Sunday, December 22, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 26

എഴുത്തുകാരി: പാർവതി പാറു

ഭാമി.. മിത്രയുടെ ചുണ്ടുകൾ മന്ത്രിച്ചു…. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് സ്വന്തം ജില്ലയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിച്ച വനിതാ കളക്ടർ ആയി മാറിയിരുന്നു ഭാമി…. പാവപ്പെട്ടവർക്ക് വേണ്ടിയും അനാഥർക്ക് വേണ്ടിയും നിരവധി പ്രവർത്തങ്ങൾ നടത്തി സർവീസ് ബുക്കിൽ പൊൻ തൂവലുകൾ സൃഷ്‌ടിച്ച കളക്ടർ…. ഒരു നാടിന്റെ പ്രതിച്ഛായ തന്നെ മാറ്റി ആ നാട്ടിലെ മുഴുവൻ ജനങ്ങളുടെയും പ്രിയപ്പെട്ടവൾ ആയി മാറിയ ഇരുപത്തിനാലുകാരി… അവിടെ പ്രസംഗിച്ച പല പ്രമുഖ വ്യക്തികളും ഭാമിയെയും അവളുടെ പ്രവർത്തങ്ങളെയും പരാമർശിച്ചപ്പോൾ മിത്രക്ക് അവളെ കുറിച്ച് ഓർത്ത് അഭിമാനം തോന്നി..

സമപ്രായക്കാരായ അവളും മിത്രയും തമ്മിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.. രണ്ടുപേരുടെയും ജീവിതത്തിൽ കയ്‌പേറിയ പല അനുഭവങ്ങളും നടന്നിരുന്നു എങ്കിലും മിത്രയെ പോലെ മനസ് മരവിച്ചു ജീവിക്കാൻ ഭാമി തയ്യാറല്ലായിരുന്നു എന്ന് അവൾക്ക് തോന്നി… ഏകദേശം ഉച്ചയോടെ മീറ്റിംഗ് അവസാനിച്ചു.. സുദർശൻ താൻ പുറത്തേയ്ക്ക് ചെല്ല് അവർ എത്തികാണും..മീറ്റിംഗ് കഴിഞ്ഞതും മിത്ര സുദർശനോട് പറഞ്ഞു.. നീ എവടെ പോവാ.. ഞാൻ ഭാമിയെ കണ്ടിട്ട് വരാം.. നീ എന്തിനാ ഒറ്റക്ക് പോവുന്നേ മിഥുനിനോട് പറയാം… അവർക്കൊപ്പം നമുക്കും പോവാം.. അല്ലാതെ നിന്നെ അവൾക്ക് അറിയില്ലല്ലോ…

എന്നെ അറിയില്ല അത്കൊണ്ട് തന്നെ ആണ് ഞാൻ പോവുന്നത്…. നീ ഓർത്ത് നോക്ക്.. മിഥുനിനെയും മിഥിലയെയും ഒരുമിച്ച് കണ്ടാൽ അത് ചിലപ്പോൾ ഭാമിക്ക് ഒരു ഷോക്ക് ആവും.. എല്ലാവരെയും പോലെ മിഥുനിനെ അവിശ്വസിച്ചവൾ ആണ് ഭാമി.. ഒരുപക്ഷെ ഇപ്പോൾ അവൾ മിഥുനിനെ അവഗണിച്ചാൽ അത് അവന് താങ്ങാൻ ആവില്ല… അത്കൊണ്ട് ഞാൻ പോയി കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കാം.. പിന്നെ ഭാമിയെ കണ്ട കാര്യം ഇപ്പോൾ അവരോട് പറയണ്ട…. എന്നാലും..

ഒരെന്നാലും ഇല്ല നിങ്ങൾ പോയി ഫുഡ്‌ ഒക്കെ കഴിച്ചു ഒന്ന് കറങ്ങിക്കോ.. അപ്പോളേക്കും ഞാൻ എത്താം… ഞാൻ എവിടെ ആണെന്ന് ചോദിച്ചാൽ എന്റെ പഴയ ഒരു ഫ്രണ്ടിനെ കണ്ട് അവൾക്കൊപ്പം ആണെന്ന് പറഞ്ഞാൽ മതി മിത്ര അതും പറഞ്ഞു വേഗത്തിൽ നടന്നു .. ഭാമി കയറിപ്പോയ മുറിക്ക് മുന്നിൽ നിറയെ പോലീസ് സെക്യൂരിറ്റി ആയിരുന്നു.. അവൾ ഭാമിയെ കാണണം എന്ന ആവശ്യം അറിയിച്ചപ്പോൾ അവർ എതിർത്തു.. അവൾ വല്ലാതെ നിർബന്ധിച്ചപ്പോൾ അതിൽ ഒരുവൻ പെർമിഷൻ വാങ്ങാൻ അകത്തേക്ക് കയറി.. മിത്ര അക്ഷമയോടെ പുറത്തു നിന്നു….

