Sunday, December 22, 2024
Novel

ബസ് കണ്ടക്ടർ : ഭാഗം 5

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌


കിരണേട്ടനെ കുറിച്ചുള്ള ഓർമകളുമായി കട്ടിലിൽ മലർന്നു കിടന്നു മേലേക്ക് നോക്കി.. ഇരുട്ട് മാത്രം ആണ് നിലാവ് ജനലിലൂടെ അകത്തേക്ക് പെയ്തു നേരിയ വെളിച്ചം ഉണ്ട്..

മനസ്സ് മുഴുവൻ കിരണേട്ടൻ കൊണ്ടു പോയല്ലോ ഭഗവതി.. ഉറങ്ങാൻ കഴിഞ്ഞില്ല.. വെറുതെ പുറത്തേക്ക് ഇറങ്ങി.. ചിലപ്പോൾ എന്നെ കാണാൻ വന്നാലോ.. ആലോചിച്ചപ്പോൾ ചുണ്ടിൽ ചെറു ചിരി വിടർന്നു..

പുറത്തേക്ക് ഇറങ്ങി കുറച്ച് നേരം ഇരുന്നു..

**************************

കിരൺ മുറിയിലെ ജനൽ അഴിയിൽ പിടിച്ചു പൂർണ ചന്ദ്രനെ നോക്കി.. അവളുടെ മുഖം തെളിഞ്ഞാലോ.. രേണുകയെ ചുറ്റി പറ്റി ആയിരുന്നു അവന്റെ ചിന്തകൾ.. ജനൽ വഴി ഒരു നനുത്ത കാറ്റ് അവനെ തലോടി പോയപ്പോൾ അവൾ തഴുകുന്നത് പോലെ.. എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല..

രാവിലെ അവൾ അമ്പലത്തിൽ വരുമെന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് അവൻ നേരത്തെ കുളിച്ചു പോയത്.. പ്രതീക്ഷിച്ചത് പോലെ തൊഴുതു ഇറങ്ങുന്നുണ്ട് അവൾ..

മുഖത്തു ആകെ ഒരു വിഷമം ഉള്ളത് പോലെ..

“”എന്താ രേണു..””

“”ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം ആവരുത് ട്ടൊ..””

“”നീ പറ..””

“”വരണ വഴി എന്റെ കൂട്ടുകാരിയുടെ അമ്മയെ കണ്ടു.. നമ്മൾ അന്ന് ഒരുമിച്ച് പോകുന്നത് അവർ കണ്ടിരുന്നു..””

“”അത് പ്രശ്നം ആയോ..””

“”ഇല്ല.. അവര് പറയാ.. ബസ് കണ്ടക്ടർ അല്ലെ അവൻ അവർക്കൊക്കെ ഓരോ സ്റ്റോപ്പിൽ ഓരോ പെണ്ണ് ആവും.. വെറുതെ ചതിയിൽ പെടേണ്ട എന്ന്..””

“”പെണ്ണുമ്പിള്ളയ്ക്ക് കാലാവസ്ഥ അറിയില്ല അത അങ്ങനെ പറഞ്ഞത്.. അല്ലെങ്കിൽ തന്നെ പെണ്ണ് കിട്ടാൻ ഇല്ല അപ്പോഴാ ഓരോ സ്റ്റോപ്പിൽ ഓരോന്ന്.. പെണ്ണുമ്പിള്ളേടെ തലമണ്ട അടിച്ചു പൊട്ടിക്കണം..””

ഞാനത് പറഞ്ഞപ്പോൾ രേണുക ഉറക്കെ ചിരിച്ചു..

“”ഞാൻ പറഞ്ഞു ബസ് കൊറേ സ്റ്റോപ്പിൽ നിർത്തിയാലും കിരണേട്ടന്റെ മനസ് ഒരു സ്റ്റോപ്പിൽ മാത്രെ നിർത്താറുള്ളൂ എന്ന്..””

എന്ത് എന്ന അർത്ഥത്തിൽ അവളെ നോക്കിയപ്പോൾ ചന്ദന കുറി എന്റെ നെറ്റിയിൽ തൊട്ടിട്ട് അവൾ ചിരിച്ചു..

“”അതെ ഫോൺ നമ്പർ ഒന്ന് തന്നെ.. ഒരു അത്യാവശ്യം വന്നാൽ വിളിക്കാൻ ഒരു വഴിയും ഇല്ല..””

