Monday, January 27, 2025
Novel

ഭാര്യ: ഭാഗം 4

Angel Kollam

ദീപ്തിയുടെ നോട്ടത്തെ നേരിടാൻ കഴിയാതെ ഹരീഷ് അവളുടെ മുഖത്ത് നിന്ന് ദൃഷ്ടി മാറ്റി. ഒരു പെണ്ണിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി താൻ നശിപ്പിച്ചു കളഞ്ഞല്ലോ എന്നൊരു കുറ്റബോധം അവന്റെ നെഞ്ചിനെ കുത്തിനോവിച്ചു. എന്നാലും തന്നോടുള്ള പ്രണയത്തിന്റെ പേരിൽ എന്ത് കടുംകൈ വേണമെങ്കിലും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ശീതളിനെ ഓർമ്മ വന്നപ്പോൾ ദീപ്തിയുടെ മുഖം അവൻ മനഃപൂർവം മറക്കാൻ ശ്രമിച്ചു. ഹരീഷിന് ബ്രേക്ഫാസ്റ്റ് വിളമ്പികൊടുക്കുമ്പോൾ ദീപ്തിയുടെ മുഖത്ത് അരുണവർണമായിരുന്നു. തന്റെ ജീവിതത്തിൽ വരാൻ പോകുന്ന നല്ല നിമിഷങ്ങൾ മാത്രം സ്വപ്നം കണ്ടാണ് അവൾ ആ പകൽ മുഴുവൻ ചിലവഴിച്ചത്

ഒരു പ്രണയഗാനത്തിന്റെ ഈരടികൾ അവളുടെ ചുണ്ടിൽ തത്തിക്കളിക്കുകയും ചെയ്തു . അന്ന് രാത്രിയിൽ ഏറെ പ്രതീക്ഷകളോടെയാണ് ദീപ്തി തങ്ങളുടെ റൂമിൽ എത്തിയത്, അവൾ വരുമ്പോൾ ഹരീഷ് നല്ല ഉറക്കമായിരുന്നു. അവൾക് സങ്കടം തോന്നി. ആ കിടക്കയിലിരുന്ന് അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ സ്വയം സമാധാനിച്ചു. “സാരമില്ല, ഓഫീസിലെ തിരക്ക് കാരണം ക്ഷീണം കൊണ്ട് ഏട്ടൻ ഉറങ്ങിപോയതായിരിക്കും.

എന്തായാലും രണ്ടു ദിവസം കഴിഞ്ഞു മലേഷ്യയ്ക്ക് പോകുമല്ലോ,അപ്പോൾ ഒത്തിരി സമയം കിട്ടുമല്ലോ.. ” ദീപ്തി ഉറക്കമായതും ഉറക്കം നടിച്ചു കിടന്ന ഹരീഷ് കണ്ണ് തുറന്നു. പിന്നെ ശബ്ദം ഉണ്ടാക്കാതെ തന്റെ ഫോണും എടുത്തു കൊണ്ട് ബാൽകണിയിലേക്ക് പോയി. അവൻ ശീതളിനെ ഫോൺ ചെയ്തു സംസാരിച്ചു. ആ ഹണിമൂൺ യാത്ര മുടക്കുക മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം. ആർക്കും സംശയം തോന്നാത്ത രീതിയിൽ വേണം പ്ലാൻ ചെയ്യാൻ. ഒടുവിൽ ശീതളാണ് ഒരു ഐഡിയ പറഞ്ഞത്.

