Sunday, December 22, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 21

എഴുത്തുകാരി: ജീന ജാനകി

ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ശ്യാമാ ശരത്തിന്റെ കൺസൾട്ടിംഗ് റൂമിൽ ഒരു ശില പോലെ ജാനകി ഇരുന്നു…. പുറമേ ശാന്തയാണെങ്കിലും ഉള്ളിൽ സങ്കടത്തിന്റെ ശക്തമായ അടിയൊഴുക്കു വഹിക്കുന്ന പുഴയെപ്പോലെ അവൾ നിലകൊണ്ടു… ജീവനുണ്ടെന്ന് തെളിയിക്കാൻ മാത്രം കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട്… ഷീന അവളുടെ അവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞു… അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞിരുന്നു പവി അവളുടെ ജീവനിൽ… ഒറ്റപ്പെടലിലും തന്നെ ചേർത്ത് പിടിച്ചിരുന്നവൾ ഇന്നില്ല….

അതിനേക്കാൾ ജാനകിയെ വേദനിപ്പിച്ചത് അവളുടെ പവി തനിച്ചായപ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാത്തതായിരുന്നു…. അതുകൊണ്ടാണ് പവി ആത്മഹത്യ ചെയ്തതെന്നും അവളുടെ മരണത്തിന് കാരണം താനാണെന്നും അവൾ ഉറച്ചു വിശ്വസിച്ചു…. സിവിയർ ഡിപ്രഷനിലേക്ക് പോയ ജാനകിയെ തിരിച്ചു കൊണ്ടുവരാൻ കുറേ മാസങ്ങൾ വേണ്ടി വന്നു… അവളുടെ മനസ്സിലെ അടിയുറച്ച വിശ്വാസത്തെ മാറ്റിയെടുക്കുക എന്നത് ശ്യാമയെ സംബന്ധിച്ച് വലിയ ഒരു പരീക്ഷണമായിരുന്നു….

ഒട്ടേറെ കൗൺസിലിംഗിലൂടെ ജാനകിയെ അവർ മടക്കിക്കൊണ്ട് വന്നു… അവൾ പവിയുടെ ഓർമ്മകളെ തന്റെയുള്ളിൽ ബന്ധിച്ചു… പിന്നീട് എല്ലാവരെയും മുമ്പിലും അവൾ പഴയ ചക്കിയായി…. ഡോക്ടർ ഒരു കാര്യം മാത്രം ഓർമ്മിപ്പിച്ചു… “ജാനകി അവൾ നോർമ്മൽ ആണ്… പിന്നെ അവൾ ഒറ്റപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം… കൂടുതലായും അവൾ ഒരുപാട് സങ്കടപ്പെടുന്ന അവസ്ഥയിൽ ഒരു കാരണവശാലും അവളെ തനിയെ വിടരുത്… ഒരു തവണ കൂടി അവൾ ഈ അവസ്ഥയിൽ എത്തിയാൽ പിന്നൊരിക്കലും അവളെ രക്ഷിക്കാൻ കഴിയില്ല… കാരണം അവളിൽ സൂയിസൈഡ് ടെൻഡൻസി എക്സ്ട്രീം ആണ്… ബട്ട് അത് റെസസ്സീവ് ആണ്… ആർക്കും ചിന്തിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല…”

“അന്നുമുതൽ നിഴലായ് അവളുടെ അച്ചനും അമ്മയും കൂടെയുണ്ട്…. അതിന് ശേഷമാണ് ചക്കി പിജി ചെയ്തത്… അപ്പോഴാണ് അവളെ എനിക്ക് കിട്ടുന്നത്…. വല്ലാത്ത ഒരു അവസ്ഥയിലാണ് അവളിതെല്ലാം എന്നോട് പറഞ്ഞത്…. വീട്ടിൽ പറഞ്ഞത് കാരണം കല്യാണ ആലോചനയായി ചർച്ച വന്നെങ്കിലും അതിൽ അവളോ അയാളോ താത്പര്യം കാട്ടിയില്ല… അവസാനം എല്ലാം അച്ഛന്റെ ഇഷ്ടത്തിന് വിട്ട് നൽകിയിട്ടാണ് അവളിങ്ങോട്ട് വന്നത്…. അവൾക്ക് ഒരു മാറ്റം അത് ആവശ്യമായിരിക്കുന്നു…

