Monday, December 30, 2024
Novel

ഈ യാത്രയിൽ : ഭാഗം 8

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

മഹി അപ്പോഴും അവളുടെ വാക്കുകൾ തീർത്ത തീ കനലിൽ കിടന്നു പൊള്ളി പിടയുകയായിരുന്നു.

മഹിയുടെ തലയിലെ മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു. അതുപോലെ അവന്റെ മനസിനേറ്റ പ്രണയനഷ്ടത്തിന്റെ മുറിവുകളും ഉണക്കുവാൻ ഈ ദിവസങ്ങളിൽ ദേവിയെകൊണ്ടു സാധിച്ചു. അവനോടു വഴക്കിട്ടും തല്ലു കൂടിയുമെല്ലാം. മഹി ലക്ഷ്മിയെ കുറിച്ചു ഓർക്കാതെ തന്നെയായി. ദുശീലങ്ങളുടെ സ്ഥാനവും വീടിനു പുറത്തേക്കു വച്ചു. ദേവി അച്ഛനോടും അമ്മയോടും കൂടുതൽ അടുക്കുന്നതുകണ്ടു അസൂയ മൂത്ത മഹി വീട്ടിൽ റെസ്റ്റിൽ ഇരുന്ന അത്രയും ദിവസം അച്ഛന്റെയും അമ്മയുടെയും കൂടേതന്നെയിരുന്നു. അവരുടെ പഴയ മഹിയിലേക്കു വന്നു. അച്ഛനോട് കുസൃതികൾ പറഞ്ഞു ചിരിക്കുന്ന അത്യാവശ്യം ഫയലുകളും മറ്റും നോക്കാൻ സഹായിക്കാറുള്ള ആ പഴയ മഹിയിലേക്കെത്തി. ഉച്ച ഭക്ഷണത്തിന്റെ ഇടവേളകളിൽ അമ്മയുടെ മടിയിൽ കിടന്നുറങ്ങാൻ വിച്ചുവിനൊപ്പം വാശി പിടിക്കുന്ന ആ പഴയ മഹിയിലേക്കു. ദേവിയോടുള്ള വാശിക്കാനാണെകിലും അവൻ പഴയതുപോലെ ആകുന്നത് അവരെ ഒരുപാട് സന്തോഷിപ്പിച്ചു.
രാവിലെ ഭക്ഷണം കഴിക്കാനായി എല്ലാവരും എത്തി. അച്ചുവും മഹിയും പ്ലേറ്റ് എടുത്തു ഭക്ഷണം വിളമ്പി കഴിക്കാനായി തുടങ്ങി. വിച്ചുവും അച്ഛനും അമ്മയും ഇരുന്നതല്ലാതെ കഴിക്കാൻ തുടങ്ങിയില്ല. സംസാരത്തിനു അച്ഛൻ തുടക്കം കുറിച്ചു.
“ചാരുവിന്റെ വീട്ടുകാർക്ക് വിച്ചുവുമായുള്ള കല്യാണത്തിന് ഒരേതിർപ്പുമില്ല. അവർക്ക് എത്രയും പെട്ടന്ന് നടത്തിയാൽ മതിയെന്നാണ്. അടുത്ത മാസം ആദ്യ ആഴ്ചയിൽ നല്ലൊരു മുഹൂർത്തം കിട്ടിയിട്ടുണ്ട്” വിച്ചുവിന്റെ മുഖത്തും നാണത്തിന്റെ അലയൊലികൾ കണ്ടു എല്ലാവരും.

“അതിനെന്താ അച്ഛാ… “മഹി വളരെ സന്തോഷത്തോടെ പറഞ്ഞു.

“ദേവിക്ക് അറിയുമോ ചാരുവിനെ” സുഭദ്ര ദേവിയെ അടുത്തിരുത്തി.

“ഞാൻ പരിചയപെട്ടു അമ്മേ…. വിച്ചു ഒരിക്കൽ പരിചയപ്പെടുത്തി. അതിനുശേഷം ഇടക്കിടക്ക് വിളിക്കാറുണ്ട്. നല്ല കുട്ടിയ. എനിക്കിഷ്ടമായി” ദേവിയും തന്റെ അഭിപ്രായം പങ്കു വച്ചു.