“”ഇതാ എന്റെ ഫോൺ നിന്റെ ഫോണിൽ മിസ്സ്ഡ് കാൾ ചെയ്തു സേവ് ചെയ്യൂ.. ഞാൻ അപ്പോഴേക്കും തൊഴുതു വരാം..””

“”മ്മ്.. ഞാൻ ഇവിടെ നിക്കാം..””

“”ആഹ്..””

അമ്പലത്തിൽ കയറി ഭഗവാന്റെ മുമ്പിൽ നന്നായി പ്രാർത്ഥിച്ചു തിരികെ വന്നു..

അവൾ വേഗം എന്റെ അടുത്തേക്ക് ഓടി വന്നു..

“”ഗിരി ഏട്ടൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്ന് വിളിച്ചു.. ഞാൻ ഫോൺ എടുത്തില്ല..””

“”ആഹ്.. ഗിരി ഏട്ടനെ തിരിച്ചു വിളിച്ചപ്പോൾ ആൾ ആകെ ടെൻഷനിൽ ആണ്..””

“”ടാ കിരണേ ഞാനിപ്പോ സ്റ്റാൻഡിൽ ആണ് ഉള്ളത്.. ഇപ്പൊ വീടിന്റെ അടുത്തുള്ള ചേച്ചി വിളിച്ചു പറ എന്റെ പെണ്ണിന് വേദന വന്നപ്പോ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി എന്ന്..

ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല നീ ഇന്ന് വരണ്ട പ്രസാദ് ഉണ്ട് നീയൊന്ന് ഹോസ്പിറ്റലിൽ പോയി നിക്കുവോ.. വേറെ ആരും ഇല്ലെടാ..””

“”ഗിരി ഏട്ടൻ ടെൻഷൻ ആവണ്ട.. ഞാൻ അമ്മയെയും കൂട്ടാം..””

“”ശെരി.. ഞാൻ വൈകിട്ട് വേഗം വരും എന്ന് അവളോട് പറയണേ.. എന്റെ കുഞ്ഞ്.. പാവം എന്റെ പെണ്ണ് അടുത്ത് ഉണ്ടാവേണ്ട സമയത്ത്..””

“”സാരമില്ല.. ഞാൻ നോക്കാം..””

ഫോൺ വെച്ചപ്പോൾ രേണുകയോട് കാര്യം പറഞ്ഞു.. അവൾ എന്നോട് ചോദിച്ചു..

“”എന്നാ കിരണേട്ടന് ഇന്ന് ബസ് ഓടിച്ചിട്ട് ഗിരി ഏട്ടന് ഹോസ്പിറ്റലിൽ നിന്നാപോരെ..””

“”എനിക്ക് ബസ് ഓടിക്കാൻ ധൈര്യം ഇല്ലെടി..””

“”അയ്യേ..””

“”നിന്നെ ഞാൻ സൂപ്പർ മാർക്കറ്റിൽ ഇറക്കാം.. അവനോട് ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്..””

“”മ്മ്.. “”

സ്കൂട്ടറിൽ അവന് പുറകിൽ ചേർന്നു ഇരുന്ന് അവൾ പോയി.. അവളെ ഇറക്കിയിട്ട് അമ്മയെയും കൂട്ടി കിരൺ ഹോസ്പിറ്റലിലേക്ക് തിരിച്ചു..

പേടിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.. ചേച്ചിക്ക് സുഖ പ്രസവം ആയിരുന്നു.. ഗിരി ഏട്ടന്റെ കുഞ്ഞിനെ ആദ്യം എന്റെ കയ്യിൽ തന്നു ഞാൻ മെല്ലെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു..

“”ആൺകുട്ടി ആണ്..””

നേഴ്‌സ് അത് പറഞ്ഞിട്ട് ഞങ്ങളെ നോക്കി … അമ്മയും കുഞ്ഞിനെ നോക്കി ചിരിച്ചു.. നേഴ്‌സ് കുഞ്ഞിനെ വാങ്ങി ചേച്ചിയുടെ അടുത്ത് കൊണ്ടു പോയി..

ഗിരി ഏട്ടനെ വിളിച്ചു പറഞ്ഞപ്പോൾ മൂപ്പർക്ക് കാണാൻ തിരക്കായി..