“ഒരു ഐഡിയ ഉണ്ട്, സ്ഥിരം സിനിമയിലും സീരിയലിലും ആവർത്തിച് വരുന്ന ക്ലീഷെ ഐഡിയ ആണ്, എന്നാലും സാരമില്ല ഈ സമയത്ത് നമുക്ക് വേറെ ഒന്നും ചെയ്യാൻ പറ്റില്ല. നാളെ നീ കുളിച്ചു കഴിഞ്ഞു ബാത്ത്റൂമിൽ കുറച്ച് എണ്ണ ഒഴിക്കണം, ദീപ്തി കയറുമ്പോൾ തെന്നി വീണോളും, ഇനിയിപ്പോൾ വീണു അവളുടെ നടു ഒടിഞ്ഞാലും കുഴപ്പമില്ല, ഇനി തല പൊട്ടി അവൾക്ക് കാര്യമായിട്ട് എന്തെങ്കിലും സംഭവിച്ചാലും കുഴപ്പമില്ല,അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമാകും” “അത് വേണോ ശീതു, ദീപ്തിയ്ക്ക് എന്തെങ്കിലും കാര്യമായ അപകടം പറ്റിയാലോ?”

“എന്താടാ, നിനക്ക് അവളോട് ഒരു സോഫ്റ്റ്‌കോർണർ? അവൾക്ക് എന്തെങ്കിലും പറ്റിയാൽ നിനക്കെന്താ? അതോ അത്രയും സുന്ദരിയായ ഒരു പെണ്ണിനെ കിട്ടിയപ്പോൾ ഈ ശീതുവിനെ ഇനി വേണ്ടെന്ന് തോന്നിയോ?” “ഹേയ്, അതല്ല ശീതു, നമ്മളെ ഒരു തരത്തിലും ദ്രോഹിക്കാത്ത ഒരു പാവം പെണ്ണാണത്. ഈ യാത്ര മുടക്കാൻ വേണ്ടി എന്തെങ്കിലും ചെറിയ അപകടം വരുത്തിയാൽ മതി. അല്ലാതെ അവൾക്ക് സീരിയസ് ഇഞ്ചുറി ഉണ്ടാകുന്നതൊന്നും ചെയ്യണ്ട ” “ഉം.. ഒരു കാര്യം ചെയ്യ്, കുറച്ച് എണ്ണ ഒഴിച്ചാൽ മതി. അവൾ ബാലൻസ് തെറ്റി ഒന്ന് വീഴണം. പിന്നെ വീഴ്ച ആകുമ്പോൾ ഒരു ചെറിയ പൊട്ടൽ ഉണ്ടാകുമായിരിക്കും. അപ്പോൾ ഡോക്ടർ ഒരു മാസം റസ്റ്റ്‌പറഞ്ഞോളും..” “ഓക്കേ.. ഞാൻ അങ്ങനെ ചെയ്യാം ” അവളോട് സംസാരിച്ചു എല്ലാം ഒരു ധാരണ ആക്കിയതിന് ശേഷം ഹരീഷ് തിരികെ റൂമിൽ എത്തി.

ഉറങ്ങികിടക്കുന്ന ദീപ്തിയെ കണ്ടപ്പോൾ അവന്റെ മനസ്സിൽ കുറ്റബോധം തോന്നി. രണ്ടു മാസത്തോളമായി വിവാഹം കഴിഞ്ഞിട്ട്, താൻ അവളോടു സംസാരിക്കാറു പോലുമില്ല, പക്ഷേ അവളിതു വരെ ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഇവിടെ താൻ ഒഴികെയുള്ള എല്ലാവർക്കും അവളെ വല്യ ഇഷ്ടമാണ്. എപ്പോളും മുഖത്ത് പുഞ്ചിരിയുമായി നടക്കുന്ന അവൾ ഒരു ദേവതയാണെന്ന് അവന് തോന്നി. അവൻ ബെഡ്ഷീറ്റെടുത്ത് അവളെ നന്നായി പുതപ്പിച്ചു. അവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ അവൻ ഒതുക്കി വച്ചു. അടുത്ത നിമിഷം അവനു ശീതളിനെ ഓർമ വന്നു.അവൻ പെട്ടന്ന് തന്നെ തന്റെ കൈ പിന്നിലേക്ക് വലിച്ചു കൊണ്ട് ചിന്തിച്ചു. ‘തന്നെ മാത്രം ഓർത്തു കഴിയുന്നവളാണ്, തങ്ങൾ ഒരുമിച്ചു ജീവിക്കാൻ ഇത്രയും റിസ്ക് എടുത്തവളാണ് ‘. അവന്റ മനസ്സിൽ ഒരു വടംവലി നടന്നു.

