Wednesday, January 22, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 19

എഴുത്തുകാരി: ജീന ജാനകി

രാവിലെ എന്തെന്നില്ലാത്ത ഒരു ഉന്മേഷം…. കണ്ണേട്ടനെ ഒന്ന് കാണാൻ മനസ് കൊതിക്കുന്നുണ്ട്…. പക്ഷേ ആ മനസ്സിൽ എന്തായിരിക്കും… വെറുപ്പ്… അല്ലാതെന്താ…. അത് തുറന്നു പറഞ്ഞിട്ടുണ്ട്… ചെറിയൊരു വേദന തോന്നി… ഇന്ന് ഞാൻ കുറച്ചു രാവിലെ ആണ് എഴുന്നേറ്റത്… അടുത്ത് തലയണയും കെട്ടിപ്പിടിച്ചു രാജി കിടപ്പുണ്ട്…. “ടീ……. രാജി…..” “മ്…….” “രാജീഈ…..ഈ…” “മ്….” ഇതൊരു നടക്ക് പോകൂല…. ഞാൻ അവളുടെ ചന്തിനോക്കി ഒരു കിക്ക്…. പെണ്ണ് നേരേ തറയിൽ വീണു…. “അയ്യോ ചേട്ടായി ഞാൻ കൊക്കയില് വീണേ..” “ങേ…..” അവൾ കണ്ണും തുറക്കാതെ കിടന്നു നീന്തുവാ തറയിൽ…..

“ടീ പന്നി…. എണീറ്റ് വാടീ… അവളുടെ ഒരു കൊക്ക….” “ങേ…. വീണില്ലേ…. ഞാനെവിടെയാ….” “സ്വിറ്റ്സർലൻഡിലാ…..” “ഈ…. സ്വപ്നമായിരുന്നോ… ശ്ശൊ… ഞാനങ്ങ് പേടിച്ചു പോയി… ങേ…. എടീ…..” “ന്താടീ….” “നീയെന്തിനാടീ പന്നീ എന്നെ ചവിട്ടിയേ….” “തലയിലൊഴിക്കാൻ വെള്ളം കിട്ടിയില്ല…” “ഫ! മനുഷ്യന്റെ ഉറക്കം കളഞ്ഞു…. നിനക്കെന്തിന്റെ കേടാ….” “ടീ നീയൊന്ന് കുളിക്ക്… നമുക്ക് ഇന്ന് അമ്പലത്തിൽ പോകാം….” “ഇന്നെന്താ പ്രത്യേകത….” “അങ്ങനൊന്നൂല്ല… പോകാൻ തോന്നി…” “നീയിന്ന് ഓഫീസിൽ പോണില്ലേ…..” “ഏയ് ഇല്ലെടാ…. ഈ മാസം ഓഫൊന്നും എടുത്തില്ലല്ലോ…. ഇന്നെടുക്കാന്ന് കരുതി…”

“അല്ലാണ്ട് മോന്തേല പാട് ആരും കാണുമെന്ന് കരുതിയിട്ടല്ല…..” “അതും ഉണ്ട്… മാസത്തിൽ മൂന്ന് ഓഫുണ്ടല്ലോ… അതിലൊന്ന് ഇന്നെടുത്തു…. നീ വാ വേഗം…..” “ഈ പെണ്ണ്…….” രാജി ചാടിത്തുള്ളി കുളിക്കാനായി അവളുടെ റൂമിലേക്ക് പോയി… ഞാനും എന്റെ റൂമിൽ കയറി കുളിച്ചു….. ഞാൻ ഒരു കരിമ്പച്ച കളർ പട്ടുപാവാടയായിരുന്നു ധരിച്ചത്… മുടി കുളിപ്പിന്നൽ കെട്ടി… വാലിട്ട് കണ്ണെഴുതി ഒരു കുഞ്ഞ് പൊട്ടും കൈകൾ നിറയെ കരിമ്പച്ച കുപ്പിവളകളും ഇട്ട് താഴെ ചെന്നു… ജലജമ്മ എന്നെ കണ്ട് അടുത്ത് വന്നു… “ആഹാ…. കുറുമ്പിപ്പാറു ചുന്ദരി ആയല്ലോ… എന്റെ മോൾക്ക് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ….”