അവളുടെ ഓഫീസിലെ ഓരോ കാര്യങ്ങളും എന്നോട് അവൾ പറഞ്ഞിരുന്നു… അവൾക്ക് കൂടുതലും പറയാനുള്ളത് കല്ലുവിനെക്കുറിച്ച് ആയിരുന്നു… അവളുടെ പവിയുമായി ഒത്തിരി സാമ്യമുള്ള കല്ലു…. ആ സാന്നിധ്യം അവളെ പഴയ ജാനിയാക്കി മാറ്റുന്നുണ്ട്…. എല്ലാത്തിനും മുകളിൽ അവൾ കണ്ണേട്ടനെ സ്നേഹിക്കുന്നുണ്ട്…. അവളുടെ കണ്ണുകളിൽ ഞാനത് കണ്ടു….. പക്ഷേ പിടിച്ചു വാങ്ങാനല്ല…. തിരികെ ഒരു നോട്ടം പോലും പ്രതീക്ഷിക്കാതെ അകമഴിഞ്ഞ് സ്നേഹിക്കുന്നുണ്ട്….

ഒരു പക്ഷെ സ്വന്തം ജീവൻ പോലും കൊടുത്ത് ഭ്രാന്തമായി സ്നേഹിക്കും അവൾ……” ഇത്രയും പറഞ്ഞു നിർത്തിയതും രാജി പൊട്ടിക്കരഞ്ഞു…. സച്ചു അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു… അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു… “രാജീ വാ മുഖം കഴുകിയിട്ട് പോകാം…. അവളറിയരുത് ഞാനിതൊക്കെ അറിഞ്ഞതെന്ന്…..” “മ്…. നമുക്ക് പോകാം….” അവർ രണ്ടു പേരും നടന്നകന്നു…. പക്ഷേ മാവിന് പുറകിൽ നിന്ന കണ്ണനെ ഇരുവരും കണ്ടില്ല…. അവന്റെ കണ്ണുകൾ നിറഞ്ഞു… ************** വീട്ടിലേക്ക് ചെന്നതും എന്തോ വന്ന് നെഞ്ചിലിടിച്ചു…. നോക്കുമ്പോൾ കുരുട്ടടയ്കയും സച്ചുവും ആണ്…. എന്നെക്കണ്ടതും സച്ചു വലിഞ്ഞു…

മറുത എന്നെക്കണ്ട് പേടിച്ചു നിൽപ്പുണ്ട്.. ഞാൻ പതിയെ തല താഴ്ത്തി അവളുടെ കവിളിൽ നോക്കി… പെണ്ണ് കണ്ണടച്ച് നിന്നു വിറയ്കുവാ…. വികാരങ്ങൾ എന്നിലേക്ക് അലയടിച്ചു… ഞാൻ പതിയെ ആ കവിളിൽ തലോടി… ആ കവിളിലെ പാട് ചെറിയൊരു വേദന ഉണ്ടാക്കി… വേദനയുണ്ടോന്നുള്ള എന്റെ ചോദ്യത്തിന് അവളെന്നെയൊന്ന് നോക്കി… ജീവൻ പോകുന്ന പോലെ തോന്നി…. ആ കണ്ണുകൾ നിറഞ്ഞപ്പോൾ നെഞ്ച് ചുട്ട് പൊള്ളി…. പക്ഷേ ചുണ്ടുകളിൽ ഒരു മന്ദഹാസം ഉണ്ടായിരുന്നു…

അത് ഈ കണ്ണന് മാത്രമാണ് എന്നെനിക്ക് അറിയാം പെണ്ണേ…. അവൾ തിരിഞ്ഞു നടന്നപ്പോൾ ഞാനും ഫോണും കൊണ്ട് പുറത്തേക്ക് ഇറങ്ങി… അവിചാരിതമായാണ് മാവിന്റെ ചുവട്ടിൽ പോയിരുന്നത്… സച്ചുവും രാജിയും അവിടെ വന്നു നിന്നു… ഞാൻ മരത്തിന് പുറകിൽ ആയതുകൊണ്ട് അവരെന്നെ കണ്ടില്ല… അവരുടെ വിഷയം ചക്കിയായത് കൊണ്ട് തന്നെ എന്റെ ശ്രദ്ധ അവിടേക്ക് പോയി…. രാജിയുടെ വാക്കുകളിൽ നിന്നും ഞാനറിയുകയായിരുന്നു അവളെ…. എന്തൊക്കെ പറഞ്ഞ് ഞാൻ വേദനിപ്പിച്ചു… അത് പോരാതെ തല്ലിയും വേദനിപ്പിച്ചു…

