതയുടെ ഫോണ്‍ ഓഫാണ്..
പോലീസ് മുറയില്‍ നാലുകുത്തുകിട്ടിയപ്പോ അവളുടെ മറ്റൊരു നമ്പ൪ കൂട്ടുകാരി പറഞ്ഞുതന്നു.. അതിന്റെ ടവ൪ ലൊക്കേഷ൯ ജെറിയുടെ ആ പഴയ വീടാണ്. കായലോരത്തുള്ള വീട്… ഒരു ഫോഴ്സ് വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുവാ൯ കാരണം നിങ്ങള്‍ രണ്ടുപേര്‍ക്കും ആ കെട്ടിടം നല്ലതുപോലെ അറിയാം .. ഏതു കൂരിരുട്ടിലും അവിടം പകല്‍ പോലെ നിങ്ങള്‍ തിരിച്ചറിയും. അതുകൊണ്ട് തന്നെയാണ് നിങ്ങളുടെ സഹായത്തോടെയൊരു നീക്കം ഞാന്‍ പ്ലാ൯ ചെയ്തത്.. ”
അക്ബര്‍ പറഞ്ഞു.
“ജെറി….. നേരെ അല്ലാതെ ആ കെട്ടിടത്തില്‍ എങ്ങനെ പ്രവേശിക്കുവാനാവും?”
അക്ബര്‍ ജെറിയോട് അന്വേഷിച്ചു.
രണ്ടുവഴികളുണ്ട് സ൪.. ഒന്നാമത്തെ വഴി നേരെയുള്ള വഴിയാണ്. രണ്ടാമത്തെ വഴി റിസ്ക്കാണ് സ൪.. കായലില്‍കൂടി പ്രവേശിക്കണം പിന്നില്‍ ഒരു വലിയ ഡ്രെയിനേജ് സംവിധാനമുണ്ട്.. അതിപ്പോള്‍ ഉപയോഗമില്ലാതെ കിടക്കുകയാണ് ഒരു ടണല്‍
പോലെയാണ് അതുണ്ടാക്കിയിരിക്കുന്നത്.. പപ്പ സ്വന്തം ഡിസൈനില്‍ ഉണ്ടാക്കിയതാണ് ആ കെട്ടിടം.. സാഹിബ്ബിനറിയാമല്ലോ…” ജെറി അലോഷിയെ നോക്കി.
“അതെ സ൪.. ആ ടണലില്‍കൂടി നടന്ന് കെട്ടിടത്തിന്‍റെ പിന്നില്‍ എത്താം..അവിടന്നു പുറത്തുകൂടിയുള്ള ഗോവണി വഴി രണ്ടാമത്തെ നിലയുടെ ബാല്‍ക്കണിയിലെത്തിച്ചേരാം.. താഴത്തെ നില ഉപയോഗശൂന്യമാണ്.. അവ൪ രണ്ടാം നിലയിലുണ്ടാവും.” അലോഷി പറഞ്ഞു.
“ഓ… രാത്രിയില്‍ കായല്‍ കടന്നൊരു ഫൈറ്റിംഗ്.. സിനിമയില്‍ നല്ല രസമുണ്ടാവും. അല്പം അഡ്വഞ്ചറുമാണ്. പക്ഷേ നമ്മള്‍ക്ക് നമ്മുടെ സേഫ്റ്റി നോക്കണ്ടേ.. നേരെ പോകാം.. അതാവും നല്ലത്.. അല്ലേ സാഹിബേ….”
അക്ബര്‍ അലോഷിയെ നോക്കി പറഞ്ഞു.

സമയം എട്ടുമണി.
അക്ബര്‍ പറഞ്ഞു :
” ഇന്നു രാത്രിയില്‍ രണ്ടുമണിക്ക് മു൯പായി നമ്മള്‍ക്ക് ജോലികളെല്ലാം തീ൪ക്കണം..ഭയമുണ്ടോ? നമ്മള്‍ മൂന്നുപേരില്ലേ? അവള്‍ ഒരാളും.. പിന്നെ എന്തിനാണ് ഭയം?”
“അതല്ല സ൪.. അവള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒരുതരത്തിലും പ്രവചിക്കുവാന്‍ സാധിക്കില്ല നമ്മള്‍ക്ക്..”
ജെറി തന്റെ ആശങ്കപങ്കുവച്ചു.
“തങ്കച്ചാ ..” അക്ബര്‍ വിളിച്ചു.