കണ്ണിൽ നിന്നും കുറച്ചു കൺമഷി ജലജമ്മ എന്റെ ചെവിയ്ക് പിന്നിൽ തൊട്ടു…. അങ്കിൾ പുറത്ത് നിന്നും പത്രവും എടുത്ത് കൊണ്ട് വന്നു…. “കൊച്ചു കാന്താരി… എങ്ങോട്ടാ സുന്ദരി ആയിട്ട്….” “അമ്പലത്തിലോട്ടാ അങ്കിളേ…..” “ഇവിടത്തെ സന്താനം എവിടെ ?” “അവളും ഉണ്ട്.. റെഡി ആകുവാ….” അപ്പോഴേക്കും രാജിയും ഒരു വെള്ളക്കളർ പട്ടുപാവാടയിട്ട് താഴേക്ക് വന്നു… ഞാൻ കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു… ഇറങ്ങുമ്പോൾ രാജി വിളിച്ചു പറഞ്ഞു ; “അപ്പേ ഞങ്ങൾ മീനൂട്ടിയെ കാണാൻ പോവൂട്ടോ….” ഞാൻ ഒരു തുളസിക്കതിർ നുള്ളി മുടിയിൽ തിരുകി…. “രാജീ……” “എന്താടാ….” “നിനക്ക് ഏറ്റവും ഇഷ്ടം ആരോടാണ്…..”

“അതിലെന്താ ഇത്ര സംശയം… എന്റെ കണ്ണൻ ചേട്ടായിയോട്….” “സാധാരണ അച്ഛനോട് ആയിരിക്കില്ലേ എല്ലാ പെൺകുട്ടികൾക്കും സ്നേഹം…” “ഞാൻ പറഞ്ഞത് എനിക്ക് അപ്പയോട് സ്നേഹം ഇല്ലെന്നല്ല…. എല്ലാവരേയും എനിക്ക് ജീവനാ… ചേട്ടായിയോട് ഒരു പൊടിക്ക് ഇഷ്ടം കൂടും…. ചേട്ടായിക്ക് പെൺകുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണ്… ഞാൻ ജനിച്ച നാൾ മുതൽ അപ്പയേക്കാൾ എന്നെ കൊണ്ട് നടന്നത് എന്റെ ചേട്ടായിയാ…. ഞാൻ എന്താഗ്രഹിച്ചാലും അതെനിക്ക് സാധിച്ചു തന്നിരിക്കും… ശരിക്കും പെങ്ങളെപ്പോലെ എന്നല്ല മകളെപ്പോലെയാ എന്നെ കൊണ്ട് നടക്കുന്നത്… തെറ്റ് കണ്ടാൽ ശാസിക്കും.. എന്റെ ഇഷ്ടങ്ങൾ എന്നെക്കാൾ മുൻപേ നടത്തി തരാറുണ്ട്…

ആർക്കും കിട്ടില്ലെടാ അങ്ങനൊരു ഏട്ടനെ… ചേട്ടായിടെ രാജകുമാരി ഞാനാ… എന്റെ ജീവിതത്തിൽ എന്നും മുൻഗണന അതെന്റെ ചേട്ടായിക്ക് തന്നെയാ…. ഒരിക്കലും എന്റെ കണ്ണുകൾ നിറയാൻ ഇടവരുത്തിയിട്ടില്ല…. എനിക്ക് എന്റെ ലൈഫിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം അതെന്റെ ചേട്ടായി തന്നെയാ…. ഈ കാണിക്കുന്ന ദേഷ്യമൊക്കേ ഒരു മുഖം മൂടിയാ…. സ്നേഹം ഒളിപ്പിക്കാനുള്ള മുഖംമൂടി… അത് കാണിച്ചാൽ കലിപ്പന്റെ ഇമേജ് പോകില്ലേ….” അവളുടെ വാക്കുകളിലൂടെ ഞാൻ അറിയുകയായിരുന്നു കണ്ണൻ എന്ന സഹോദരനെ…. ഞാൻ ഒന്നും മിണ്ടാതെ നടന്നു….. “ചക്കി….”

“മ്…..” “നിനക്ക് ഇഷ്ടാണോ കണ്ണേട്ടനെ….” അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് പതറി… “ഞാൻ ചോദിച്ചത് കേട്ടില്ലേ… പറയെടാ….” “അല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും… പക്ഷേ ആരും അറിയണ്ട…. ഇഷ്ടം ഒരാൾക്ക് മാത്രം ഉണ്ടായാൽ പോരല്ലോ…” “അതൊക്കെ നമുക്ക് ഉണ്ടാക്കാടീ….” “രാജീ… എനിക്ക് വിധിച്ചതാണെങ്കിൽ നിന്റെ ചേട്ടായി എനിക്ക് സ്വന്തമാകും… ഇല്ലെങ്കിൽ അത് അവകാശപ്പെട്ടവർക്ക് മുന്നിലെത്തും…” “അപ്പോൾ ചേട്ടായി നിന്നെ സ്നേഹിക്കണ്ടെന്നാണോ….” “മനസ്സറിഞ്ഞ് തോന്നുന്ന ഇഷ്ടം മതി….