പക്ഷേ എന്നിട്ടും ഒരു പുഞ്ചിരിയോടെ എന്റെ മുന്നിൽ വന്നു നിന്നതോർത്തപ്പോൾ നെഞ്ച് പൊടിഞ്ഞ് പോയി… ഇല്ല ചക്കി…. ഇത്രയും അനുഭവിച്ചില്ലേ നീ… ഇനി മതി… എന്നെ നീ പ്രണയിക്കുന്നു എന്നെനിക്ക് അറിയാം പെണ്ണേ… ആർക്ക് മനസ്സിലായില്ലെങ്കിലും എന്റെ മനസ് എന്നോട് പറഞ്ഞിരുന്നു… അപ്പോഴും ആയിരിക്കില്ലെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… വേണ്ടടീ പെണ്ണേ…. ചേരില്ല ഞാൻ നിനക്ക്…. എന്റെ ജീവിതത്തിലേക്ക് വന്നാലും നീ ഒരുപാട് വേദനിക്കേണ്ടി വരും….

തല്ലും വഴക്കും കള്ള്കുടിയും ആയി നടക്കുന്ന എനിക്ക് നിന്നെ സന്തോഷിപ്പിക്കാൻ കഴിയില്ല പെണ്ണേ… ശത്രുക്കൾക്ക് പഞ്ഞമില്ലാത്തവനാ കണ്ണൻ…. ആ ഞാൻ കാരണം നിന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീണാൽ ഈ ജന്മത്തിൽ എനിക്കു എന്നോട് തന്നെ പൊറുക്കാൻ കഴിയില്ല… മറന്നേക്ക് പെണ്ണേ…. ചേരില്ല ഞാൻ നിനക്ക്… നിന്റെ ഈ ചിരിയും കളിയും ഇങ്ങനെ ദൂരെ നിന്ന് കണ്ടാൽ മതിയെനിക്ക്….. നിറമിഴികൾ തുടച്ചു കൊണ്ട് ഞാൻ അകത്തേക്ക് നടന്നു… അവിടെ എല്ലാവരോടും കാര്യം പറഞ്ഞു പൊട്ടിച്ചിരിച്ചു നടക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ചൊന്ന് വിങ്ങി…. നെഞ്ചോട് ചേർത്തു പിടിക്കണം എന്ന് പോലും തോന്നിപ്പോയി… വേണ്ട… ഞാൻ എന്റെ മുറിയിലേക്ക് കയറിപ്പോയി….

കണ്ണേട്ടൻ….. എന്റെ ഉയിരിൽ തന്നെ കലർന്നിരിക്കുന്നു… പക്ഷേ ഞാൻ പിടിച്ചു വാങ്ങില്ല കണ്ണേട്ടാ… എന്റെ സ്നേഹം അതെന്റെ സമർപ്പണമാണ്…. ആത്മാവിന്റെ സമർപ്പണം…. പ്രണയത്തിനും മേലേ ഭ്രാന്തമായ വികാരം… ഓരോ നിമിഷവും ആ നെഞ്ചിലെ താളം കേട്ട് നിൽക്കാൻ കൊതിയുണ്ട്… കണ്ണേട്ടന്റെ സാന്നിധ്യം പോലും പറയാതെ ഞാൻ അറിയുന്നുണ്ട്… കളിച്ച് ചിരിച്ച് നടക്കുന്നുണ്ടെങ്കിലും ഒരുപാട് മുറിവുകൾ ഏറ്റ് വാങ്ങിയവളാണ് ഞാൻ…. എന്നാൽ ഓരോ തവണയും എന്നെ ചേർത്ത് പിടിക്കുമ്പോഴും എന്റെ ഉള്ളിലെ മുറിവുകൾക്ക് ആ സാന്നിധ്യം മരുന്നായി മാറാറുണ്ട്…