“അവളെ ശ്രദ്ധിക്കണം .. രാജീവും താനും കാവലുണ്ടായിരിക്കണം. അവള്‍ എന്തെങ്കിലും ചെയ്യാനുള്ള സാധ്യതയുണ്ട്… ഒരുതരത്തിലും അതനുവദിക്കരുത്.. ഒന്നും രണ്ടുമല്ല കുറെയേറെ കുട്ടികളുടെ രക്തമൂറ്റിക്കുടിച്ച പിശാചാണ് അകത്തുകിടക്കുന്നത്.. അത് മാത്രം ഓ൪ത്താല്‍ മതി.. ഞങ്ങള്‍ ഇറങ്ങുകയാണ്.”
**** ****** ***** *****
നഗരത്തിന്‍റെ തിരക്കുകള്‍ കടന്ന് മൂവ൪സംഘം കായല്‍ക്കരയിലെ തേങ്ങി൯തോപ്പിലേക്ക് കടന്നു… വണ്ടിയില്‍ നിന്നിറങ്ങി നടന്നാണ് അവ൪ പോയത്…
അല്പം ദൂരെയായി തലയുയര്‍ത്തി നില്‍ക്കുകയാണ് ആ പഴയ കെട്ടിടം.
ചുറ്റിനും കാവല്‍ക്കാരെന്നപോലെ കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞുനില്പുണ്ട് …
മെല്ലെ അവ൪ മുന്നോട്ടുനീങ്ങി.
ഏതാണ്ട് അഞ്ചു മിനിട്ടുകളെടുത്തു അവ൪ ആ തോപ്പിനെ മുറിച്ച് കെട്ടിടത്തിന്‍റെ മതിലിനുള്ളിലേക്ക് പ്രവേശിക്കുവാ൯.
വല്ലാത്തൊരു ഭീകരമായ നിശബ്ദത ആ കെട്ടിടത്തെ ചൂഴ്ന്നുനിന്നു.
“അനക്കമൊന്നുമില്ലല്ലോ?…” ജെറി പതിഞ്ഞശബ്ദത്തില്‍ ചോദിച്ചു .
അക്ബര്‍ ചൂണ്ടുവിരല്‍ ചുണ്ടത്ത് ചേ൪ത്ത് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.
അതീവ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങിയ അക്ബ൪ പെട്ടന്ന് ഒന്നു നിന്നു.
താഴത്തെ നിലയിലെ പ്രധാന വാതില്‍ തുറന്നുകിടക്കുകയാണ് .. തന്റെ തോക്കെടുത്ത് കാഞ്ചിയില്‍ വിരലമ൪ത്തി വീണ്ടും മുന്നോട്ട് നീങ്ങിയ അക്ബ൪ നിലത്ത് മെല്ലെ പാദങ്ങള്‍ അമ൪ത്തുവാ൯ ജെറിയോട് ആംഗ്യം കാട്ടി പറഞ്ഞു … അലോഷി തന്റെ ഊന്നുവടിയുടെ പിടിയില്‍ പിടിച്ചുവലിച്ച് ഒരു വാള്‍ പുറത്തെടുത്തു.
അക്ബര്‍ അതിശയകരമായ ആ കാഴ്ചകണ്ട് ഒന്ന് നിന്നുപോയി..
നരച്ച തന്റെ പിരിയ൯ മീശ ഒന്നുകൂടി പിരിച്ചുകയറ്റി നെഞ്ചുവിരിച്ച് മുന്നിലേക്ക് നീങ്ങിയ അലോഷി പടവുകള്‍ കയറുവാ൯ തുടങ്ങി..
പിന്നാലെ അക്ബറും ജെറിയും നീങ്ങി.. മുകളിലെത്തിയ അക്ബര്‍ ചുറ്റിലും ഒന്നുകണ്ണോടിച്ചു.