വളഞ്ഞ വഴിയിലൂടെ നേടിയെടുക്കുന്ന ഇഷ്ടം വേണ്ട….” “ചക്കി എനിക്ക് നിന്നെ മനസ്സിലാവുന്നേയില്ല… ചിലപ്പോൾ തനി മന്ദബുദ്ധി പിള്ളാരെപ്പോലെ പൊട്ടത്തരം കാണിക്കും… ചിലപ്പോൾ നിന്റെ വേദാന്തം കേട്ടാൽ നീ സന്യാസിനിക്ക് പഠിക്കുവാന്ന് തോന്നും…” “ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ അവരുടെ പോലും സമ്മതം വേണ്ട എന്നതാണ് ഏറ്റവും മനോഹരമായ കാര്യം…” “നീ രാവിലെ സെന്റി അടിക്കാതെ വരണുണ്ടൊ….” “കണ്ണേട്ടൻ വീട്ടിൽ കാണൂലേ…..” “എന്റെ പൊന്നു ചക്കീ…. ചേട്ടായിയെ കാണിച്ചിട്ടേ ഞാൻ നിന്നെ തിരികെ കൊണ്ട് വരുള്ളൂ പോരേ….”

ഞാൻ അവളെ നോക്കി ഒന്ന് ഇളിച്ചു… എന്നിട്ട് നടക്കാൻ തുടങ്ങി…. പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ എന്റെ കാലുകൾ നിന്നു…. അത് കണ്ട് രാജി എന്നോട് ചോദിച്ചു ; “എന്താടീ നിന്നത്…..” “രോഗി ഛർദ്ദിച്ചതും പാല് …. വൈദ്യൻ ഛർദ്ദിച്ചതും പാല്…..” “നീയെന്ത് തേങ്ങയാടീ പറയുന്നേ….” “അങ്ങോട്ട് നോക്കടീ ദുരന്തമേ…..” അവൾ ഞാൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.. ബുള്ളറ്റിലിരുന്ന് കൂട്ടുകാരോട് വർത്താനം പറയുന്ന കണ്ണേട്ടൻ…. എന്റേം അടിവയറ്റിൽ മഞ്ഞുമഴയൊക്കെ തകർത്തു പെയ്തു…. അതുവരെ ഇല്ലാത്ത വികാരങ്ങളൊക്കെ എന്റെ ഉള്ളിൽ നിന്നും എത്തി നോക്കി… അതേത് വികാരം എന്നല്ലേ… നാണം…..

അല്ലാണ്ടെന്താ…. പക്ഷേ പെയ്ത മഞ്ഞ് മഴ മാറി അവിടെ ചരൽമഴ പെയ്യാൻ തുടങ്ങി… വേറൊന്നുമല്ല… അങ്ങേരുടെ അടുത്ത് ഒരു പെണ്ണ് വന്ന് സംസാരിക്കുന്നു… എനിക്കത് ഇഷ്ടായില്ല… അതെന്താ കാര്യന്നല്ലേ… ആ പെണ്ണ് കാണാൻ കൊള്ളാം… അസൂയ…. വെറും അസൂയ…. അപ്പോഴേക്കും എന്റെ മുഖത്ത് മിന്നിമായുന്ന നവരസങ്ങൾ രാജി കണ്ടു….. “സൂക്ഷിച്ചു നോക്കിക്കോടീ, അത് നിനക്കുള്ള പാര തന്നെയാ….” “എന്നുവെച്ചാൽ ?” “എന്ന് വെച്ചാൽ നിന്റെ കടുവയെ അടിച്ചെടുക്കാൻ നടക്കുന്ന മുതല് തന്നെയാ അത്…. ചിഞ്ചു….. അവിടെ തൊട്ടടുത്താ വീട്… ചേട്ടായിടെ കളിക്കൂട്ടുകാരിയും കൂടി ആണ്…”

