Wednesday, January 22, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 18

എഴുത്തുകാരി: ജീന ജാനകി

കാന്റീനിൽ എത്തിയപാടേ കല്ലു വിളിച്ചു പറഞ്ഞു…. “ശാന്തേച്ചീ , എനിക്ക് ലൈറ്റായിട്ട് ഒരു മസാലദോശയും രണ്ട് വടയും…. ടീ ചക്കീ നിനക്ക് ഒന്നും പറയണില്ലേ…..” “എനിക്കും മസാലദോശ മതി….” “ആഹ് ചേച്ചി , അപ്പോൾ രണ്ട് മസാലദോശയും നാല് വടയും രണ്ട് ചായയും….” “ഈ നാല് വട ഏത് കണക്കാ…..” “ഏയ്…. അതൊരു ഭംഗിക്ക്….” അവളെന്നെ നന്നായി നോക്കി ഇളിച്ചു…. “കല്ലു നീ രാവിലെ ഒന്നും കഴിച്ചില്ലേ….” “സമയം ഇല്ലായിരുന്നു ചങ്കേ…. നാല് ചപ്പാത്തിയേ കഴിക്കാൻ പറ്റിയുള്ളൂ….” “നിന്റെ വയറിൽ വല്ല കോഴിക്കടയും ഉണ്ടോ ?” “ചിൽ ചക്കി ചിൽ…. ആ മാക്കാച്ചിത്തവളക്ക് നല്ല കനത്തിനുള്ള പണി കൊടുക്കണ്ടേ…..

അപ്പോ അതിനുള്ള ആരോഗ്യവും വേണ്ടേ….” “നീയെന്താ ആവളുമായി ഗുസ്തി മത്സരത്തിന് പോകുവാണോ….” “ഓഹ്…. അവളെന്റെ മേലേ മറിഞ്ഞ് വീണാൽ ഞാൻ പാണ്ടി ലോറി കേറിയ തവളയെപ്പോലെ ആകും……” “നീ വലിച്ചു വാരി തിന്നുന്നതൊന്നും ശരീരത്തിൽ ഇല്ലല്ലോ…..” “എന്റെ ബലമായ സംശയം കൊക്കൊപ്പുഴുക്കൾ എന്റെ വയറ്റിൽ കൂട്ടുകുടുംബം ഉണ്ടാക്കിയെന്നാണ്….. എന്ത് കുന്തായാലും അവൾക്ക് ഇന്ന് ഞാൻ നല്ലത് കൊടുക്കും…..” “ആട്ടെ എന്താ നിന്റെ ഉദ്ദേശം… വല്ലതും നടക്കുമോ… അതോ എന്നും ഇങ്ങനെ ഞഞ്ഞാ പിഞ്ഞാ പറയുന്ന പോലാണോ ഇതും……” “ടീ ചക്കീ…. നീ എന്നെ ശരിക്കൊന്ന് നോക്കിയേ…….”

“ങേ…. എന്താ നിനക്കൊരു കുരുവും ഇല്ലല്ലോ…” “കാണാൻ എങ്ങനുണ്ട്…..” ഞാൻ ആകെ അവളെയൊന്ന് നോക്കിയിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു… “കൊള്ളാം പൊളി സാനം…..” “ഫ! മൂധേവി….. കാര്യം പറയെടീ….” “സത്യായിട്ടും കൊള്ളാം… നീ ലുക്കല്ലേ….” “അതാണ്…. എങ്കിലേ നീ മനസ്സിലാക്കിക്കോ… ഈ ലുക്ക് മാത്രേ ഉള്ളൂ…. ഞാൻ തനി ഊളേണ്…. ഇന്നവൾ ഇഞ്ചി കടിച്ച പട്ടിയെ പോലെ നിക്കുന്നത് ഞാൻ നിനക്ക് കാണിച്ചു തരാം…” “ഇഞ്ചി കടിച്ച കുരങ്ങനല്ലേ…..” “ഇവക്ക് പട്ടിയേ ചേരുള്ളൂ…. ” “ആട്ടെ എന്താ നിന്റെ പ്ലാൻ….” “അവളുടെ വീക്ക് പോയിന്റിൽ കേറി പിടിക്കണം…..”

