Wednesday, January 22, 2025
Novel

ഈ യാത്രയിൽ : ഭാഗം 5

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഫോട്ടോയിൽ അവളുടെ നോട്ടം കണ്ടു സുഭദ്ര അമ്മ പറഞ്ഞു …”ഇതാണ് വിഷ്ണു … ഞങ്ങളുടെ വിച്ചു… മഹിയുടെ അനിയൻ”

അവൾ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു നേരം കൂടി അവന്റെ വിച്ചുവിന്റെ ഫോട്ടോകളിലേക്കു നോക്കി ഇരുന്നു. അതിൽ മുഴുവൻ അവന്റെ കുസൃതിത്തരങ്ങൾ നിറഞ്ഞ ഫോട്ടോസ് ആയിരുന്നു. മഹിയേട്ടനോട് ചേർന്നു നിൽക്കുന്ന ഫോട്ടോകൾ മാത്രമാണ് അവനൊന്നടങ്ങി നിൽക്കുന്നത്. മിക്കതിലും അച്ചുവിനോടുള്ള കുസൃതികളാണ്. പിണക്കവും ദേഷ്യവും സന്തോഷവും സങ്കടങ്ങളും എല്ലാ ഭാവങ്ങളും നിറഞ്ഞ അവന്റെ ഫോട്ടോകൾ. ചിലതൊക്കെ കാണുമ്പോൾ അവളുടെ ചുണ്ടുകളിൽ ചിരി പടർത്തിയിരുന്നു.

കുറെ കഴിഞ്ഞപ്പോൾ സമയം കുറച്ചായിരുന്നു. അച്ഛൻ കിടക്കാനായി വന്നപ്പോഴായിരുന്നു സമയം ഒരുപാടയത് മനസിലായത്. ഫോട്ടോകൾ കണ്ടും മഹിയേട്ടന്റെയും വിച്ചുവിന്റെയും അച്ചുവിന്റെയുമൊക്കെ സാഹസിക കഥകൾ കേട്ടും നേരം പോയതറിഞ്ഞില്ല. ദേവി ഒരു ചിരിയോടെ എഴുനേറ്റു.

“നീയിത്ര വേഗം അവളെ മടുപ്പിക്കുമല്ലോ മക്കളുടെ സഹാസിക കഥകളൊക്കെ പറഞ്ഞു കൊടുത്തുകൊണ്ട്” അച്ഛൻ അമ്മയുടെ നേർക്കു ചോദിച്ചുകൊണ്ട് കളിയാക്കി ചിരിച്ചു. അമ്മ കനപ്പിച്ചൊരു നോട്ടം നോക്കി. അച്ഛൻ ചിരിയടക്കാൻ പാടുപെട്ടു നിന്നു. അതുകണ്ട് ദേവിക്കും എന്തോ ചിരിപൊട്ടി…

“അച്ഛനും മോളും എന്നെ കളിയാക്കുവാണല്ലേ” അമ്മ പരിഭവം പറയാൻ തുടങ്ങി. ദേവിയും അച്ഛനും പരസ്പരം നോക്കി ചിരിച്ചു നിന്നു.

“മോൾ ചെല്ലു… അവൻ ചിലപ്പോൾ ഇന്ന് വരില്ല” അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ വാക്കുകൾ മുഴുവനാക്കാൻ കഴിയാത്ത ഒരു വിഷമവും അവന്റെ സ്വഭാവം അറിയുന്നതിനാലുള്ള ജാള്യതയും ആ മുഖത്തവൾ കണ്ടു.

“രാത്രി എമേർജൻസി കേസുകൾ വരുമ്പോൾ അവൻ അവിടെ തന്നെ നിൽക്കറാണ് പതിവ്” അമ്മയും പറഞ്ഞു നിർത്തുമ്പോൾ വിഷമത്താൽ അവരുടെ തലയും കുമ്പിട്ടുപോയിരുന്നു. അച്ഛനമ്മമാരുടെ ഏറ്റവും വലിയ ഒരു ഭാഗ്യകേടാണ് സ്വന്തം മക്കളുടെ പേരിൽ മറ്റുള്ളവരുടെ മുൻപിൽ തല കുമ്പിട്ടു പോകുന്നത്. ഇതു അവരുടെ അച്ഛൻ അമ്മ എന്ന നിലയിലുള്ള ഒരു പരാജയം കൂടിയാണ്. ദേവിക്ക് എല്ലാം അറിയാം. അവൾ നിര്വികാരതയോടെ പുഞ്ചിരിച്ചു അവരോടു ശുഭരാത്രി പറഞ്ഞു മുറിയിൽ നിന്നിറങ്ങി. അവൾ ഹാളിലെ ഡൈനിങ്ങ് ടേബിളിൽ തല വച്ചു കുറച്ചു നേരമിരുന്നു. ഇനി എന്താണ് മുന്നോട്ടെന്നു അറിയില്ല. എന്തു ചെയ്യുമെന്നും അറിയില്ല. പോര് കോഴികളെ പോലെ പരസ്പരം കൊമ്പ് കോർത്തു എത്ര നാളുകൾ ജീവിക്കാൻ കഴിയും. മഹിയേട്ടന് ഒരിക്കലും തന്നെ സ്നേഹിക്കാൻ കഴിയില്ല. പ്രണയത്താൽ ഒരിക്കൽ മുറിവേറ്റ മനസ്സാണ്. അവിടെ ഇനിയൊരു പ്രണയത്തിന്റെ വിത്തു മുളയ്ക്കണമെങ്കിൽ… അതു അസാധ്യമായ കാര്യമാണ്… വേരോടെ ആ മനസ്സിൽ നിന്നും പ്രണയത്തെ പിഴുതു കളഞ്ഞിരിക്കുന്നു. പുതിയതൊന്നു മുളയ്ക്കാനുള്ള സ്നേഹത്തിന്റെ മണൽത്തരികൾ പോലും ആ മനസിൽ ഇല്ല…. തന്നോട് അറപ്പും വെറുപ്പുമാണ്…. ഓരോരോ ചിന്തകൾ കൊണ്ടു അവളുടെ കണ്ണുനീർ മുത്തുകൾ കണക്കെ ടേബിളിൽ വീണു ചിതറി.

