Monday, November 11, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 4

എഴുത്തുകാരി: ജീന ജാനകി

ഞാൻ വാതിലിനരികെ നിൽക്കുന്ന രൂപം കണ്ട് അമ്പരന്നു….. വെളുത്ത് നീണ്ട് മെലിഞ്ഞ ശരീരം. കുഞ്ഞിക്കണ്ണുകൾ , നീണ്ട മൂക്ക് ദേഷ്യം വന്നു ചുവന്നിരിക്കുന്നു , താടിയും മീശയും ഡ്രിം ചെയ്തിരിക്കുന്നു…. ഇടത് കൈയിലായി സ്റ്റീലിന്റെ ഇടിവള….. ഇത്രയും ദിവസം ഈ മുഖമാണ് കാണാൻ കൊതിച്ച് നടന്നത്… കണ്ടപ്പോളോ അങ്ങേര് നിന്ന് വിറയ്ക്കുന്നു….. ഇങ്ങേരിതെപ്പോ വന്നു. ഞാൻ ബുള്ളറ്റിന്റെ സൗണ്ട് ഒന്നും കേട്ടില്ലല്ലോ… ഭഗവാനേ ഞാൻ പാട്ടും കേട്ട് നിൽക്കുവാരുന്നല്ലോ…… സുബാഷ്…..

എന്നെ ഇങ്ങേര് പച്ചയ്ക്ക് തിന്നുന്ന ചേലുണ്ട്…. എനിക്കെന്തിന്റെ കേടായിരുന്നു…… ഇതിനെന്താ പടക്കക്കടയിലാണോ ജോലി… മനുഷ്യന്റെ ചെവി പോയി…. ദൈവമേ… ഇങ്ങേരെന്തിനാ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നത്…. അയാളെന്റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചു….. എന്റെ കണ്ണുകൾ നിറഞ്ഞു….. “ആഹ്….. പ്ലീസ് വിട്…എനിക്ക് വേദനിക്കുന്നു…” “വേദനിക്കാൻ തന്നെയാ പിടിച്ചു തിരിച്ചത്…. ആരോട് ചോദിച്ചിട്ടാ നീ എന്റെ റൂമിൽ കയറിയത്……?” “ഞാൻ വെറുതെ കയറിയതാ… സോറി…. പ്ലീസ് വിട്….” “ടീ രാജീ………….”

അയാളുടെ അലർച്ച കേട്ട് രാജി ഓടി വന്നു…. “അയ്യോ ചേട്ടായി ഇവളെന്റെ ഫ്രണ്ടാ…. ഇവളാ വീട്ടിൽ നിൽക്കുന്നത്…….” “ഓഹ്…. ഇതാണോ തിരുവനന്തപുരത്ത് നിന്ന് കെട്ടിയെടുത്തത്….” ഞാനയാളെ കൂർപ്പിച്ചു നോക്കി…. “എന്താടി നോക്കി പേടിപ്പിക്കുന്നത്… ഉണ്ടക്കണ്ണി…..” (തന്റെ വീടായോണ്ടും എന്റെ ഭാഗത്ത് വന്ന തെറ്റായോണ്ടും ഞാൻ ഒന്നും മിണ്ടുന്നില്ല… ഇല്ലാരുന്നേൽ തനിക്ക് ഞാൻ കാണിച്ചു തന്നേനേ….. കടുവ…. കേട്ടില്ലേ അലർച്ച… എടി പോടീന്നൊക്കെ വിളിക്കുന്നത് കേട്ടാൽ തോന്നും ഞാൻ അയാളുടെ കെട്ട്യോളാണെന്ന്….. ഹും…..- ആത്മ.) “നീ എന്താടി സ്വപ്നം കാണുന്നോ ?”