“അയ്യേ…. എനിക്കെങ്ങും വയ്യ….. മ്ലേച്ചം….” “ഓഹ്….. ഈ ചവറിനെ ഞാൻ….. ടീ പൂത്താങ്കീരി അതല്ല…. അവളുടെ വീക്ക് പോയിന്റ് ആണ് അവിനാഷ് സാർ….” “അതായിരുന്നാ…. ആഹ് യൂ കണ്ടിന്യൂ….” “അങ്ങേരുടെ വഴക്ക് കേൾക്കുന്നതാണ് അവൾക്ക് ഏറ്റവും ഹർട്ട് ആകുന്നത്… അത് ഞാനങ്ങ് മുതലെടുക്കാൻ പോകുവാ….” “അതെങ്ങനെ…” “അതൊക്കെ നീ കണ്ടോ മോളേ…. കഴിച്ചിട്ട് നമുക്ക് അവിനാഷ് സാറിനെ ഒന്ന് കാണാം…” “എല്ലാം കുളമാക്കാതിരുന്നാൽ മതി….” അപ്പോഴേക്കും മസാലദോശ വന്നു…. ഞങ്ങൾ ആസ്വദിച്ചു കഴിച്ചു… എന്റെ വട കൂടി തെണ്ടി അടിച്ചു മാറ്റി…. വായ കഴുകി ഞങ്ങൾ ഓഫീസിനുള്ളിലേക്ക് പോകാൻ തുടങ്ങി… പെട്ടെന്ന് കല്ലു എന്റെ കയ്യിൽ പിടിച്ച് നിർത്തി… “എന്താടീ എന്താ നിന്നത്…..”

“തേടിയ വള്ളി ദേ കാലിൽ പാന്റും ഇട്ടോണ്ട് വരുന്നു….” “നിന്റെ ഉള്ള പിരിയും കൂടി ലൂസായാ….” “എടീ എരുമേ അവിനാഷ് ദേ വരുന്നെന്ന്….” ഞാൻ നോക്കുമ്പോൾ പുള്ളി ഇങ്ങോട്ടാണ് വരവ്…… കല്ലൂനെ നോക്കിയപ്പോൾ അവൾ കഞ്ചാവടിച്ച് കിളി പോയ എക്സ്പ്രെഷനും ഇട്ട് നിൽക്കണുണ്ട്…. ഇത്രയും നേരം ജന്മശത്രുവിനെ പിച്ചിക്കീറും പോലെ മസാലദോശയെ ആക്രമിച്ച മുതലാ… എന്നിട്ടിപ്പോൾ എക്സ്പ്രെഷൻ കണ്ടാൽ അവൾ ഒരാഴ്ചയായി പട്ടിണി കിടന്നപോലെ തോന്നും… ശ്ശെടാ… ഇവൾ കഴിച്ചതൊക്കെ ആവിയായിപ്പോയോ….

അവിനാഷ് സാർ അടുത്തെത്തി… അവിനാഷ് – ഗുഡ് മോണിംഗ് ഗയ്സ് ഞാൻ – മോണിംഗ് സർ അവിനാഷ് – ചായ കുടിക്കാൻ വന്നതാണോ… കല്ലു – ഏയ് അല്ല സർ… വിശന്നിട്ട് എന്തേലും കഴിക്കാൻ വന്നതാ…. ഇന്നലെ ഉച്ചയ്ക്കാ എന്തേലും കഴിച്ചത്….. എന്റെ കണ്ണ് തള്ളി പുറത്തേക്ക് വരാറായി… ഇവളെന്ത് തേങ്ങയാ ഈ പറയണേ…. അവിനാഷ് – വാട്ട്… അതെന്താ കല്ലു… തനിക്കെന്ത് പറ്റി…. ഹോസ്പിറ്റലിൽ പോണോ.. കല്ലു – നോ സർ… വർക്ക് ഹെവി ആയിരുന്നു… അവിനാഷ് – രണ്ട് ദിവസം ഉണ്ടായിരുന്നില്ലേ… കല്ലു – ഏയ് നോ സർ…. ഞങ്ങൾക്ക് രണ്ടു പേർക്കും ഇന്നലെ ഉച്ചയ്ക്കാണ് വർക്ക് തന്നത്….

