Thursday, December 19, 2024
Novel

ഭാര്യ : ഭാഗം 22

എഴുത്തുകാരി: ആഷ ബിനിൽ

“എന്താ വന്നത്..?” എടുത്തടിച്ചപോലെ ആയിരുന്നു ഹരിപ്രസാദിന്റെ ചോദ്യം. മാലതി ആകെ അങ്കലാപ്പിലായി. “ഏട്ടാ ഞാൻ…” “വേണ്ട. നീ ഒന്നും പറയണ്ട മാലതി. രണ്ടാഴ്ച മുൻപ് ചാടി തുള്ളി ഇവിടുന്ന് ഇറങ്ങി പോയത് മറന്നിട്ടില്ല ഞങ്ങൾ. ഞങ്ങളുടെ കുട്ടി ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ ഒന്നു വിളിക്കാൻ പോലും തോന്നിയില്ലല്ലോ നിനക്ക്. ഒന്നും അല്ലെങ്കിലും ഒരു പെണ്കുട്ടി അവിടേയും ഉള്ളതല്ലേ. നീ ഒരുപാട് മാറിപ്പോയി മാലതി” ശിവൻ അവരെ അകത്തേക്ക് കയറുന്നതിൽ നിന്ന് തടഞ്ഞുകൊണ്ട് പറഞ്ഞു.

മാലതി കണ്ണീരോടെ ഏട്ടന്മാരെ രണ്ടാളെയും മാറി മാറി നോക്കി. “ഏട്ടാ പ്ലീസ്. എനിക്കൊരു തെറ്റ് പറ്റി പോയി. അത് മനസിലാക്കാൻ എന്റെ മകൻ വേണ്ടി വന്നു. ക്ഷമിച്ചൂടെ എന്നോട്?” മാലതി രണ്ടാളുടെയും കൈകളെടുത്തു മുഖത്തേക്ക് ചേർത്തുവച്ചു കരഞ്ഞുപോയി. പൊന്നുപെങ്ങളുടെ കണ്ണീര് കാണാൻ വയ്യാതെ ഏട്ടന്മാർ അവരെ ചേർത്തുപിടിച്ചു. എല്ലാം കണ്ട് പുഞ്ചിരിയോടെ കൃഷ്ണനും കാശിയും അകത്തേക്ക് കയറി. “തന്നെ ഇവള് വട്ടം കറക്കി അല്ലെ കൃഷ്ണാ..” ഹരി അയാളോട് ചോദിച്ചു. കൃഷ്ണൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു:

“ആഹ്.. എന്ത് പറയാനാ അളിയാ. പറ്റി പോയില്ലേ” മാലതി കൂർപ്പിച്ചു അയാളെ നോക്കി. “ഇതെന്താ ഉമ്മറത്ത് നിന്ന് പതിവില്ലാത്ത കൊച്ചുവർത്തമാനം? എല്ലാവരും അകത്തേക്ക് കയറു.” ബഹളം കേട്ട് അവിടേക്ക് എത്തിയ ഗീത പറഞ്ഞു. മാലതിയെ അവരവിടെ പ്രതീക്ഷിച്ചില്ലായിരുന്നു എന്ന് മുഖഭാവം കണ്ടതോടെ ബോധ്യമായി. “ഏട്ടത്തി..” അവർ വിളിച്ചു. ഗീത ഭാവവ്യത്യാസം ഏതുമില്ലാതെ അവരെ നോക്കി. “ഏട്ടത്തി.. ഞാൻ ചെയതത് തെറ്റു തന്നെയാണ്. പക്ഷെ ഇങ്ങനെ മിണ്ടാതെ പോകല്ലേ ഏട്ടത്തി.” മാലതിയുടെ മുഖത്തെ കുറ്റബോധം അവറുടെ ദേഷ്യത്തെയും അലിയിച്ചുകളഞ്ഞു.