“നിന്റെ ചേട്ടായി എന്താ കാമദേവനാണോ…. കണ്ട പെണ്ണുങ്ങളെല്ലാം അങ്ങേരുടെ പുറകെ ആണല്ലോ…. അതിനും മാത്രം എന്താ ഇത്ര പ്രത്യേകത …. ഹും….” “എന്റെ ചേട്ടായിക്ക് എന്താടീ ഒരു കുറവ്…” “ഉവ്വ… ഇങ്ങേരക്ക് ആ ഷർട്ടിന്റെ ബട്ടൺ ഒന്ന് പിടിച്ച് ഇട്ടൂടേ….” “മുകളിലത്തെ ബട്ടൺ തുറന്നു ഇടുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആണെടീ….” “ഓ….. ഒരു ട്രെൻഡ്… നെഞ്ചിലെ രോമം പെൺപിള്ളേരെ കാണിക്കാൻ…. അല്ലാതെന്താ… നീ വരണുണ്ടോ ഇങ്ങോട്ട്…” രാജി ചിരിയും കടിച്ച് പിടിച്ച് വരണുണ്ട്… ഞാൻ കടുവയെ ഒന്ന് കൂർപ്പിച്ചു നോക്കി… ഇപ്പോ വരാന്ന് കണ്ണേട്ടനോട് പറഞ്ഞ് രാജി എന്റെ കൂടെ അമ്പലത്തിനുള്ളിലേക്ക് കയറി….

“നിന്റെ സേട്ടായി അമ്പലത്തിനകത്ത് കേറൂലേ….” “വല്ലപ്പോഴും… ഇന്നിപ്പോൾ കുളിച്ചിട്ട് കയറിവന്നു കൂട്ടുകാരുടെ കൂടെ ഇരിക്കുന്നതാവും….” “ഉം…..” ഞാൻ കണ്ണടച്ച് മനസ്സിൽ പ്രാർത്ഥിച്ചു… “ആഗ്രഹിക്കുന്നത് അർഹതയുള്ളതാണോ എന്നറിയില്ല… ഉള്ളിലടക്കിപ്പിടിച്ചിട്ടും പല അവസരങ്ങളിലും ഇഷ്ടം പല രീതിയിലും പുറത്തേക്ക് വരുന്നുണ്ട്… ഒരു പക്ഷെ ആ ചിഞ്ചുവിനെയാണ് ഇഷ്ടമെങ്കിലോ… ആരെയോ ആകട്ടെ…. എനിക്ക് ആരുടേയും സമ്മതം വേണ്ടല്ലോ കണ്ണേട്ടനെ സ്നേഹിക്കാൻ…. ഓർക്കുമ്പോൾ അവളല്ലേ ഒരു പടി മുന്നിൽ… കുഞ്ഞിലേ മുതലുള്ള ഇഷ്ടം ആയിരിക്കില്ലേ….

ഞാനല്ലേ ഇടയിലേക്ക് വന്നത്… പക്ഷേ വിട്ട് കൊടുക്കാൻ നോക്കുമ്പോൾ അതിലും ആയിരം ഇരട്ടി ആയി ആ നെഞ്ചോട് ചേരാൻ കൊതിക്കുന്നുണ്ട്… ഇത്രയും ഇഷ്ടം എന്റെ ഉള്ളിൽ ഉണ്ടായിരുന്നോ… ഒരു നിമിഷം പോലും ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ… എന്റെ ഇഷ്ടം എന്റെ ഉള്ളിൽ ഇരിക്കട്ടെ…. ഭഗവാനേ എന്റെ കണ്ണേട്ടന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ….” അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു… പതിയെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു…. ഞാനും രാജിയും പ്രസാദം വാങ്ങി നെറ്റിയിലും കഴുത്തിലും ചന്ദനം തൊട്ടു…. കഴുത്തിൽ ചന്ദനം തൊടുന്നത് അമ്മമാരുടെ ക്ഷേമത്തിനാണ് എന്നാണ് വിശ്വാസം…

“ചക്കീ നീ കരഞ്ഞോ….” “ഏയ് ഇല്ലെടാ… കണ്ണിൽ കരട് പോയതാ…” “രണ്ടിലും ഒരുമിച്ച് പോയോ…. ഈ കലങ്ങിച്ചുമന്നിരുന്നിരിക്കുന്നത് കാണുമ്പോൾ അറിയാല്ലോ…. നീ എന്റെ പ്രസാദം കൂടി പിടിക്ക്… ഈ പാവാട പിടിക്കാതെ നടക്കാൻ പറ്റണില്ല….” ഞാൻ അവളുടെ പ്രസാദവും കൈയിൽ വാങ്ങി…. അപ്പോഴും ചിഞ്ചു അവിടെ നിന്ന് സംസാരിക്കണുണ്ട്….രാജി എന്നേം കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു… രാജി – ചേട്ടായി…. കണ്ണൻ – എന്തുപറ്റി അമ്പലത്തിലൊക്കെ…. രാജി – അതിവൾക്ക് വരണം എന്നു ഭയങ്കര നിർബന്ധം…. കണ്ണൻ – ഇന്നെന്താ നിനക്ക് കോളേജൊന്നൂല്ല… രാജി – ഇവളിന്ന് ലീവ് എടുത്തോണ്ട് ഞാനും കോളേജിന് ലീവ് കൊടുത്തു…