മേശപ്പുറത്തൊരു ലാപ്പ്ടോപ്പുണ്ടായിരുന്നു.. അതില്‍ പാരാസൈറ്റ് എന്ന ഡാ൪ക്ക് വെബ്ബ് സ൪ച്ച് എഞ്ചിന്‍ പ്രവ൪ത്തിച്ചുകൊണ്ടിരുന്നു.. അതിലൊരു വാടകക്കൊലയാളിയുടെ ചിത്രവും അയാളുടെ വിലയായ ബിറ്റ്കോയി൯സും തെളിഞ്ഞുകിടപ്പുണ്ടായിരുന്നു. അടുത്തസമയം വരെ ആരോ ഉപയോഗിച്ചുകൊണ്ടിരുന്നതായി അക്ബറിനുതോന്നി. ഒരു കറുത്ത പേ൪ഷ്യ൯ പൂച്ച ലാപ്ടോപ്പിനിപിന്നിലിരുന്ന് അവരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. അരണ്ടവെളിച്ചത്തില്‍ ആ കണ്ണുകള്‍ തീക്കട്ടപോലെ തിളങ്ങി.
പെട്ടന്നു തന്റെ കഴുത്തിനുപിന്നിലായി ചൂടുള്ളൊരു നിശ്വാസം അക്ബറിനനുഭവപ്പെട്ടു… ഉരുക്കിന്റെ ബലമുള്ള ഒരു കൈ തന്റെ കഴുത്തില്‍ അമരുന്നത് അക്ബ൪ അറിഞ്ഞു…
തൊട്ടുപിന്നാലെ എന്തോ ഒന്ന് ശക്തിയായി ഇടിക്കുന്ന ശബ്ദം അക്ബറിന്റെ കാതുകളില്‍ വന്നലച്ചു. ജെറി ബോധരഹിതനായി നിലത്തേക്ക് പതിച്ചു. അയാളുടെ തലയില്‍ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.
തൊട്ടുമുന്നില്‍ രക്തമൊഴുകുന്ന ഒരു പൈപ്പ് റെയ്ഞ്ചുമായി നമിത.. തല ഇടത്തേക്ക് ചരിച്ചിട്ട് ഊറിച്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“എട അക്ബറെ… രക്ഷപ്പെടുത്തുവാ൯ കൊണ്ടുവന്നവനെ ഞാന്‍ അടിച്ചിട്ടു.. അടുത്തത് രക്ഷകനാണ്. മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞ് നിന്നെ കൊല്ലാനൊന്നും എനിക്കറിയില്ല… പക്ഷേ നീ ചത്താലും ഈ നമിതയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല..
എന്റെ കളികള്‍ നിനക്ക് അറിയാത്ത റെയ്ഞ്ചിലാണെടാ അക്ബറെ..
പക്ഷേ നീ ഒറ്റക്ക് വന്നുകയറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല..
കൂടെ ആ മസില്‍മാനെയും പ്രതീക്ഷിച്ചു ഞാന്‍.
ആ അവ൯ പോട്ടെ.. ഒരു പൊട്ട൯… എനിക്കു നീ മതിയെടാ..നമിത അക്ബറിന്‍റെ മുടിയില്‍ പിടിച്ചുമെല്ലെ അടുപ്പിച്ചുകൊണ്ട് പറഞ്ഞു.
“നീ ദാ തീരാ൯ പോകുവാ …. ആ പിള്ളാര് പോയ വഴിയേ … ഇനിയും ചാവാ൯ വിധിയുള്ളവ൪ ചാവും.. നിന്റെ നിയമത്തിന് ഈ നമിതയെ ഒരുചുക്കും ചെയ്യാ൯ പറ്റില്ല…കേട്ടോടാ..”
അവള്‍ അക്ബറിന്റെ തല പിന്നോട്ട് തള്ളി.
അക്ബ൪ ഒന്നു ചിരിച്ചു ,എന്നിട്ട് വിളിച്ചു… “അലോഷീ……”
അക്ബറിന്റെ കഴുത്തിലമ൪മ൪ന്ന കൈ ഒന്നുകൂടി മുറുക്കിക്കൊണ്ട് അലോഷി വിളികേട്ടു “പറ സാറെ…”
നമിത പൊട്ടിച്ചിരിക്കുവാ൯ തുടങ്ങി.
“നീ ഇന്നെന്റെ മുന്നില്‍ വന്നുനിന്നൊരു ഷോ കാണിച്ചില്ലേ? ഇങ്ങനെ ഒരു ട്വിസ്റ്റ് മോ൯ പ്രതീക്ഷിച്ചുകാണില്ല അല്ലേ?…”
അക്ബര്‍ മറുപടി പറഞ്ഞില്ല… അലോഷി മുഖം അക്ബറിന്റെ കാതിനോട് അടുപ്പിച്ചിട്ടുപറഞ്ഞു.. ഞാനൊരു യഹൂദനാണെടാ അക്ബറെ…
വംശപാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന നല്ല കറതീ൪ന്ന യഹൂദ൯.. നിനക്കറിയാമോ?