“ഡിഗ്രി പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ് രണ്ടും. ഒരു കോളേജ് ഫാസിനാഷൻ അപ്പുറം പോകുമെന്ന് ഞങ്ങളാരും കരുതിയില്ല മോളെ. പക്ഷെ അവൾ നല്ല കുട്ടിയ. നമ്മളുമായി പെട്ടന്ന് ഇഴുകിച്ചേരും.” സുഭദ്രക്കും ഭയങ്കര സന്തോഷം പുതിയ മരുമകളെ കുറിച്ചു പറയുമ്പോൾ.
“പിന്നെ മഹിയോടും വിച്ചുവിനോടും സീരിയസ് ആയിട്ടു ഒരു കാര്യം പറയാനുണ്ട്.” അച്ഛന്റെ മുഖവുരയോടുള്ള സംസാരം കേട്ടു മഹി ഭക്ഷണം കഴിപ്പു നിർത്തി അച്ഛന്റെ നേരെ നോക്കി. ഒപ്പം വിച്ചുവും പതിവ് കുസൃതി ചിരി മറച്ചിരുന്നു.
“ശ്രീമംഗലം ഗ്രൂപ്പ് വിച്ചുവിനെ ഏല്പിച്ചാലോ എന്നാണ് എന്റെ ആലോചന. ഹോസ്പിറ്റൽ ഒഴികെ. ഹോസ്പിറ്റൽ ചുമതല ഞാൻ മഹിക്കു വിട്ടുതരികയാണ്.” എല്ലാവരും ഞെട്ടുമെന്നു കരുതിയെങ്കിലും വിച്ചുവും മഹിയും ചിരിക്കുകയാണുണ്ടായത്.

“എന്തിനാ നിങ്ങൾ ചിരിക്കുന്നെ” അച്ഛൻ കുറച്ചു ഗൗരവത്തിൽ തന്നെ ചോദിച്ചു.

“അച്ഛൻ എന്നെ ഓഫീസിൽ സ്റ്റാഫ് ആക്കുമെന്നു പറയാണെന്ന ഞാൻ കരുതിയത്. ഇതു പതിവില്ലല്ലോ… ബിസിനസിൽ ഒരു പരിചയവുമില്ലാത്ത എന്നെ പിടിച്ചു എന്തിനാ തലപ്പത്ത് ഇരുത്തുന്നെ” വിച്ചു തന്നെ കാരണവും വിശദീകരിച്ചു.

കാർത്തികേയൻ ചെറുപ്പം മുതലേ മഹിക്കും വിച്ചുവിനും ഫയൽ നോക്കുവാനും ബിസിനസിന്റെ ആദ്യ പാഠങ്ങൾ കുറേയൊക്കെ പഠിപ്പിച്ചും കൊടുക്കുമായിരുന്നു. അവർ ഫയൽ നോക്കി കൊടുക്കുമ്പോൾ അതിനുള്ള പോക്കറ്റ് മണിയും അച്ഛൻ കൊടുക്കുമായിരുന്നു. വിച്ചുവിനെ എം ബി എ പഠിപ്പിക്കാൻ വിദേശത്തു വിടുമ്പോഴും അയാളുടെയുള്ളിൽ ശ്രീമംഗലം ഗ്രൂപ്പിന്റെ ഭാവി അവനിൽ ഭദ്രമാണെന്നു ഉറപ്പായിരുന്നു. കാരണം മഹി ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തതാണ് മെഡിക്കൽ ഫീൽഡ്. അതുകൊണ്ടുതന്നെ കാർത്തികേയൻ ഒരു തടസവും നിന്നിരുന്നില്ല. ഹോസ്പിറ്റലിന്റെ ഭാവി അവനിൽ ഭദ്രമാണെന്നും ഉറപ്പായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചു കാര്യങ്ങൾ കൊണ്ടു അയാൾക്കൊരു ഭയം ഉണ്ടായിരുന്നെങ്കിലും പക്ഷെ അവനെ ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായും ഉത്തരവാധിതത്തോടും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും അവനിലെ ചെയ്തികൾ ചോദ്യം ചെയ്യാൻ കഴിയാതെ പോയിരുന്നു ആ അച്ഛന്.

