Wednesday, January 22, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 30

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

ഏറെ നേരത്തെ കണ്ണന്റെ പരിശ്രമത്തിനൊടുവിൽ അവൾ കണ്ണുകൾ തുറന്നു.. മുൻപിൽ താൻ സൈൻ ചെയ്ത ഡിവോഴ്സ് പേപ്പറിന്റെ കഷ്ണങ്ങൾ കണ്ടതും തൊട്ടടുത്തിരിക്കുന്ന കണ്ണനെ നോക്കി… ജീവിക്കാണെങ്കിലും മരിക്കാണെങ്കിലും നീ എന്നും… വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് തന്നെ ആയിരിക്കും… ഇനിയെന്നും.. അത്രയും പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിലേക്ക് ചുണ്ടുകൾ ചേർക്കാനൊരുങ്ങിയതും കണ്ണന്റെ ഫോൺ റിങ് ചെയ്തു.. വസുവിനെ ഒന്ന് നോക്കി കൊണ്ടവൻ ഫോണുമായി പുറത്തേക്ക് നടന്നു..

തിരികെ എത്തിയ കണ്ണൻ കാണുന്നത് സുഖമായി ഉറങ്ങുന്ന വസുവിനെയാണ് എനിക്കറിയാം പെണ്ണേ… ഇനി നീയെന്നെ മനസിലാക്കുമെന്ന്… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാവിലെ നേരത്തെ ഉണർന്നത് വസുവാണ്… നേരെ കുളിച്ചു മാറ്റി അമ്പലത്തിലേക്ക് പോയി.. ഭഗവാന്റെ മുൻപിൽ നിന്നു തൊഴുതു.. മനസ്സ് കൊണ്ടല്ലെങ്കിലും കഴുത്തിലേറിയ താലി അതേ പടി നിലനിൽക്കാൻ പ്രാർത്ഥിച്ചു.. സിഷ്ഠയും വേണ്ട നന്ദനും വേണ്ടാ… ഭഗവാനെ എല്ലാം മറക്കാൻ തുണ തരണേ… നന്ദൂട്ടന്റെ മാത്രം ലച്ചുവാകാൻ കഴിയണേ..

തിരിച്ചു വീട്ടിലെത്തിയതും ചുറ്റും കണ്ണുകൾ പരതിയത് അത്രയും കണ്ണനെ ആയിരുന്നു.. മോൾ ആരെയാ ഈ നോക്കുന്നെ? അവളുടെ നോട്ടം കണ്ടതും മാധവ് അന്വേഷിച്ചു… അത് പിന്നെ…. അവളുടെ വിക്കലും വെപ്രാളവും കണ്ടതും സുജ ചിരി കടിച്ചമർത്തി… മോളെ അവനെന്തോ പെട്ടന്ന് ഒരു എമർജൻസി കേസ് വന്നു… ബാംഗ്ലൂർ പോയി… മോള് പാറുവിന്റെ വീട്ടിൽ പോകുന്ന അന്ന് തിരിച്ചെത്തും… സുജ പറഞ്ഞു.. തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി മാത്രം നൽകി അവൾ മുറിയിലേക്ക് കയറി..

കണ്ണൻ മാറിയിട്ടിരുന്ന ടി ഷർട്ട് അതേ പടി ബെഡിൽ കിടക്കുന്നത് കണ്ടു.. അത് കയ്യിലെടുത്തു നെഞ്ചോട് അടക്കി പിടിച്ചു.. ആ മുറിയിലാകെ അവന്റെ ഗന്ധവും സാമീപ്യവും നിറഞ്ഞു നിൽക്കുന്നതായി തോന്നി അവൾക്ക്.. ഇതിനു മുൻപൊന്നും ഈ അസാന്നിധ്യം തന്നെ ഇത്രമേൽ മുറിവേൽപ്പിച്ചിട്ടല്ലല്ലോ എന്ന ചിന്ത അവളിൽ അവൾ പോലും അറിയാത്തൊരു പുഞ്ചിരി വിരിയിച്ചു.. പകലുകളിലെല്ലാം മുറ്റത്തെ പാരിജാതത്തിനു കീഴിലും പുതുതായി വെച്ചു പിടിപ്പിച്ചിട്ടുള്ള ചെമ്പക തൈകൾ നോക്കിയുമെല്ലാം വസു സമയം കളഞ്ഞു..