കഴിക്കാനോ ഉറങ്ങാനോ സമയം കിട്ടിയില്ല…. അവിനാഷ് – സ്നേഹയോട് ഞാൻ പറഞ്ഞതാണല്ലോ… സാറ്റർഡേ നൈറ്റ് തന്നെ എല്ലാവർക്കും വർക്ക് നൽകാൻ… യു ഗയ്സ് വയ്യെങ്കിൽ ഹാഫ് ഡേ ലീവ് എടുത്തോളൂ…. കല്ലു – ഇറ്റ്സ് ഓകെ സർ… അവിനാഷ് – ഓകെ… എനിക്ക് കുറച്ചു ജോലി ഉണ്ട്.. കല്ലൂ ടേക് കെയർ… അതും പറഞ്ഞു അയാൾ നടന്നു പോയി… “ടീ കല്ലൂ നീ ആരാടീ എക്സ്പ്രെഷൻ ക്വീനോ…” “പിന്നല്ല… വേണ്ട വേണ്ട എന്ന് വയ്ക്കുമ്പോൾ അവൾ ചെവിയിൽ കേറി കോലിട്ട് കുത്തുവല്ലേ….. നീ എന്തിനാ പേടിക്കുന്നത്… ഞാൻ കാര്യമല്ലേ പറഞ്ഞത്… അവൾ മനപ്പൂർവ്വം ചെയ്തതല്ലേ….” “ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പുകിലുണ്ടാകുമോ എന്തോ….” “അപ്പോഴല്ലേ….. നീ വാടീ പെണ്ണേ….”

അന്ന് ടേബിളിൽ കിടന്നു ഉറങ്ങി… അവിനാഷ് സാറിന്റെ കൺസിഡറേഷൻ ഉള്ളത് കൊണ്ട് അങ്ങനൊരു ഗുണമുണ്ടായി… സാറിന്റെ ക്യാബിനിൽ നിന്നും മുഖവും ഇരുണ്ട് ചവിട്ടി തുള്ളി വരുന്ന സ്നേഹയെക്കണ്ടപ്പോളേ അവൾക്ക് കണക്കിന് കിട്ടിയെന്ന് മനസ്സിലായി….. അവൾ കത്തുന്ന കണ്ണുകളോടെ കല്ലുവിനെ നോക്കിയിട്ട് അവിടെ നിന്നും പോയി… അവൾ നന്നായി ഒന്ന് പുച്ഛിച്ചു… പക്ഷേ സ്നേഹയുടെ കണ്ണുകൾ എന്തോ എന്നെ അസ്വസ്ഥയാക്കി… ഇനി അവളെന്റെ കല്ലുവിനെ എന്തെങ്കിലും… ചെയ്താൽ അവളീ ജാനകി ആരാണെന്നറിയും…..

ഞാൻ കല്ലുവിനെ പാളി നോക്കി…. അവളെന്റെ നേരേ ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു… അവളുടെ ചിരി എന്നെ കുറച്ച് കാലം പിന്നോട്ട് സഞ്ചരിപ്പിച്ചു… ഓർമ്മകളുടെ നോവിൽ അവളെ നോക്കി ഞാനും പുഞ്ചിരിച്ചു… ആ പുഞ്ചിരിക്കുള്ളിലെ വിങ്ങൽ അവൾ കാണാതെ സമർഥമായി ഞാൻ ഒളിപ്പിച്ചു… ************** ചക്കിയ്ക് മുഖം കൊടുക്കാതെ തന്നെ ഞാൻ വീട്ടിലേക്ക് പോയി… അവളുടെ സാധനങ്ങളെല്ലാം സച്ചു അവിടേക്ക് കൊണ്ടുപോയി… പക്ഷേ നോട്ടപ്പിശക് കാരണം അവളുടെ ഒരു ബ്ലാക്ക് കളർ ദുപ്പട്ട അവിടെ മറന്ന് വച്ചു….