ഈ നെഞ്ചിൽ രാവണൻ കുടിയേറിക്കഴിഞ്ഞു…. അതിൽ നിന്നും ഒരു മടങ്ങിപ്പോക്ക് ഉണ്ടെങ്കിൽ അത് മരണത്തിലേക്ക് മാത്രമായിരിക്കും…” ഞാൻ എല്ലാവരോടും വർത്താനം പറഞ്ഞു നിൽക്കുന്നത് ഒന്ന് നോക്കിയ ശേഷം കണ്ണേട്ടൻ മുകളിലേക്ക് പോയി…. എന്തോ മുഖത്ത് ഒരു വിഷമം പോലെ തോന്നി… പോയി ചോദിച്ചാലോ…. ഓഹ്…. ചെല്ലേണ്ട താമസം… ഇപ്പോ പറയും…… ഹും…. ********”****** ഈ സമയം രാജിയും സച്ചുവും ഹാളിൽ ഇരിക്കുവാരുന്നു…. “ടീ രാജി, നീയെന്തിനാ ഇങ്ങനെ താടിയിൽ കയ്യും താങ്ങി ഇരിക്കുന്നേ…..”

“പിന്നെ താടിയിൽ കയ്യല്ലാതെ കാലുകൊണ്ട് താങ്ങോ…..?” “ഈ മറുത….. നീ എന്താലോചിക്കുവ എന്നാ ചോദിച്ചേ….” “ആ… അതാണോ…. ഈ രണ്ടെണ്ണത്തിനേം എങ്ങനെ സെറ്റാക്കും എന്നാ ഞാൻ ആലോചിക്കുന്നത് ?” “ചക്കി പറയില്ല… കണ്ണേട്ടൻ ഈ ജന്മത്ത് പറയില്ല… പിന്നെന്താ ചെയ്യുക….” “പുകയ്ക് ഈ കുഞ്ഞിത്തല…. നിനക്കുള്ള പോലെ കുരുട്ടു ബുദ്ധി കുട്ടൂസനു പോലും ഉണ്ടാകില്ല….” “ഞാൻ കുട്ടൂസനാണേൽ ചേട്ടായി പുട്ടാലു അമ്മാവനാ….” “നീ പോടീ ആമത്തലച്ചീ……” “നീ പോടാ കൊമ്പൻചെല്ലി….” “ടീ നിന്നെ ഞാൻ…..” “അയ്യോ ഈ കാലനെന്നെ കൊല്ലാൻ വരുന്നേ…….” രാജി മുമ്പിലും സച്ചു പിന്നിലുമായി ഓടി….

പുറത്തേക്കോടാൻ വന്ന രാജി പടിയ്കലെത്തിയപ്പോൾ പെട്ടെന്ന് സൈഡിലേക്ക് മാറി…. സച്ചുവിന് ബാലൻസ് കിട്ടിയില്ല… അവൻ പടിയിൽ നിന്ന ആളിനേയും കൊണ്ട് താഴെ മണ്ണിൽ വീണു…. ആരുടെ മുകളിലാണ് വീണതെന്ന് അറിയാൻ സച്ചു കണ്ണുതുറന്നു നോക്കി….. “ജിത്തുവേട്ടൻ…… ഈ….. പുരുഷു എന്നെ അനുഗ്രഹിക്കണം…..” “ഞാനൊന്നു ഭൂമിയിൽ കാലുറപ്പിച്ചിട്ട് പോരേ അനിയാ…..” “ധാരാളം… ഏട്ടനിങ്ങനെ കിടന്നാലോ… എണീക്ക് ഏട്ടാ….” “ഞാനെന്റെ പെണ്ണിനേം കെട്ടിപ്പിടിച്ചു കിടക്കുവാണോ ….ഫ! എണീറ്റ് മാറെടാ തെണ്ടി……” “ഈ…. ഓർത്തില്ല…..” രാജി – ഏട്ടാ ഞാൻ പിടിക്കണോ… സച്ചു – നിനക്ക് മതിയായില്ലേടീ മറുത…. രാജി –