ആരുടെയോ അടക്കി പിടിച്ചുള്ള സംസാരം അവളുടെ ചിന്തകളെ പിടിച്ചു കെട്ടി നിർത്തി. ദേവി പതിയെ തലയുയർത്തി കുറുമ്പുകാട്ടി പാറി കളിച്ചിരുന്ന മുടിയിഴകളെ അടക്കി നിർത്തി വാരി കെട്ടി മുഖമെല്ലാം തുടച്ചു ഇരുന്നു. പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. അടുക്കള വശത്തു നിന്നാണ്. അവിടേക്ക് ചെല്ലുമ്പോൾ ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്തു കുടിക്കാതെ കുപ്പി കയ്യിൽ വച്ചിരിക്കുകയാണ് അച്ചു. ഫ്രിഡ്ജിന്റെ ഡോർ അടച്ചിട്ടില്ല. അടയ്ക്കാതെ അവൾ മാറി നിന്നു ആരോടോ സംസാരിക്കുകയാണ്. ഫോണിൽ കൂടി അടക്കി പിടിച്ച സംസാരവും ചിരിയും കൊഞ്ചലുമെല്ലാം കേൾക്കാം…. ദേവി വന്നു നിന്നതോന്നും അച്ചു അറിഞ്ഞിട്ടില്ല. ദേവി വേഗം ചെന്നു ഫ്രിഡ്ജിന്റെ ഡോർ അടച്ചു അവൾ തിരിയുമ്പോൾ കാണുന്ന രീതിയിൽ അവളെ തന്നെ വീക്ഷിച്ചു കൊണ്ടു ദേവി അവൾക്കു പുറകിലായി നിന്നു. അച്ചു ഈ ലോകത്തൊന്നും അല്ലാത്തപോലെയാണ് സംസാരം. സംഭാഷണങ്ങളുടെ ദിശ മാറുന്നത് മനസിലാക്കിയ ദേവിയുടെ മുഖവും ഇരുളുന്നുണ്ടായിരുന്നു.

സംഭാഷണങ്ങളിൽ വിടർന്ന വികാരത്തിന്റെ വേലിയേറ്റത്തിൽ അച്ചു നാണം പൂത്ത കവിളുകളും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി തിരിഞ്ഞപ്പോൾ കണ്ടത് രോക്ഷത്തോടെ നോക്കി നിൽക്കുന്ന ദേവിയെയായിരുന്നു. പെട്ടന്നുള്ള അവളുടെ നിൽപ്പും നോട്ടവും കണ്ടു പകച്ചു അച്ചുവിന്റെ കയ്യിലെ ഫോൺ താഴെ വീണു. അവളാകെയൊന്നു പതറി. അച്ചു കുനിഞ്ഞു ഫോൺ എടുക്കുന്നതിനിടയിൽ അനിഷ്ടത്തോടെ പറഞ്ഞു..”മറ്റൊരാളുടെ പ്രൈവസിയിൽ ഇങ്ങനെ നിൽക്കുന്നത് അത്ര നല്ല കാര്യമൊന്നുമല്ല”. അത്രയും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു ദേവിക്ക് മുഖം കൊടുക്കാതെ അച്ചു അവിടെ നിന്നും റൂമിലേക്ക് വേഗം പോയി. അപ്പോഴും ഒരക്ഷരം പറയാതെ ദേവി അവളെ വീക്ഷിക്കുകയായിരുന്നു. കുറച്ചധികം നേരം അവൾ ചിന്തയിലാണ്ടു. പിന്നീട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ തിരികെ ഡൈനിങ്ങ് റൂമിലേക്ക് വരുമ്പോൾ പുറത്തു കാളിങ് ബെൽ ശബ്ദം കേൾക്കുന്നത്.