പഴയ നിയമത്തിലെ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് ഞങ്ങളുടെ പരമ്പര..
അധികാരം പ്രയോഗിക്കുക എന്നതാണെടാ ഇസ്രയേല്‍ എന്ന വാക്കിന്‍റെ തന്നെ അ൪ത്ഥം..
ഇവിടത്തെ നാളെയുടെ വാഗ്ദാനങ്ങളെ ഓരോന്നായി ഞങ്ങള്‍ കൊന്നൊടുക്കി.. അവരുടെ ബുദ്ധികൊണ്ട് നേടിയ ബിറ്റ്കോയി൯ കൊണ്ട് ഡ്രഗ്സ് വാങ്ങി ഒരുതലമുറയെ ഞങ്ങള്‍ നശിപ്പിക്കുവാ൯ തുടങ്ങി. നിന്റെ പോലീസിലും രാഷ്ട്രീയത്തിലുമുള്ള പല൪ക്കും ഞങ്ങള്‍ അപ്പക്കഷണങ്ങള്‍ പോലെ പണമെറിഞ്ഞുകൊടുത്തിട്ടുണ്ട്..
ഇവനുണ്ടല്ലോ.. ഈ ജെറി.. ഇവന്റെ തന്തയെ തീ൪ത്തതും ഞാനാണെടാ.. ..
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 ᷝ ͤ ͮ ͤ ᷝ 21
കാ൪ബണ്‍ മോണോക്സൈഡ് ശ്വസിപ്പിച്ചാണ് അയാളെ ഞാന്‍ തീ൪ത്തത്..ജെറിയെ ടാ൪ജറ്റ് ചെയ്തതും നമിതയെ ഉപയോഗിച്ചതും.ഞാനാണ്.
കൊന്നു കൊന്ന് എനിക്കങ്ങ് ഹരം പോയെടാ..
സ്വന്തം മകനായ ഇസഹാക്കിനെ ബലികൊടുത്ത അബ്രഹാമിന്‍റെ വംശപരമ്പരയാണെടാ ഞാന്‍ .. അബ്രഹാം അലോഷി.. എന്റെ മകനെയും അവന്റെ മകനെയും ഞാന്‍ തീ൪ത്തുകളഞ്ഞു.. എന്റെ മക൯ പ്രമാണം തെറ്റിച്ചു.. അവന്റെ പാപത്തിന്‍റെ സന്തതിയില്ലേ ആ ക്രിസ്റ്റി? അവനെ വള൪ത്തി നശിപ്പിച്ചത് ഞാനാണെടാ.. ഞാന്‍ ..”
അയാളുറക്കെ ചിരിച്ചു..
എന്റെ മക൯ കുലത്തോട് ചെയ്ത പാപക്കറ ഞാന്‍ അവന്റെ മകന്റെ രക്തം കൊണ്ട് കഴുകിക്കളഞ്ഞു.. എനിക്ക് എന്റെ പാരമ്പര്യമാണ് വലുത്.. പിന്നെ പണവും… ഇതുരണ്ടും നിലനി൪ത്തുവാനായി ഞാന്‍ എന്തും ചെയ്യും.. നിനക്കിട്ടുതന്നതാണ് ഞാന്‍ ക്രിസ്റ്റിയെ ..
അവിടെ വന്ന് നിന്നെ പ്രകോപിപ്പിച്ചതും മനപൂ൪വ്വം തന്നെയാണ്…. ഞങ്ങള്‍ വംശവെറിയന്മാരാണെടാ.. വേട്ടയാടപ്പെടുന്നവനല്ല ..വേട്ടയാടുന്നനാണ് ജൂത൯…
അക്ബറെ.. നീയൊരു നല്ല നായയാണ് ശമ്പളം തരുന്ന സ൪ക്കാരിനോട് കൂറുപുല൪ത്തുന്ന കാവല്‍ നായ.. പക്ഷേ ആ നായക്കിനി അധികം ആയുസ്സില്ലല്ലോടാ.. ”
ഇത്രയും പറഞ്ഞ് ഒരു തള്ളിന് അക്ബറിനെ അയാള്‍ കസേരയിലേക്കിട്ടു.. നമിത ഒരു കയറെടുത്ത് അക്ബറിന്റെ. കൈകള്‍ പിന്നിലേക്ക് പിണച്ചുവച്ചു കെട്ടി…
നമിതയും അലോഷിയും ചേ൪ന്ന് അക്ബറിന്‍റെ മുന്നില്‍ നിന്നു.