“അച്ഛൻ എന്താ പെട്ടന്ന് ഇങ്ങനെ” മഹിയും തന്റെ സംശയം ചോദിച്ചു.

“എനിക്ക് ഇനി ഭാര്യയുടെയും മരുമക്കളുടെയും പേരകുട്ടികളുടെയുമൊക്കെ കൂടെ ബാക്കിയുള്ള ജീവിതം ആസ്വദിക്കണം. ഇത്ര നാളും ഓട്ടം തന്നെയാർന്നില്ലേ… ഒന്നു വിരമിക്കാൻ തീരുമാനിച്ചു. മഹിക്കു എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ. ഹോസ്പിറ്റൽ ഒഴികെ ബാക്കി വിച്ചുവിനെ ഏല്പിക്കുന്നതിൽ” അച്ഛൻ ഒരു സംശയത്തോടെ അതിലേറെ അവന്റെ പ്രതികരണം എങ്ങനെയെന്ന് അറിയാനുള്ള ആകാംക്ഷയിൽ ചോദിചു.

“അച്ഛാ…” മഹിയൊന്നു കടുപ്പിച്ചു അച്ഛനെ ഉറക്കെ വിളിച്ചു. കാർത്തികേയന്റെ മുഖത്തെ പുഞ്ചിരിയിൽ തെളിഞ്ഞിരുന്നു മഹി ഇങ്ങനെ തന്നെയാകും പ്രതികരിക്കുന്നതെന്നു.

“എന്റെ ഏട്ടാ… ഈ അച്ഛനെ കാഞ്ഞ ബുദ്ധിയ… ഞാൻ കമ്പനിയിലെ ഒരു ജോലിക്കാരൻ എന്ന തസ്തികയിൽ തന്നെയായിരിക്കും. അച്ഛൻ പെട്ടന്ന് സ്ഥാനമാനങ്ങൾ ഒഴിഞ്ഞു കളം വിടുമെന്ന് വിശ്വസിക്കാൻ മാത്രം പൊട്ടാനൊന്നുമല്ല ഞാൻ. അച്ഛനൊന്നു എറിഞ്ഞു നോക്കിയതല്ലേ” വിച്ചു അച്ഛനെ കൂർപ്പിച്ചു നോക്കി കൊണ്ടു പറഞ്ഞു.

“ബുദ്ധിമാനെ” അച്ഛൻ വിച്ചുവിന്റെ തോളിൽ തട്ടി.

“വിച്ചു… ഞാൻ പറഞ്ഞത് കല്യാണം വരുകയല്ലേ… പിന്നെ ചാരുവും അത്യാവശ്യം നല്ല ബിസിനെസ്സ് ഐഡിയ ഒക്കെയുള്ള കൂട്ടത്തിലാണ്. പടിപ്പുമുണ്ട്…. നിങ്ങൾ രണ്ടും കൂടി” അച്ഛൻ മുഴുവിപ്പിക്കാതെ നിർത്തി.

“തൽക്കാലം അച്ഛൻ ഞങ്ങളുടെ കൂടെ കുറച്ചു കാലം കൂടി നിന്നു ഇതൊക്കെയൊന്നു ശരിക്കും പഠിപ്പിച്ചു തായോ… പിന്നീട് ആലോചിക്കാം വിരമിക്കൽ” ആയിക്കോട്ടെ എന്ന രീതിയിൽ കാർത്തികേയൻ ചിരിച്ചു.

“അല്ല…. നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലേ” കുറെ നേരമായി മഹി അതു ശ്രെദ്ധിക്കുന്നു. ഇതിനിടയിൽ തന്നെ ബാധിക്കുന്ന വിഷയമല്ലാത്തതിനാൽ അച്ചു കഴിച്ചു എഴുനേറ്റു പോയിരുന്നു.