“”എടാ.. ആകെ പെട്ടല്ലോ.. അത്യാവശ്യത്തിന് ഒരുത്തൻ പോലും ഇല്ല.. എനിക്ക് കാണാൻ തിരക്കായി എന്റെ മോനെ..””

“”ഇങ്ങള് തിരക്ക് കൂട്ടണ്ട.. കുഞ്ഞ് ഇവിടെ തന്നെ ഉണ്ടല്ലോ..””

ഗിരി ഏട്ടൻ ഫോൺ വെച്ചപ്പോൾ മറ്റൊരു കാൾ വന്നു ഫോണിൽ നോക്കിയപ്പോൾ ഐ ലവ് യു എന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നിട്ടുണ്ട്.. വേറെ ആരും അല്ല എന്ന് ഉറപ്പാണ്..

“”ഹലോ..””

“”ഇത് ഞാനാ..””

“”മനസിലായി.. അതെ.. ശെരിക്കും നിനക്ക് പ്രേമം ആണോ രേണു..””

“”അല്ല.. ഞാൻ ഗിരി ഏട്ടന്റെ ഭാര്യയുടെ കാര്യം ചോദിക്കാൻ വിളിച്ചതാ..””

“”പ്രസവിച്ചു ആൺകുട്ടി..””

“”പാവം അല്ലെ ഗിരി ഏട്ടൻ.. “”

“”വൈകിട്ട് ഉള്ള ട്രിപ്പ്‌ കഴിഞ്ഞ് ഗിരി ഏട്ടന് പകരം വേറെ ആൾ പോകും..””

“”ആഹ്.. എങ്കിൽ ശെരി വൈകിട്ട് ഞാനും ഹോസ്പിറ്റലിലേക്ക് വരാം..””

“”മ്മ് ശെരി..””

ഫോൺ വെച്ച്.. ഹോസ്പിറ്റലിലേക്ക് നടക്കുമ്പോൾ.. ഹോസ്പിറ്റലിന്റെ ചുമരിൽ ടീവിയിലെ ന്യൂസ്‌ന്റെ ശബ്‌ദം ചെറുതായി കാതിൽ പതിഞ്ഞു.. പെട്ടന്ന് ടീവിയുടെ മുമ്പിൽ ചെന്നപ്പോൾ മരവിച്ചു അനങ്ങാൻ കഴിയാതെ കുറച്ച് നേരം നിന്ന് പോയി..

ബസ് അപകടം.. ഞങ്ങളുടെ ബസിന്റെ പേര്.. ചുമരിൽ ചാരി ഞാൻ മെല്ലെ നിന്ന് ആളുകൾ ഒന്ന് പറഞ്ഞു കൊണ്ട് എന്റെ മുമ്പിലൂടെ പോകുന്നുണ്ട്..

ഫോണിലേക്ക് പ്രസാദ് വിളിച്ചപ്പോൾ തൃതി പെട്ട് ഫോൺ എടുത്തു ചെവിയോട് ചേർത്തു..

“”ടാ.. ഗി… ഗിരി ഏട്ടൻ പോയി..””

“”പ്രസാദേ.. എടാ..””

“”കാർ ബാലൻസ് ഇല്ലാതെ വന്നപ്പോൾ ഇടിക്കാതെ ഇരിക്കാൻ വേണ്ടി മൂപ്പർ ഒന്ന് ബസ് തെറ്റിച്ചു നേരെ ചെന്ന് ഇടിച്ചതു ഒരു പോസ്റ്റിൽ ആയിരുന്നു.. ഹോസ്പിറ്റലിൽ എത്തും മുന്പേ..””

“”എടാ.. പ്രസാദേ.. ഞാൻ… എനിക്ക്..””

വാക്കുകൾ ഒന്നും പുറത്ത് വരാതെ തൊണ്ട കുഴിയിൽ കുടുങ്ങി നിന്നു.. പ്രസാദ് ഫോൺ വെച്ചപ്പോൾ അമ്മ അരികിൽ വന്നു… എന്നെ കണ്ടപ്പോൾ അമ്മ ചോദിച്ചു..

“”എന്താടാ.. കണ്ണൊക്കെ കലങ്ങി.””