രാത്രികളിലെല്ലാം തന്നെ കണ്ണന്റെ ടി ഷർട്ടും കെട്ടിപ്പിടിച്ചു ഉറങ്ങാൻ ശ്രമിച്ചു. ഇടക്കൊക്കെ തന്റെ വീട്ടിലും ഹരിയോടും കത്തി വെച്ചിരുന്നു കൊണ്ട് സമയത്തെ കൊന്നുകൊണ്ടിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഹരീ… ഞാൻ വൈകീട്ട് ഇറങ്ങുംട്ടോ… രാവിലത്തെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വസു ഹരിയോട് പറഞ്ഞു… നീ ഇന്നല്ലേ ഡോക്ടറെ കാണാൻ പോകുന്നു എന്ന് പറഞ്ഞത്..? ആ.. അതേ… എനിക്കെന്തോ ഇപ്പോൾ കുറച്ചായി നല്ല ക്ഷീണം ഉണ്ട്… അതുകൊണ്ടാണ് ഇല്ലേൽ ഞാനും വന്നേനെ നിങ്ങളുടെ കൂടെ.. ഹരി പറഞ്ഞു.. അതിനെന്താ..

അതൊക്കെ പിന്നേം ആവാലോ.. ഇപ്പോൾ നീ നിന്റെം കുഞ്ഞിൻറേം കാര്യം ശ്രദ്ധിക്കൂ.. ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ഹരിയുടെ അടുത്ത് വന്നിരുന്നു.. അവളുടെ വയറിലേക്ക് കൈചേർത്ത് വച്ചു കൊണ്ട് വീണ്ടും വസു സംസാരിച്ചു.. അപ്പ പോയേച്ചും വരാം അപ്പൂ… ആരെയും ബുദ്ധിമുട്ടിക്കാതിരിക്കണേ.. അച്ഛനേം അമ്മേനേം അപ്പ കുറെ വിഷമിപ്പിച്ചിട്ടുണ്ട്.. അപ്പെടെ മോൻ വേഗം വരണം ട്ടോ.. അത് വരെ ഇവരെ ഒക്കെ സന്തോഷാക്കി വെക്കണേ.. ഹരിയെ നോക്കിയപ്പോൾ കണ്ടു കണ്ണുകളൊക്കെ നിറഞ്ഞിരിക്കുന്നത്…

എന്താ ഹരി… ഞങ്ങളുടെ കൂടെ അടിച്ചുപൊളിക്കാൻ പറ്റാത്തതിന്റെ വിഷമാണോ? അത്രേം വിഷമാണേൽ നമുക്ക് പിന്നീട് ആക്കാം യാത്ര.. വേണ്ടടി… ഞാൻ കരുതിയത് നിനക്ക് ദേഷ്യമാകും എന്നാണ്.. ആരോട് ഈ കുഞ്ഞിനോടൊ.. ഒരിക്കലും ഇല്ല ഹരി.. നീയെന്നെ അങ്ങനെയാ മനസിലാക്കിയേ.. എനിക്കൊരു വിഷമോം ഇല്ലട്ടോ.. ദേഷ്യവും ഇല്ല. വരട്ടെടി.. അത്രയും പറഞ്ഞവൾ അവിടെ നിന്നും ഇറങ്ങി.. പോകാൻ നേരം അമ്മയോടും അച്ഛനോടും പറഞ്ഞതിന് ശേഷം അവിടെ നിന്നും ഇറങ്ങി..

വീടിന്റെ മുന്പിലെത്തിയതും കണ്ടു കണ്ണന്റെ കാർ അവിടെ കിടക്കുന്നത്.. കാണാനുള്ള വ്യഗ്രതയിൽ ഓടി വന്നതും സുജയെ കണ്ടതും അവിടെ നിന്നു.. ആ മോളെന്തേ വൈകിയേ? കണ്ണൻ വന്നിട്ടുണ്ട്… ഇപ്പോൾ കഴിച്ചങ്ങോട്ട് കയറിയതെ ഉള്ളു.. അതെയോ.. കാർ കണ്ടപ്പോൾ തോന്നിയാർന്നു.. വസുവും പറഞ്ഞു.. മോളിരിക്ക് കഴിക്കാനെടുക്കാം.. സുജ പറഞ്ഞു.. വേണ്ടമ്മേ.. ഞാൻ വീട്ടിൽ കയറിയിട്ടാ വന്നേ.. അമ്മക്ക് ഞാൻ വിളമ്പാം.. അമ്മയിരിക്ക്.. എനിക്ക് വേണ്ട മോളെ ഞാൻ കണ്ണന്റെ കൂടെ ഇരുന്നു.. അതെയോ… അപ്പോൾ ശരിയമ്മേ.. ഞാൻ പോകാനുള്ളത് എടുത്തു വെക്കട്ടെ..