എടുത്ത് അമ്മയുടെ കയ്യിൽ കൊടുക്കാമെന്ന് വിചാരിച്ചതാ…. പിന്നെ വേണ്ടെന്ന് തോന്നി… ആ ദുപ്പട്ടയിൽ നിറയെ അവളുടെ ഗന്ധമായിരുന്നു… ആഹ്.. എന്റെ കയ്യിൽ ഇരിക്കട്ടെ… വരുമ്പോൾ കൊടുക്കാം….. അത് ഞാൻ തന്നെ ആരും കാണാത്ത രീതിയിൽ മടക്കി അലമാരയുടെ ഏറ്റവും അടിയിൽ ഒരു മൂലയിൽ വച്ചു…. തിരികെ വന്ന സച്ചുവിന്റെ കൂടെ രാജിയുടെ ഒച്ച കേട്ടു…. കൂടെ ആ താടകയും ഉണ്ടെന്ന് കരുതിയാ അങ്ങോട്ട് ചെന്നത്… പക്ഷേ അവിടെയൊന്നും അവളെ കണ്ടില്ല…. ഞാൻ അടുക്കളയിലേക്ക് പോയി.. അമ്മ രാജിയോട് സംസാരിക്കണുണ്ട്…. അവിടെ കറങ്ങി തിരിഞ്ഞ് നിന്നപ്പോൾ കാര്യം കിട്ടി….

ഒരു ലോഡ് വർക്കുണ്ട് എന്ന് പറഞ്ഞു ലാപ്പിന് മുന്നിലാണെന്ന്…. അതാ വരാത്തതെന്ന്… മുഖത്ത് നോക്കാനുള്ള മടിയിൽ വരാത്തത് നന്നായെന്നും തോന്നി… പക്ഷേ വരാത്തതിൽ ദേഷ്യവും തോന്നി…. അല്ലേൽ ഏത് നേരവും ഇവിടെ നിരങ്ങാൻ വരുമല്ലോ… അവളുടെ ഒരു കോലി…. അല്ല അവളിപ്പോ വന്നാലും വന്നില്ലെങ്കിലും എനിക്കെന്താ…. പിറ്റേന്ന് രാവിലെയും അവളെ കണ്ടിരുന്നില്ല… വൈകിട്ട് സ്റ്റാന്റിൽ ഞാൻ ബുള്ളറ്റും കൊണ്ട് പോയി… അവിടെ നിന്ന് ഒരു സിഗററ്റും വലിച്ച് നിൽക്കുവായിരുന്നു…. ദൂരെ നിന്നും നടന്ന് വരുന്ന പെണ്ണിന് ചക്കിയുടെ ഛായ ഉള്ളപോലെ തോന്നി… തോന്നിയതല്ല…