മീറ്റിംഗ് കഴിഞ്ഞ് റെക്കോർഡ്‌സ് നോക്കുകയായിരുന്നു ഭാമി.. മാഡം യൂ ഹാവ് എ വിസിറ്റർ…. പോലീസുകാരൻ വന്ന് പറഞ്ഞു.. ഐആം ടോട്ടാലി ടൈർഡ്… ട്ടേൽ ഹിം ടു മീറ്റ് ട്യുമർറോ… വി ആൾറെഡി ടെൽ ഹേർ.. ബട്ട് ഇട്സ് സംതിങ് അര്ജന്റ്… ഷി ഇസ്‌ ഫ്രം കേരള.. ഭാമി ടീവി ഓൺ ചെയ്ത് പുറത്ത് കാത്ത് നിൽക്കുന്ന മിത്രയുടെ cctv ദൃശ്യം നോക്കി.. അൽപ്പം നേരം നോക്കി അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…. ബ്രിങ് ഹേർ… അവൾ സെക്യൂരിറ്റിയോട് പറഞ്ഞു… മിത്ര മുറിയുടെ വാതിൽ തുറന്നതും ഒരു ചിരിയോടെ ഭാമി എഴുന്നേറ്റു… മിത്ര.. വെൽക്കം.. അവൾ പറഞ്ഞു..

തന്റെ പേര് അവൾ വിളിച്ചപ്പോൾ മിത്ര ഒന്ന് ഞെട്ടി.. തന്നെ അവൾക്ക് എങ്ങനെ അറിയും എന്നോർത്ത് മിത്ര ആകെ സംശയത്തിൽ ആയി.. എന്നെ.. എന്നെ എങ്ങനെ അറിയാം… അവൾ ചോദിച്ചു.. അത് നല്ല ചോദ്യം.. തനിക്ക് എന്നെ അറിയും എങ്കിൽ എനിക്ക് തന്നെയും അറിയില്ലേ.. അതിന് എനിക്ക് അറിയുന്നത്.. അവൾ ആകെ പരിഭ്രമത്തിൽ ആയിരുന്നു… താനെന്താടോ ഇങ്ങനെ തപ്പി കളിക്കുന്നെ.. വാ ഇരിക്ക്.. കുടിക്കാൻ എന്താ വേണ്ടേ… മിത്ര അവളുടെ പെരുമാറ്റത്തിൽ ആകെ പകച്ചു നിന്നു… മിത്ര അവൾക്കരികിൽ ഇരുന്നു…

തന്നെ നേരിട്ട് കാണാൻ കഴിയും എന്ന് ഒരിക്കലും വിചാരിച്ചില്ല.. എന്റെ മനസ്സിൽ ഒരു നാടൻ പെൺകുട്ടിയുടെ ഇമേജ് ആയിരുന്നു തനിക്ക്. ബട്ട്‌ നൗ യൂ ആർ റിയലി മോഡേൺ… എന്ത് പറ്റി ഇങ്ങനെ ഒരു ചേഞ്ച്‌…. ഭാമി വാചാല ആയി.. മിത്ര അവളുടെ സംസാരം കേട്ട് ഞെട്ടി ഇരിക്കുകയാണ്.. ഒരുപാട് നാൾ ആയി പരിജയം ഉള്ള ഒരാളോട് എന്ന പോലെ ആണ് അവളുടെ സംസാരം… ഭാമി… തനിക്ക് ആള് മാറിയതാവും.. നമ്മൾ തമ്മിൽ ആദ്യം ആയാണ് കാണുന്നത്. തനിക്ക് എന്നെ അറിയില്ല…

