Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 3

എഴുത്തുകാരി: ജീന ജാനകി

“മറിയേരമ്മേടാട്ടും കുട്ടി …………. മണിയന്റമ്മേര സോപ്പുപെട്ടി …………. മറിയേരമ്മേടാട്ടും കുട്ടി …………. മണിയന്റമ്മേര സോപ്പുപെട്ടി …………. പാട്ടുപ്പെട്ടി വട്ടപ്പെട്ടി …………. വെറുതെ കുട്ടൻപട്ടി….. സിസിലിക്കുട്ടീര തേപ്പുപെട്ടി …………. പാട്ടിത്തള്ളേര മുറുക്കാൻ പെട്ടി…..” ………….

ആരും പേടിക്കേണ്ട എന്റെ അലാറമാണേ….. ഞാൻ കണ്ണും തിരുമ്മി എണീറ്റതും രാജി ഒരൊറ്റ ചവിട്ട്…… “ഓഹ്…. വെളുപ്പാൻകാലത്ത് അവൾടെ ഒരാട്ടുംകുട്ടി….. ഒന്ന് നിർത്തെടി ചൂലേ…..” അതും പറഞ്ഞു തലയണ തലയുടെ മേളിലിട്ട് ചരിഞ്ഞു കിടന്നു കുരുപ്പ് ഉറങ്ങി….. ന്റെ നടുപ്പുറത്ത് ചവിട്ടിയിട്ട് കുരുപ്പ് കിടന്നുറങ്ങുന്നത് കണ്ടില്ലേ ജന്തു… അവളെ ഇനിയും വയലന്റാക്കേണ്ടേന്ന് കരുതി ഞാൻ അലാറം ഓഫ് ചെയ്തു… പിന്നെ ബാത്ത്റൂമിലേക്ക് പോയി…. ആറര കഴിഞ്ഞപ്പോളേക്കും ഞാൻ കുളിച്ചിറങ്ങി…

ടൗവ്വലും തലയിൽ കെട്ടി താഴേക്ക് പോയി….. ജലജമ്മ അടുക്കളയിൽ നില്ക്കുന്നതു കണ്ട് ഞാൻ അവിടേക്ക് ചെന്നു… “മോളെന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്… രാജി ഏഴര കഴിയും എഴുന്നേൽക്കാൻ…. മോളും അങ്ങനെ എഴുന്നേറ്റാൽ മതിട്ടോ….” ഞാൻ ഒന്ന് പുഞ്ചിരിച്ചു… പോരാളിയും ഇപ്പോൾ അടുക്കളയിൽ യുദ്ധം തുടങ്ങിക്കാണും…. ഓരോന്ന് ആലോചിച്ച് നിന്നപ്പോളാണ് ജലജമ്മ എനിക്ക് നേരെ ചായ നീട്ടി… ഞാൻ അതും കുടിച്ച ശേഷം ജലജമ്മയോട് വർത്താനം പറഞ്ഞുകൊണ്ട് ജോലിയിൽ സഹായിച്ചു….

“മോൾക്ക് ഇവിടെയൊക്കെ ഇഷ്ടായോ ?” “ഒരുപാട് ഇഷ്ടായി…. അങ്കിൾ ഇന്നലെ എപ്പോഴാ വന്നേ ?” “അങ്കിൾ എന്നും വരുമ്പോൾ പന്ത്രണ്ട് മണിയൊക്കെ കഴിയും. കണ്ണന്റെ കൂടെയാ വരുന്നത്…. എന്നിട്ടേ അവൻ വീട്ടിൽ പോകൂ….. അദ്ദേഹത്തിന് മറ്റാരെക്കാളും ഇഷ്ടം അവനോടാ…. തിരിച്ച് അവനും അങ്ങനെതന്നെ….. ” വീണ്ടും കണ്ണൻ….. ആ പേര് കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു തിരയിളക്കം പോലെ… “മോൾക്ക് അറിയില്ലല്ലോ കണ്ണനെ….