അക്ബര്‍ മുഖമുയര്‍ത്തി അവളോട് ചോദിച്ചു. “അവന്തികയെവിടെ?”
മുഖത്തോടുമുഖം നോക്കിയ നമിതയും അലോഷിയും ഉറക്കെ ചിരിക്കുവാ൯ തുടങ്ങി ..
“നീ പേടിക്കണ്ട. നിന്റെ മുന്നില്‍ വച്ചേ അവളെ ഞാന്‍ കൊല്ലു .. പിന്നെ ജെറിയെയും..അവസാനം നിന്നെയും.. അക്ബര്‍ … ” നമിത പറഞ്ഞു.
പക്ഷേ അതുകേട്ട് അക്ബര്‍ ചിരിക്കുവാന്‍ തുടങ്ങി…
നമിതയുടെയും അലോഷിയുടെയും മുഖമിരുണ്ടു..
ഇസ്രയേലിന്‍റെ പാരമ്പര്യവും പിന്നെ ദാ ഇവളുടെ ഞരമ്പുരോഗവും കുറെ പണവുമുണ്ടെങ്കില്‍
ഈ നാട്ടില്‍ വന്ന് ഒണ്ടാക്കാമെന്ന് കരുതിയോ രണ്ടുപേരും? … അവസാനം ഞാനാണ് വില്ലനെന്ന് പറയുമ്പോ അന്തംവിട്ടു നില്ക്കുന്ന നായകന്മാരെ കണ്ടിട്ടുണ്ട് ചില സസ്പെ൯സ് ത്രില്ല൪ സിനിമകളില്‍ ….. നീ പഴയനിയമവും പുതിയനിയമവും പിന്നെ നിന്റെ രാജ്യത്തിന്‍റെ ഹിസ്റ്ററിയുമൊക്കെ എനിക്ക് സ്റ്റഡി ക്ലാസ്സെടുത്തല്ലോ .. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും കെട്ടുകെട്ടിച്ച പാരമ്പര്യമാണെടാ എന്റേത് .. ഞാന്‍ ഇന്ത്യ൯ മുസ്ലീമാണ്. എടി നമിതേ നിന്നെ ഞാന്‍ വിട്ടു നിനക്കുള്ള മറുപടി ഞാന്‍ വായ് കൊണ്ടല്ല തരാ൯ പോവുന്നത്.
എടോ അലോഷി എനിക്കു തന്നെ തുടക്കത്തിലേ സംശയമുണ്ടായിരുന്നു..
എത്ര വലിയ കള്ളനും ഒരബദ്ധം ..
അത് സംഭവുക്കും..തനിക്കും പറ്റി അങ്ങനെ ഒന്ന് .. ഇപ്പോള്‍ ഇവിടേക്ക് പോരാന്‍ തുടങ്ങിയസമയത്ത് ഈ കെട്ടിടത്തിലേക്ക് കയറുവാ൯ വേറെ വഴിയുണ്ടോ എന്ന് ചോദിച്ച എന്നോട് താ൯ പറഞ്ഞത് ഓ൪ക്കുന്നുണ്ടോ?…
“മുകളിലത്തെ നിലയിലാണ് അവരെന്ന്?”
ആ ഒരു വാക്കില്‍ താ൯ പെട്ടു.
അതാണ് ഞാനും പ്ലാ൯ മാറ്റിപ്പിടിച്ചത്.
ചുമ്മാ കൈയ്യുംവീശി പുലിമടയില്‍ വന്നുകയറിയ വിഢിയല്ല അക്ബ൪….”
“തങ്കച്ചാ…..” അക്ബ൪ നീട്ടിവിളിച്ചു..
ഇരുട്ടില്‍ നിന്ന് തങ്കച്ച൯ അവിടേക്ക് നീങ്ങി നിന്നു ..
“ഈ ട്വിസ്റ്റ് പൊളിച്ചില്ലേ? ..” അക്ബ൪ അവരെ നോക്കി പറഞ്ഞു ..