മഹിയേട്ടൻ രാത്രി വരില്ലന്നാണല്ലോ അമ്മ പറഞ്ഞതു… പിന്നെ ഈ നേരത്തു ആരാണാവോ… അവൾ വാതിൽ തുറക്കാനായി നടക്കുമ്പോൾ ബെൽ ശബ്ദം കേട്ടു അച്ഛൻ ഇറങ്ങി വന്നിരുന്നു. അവൾ അവിടെ തന്നെ നിന്നു. അച്ഛൻ വാതിൽ തുറക്കുമ്പോൾ മുന്നിൽ മഹി. വല്ലാത്തൊരു സന്തോഷം തോന്നി ദേവിക്ക്. അവളുടെ മനസിലെ സന്തോഷം ചിരിയായി അവളുടെ ചുണ്ടുകളിലും കണ്ണുകളിലും പടർന്നിരുന്നു. അച്ഛനും തെല്ലൊരു അതിശയം പൂണ്ടു നിന്നു. മഹി ആരെയും ശ്രെദ്ധിക്കാതെ മുകളിലേക്ക് കയറി പോയി. വാതിലടച്ചു തിരിഞ്ഞ അച്ഛൻ കാണുന്നത് ചിരിച്ചു കൊണ്ടു നിൽക്കുന്ന ദേവിയെയാണ്. അവർക്ക് പരസ്പരം എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവും തോന്നിയിരുന്നു ആ നിമിഷം.

അതേ സന്തോഷത്തിന്റെ ആവേശത്തിൽ ദേവി പടികളോരോന്നായി കയറി മുകളിലേക്ക് ചെല്ലുമ്പോൾ മഹി ഫ്രഷായി ബാത് റൂമിൽ നിന്നും ഇറങ്ങിയിരുന്നു. അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ കട്ടിലിന്റെ ഒരു ഭാഗത്തു വന്നു കിടന്നു.

മറുഭാഗത്തു ദേവിയും കിടന്നു. അവന്റെ ശ്വാസ നിശ്വാസങ്ങൾ സാധാരണ പോലെയായെന്നു ദേവിക്ക് തോന്നിയപ്പോൾ അവൾ തിരിഞ്ഞു മഹിക്കു അഭിമുഖമായി കിടന്നു, അരണ്ട വെളിച്ചത്തിൽ അവന്റെ കുസൃതി നിറഞ്ഞ മുഖത്തെ നോക്കിക്കണ്ടു. ദേവി പതിയെ എഴുന്നേറ്റിരുന്നു. മുട്ടുകാലിൽ മുഖം ചേർത്തു ചരിഞ്ഞു ഇരുന്നു അവനെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം ജ്വലിച്ചു നിന്നു. അവളുടെ മനസിൽ ചിന്തകളുടെ വേലിയേറ്റം തന്നെ നടക്കുകയായിരുന്നു. “കുറെ വർഷങ്ങളായി മഹിയേട്ട നിങ്ങളുടെ പേരെന്റെ നെഞ്ചിൽ ചേർത്തു വരച്ചിട്ടു… അതറിയോ ഇയാൾക്ക്… എവിടെ അറിയാനാ.. അപ്പോഴേക്കും ഒരു ലച്ചു കേറി വന്നില്ലേ…

നിങ്ങളാണ് എന്റെ ആദ്യ പ്രണയം… നിങ്ങളിലൂടെയാണ് പ്രണയമെന്ന വികാരം എന്നിലുണ്ടെന്നു ഞാൻ പോലും അറിഞ്ഞത്. നിങ്ങൾ അടുത്തു വരുമ്പോൾ എന്റെ ഹൃദയമിടിപ്പ് അതിന്റെ ഇഷ്ടത്തിനു തുടികൊട്ടുവ… നിയന്ത്രിക്കാൻ ഞാൻ പെടുന്ന പാട്… അതെനിക്കെ അറിയൂ… പക്ഷെ… ഏട്ടനോടുള്ള എന്റെ ഇഷ്ടത്തെ വഴക്കു കൂടിയും അടിച്ചും ഇടിച്ചും പിച്ചിയും ചീത്ത പറഞ്ഞുമൊക്കെ ഞാൻ കാണിക്കും… എന്നെങ്കിലും ഏട്ടൻ മനസ്സിലാക്കും… എനിക്കുറപ്പുണ്ട്….” കണ്ണിമ ചിമ്മാതെ അവനെ നോക്കി അവൾ മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു ഓരോ വാക്കുകളും. പെട്ടെന്നാണ് ഇന്ന് അവനെ മുഖത്തടിച്ചത് ഓർമ വന്നത്… അവന്റെ കുട്ടിത്താടിയിക്ക് ഇടയിലൂടെ കവിളിലെ ചുവപ്പു അവൾ കണ്ടു പിടിച്ചിരുന്നു.