ശരിക്കും ആ താടക തന്നെയാ…. പക്ഷേ ചെവിയിൽ ഹെഡ്സെറ്റും തിരുകി ഫോണിലും നോക്കി നടക്കുവാ…. ഇടയ്ക്ക് തലയുയർത്തി റോഡ് നോക്കുന്നുണ്ട്… ശ്രദ്ധ ഇവിടൊന്നുമല്ല… എന്റെ അടുത്തെത്തിയിട്ടും അവളറിഞ്ഞില്ല… എനിക്കാണേൽ ദേഷ്യം വരണുണ്ട്… ചിലപ്പോൾ മനപ്പൂർവ്വം കണ്ടില്ലെന്നു നടിക്കുന്നതാകും…. അല്ലേൽ തന്നെ അവള് നോക്കിയില്ലേൽ എനിക്കെന്താ…. അഹങ്കാരം പിടിച്ച സാധനം… കുരുപ്പ് റോഡ് ക്രോസ് ചെയ്യാൻ പോകുന്നത് കണ്ട് ഞാൻ വണ്ടി എടുക്കാൻ തിരിഞ്ഞു… നെഞ്ചിലെന്തോ അപകടസൂചന പോലെ തോന്നിയാ തിരിഞ്ഞു നോക്കിയത്… ചക്കി റോഡ് ക്രോസ് ചെയ്യാൻ ഇറങ്ങുകയായിരുന്നു. പക്ഷേ പാഞ്ഞുവരുന്ന കാർ അവൾ കണ്ടില്ല…. “ചക്കീ……..”

ഞാൻ ഉറക്കെ വിളിച്ചിട്ടും ഹെഡ്സെറ്റ് വെച്ചേക്കുന്നതിനാൽ അവൾ കേട്ടില്ല… കാലുകൾ ശരവേഗത്തിൽ അവളുടെ അടുത്തേക്ക് പായുകയായിരുന്നു…. വലിച്ചെന്റെ നെഞ്ചിലേക്കിട്ട് പൊതിഞ്ഞു പിടിച്ചിട്ടും കുറച്ചു നേരമെടുത്തു എനിക്ക് സമചിത്തത കൈവരാൻ… അവളും പേടിച്ചു വിറയ്കാൻ തുടങ്ങിയിരുന്നു… “ചക്കീ…..” “മ്…….” “നീ ഓകെ ആയോ….” “മ്…….” “നേരേ ഒന്ന് നിന്നേ…..” പെണ്ണ് എന്നിൽ നിന്നും അടർന്നു മാറി നേരേ നിന്നു…. ഠേ…… വെടി പൊട്ടിയതല്ല… അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചതാണ്…. പെണ്ണും ഫോണും രണ്ടും താഴെ വീണു…. “എണീക്കെടീ……”

അവൾ കവിളും പൊത്തിപ്പിടിച്ചു എണീറ്റു…. “റോഡ് ക്രോസ് ചെയ്യുമ്പോൾ ഈ കോപ്പ് കുത്തരുതെന്ന് നിനക്കറിഞ്ഞൂടേ…. ഒരു നിമിഷം ഞാൻ വൈകിയിരുന്നെങ്കിലോ…. കുറച്ചു ശ്രദ്ധ കാണിച്ചൂടേ നിനക്ക്… എരുമക്കാളി…. ഇനി ഈ കുന്ത്രാണ്ടവും കുത്തി റോഡിലൂടെ നടക്കുന്നത് ഞാൻ കണ്ടാൽ ഞാൻ അത് എറിഞ്ഞു പൊട്ടിക്കും.. പറഞ്ഞേക്കാം….” എല്ലാം മിണ്ടാതെ തല കുനിച്ചു കേൾക്കണുണ്ട് കുരുപ്പ്… ആളുകൾ എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട്… ഞാൻ വേഗം ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…. “വന്ന് കേറെടീ…. നിന്റമ്മുമ്മേടെ ഇരുപത്തെട്ടു നടക്കുന്നുണ്ടോ അവിടെ കുറ്റിയടിച്ച് നിൽക്കാൻ…..” ഫോണും കയ്യിലെടുത്ത് മിണ്ടാതെ വന്ന് പിന്നിൽ കേറി… എന്തൊരു അനുസരണ….