“സുമിയേട്ടത്തി ഇവിടെ?” മാലതി ചോദിച്ചു. “ഇത്രയും നേരം മോളുടെ മുറിയിൽ ആയിരുന്നു. ഇപ്പോ ഒന്ന് കുളിക്കാൻ പോയതാ. ഞാൻ മോൾക്ക് കൂട്ടിരിക്കുകയായിരുന്നു.” തനുവിന്റെ കാര്യം കേട്ടതോടെ എല്ലാ മുഖങ്ങളും മ്ലാനമായി. “മോള് രണ്ടാഴ്ചയായി മുറിക്ക് പുറത്തിറങ്ങുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ട്. ഞാനോ ഏടത്തിയോ വേണം ബാത്‌റൂമിൽ കൊണ്ടുപോകാനും വേഷം മാറ്റിക്കാനും പോലും. എന്തെങ്കിലും വായിൽ വച്ചു കൊടുത്താൽ കഴിക്കും. അത്രമാത്രം. ഒന്നു കരഞ്ഞുപോലും കാണുന്നില്ല അതിനെ.”

ഗീത വിങ്ങിപ്പോയി. തനുവിനെ തനിച്ചാക്കിയതിൽ കാശിക്കു കുറ്റബോധം തോന്നി. വന്ന് അന്വേഷിക്കാത്തിൽ അവന്റെ വീട്ടുകാർക്കും. കാശിയും മാലതിയും മുകളിൽ തനുവിന്റെ മുറിയിലേക്ക് പോയി. വാതിൽ തുറന്നു കിടക്കുകയാണ്. കട്ടിലിന്റെ ഓരത്ത് ഒരു ശിലപോലെ ഇരിപ്പാണ് തനു. പാറിപ്പറന്ന തലമുടി, വിഷാദം നിറഞ്ഞ നിർജീവമായ കണ്ണുകൾ, ഒട്ടിയ കവിളുകൾ, മെല്ലിച്ച ശരീരം… തനുവിന്റെ ആത്മാവ് പോലെ തോന്നിച്ചു മുന്നിലുള്ള രൂപം. അവളെ കാണേ കാശിയുടെ ഹൃദയം നിലച്ചുപോയി.

അന്ന് ആ അപകടസ്ഥലത് കഴിഞ്ഞ് ആശുപത്രിയിൽ ആയപ്പോൾ പോലും ഇതിലും ഭേദം ആയിരുന്നു തനുവിന്റെ അവസ്ഥ. മാലതിക്ക് നെഞ്ചുനീറുന്നപോലെ തോന്നി. മകളാണ് എന്നൊരു നൂറുവട്ടം പറഞ്ഞു ചേർത്തുനിർത്തിയിട്ടുണ്ട് അവളെ.ഏറ്റവും ആവശ്യം ഉണ്ടായിരുന്ന സമയത്താണ് താനവളെ തള്ളികളഞ്ഞത്. തനുവിനെ ഇവിടെ ഉപേക്ഷിക്കാൻ പാടില്ലായിരുന്നു. സത്യങ്ങൾ അന്വേഷിക്കാൻ എങ്കിലും ശ്രമിക്കണമായിരുന്നു. അവർ കണ്ണീരോടെ മുറി വിട്ടുപോയി. കാശി മെല്ലെ തനുവിന്റെ അരികിൽ കട്ടിലിൽ ഇരുന്നു. അപ്പോഴാണ് തനു അവനെ കാണുന്നത്. മുഖത്ത് പ്രത്യേകിച്ചു ഭാവഭേദം ഒന്നും ഉണ്ടായില്ല.

പക്ഷെ ആ കണ്ണുകൾ മെല്ലെ നിറഞ്ഞുവന്നു. “തനു” കാശി അലിവോടെ അവളുടെ കവിളിൽ തൊട്ടു. തനു ആ കയ്യിൽ മുഖം ചേർത്തുവച്ചു മതിയാകുവോളം കരഞ്ഞു. പിന്നെ കരച്ചിൽ എങ്ങലടിയായി മാറി. ഒടുവിൽ അവൾ തളർന്നു. ശ്വാസം എടുക്കാൻ പോലും പ്രയാസപ്പെട്ടു. കാശി പുറത്തു തടവി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. “ഇത്രയും ദിവസത്തിനിടക്ക് ഇപ്പോഴാ ഇവളൊന്ന് കരഞ്ഞെങ്കിലും കാണുന്നത് മോനെ.” സുമിത്ര കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു. അവർ കയ്യിലിരുന്ന ജ്യൂസിൽ ഒരെണ്ണം കാശിക്കു കൊടുത്തു. മറ്റേത് മെല്ലെ തനുവിന്റെ ചുണ്ടിൽ മുട്ടിച്ചു കൊടുത്തു.