ഹരി ഇല്ലെന്ന് ഉറപ്പിച്ചോ? സുജ തിരക്കി.. ആ… ഇല്ലെന്നാണ് പറഞ്ഞത്… അത്രയും പറഞ്ഞു വസു ധൃതിയിൽ സ്റ്റെപ്പ് കയറി അകത്തേക്ക് പോയി. റൂമിന്റെ മുൻപിലെത്തിയതും പുഞ്ചിരി പതിയെ ഗൗരവമായി മാറി.. ആഞ്ഞൊന്ന് ശ്വാസമെടുത്തുകൊണ്ട് പതിയെ വാതിൽ തുറന്ന് അകത്തു കയറി.. നോക്കുമ്പോൾ കണ്ടു ബെഡിൽ കിടന്നുറങ്ങുന്ന കണ്ണനെ.. ഉറക്കമാണെന്ന് കണ്ടതും മെല്ലെ അവന്റെ അടുത്തു ചെന്നിരുന്നു പിന്നെ മുടിയിഴകളിൽ തലോടി..

നന്നായി ഞാൻ വന്നപ്പോൾ ഉറക്കമായത്.. അതുകൊണ്ടല്ലേ ഇത്ര അടുത്തു കാണാൻ പറ്റിയത്.. എന്നെങ്കിലും ഈ ലെച്ചുനോട് ക്ഷമിക്കാൻ നന്ദൂട്ടന് കഴിയുമോ? അത്രയും പറഞ്ഞവന്റെ നെറ്റിയിൽ പതിയെ ചുണ്ടുകൾ ചേർത്തു.. ഐ മിസ്ഡ് യൂ…. മിസ്ഡ് യൂ മാഡ്‌ലി.. അവിടെ നിന്നും എഴുന്നേറ്റ് പോകാനഞ്ഞതും കണ്ണൻ അവളുടെ കയ്യിൽ കയറി പിടിച്ചു.. തിരിഞ്ഞു നോക്കാതെ തന്നെ വസു നിന്നു.. എന്ത് പറ്റി വസിഷ്ഠ ലക്ഷ്മിക്ക്… പതിവില്ലാത്ത ശീലങ്ങളൊക്കെ… കുസൃതിയൊളിപ്പിച്ചു കൊണ്ട് കണ്ണൻ തിരക്കി…

അവളുടെ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൻ അവളെ ചൊടിപ്പിക്കാനെന്നവണ്ണം ചോദിച്ചു.. എന്ത് പറ്റി സിഷ്ഠ… ഇത്രപെട്ടെന്ന് നീ നിന്റെ നന്ദനെ മറന്നോ? കണ്ണനത് ചോദിച്ചതും പെട്ടന്ന് അവൾ അവനഭിമുഖമായി തിരിഞ്ഞു നിന്നു.. അതിന് വസിഷ്ഠ ലക്ഷ്മി മരിക്കണം.. പക്ഷേ… എന്റെ താലിയുടെ അവകാശിയായവനെ സ്നേഹിക്കാൻ എനിക്ക് കഴിയും… നന്ദനെ പോലെ അല്ലെങ്കിലും നന്ദൂട്ടൻ എന്നും എന്റെ മനസ്സിൽ ഉണ്ടാകും.. നിന്റെ നന്ദൻ തിരിച്ചു വന്നാലോ… തിരിച്ചു വന്നാൽ…

നീ എന്നെ വേണ്ടാന്ന് വെക്കില്ലേ? അതോ പഴയത് പോലെ എന്നെ എല്ലാർക്കും മുന്നിൽ അപഹാസ്യനാക്കി നിർത്തി മൗനത്തെ കൂട്ട് പിടിക്കുമോ? നന്ദൻ വന്നാലും… നന്ദൂട്ടൻ നന്ദൂട്ടനായാൽ മതി… എനിക്കിഷ്ടം അതാണ്.. പിന്നെ നന്ദനെ കാണുകയാണെങ്കിൽ ചോദിക്കണം എന്തിനായിരുന്നു ഈ ഒളിച്ചു കളിയെന്ന്… പക്ഷേ.. അതൊന്നും എനിക്ക് എന്റെ നന്ദൂട്ടനെയോ ഈ താലിയോ ഉപേക്ഷിച്ചുപോകാൻ ഉതകുന്നതല്ല… പറഞ്ഞു തീർന്നതും വസു കരയുകയായിരുന്നു..