ഞാൻ പറഞ്ഞോ ഓടി വല്യേട്ടന്റെ നെഞ്ചിലോട്ട് വീഴാൻ…. ജിത്തു – നിന്ന് ചിലയ്കാതെ വന്ന് പിടിക്കെടീ ചീവീടേ….. രണ്ട് പേരും കൂടി ജിത്തുവിനെ പിടിച്ച് എണീപ്പിച്ചു…. സച്ചു – വേദനയുണ്ടോ ഏട്ടാ ….. ജിത്തു – ഏയ് നല്ല സുഖല്ലേ നടുവും തല്ലി വീഴുന്നത്… അത് മാത്രോ നിന്നെപ്പോലെ ഒരു പോത്തെന്റെ നെഞ്ചത്തോട്ടല്ലേ വീണത്…. അമ്മേ…. എന്റെ ഒബ്ളോംകോട്ടയൊക്കെ പോയി….. രാജി – അത് തലേലല്ലേ… നടുവിൽ സുഷുമ്ന അല്ലേ….. ജിത്തു – സുഷമ്മ ആയാലും രാജമ്മ ആയാലും പോവാനുള്ളതൊക്കെ പോയില്ലേ….

എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ കുഞ്ഞമ്മ നിങ്ങൾ രണ്ട് മക്കൾക്കും വല്ല ഇരുമ്പുലക്കയുമാണോ തരുന്നത്….. സച്ചു – പോണത് പോട്ടെ ഏട്ടാ…. അല്ല കൊച്ചെവിടെ ? ജിത്തു – അവിടെ ഉണ്ട്…. സുചി ഓടിച്ചിട്ടൊക്കെ ആഹാരം കൊടുക്കുന്നുണ്ട്…. രാജി – വല്യേട്ടൻ വന്നത് നന്നായി… വല്യേട്ടന്റെ കുറച്ചു ഹെൽപ് വേണം ഞങ്ങൾക്ക്… ജിത്തു – എന്താ പ്രത്യേകിച്ച്… സച്ചു – ഒരു ലൗ സെറ്റാക്കണം….. ജിത്തു – എന്തിനാടാ നിനക്ക് ലൈൻ സെറ്റാക്കിയിട്ട് ആ പെണ്ണിന്റെ പ്രാക്ക് എനിക്ക് കിട്ടാനോ…. രാജി – അയ്യേ… ഈ പോത്തിനല്ല… കണ്ണൻ ചേട്ടായിക്കാ….. ജിത്തു – നീ പോയേ…. എനിക്ക് ജീവിച്ചു കൊതി തീർന്നില്ല….

ഇന്ഷുറന്സ് പോലുമില്ല… നടക്കുന്ന കാര്യം വല്ലാതും പറ…. സച്ചു – എടാ ഏട്ടാ, അങ്ങേരക്കും അവളോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്…. ജിത്തു – ഹ..ഹ… ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ ഏപ്രിൽ ഫൂൾ അല്ലല്ലോ ഇന്ന്…. രാജി – എന്റെ വല്ല്യേട്ടാ സംഗതി സത്യമാണ്… പക്ഷേ രണ്ട് പേരും പറയില്ല… നെഞ്ചിലൊതുക്കും…. രാജിയും സച്ചുവും ചക്കിയുടെ പാസ്റ്റ് ഒഴികെ ബാക്കി എല്ലാം ജിത്തൂനോട് പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ജിത്തുവിന്റെ കിളികൾ കൂടും തല്ലിപ്പൊളിച്ച് ഗുഡ്ബൈ പറഞ്ഞു പോയി…. രാജി – വല്ല്യേട്ടാ ….. വല്ല്യേട്ടാ….