താനെന്താ എന്നെ വിളിച്ചേ.. ഭാമിയുടെ ഹൃദയം ആ വാക്കുകളിൽ ഉടക്കിയിരുന്നു.. ഭാമി… അങ്ങനെ അല്ലേ മിഥുൻ തന്നെ വിളിച്ചിരുന്നത്.. മിഥുനിൽ നിന്നും ഞാൻ അറിഞ്ഞ ഭാമിയും ഇങ്ങനെ ആയിരുന്നില്ല.. ഒരു നാട്ടിൻപുറത്ത്കാരി.. കണ്ണിൽ കുസൃതിയും വാക്കുകളിൽ കുറുമ്പും ഉള്ള ഭാമി… തനിക്ക് എങ്ങനെ കണ്ണേട്ടനെ അറിയാം… മിത്ര മിഥുനിനെയും മിഥിലയെയും കണ്ട അന്ന് മുതൽ ഉള്ള എല്ലാം ഭാമിയോട് പറഞ്ഞു… ഭാമി താൻ ഇപ്പോളും കരുതുന്നുണ്ടോ അത് ചെയ്തത് മിഥുൻ ആണെന്ന്..

ഭാമി എഴുന്നേറ്റു… കുറച്ചു നടന്നു… ഇപ്പോൾ മാത്രം അല്ല അന്നും എനിക്ക് അറിയാമായിരുന്നു അത് ചെയ്തത് എന്റെ കണ്ണേട്ടൻ അല്ലെന്ന്… ഭാമി മിത്രയെ നോക്കി പറഞ്ഞു… പിന്നെ എന്തിനാണ് അത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കാതെ ഒരു യാത്ര പോലും പറയാതെ താൻ പോയത്… താനും കൂടി അവിശ്വസിച്ചു എന്നോർത്ത് ആ ഹൃദയം എത്ര വേദനിച്ചു എന്നോ.. എനിക്കറിയാം മിത്ര… പക്ഷെ അന്ന് അങ്ങനെ ചെയ്യാനേ എനിക്ക് നിവർത്തി ഉണ്ടായിരുന്നുള്ളൂ…

കാരണം മിഥുൻ കുറ്റക്കാരൻ അല്ലെന്ന് തെളിഞ്ഞാൽ അത് ചെയ്തവനെ പോലീസ് തീർച്ചയായും കണ്ടുപിടിക്കുമായിരുന്നു… അങ്ങനെ സംഭവിച്ചാൽ തകരുന്നത് എന്റെ ചേച്ചിയുടെ ജീവിതം ആയേനെ…എന്റെ കണ്ണേട്ടനെ പോലെ തന്നെ എനിക്കും എന്റെ കുടുംബം തന്നെ ആണ് വലുത്… അത് കൊണ്ട്..അത്കൊണ്ട് മാത്രം എനിക്കെന്റെ കണ്ണേട്ടന്റെയും മാമാട്ടിയുടെയും വേദന കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു…

അപ്പോൾ തനിക്ക് എല്ലാം അറിയാമായിരുന്നു.. പിന്നെ എന്താണ് ഇത്രയും കാലം ആയിട്ട് ഒരിക്കൽ പോലും താനവരെ വിളിക്കുക പോലും ചെയ്യാഞ്ഞത്… എന്തിനാ അവരിൽ നിന്ന് സ്വയം അകലുന്നത്… അതിനെനിക്ക് ഉത്തരം ഇല്ല മിത്ര… ഒരുപക്ഷെ മിഥിലയുടെ ജീവിതം തകർന്നിരിക്കുമ്പോൾ എനിക്കും കണ്ണേട്ടനും ഒരുമിച്ച് ഒരു ജീവിതം ഉണ്ടാവുന്നത് ശെരി അല്ല എന്ന എന്റെ തോന്നൽ ആവാം.. എന്നാൽ ഇപ്പോൾ മിഥില വളരെ സന്തോഷവതി ആണ്.. സുദർശൻ അവളെ അത്രയേറെ സ്നേഹിക്കുന്നു..