പാവയെപ്പോലെ അവൾ അത് കുടിക്കുന്നത് കണ്ട കാശിയുടെ ഉള്ളം നീറി. “അമ്മേ ഞാൻ തനുവിന്റെ ഡോക്ടറെ വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഹോസ്പിറ്റലിലേക്ക് കൊണ്ടു ചെല്ലാൻ ആണ് പറഞ്ഞത്. എന്റെ ഫ്രണ്ടും വൈഫും കൂടി നടത്തുന്ന ഹോസ്പിറ്റൽ ആണ്. പേടിക്കാൻ ഒന്നുമില്ല. നമുക്ക് അധികം താമസിക്കാതെ ഇറങ്ങിയലോ?” “ഇവിടെ വേണേൽ പോകാം മോനെ. എന്തു വേണമെങ്കിലും ചെയ്യാം. എന്റെ മോളൊന്ന് ചിരിച്ചു കണ്ടാൽ മതി.” ആ സ്ത്രീ കണ്ണീരോടെ മുറിക്ക് പുറത്തേക്കിറങ്ങി. കാശി വീണ്ടും തനുവിന് നേരെ വന്നു. “തനു നമുക്ക് ഹോസ്പിറ്റലിൽ പോകാം?” തനു നിഷേധാർത്തിൽ തലയാട്ടി.

കാശി അവളുടെ കൈ പിടിക്കാൻ തുടങ്ങിയതും നിരങ്ങി നീങ്ങി കട്ടിലിന്റെ മൂലയിലേക്ക് പോയിക്കൊണ്ടിരുന്നു. കാശി ഓരോ തവണ പറയുമ്പോഴും തനു ഇതു തന്നെ തുടർന്നു. ഒടുവിൽ അവൻ തനുവിനെ തന്റെ ഇരുകൈകളിലുമായി കോരിയെടുത്തു താഴേക്ക് നടന്നു. ധരിച്ചിരുന്ന വേഷം മാറാൻ പോലും മിനക്കെട്ടില്ല. തനു കുതറി മാറാൻ പരമാവധി ശ്രമിച്ചെങ്കിലും അവൻ വിട്ടില്ല. അപഴേക്കും ജോലി കഴിഞ്ഞു തനയ് എത്തിയിരുന്നു. വേഷം മാറാൻ പോലും നിൽക്കാതെ അവൻ വണ്ടിയെടുത്തു.

തനുവിനെയും കൊണ്ട് കാശി പുറകിലേക്ക് കയറി. ഹരി മുൻപിലും. കൃഷ്ണനും മാലതിയും ഗീതയും ശിവനും കൂടി മറ്റൊരു കാറിൽ അവരെ അനുഗമിച്ചു. തനുവിനെ അഡ്മിറ്റ് ആക്കാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ ചെയ്ത് വച്ചിരുന്നത് കൊണ്ട് തനയ് പോയി പേപ്പർ വർക്ക് എല്ലാം ചെയ്തു. കാശി മുൻപത്തെ പോലെ തനുവിനെ കോരിയെടുത്തു റൂമിലെ ബെഡിൽ കൊണ്ടുപോയി കിടത്തി. തരുണും അവിടേക്കെത്തി. ഡോക്ടർ അപ്പോഴേക്കും എത്തിച്ചേർന്നു. അവർ തനുവിന്റെ അവസ്ഥ വിശദമായി പഠിച്ചു. കാര്യം അല്പം ഗൗരവം ഉള്ളതാണെന്നും രണ്ടോ മൂന്നോ ആഴ്ച അവിടെ തങ്ങേണ്ടി വരും എന്ന് എല്ലാവർക്കും മനസിലായി.