അവളുടെ കണ്ണുനീരൊപ്പാനായി കൈകളുയർത്തിയതും.. വേണ്ടാ… എന്നെ തൊടരുത്… എന്നോട്… എന്നോട് പറയാതെ പോയവരാരും എന്നെ തൊടുന്നത് എനിക്കിഷ്ടമല്ല.. ഒന്ന് സങ്കടപ്പെട്ടെങ്കിലും അവളുടെ മറുപടി കേട്ടതും കണ്ണൻ തിരിച്ചടിച്ചു.. ആഹാ.. പറയാതെ പോയ എന്നെ നിനക്ക് തൊടാമെങ്കിൽ എനിക്ക് നിന്നേം തൊടാം.. അത്രയും പറഞ്ഞു കൊണ്ടവൻ അവളെ വലിച്ചു തന്നോട് ചേർത്തു.. അവളുടെ എതിർപ്പുകളെല്ലാം അവന്റെ നെഞ്ചിലടിച്ചു കൊണ്ടവൾ പ്രകടിപ്പിച്ചു… എന്നാൽ കണ്ണൻ അതെല്ലാം ഒരു പുഞ്ചിരിയോടെ തന്നെ ഏറ്റു വാങ്ങികൊണ്ടിരുന്നു..

പതിയെ പതിയെ അവളുടെ രോക്ഷമെല്ലാം കുറഞ്ഞു കൊണ്ട് വന്നു… ആ നെഞ്ചിൽ മുഖമാഴ്ത്തി അവൾ കരഞ്ഞു… അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തശേഷം അവൻ പറഞ്ഞു.. നീയെനിക്ക് ഇപ്പോഴും സിഷ്ഠ മാത്രമാണ്…. പക്ഷേ.. നീ എന്റെ മാത്രം ലെച്ചു ആകാനുള്ള ദൂരം വിദൂരമല്ലെന്ന് തോന്നുന്നു.. അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി കൊണ്ടവൻ പറഞ്ഞു.. എന്നെ നീ മനസിലാക്കണം.. പ്ലീസ്.. അന്നേ എനിക്ക് നിന്നെ പൂർണമായി സ്വന്തമാക്കാൻ കഴിയൂ.. കാത്തിരുന്നൂടെ നിനക്ക്… എനിക്കറിയാം.. എന്നെ ഉൾകൊള്ളാൻ നിനക്കും സമയം വേണമെന്ന്…

ലെച്ചു ആകാനും.. അവന്റെ മനസ്സറിഞ്ഞത് പോലെ അവളൊന്ന് പുഞ്ചിരിച്ചു.. തിരിഞ്ഞു ഫ്രഷാവാൻ പോകുന്ന അവളെ നോക്കി അവൻ ഉള്ളാൽ പറഞ്ഞു.. എനിക്ക് അറിയാം പെണ്ണേ.. നിനക്ക് സമയം വേണമെന്ന്.. ഈ നിമിഷം ഞാൻ നിന്നെ എല്ലാ അർഥത്തിലും സ്വന്തമാക്കിയാലും നീ മറുത്തൊന്നും പറയില്ലെന്ന്.. പക്ഷേ… നിന്റെ മനസ്സിൽ ഇപ്പോഴും അനന്തനുണ്ട്… നീ മറന്നതായി ഭാവിക്കുന്നുണ്ട്… പക്ഷേ… സിഷ്ഠ എപ്പോഴും അനന്തനിൽ ലയിക്കാനാണ് ആഗ്രഹിക്കുക.. മറിച്ചു ലെച്ചു എന്നും നന്ദൂട്ടനെ മാത്രമേ ആഗ്രഹിക്കൂ.. അനന്തൻ അവൾക്കാരുമല്ല.. ആവുകയുമില്ല.. ഞാൻ സ്വാർത്ഥനാണ് പെണ്ണേ ഇക്കാര്യത്തിൽ…

അതേ.. സൂക്ഷിച്ചു പോണേ മക്കളെ അവിടെ എത്തിയിട്ട് വിളിക്കണം.. കാറിൽ കയറിയ വസുവിനെ നോക്കി സുജയും സുമയും പറഞ്ഞു.. ശരി.. മറക്കില്ല അമ്മേ.. ഒരു മൂന്ന് ദിവസം ഞങ്ങൾ വേഗം ഇങ്ങോട്ടേക്ക് എത്തില്ലേ? വസു മറുപടിയെന്നോണം പറഞ്ഞു.. അവളുടെ ഡോറിന്റെ അരികിൽ വന്നു നിന്നു കൊണ്ട് കണ്ണൻ പറഞ്ഞു.. പോയിട്ട് വാ… നിനക്ക്… ഒരു സമ്മാനമുണ്ട് എന്റെ വക… നീ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സർപ്രൈസ്.. അവളുടെ കയ്യിൽ കൈചേർത്ത് കൊണ്ട് കണ്ണൻ പറഞ്ഞു… തിരികെ ഒരു പുഞ്ചിരി അവളും സമ്മാനിച്ചു… അകന്നു പോയ കാറിനെ നോക്കി കണ്ണൻ അങ്ങനെ നിന്നു… ഒടുക്കം ആ കാർ പൊട്ടുപോലെ മറഞ്ഞതും അവൻ തിരിഞ്ഞു നടന്നു..

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 29