സ്നേഹതീരത്ത് എത്തും വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല… വീടെത്തിയപ്പോൾ ഞാനും കൂടെ ഇറങ്ങി…. അപ്പോഴാ ശരിക്കും അവളുടെ മുഖം ശ്രദ്ധിച്ചത്…. കവിളിൽ അഞ്ച് വിരലും പതിഞ്ഞ് കിടപ്പുണ്ട്… കണ്ണൊക്കെ കരഞ്ഞ് കലങ്ങിച്ചുമന്നിരുന്നു…. നെഞ്ച് പിടഞ്ഞ് പോയി….. എത്രയായാലും ഒരു പെൺകുട്ടി അല്ലേ…. അടിക്കേണ്ടായിരുന്നു… പക്ഷേ ഒരു നിമിഷം അവളെ നഷ്ടപ്പെട്ടു എന്ന് പോലും തോന്നിപ്പോയി… നിയന്ത്രിക്കാനായില്ല… “ചക്കി…. ഞാൻ….” “സാരല്യ കണ്ണേട്ടാ…. എന്റെ തെറ്റാണ്…. എനിക്ക് കണ്ണേട്ടനോട് ദേഷ്യമൊന്നൂല്ല…” എന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു… അവളുടെ ചിരി ഉള്ളിലേക്ക് ആഴ്ന്നിറങ്ങും പോലെ തോന്നി…..

അകത്തേക്ക് കയറിയപ്പോൾ അവിടെ മീനൂട്ടിയും ഉണ്ടായിരുന്നു… എല്ലാവരും ചക്കീടെ കോലം കണ്ട് സങ്കടപ്പെട്ടു….. രാജി – എന്താടീ പറ്റിയേ…. ആരാ നിന്നെ തല്ലിയേ…. മീനൂട്ടി – പറ മോളെ…. ഞാൻ എന്തേലും പറയും മുൻപേ ചക്കി ഉത്തരം കൊടുത്തു… ചക്കി – ബസിൽ ചെറിയ അടിപിടി ഉണ്ടായി… ഞാൻ അതിനിടയിൽ ആയിപ്പോയി.. അപ്പോൾ അടി മാറിക്കൊണ്ടതാ…. ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ണേട്ടനെ കണ്ടു… പിന്നെ ഞാനും കൂടെ പോന്നു…. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു…. ജലജമ്മ – മോളേ ഈ ഐസ് പായ്ക്ക് വെയ്ക്…. വേദന മാറും….

കുഞ്ഞമ്മ അവൾക്ക് ഐസ് പായ്ക്ക് വച്ചുകൊടുത്തു… വേദന കൊണ്ട് മുഖം ചുളിയുന്നുണ്ട്…. ചൂട് ചായയും പരിപ്പുവടയും രാജി അവളുടെ ഫ്രണ്ടിൽ കൊണ്ട് വച്ചു… ചക്കി എന്നെ ദയനീയമായി നോക്കി… അവളുടെ നോട്ടത്തിന്റെ അർഥം എനിക്ക് മനസ്സിലായി… ഞാൻ രാജിയോട് പറഞ്ഞു… “രാജീ…. അവൾക്ക് അത് കഴിക്കാൻ പറ്റില്ല… ചവയ്കാൻ ബുദ്ധിമുട്ട് ഉണ്ടാകും… നീ ആ ചായ നന്നായി തണുപ്പിച്ച് അതിൽ ബ്രഡ് മുക്കി കൊടുക്ക്… ” ഞാനവളെ നോക്കിയ ശേഷം ബുള്ളറ്റും കൊണ്ട് പുറത്തേക്ക് പോയി…. ************* ഓഫീസിലെ വർക്കിന്റെ കാര്യം കൊണ്ട് വട്ടായി… അതിനെക്കുറിച്ച് സാർ എക്സ്പ്ലൈൻ ചെയ്തത് ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു… അതും കേട്ട് കല്ലൂനുള്ള ഡൗട്ടും വാട്ട്സ്ആപ്പ് വഴി പറഞ്ഞു കൊടുത്തു വരികയായിരുന്നു ഞാൻ…