“തനിമയുടെ ഈ അവസ്ഥ ആരും വരുത്തി വച്ചതല്ല. അവൾക്ക് വന്നു ചേർന്നതാണ്. വിധി എന്ന് വേണമെങ്കിൽ പറയാം. അതിൽ അവളെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രശ്നം പരിഹരിക്കാൻ ആണ് ഇപ്പോൾ ശ്രമിക്കേണ്ടത്. അതിന് കുടുംബം മുഴുവൻ ഇവളുടെ കൂടെ നിൽക്കണം.” ഡോക്ടർ യാത്ര പറഞ്ഞുപോയി. രാത്രി കാശി തന്നെ ഹോസ്പിറ്റലിൽ നിൽക്കാം എന്ന് തീരുമാനിച്ചു. ഉത്തരവാദിത്തപെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ടുതന്നെ അവന് ലീവ് എടുക്കാൻ പറ്റുന്ന അവസ്ഥയല്ല. അതിനാൽ പകൽ എല്ലാവരും മാറി മാറി നിൽക്കാനും ധാരണയായി.

ആരൊക്കെ ഉണ്ടെങ്കിലും കാശിക്കു മാത്രമേ തനുവിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റൂ എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ബിലാലും ഷാഹിനയും വന്ന് കണ്ടു വിശേഷങ്ങൾ തിരക്കി മടങ്ങിപ്പോയി. ഒരിക്കൽ കൂടി തനുവിനെ ഇങ്ങനെ തകർന്ന അവസ്ഥയിൽ കാണേണ്ടി വന്നതിന്റെ വേദന അവരിൽ പ്രകടമായിരുന്നു. മരുന്നിന്റെ എഫക്ട് കാരണം ആണെങ്കിലും ആഴ്ചകൾക്ക് ശേഷം അന്ന് തനു സമാധാനമായി ഉറങ്ങി. അവളുടെ നിറുകയിൽ തലോടിക്കൊണ്ട്‌ ഉറക്കം നഷ്ടപ്പെട്ട് കാശിയും ഇരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ടെക്‌നോപാർക്കിലെ വിവിധ കമ്പനികളുടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു നടക്കുകയാണ് നീലു. മനസ് അസ്വസ്ഥമായത് കൊണ്ടു തന്നെ ആഗ്രഹിക്കുന്നപോലെ പെർഫോം ചെയ്യാൻ പറ്റാറില്ല. ഇപ്പോൾ ഇവിടെയുള്ള ഫ്രണ്ട് സ്നേഹ വർക്ക് ചെയ്യുന്ന കമ്പനിയിൽ അവിടുത്തെ ഒരു സീനിയർ സ്റ്റാഫിന്റെ റഫറൻസിൽ വിളിച്ചിരിക്കുകയാണ്. മൾട്ടി നാഷണൽ കമ്പനിയാണ്. വേറെയും ഒരുപാട് ആളുകൾ വന്നിട്ടും ഉണ്ട്. അവൾക്ക് പ്രതീക്ഷയെന്നും തോന്നിയില്ല. ചെയറിലേക്ക് ചാരി അവൾ കണ്ണുകളടച്ചു.

മുൻപൊക്കെ ഇന്റർവ്യൂവിന് പോകുമ്പോൾ വല്യച്ഛൻ ആണ് കൂടെ വരിക. താൻ വരുന്നത് വരെ പുറത്തു കാത്തുനിൽക്കും. നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ല എന്നോ ജോലി ഇഷ്ടപ്പെട്ടില്ല എന്നോ സാലറി കുറവാണ് എന്നോ ഒക്കെ ആയിരുന്നു എല്ലാ തവണയും റിസൾട്ട്. “സാരമില്ല മോളെ.. നമുക്ക് അടുത്തത് നോക്കാം” അതും പറഞ്ഞു തലക്കൊരു കൊട്ടും തരും ആള്. പിന്നെ ഏതെങ്കിലും ഹോട്ടലിലോ തട്ടുകടയിലോ കയറി തന്റെ ഫേവറിറ്റ് പൊറോട്ടയും ചിക്കൻ ഫ്രൈയും വാങ്ങി തരും. ഒറ്റക്ക് ഓട്ടോയിലും ബസിലും ഒക്കെയായി വെയിലു കൊണ്ട് നടക്കുമ്പോൾ മനസിലാകുന്നുണ്ട്, അവരുടെ വില.