“ഞങ്ങൾക്കുള്ള പഴങ്കഞ്ഞി ഏടത്തി റേഡിയാക്കിയിട്ടുണ്ട്. ഞങ്ങൾക്കത് മതി…. വാ ഏടത്തി” വിച്ചു ദേവിയുടെ കൈകൾ പിടിച്ചു വലിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. അച്ഛനും ചിരിച്ചുകൊണ്ട് പുറകെ പോയി. അമ്മയും ഒപ്പം എഴുന്നേൽക്കുന്നത് കണ്ട മഹി “അമ്മയും” എന്ന അർത്ഥത്തിൽ അവരെ നോക്കി. അവനു ദേഷ്യം തോന്നി ഒറ്റക്കിരുന്നു കഴിക്കാൻ. അവൻ കഴിക്കുന്നത് മതിയാക്കി എഴുനേറ്റുപോയി. സുഭദ്ര ഒരു ചിരിയോടെ അവന്റെ കെറുവിച്ചുള്ള പോക്കിനെ നോക്കിക്കണ്ടു.

കുടിക്കാൻ വെള്ളം നോക്കിയപ്പോൾ അതു തീർന്നിരിക്കുന്നു ജഗിൽ. മഹി പിന്നെയും പുറത്തിറങ്ങി അടുക്കളയിലേക്കു വെച്ചു പിടിക്കുമ്പോൾ അവിടെ കളിയും ചിരിയും തമാശകളുമെല്ലാം കേൾക്കാം. അവൻ അടുക്കളയിലേക്കു എത്തി നോക്കുമ്പോൾ അച്ഛന് കഞ്ഞി കൊടുക്കുന്ന അമ്മയും വിച്ചുവിന് വാരി കൊടുത്തു ദേവിയും. നല്ല പഴങ്കഞ്ഞിയും കൂടെ കൊള്ളി തേങ്ങ ചേർത്തു ഉടച്ചതും കാന്താരിയും ഓംലറ്റ്‌ വിച്ചുവിന്റെ പ്ലേറ്റിൽ കാണുന്നുണ്ട്. തൈരും കാന്താരി ഞെരടിയ കഞ്ഞിയും കണ്ടു മഹിക്കു വായിൽ വെള്ളമൂറിയിരുന്നു…. എന്നാലും അവനു അവരുടെ കളിച്ചിരിയിൽ കൂടെ ചേരാൻ കഴിയാത്ത അമർഷം നന്നായിയുണ്ടായിരുന്നു.

മഹിയുടെ ഭാവമാറ്റങ്ങൾ തന്റെ കൻകോണിലൂടെ ദേവി നോക്കി കാണുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു.

മഹിയുടെ തലയിലെ സ്റ്റിച് എടുത്തു ഒരു രണ്ടു ദിവസം കൂടി റെസ്റ്റ് എടുത്തിട്ടു ഹോസ്പിറ്റലിൽ പോയാൽ മതിയെന്ന് അച്ഛൻ പറഞ്ഞു. തലയിലെ സ്റ്റിച് എടുത്തിരുന്നു. ആദ്യത്തെ പോലെ ദേവിയോട് ചാടി കടിക്കാനോ തല്ലു പിടിക്കാനോ മഹി പോകാതെയായി. അവന്റെയ മാറ്റം സത്യത്തിൽ ദേവിയിൽ വല്ലാത്തൊരു ശ്വാസംമുട്ടലാണ് ഉണ്ടാക്കിയത്. വഴക്കു പിടിക്കാനായെങ്കിലും അവളോട്‌ സംസാരിക്കുമായിരുന്നല്ലോ അവൻ. അതായിരുന്നു അവൾക്കും വേണ്ടിയിരുന്നത്.