കൈകൾ നീട്ടി ഒരു തൂവൽ സ്പർശം പോലെ ദേവി കവിളിൽ മെല്ലെ തലോടി… അവളുടെ ബലിഷ്ഠമായ കൈകൾ കൊണ്ടു മൃദുവായി തലോടാനും കഴിയുമായിരുന്നു…. ശാന്തമായി ഉറങ്ങുന്ന അവന്റെ മുഖത്തെ പിന്നെയും തഴുകി തലോടി കൊണ്ടിരുന്നു അവൾ….”എന്നോട് ക്ഷമിക്കണേ ഏട്ടാ… പെട്ടന്ന് ദേഷ്യം വന്നപ്പോൾ.. നിങ്ങളുടെ ജീവിതം സ്വയം നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു അറിഞ്ഞപ്പോൾ ഞാൻ എത്ര വിഷമിച്ചെന്നോ… ഒരുപെണ്ണു കാരണം ഇങ്ങനെ മനസ്സു പതറുന്ന ഒരാളല്ലായിരുന്നു എന്റെ ഏട്ടൻ…

എന്നിട്ടും… ആ ദേഷ്യവമൊക്കെ എന്റെ മനസ്സിൽ കുമിഞ്ഞു കൂടി കിടക്കുകയായിരുന്നു… അതാ ഞാൻ തല്ലി പോയത്… ക്ഷമിക്കണേ ഏട്ടാ…” ദേവി അവന്റെ നെറ്റിയിൽ വീണ മുടിയിഴകൾ ഒതുക്കി വച്ചു ആ രാത്രിയിൽ മുഴുവൻ കണ്ണിമ ചിമ്മാതെ അവനെ പ്രണയിച്ചു കൊണ്ടേയിരുന്നു…. അവളുടെ അവന്റെ മേലുള്ള നോട്ടത്തിൽ പുഞ്ചിരിയിൽ എല്ലാം എല്ലാം തന്നെ മഹിയോടുള്ള പ്രണയമായിരുന്നു. ഇതൊന്നുമറിയാത്ത മഹി ദേവിയുടെ ശ്വാസ നിശ്വാസത്തിന്റെ പ്രണയ ചൂടിൽ ലയിച്ചു ശാന്തമായി ഉറങ്ങുകയായിരുന്നു.

രാവിലെ ഭക്ഷണം കഴിക്കാൻ ടേബിളിൽ അച്ചുവും മഹിയും എത്തി. അച്ഛനും കൂടി വന്നതോടെ ഭക്ഷണം കഴിക്കാൻ ഇരുന്നു എല്ലാവരും. ദേവിതന്നെയാണ് എല്ലാവർക്കും വിളമ്പിയത്. അച്ചു ദേവിയുടെ മുഖത്തു നോക്കുന്നുണ്ടായില്ല. അവൾക്കെന്തോ ഒരു ജാള്യത തോന്നിയിരുന്നു. ദേവി എല്ലാവർക്കും വിളമ്പി കഴിഞ്ഞു മാറി നിന്നു. മഹിയും അച്ചുവും അതു കണ്ടെങ്കിലും അവളെ ശ്രെദ്ധിക്കാതെ കഴിക്കാൻ ആരംഭിച്ചു. അച്ഛനും അമ്മയും അവളെ നോക്കിയപ്പോൾ ദേവി അവരെ നോക്കി പുഞ്ചിരിച്ചു അരികിലെത്തി. “അച്ഛാ എന്തെങ്കിലും വേണോ ” ദേവി ഇഡ്‌ലി പാത്രം സംശയത്തോടെ കൈകളിൽ എടുത്തു വിളമ്പാൻ ആഞ്ഞു.
“എനിക്കു വേണ്ട മോളെ… മോളെന്താ ഇരിക്കാത്തത്… വായോ… ഇവിടെയിരിക്കു”
തന്റെ അരികിലുള്ള കസേര നീക്കി കൊണ്ട് അച്ഛൻ ദേവിയെ വിളിച്ചു. അവൾ സ്നേഹപൂർവ്വം നിരസിച്ചു.

“ഇന്നലത്തെ ചോറു കുറച്ചു ബാക്കിയിരിപ്പുണ്ട് അച്ഛാ. ഞാൻ അതു പഴങ്കഞ്ഞി ആക്കി വച്ചിട്ടുണ്ട്… അതു കഴിച്ചോളാം… വെറുതെ കളയണ്ടല്ലോ… ”

“മോളെ… മോൾ അതൊന്നും കഴിക്കണ്ട… വാ.. ഇവിടെയിരിക്കു” അമ്മയും അവളെ പിടിച്ചിരുത്താൻ ശ്രെമിച്ചു.

“അവർക്ക് ശീലമുള്ളതല്ലേ കഴിക്കു… കുപ്പത്തൊട്ടിയിൽ കിടക്കുന്നവർക്കു അതായിരിക്കും ആരോഗ്യം കൊടുക്കുന്നെ” കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തല ഉയർത്താതെ അച്ചു പറഞ്ഞു കൊണ്ടിരുന്നു.

“അച്ചു” അച്ഛൻ കനപ്പിച്ചൊരു വിളിയായിരുന്നു.

അച്ചു പറഞ്ഞതു കേട്ടു മഹിയും തലയുയർത്തി ദേവിയെ ഒന്നു നോക്കി. പക്ഷെ മാറിന് കുറുകെ കൈകൾ പിണച്ചു കെട്ടി അച്ചുവിനെ ശാന്തമായി നോക്കുന്ന ദേവിയെയാണ് മഹിക്കു കാണാനായത്… ആ നിമിഷം അവളിലെ ശാന്ത സ്വരൂപം ഒരു ദേവി വിഗ്രഹം കണക്കെ തോന്നിപ്പിച്ചു.