ഭഗവാനേ തട്ടിപ്പോയോ…. അനക്കം ഒന്നൂല്ലല്ലോ…. സച്ചു പതിയെ ജിത്തുവിന്റെ മൂക്കിന് താഴെ വിരൽ വെച്ച് നോക്കി…. ജിത്തു – ഫ! സച്ചു – ഭാഗ്യം ജീവനുണ്ട്…. ജിത്തു – ആരെങ്കിലും എനിക്കിത്തിരി വെള്ളം തരോ….. രാജി കൊണ്ട് വന്ന ഒരു വലിയ മൊന്ത വെള്ളം ജിത്തു മടമടാന്ന് കുടിച്ചു… രാജിയും സച്ചുവും അന്തംവിട്ട് മുഖത്തോട് മുഖം നോക്കി… രാജി – ഇതിന്റെ വയറെന്താ അറബിക്കടലാണോ…. ജിത്തു മൊന്ത അവിടെ വെച്ചു… എന്നിട്ട് എന്തൊക്കെയോ തല ചൊറിഞ്ഞൊക്കെ ആലോചിച്ചു…. സച്ചു – ഒരു ഐഡിയ പറഞ്ഞു തരാനാ പറഞ്ഞേ…. അല്ലാതെ തലേന്ന് പേൻ പൊഴിച്ചിടാനല്ല…. ജിത്തു –

ഞാനെന്റെ വീക്ഷണകോണകത്തിലൂടെ ഒന്ന് ആലോചിക്കട്ടെ….. രാജി – ഇതിപ്പോ പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്നപോലെ ആയല്ലോ… എന്തൊരു ദ്രാവിഡാണ് ഇതൊക്കെ… സച്ചു – ദ്രാവിഡോ… രാജി – അതായത് ഉത്തമാ കഷ്ടം എന്നാ ഉദ്ദേശിച്ചേ…. ന്യൂജനറേഷൻ പദസമ്പത്തിൽ വിജ്ഞാനം തീരെ പോരാ കേട്ടോ…. ജിത്തു – യൂറീക്ക….. സച്ചു – കൂർക്കയോ….. ജിത്തു – കൂർക്കേം ചേമ്പൊന്നുമല്ല…. ഒരു ഐഡിയ കിട്ടിയെന്നാ…. സച്ചു – പറ കേൾക്കട്ടെ…. ജിത്തു – അക്കോർഡിംഗ് ടു ഫീമെയിൽ ആന്ഡ് മെയ്ൽ സൈക്കോളജി ദേർ ഇസ് എ….. സച്ചു – നിർത്ത്….

നിങ്ങടൊരു അമ്മകണ്ടകോല…. മനുഷ്യന് മനസ്സിലാകും പോലെ പണ….. ജിത്തു – ഓഹ്…. ഇംഗ്ലീഷ് അറിയില്ലേ പുവർ പീപ്പിൾ…. രാജി – ഇംഗ്ലീഷ് ഒക്കെ അറിയാം… പക്ഷേ ഇമ്മാതിരി ദാരിദ്ര്യം പിടിച്ച ഇംഗ്ലീഷ് അറിയില്ല… മര്യാദയ്ക്ക് പറ അല്ലേൽ ഞാൻ താഴെ പിടിച്ചു തള്ളിയിടും….. ജിത്തു – പറയാം… അവരുടെ ഇഷ്ടം പുറത്തേക്ക് കൊണ്ട് വരാൻ ഒരു മാർഗം ഉണ്ട്… സച്ചു – എന്ത് മാർഗം…. ജിത്തു – കുശുമ്പ്…. രാജി – കുശുമ്പോ…. ജിത്തു – അതേടീ….. അവളെത്രയൊക്കെ പറയില്ലെന്ന് പറഞ്ഞാലും മറ്റേതെങ്കിലും പെണ്ണിനോട് കണ്ണൻ സംസാരിക്കുന്നത് കണ്ടാൽ അത് തനിയെ പുറത്തേക്ക് വരും…

ദേഷ്യമായിട്ട്…. അതുപോലെ കണ്ണനും അവൾ വേറേ ആണിനോട് സംസാരിക്കുന്നത് കണ്ടാൽ അതേ പോലെ ദേഷ്യം വരും… നിങ്ങൾ പറഞ്ഞത് വെച്ചാണെങ്കിൽ മാക്സിമം അവരുടെ ഉള്ളിൽ കുശുമ്പ് ഉണ്ടാക്കണം….” സച്ചു – ഇത് വെറും തലയല്ല… നമിച്ചു ഏട്ടാ…. ജിത്തു – ഇതൊക്കെ എന്ത്…. അല്ല നീ പറഞ്ഞ നമ്മുടെ പെങ്ങളൂട്ടി എവിടെ ? രാജി – വാ അകത്തുണ്ട്….. എല്ലാവരും ഉള്ളിലേക്ക് പോയി….. *************”” ഞാൻ ഫോണിൽ ആംഗ്രി ബേഡിൽ കുരങ്ങൻമാരേം കൊന്നോണ്ട് ഇരുന്നപ്പോഴാണ് രാജിയുടെയും സച്ചുവേട്ടന്റെയും കൂടെ ഒരാളൂടെ വരുന്നത്….