“ങേ…. അത്… ഞാൻ.. കടുവ…..” അബദ്ധം പിണഞ്ഞ പോലെ ഞാൻ നാക്കു കടിച്ചു…. “നീ കടുവയോ…… കഴുതയെന്നായിരിക്കും….” “കഴുത നിങ്ങളുടെ മറ്റവൾ……” ഞാൻ പിറുപിറുത്തു…. കടുവ അത് ശരിക്ക് കേട്ടില്ല…. “ഏഹ്…… എന്തേലും പറഞ്ഞോ തമ്പുരാട്ടി ?” “ങൂ..ഹും……” ഒന്നുമില്ലെന്ന് ഞാൻ തലയാട്ടി…. കടുവ എന്റെ കൈവിട് ഒരു ഭാഗത്തേക്ക് മാറി നിന്നു… ഞാൻ ജീവനും കൊണ്ട് രാജിയുടെ അടുത്തേക്ക് ഓടി….. പുറത്തിറങ്ങി രാജി മാറിയ ശേഷം തിരിഞ്ഞ് കടുവയെ നോക്കി കോക്രി കാട്ടി….. “ടീ………..”

കടുവയുടെ അലർച്ച കേട്ട് ഞാൻ സ്ഥലം വിട്ടു…… വെറുതെ എന്തിനാ അയാളെക്കൊണ്ട് എന്റെ കഴുത്തിനു അളവെടുപ്പിക്കുന്നത്….. മീനൂട്ടി എന്തേലും കഴിക്കാൻ നിർബന്ധിച്ചെങ്കിലും കുറച്ചു തിരക്കുണ്ടെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി…. വീട്ടിലോട്ടു പോകും വഴി രാജിയുടെ പുറം നോക്കി രണ്ടിടി കൊടുത്തു….. “അയ്യോ…. ടീ സാമദ്രോഹി എന്തിനാടി എന്റെ പുറമിടിച്ച് പരത്തിയത്……..” “ആദ്യത്തെ ഇടി എന്നെ ആ കടുവക്കൂട്ടിൽ കൊണ്ടിട്ടതിന്…. രണ്ടാമത്തെ ഇടി നിനക്കുള്ളതല്ല… ആ കടുവയ്കുള്ളതാ….” “ങേ ….. കടുവയോ…..

നീ ഉച്ചപ്രാന്ത് പറയാതെ…….” അവൾ തലയും ചൊറിഞ്ഞു നിന്നു…. “ആ ബുള്ളറ്റിൽ വന്ന സാധനം…..” “ആര് ചേട്ടായിയോ ?” “ആഹ്….. നിന്റെ കേട്ടായി തന്നെ…. അയാൾക്ക് എന്നെ ശരിക്ക് അറിയില്ല….” രാജി ചിരിച്ചുകൊണ്ട് പറഞ്ഞു; “ചേട്ടായി നിന്നെ തല്ലാത്തത് മഹാഭാഗ്യം…” “അതെന്താ …. നീ അങ്ങനെ പറഞ്ഞത് ?” “ചേട്ടായിക്ക് ആരും റൂമിൽ കേറുന്നത് ഇഷ്ടല്ല. പ്രത്യേകിച്ച് പെൺകുട്ടികൾ…..” “അതെന്താടി…… കടുവയ്ക് പെണ്ണുങ്ങളോട് അലർജിയാണോ….” “അങ്ങനല്ലെടി പോത്തേ…..

ചേട്ടായി തല്ലും വഴക്കും കൂടി കള്ളും കുടിച്ച് നടക്കുന്ന മുരടൻ സ്വഭാവമാ…. ഇതുവരെ ആരെയും പ്രേമിച്ചിട്ടുമില്ല…. അത്തരം സോഫ്റ്റ് ഇമോഷൻസും ഇല്ല….. എല്ലാരോടും സ്നേഹം ഉണ്ട്… പക്ഷേ പുറത്ത് കാണിക്കില്ല… അപ്പയ്ക് ചേട്ടായി കഴിഞ്ഞേ ഞങ്ങൾ മക്കൾ പോലുമുള്ളൂ…… അപ്പയുടെ ഫൈനാൻസിലെ പൈസ തിരികെ മേടിക്കും, ടിപ്പർ ഓടിക്കും ഇതൊക്കെ തന്നെ ജോലി…. ആട്ടെ…. നിനക്കൊരു അഫയർ ഉണ്ടാരുന്നല്ലോ. എന്തായി…..?” “പ്രണയവും മനസ്സിന്റെ പക്വതയും തമ്മിൽ ഒത്തിരി ബന്ധമുണ്ടെന്ന് അതെനിക്ക് മനസ്സിലാക്കി തന്നു….