ഒരു വശത്ത് ശീതളും മറുവശത്ത് ദീപ്തിയും. ഏറെ നേരത്തെ ആലോചനയ്ക്കൊടുവിൽ ശീതൾ പറഞ്ഞതു പോലെ ചെയ്യാൻ അവൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കുളിക്കാൻ കയറിയപ്പോൾ അവൻ ദീപ്തി കേൾക്കാതെ ഒരിക്കൽ കൂടി ശീതളിനെ ഫോൺ ചെയ്തു. തങ്ങളുടെ പദ്ധതി ഒരിക്കൽ കൂടി സംസാരിച്ചു ഉറപ്പ് വരുത്തി. കുളിച്ചിട്ടു ഇറങ്ങിയപ്പോൾ ബാത്ത്റൂമിന്റെ തറയിൽ അവൻ എണ്ണ ഒഴിച്ചു, എന്നിട്ട് ഒന്നും സംഭവിക്കാത്തതു പോലെ ഓഫീസിൽ പോകാൻ റെഡി ആയി, റൂമിനു പുറത്തെക്ക് ഇറങ്ങുമ്പോളാണ് മൊബൈൽ എടുത്തില്ലല്ലൊ എന്നോർമ്മ വന്നത്. എണ്ണ ഒഴിച്ചതിനെപറ്റി പെട്ടന്ന് ഓർക്കാതെ ഹരീഷ് ഫോൺ എടുക്കാൻ ബാത്ത്റൂമിൽ കയറി, പെട്ടന്ന് കാൽ വഴുതി അവൻ നിലത്തു വീണു. “അമ്മേ… ” അവൻ ഉറക്കെ അലറി. എന്തോ വീഴുന്ന ശബ്ദവും അവന്റെ അലർച്ചയും കേട്ട ദീപ്തി ഓടിയെത്തി.

അവൾ ബാത്ത്റൂമിലേക്കു കയറിയപ്പോൾ വേദന കൊണ്ട് പുളയുന്നതിനിടയിലും അവൻ പറഞ്ഞു. “ദീപ്തി, സൂക്ഷിച്ചു കയറു, നിലത്തു എണ്ണ വീണു കിടപ്പുണ്ട് ” അവൾ ശ്രദ്ധാപൂർവ്വം അവനെ താങ്ങിയെഴുന്നേൽപിക്കാൻ ശ്രമിച്ചു. അപ്പോളേക്കും ബാക്കി ഉള്ള എല്ലാവരും അവിടേക്കു വന്നു. ഗിരീഷ് അവനെ താങ്ങിഎടുത്തു ബെഡിൽ ഇരുത്തി, ഹരീഷിന്റെ കാൽ നിലത്തു കുത്താൻ സാധിക്കുന്നില്ല. അപ്പോൾ തന്നെ ഗിരീഷ് കാർ എടുത്ത് ഹോസ്പിറ്റലിലേക്ക് കുതിച്ചു, ദീപ്തിയും അവരുടെ ഒപ്പം ചെന്നു. ഇതേസമയം, ഹരീഷിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. അവനെ മൊബൈലിൽ വിളിച്ചിട്ടും കിട്ടാത്തതു കൊണ്ട് ശീതൾ ലാൻഡ്ലൈനിൽ വിളിച്ചു. ഗീത ഫോൺ അറ്റൻഡ് ചെയ്തിട്ട് ഹരീഷിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയ വിവരം അവളോട് പറഞ്ഞു.