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു മഹിയൊന്നു മയങ്ങാൻ കിടന്നു. ദേവി റൂമിലേക്ക്‌ പോകാൻ തുടങ്ങിയപ്പോഴായിരുന്നു അച്ഛൻ അച്ചുവിനെയും കൊണ്ടു കാറിൽ ഇറങ്ങിയത്. അച്ഛന്റെ മുഖം വർധിച്ച കോപത്തിൽ ആളിക്കത്തുന്നുണ്ടായിരുന്നു. അച്ചുവിനെ പിടിച്ചു വലിച്ചു കൊണ്ട് ഹാളിൽ വലിച്ചിട്ടു. തെന്നി വീണ അവളെ പിടിച്ചെഴുനേല്പിക്കാൻ ദേവി കൈ നീട്ടിയതും അച്ഛന്റെ നോട്ടത്തിൽ ആ കൈകൾ അവൾ പോലുമറിയാതെ പിന്വലിഞ്ഞു. അച്ഛനെ അത്രയും ദേഷ്യത്തിൽ ആദ്യമായി കാണുകയാണ്. അമ്മ പോലും നോക്കി നിന്നതല്ലാതെ ഒന്നും പറയുകയോ മിണ്ടുകയോ… എന്തിനു ഒരു സങ്കടത്തിന്റെ ഭാവമാറ്റം പോലുമുണ്ടായില്ല. അച്ചുവിനെ ഒരു കൈകൊണ്ടു താങ്ങി പിടിച്ചു മുഖം നോക്കി തന്നെ കൊടുത്തു ഒരടി. വേച്ചു താഴേക്കു തന്നെ വീണുപോയിരുന്നു അവൾ. അവിടന്നു പിടിച്ചെഴുനേല്പിച്ചു നിർത്തി. “നിന്റെ ശബ്‌ദം പോലും കേൾക്കരുത്. ദേവി മോൾ പറഞ്ഞിരുന്നു നിന്നെയൊന്നു ശ്രെദ്ധിക്കണമെന്നു…. അതുകൊണ്ടാ എന്റെ കണ്ണുകൾ സദാസമയം നിന്റെ മേലെ ഉണ്ടായത്… അതുകൊണ്ടു നിന്റെ കള്ളത്തരം പിടിച്ചു. ഇനി നിനക്കു ഫോൺ വേണ്ട” കാർത്തികേയൻ അവളുടെ ബാഗിൽ നിന്നും ഫോൺ എടുത്തു വച്ചു.
അധികം കാര്യങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിലും അവൾ എന്തോ ഒപ്പിച്ചു വച്ചിരുന്നുവെന്നു ദേവിക്ക് മനസിലായി. കാര്യമെന്താണെന്നു അച്ഛനൊട്ടും പറഞ്ഞതുമില്ല. അച്ഛൻ ദേഷ്യത്തിൽ മുറിയിലേക്ക് പോയി. അമ്മ പുറകെയും. അച്ചു ദേഷ്യത്തിൽ ദേവിയെ തന്നെ കുറച്ചു നേരം നോക്കി നിന്നു. അവളുടെ കള്ളത്തരങ്ങൾക്കു ആണിയടിച്ചത് ദേവിയാണെന്നു അവൾ ഉറച്ചു വിശ്വസിച്ചു. അവളുടെ നോട്ടം തന്നിലേക്ക് നീളുന്നത് കണ്ട ദേവി നിസ്സംഗതയോടെ മുഖം തിരിച്ചു.

ഒരു ഉറക്കം കഴിഞ്ഞ മഹി സമയം നോക്കുമ്പോൾ വൈകീട്ട് അഞ്ചുമണി കഴിഞ്ഞിരുന്നു. അവൻ പതിയെ എഴുനേറ്റു ഫ്രഷ് ആയി വന്നു ബൽകണിയിലേക്കു ഇറങ്ങി നിന്നു. ആകാശം കാർമേഘങ്ങൾ കൊണ്ടു പല ചിത്രങ്ങൾ വരച്ചു ഒരു ഫ്രെയിം കണക്കെ നിൽക്കുന്നു. കാർമേഘങ്ങൾ ആകാശത്തോട് സങ്കടങ്ങൾ പറഞ്ഞു തുടങ്ങി. ചിണുങ്ങിയും ചാറ്റൽ ആയും തുടങ്ങിയ സങ്കട പെയ്തു… പിന്നെയത് ആർത്തു പെയ്യാൻ തുടങ്ങി. തന്റെ മനവും ഇതുപോലെ ആർത്തു പെയ്യാൻ കൊതിക്കുന്ന പോലെ തോന്നി അവനു. എങ്കിൽ ഇപ്പൊ തനിക്കു സങ്കടങ്ങൾ ഒന്നുമില്ലെന്നും അവൻ ആശ്വസിച്ചു. ദേവി… ഭദ്രകാളി രൂപം പൂണ്ടു തന്റെ മനസിന്റെ ഒരു കോണിലേക്കു ഇടിച്ചു കയറുന്നത് അവനറിഞ്ഞു. അതിന്റെ കുളിരിൽ മുങ്ങി നിവരാൻ അവന്റെ മനസു കൊതിക്കുന്നുണ്ടോ… ഇല്ല… ഒരു വടംവലി തന്നെ മനസിൽ നടത്തുകയായിരുന്നു അവൻ. അവളോട്‌ തനിക്കിപ്പോ ദേഷ്യമൊന്നുമില്ല. എങ്കിലും അംഗീകരിക്കാൻ ഒരു മടി പോലെ… ചാറ്റൽ മുഖത്തടിച്ചപ്പോൾ അവനൊന്നു കുളിർന്നു…. ആ കുളിരിൽ മനസിലേക്ക് തെളിഞ്ഞ രൂപം ഭദ്രകാളിയുടെ ശൂലം പിടിച്ചുള്ള നിൽപ്പായിരുന്നില്ല… പകരം നിലവിളക്കും പിടിച്ചു ഒരു തുളസി കതിരിന്റെ നൈര്മല്യം തോന്നുന്ന പുഞ്ചിരിയോടെ നിൽക്കുന്ന മഹാദേവിയുടെ മുഖം… ആ ചിന്തയിൽ അവനറിയാതെ ഒന്നു പുഞ്ചിരിച്ചു.