പ്രായത്തിന്റെ തിളപ്പിൽ തോന്നിയത് അതേ പോലെ വേഗത്തിൽ കെട്ടടങ്ങി…. എല്ലാവരും ആദ്യം നല്ല വശങ്ങളേ കാണിക്കുള്ളൂ… അത് മാറുമ്പോൾ കലഹങ്ങൾ… ആവേശം കൊണ്ട് വീട്ടിൽ പറഞ്ഞു…. ആദ്യം ജോലിയൊക്കെ മേടിക്കാൻ പറഞ്ഞു… സംസാരിച്ചിരുന്ന സമയം മണിക്കൂറുകളിൽ നിന്നും മിനിറ്റുകളും സെക്കന്റുകളുമായി കുറഞ്ഞു…. പിന്നീട് വിളികളും അവസാനിച്ചു…. പരിചിതർ അപരിചിതരായ് മാറി…. കല്യാണത്തിന്റെ പേരിൽ ബഹളം തുടങ്ങിയപ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ കണ്ടെത്തിയതാ ഈ ജോലി….

എല്ലാം എല്ലാവരുടെയും ഇഷ്ടത്തിനായി വിട്ടുകൊടുത്തിട്ടാരുന്നു ഈ യാത്ര…. അവർക്കെന്തും തീരുമാനിക്കാം… ഞാൻ അനുസരിക്കും… ” “നിനക്ക് സങ്കടമായോ…..” “ഏയ്….എന്തിന്….. പ്രണയം എന്ന ശക്തമായ വികാരം അതിനിയും എന്നിലേക്ക് വന്നിട്ടില്ല…. കാണും മുൻപേ ആ സാന്നിധ്യം നമ്മൾ അറിയും…. നെഞ്ചിടിപ്പിന്റെ താളം തെറ്റും…. അത്രയും ഡീപ്പ് ആയിട്ട് സ്നേഹിക്കാൻ ആർക്കെങ്കിലും പറ്റുമോ……” “ടീ….. ഞാനൊരു കാര്യം ചോദിക്കട്ടെ…” “മ്… ന്താ ചോദിക്ക് ?” “നിനക്കെന്റെ ചേട്ടായിയെ പ്രേമിച്ചൂടേ……” “പ്ഫാ……. ഊളേ……. നിനക്കെന്നോട് എന്താടി ഇത്ര ശത്രുത….

അങ്ങേരുടെ അടുത്ത് പോയാൽ എന്റെ പല്ലും നഖവും പോലും ബാക്കി കിട്ടില്ല…..” “ടീ…. എന്റെ ചേട്ടായിക്ക് എന്തുമാത്രം ആരാധികമാരാണെന്ന് അറിയോ?” “എങ്കിൽ അതിലാരെയെങ്കിലും പിടിച്ചു നീ അങ്ങേരെക്കൊണ്ട് കെട്ടിക്ക്… എന്നെ വെറുതെ വിട്….” “നീ എന്റെ ചേട്ടത്തിയായാൽ പിന്നെ മ്മക്ക് പൊളിക്കാല്ലോ….” “ഉവ്വ…..പൊളിക്കും… നിന്റെ ചേട്ടായി എന്റെ പുറമിടിച്ച് പൊളിക്കും… ആദ്യമായിട്ട് കണ്ടപ്പോൾ തന്നെ എനിക്ക് നല്ല സ്വീകരണമായിരുന്നല്ലോ….. നീ നടക്ക് വേഗം..” രാജിയോട് അങ്ങനെ പറഞ്ഞെങ്കിലും ആ ചോദ്യം ഉള്ളിലെവിടെയോ തറച്ചു……