“അച്ചു പറഞ്ഞതു ശരിയാണ്. എനിക്കതു കഴിച്ചാണ് ശീലം. പിന്നെ പഴങ്കഞ്ഞി അത്ര മോശം ആഹാരം ഒന്നുമല്ല അച്ചുവെ… നല്ല ആരോഗ്യമ… ഒരടി കിട്ടിയാൽ തിരിച്ചു രണ്ടെണ്ണം കൊടുക്കാനുള്ള ആരോഗ്യം കിട്ടും” ദേവി അർത്ഥം വെച്ചു പറഞ്ഞു അച്ചുവിനെയും മഹിയെയും ഒരു ചിരിയോടെ നോക്കുമ്പോൾ രണ്ടു പേരുടെയും കൈകൾ അറിയാതെ അവരുടെ കവിളുകളിൽ തലോടി പോയി..അതു കണ്ടു ദേവിയുടെ ചുണ്ടിൽ ചിരി പൊട്ടിയിരുന്നു….
“പഴങ്കഞ്ഞി… അതിൽ തൈര് ഒഴിച്ചിട്ടുണ്ടോ മോളെ” അച്ഛൻ വെള്ളമിറക്കിയാണ് അതു ചോദിച്ചത്.

“ഉവ്വ്…കുറച്ചു തൈരും കാന്താരി മുളകും ഞെരടി ഇട്ടു… ഇച്ചിരി തേങ്ങ ചുട്ടരച്ച ചമ്മന്തിയും ഉണ്ടാക്കി” അവൾ പറഞ്ഞു നിർത്തിയതും അച്ഛൻ മുന്നിലിരുന്ന പാത്രം നീക്കി വച്ചു എഴുനേറ്റു. ദേവിയുടെ കൈകളിൽ പിടിച്ചു “വാ.. നമുക്ക് പഴങ്കഞ്ഞി കുടിക്കാം” ദേവിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. സ്വന്തം അച്ഛനെ കണ്മുന്നിൽ കണ്ട പോലെ തോന്നി. അച്ഛനും ഇതുപോലെയായിരുനെന്നു അവളോർത്തു.
“ദേ നോക്കിയേ ഏട്ടാ… ഇവര് അച്ഛനെ ഒരു കോണ്ട്രോളും ഇല്ലാതെ ഭക്ഷണം കൊടുത്തു ഒരു വഴിക്കാക്കും… അവർക്കെന്താ നഷ്ടം…” അച്ചു കത്തി കയറുകയാണ്….

“അച്ചു നിർത്തു” മഹിയുടെ അലർച്ചയാണ്. അച്ചു പോലും ഇരുനിടത്തു നിന്നു ചാടി എഴുനേറ്റു. മഹിയെ പേടിച്ചു നോക്കുമ്പോൾ അവൻ ഇടതു കൈ വിരലുകൾ ചുരുട്ടി ദേഷ്യത്തിൽ നേരെ നോക്കി ഇരിക്കുവാണ്. അവന്റെ കണ്ണുകളിലെ അപ്പോഴത്തെ ദേഷ്യം അച്ചുവിനെ വല്ലാതെ ഭയത്തിലാഴ്ത്തി.
“അച്ചു ഇപ്പൊ ആരെയ ഇവർ അവർ എന്നൊക്കെ വിളിച്ചത്” മഹി ചോദ്യം ചെയ്യാൻ തുടങ്ങി.
“അതു… അതു പിന്നെ… ”

“ദേവി ഈ വീട്ടിലെ ആരാണ്”

“ഇവിടുത്തെ… ഇവിടുത്തെ മരുമകൾ” അവളുടെയ ഉത്തരത്തിൽ മഹിക്കു തൃപ്‌തി പോരായെന്നു അച്ചുവിന് തോന്നി. അവന്റെ തറപ്പിച്ചുള്ള നോട്ടത്തിൽ അവളൊന്നു പതറി തല കുമ്പിട്ടു.

“ഏട്ടന്റെ… ഏട്ടന്റെ ഭാര്യ… ഏടത്തി” അച്ചു മഹി ആഗ്രഹിച്ചപോലുള്ള കൃത്യമായ മറുപടി നൽകി. അവന്റെയ ചോദ്യവും അച്ചുവിന്റെ ഉത്തരം പറച്ചിലുമെല്ലാം കണ്ടു ബോധം പോയ പോലെ നിൽക്കുകയായിരുന്നു മറ്റുള്ളവർ. മഹി അവരെയൊന്നും ശ്രെദ്ധിക്കാതെ ഭക്ഷണം കഴിച്ചു എഴുനേറ്റു പോയി. അച്ചുവിനു ദേവിയുടെ മുഖത്തേക്കു നോക്കാൻ വലിയ ചമ്മൽ തോന്നി. വർധിച്ച സന്തോഷത്തോടെ ദേവിയും അച്ഛനും അമ്മയും കൂടി കഞ്ഞി കുടിക്കാൻ അടുക്കളയിലേക്കു നടന്നു.