കണ്ണീർ തളം കെട്ടി കിടക്കുന്ന കണ്ണുകൾ ചുമരിലെ ടീവിയിലേക്ക് പാഞ്ഞപ്പോൾ അമ്മ ടീവിയിലെ ന്യൂസ്‌ നോക്കി ഒന്ന് ഞെട്ടി…

“”മോനെ.. മോള് ചോദിച്ചു ഗിരി എപ്പോ വരും എന്ന്.. ഞാൻ എന്താ പറയാ അവളോട്..””

അമ്മ അത് പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു പോയി അത് കണ്ടിട്ട് എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട്..

കണ്ണ് തുടച്ചിട്ട് ചേച്ചിയുടെ അടുത്ത് ചെന്നു..

“”ഗിരി ഏട്ടൻ വൈകിട്ട് വരും അല്ലെ കിരണേ.. കുഞ്ഞിന്റെ കാര്യം ഓർത്തു പേടി ആയിരുന്നു..””

“”വരും…””

അവിടെ നിന്ന് ഇറങ്ങി.. ഞാൻ നടന്നു.. പ്രസാദ് ഹോസ്പിറ്റലിൽ എത്തി എന്നെ വിളിച്ചു.. അവൻ മോർച്ചറിയുടെ മുമ്പിൽ എനിക്ക് വേണ്ടി കാത്തു നിക്കുന്നുണ്ട്..

“”ടാ ഗിരി ഏട്ടൻ.. “”

അകത്തു വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയ ശരീരം ഞാൻ വെള്ള തുണി മാറ്റി ആ മുഖം ഒന്ന് നോക്കി.. കണ്ണുകൾ മെല്ലെ അടച്ചു പിന്നോട്ടു നടന്നു..

ആംബുലൻസിൽ കയറ്റി ഗിരി ഏട്ടന്റെ ശരീരം കൊണ്ടു പോകുമ്പോൾ ചേച്ചിയെയും കൂട്ടി.. അമ്മയും ചേച്ചിയും പിന്നിൽ മറ്റൊരു വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചു..

പോകുന്ന വഴി രേണുക ഹോസ്പിറ്റലിനു മുമ്പിൽ നിന്ന് ആംബുലൻസ് നോക്കി നിന്നു..

********************

ഗിരി ഏട്ടൻ പോയെന്ന് അറിഞ്ഞപ്പോൾ ചേച്ചി കരഞ്ഞില്ല തളർന്നു കുഞ്ഞിനെ മാറോടു ചേർത്തു തളർന്നു ഒരു മൂലയിൽ ഇരുന്നു.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാരും പോയി..

എല്ലാരും പോയി കഴിഞ്ഞപ്പോൾ ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നു.

“”ചേച്ചി നമ്മുക്ക് എന്റെ വീട്ടിലേക്ക് പോകാം.. ഇപ്പൊ തനിച് ഈ അവസ്ഥയിൽ..'”

“”ഞാൻ എങ്ങോട്ട് വരാനാ.. ഇവിടെ അല്ലെ എന്റെ ഏട്ടൻ ഉള്ളത്..””

ആ വാക്കുകൾക്ക് മറുപടി ഒന്നും കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല..

എനിക്ക് ഇനി എന്ത് വഴി എന്ന് അറിയില്ല.. ബസ് ആക്‌സിഡന്റ് ആയി കിടക്കുന്നു.. വേറെ ബസിൽ ഒക്കെ ആളുണ്ട്..

മാധവേട്ടനെ വിളിച്ചപ്പോൾ മറ്റൊരു ബസിൽ തല്കാലം പോകാം എന്ന് പറഞ്ഞു..

രേണുക വിളിച്ചപ്പോൾ ഫോൺ എടുത്തു മുറ്റത്തേക്ക് ഇറങ്ങി..

“”കിരണേട്ടാ.. ‘”

“”മ്മ്.. “”

“”എനിക്ക് അറിയില്ല എങ്ങനെ സമാധാനിപ്പിക്കണം എന്ന്.. ഞാൻ ഒരു കാര്യം പറയട്ടെ.. “”

“”മ്മ്.. പറ..””