“ഹലോ അച്ഛേ…….” “സുഖാണോ മോളെ…..” “ആം…. അവിടെയോ ?” “ഇവിടെല്ലാർക്കും സുഖം… മോളിന്ന് പോയിട്ട് എന്തായി…..” “എല്ലാവരും നല്ല സ്നേഹമുള്ളവരാ…. എനിക്ക് ഇഷ്ടായി….. നാളെ മുതൽ ജോയിൻ ചെയ്യണം….. ” “മ്….. നന്നായി വരട്ടെ…. മോള് എന്തേലും കഴിച്ചോ ?” “ഇല്ല…. അച്ഛ കഴിച്ചോ ?” “കഴിക്കാൻ പോണു. മോള് കഴിച്ച് കിടന്നോട്ടോ. നാളെ പോണ്ടേ രാവിലെ….. ഗുഡ് നൈറ്റ്…” “ഓകെ അച്ഛേ…. എല്ലാരേം തിരക്കീന്ന് പറ…. ഗുഡ് നൈറ്റ്….. ഉമ്മ……”

ഇതേ സമയം കണ്ണൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു…. “എന്ത് അഹങ്കാരം പിടിച്ച സാധനമാ അത്…. ആകെ വട്ടായിട്ടാ വീട്ടിലോട്ടു കേറി വന്നത്… അപ്പോൾ അവള് കണ്ണാടിയിൽ ഫാഷൻഷോയും കാണിച്ചു നിൽക്കുന്നു… കൈ നൂത്തൊരെണ്ണം കൊടുക്കാനാ തോന്നിയത്…. അതിനു വേണ്ടിയാണ് ചെന്നതും… പക്ഷേ അവളുടെ പേടിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ തല്ലാൻ തോന്നിയില്ല… എന്നിട്ടും പുറത്തിറങ്ങി കളിയാക്കിയപ്പോൾ തോന്നി നല്ലൊരു അടിയുടെ കുറവുണ്ടെന്ന്… അഹങ്കാരി…. അവളുടെ അഹങ്കാരം ഞാൻ തീർത്തുകൊടുക്കാം……”

രാജി ഇന്ന് സ്വന്തം റൂമിലേക്ക് ചേക്കേറിയിരുന്നു….. ഞാൻ എന്റെ കൈയിലേക്ക് നോക്കി… മുറുകെ പിടിച്ച പാട് അവിടെ ചുവന്ന് കിടപ്പുണ്ടായിരുന്നു…. ആഹ്…..ന്ത് വേദനയാ…… കാലമാടൻ എന്ത് പിടിയാ പിടിച്ചത്….. കയ്യാണോ അതോ ഇരുമ്പാണോ…… ഇയാള് ഇരുമ്പുലക്കയാണോ ഉരുട്ടി വിഴുങ്ങുന്നത്…. ഇങ്ങനൊക്കെ ആണേലും ആളൊരു പൊടി സുന്ദരനാ….. ആദ്യം കണ്ടപ്പോൾ എന്റെ നെഞ്ചും ഒന്ന് പിടഞ്ഞ് പോയില്ലേ…. ഛെ…. അല്ലെങ്കിലും ഞാനെന്തിനാ കടുവയെക്കുറിച്ച് ചിന്തിക്കുന്നത്.. അയാളെന്റെ വിഷയമേ അല്ല….. ഹും…. ” ഫോണിൽ അലാറം സെറ്റ് ചെയ്തു തലവഴിയേ ബ്ലാംഗറ്റ് പുതച്ചു കിടന്നു…. കുറേ നേരം തിരിഞ്ഞുംമറിഞ്ഞും കിടന്നശേഷം എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു……