രണ്ടു പാത്രങ്ങളിലായി കഞ്ഞി പകർന്നു കൊടുത്തു ഒരു പാത്രത്തിൽ ദേവിയും കഞ്ഞി എടുത്തു. ചുട്ടരച്ച തേങ്ങ ചമ്മന്തിയുടെ നല്ല മണം വരുന്നുണ്ടായിരുന്നു. ചമ്മന്തിക്കു മുകളിൽ പച്ച വെളിച്ചെണ്ണ തൂകിയത് കൂടുതൽ രുചികരമാക്കി. അച്ഛനും അമ്മയും ആസ്വദിച്ചു കഞ്ഞി കുടിക്കുന്നത് കണ്ടപ്പോൾ തന്നെ ദേവിയുടെ മനസും വയറും നിറഞ്ഞു.

ദേവി ഇടക്കിടക്ക് അച്ഛന്റെ മുഖത്തേക്കു പാളി നോക്കി. അവൾക്കെന്തോ പറയാനുണ്ടെന്ന് അച്ഛനും തോന്നി. “മോൾക്ക്‌ എന്തോ പറയാനുണ്ടല്ലോ… എന്താ കാര്യം”

“അച്ഛാ. ഞാൻ … അതു… പിന്നെ…. ഞാൻ പറഞ്ഞാൽ അച്ഛൻ അതു” അവൾ വാക്കുകൾക്കായി തിരഞ്ഞു…

“സ്വന്തം അച്ഛനോടെന്ന പോലെ എന്തും എന്നോട് പറയാം.”അച്ഛന്റെ വാക്കുകൾ അവൾക്കു കുറച്ചു ധൈര്യം നൽകി.

“അതു പിന്നെ അച്ഛാ… നമ്മുടെ അച്ചുവിന്റെ” ഇന്നലത്തെ അവളുടെ ഫോൺ വിളികൾ ദേവിയുടെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. അതു അച്ഛനോട് സൂചിപ്പിക്കാൻ തന്നെ ഇന്നലെ തന്നെ തീരുമാനിക്കുകയും ചെയ്തതാണ്. പക്ഷെ ദേവി ഇന്നലെ വന്നു കയറിയ പെണ്ണാണ്. അച്ചുവിനെക്കുറിച്ചു പറയുമ്പോൾ ആ ഒരു ആശങ്കയാണ് അവളെകൊണ്ടു വാക്കുകൾ കിട്ടാതിരുന്നത്.

“ഞാനും ശ്രെദ്ധിക്കുന്നുണ്ട് മോളെ… ഇനി കൂടുതൽ ശ്രെദ്ധിക്കാം….മോളു കഴിക്കു വിഷമിക്കാതെ… പിന്നെ…എന്തു കാര്യവും മോൾക്ക്‌ ഞങ്ങളോട് പറയാം. മോളുടെ സ്വന്തം അച്ഛനും അമ്മയും തന്നെയാ ഞങ്ങൾ” അച്ഛൻ പറഞ്ഞു നിർത്തുമ്പോൾ ദേവിയുടെ കൈകളിൽ അമ്മയുടെ കൈകൾ മുറുക്കിയിരുന്നു.

മഹിക്കു ദേവിയോടുള്ള ദേഷ്യത്തിലോ വെറുപ്പിലോ ഒരു കുറവും ഉണ്ടായില്ല. പോര് കോഴികളെ പോലെ വാക്കുകൾ കൊണ്ടു തമ്മിൽ കൊത്തുകൂടി. വാക്കുകളുടെ പ്രഹരം ഹൃദയത്തിൽ മുറിവ് വരുത്തി ചോര പൊടിഞ്ഞിരുന്നു. എങ്കിൽ പോലും പരസ്പരം വിട്ടുകൊടുക്കാൻ രണ്ടുപേരും തയ്യാറല്ലായിരുന്നു. ദേവി അവളുടെ നിശബ്ദ പ്രണയം അവനോടു വഴക്കു കൂടിയും ചീത്തപറഞ്ഞും കാണിച്ചപ്പോൾ മഹി തന്റെ ഉള്ളിലെ അവളോടുള്ള രോക്ഷത്തെ മുഴുവൻ വാക്കുകൾ എയ്തിട്ടു വേദനിപ്പിച്ചു. പക്ഷെ പലപ്പോഴും മഹിക്കു തോല്വിയായിരുന്നു. കാരണം ദേവി ഒരു കൂസലുമില്ലാതെ അവന്റെ വാക്കുകളെ നെഞ്ചിലേറ്റി വാങ്ങിയിരുന്നു. ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. പകൽ തമ്മിൽ കാണുമ്പോൾ എല്ലാം മഹിയും ദേവിയും കൊമ്പ് കോർത്തു…. രാത്രിയിൽ കണ്ണിമ ചിമ്മാതെ മഹിയെ തന്റെ പ്രണയ തീഷ്ണതയിൽ നോക്കിയിരുന്നു ദേവി ദിവസങ്ങൾ കഴിച്ചു.

ഒരു ദിവസം ദേവി മുറിയിലേക്ക് വരുമ്പോൾ മഹി അലമാരയിൽ കാര്യമായി എന്തോ തിരയുകയായിരുന്നു. പുറത്തു പോവുകയാണെന്ന് തോന്നുന്നു. ഡ്രസ് മാറ്റിയിട്ടുണ്ട്. എന്തോ തിരയുകയാണ്. മുഖത്തു തിരഞ്ഞിട്ടും എന്തോ കിട്ടാതെ പോയതിന്റെ വിഷമം കാണാം.