രാജീടെ വല്യച്ഛന്റെ മൂത്ത മോനാണ്…. തൃശൂർ അവനെ അറിയാത്ത ആളുകൾ കുറവാ….. എല്ലാ കാര്യത്തിലും മുന്പിൽ കാണും…… പക്ഷേ ആള് ഒരു ചൂഢനാ…. അവന് എപ്പോളാ ദേഷ്യം വരുന്നതെന്ന് ദൈവത്തിന് പോലും അറിയില്ല…. മോള് വന്നല്ലേ ഉള്ളൂ….. എല്ലാം പതിയെ മനസ്സിലാവും…..” ഞാൻ ചിരിച്ചു കൊണ്ട് അവിടെ നിന്നും റൂമിലേക്ക് പോയി…. നടക്കുമ്പോഴും എന്റെ ചിന്തയിൽ ആ പേര് മാത്രം അലയടിച്ചു….

ഫസ്റ്റ് ഇംപ്രഷൻ ഇസ് ദ ബെസ്റ്റ് ഇംപ്രഷൻ എന്നല്ലേ നാട്ടുനടപ്പ്….. അതുകൊണ്ട് ഡ്രെസ്സൊക്കെ അയൺ ചെയ്താണ് ഇട്ടത്…. അച്ഛൻ എടുത്തു തന്ന ഒരു കരിനീല ടോപ്പും വെറ്റ് കളൻ പാന്റും ദുപ്പട്ടയുമാണ് എന്റെ വേഷം….. മുഖത്ത് കുറച്ചു പൗഡറും കണ്ണിൽ കരിമഷിയും ഒരു കുഞ്ഞു പൊട്ടും അതിന് മുകളിൽ ഒരു ചന്ദനക്കുറിയും ഇട്ട ശേഷം കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചു… കൈയിൽ ബ്ലാക് കളർ ലേഡീസ് വാച്ചും മറ്റേ കയ്യിൽ കുറച്ചു കരിവളയുമിട്ട് ഞാൻ റൂമിന് പുറത്തിറങ്ങി….

താഴേക്ക് ചെന്നപ്പോൾ രാജി കൈകൊണ്ട് കൊള്ളാം എന്ന് ആംഗ്യം കാണിച്ചു…. അവളെക്കണ്ട് ഞാനൊരു ചിരി പാസ്സാക്കി…. പെട്ടെന്നാണ് വാതിലിനരികിൽ നിന്നും അപരിചിതവും പരിചിതവുമായ ആ ശബ്ദം കേട്ടത്…. നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി…. രാജി പോയെന്നുറപ്പാക്കിയ ശേഷം ഞാൻ സ്പീഡിൽ പുറത്തേക്ക് പോയി…. ഞാനെത്തും മുന്പേ ബുള്ളറ്റിൽ പുള്ളിക്കാരൻ പാഞ്ഞു പുറത്തേക്ക് പോയി….. “ഇയാളെന്താ വായുഗുളിക മേടിക്കാൻ പോകുവാണോ….ഛെ…. ഇന്നും മുഖം മിസ്സായല്ലോ…”

നിങ്ങൾ വിചാരിക്കും പോലെ എനിക്ക് ലവ് ഒന്നുമല്ലാട്ടോ…. എന്റെ കള്ളക്കണ്ണന്റെ പേരായതുകൊണ്ടാകും ഒരു കാന്തികത… അതെന്നെ വലിച്ചടുപ്പിക്കുംപോലെ…. വല്ലാത്തൊരു നിരാശയോടെ ഞാൻ തിരിഞ്ഞു നടന്നു…….. ************** ഓഫീസിലേക്ക് അങ്കിളിന്റെ കൂടെയാണ് പോയത്….. അത്യാവശ്യം വലിയ ഓഫീസാണ്. മാനേജറുടെ ക്യാബിനിലേക്ക് കയറിയപ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു…. നാല്പത്തഞ്ചിനടുത്ത് പ്രായം കാണും അദ്ദേഹത്തിന്…..

