Sunday, January 19, 2025
Novel

ഭാര്യ : ഭാഗം 2

എഴുത്തുകാരി: ആഷ ബിനിൽ

തലകുനിച്ചു നിൽക്കുന്നതല്ലാതെ നീലു ഒന്നും മിണ്ടുന്നില്ലന്ന് കണ്ട സുമിത്ര മുന്നോട്ട് വന്നു: “മോളെ.. നിന്നെയും തനുവിനെയും ഈ കൈകളിൽ ഇട്ടാ ഞാൻ വളർത്തിയത്. രണ്ടായി കണ്ടിട്ടില്ല ഇന്ന് വരെ. നിനക്കെന്തെങ്കിലും അറിയാം എങ്കിൽ പറയു നീലു.” “പറയാം. ഞാൻ പറയാം വല്യമ്മേ.. തനു. അവൾ.. അവൾ ഒളിച്ചോടി പോയതാണ്. അവൾക്കൊരു ഇഷ്ടം ഉണ്ടായിരുന്നു” ഇത്തവണ എല്ലാവരും ഒന്നു ഞെട്ടി.

“ഞാൻ പറഞ്ഞതാ അവളോട് പോകല്ലേ എന്ന്. ആള് ക്രിസ്ത്യൻ ആണ്. അവളുടെ സീനിയർ ആയി പടിച്ചതാ. അവനെ മറക്കാൻ പറ്റില്ല എന്നാ തനു പറയുന്നത്. ആരും അവളെ വെറുക്കല്ലേ എന്നു പറഞ്ഞിരുന്നു” പറഞ്ഞു തീരും മുന്നേ കാശിയുടെ കൈകൾ ഒരിക്കൽ കൂടി ഉയർന്നുതാണു. അതും ആദ്യം അടി കിട്ടിയ കവിളിൽ തന്നെ. “തനിമ ഹരിപ്രസാദിന് ഈ ലോകത്ത് ഒരു പുരുഷനോടെ പ്രണയം ഉള്ളൂ. അതെന്നോടാണ്.

അവളുടെ കാശിയേട്ടനോട്. ഞാനുമായുള്ള കല്യാണം പോലും വേണ്ടന്ന് വച്ചു അവൾ ഇവിടെ നിന്ന് പോകണം എങ്കിൽ അത്ര ശക്തമായ എന്തെങ്കിലും കാരണം വേണം. അത് നിനക്കറിയുകയും ചെയ്യാം. ഇനിയും കള്ളം പറയാൻ ആണ് ഭാവം എങ്കിൽ കാശി ആരാണെന്ന് നീ അറിയും നീലു.” അത്രയും കേട്ടതോടെ തനയ് നീലുവിന്റെ മുന്നിലേക്ക് വന്നു: “തനുവിനേക്കാളും ഞാൻ നിന്നെയാ സ്നേഹിച്ചത്.

നിന്റെ എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടു നിന്നിട്ടും ഉണ്ട് ഞാൻ. ഇനിയും കള്ളം പറയാൻ ആണ് ഭാവം എങ്കിൽ ഈ ഏട്ടനെ മറന്നേക്ക് മോള്” സത്യമാണ്. തനുവിലും തനയേട്ടൻ തന്നെയാണ് സ്നേഹിച്ചത്. ഏട്ടൻ മാത്രമല്ല, ഇവിടെ എല്ലാവർക്കും തന്നോടായിരുന്നു ഇഷ്ടകൂടുതൽ. തരുണേട്ടന് ഒഴികെ. ഒടുവിൽ നീലു പറഞ്ഞുതുടങ്ങി, ആരോടും പറയാതെ വർഷങ്ങളോളം ഉള്ളിൽ കൊണ്ടുനടന്നു വീഞ്ഞുപോലെ വീര്യം കൂട്ടിയ തന്റെ പ്രണയത്തിന്റെ കഥ.

”കുട്ടിയുടെ നാട്ടില്‍ വെള്ളം ഒന്നും ഇല്ലേ..???” എട്ടാം ക്ലാസ്സിലെ ആദ്യത്തെ ക്ലാസ്സുകളിലൊന്നില്‍ എന്റെ യൂണിഫോമിനെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ആലീസ് ടീച്ചര്‍ എന്നോടത് ചോദിച്ചത് സാമാന്യം ശബ്ദത്തിലായിരുന്നു. എന്റെ നാട്ടില്‍ ആവശ്യത്തിനു വെള്ളം ഉണ്ടെന്നും എന്റെ അമ്മ രാവിലെ ഇടുവിച്ചു വിട്ട അലക്കി തേച്ച യൂണിഫോം ആണ് അതെന്നും അതിന്റെ നിറം ഇങ്ങനെ മഞ്ഞ കലര്‍ന്ന ചാര നിറത്തില്‍ ആക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടെന്നും പറയാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.