ഇന്ന് തൊട്ട് ബസ്സിൽ പോയി വരണം… രാജിയും ഉണ്ട് കൂടെ… അവളിറങ്ങി രണ്ട് സ്റ്റോപ്പ് കഴിയുമ്പോൾ എനിക്കിറങ്ങാനുള്ള സ്ഥലമാകും….. ഞാനും രാജിയും ബസ്റ്റോപ്പിൽ കത്തിയടിച്ചു നിന്നു…. “ടീ ദേ ബസ് വരുന്നു…..” ഞാൻ അങ്ങോട്ട് നോക്കി… ബസ്സിലെ ഡ്രൈവറെ കണ്ടതും എന്റെ കിളി പറന്നു…. കടുവ….. ഇയാളെന്താ ബസ്സിൽ…. “ടീ രാജി…. നിന്റെ ചേട്ടായി ന്താ ഇതിൽ ?” “ഡ്രൈവർമാർ ഇല്ലാതെ വരുമ്പോൾ ചില ദിവസങ്ങളിൽ ചേട്ടായി ബസ്സോടിക്കും…..” അവളതും പറഞ്ഞു കിണിച്ചോണ്ട് കേറി…. ഞാൻ കേറിയതും പെട്ടെന്ന് കടുവ വണ്ടി മുന്നോട്ടെടുത്തു… ബാലൻസ് കിട്ടാതെ ഞാൻ ഒരു അമ്മുമ്മയെ പോയിടിച്ചു…..

“എന്താ കൊച്ചേ….. പിടിച്ചു നിൽക്കാൻ അറിയില്ലേ……” “സോറി അമ്മച്ചി….. ബാലൻസ് കിട്ടിയില്ല….” അതിനിടയിൽ കടുവയുടെ ഒരു കമന്റ്…. “അല്ലേലും ആകാശത്ത് നോക്കി നടക്കുന്നതിനെയൊക്കെ പറഞ്ഞിട്ടെന്താ?” എനിക്ക് നാക്ക് ചൊറിഞ്ഞു വന്നു… തല്ക്കാലം ഒന്നും പറയാതെ കടുവയെ കൂർപ്പിച്ചു നോക്കി…. അങ്ങേര് മുഖത്ത് കുറേ പുച്ഛം വാരി വിതറിയിട്ട് വണ്ടി ഓടിച്ചു…. നോക്കുമ്പോൾ രാജി തെണ്ടി ഇരുന്നു കിണിക്കുന്നു….. അവളുടെ ചന്തിനോക്കി ചവിട്ടി താഴെയിടാൻ തോന്നിയെങ്കിലും ബസ്സായോണ്ട് തനിയെ നിയന്ത്രിച്ചു……

അടുത്ത സ്റ്റോപ്പിൽ ആളിറങ്ങിയപ്പോൾ ഞാൻ അവിടെ കേറി ഇരുന്നു ചെവിയിൽ ഹെഡ്സെറ്റും കുത്തിത്തിരുകി പാട്ട് കേട്ട് ഉറങ്ങാൻ തുടങ്ങി…… ആരോ എന്നെ തട്ടിവിളിച്ചപ്പോളാ ഞാൻ എണീറ്റത്…… നോക്കിയപ്പോൾ കടുവ എന്നെ നോക്കി ദഹിപ്പിക്കുന്നു…. രാജി ഇരുന്ന സ്ഥലം നോക്കിയപ്പോൾ അവിടെ ഒഴിഞ്ഞ് കിടക്കുന്നു…. ദേവ്യേ ഇവളെപ്പോ ഇറങ്ങി.. ഇതേതാ സ്ഥലം… ഞാൻ കണ്ണും തിരുമ്മി നോക്കിയപ്പോൾ കടുവ എന്റെ നേരെ ഒരു ചാട്ടം…. “നിനക്ക് രാത്രി എന്താ പണി….. നിന്റെ സ്റ്റോപ്പായി…. ഇറങ്ങിപ്പോടീ സമയം മെനക്കെടുത്താതെ…..” ഞാൻ ബാഗും വലിച്ചെടുത്തു പുറത്തേക്ക് ഓടിയിറങ്ങി….

പല്ലും കടിച്ച് പിടിച്ച് കടുവ ബസ്സെടുത്തോണ്ട് പോയി…. കടുവ പറഞ്ഞത് എന്തുകൊണ്ടോ എന്നെ വേദനിപ്പിച്ചു….. നടക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. പതിയെ കർച്ചീഫെടുത്ത് മുഖം തുടച്ച ശേഷം ഒരു ചിരിയും ഫിറ്റ് ചെയ്തു ഓഫീസിലേക്ക് കയറി……

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 3