എന്റെ അച്ഛയുടെ പ്രായം….. സർട്ടിഫിക്കറ്റൊക്കെ നോക്കിയ ശേഷം നാളെ മുതൽ ജോയിൻ ചെയ്യാൻ പറഞ്ഞു…. നല്ല സ്നേഹമുള്ള മനുഷ്യൻ…… ശേഷം ഒരു പെൺകുട്ടിയെ വിളിച്ചു…. അവളോട് എന്റെ സ്ഥലവും ജോലിയുമൊക്കെ പറഞ്ഞു തരാൻ പറഞ്ഞു…. ഞാൻ അവളോട് വേഗം കൂട്ടായി…. പുള്ളിക്കാരിയുടെ പേര് കല്യാണി…. ഞാൻ കല്ലു എന്ന് വിളിച്ചു…. കല്ലു ഒരു പട്ടര് കുട്ടിയാട്ടോ…… പഞ്ചപാവം ……. ന്നാലും ചളിയടിക്ക് കുറവൊന്നൂല്ല…. കല്ലു എല്ലാരെയും പരിചയപ്പെടുത്തി തന്നു….

വേഗം തന്നെ യാത്ര പറഞ്ഞിറങ്ങി… അങ്കിൾ എന്നെ വീട്ടിൽ കൊണ്ടാക്കിയ ശേഷം ഫൈനാൻസിലേക്ക് പോയി…… ഞാൻ അകത്തേക്ക് കയറുമ്പോൾ രാജി ഹാളിൽ തന്നെ ഇരുപ്പുണ്ട് കപ്പലണ്ടിയും കൊറിച്ച്…… ഇവള് തിന്നാൻ വേണ്ടിയാണോ ജീവിക്കുന്നത്….. ഇവളിത് എന്തിന്റെ കുഞ്ഞാണോ എന്തോ…… എന്നെക്കണ്ട് അവളൊന്നു ഇളിച്ചു…. “നീ കോളേജിൽ പോയില്ലേ……” “ഓഹ്….. അവിടെ എന്തോ പ്രോഗ്രാമാണ്…. ക്ലാസ്സൊന്നുമില്ല.

പിന്നെന്തിനാ കുറ്റിയും പറിച്ച് പോകുന്നത്…..” “ഉവ്വ…….” “ടീ നീ വേഗം ഡ്രെസ്സ് മാറി വാ….. ഒരിടം വരെ പോകാം…..” “എവിടെയാ ?” “അതൊക്കെ പറയാം… നീ വാ……” “ദേ ഇപ്പോ വരാം…..” ************ “നീയിതെങ്ങോട്ടാടീ എന്നെ കൊണ്ട് പോകുന്നത് ? കുറേ ആയല്ലോ നടക്കാൻ തുടങ്ങിയിട്ട്…..” ഞാൻ ക്ഷമ കെട്ട് അവളോട് ചോദിച്ചു…. “ദേ എത്തി…….” നടന്നു ഒരു വീട്ടിന്റെ ഗേറ്റിന് മുന്നിലെത്തി….. അവൾ ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറി… പിന്നാലെ ഞാനും….. പെട്ടെന്ന് ഒരു വലിയ നായ കുരച്ചു കൊണ്ട് ഓടി വന്നു….

( സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു….. ഇന്നെന്നെ പട്ടി ടച്ചിംഗ്സ് ആക്കും….. എനിക്ക് അമ്മിയെ ഇനി കാണാൻ പറ്റോ….. – അത്മ.) “അയ്യോ………” അറിയാതെ ഞാൻ ഉറക്കെ വിളിച്ചു… അപ്പോഴേക്കും അവൾ പട്ടിയെ തലോടി മെരുക്കി എന്നെ ഡെഡ് ബോഡി ആകുന്നതിൽ നിന്നും രക്ഷിച്ചു….. ഓഹ്….. ഇപ്പോഴാ ശ്വാസം നേരെ വീണത്… എന്ത് സൈസാ ആ പട്ടി…. ന്റെ മേലേ ചാടും മുൻപേ അറ്റാക്ക് വന്നു ഞാൻ മുകളിലേക്ക് ടിക്കറ്റെടുത്തേനേ …… ഞാൻ രാജിയുടെ കൈയിൽ പിടിച്ചു ചുറ്റും നോക്കി….