കണ്ണേട്ടൻ എന്റെ അടുത്തേക്ക് വന്നു… നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി… ഒരു കൈ കൊണ്ട് പ്രസാദത്തിനടിയിലെ എന്റെ കൈയിൽ പിടിച്ചു… മറു കൈ കൊണ്ട് ചന്ദനം എടുത്ത് പുള്ളിയുടെ നെറ്റിയിലിട്ടു…. കൈ എടുത്തു മാറ്റിയിട്ടും എന്റെ വിറയൽ മാറിയില്ല…. ഞാൻ ചിഞ്ചുവിനെ ഒന്ന് പാളി നോക്കി… അവളുടെ മോന്ത കണ്ടപ്പോളേ മനസ്സിലായി… തമ്പുരാട്ടിക്ക് ഇഷ്ടമായില്ല എന്ന്…. രാജി – ടീ ഇത് ചിഞ്ചു… കണ്ണേട്ടന്റെ കൂട്ടുകാരി ആണ്… വീടും അടുത്താണ്…. ചിഞ്ചു ഇതെന്റെ കൂട്ടുകാരി ആണ് ജാനകി… ഇവിടെ നിന്നാ ജോലിക്ക് പോകുന്നത്..” ഞാൻ അവളെ നോക്കി ചിരിച്ചും…

അവളെന്നെയും…. ഞങ്ങൾ കണ്ണേട്ടന്റെ വീട്ടിലേക്കാണെന്നറിഞ്ഞ് അവളും ഞങ്ങടെ കൂടെ വന്നു… ഞാൻ കണ്ണുകൾ കൊണ്ട് കണ്ണേട്ടനോട് യാത്ര പറഞ്ഞു… വഴി നീളെ ആ ജന്തു കണ്ണേട്ടന്റെ കാര്യം വാ തോരാതെ പ്രസംഗിക്കുന്നുണ്ടായിരുന്നു…. മിക്കവാറും എന്നെ കേൾപ്പിക്കാൻ ആകും…. അവളല്ല ഏത് രംഭ വന്നാലും അങ്ങേര് വീഴൂലെന്ന് എനിക്കറിയാം…. പക്ഷേ അവളോട് ചിരിച്ചു വർത്താനം പറഞ്ഞത് എനിക്ക് ഫീലായി…. എന്നെ കാണുമ്പോൾ അങ്ങേര് ഏതോ അന്യഗ്രഹ ജീവിയെപ്പോലെയാ നോക്കുന്നത്…ഹും… എന്തൊക്കെ പറഞ്ഞാലും അങ്ങേരുടെ ചിരി ന്റെ പൊന്നേ ഒരു രക്ഷയും ഇല്ല…

കണ്ണൊക്കെ കുഞ്ഞായിട്ട് ശ്ശോ…. ഒരുമ്മ കൊടുക്കാൻ തോന്നും…. പക്ഷേ അവൾടെ പുകഴ്ത്തൽ കേട്ട് എനിക്കാണേൽ പെരുത്ത് കേറി… അവളുടെ ഒരു കന്നേട്ടൻ…. പിശാശ്….. ഒരു വിധം കത്തിയും കേട്ട് വീട്ടിലെത്തി… എന്തോ ഭാഗ്യത്തിന് ആ ജന്തു തിരക്കാണെന്ന് പറഞ്ഞു വീട്ടിലോട്ടു പോയി… മിക്കവാറും കണ്ണേട്ടൻ ഇല്ലാത്തോണ്ടാകും….. ************ രാത്രി ഉറക്കം വന്നില്ല… കണ്ണും നിറച്ച് നിൽക്കുന്ന പെണ്ണിന്റെ മുഖമായിരുന്നു… നല്ല വേദന കാണും… വല്ലതും കഴിച്ചോ എന്തോ ? ആകെക്കൂടി ഒരു പരിഭ്രമം… അവളെന്നോട് വഴക്കിട്ടിരുന്നേൽ ഒരു പക്ഷേ എനിക്കിത്ര വേദനിക്കില്ലായിരുന്നു….