നഷ്ടപ്പെടുത്തി കളഞ്ഞ സ്നേഹത്തിന്റെ മൂല്യം. എന്തു സ്നേഹമായിരുന്നു അവർക്കെല്ലാം തന്നോട്.. ആയിരുന്നു എന്നല്ല, ഇപ്പോഴും ആണ് എന്ന് പറയുന്നതാണ് സത്യം. ട്രിവാൻഡ്രത്ത് ഹോസ്റ്റലിൽ ആണെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ മുപ്പതിനായിരം രൂപ അകൗണ്ടിൽ ഇട്ട് തന്നു. നേരത്തെയും അങ്ങനെ തന്നെ ആയിരുന്നു. ആവശ്യങ്ങൾ ഒന്നും പറയേണ്ട കാര്യം പോലുമില്ല. ഇത്രക്കൊക്കെ ചെയ്തിട്ടും അവരെല്ലാം ഇപ്പോഴും തന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. തിരികെ ചെല്ലാൻ ആണ് ഓരോ വിളിയും. പക്ഷെ വയ്യ. ഇനിയും ആരെയും വെറുപ്പിക്കാതെ ജീവിക്കണം.

അതിന് ഒരു ജോലി അത്യാവശ്യമാണ്. തനുവിന്റെ മുഖം ഓര്മയിലേക്കു വന്നപ്പോൾ തന്നെ കുറ്റബോധത്തിൽ ചിതലുകൾ മനസിനെ കാർന്നുതുടങ്ങിയിരുന്നു. “മിസ് നീലിമ ശിവപ്രസാദ്” പേരു വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ഇത്തവണ എന്തുകൊണ്ടോ ഇന്റർവ്യൂ നന്നായി തന്നെ അറ്റൻഡ് ചെയ്യാൻ അവൾക്ക് കഴിഞ്ഞു. നീലുവിന്റെ ആറ്റിട്യൂഡും അപ്പിയറൻസും ഉത്തരങ്ങൾ നൽകുന്നതിലെ ആത്മവിശ്വാസവും ഇന്റർവ്യൂ പാനലിന്റെ പ്രശംസ പിടിച്ചുപറ്റി. മോശമല്ലാത്ത പൊസിഷനിലുള്ള ജോലിയും സാലറിയും ആണെന്ന് കൂടി അറിഞ്ഞതോടെ മനസ്സിനുള്ളിൽ മഞ്ഞുവീണ സുഖം. വീട്ടിലേക്ക് വിളിച്ചുപറഞ്ഞപ്പോൾ അവിടെ എല്ലാവരും ഹാപ്പി. കാശിയേട്ടൻ വന്നെന്നും തനുവിനെ ഹോസ്‌പിലിറ്റലിലേക്ക് മാറ്റിയെന്നും അറിഞ്ഞു.

ഓരോരുത്തരും മാറി മാറി സംസാരിച്ചു വിശേഷങ്ങളെല്ലാം പറഞ്ഞതിന് ശേഷമാണ് ഫോൺ വച്ചത്. ഈ സ്നേഹമാണ് സ്വന്തം മാതാപിതാക്കളെയോ കുടുംബത്തെയോ തേടി പോകുന്നതിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാൻ തന്നെ അനുവദിക്കാത്തത് എന്നവൾ ഓർത്തു. ജോലിയും ഹോസ്റ്റലും ആശ്വസിക്കാൻ വീട്ടിലേക്കുള്ള ഫോൺ വിളികളും മാത്രമായി നീലുവിന്റെ ജീവിതം ചുരുങ്ങാൻ തുടങ്ങുകയായിരുന്നു. തനുവിന്റെ മുന്നിൽ നിന്ന് മാപ്പ് പറയാൻ എങ്കിലുമുള്ള ആത്മവിശ്വാസം നേടിയെടുത്തതിന് ശേഷമേ വീട്ടിലേക്കുള്ളൂ എന്നവൾ തീരുമാനിച്ചു. തുടരും- അടുത്ത ഭാഗം ഇന്ന് രാത്രി 8 മണിക്ക് ….

ഭാര്യ : ഭാഗം 21