അതിന്റെ ടെൻഷനിൽ ഞാൻ ഒന്നും ശ്രദ്ധിച്ചില്ല…. ക്രോസ് ചെയ്യാൻ ഇറങ്ങിയ എന്നെ ഒരു കൈ പിന്നിലേക്ക് വലിച്ചിട്ടതും ഒരു കാറെന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി…. രണ്ട് കൈകൾ എന്നെ പൊതിഞ്ഞു പിടിച്ചു… മുഖത്തേക്ക് നോക്കാതെ തന്നെ എനിക്കാ സാന്നിധ്യം മനസ്സിലായി…. എന്റെ ചെവിയിൽ ക്രമാതീതമായ ആ ഹൃദയത്തിന്റെ സ്പന്ദനം മുഴങ്ങിക്കേട്ടു….. നേരേ നിന്നതും അപ്രതീക്ഷിതമായ അടിയിൽ ഞാനും ഫോണും താഴെ വീണു…. ഫോണിന്റെ സ്ക്രീൻ പൊട്ടി…. എന്റെ കണ്ണിന്റെ മുന്നിൽ കൂടി നക്ഷത്രങ്ങൾ പറന്നു…. അമ്മാതിരി അടിയായിരുന്നു… പക്ഷേ എനിക്ക് കണ്ണേട്ടനോട് ദേഷ്യമൊന്നും തോന്നീല… കാരണം എന്റെ തെറ്റാണ്…

വീട്ടിലെത്തിയപ്പോൾ കണ്ണേട്ടന്റെ കണ്ണുകളിൽ വിഷമം ഞാൻ കണ്ടിരുന്നു… എല്ലാവരും ചോദിച്ച സമയത്ത് ഞാൻ തന്നെ ഒരു കള്ളം പറഞ്ഞു…. അത് അനിവാര്യമാണ് എന്ന് എനിക്ക് തോന്നി… ആകെ വിഷമിച്ചു നിൽക്കുന്ന അവസ്ഥയിൽ കണ്ണേട്ടനെ ആരേലും ഇതിന്റെ പേരിൽ വഴക്ക് പറഞ്ഞാലോ എന്നൊരു പേടി ഉണ്ടായിരുന്നു… ഈ ബഹളമൊക്കേ ഉള്ളൂ…. ആളൊരു പാവമാ…. ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാതിരിക്കാനുള്ള ഒരു മറയാണ് എല്ലാവരോടും കാട്ടുന്ന ദേഷ്യം…. എന്റെ ഒരു നോട്ടത്തിന്റെ അർഥം പോലും കണ്ണേട്ടന് മനസ്സിലാകുന്നു എന്നത് എന്നെ അതിശയിപ്പിച്ചു…. കണ്ണാടിയുടെ മുമ്പിൽ നിന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു…

ശരിക്കും പ്രണയമാണോ എനിക്ക് ….. അറിയില്ല… കണ്ണേട്ടന്റെ വിരൽപാടുകൾ പതിഞ്ഞ കവിളിൽ ഞാൻ വിരലുകൾ ഓടിച്ചു…. എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നുവോ….. പതിയെ ബാഗിനുള്ളിൽ നിന്നും ഡയറി എടുത്തു… അതിലെ ഒരു താളിൽ ഞാൻ കുറിച്ചിട്ടു….. “വേനലിനേക്കാൾ ഉഷ്ണം പകർന്നത്…. ശൈത്യത്തേക്കാൾ കുളിരേകിയത്…. മഴയേക്കാൾ ആർത്തിരമ്പി പെയ്തത്…. അറിയാതെ തന്നെ ചുണ്ടുകളിൽ പുഞ്ചിരിയെ നൃത്തം ചെയ്യിപ്പിച്ചത്…. അങ്ങനെ അനിർവചനീയമായതിലെല്ലാം നീ കലർന്നിരിക്കുന്നു….. ഇതാണോ പ്രണയം…. അറിയില്ല…. ഇന്നും ഉത്തരം കിട്ടാതുഴലും സമസ്യ….”

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 17