പക്ഷേ ഞാൻ ചെയ്തതിൽ തെറ്റ് പറയാൻ പറ്റുമോ…. ഒരു നിമിഷത്തെ അവളുടെ അശ്രദ്ധ… ഇപ്പോഴും ആലോചിച്ചാൽ ശ്വാസം നിലച്ചു പോകും…. ശരിയും തെറ്റും തമ്മിലൊരു യുദ്ധം തന്നെ നടന്നു…. ആകെ ഭ്രാന്ത് പിടിച്ചപ്പോൾ ഫോൺ കയ്യിലെടുത്തു… അപ്പോഴാണ് ഓർത്തത് അവളുടെ നമ്പർ എന്റെ കയ്യിൽ ഇല്ല… രാജിയെ വിളിച്ചാലും അവളെന്ത് വിചാരിക്കും…. ഇത്രയും രാത്രി ആയിട്ട് ഇനി വിളിച്ച് അവളുടെ കാര്യം തിരക്കിയാൽ വേറേ പലതും ആലോചിച്ചു കൂട്ടും… അത് അതിനേക്കാൾ വലിയ തലവേദനയാകും…

എന്തായാലും രാവിലെ ആകട്ടെ…. ബാക്കി അപ്പോഴല്ലേ…. തിരിഞ്ഞും മറിഞ്ഞും കിടന്നു … എപ്പോഴോ ഉറങ്ങി… പക്ഷേ ആറുമണിക്ക് ഞെട്ടി എണീറ്റു… പിന്നീട് കിടക്കാൻ തോന്നീല…. കുളത്തിൽ കുളിച്ചു… നല്ല തണുപ്പ് ഉണ്ടായിരുന്നു… കുളിച്ചു കയറിയപ്പോൾ ഒരു ഉന്മേഷം… ബുള്ളറ്റും കൊണ്ട് അമ്പലത്തിന് പുറത്ത് നിന്നു…. ഞാനെത്തും മുമ്പേ ചങ്കുകളെല്ലാം ഹാജരായിരുന്നു… എനിക്ക് വല്ലപ്പോഴും ഉള്ള ശീലമാണ്… മനസ് അസ്വസ്ഥമാണെങ്കിൽ അമ്പലപ്പറമ്പിനടുത്ത് വന്ന് നിൽക്കും… ഉള്ളിൽ കയറില്ല… വല്ലപ്പോഴും തോന്നിയാൽ മാത്രം കയറും… അങ്ങനെ നിൽക്കുമ്പോളാണ് ചിഞ്ചുവിനെ കാണുന്നത്…

അവള് ലോകത്തെ എല്ലാം കാര്യവും പറയുന്നുണ്ട്… പെട്ടെന്ന് എന്റെ കണ്ണ് തുടിക്കാൻ തുടങ്ങി… അനുസരണ ഇല്ലാതെ നോട്ടം പല ദിക്കുകളിലേക്കും പാഞ്ഞു…. നിരാശയിൽ നോട്ടം ക്ഷേത്രത്തിനുള്ളിലേക്ക് പോയി… മനസ്സിൽ വല്ലാത്ത സമാധാനം തോന്നി… ഒരു തണുത്ത കാറ്റെന്നെ തലോടി കടന്നുപോയി… ഞാനാ കാറ്റ് വീശിയ ദിക്കിലേക്ക് നോക്കി… രാജിയുടെ കൂടെ കരിമ്പച്ചക്കളർ പട്ടുപാവാടയും ഇട്ട് വരുന്നുണ്ട് കാന്താരി… ചിരിച്ച് വന്ന പെണ്ണാ… എന്നെക്കണ്ടപ്പോൾ ആ കണ്ണുകൾ ഒന്ന് കൂടി വിടർന്ന പോലെ തോന്നി…

പെട്ടെന്ന് തന്നെ മുഖം വാടി… അതെന്റെ അടുത്തുള്ള ചിഞ്ചുവിനെക്കണ്ടാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല…. കുശുമ്പിപ്പാറു…….. അമ്പലത്തിനുള്ളിൽ നിന്നും തിരികെ ഇറങ്ങിയ അവളുടെ കണ്ണുകൾ ചുവന്നിരുന്നു… കരഞ്ഞിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ അറിയാം… ഇലച്ചീന്തിൽ നിന്നും ചന്ദനം തൊടാൻ നേരം അവളുടെ കൈയിൽ ഞാൻ സ്പർശിച്ചു… തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു… ചിരി വന്നെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല…