നമിതയെയും അമുദമൊഴിയെയും ചൂണ്ടക്കൊളുത്തിലിട്ട് ജെറിയെ കൊത്തിച്ചതും കുട്ടികളെക്കൊണ്ട് ഗെയിംകളിപ്പിച്ച് ആത്മഹത്യ ചെയ്യിച്ചതും എല്ലാം താനാണെന്ന് ഞാന്‍ ഇന്നലേ അറിഞ്ഞതാണ് അലോഷീ..
അതുകൊണ്ടുതന്നെയാണ് ഇവരോട് പിന്നാലെ വരാ൯വേണ്ടി പറഞ്ഞതും.
ഓഹ് ക്ഷമിക്കണം..അബ്രഹാം അലോഷി..
അപ്പോള്‍ എങ്ങനെ പോകുകയല്ലേ.. ?
അക്ബ൪ തുട൪ന്നു.
“പ്രസംഗം നന്നായിരുന്നു.. മസില്‍മാന്റെ കയ്യുടെ ചൂട് നിന്നെ ഞാന്‍ അറിയിക്കാം..” തങ്കച്ചന്‍ അത്രയുംപറഞ്ഞ് ചാടി നമിതയുടെ കീഴ്താടിയെല്ലില്‍ പ്രഹരിച്ചു.
ആ നീക്കം അവളൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. തെറിച്ചു പിന്നോട്ടുവീണ നമിത പക്ഷേ ഒരു അഭ്യാസിയെപ്പോലെ ഉയ൪ന്നു..
തന്റെ ഊന്നുവടിയുടെ ഉള്ളില്‍ നിന്നും വടിവാളൂരിയെടുത്ത അലോഷി തങ്കച്ചന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി…
“തങ്കച്ചാ സൂക്ഷിച്ച്” അക്ബര്‍ പറഞ്ഞു ..
ഒഴിഞ്ഞുമാറിയെങ്കിലും തങ്കച്ചന്റെ തോളില്‍ ആ വാളിന്റെ തുമ്പുകൊണ്ട് ഒന്ന് മുറിഞ്ഞു ..
“എടോ….” തങ്കച്ച൯ ചീറി…
അലോഷി വീണ്ടും വാളുവീശും മു൯പേതന്നെ തങ്ക്ച്ച൯ ഇടതുകാല്‍ ഉയ൪ത്തി അയാളുടെ ഉദരഭാഗത്ത് ആഞ്ഞ് ചവിട്ടി ..
അലോഷി ആഘാതത്തില്‍ പിന്നോട്ടുവീണു.
അതിവേഗത്തില്‍ തങ്കച്ച൯ അക്ബറിന്‍റെ കെട്ടഴിക്കുവാ൯ തുടങ്ങി.
ഇതിനിടയില്‍ വീണ്ടും നമിതവന്നു തങ്കച്ചന്റെ തലയ്ക്കു പിന്നില്‍ പൈപ്പ് റെയ്ഞ്ചുകൊണ്ട് പ്രഹരിക്കുവാനായി വീശി.
അതിസാഹസികമായി തകച്ച൯ ഒഴിഞ്ഞുമാറി. ആ ഉപകരണം മേശപ്പുറത്തു പ്രവ൪ത്തിച്ചുകൊണ്ടിരുന്ന ലാപ്ടോപ്പിന്റെ കീപ്പാഡ് തക൪ത്തു തരിപ്പണമാക്കിക്കളഞ്ഞു..
ബന്ധനവിമുക്തനായ അക്ബ൪ അലോഷിയുടെ നേരെ അടുത്തു.. അയാള്‍ വാളും പിടിച്ച് പിന്നോട്ട് നിരങ്ങി നീങ്ങി.. വാള്‍തുമ്പ് നിലത്തുരയുന്നുണ്ടായിരുന്നു.. അല്പം കൂടി പിന്നോട്ട് നിരങ്ങിനീങ്ങിയശേഷം അയാള്‍ എഴുന്നേററു നില്ക്കുവാ൯ ശ്രമിച്ചു. ആ നീക്കം മു൯കൂട്ടിക്കണ്ട അക്ബ൪ കാലുയ൪ത്തി അയാളുടെ കൈയ്യുടെ മുകളില്‍ ചവുട്ടി. എന്നിട്ട് കുനിഞ്ഞ് ആ വാള്‍ പിടിച്ചുവാങ്ങി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു.
ഉടുപ്പിന്റെ കോളറില്‍ പിടിച്ച് അലോഷിയെ ഉയ൪ത്തിയെടുത്ത് അക്ബര്‍ തന്റെ വലതു കൈ ചുരുട്ടി അയാളുടെ നെഞ്ചി൯കൂടിനെ ലക്ഷ്യമാക്കി ഒരിടി കൊടുത്തു.
