Wednesday, January 22, 2025
Novel

ചാരുലത : ഭാഗം 1

നോവൽ
എഴുത്തുകാരി: തമസാ

ഒരു കാടിന്റെ കുളിരു മുഴുവൻ മിഴികളിൽ തീർത്ത് അന്നെന്റെ മുന്നിൽ വന്ന് നിന്നവളുടെ കണ്ണിൽ, ഒരു വർഷത്തിന് ഇപ്പുറം, മുഖത്തു നിന്ന് വ്യാപിച്ച വിളർച്ച മാത്രം ആണെന്ന് എനിക്ക് തോന്നി..

എനിക്കായ്‌ കൂമ്പി അടഞ്ഞ ലോലമായ കണ്ണുകൾ, എന്റെ കൊച്ചു കൊച്ചു പരിഭവങ്ങൾ താങ്ങാനാവാതെ വിയർപ്പ് പൊടിഞ്ഞ മൂക്കിൻ തുമ്പ്, എന്റെ ചുംബനങ്ങളിൽ വിറയാർന്ന അധരങ്ങൾ..

എല്ലാം അവളിൽ നിന്ന് പാടേ മറഞ്ഞുപോയിരിക്കുന്നു.. അത്രമാത്രം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു അവൾ എന്ന് നോക്കി നിൽക്കേ എനിക്ക് മനസിലായി..

PG പഠനം കഴിഞ്ഞ് ജോലിയ്ക്ക് കേറുന്നതിനു മുൻപ് ഒരു ഫോട്ടോഗ്രഫി ഭ്രാന്ത് എന്നിലേക്കു വേരൂന്നി ഇറങ്ങിയപ്പോൾ ചിറ്റാംതോട് എന്ന ഈ കാട്ടിലേക് വരുമ്പോൾ ഒരിക്കലും കരുതിയില്ല, ഒരു കുറ്റവാളിയായി അവളുടെ മുന്നിൽ എന്നെ എത്തിക്കാൻ പ്രകൃതി പോലും ശപിച്ചു വിട്ടതാണ് ഇത് എന്ന്..

എന്നെ ഓർമ്മകൾ ശരവേഗത്തിൽ, ഒരു വർഷം മുൻപുള്ള ഒരു ദിവസത്തിലേക്ക് കൊണ്ടെത്തിച്ചു..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

13 ജൂലൈ 2018

മാർ തോമ കോളേജിന്റെ കവാടത്തിൽ നവാഗതർക്ക് സ്വാഗതം എന്ന വാക്കുകൾ ചുവപ്പിൽ വെളുത്ത അക്ഷരങ്ങളാൽ നിറഞ്ഞു നിന്നു.
ഇന്നാണ് ഡിഗ്രീ ഫസ്റ്റ് ഇയർ കുട്ടികൾ വരുന്നത്,.

പോയി നിൽക്കേണ്ട ഒരു ആവശ്യവും P G സെക്കന്റ്‌ ഇയർകാരനായ എനിക്ക് ഉണ്ടായിരുന്നില്ല.
എങ്കിലും തരുണീ മണികള് വരുമ്പോൾ ഒന്ന് നെഞ്ചും വിരിച്ചു നിന്നേക്കാം എന്ന് വിചാരിച്ചു ഞാനും വാക മരത്തിന്റെ ചോട്ടിൽ നമ്മുടെ സ്വന്തം യമഹ ബൈക്കിൽ ഇരുന്നു, കൂടെ നവീനും സംഗീതും..

ഞങ്ങൾ മൂന്നും നല്ല വായ്നോട്ടത്തിൽ ആണ്, ഞങ്ങൾ എല്ലാ കാര്യത്തിനും പണ്ടേ ഒറ്റക്കെട്ടാണ്, അതിലെ ഏറ്റവും നല്ല വായിനോക്കി നന്ദകിഷോർ എന്ന ഈ ഞാൻ തന്നെയാണേ.. എനിക്കതിന്റെ യാതൊരു അഹങ്കാരവും ഇല്ലാട്ടോ..

ഇരുന്ന് ഇരുന്ന് കാൽ മരവിച്ചു തുടങ്ങിയപ്പോൾ ആണ് ഒരു പെൺകൊച്ച് ഓടി പാഞ്ഞു വരുന്നത് കണ്ടത്.