മാതാ ഹോസ്പിറ്റലിലെ ഓർത്തോ ഡോക്ടർ ഹരീഷിന്റെ എക്സ്റെ നോക്കിയിട്ട് വലത് കാലിനു പൊട്ടൽ ഉണ്ടെന്നു അറിയിച്ചു, അവന്റെ വലതുകാലിൽ പ്ലാസ്റ്റർ ഇട്ടതിനു ശേഷം ഒന്നര മാസം വിശ്രമം വേണമെന്ന് അറിയിച്ചു. ഒരാഴ്ചത്തെക്കു ആന്റിബയോട്ടിക്സും പെയിൻ കില്ലറും കൊടുത്തു വീട്ടിലേക് അയച്ചു. അമ്പാടിയുടെ മുറ്റത്തു കാർ നിർത്തിയപ്പോൾ, ഹരീഷ് ദീപ്തിയുടെയും ഗിരീഷിന്റെയും തോളിൽ താങ്ങി അകത്തേക്ക് പോയി. ഗേറ്റിനു വെളിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇരുന്നു ശീതൾ അതുകണ്ടു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു. സ്പീഡിൽ കാർ മുന്നോട്ടെടുത്ത്, അവൾ അമിതവേഗത്തിൽ ഓടിച്ചു പോയി. ശീതൾ വീടിന്റെ മുറ്റത്ത്‌കാർ നിർത്തി, കാല് കൊണ്ട് ഡോർ തട്ടിയടച്ചിട്ടു അകത്തെക്കു കയറി.

അവളുടെ അച്ഛൻ മകളുടെ ദേഷ്യം കണ്ടിട്ട് ചോദിച്ചു “എന്താ മോളെ നിനക്ക് പറ്റിയത്? ” “ഞാൻ ആഗ്രഹിക്കുന്നതൊന്നും ഞാൻ നേടാതിരുന്നിട്ടില്ല, അവനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് എനിക്ക് പകരക്കാരി ആയിട്ട് അവളെ അയച്ചത്, എന്നിട്ട് അവനിപ്പോൾ അവളുടെ തോളിൽ കയ്യിട്ടു നടക്കുന്നു” “നോക്ക് മോളെ, നിന്റെ സന്തോഷമാണ് അച്ഛന് വലുത്, അമ്മയില്ലാതെ നിന്നെ ഒരുപാട് ലാളിച്ചാണ് ഞാൻ വളർത്തിയതും, നീ സങ്കടപെടുന്നതു കാണാൻ എനിക്ക് കഴിയില്ല, അതുകൊണ്ടാണ് നിന്റെ എല്ലാ താളത്തിനും കൂടെ നിന്നത്, ഏതോ ഒരു പീറപെണ്ണ് കാരണം എന്റെ മോളുടെ കണ്ണു നിറയാൻ പാടില്ല, നിന്റെ സന്തോഷത്തിനു എന്ത് കുറുക്കു വന്നാലും ഈ അച്ഛൻ അതു തുടച്ചു നീക്കും, സൊ ഹാപ്പി ആയിട്ടിരിക്ക് എന്റെ മോൾ ” അച്ഛന്റെ വാക്കുകൾ അവൾക് ആത്മവിശ്വാസം നൽകി.