“ഏട്ടൻ ഇവിടെ നിൽക്കുവാണോ… നല്ല കാറ്റുണ്ട്… മഴ ചാറ്റൽ കൊള്ളേണ്ട… അകത്തേക്ക് വായോ… ചായ കുടിക്കാം” ദേവിയുടെ വാക്കുകൾ ചിന്തകളിൽ നിന്നും വിരാമമിട്ടു ദേഷ്യത്തിന്റെ മൂടുപടം ചാർത്തി ദേഷ്യത്തിൽ വിവർണ്ണമാക്കിയ അവന്റെ മുഖത്തെ അവൻ ആവാഹിച്ചു തിരിഞ്ഞു അവളെ നോക്കി. അവന്റെയ ദേഷ്യം കണ്ടിട്ടും ചിരിച്ച മുഖത്തോടെ നിൽക്കുന്ന അവളുടെ രൂപം കണ്ടു അവന്റെ മുഖഭാവം ശാന്തതയിലേക്കു നീങ്ങിയത് അവൻ പോലും അറിഞ്ഞില്ല.

ദേവി കയ്യിൽ ഒരു പ്ലേറ്റിൽ അഞ്ചാറു പരിപ്പ് വടയും ഒരു മഗ്ഗിൽ കട്ടൻ കാപ്പിയുമായി പുഞ്ചിരി തൂകി നിൽക്കുന്നു. അവളുടെ കയ്യിലെ പ്ലേറ്റിലേക്കും പുറത്തെ മഴയിലേക്കും ഒന്നു നോക്കി… ആഹാ… അപ്പൊ തന്നെ അവന്റെ മനസു കുളിർന്നു ആലിപ്പഴം പൊഴിയാൻ തുടങ്ങി.

അവൻ ചിരിയോടെ പരിപ്പുവട കൈകളിൽ എടുത്തു. കാര്യം അവളോട്‌ ദേഷ്യമൊക്കെ ഉണ്ടെങ്കിലും പരിപ്പുവട അവന്റെ ജീവനാണ്. അതിനോട് കാണിക്കേണ്ട കാര്യമൊന്നുമില്ലലോ ദേഷ്യം. അവൻ കൈകളിൽ എടുത്തപ്പോൾ തന്നെ പരിപ്പുവടയുടെ ചൂട് അവനിലേക്ക് പടർന്നു.

മൊരിഞ്ഞ പരിപ്പുവട ഒരു കടി കടിച്ചപ്പോൾ തന്നെ ആ രുചി… അവന്റെ മനസിലേക്ക് ഓടിയടുത്തു. നല്ല പെരുംജീരകം ചേർത്ത മൊരിഞ്ഞ പരിപ്പുവട… ഈ രുചി… അവൻ അവളെ അതിശയത്തോടെ നോക്കി …. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്തുകൊണ്ടാണെന്ന് അവനു മനസിലായില്ല. പക്ഷെ തനിക്കേറ്റവും പ്രിയപ്പെട്ട ഈ രുചി… അതവൾക്കു നന്നായി അറിയാമെന്നു അവനും മനസിലായി.