“ഏട്ടാ… എന്താ നോക്കുന്നെ … പറഞ്ഞാൽ ഞാൻ എടുത്തു തരാം” ദേവി അവനരികിൽ ചെന്നു സൗമ്യമായി പറഞ്ഞു.

മഹി അവൾ പറഞ്ഞതിനു ചെവി കൊടുക്കാതെ പിന്നെയും നോക്കി കൊണ്ടിരുന്നു. എന്തോ അവനു അവളുടെ മുഖത്തേക്കു നോക്കാൻ കഴിയുമായിരുന്നില്ല. ദേവി അവനെയൊന്നു സൂക്ഷിച്ചു നോക്കി. പിന്നീട് അവന്റെ കൈകളിൽ പിടിച്ചു നിർത്തി. മഹി ദേവിയുടെ കണ്ണുകളിലേക്കു നോക്കി. പറയാൻ കഴിയാത്ത ഒരു ഭാവം. അതു ദേഷ്യമാണോ സങ്കടമാണോ അതോ ഒരു താരം നിസ്സംഗഭാവവും നിസഹായവസ്ഥയുമൊക്കെ അവളുടെ കണ്ണുകളിൽ നിന്നുമവൻ വായിച്ചു.

ദേവി അവനെ നീക്കി നിർത്തി അലമാരയുടെ താഴെ തട്ടിൽ നിന്നും കോണ്ടം പാക്കറ്റ് കയ്യിലെടുത്തു അവൻ നേരത്തെ കണ്ട അതേ ഭാവത്തോടെ അവന്റെ കൈകളിൽ വച്ചു കൊടുത്തു പുറത്തേക്കു നടന്നു. തെല്ലൊരു ജാള്യതയോടെ അവിടെ തന്നെ കുറച്ചു നേരം നിന്നുപോയി. പിന്നെ അവൻ അതു പോക്കറ്റിൽ തിരുകി സ്റ്റെപ് ഇറങ്ങി വരുമ്പോൾ താഴെ ഹാളിൽ ദേവിയിരിക്കുന്നു. അവൻ അവളെ നോക്കാതെ വേഗം താഴേക്കിറങ്ങി പുറത്തേക്കു പോകാൻ കാറിന്റെ കീ എടുത്തു ഇറങ്ങി. വാതിൽ പടി കടക്കും മുന്നേ മഹി ദേവിയെ ഒന്നു തിരിഞ്ഞു നോക്കി. പിന്നെ വേഗത്തിൽ കാറിനടുത്തേക്കു.

വാതിൽ പടി കടന്നു മഹി പോയെന്ന് ഉറപ്പായപ്പോൾ ദേവി കണ്ണുകൾ ഇറുകെയടച്ചു അവിടെ തന്നെ ഇരുന്നു. കാർ സ്റ്റർട് ചെയ്തു ഇട്ടെങ്കിലും ഗിയർ മാറ്റാനോ കാൽ ആക്‌സിലറ്ററിൽ അമർത്താനോ മഹിക്കായില്ല. പടി കടക്കും മുന്നേ കണ്ട ദേവിയുടെ മുഖവും നിസ്സംഗതയും ഇരുപ്പുമെല്ലാം അവനെ വല്ലാതെ സ്വാധീനിച്ചു. ടീവി നോക്കി ഇരുന്നെങ്കിലും അവളുടെ കണ്ണിലെ കൃഷ്ണമണിയുടെ പിടച്ചിൽ പോലും താൻ വ്യക്തമായി കണ്ടു. ഒരു കൈകൊണ്ടു ചാനൽ മാറ്റുന്നുണ്ടെങ്കിലും അവളതൊന്നും ശ്രെദ്ധിക്കുന്നിലായിരുന്നു. മറു കൈകൊണ്ടു താലിയിൽ മുറുകെ പിടിച്ചു നെഞ്ചോടു ചേർത്തു വച്ചിരുന്നു. അവളുടെ നെഞ്ചിലെ ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ് പോലും താൻ വ്യക്തമായി കേട്ടെന്നു മഹിക്കു തോന്നി. ആ കണ്ണിലെ പിടച്ചിലും അവൾ എത്ര മറച്ചു പിടിച്ചിട്ടും അറിയാതെ വിതുമ്പി പോയ ചുണ്ടുകളും… എല്ലാം കൂടി മഹിക്കു ഭ്രാന്തു പിടിക്കും പോലെ തോന്നി. അവൻ ദേഷ്യത്തിൽ തിരികെ കയറി പോകുന്നത് കണ്ണുനീർ വന്നു മൂടി ദേവിക്ക് കാണാൻ കഴിഞ്ഞില്ല. വ്യക്തമല്ലാത്ത രൂപം ആയിരുന്നു ദേവി കണ്ടതെങ്കിലും അവളുടെ മനസിൽ മഹി വ്യക്തമായി നിറഞ്ഞു നിന്നു.