പഴയ നാലുകെട്ട് തറവാട് പോലുള്ളൊരു വീട്.. മുന്നിൽ തുളസിത്തറ…. വിശാലമായ മുറ്റം…. വീട്ടിന്റെ ഒരു വശത്ത് വലിയൊരു മൂവാണ്ടൻ മാവ്… ആ മാവിന് കുറച്ചു പുറകിലായാണ് എന്റെ നേരെ പാഞ്ഞു വന്ന ആ പടക്കുതിരയുടെ കൂട്….. പുള്ളിയുടെ പേര് കൈസർ…… തെച്ചിയും ചെണ്ടുമല്ലിയും റോസാച്ചെടികളുമൊക്കെ മുൻവശത്തായ് സ്ഥാനം പിടിച്ചിട്ടുണ്ട്.. നല്ല തണുത്ത അന്തരീക്ഷം…. വീശിയടിക്കുന്ന കാറ്റിൽ പോലും സ്നേഹത്തിന്റെ സ്പർശം ഉള്ളപോലെ തോന്നി….. “രാജി….. ഇതാരുടെ വീടാണ്……”

“ഇതാണ് എന്റെ ചേട്ടായിയുടെ വീട്….. ” ഉള്ളിലൊരു പിടപ്പ് പോലെ എനിക്ക് തോന്നി… രാജിയോടൊപ്പം ഞാൻ നടന്നു…. ഒരു വശത്ത് കൂടെ വീടിന്റെ പുറകിലേക്ക് ഞങ്ങൾ പോയി… വീടും പറമ്പും എല്ലാം ആ മതിൽക്കെട്ടിനുള്ളിൽ തന്നെ ആയിരുന്നു… പേരമരവും പ്ലാവും മാവും അങ്ങനെ ഒത്തിരി മരങ്ങളുണ്ട് അവിടെ…. പുറകിലേക്ക് ചെന്നപ്പോളേക്കും രാജി ഉറക്കെ വിളിച്ചു….. “മീനൂട്ടി……….” ഞാനും അവളുടെ മീനൂട്ടിയെ നോക്കി…. ഉടുത്തിരിക്കുന്ന സെറ്റ് സാരിയുടെ മുന്താണി ഇടുപ്പിൽ തിരുകിയിട്ടുണ്ട്…..

നല്ല ഐശ്വര്യമുള്ള മുഖം…. കണ്ണുകളിൽ നിറയെ വാത്സല്യഭാവം…. നല്ല ഒരു അമ്മ….. അമ്മയെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്കിഷ്ടായി……. രാജി ഓടിച്ചെന്നു മീനൂട്ടിയെ കെട്ടിപ്പിടിച്ചു…. “മേത്ത് അപ്പിടി വിയർപ്പാട്ടോ മോളേ……” “ന്റെ മീനൂട്ടീടെ അല്ലേ …. സാരല്യ……. ദേ ഇതാ എന്റെ ഫ്രണ്ട്….. ഞാൻ പറഞ്ഞിരുന്നില്ലേ…..” “ആഹ്….. മോളെന്താ അവിടെ നിൽക്കുന്നേ…. ഇങ്ങ് വാ…….” ഞാൻ അടുത്തേക്ക് ചെന്നു….. “എന്താ മോളുടെ പേര് ?” “എന്റെ പേര് ജാനകി……..” “നല്ല പേര്…. ” അതും പറഞ്ഞു അമ്മ എന്റെ കവിളിലൊന്ന് തലോടി…….