നല്ല വെളുത്ത നിറം, അരക്കെട്ട് വരെ എണ്ണ തേച്ചു പിടിപ്പിച്ച കറുത്ത മുടി, മൂക്കിൽ ഒരു കുഞ്ഞ് കല്ല് വെക്കാത്ത സ്വർണത്തിന്റെ മൂക്കൂത്തി…

പുരികം പോലും ഷേപ്പ് ചെയ്തിട്ടില്ലെങ്കിൽ കൂടി ആ മുഖത്ത് നല്ലൊരു ഐശ്വര്യം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ലിപ്സ്റ്റിക് ഇട്ട് ചുമപ്പിച്ച ചുണ്ടുകളും ചായം വാരി തൂവി കടന്ന് പോയ കുറെ പെൺകുട്ടികൾക്ക് ഇടയിൽ ഞാൻ കണ്ടൊരു വ്യത്യസ്ത രൂപം..

” ചേട്ടായീ, എവിടെയാ BA മലയാളം ഫസ്റ്റ് ഇയർ ക്ലാസ്സെന്ന് ഒന്ന് പറഞ്ഞു തരാവോന്നെ, ഞാൻ വൈകിപ്പോയി ഇറങ്ങിയപ്പോൾ ”

എന്റെ മുന്നിൽ വന്ന് നിന്ന് ആ കുട്ടി ചോദിച്ചപ്പോൾ ആണ് ഞാൻ വായിനോട്ടം നിർത്തിയത്..
കേറി മുട്ടാൻ പറ്റിയ അവസരം ആണല്ലോ, ക്ലാസ്സിൽ കൊണ്ട് പോയി ഇരുത്തി എന്ന് മാത്രമല്ല, സ്റ്റേഡിയത്തിൽ പുതിയ കുട്ടികൾക്കായി ഉള്ള ക്ലാസ്സ്‌ തുടങ്ങുന്നത് വരെ ഞാൻ അവളെ വിടാതെ പിന്തുടർന്നു..

പലപ്പോഴും എന്റെ കണ്ണുകൾ അവളുടെ ചെറുതായി നരച്ചു തുടങ്ങിയ ചുരിദാർ ഷാളിനിടയിലേക്ക് വഴി മാറി പോവുന്നുണ്ടായിരുന്നു.

പക്ഷേ അവൾ എന്നോട് ആ കോളേജിനെ കുറിച്ച് ഓരോന്നും ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു..

സ്റ്റേഡിയത്തിൽ അവളെ കൊണ്ട് പോയാക്കി ഞാൻ അവിടെ നിന്ന് നേരെ കൂട്ടുകാരെ തേടി വാക ചോട്ടിലേക്ക് നടന്നു.

👣👣👣👣👣👣👣👣👣👣👣👣👣👣👣

മച്ചാനെ, എന്താണ് പതിവില്ലാത്തൊരു സഹജീവി സ്നേഹം… (നവീൻ )

സഹജീവി സ്നേഹം ഒന്നും അല്ലടോ, ഒന്ന് വികാര ജീവി ആയിപോയതാ.. ( നന്ദകിഷോർ )

“പ്രേമം ആണോ നന്ദൂ നിനക്ക് അതിനോട് ”

“ഒരിക്കലും അല്ല സംഗീ , ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആണെന്ന് തോന്നുന്നു..ഒന്ന് എറിഞ്ഞു നോക്കിയതാ.. എന്റെ ഊഹം ശെരിയാണെങ്കിൽ നന്ദുവിന്റെ കളിയിൽ അവള് വീഴുടാ..

കുറെ സംസാരിച്ചു അവളോട്,, ഒരു ഇന്നസെന്റ് ആണ് ആൾ.. അവളുടെ മുഖത്തു നോക്കി അല്ല ഞാൻ സംസാരിച്ചത് എന്ന് പോലും അവള് ശ്രദ്ധിച്ചിട്ടില്ല. ”

സംഗീത് : എന്താടാ അതിന്റെ പേര്,

“ചാരുലത.. ആ പേരിനു തന്നെ ഒരു സുഖമാ..സംസാരിച്ചിരിക്കാനും..

നവീൻ : വേണ്ടാ നന്ദൂ, അതൊരു പാവം ആണെന്ന് കണ്ടാൽ അറിഞ്ഞുടെ, നിന്റെ ചെപ്പടി വിദ്യ ഒന്നും അതിനോട് കാട്ടല്ലേ..