ദേവി കയ്യിലെ പ്ലേറ്റ് ടേബിളിൽ വച്ചു തിരിച്ചു പോകാൻ തുടങ്ങി.

“ദേവി” മഹിയുടെ ആ വിളി… ദേവി അത്ഭുതം കൂറി. കാരണം അതുപോലെ ആദ്യമായാണ് മഹി അവളെ വിളിക്കുന്നത്. മിക്കപ്പോഴും ഡി എന്നുള്ള അലർച്ചയാണ് പതിവ്…. ആദ്യമായി ശാന്തമായി സൗമ്യമായുള്ള ദേവി എന്നു അവളുടെ പേരു ഉച്ചരിച്ചിരിക്കുന്നു…. ദേവി തിളങ്ങുന്ന കണ്ണുകളോടെ മഹിയെ നോക്കി. തന്റെ ഒരു വിളിയിൽ അവൾ ഇത്രയും സന്തോഷവതിയാകുമെന്നു അവൻ ഒരിക്കലും കരുതിയില്ല. “എന്താ മഹിയേട്ട” അവളുടെ ചോദ്യം തന്നെയാണ് അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ ഇടയായത്.

“അല്ല… ഈ രുചി… എനിക്ക് നല്ല…”

വാക്കുകൾ പെറുക്കിയെടുക്കാൻ അവൻ നന്നേ ബുദ്ധിമുട്ടി.

“വല്ലക്കുന്നിലെ വാസുവേട്ടന്റെ കടയിലെ പരിപ്പുവടയുടെ രുചി കിട്ടിയല്ലേ” അവളുടെ ചോദ്യത്തിന് അവളുടെ കണ്ണുകളിൽ നോക്കി അതെയെന്ന് തലയാട്ടി. അവളുടെ കണ്ണുകളിലെ തിളക്കം…. ആ തിളക്കം അതു വല്ലാതെ മഹിയെ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു. എന്തോ വല്ലാത്ത ആകർഷണം… ആ തിളക്കത്തിന്റെ ആഴങ്ങളിൽ തനിക്കായി മാത്രം ഒളിപ്പിച്ചു വച്ച എന്തോ ഒന്നു ഉണ്ടെന്നു അവന്റെ മനസു മന്ത്രിച്ചു.

“ലക്ഷ്മിയുമായി ഏട്ടൻ ഒട്ടുമിക്ക ആഴ്ചകളിലും വല്ലക്കുന്നിലേക്കു വരാറുണ്ടല്ലോ. അധികവും അവിടുത്തെ വാസുവേട്ടന്റെ കടയിലെ പരിപ്പുവടയും കട്ടൻ ചായയും കുടിക്കാനല്ലേ ഇഷ്ടം. ആ കടയിലേക്ക് സ്ഥിരമായി പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തിരുന്നത് ഞാനായിരുന്നു. അവിടെ വച്ചു മിക്കപ്പൊഴും ഞാൻ ഏട്ടനെ കണ്ടിട്ടുണ്ട്… ലക്ഷ്മി ഏട്ടനെ കാണിക്കാൻ വേണ്ടി കഷ്ടപ്പെട്ടു അതൊക്കെ കഴിക്കുന്നത് കാണുമ്പോൾ നല്ല അടി വച്ചു കൊടുക്കാൻ തോന്നിയിട്ടുണ്ട്. പിന്നെ നിങ്ങളുടെ പ്രണയസല്ലാപത്തിനു മിക്കപ്പോഴും ഞാനും സാക്ഷിയായിരുന്നു….” ദേവിയത് പറയുമ്പോൾ അവന്റെ തല കുമ്പിട്ടു പോയി… എങ്കിലും അവളെ കേൾക്കാനായി നിൽക്കുകയായിരുന്നു അവൻ.

“എല്ലാ ആഴ്ചയും ഏട്ടൻ വരുമെന്ന് പറഞ്ഞു എന്നെ കൊണ്ടു പലഹാരങ്ങൾ ഉണ്ടാക്കിക്കും.. ഏട്ടൻ കൊടുക്കുന്ന ടിപ്പ് കൃത്യമായി തന്നെ എന്നെ ഏൽപ്പിക്കുകയും ചെയ്യും… പാചകം ചെയ്യുന്നയാളെ ഒരിക്കൽ കാണണമെന്ന് ഏട്ടൻ പറഞ്ഞിരുന്നതായി വാസുവേട്ടൻ പറഞ്ഞിരുന്നു….” ദേവിയൊന്നു അവനെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു അവനും.