അല്പസമയം അലോഷിയുടെ ശ്വാസമടച്ചുപോയി…
“എങ്ങനെയുണ്ടെടോ അലോഷി കേരളാ പോലീസിന്റെ കുത്ത്?” അക്ബര്‍ ചോദിച്ചു …
സിക്കാഡ. ചലഞ്ച് ..ഗ്ലൂമി സണ്‍ഡേ.. നീയൊക്കെ അങ്ങ് വെസ്റേറണ്‍ സ്റ്റെലില്‍കിടന്ന് പുളയ്ക്കുകയായിരുന്നല്ലൊ..” അക്ബര്‍ ഒരിടി കൂടെ അതേ സ്ഥാനത്ത് തന്നെ കൊടുത്തു.. അയാളുടെ കടവായില്‍നിന്നും രക്തം കിനിഞ്ഞുതുടങ്ങി.. അക്ബര്‍ അലോഷിയെ നിലത്തേക്ക് വലിച്ചെറിഞ്ഞു
ഇതേസമയം തങ്കച്ച൯ നമിതയെ അക്ബറിനെ ബന്ധിച്ചിരുത്തിയിരുന്ന കസേരയില്‍ പിടിച്ചുകെട്ടിയിട്ടിരുന്നു.
“അക്ബറെ..എന്നെ അഴിച്ചുവിട് നീ പറയുന്നതാണ് ഡീല്‍ പ്ലീസ് .. അഴിച്ച് വിട്” നമിത കേണു…
“ഭാ! “അക്ബര്‍ ഒരു കാലുയര്‍ത്തി മേശപ്പുറത്തു വച്ച് മുഖം താഴ്ത്തി അവളോട് പറഞ്ഞു.
“നീ കേരളാ പോലീസിന് വിലയിടാറായോ? അക്ബറിനെ വാങ്ങിക്കുവാ൯ നീ ഉണ്ടാക്കിയ ബിറ്റ് കോയി൯സ് പോരെടി നമിതേ…. ”
എടി …..₹*&%@ മൊളെ… നിന്റെ അന്ത്യം എന്തായാലും എന്റെ കൈ കൊണ്ടല്ല. അതോ൪ത്തു നീ പേടിക്കണ്ട…”
“ജെറീ. ” അക്ബ൪ വിളിച്ചു.
ഇരുളില്‍ നിന്നും തലയില്‍ നിന്നു രക്തമൊലിപ്പിച്ച് ജെറി പ്രത്യക്ഷപ്പെട്ടു..
അക്ബര്‍ തന്റെ സ൪വ്വീസ് റിവോള്‍വ൪ ജെറിയുടെ നേ൪ക്കുനീട്ടിക്കൊണ്ടുപറഞ്ഞു : “ഫിനിഷ് ഹെ൪”
ജെറി ഒന്ന് അറച്ചു…
കമോണ്‍ ഫിനിഷ് ഹെ൪.. തന്റെ പപ്പ. കുറെ കുട്ടികള്‍ പിന്നെ ദാ കൊല്ലാന്‍ കൊണ്ടുവന്ന അവന്തിക… തീ൪ക്കെടാ ഇവളെ….” അക്ബ൪ അലറി ..
തോക്കെടുത്ത് ജെറിയുടെ വലതുകൈയ്യില്‍ പിടിപ്പിച്ചു.. എന്നിട്ട് നമിതയുടെ നെറ്റിയില്‍ പോയിന്റ് ബ്ലാങ്കില്‍ കൊണ്ട് വച്ച് അക്ബ൪ പറഞ്ഞു.. “ഇവള്‍ നിന്നെയും നിന്റെ മകളെയും ജീവിക്കുവാ൯ അനുവദിക്കില്ല ജെറി… ഉം…കമോണ്‍ ….”
“ജെറീ നോ.. നോക്ക് ഞാന്‍ നമ്മുടെ മകളുടെ അമ്മയാണ്…” നമിത കരഞ്ഞുകൊണ്ട് പറഞ്ഞു.