ജിത്തു – ചക്കിക്ക് എന്നെ മനസ്സിലായോ…. ഞാൻ – ഇല്ല…. ജിത്തു – ഞാൻ കണ്ണന്റെ വല്യച്ഛന്റെ മോനാണ്….. ഞാൻ ആ ഏട്ടനോട് സംസാരിച്ചു… ആളൊരു തമാശക്കാരനായിരുന്നു…. പഞ്ചപാവം…. ഞാനും വല്യേട്ടൻ എന്ന് തന്നെ വിളിച്ചു… ഞാനും വല്യേട്ടനും പെട്ടെന്ന് തന്നെ കൂട്ടായി… അമ്മയോടും അപ്പയോടും വർത്താനമൊക്കെ പറഞ്ഞ്, മുകളിൽ പോയി കണ്ണേട്ടനേം കണ്ടിട്ട് വല്യേട്ടൻ തിരികെ പോയി… എന്തോ തിരക്കുണ്ട് പിന്നെ കാണാം എന്ന് പറഞ്ഞിട്ടാ പോയത്… കുറേ നേരം ഇരുന്നപ്പോൾ ബോറടിച്ചു… അപ്പോഴാണ് സച്ചുവേട്ടൻ ഏട്ടന്റെ റൂമിലെ ഹോം തിയേറ്ററിൽ പാട്ടിട്ടു…..

ഞാനും രാജിയും സച്ചുവേട്ടനും കൂടി റൂമിൽ കിടന്നു ഭയങ്കര ഡാൻസ് കളി…. ഞാൻ ഏട്ടന്റെ കറുത്ത കൂളിംഗ് ഗ്ലാസും വച്ച് മുടിയും പുട്ട് അപ്പ് ചെയ്തു പട്ടുപാവാട ലേശം പൊക്കി അഡ്ജസ്റ്റ് ചെയ്തു വച്ചു…. പിന്നെ ഞാൻ ഒന്നും കണ്ടില്ല… പാട്ട് മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ…. ഗുമുര് ടപ്പർ ഗുമുര് ടപ്പർ ഗുമുര് ടപ്പർ ഗുമുര് ടപ്പർ ഗുമുര് ഗുമുര് ഗുമുര് ഗുമാരാ…. പാട്ടിന് നല്ല ഗുമ്മായോണ്ട് ഞാനും വിട്ടു കൊടുത്തില്ല…. കളിച്ച് പൊളിച്ചു… ഞാൻ തിരിഞ്ഞ് നിന്ന് കളിച്ചതുകൊണ്ട് തന്നെ വാതിൽ എനിക്ക് കാണാൻ പറ്റില്ലായിരുന്നു… കളിച്ച് കളിച്ച് പിന്നോട്ട് നടന്നതും ആരെയോ ചെന്നിടിച്ചു ബാലൻസ് തെറ്റി ബെഡിലേക്ക് വീണു….

ആരാണെന്നറിയാൻ തിരിഞ്ഞു നോക്കേണ്ടി വന്നില്ല… കാരണം ആ ഹൃദയത്തിന്റെ താളം എനിക്ക് തിരിച്ചറിയാൻ കഴിയും ഏതവസ്ഥയിലും…. സന്ദർഭത്തിനനുസരിച്ച് ഒരു റൊമാൻറിക് സോംഗും പ്ലേ ആയി…. ‘കണ്ണേ കനിയേ ഉനൈ കൈ വിടമാട്ടേൻ സത്തിയം സത്തിയം ഇത് സത്തിയമേ…. മാലൈ സൂടിയ കാലൈ കതിരിൻ മേലൈ സത്തിയം സത്തിയം ഇത് സത്തിയമേ…’ കണ്ണേട്ടൻ ബെഡിലും ഞാൻ പുള്ളിയുടെ മേലെയുമാണ് വീണത്… വീണ ആക്കത്തിൽ കണ്ണേട്ടന്റെ ചുണ്ട് എന്റെ പിൻകഴുത്തിൽ അമർന്നു…. നെഞ്ചിലൊരു മിന്നൽപ്പിണർ പാഞ്ഞുപോയി….