“ഇപ്പൊ കണ്ടില്ലേ..” അവൾ ഒരു കുസൃതിയോടെ ചോദിച്ചുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.

“ദേവി” മഹി പിന്നെയും വിളിച്ചു. അവൾ എന്താണെന്ന് പുരികമുയർത്തി കണ്ണുകളാലും ചോദിച്ചു. വാക്കുകളെക്കാൾ ഭാവങ്ങളായിരുന്നു അവരുടെ സംഭാഷണങ്ങൾ നിയന്ത്രിച്ചിരുന്നത്.

മഹി ദേവിയെ തന്നെ… അവളുടെ കണ്ണുകളെ നേരിട്ടു കൊണ്ടു അവളിലേക്ക് നടന്നടുത്തു… ആ കണ്ണുകൾ നേരിടാൻ മഹിക്കു ഭയം തോന്നിയില്ല… ഇപ്പൊ അവൾ ഭദ്രകാളി അല്ല… ശാന്ത സ്വരൂപിണി ദേവിയാണ്… ആ കണ്ണുകളിലെ ആഴങ്ങളിൽ വലവിരിക്കാനാണ് അവൻ നോക്കുന്നത്… നടന്നടുക്കുന്നത് തന്റെ ഹൃദയത്തിൽ തന്നെയാണെന്ന് ദേവിക്ക് തോന്നി. അവളുടെ ഹൃദയം ഇഷ്ടത്തിന് മിടിച്ചു പൊട്ടുമോയെന്നു അവൾക്കു പേടി തോന്നിപ്പോയി. അവൾ പതിയെ നെഞ്ചിൽ കൈ വച്ചു മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തെ ശാസിക്കാൻ വ്യഥ ഒരു ശ്രെമം നടത്തി.

ദേവിയുടെ അടുത്തു ചെന്നു നിന്നു അവളുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി അവളുടെ വലതു കൈ നീട്ടിയെടുത്തു മഹി അവന്റെ കൈകൾക്കുള്ളിൽ ബന്ധിച്ചു. അവൾ ഏതോ സ്വപ്ന ലോകത്തെന്ന പോലെ നിന്നുപോയി. ശ്വാസം പോലും എടുക്കാനാകാതെ. പതുകെ അവളുടെ കൈകൾ വിടർത്തി അവളുടെ ഉള്ളനടിയിൽ ചുണ്ടുകൾ ചേർത്തു ഉമ്മ വച്ചു. ആ ഒരൊറ്റ നിമിഷത്തിൽ “അഹ്”എന്ന ദേവിയുടെ ശബ്ദവും… കണ്ണുകൾ ഇറുക്കിയടച്ചു അവൾ നിന്നു. കടുകുവാരിയെറിയും പോലെ രോമാഞ്ചം വിടർന്നു നിന്നു അവളെ നാണിപ്പിച്ചു.

അവളുടെ കൈകളെ മോചിപ്പിചു അവൻ മന്ത്രിച്ചു…”എനിക്കു രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരുന്ന ഈ കൈകളിൽ നൽകാൻ ഞാൻ കരുതിയ സമ്മാനമാണ് ഇതു. താങ്ക്സ്… താങ്ക്സ് എ ലോട്ട്..”മഹിയെ പതിയെ മന്ത്രിച്ചുകൊണ്ടു ചായയുമായി ബാൽക്കണിയിലേക്ക് നടന്നു…. അവൾ സ്വപ്നത്തിൽ ആണെന്ന് തോന്നിപ്പോയി. ഒന്നു നുള്ളിനോക്കി യാഥാർഥ്യം തിരിച്ചറിയാൻ അവൾ ആഗ്രഹിച്ചില്ല. അതൊരു സ്വപ്നം പോലെ ഇരിക്കട്ടെയെന്നവൾ ആശിച്ചു…

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4

ഈ യാത്രയിൽ : PART 5

ഈ യാത്രയിൽ : PART 6

ഈ യാത്രയിൽ : PART 7