മഹി ദേഷ്യത്തിൽ തലങ്ങും വിലങ്ങും നടന്നു. അവനു തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് തോന്നി. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൻ റൂമിനു പുറത്തേക്കിറങ്ങി ദേവിയെ അന്വേഷിച്ചു നടന്നു. അടുക്കളയിൽ പാചകത്തിലായിരുന്നു അവളപ്പോൾ. മഹി ദേഷ്യത്തിൽ വന്നു അവളുടെ ചുമലിൽ കൈ വച്ചു. അവൾ എന്തെങ്കിലും തിരികെ ചോദിക്കും മുന്നേ അവളുടെ കൈ പിടിച്ചു മുറിയിലേക്ക് നടന്നു. അവളെ പിടിച്ചു വിളിക്കുകയായിരുന്നു. മുറിയിൽ എത്തിയിട്ട് മാത്രമേ അവൻ പിടിവിട്ടു… എന്തെങ്കിലും ചോദിക്കും മുന്നേ വാതിലടച്ചു കുറ്റിയിട്ടു ദേവിയെ കൈകളിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു. അതുവരെ ഒന്നും മനസിലാകാതെ വായും പൊളിച്ചു നിന്ന ദേവിക്ക് അവന്റെ ഇപ്പോഴത്തെ നീക്കം പെട്ടന്ന് മനസ്സിലായി. തോളിൽ അമർന്ന അവന്റെ കൈകൾ ഇടുപ്പിൽ അമരുകയും അവിടെ നിന്നും പുതിയ പുതിയ സഞ്ചാര വഴികൾ തേടുകയും ചെയ്തപ്പോഴും ദേവി അനങ്ങാതെ നിന്നു. അവന്റെ കണ്ണുകൾ ഇടക്കെപ്പോഴോ അവളുടെ കണ്ണുകളുമായി ഉടക്കി… “എന്താടി ഉണ്ടകണ്ണി ഇങ്ങനെ നോക്കുന്നെ” അവൻ അവളെ ചൊടിപ്പിച്ചു. പക്ഷെ അവളുടെ നോട്ടതിന് ഒരു കുറവുമില്ലായിരുന്നു. മഹി മുഖം അവളുടെ കഴുത്തിലും നെഞ്ചിലും അമർത്താൻ ഒരുങ്ങും മുന്നേ ദേവി കൈകൾ വച്ചു അവനെ തടഞ്ഞു. അവന്റെ കാമം നിറഞ്ഞ കണ്ണുകളിലേക്കു ചോദിച്ചു”ഇതു…ഇതു കാമം ആണോ പ്രണയമാണോ” ഇത്തവണ മഹി ശരിക്കും അവളുടെ ചോദ്യത്തിൽ ഒന്നു പതറി. അവളുടെ കണ്ണുകളിൽ മഹിയോടുള്ള പ്രണയത്തിനു മുകളിൽ ദേഷ്യത്തിന്റെ ആഭരണം ഇട്ടു കഴിഞ്ഞിരുന്നു.
“എന്താ സംശയം…. ഇതു കാമം മാത്രമാണ്…. അല്ലാതെ പ്രണയം അല്ല… അതും നിന്നോട് പ്രണയംപോലും കാമത്തിനു വേണ്ടിയാണ്” മഹി തെല്ലൊരു പുച്ഛത്തോടെ പറഞ്ഞു.

“നിങ്ങൾ ഇതുവരെ കണ്ടത് ആത്മാർത്ഥ പ്രണയം അല്ല. ആത്മാർത്ഥ പ്രണയതിന്നു മുന്നിൽ കാമം അല്ല പ്രണയമാണ് ജ്വലിച്ചു നിൽക്കുക… “അവളുടെ വാക്കുകളുടെ തീ ചൂളയിൽ അവനു വെന്തുരുകും പോലെ തോന്നി.

അവൾ പിന്നെയും ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. പ്രണയം എന്താണെന്ന് തനിക്കറിയോ. ഇന്നുവരെ താൻ അതു അനുഭവിച്ചിട്ടില്ലാ. അങ്ങനെ ഒരു പ്രണയം തന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായി കാണില്ല.. നിങ്ങളുടെ എല്ലാ ബന്ധങ്ങളും കാമത്തിനു വേണ്ടി മാത്രമായിരുന്നു. പ്രണയ തീയിൽ ഒരിക്കൽ പോലും താൻ വീണിട്ടില്ല. ഒരിക്കൽ പോലും… ദേവി അരിശത്തോടെയും ഉയർന്നുവന്ന ദേഷ്യത്തോടെയും പറഞ്ഞു.

അതിനുള്ള മറുപടി മഹി അവളുടെ രണ്ടു കരണത്തും മാറി മാറി തല്ലികൊണ്ടായിരുന്നു കൊടുത്തതു. ദേവി ബെഡിലേക്കു വേച്ചു വീണു പോയി. മഹി നേരെ ബാത് റൂമിൽ കേറി വാതിൽ കൊട്ടിയടച്ചു.

ഇതേ സമയം ശ്രീമംഗലം മുറ്റത്തു ഒരു കാർ വന്നു നിന്നു… സുന്ദരനായ ചെറുപ്പക്കാരൻ ….

വിച്ചു..

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3

ഈ യാത്രയിൽ : PART 4