റൂമിൽ കണ്ണുകൾ പരതി… രാജിയേയും സച്ചുവേട്ടനേയും കാണാനില്ല…. ആ കൈകൾ എന്റെ വയറിനെ ചുറ്റിപ്പിടിച്ചിട്ടുണ്ട്… നെഞ്ചിപ്പോൾ പൊട്ടിപ്പോകും എന്ന് എനിക്ക് തോന്നി… എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല… കണ്ണേട്ടന്റെ ചുടുനിശ്വാസം എന്റെ പിൻകഴുത്തിൽ പതിഞ്ഞു…. എന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു…. പെട്ടെന്നാണ് കണ്ണേട്ടന്റെ ഫോണിൽ ബെല്ലടിച്ചത്…. ഞാൻ ഞെട്ടി കണ്ണുതുറന്നു… സത്യം പറഞ്ഞാൽ അപ്പോഴാ എനിക്ക് ബോധം വന്നത്…. പെട്ടെന്ന് ഒരു അലർച്ച…. “എണീറ്റ് മാറെടീ….. ” എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു… “നിങ്ങളിങ്ങനെ ഉടുമ്പിനെ പോലെ പിടിച്ചിരുന്നാൽ ഞാനെങ്ങനെ മാറും….

കൈ മാറ്റ് മനുഷ്യാ…..” ആ ദുഷ്ടൻ കൈ മാറ്റിയിട്ട് എന്നെ സൈഡിലേക്ക് ഒരു തള്ള്…. ഭാഗ്യം ബെഡായോണ്ട്…. താഴെയെങ്ങാനും വീണിരുന്നെങ്കിൽ ഞാൻ ഇന്നേക്ക് ദുർഗ്ഗാഷ്ടമി കൊണ്ടാടിയേനെ…. “എവിടെന്നെങ്കിലും വന്നു വീണോളും മനുഷ്യന്റെ നെഞ്ചത്തോട്ട്….” “ആഹാ…. ഞാൻ സച്ചുവേട്ടന്റെ മുറിയിലാ നിൽക്കുന്നത്… ഞാൻ കളിക്കുന്ന സ്ഥലത്ത് വന്ന് എന്നേം കെട്ടിപ്പിടിച്ചു ബെഡിൽ ഉരുണ്ടു വീണിട്ട് എന്നെ പറയുന്നോ….” “പിന്നെ കെട്ടിപ്പിടിക്കാൻ പറ്റിയ മുതല്….” എനിക്ക് നല്ല ദേഷ്യം വന്നു… ഞാൻ ചവിട്ടി തുള്ളി പുറത്തേക്ക് പോയി… തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല… ഞാൻ ഒന്ന് പറയും ,

അങ്ങേര് രണ്ട് പറയും… രണ്ട് നാലാവും നാലെട്ടാകും അവസാനം അങ്ങേരെന്റെ പതിനാറ് നടത്തും…. വെറുതെ എന്തിനാ അയാളെക്കൊണ്ട് വേണ്ടാത്തത് ചെയ്യിക്കുന്നത്…. കാര്യം എനിക്കങ്ങേരോട് അസ്ഥിക്ക് പിടിച്ച പ്രണയമാണെങ്കിലും ചിലനേരം കടുവയെ എടുത്തു കിണറ്റിലിടാൻ തോന്നും…. വല്ല വാഴയും….. അല്ലേൽ വേണ്ട… വാഴ വച്ചിരുന്നേൽ എനിക്ക് ഇങ്ങേരെ കാണാൻ പോലും കിട്ടില്ലാർന്നല്ലോ…. എന്തായാലും എന്നെ ഈ കാലന്റെ മുന്നിൽ ഇട്ടിട്ട് മുങ്ങിയ രണ്ടിനേയും ഞാനിന്ന് കൊല്ലും……..

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 20