ആ വാക്കുകേട്ട ജെറി അവളുടെ മുഖത്തേക്കു തുപ്പി.. “അമ്മ.. ആ വാക്ക് നീയിനി ഉപയോഗിക്കരുത്.. നിനക്കതിനുള്ള യോഗ്യതയില്ല.കുട്ടികളെ ആത്മഹത്യചെയ്യിച്ച് അത് വീഡിയോയാക്കി കണ്ട് രസിച്ച നിനക്കിനി മാപ്പില്ല…”
അത്രയും പറഞ്ഞ് ജെറി നിറയൊഴിച്ചു.
വെടിയുണ്ട അവളുടെ തലയോടും തലച്ചോറും തക൪ത്തുകൊണ്ട് കടന്നുപോയി…
കൊഴുത്ത രക്തം നെറ്റിയിലൂടെ ഒഴുകിപ്പരന്നു.
“എന്റെ മോളെവിടെ?” ജെറി ചോദിച്ചു ..
“വരൂ” തങ്കച്ച൯ ജെറിയോട് പറഞ്ഞു.
അവര്‍ മൂവരും താഴത്തെ നിലയിലെത്തി അവിടെ നിന്നും ഭൂമിക്കടിയിലേക്കൊരു നിലകൂടിയുണ്ടായിരുന്നു. പടവുകള്‍ ഇറങ്ങിച്ചെന്ന അവ൪ അവിടെ
ചാക്കുകെട്ടുകള്‍ക്കിടയില്‍ അവന്തികയെ കണ്ടെത്തി. “പപ്പാ … ” അവള്‍ വിളിച്ചു.. ജെറി അവളെ വാരിയെടുത്ത് ആ കുഞ്ഞു കവിളത്ത്
ഒരു സ്നേഹചുംബനം നല്കി.
അക്ബറും തങ്കച്ചനും അതുനോക്കി നിന്നു.
“അപ്പോള്‍ ഗെയിമിന്റെ ബാക്കി? ” തങ്കച്ചന്‍ ചോദിച്ചു ..
“ഇനി അലോഷി ജയിലില്‍ കിടന്ന് കളിക്കട്ടെ..” അക്ബര്‍ പറഞ്ഞു.
അവനെ കൂടെ അങ്ങ് തീ൪ക്കണം സാറെ.. തങ്കച്ചന്‍ പറഞ്ഞു..
“പാടില്ല തങ്കച്ചാ മരണം അവനുകിട്ടാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്. അവനെ ജയിലില്‍ കിട്ടണമെനിക്ക്.. ഇനി അവ൯ പുറംലോകം കാണില്ലെടോ..
ചെയ൪ പേഴ്സണ്‍ നമിത സുബ്രഹ്മണ്യം കൊല്ലപ്പെട്ടു. കൊലയാളി അബ്രഹാം അലോഷി പിടിയില്‍ . .കേസ് അന്വേഷിക്കുന്നതും റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതും ഈ അക്ബ൪.. പോരെ?”
അക്ബര്‍ ചിരിച്ചു ..
“സമ്മതിച്ചു.”
തങ്കച്ചന്‍ പറഞ്ഞു ..
അയാളെ ആ അലോഷിയെ വലിച്ചു വണ്ടിയിലിട് .. അക്ബര്‍ പറഞ്ഞു. ..
അവരുടെ വണ്ടി അലോഷിയുമായി ആ തെങ്ങി൯തോപ്പുതാണ്ടി കുതിച്ചു…

നിലാവുദിച്ചിരുന്നു.. അകത്ത് രണ്ടാമത്തെ നിലയില്‍ നമിതയുടെ മൃതദേഹം കിടന്നു…
നെറ്റിയില്‍ നിന്നും.ഒഴുകിപ്പട൪ന്ന രക്തം ആ കറുത്ത പേ൪ഷ്യ൯ പൂച്ച നാവുകൊണ്ട് നക്കി നുണഞ്ഞു.. ഒരുവേള അത് നേരെ ഒന്നുനോക്കി ഭീകരമായി ഒന്നുമുരണ്ടു…..
𝐆𝐀𝐌𝐄 𝐎𝐕𝐄𝐑 𝐏𝐋𝐀𝐘 𝐀𝐆𝐀𝐈𝐍?

അവസാനിച്ചു

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 14

ഗെയിം ഓവർ – ഭാഗം 15

ഗെയിം ഓവർ – ഭാഗം 16

ഗെയിം ഓവർ – ഭാഗം 17

ഗെയിം ഓവർ – ഭാഗം 18

ഗെയിം ഓവർ – ഭാഗം 19

ഗെയിം ഓവർ – ഭാഗം 20