“”ഗിരി ഏട്ടന്റെ ഭാര്യ.. ആ ചേച്ചി ഞങ്ങളുടെ കൂടെ നിന്നോട്ടെ.. ഞാൻ സ്വന്തം ചേച്ചിയെ പോലെ നോക്കാം.. ഇവിടെ അമ്മ ഉണ്ടല്ലോ നോക്കാൻ.. പിന്നെ അമ്മയ്ക്ക് ഒരു കൂട്ടും ആകും.. “”

അവളത് പറയുമ്പോൾ ഒരു സമാധാനം ആയിരുന്നു.. പാതി ആശ്വാസം കിട്ടി..

**********************

പിറ്റേന്ന് രേണു ചേച്ചിയെയും കൂട്ടി ഓട്ടോയിൽ വീട്ടിലേക്ക് പോയി.. സാധനങ്ങൾ ഒക്കെ കൊണ്ടു കൊടുത്തു കുഞ്ഞിന് വേണ്ടതൊക്കെ വാങ്ങി കൊടുത്തു ഞാൻ തിരികെ വീട്ടിൽ എത്തി..

കീശയിൽ ആകെ ബാക്കി ഉള്ളത് രണ്ട് രൂപ എല്ലാം കഴിഞ്ഞു.. ഇനി ആദ്യം മുതൽ തുടങ്ങണം.. അമ്മ അടുക്കളയിലെ പഞ്ഞം പറയാൻ തുടങ്ങി…

എന്റെ അവസ്ഥ മനസിലായി എന്നോണം പിന്നെ ഒന്നും പറഞ്ഞില്ല.. മാളുവും ചിന്നുവും എന്നെ ശല്യം ചെയ്യാതെ ഇരുന്നു പഠിത്തം തുടങ്ങി..

സത്യം പറഞ്ഞാൽ ആകെ അവസ്ഥ ആണ് ഇപ്പോൾ.. രേണുക എന്നെ മനസിലാക്കി സഹായിക്കുന്നുണ്ട് അത് മാത്രമാണ് ആശ്വാസം..

പിറ്റേന്ന് മുതൽ പതിവ് പോലെ ബസിൽ പോകാൻ തുടങ്ങി പരിചയ കുറവുണ്ട് പുതിയ റൂട്ട് ആണ്.. കാലങ്ങൾ ആയി ഞാനും ഗിരി ഏട്ടനും ആ ബസിൽ ഒരുമിച്ച് ആയിരുന്നു.. ഇപ്പൊ പെട്ടന്ന് ഈ മാറ്റം.. മെല്ലെ പൊരുത്തപ്പെട്ടു..

രാത്രി പതിവിലും വൈകി വീട്ടിൽ എത്തി.. മെല്ലെ പഴയതു പോലെ വീടിനെ മാറ്റി..

കിടക്കാൻ നേരം രേണുവിനെ വിളിച്ചു.. അവൾക്ക് കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് പറയാൻ ഉള്ളത്.. ചേച്ചി എന്നെ കുറിച്ച് ചോദിക്കാറുണ്ട് എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..

“”എന്താ കിരണേട്ടാ.. “”

“”ആഗ്രഹം ഉണ്ട് വരണം എന്ന് പക്ഷെ ഒരു ദിവസം ലീവ് അയാൾ.. മൊത്തത്തിൽ കൈ വിട്ടു പോകുന്നു.. ഞങ്ങൾ ഈ കണ്ടക്ടർമാർക്ക് ശനിയും ഞായറും ഇല്ലല്ലോ.. വീട് നോക്കാൻ എന്നും ഓട്ടം തന്നെ.. “”

അത് കേട്ടപ്പോൾ രേണു ഒന്നും മിണ്ടിയില്ല..

ഫോൺ വെച്ചിട്ട് കിടക്കുമ്പോൾ പെങ്ങന്മാരെ കുറിച്ച് ആയിരുന്നു ചിന്ത അവർക്ക് വേണ്ടി എന്ത് ചെയ്യും അറിയില്ല.. രേണുക പരാതികൾ ഒന്നും പറയാറില്ല.. ഗിരി ഏട്ടൻ മറക്കാൻ പറ്റാത്ത ഒരു നോവ് ആണ്..

തുടരും…

ബസ് കണ്ടക്ടർ : ഭാഗം 1

ബസ് കണ്ടക്ടർ : ഭാഗം 2

ബസ് കണ്ടക്ടർ : ഭാഗം 3

ബസ് കണ്ടക്ടർ : ഭാഗം 4