ഇന്ന് രണ്ടും ലീവെടുത്തത് കൊണ്ട് എന്റെ വീട്ടിലോട്ടാ പോയത്…. അടുത്ത് നിന്നെങ്കിലും ഒരു വശം ചരിഞ്ഞു നിന്നത് കൊണ്ട് തന്നെ എനിക്ക് അവളുടെ കവിൾ കാണാൻ കഴിഞ്ഞില്ല…. അവിടെ നിന്ന് എനിക്ക് അത്ര സൂക്ഷിച്ചു നോക്കാനും പറ്റില്ല… അവളുടെ നോട്ടം പല ദിക്കുകളിലേക്കും ചിതറി വീഴുന്നുണ്ടായിരുന്നു…. എന്നോട് നേരേ നിന്നു വഴക്കിടുന്ന വഴക്കാളിപ്പെണ്ണാണ്… ഇന്ന് എന്റെ മുഖത്ത് പോലും നോക്കുന്നില്ല… ഇനി അടി കൊണ്ട് ഇവൾക്കെന്നോട് പേടിയെങ്ങാനും ആയോ…

അതിന് സാധ്യത എന്തായാലും ഇല്ല… അങ്ങനെ ഒരടി കിട്ടിയാലൊന്നും ഇവൾ നന്നാവാൻ പോണില്ല… അഹങ്കാരത്തിന് കയ്യും കാലും വയ്ക്കുക… എന്നിട്ട് ജാനകി എന്ന് പേരും…. ഓരോന്ന് ഓർത്തു നിൽക്കേ അവർ പോകുന്നു എന്ന് എന്നോട് പറഞ്ഞു… തിരികെ പോകും മുൻപേ കണ്ണുകൾ കൊണ്ട് അവൾ യാത്ര പറഞ്ഞു… ഒരൊറ്റ ദിവസം കൊണ്ട് അവൾക്കെന്തോ മാറ്റം പോലെ…. ഞാൻ കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നു… ************* അവിടെ ചെന്നപ്പോൾ മീനൂട്ടി പാചകത്തിലാണ്…. പട്ടാളം പത്രം വായിക്കുന്നു… രാജി മീനൂട്ടിയുടെ അടുത്ത് പോയി… ഞാൻ അച്ഛനോട് വർത്താനം പറഞ്ഞിരുന്നു..

“ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ…..” “അല്ലെങ്കിൽ ഞാൻ സുന്ദരി അല്ലേ…” “അപ്പേട മോളെന്നും സുന്ദരി തന്നല്ലോ….” “ഈ നരയൊക്കെ നമുക്ക് ഡൈ അടിക്കണ്ടേ….” “ഇടയ്ക്ക് ചില മുടികളല്ലേ… അത് സാരല്യാ…” “പിന്നെ ഇങ്ങനെ വയസൻമാരെ പോലെ ഇരുന്നോ…..” “എടീ കാന്താരി ആരാ വയസൻ…. ഞാനിപ്പോഴും നല്ല ഹീറോ പോലല്ലേ ഇരിക്കുന്നേ… എന്നെ കണ്ടാൽ കണ്ണന്റെ ചേട്ടനെന്നല്ലേ പറയൂ…” “മ്….മ്… മീനൂട്ടീടെ ഹീറോ….” “പോടീ കാന്താരീ…” ഞാൻ അവിടെ നിന്നും ഓടി അകത്തേക്ക് കയറി…

അവിടെ ഹാളിൽ സച്ചുവേട്ടൻ ഫോണിൽ ആരോടോ നിന്ന് കുറുകുവാ…. ഞാൻ ഏട്ടന്റെ അടുത്തേക്ക് ചെന്നു… എന്നെക്കണ്ടതും പിന്നെ വിളിക്കാമെന്ന് പറഞ്ഞു പുള്ളി ഫോൺ വച്ചു… “സത്യം പറ കൊരങ്ങാ…. ആരെയാ വിളിച്ചു കുറുകിക്കൊണ്ട് നിന്നത്….” “അതെന്റെ ഒരു ആരാധികയാ…..” “അത്രയും ദാരിദ്ര്യം പിടിച്ച ഏത് പെണ്ണാ ? ” “എനിക്കെന്താടീ താടകേ ഒരു കുറവ്. ഞാൻ ലുക്കല്ലേ…..” “ഈ അണ്ണാൻ ചപ്പിയ മാങ്ങാണ്ടി പോലുള്ള നിങ്ങക്കാണോ ലുക്ക്….” “ഫ! നിനക്കൊന്നും ഒരു വിലയും ഇല്ലെന്നേ ഉള്ളൂ….. എന്നെ കണ്ടാൽ കമലഹാസനെപ്പോലെ ഉണ്ടെന്നാ ചിക്സ് ഒക്കെ പറയുന്നത് അറിയോ ?”