ഞാനൊന്ന് ചിരിച്ചു കാണിച്ചു.. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കൊതിക്കുന്നവന്റെ ചിരി …

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“നന്ദാ.. നീ എന്തിനാ ഇവിടെ വന്നത്.. നീ പോ നന്ദാ, ഇവിടെ നിന്ന് കൂടി ഇറക്കി വിട്ടാൽ എനിക്ക് ഇനി പോവാൻ വേറൊരു ഇടമില്ല നന്ദാ.. ” (ചാരുലത )

“ചാരൂ, ഞാൻ നിന്നെ തേടി വന്നതല്ല. ചുമ്മാ എന്റെ പാഷൻ ആയ ഫോട്ടോഗ്രാഫിക്ക് വേണ്ടി വന്നതാണ്… നിന്നെ കാണുമെന്നു പോലും പ്രതീക്ഷിച്ചു വന്നവനല്ല ഞാൻ.
നീ.. നീ എന്താണ് ഇവിടെ ഒറ്റയ്ക്ക് ഒരു വീട്ടിൽ.. ”

“അറിയില്ലേ നന്ദാ നിനക്ക് ഞാൻ എങ്ങനെ ആണ് ഒറ്റപ്പെട്ടതെന്ന്.. പറഞ്ഞതല്ലേ നിന്നോട് ഞാൻ ആരുമില്ലാത്തവൾ ആണെന്ന്.. കാട് കാണാൻ വന്നവരിൽ ആരോ എന്റെ അമ്മയ്ക്ക് സമ്മാനിച്ച വിത്താണ് ഞാനെന്ന്…

ഇതെല്ലാം വിങ്ങിപ്പൊട്ടി നിന്നോട് പറഞ്ഞിട്ടും എന്നെയും വഴിപിഴച്ചവൾ ആക്കണമായിരുന്നോ നന്ദാ നിനക്ക്..അവസാനം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയാൻ ആയിരുന്നെങ്കിൽ അത്രയും സ്നേഹം അഭിനയിക്കണായിരുന്നോ എന്റെ അടുത്ത്.. ”

ഉറക്കെ വാവിട്ട് കരഞ്ഞവൾ ഏങ്ങലടിച്ചു…
പിന്നെ അത് നേർത്ത ശബ്ദം മാത്രമായി മാറി.

എനിക്കും അവൾക്കും ഇടയിൽ തീർത്ത മുള കൊണ്ട് മറച്ച ചുറ്റു മതിലിനാൽ അവളുടെ നെഞ്ചിനൊപ്പം മാത്രമേ എനിക്ക് കാണാൻ സാധിക്കുമായിരുന്നുള്ളൂ.

ഏറെ വൈകാതെ ശബ്ദം കുറച്ചതല്ല അവളെന്നും, ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതാണെന്നും എനിക്ക് മനസിലായി.

ഞാൻ ചാരൂ എന്ന് വിളിച്ചു ഓടി ഞങ്ങളിൽ നിന്നും ഇത്തിരി മാറി ആ കുടിലിലേക്ക് ആയുള്ള വേലിയുടെ കോലുകൾ തട്ടി തെറിപ്പിച്ച് അവളിലേക്ക് ഓടി എത്തിയപ്പോഴേക്കും ചാരു കുഴഞ്ഞു നിലത്തേക്ക് വീണിരുന്നു.

പക്ഷേ എന്റെ കാലുകൾ ഒരു നിമിഷം സഡൻ ബ്രേക്ക്‌ ഇട്ടപോലെ നിന്ന് പോയി, ബോധമില്ലാതെ എന്റെ അരികിൽ കിടക്കുന്നവളിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്ന് നല്ലപോലെ വീർത്ത അവളുടെ വയർ കാൺകെ എനിക്ക് മനസിലായി..

എന്ത് ചെയ്യണം എന്നറിയാത്തൊരു അവസ്ഥ, പറിച്ച് കളയാൻ പറഞ്ഞിട്ടും നിധി കാക്കുന്ന ഭൂതത്തെ പോലെ ഇപ്പോഴും അവൾ ആ കുഞ്ഞിനെ ചുമക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, ഈ നിമിഷം മരിച്ചു വീണെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.

(തുടരും )