Monday, November 11, 2024
LATEST NEWSSPORTS

ഐസ്എൽ; ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പുമായി കോൺസ്റ്റന്റൈൻ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചിയിൽ വെച്ചാണ് പോരാട്ടം. കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം നേടുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. മറുവശത്ത് ഈസ്റ്റ് ബംഗാളിന് കഴിഞ്ഞ സീസണിലെ നാണക്കേട് മറക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ഐഎസ്എല്ലിൽ ഒരു മത്സരം മാത്രം ജയിച്ചാണ് ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാൽ ഇത്തവണ അതാകില്ല അവസ്ഥയെന്ന് ഈസ്റ്റ് ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു. മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ കോൺസ്റ്റന്റൈൻ ഇന്നത്തെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

‘കഴിഞ്ഞ സീസണിലോ അതിനു മുമ്പത്തെ സീസണിലോ സംഭവിച്ചത് എനിക്ക് മാറ്റാൻ കഴിയില്ല, പക്ഷേ നടക്കാൻ പോകുന്ന കാര്യങ്ങൾ എനിക്ക് മാറ്റാൻ കഴിയും. ഞങ്ങൾക്ക് തയ്യാറെടുക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ. പക്ഷേ എല്ലാവരും ഇതിനകം അങ്ങേയറ്റം കഠിനാധ്വാനം ചെയ്തു. ഞങ്ങൾ എല്ലാം കൊണ്ടും തികഞ്ഞ ടീമല്ല, പക്ഷേ വെള്ളിയാഴ്ച ഞങ്ങൾ കളത്തിലിറങ്ങുന്നത് തോൽക്കാൻ അല്ല, സീസണിൽ അവസാനം ഫിനിഷ് ചെയ്യിക്കാനുമല്ല ഞാൻ ഈസ്റ്റ് ബംഗാളിലേക്ക് വന്നത്’ കോൺസ്റ്റന്‍റൈൻ പറഞ്ഞു.