“വല്യച്ഛാ………” രാജി നീട്ടി വിളിച്ചു…. ഈ കുരുപ്പിന് ഒച്ചയുടെ അസുഖമുണ്ടോ….. അവളെന്നെ നോക്കി പല്ലിളിച്ചു…… “ദേ….. ആ വരുന്നതാ എന്റെ വല്യച്ഛൻ…..” ഞാൻ നോക്കി…. അമ്മയെപ്പോലെ തന്നെ നല്ല സ്നേഹമുള്ള ഒരച്ഛൻ….. എനിക്കെല്ലാരേം ഇഷ്ടായി…… മീനൂട്ടി കൈയും കാലും മുഖവും കഴുകി ഞങ്ങളെ അകത്തേക്ക് വിളിച്ചു….. ഞാൻ അവിടുത്തെ പച്ചക്കറിത്തോട്ടം ഒക്കെ അന്തംവിട്ട് നോക്കി നിൽക്കുവാരുന്നു…. ചീര , തക്കാളി , വഴുതനങ്ങ, പടവലം, പാവൽ അങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം അവിടുണ്ട്…..

അങ്ങുമിങ്ങും കോഴികൾ തീറ്റ തേടി നടക്കുന്നുണ്ട്…… “ടീ വായ്നോക്കി….. നീ ഇതേത് ലോകത്താ…. ഇങ്ങോട്ട് വാ…….” രാജിയുടെ വിളി കേട്ട് ഞാനും അകത്തേക്ക് കയറി…. പഴമയുടെ ഗന്ധവും പ്രൗഢിയും വിളിച്ചോതുന്ന നാലുകെട്ട്.. നല്ല വൃത്തിയും വെടിപ്പും…. മീനൂട്ടി ഞങ്ങൾക്ക് സംഭാരം ഉണ്ടാക്കി തന്നു… നല്ല രുചിയുള്ളതുകൊണ്ട് ഞാൻ ഒറ്റവലിക്ക് മുഴുവൻ അകത്താക്കി….. അപ്പോഴാണ് പുറത്ത് നിന്നും ഒരു ചെറുപ്പക്കാരൻ അമ്മേ എന്ന് വിളിച്ചുകൊണ്ട് അവിടേക്ക് വന്നത്….. “ചക്കി…. ഇതാണ് സച്ചുവേട്ടൻ…..

ഇവിടുത്തെ ഇളയ സന്തതി…. ഏട്ടാ ഇതാ എന്റെ ഫ്രണ്ട്….” “ആഹ്….. പാപ്പൻ പറഞ്ഞിരുന്നു…. ” പുള്ളി എന്നെ നോക്കി പുഞ്ചിരിച്ചിട്ട് അകത്തേക്ക് പോയി….. രാജി എന്നെ വീട് മുഴുവൻ ചുറ്റിക്കാണിക്കുകയാണ്….. പെട്ടെന്ന് ഒരു റൂമിന് മുന്പിൽ അവൾ നിന്നു…. “ടീ….. ഇതാണ് എന്റെ കണ്ണൻ ചേട്ടായിടെ മുറി…..” എന്റെ കണ്ണുകൾ വിടർന്നു…. ഞാനെന്തേലും ചോദിക്കും മുൻപേ മീനൂട്ടിയുടെ അടുത്ത് പോയി വരാന്നു പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു…..

ഞാൻ പതിയെ ആ റൂം തുറന്നു…. നല്ല വൃത്തിയുള്ള റൂം…. കിടക്കയൊക്കെ ഒരു ചുളിവുപോലുമില്ലാതെ വിരിച്ചിട്ടിരിക്കുന്നു…. ഹെഡ്സെറ്റും തിരുകി പാട്ട് കേട്ടുകൊണ്ട് ആ റൂം ഫുൾ നിരീക്ഷിച്ചു… ടേബിളിൽ കുറേ കണക്ക് പുസ്തകങ്ങളൊക്കെ ഇരുപ്പുണ്ട്. ഒരു സെൽഫി എടുക്കാനായി ഹെഡ്സെറ്റ് വലിച്ചൂരി അലമാരയുടെ കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കെ ഒരു അലർച്ച കേട്ടു….. “ടീ……………..” ഞാൻ ഞെട്ടിത്തരിഞ്ഞു…

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 2