“കമലേട ആസനം എന്നായിരിക്കും….” “നിന്നെ ഇന്ന് ഞാൻ കൊല്ലും… അവിടെ നിക്കെടീ…” ഞാനോടി…. എന്തിനാ വെറുതെ സച്ചുവേട്ടനെ കൊലപാതകി ആക്കുന്നത്… ഇതിനിടയിൽ ബുള്ളറ്റിന്റെ സൗണ്ട് കേട്ടു… പക്ഷേ നിൽക്കാൻ പറ്റില്ലല്ലോ… ഈ സാധനം എന്നെ കാലേ വാരി നിലത്തടിക്കും…. ഞാൻ അകത്തൂടെ ഏതൊക്കെയോ വഴി ഓടി… ഓടിച്ചെന്നു എവിടെയോ ഇടിച്ചു നിന്നു… അധികം ചിന്തിക്കാതെ തന്നെ എനിക്ക് മനസ്സിലായി… ഞാനെന്റെ കണ്ണേട്ടന്റെ നെഞ്ചിലാ ഇടിച്ച് നിന്നത്…. ഞാൻ രണ്ട് സ്റ്റെപ്പ് പുറകോട്ട് മാറി…. സച്ചുവേട്ടൻ പുറകിൽ സഡൻ ബ്രേക്കിട്ട പോലെ നിന്നു… ഞാൻ പതിയെ കണ്ണേട്ടനെ തലയുയർത്തി നോക്കി… ഇയാളെന്താ കുത്തബ്മിനാറോ…. മോന്ത കണ്ടാലറിയാം എന്നെ ഇപ്പോ പിടിച്ചു തിന്നും…

ഞാൻ തിരിഞ്ഞ് സച്ചുവേട്ടനെ ദയനീയമായി നോക്കി… ആ ദുഷ്ടൻ ഉത്തരത്തിൽ നോക്കി നോക്കി പതിയെ പുറത്തേക്ക് വലിഞ്ഞു… ഞാൻ ഉമിനീർ കുടിച്ചിറക്കി… തിരിഞ്ഞു ഓടാൻ കാല് അനങ്ങുന്നില്ല… ആ മുഖത്തേക്ക് നോക്കാൻ പോലും ധൈര്യമില്ല… ഞാൻ തലതാഴ്ത്തി നിന്നു… കണ്ണേട്ടൻ എന്നോട് ചേർന്ന് വന്നു… ആ ഗന്ധത്തിൽ എനിക്ക് എന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി… കണ്ണേട്ടൻ തല കുനിച്ചു മുഖം പതിയെ എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു… നെഞ്ചൊക്കെ പെരുമ്പറ പോലെ മുഴങ്ങി… വിയർപ്പ് എന്റെ ചെന്നിയിലൂടെ ഒഴുകിയിറങ്ങി… ഞാൻ രണ്ട് കൈകളും എന്റെ പാവാടയിൽ മുറുക്കിപ്പിടിച്ചു….

കണ്ണേട്ടന്റെ നിശ്വാസം എന്റെ മുഖത്ത് പതിഞ്ഞു…. എന്റെ ശരീരം മുഴുവൻ തണുത്തുറഞ്ഞ പോലെ തോന്നി… ഞാൻ കണ്ണുകൾ മുറുകെ അടച്ചു… കണ്ണേട്ടൻ കവിളിലെ അടികൊണ്ട പാടിൽ പതിയെ തൊട്ടു…. “ചക്കീ…. വേദനയുണ്ടോ ?” ഞാൻ പതിയെ കണ്ണ് തുറന്നു… എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ഇല്ലെന്ന് ഞാൻ തലയാട്ടി…. “പിന്നെന്തിനാ നിന്റെ കണ്ണ് നിറഞ്ഞത് ?” ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ തിരിഞ്ഞു നടന്നു…. എന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അപ്പോഴും…. ഒരു തലോടലിൽ നിന്നും എനിക്ക് പൂർണ്ണ സുരക്ഷിതത്വം പകർന്ന് തന്ന എന്റെ രാവണനെയോർത്ത്…

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 18