ഇനി തനിക്ക് തിരിച്ചു പൊയ്ക്കൂടേ തന്റെ കണ്ണേട്ടനിലേക്ക്….. മിത്ര പ്രദീക്ഷയോടെ ചോദിച്ചു…ഭാമി ഒന്ന് പുഞ്ചിരിച്ചു… സന്തോഷം ആയി മിത്ര.. എന്റെ മാമാട്ടിക്ക് ഒരു ജീവിതം ഉണ്ടായതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ ആണ്…. ഇത്രയും കാലം ഒരു ദിവസം പോലും അവളെ ഓർക്കാതെ ഞാൻ ഉറങ്ങിയിട്ടില്ല.. ഇന്ന് രാത്രി ഞാൻ തിരിച്ചു പോകും അതിന് മുന്നെ എനിക്ക് അവരെ ഒന്ന് കാണാൻ പറ്റുമോ.. തീർച്ചയായും ഞാൻ ഇപ്പോൾ വിളിക്കാം.. . മിത്ര ഫോൺ എടുത്തു സുദർശനെ വിളിച്ചു.. അവർ ഹോട്ടലിൽ ആണ്…

ഭക്ഷണം കഴിഞ്ഞു ഉടൻ വരും.. മിത്ര ഫോൺ വെച്ച് പറഞ്ഞു… എന്നാ വാ നമുക്കും കഴിക്കാം… ഭാമി അതിന് മുൻപ് ഒരു കാര്യം.. എന്നെ കണ്ടപ്പോൾ തനിക്ക് എങ്ങനെ മനസ്സിലായി… ഓ തന്നെ കണ്ടിട്ടില്ലെന്നേ ഉള്ളൂ.. ഒരുപാട് കേട്ടിട്ടുണ്ട്… തനിക്ക് അറിയോ തന്നെ കണ്ടിട്ടില്ലെങ്കിലും തന്നോട് അസൂയയും കുശുമ്പും ദേഷ്യവും ഒക്കെ തോന്നിയ ഒരുപാട് പേരുണ്ട്.. എനിക്ക് തോന്നിട്ടില്ലാട്ടോ.. തന്നെ ഒരിക്കൽ എങ്കിലും കാണണം എന്നുണ്ടായിരുന്നു… അതിപ്പോ സാധിച്ചു… എന്റെ ഫോണിൽ ഇപ്പോളും തന്റെ ഫോട്ടോ ഉണ്ട്… ഭാമി ഫോൺ എടുത്തു…

കുറേ തിരഞ്ഞതിന് ശേഷം ഒരു ഫോട്ടോ എടുത്ത് മിത്രക്ക് നേരെ നീട്ടി.. അവൾ ആ ഫോട്ടോയിലേക്ക് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… തന്റെ കല്യാണത്തിന് എടുത്ത ഫോട്ടോ ആണ്… ഞാൻ അന്ന് ഡൽഹിയിൽ ഐഎസ്‌ എക്സാം കോച്ചിംഗ് ൽ ആയിരന്നു.. അല്ലെങ്കിൽ തീർച്ചയായും ഞാൻ വന്നേനെ.. കാരണം തന്റെ ഹസ്ബൻഡ് എന്നെ അത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട്… ഡിഗ്രി പാസ് ആയി കണ്ണേട്ടനെ വിവാഹം ചെയ്ത് ഒരു കുടുംബിനി ആയി ഇരിക്കാൻ കൊതിച്ച എന്നെ ഐഎസ്‌ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച്ചത് അയാൾ ആണ്…

ജീവിതം ഒരു വിവാഹം കൊണ്ട് ഒതുങ്ങുന്നതല്ല എന്ന് എനിക്ക് മനസിലാക്കി തന്ന ആൾ… ഇന്ന് ഞാൻ ഇങ്ങനെ ഒക്കെ ആയിട്ടുണ്ടെങ്കിൽ അതിന് പിറകിൽ തീർച്ചയായും ഞാൻ നന്ദി പറയുന്നത് ആയാളോടാണ്.. മിത്ര ശിലകണക്കെ നിന്ന് എല്ലാം കേട്ടൂ… ഒടുവിൽ ഭാമിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി… ഒരു നിമിഷം അതിലേക്ക് തന്നെ ഉറ്റു നോക്കി… കഴുത്തിൽ വരണമാല്യം ചാർത്തി സീമന്തരേഖയിൽ കുങ്കുമം ഇട്ട് നിൽക്കുന്ന മിത്ര…

അവളുടെ അരികിൽ അവളെ ചേർന്ന് നിൽക്കുന്ന അവളുടെ ഭർത്താവ്… ആ ഫോട്ടോയിലും മിത്രയുടെ ചിരിക്ക് ഒട്ടും പ്രകാശം ഇല്ലായിരുന്നു… അത് കാൺകെ അവളുടെ കണ്ണിൽ നിന്ന് വീണ്ടും ഒരു തുള്ളി കണ്ണീർ അവളുടെ നല്ലപാതിയുടെ മുഖത്തേക്ക് വീണു…

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 25