ഹരീഷിനു പരസഹായo ഇല്ലാതെ ഒന്ന് എഴുന്നേറ്റു നില്കാൻ പോലും ആകാത്തതു കൊണ്ട് ദീപ്തി അവനോടൊപ്പം നിന്നു അവനെ ശുശ്രുഷിച്ചു. ശീതൾ ഫോൺ വിളിചെങ്കിലും ദീപ്തി ഒപ്പമുള്ളതിനാൽ അവനു അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല. അവൻ ഫോൺ സൈലന്റ് മോഡിൽ ഇട്ടു. ‘സംസാരിക്കാൻ പറ്റില്ല, പിന്നീട് വിളിക്കാമെന്ന്’ അവൾക്ക് മെസ്സേജ് ചെയ്തു. ശീതൾ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. അവൾ അവന്റെ ഫോണിലേക്കു നിർത്താതെ ബെൽ അടിപ്പിച്ചു കൊണ്ടിരുന്നു. സൈലന്റ് ആയാലും ഡിസ്പ്ലേയിലെ വെളിച്ചം ദീപ്തി ശ്രദ്ധിക്കാതിരിക്കാൻ അവൻ ഫോൺ ബെഡിൽ കമിഴ്ത്തി വച്ചു. രാത്രിയിൽ, ഹരീഷിനു ഫുഡും ടാബ്ലറ്റും കൊടുത്തതിന് ശേഷം, അവൻ ഉറങ്ങുന്നതു നോക്കി ദീപ്തി അവന്റെ അടുത്തിരുന്നു.

അവൻ ഉറങ്ങിയപ്പോൾ അവൾ ബെഡ്ഷീറ്റ് നേരെ പിടിച്ചിട്ടു, അവന്റെ പില്ലോ നേരെ വയ്ക്കുമ്പോളാണ് ബെഡിൽ ഇരിക്കുന്ന ഫോൺ ശ്രദ്ധിച്ചത്. അവൾ ആ ഫോൺ എടുത്ത് ടീപ്പോയുടെ മുകളിലേക്കു വച്ചു, അതിനിടയിൽ ഡിസ്പ്ലേയിൽ ‘ ശീതൾ 118 മിസ്സ്ഡ് calls ‘എന്ന് കണ്ടു. എന്തിനായിരിക്കും ശീതൾ അത്രയും തവണ വിളിച്ചത്, എന്തായിരിക്കും ഏട്ടൻ ആ കാൾ അറ്റൻഡ് ചെയ്യാഞ്ഞത്, ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ശീതൾ എന്താ തന്നെ വിളിക്കാതെ ഇരുന്നത്? ഒരുപാട് സംശയങ്ങൾ അവളുടെ മനസ്സിൽ നിഴലിട്ടു.

അപ്പോൾ അവന്റെ ഫോണിലേക്ക് വീണ്ടും ശീതളിന്റെ കാൾ വന്നു. ദീപ്തി ഒരുനിമിഷം ചിന്തിച്ചു നിന്നിട്ട് ആ കാൾ അറ്റൻഡ് ചെയ്തു. “നിനക്കെന്താ ഞാൻ ഫോൺ വിളിച്ചാൽ എടുക്കാനൊരു മടി? എന്താ ഏത് സമയത്തും നിന്റെ കെട്ടിലമ്മ നിന്റെ കൂടെ തന്നെ ഉണ്ടോ?നിന്നെ കെട്ടിപിടിച്ചു കിടന്നാലേ അവൾക്ക് ഉറക്കം വരത്തുള്ളോ? ഞാൻ കണ്ടു, ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നപ്പോൾ അവളുടെ തോളിൽ തൂങ്ങി നീയിന്നു കയറിപോകുന്നത്. ദേ, ഞാൻ ഒരു കാര്യം പറഞ്ഞേക്കാം….

എന്നെ അവോയ്ഡ് ചെയ്തിട്ട് എന്റെ പകരക്കാരി ആയി വന്നവളെ കൂടെ കൂട്ടാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ അതു നടക്കില്ല, ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് ഞാൻ സമ്മതിക്കില്ല… ഞാൻ ആയിരിക്കണം നിന്റെ ഭാര്യ” ദീപ്തിയുടെ കയ്യിലിരുന്ന് ആ ഫോൺ വിറച്ചു. തന്റെ ചെവിയിൽ ഈയം ഉരുകി വീണു പൊള്ളിയതായി ദീപ്തിക്കു തോന്നി….. തുടരും

ഭാര്യ: ഭാഗം 3