പക്ഷെ ടീച്ചറെപ്പോലെ തന്നെ അവരുടെ കയ്യിലിരുന്ന വില്ല് പോലെ വളഞ്ഞ ചൂരലിനെയും ഞാന്‍ പേടിച്ചിരുന്നു. അതുകൊണ്ട് ആഗ്രഹം മനസിലൊതുക്കി. അന്നൊന്നും അച്ചടക്കം എന്ന വാക്ക് എന്റെ നിഘണ്ടുവിന്റെ പരിസരത്തുപോലും ഉണ്ടായിരുന്നില്ല. “തന്റെ വീട്ടിൽ നിന്നുതന്നെ വരുന്നതല്ലേ തനിമ? ആ കുട്ടിക്ക് എന്തൊരു അടക്കവും ഒതുക്കവുമാണ്.. തനിമയെ കണ്ടു പടിക്കു താൻ” പുതിയ സ്കൂളിലെ ചേർന്ന് അധികം ആകുന്നതിനു മുൻപ് തന്നെ എന്നെ തല്ലുകൊള്ളി ആയും തനുവിനെ പഠിപ്പിയായും വിധിയെഴുതി ടീച്ചേഴ്സ്.

അന്നാദ്യമായി, ഒരു കുഞ്ഞു അസൂയ എന്റെയുള്ളിൽ മുള പൊട്ടുന്നത് ഞാൻ അറിഞ്ഞു. വളരും തോറും അത് കൂടി വന്നു. എങ്കിലും ആരെയും അത് അതറിയിക്കാതെ ഞാൻ കൊണ്ടുനടന്നു, തനുവിനെ പോലും. പത്താം ക്ലാസ്സിൽ അവൾക്ക് ഫുൾ A+ ഉണ്ടായിരുന്നു. എനിക്ക് 8 A+ഉം 2A യും. പക്ഷെ വീട്ടിൽ ആരും അവൾക്ക് സ്‌പെഷ്യൽ സമ്മാനമൊന്നും കൊടുത്തില്ല. അഭിനന്ദനവും സ്നേഹവും എല്ലാം തുല്യമായിരുന്നു. തരുണേട്ടൻ മാത്രം അവൾക്ക് ഒരു വാച്ച് സമ്മാനം കൊടുത്തു.

അതിന്റെ പേരിൽ എല്ലാവരും ഏട്ടനെ വഴക്കു പറഞ്ഞെങ്കിലും ഏട്ടനത് കാര്യമാക്കിയില്ല. ആ വാച്ചിന്റെ പേരും പറഞ്ഞു കിട്ടുന്ന അവസരത്തിൽ എല്ലാം ഞാൻ തനുവിനെ കുറ്റപ്പെടുത്തിയെങ്കിലും അവൾ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി. പ്ലസ് ടുവിന് തനുവിനെക്കാൾ മാർക്ക് വാങ്ങണം എന്ന് എനിക്ക് വാശിയായി. പക്ഷെ റിസൾട്ട് വന്നപ്പോൾ അവൾക്ക് 96% മാർക് ഉണ്ടായിരുന്നു. അത്ര നന്നായി പഠിച്ചിട്ടും എനിക്ക് 90% കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കുട്ടിക്കാലം മുതൽ അവക്ക് മെഡിസിൻ ആയിരുന്നു സ്വപ്നം. എനിക്കങ്ങനെ പ്രിത്യേകിച്ച് ഇഷ്ടമൊന്നും ഇല്ലെങ്കിലും അവളുടെ കൂടെ ക്രാഷ് കോഴ്സിന് ഞാനും ചേർന്നു. തനുവിനു വീട്ടിൽ നിന്ന് പോകാവുന്ന രീതിയിൽ തൃശൂർ മെഡിക്കൽ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. എനിക്ക് പാലക്കാട് ഒരു പ്രൈവറ്റ് കോളേജിൽ ഗവണ്മെന്റ് സീറ്റിൽ തന്നെ എഞ്ചിനീറിങ്ങിനും. ആ സമയത്താണ് ഞാൻ കാശിയേട്ടനോട് എനിക്കുള്ള പ്രത്യേക താല്പര്യം പ്രണയം ആണെന്ന് തിരിച്ചറിയുന്നത്. ഒപ്പം തനുവും ഞാനും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുന്നതും.

അവൾക്ക് ഇരുനിറം ആണ്. നല്ല ഉയരവും പാകത്തിന് വണ്ണവും. മുഖത്തൊക്കെ കുരുവും കുരു പോയ പാടുമെല്ലാം ഉണ്ടായിരുന്നു അവൾക്ക്. ആ വലിയ കണ്ണുകൾ ആണ് അട്രാക്ഷൻ. ഞാൻ ആണെങ്കിൽ വലിയ ഉയരവും വണ്ണവും ഇല്ലെങ്കിലും സുന്ദരി ആയിരുന്നു. നല്ല നിറം, ധാരാളം മുടി. മുടി തനുവിനും ഉണ്ടെങ്കിലും എൻറെയത്ര ഉണ്ടായിരുന്നില്ല. ആരു കണ്ടാലും ഒന്നു നോക്കി നിൽക്കുന്ന സൗന്ദര്യം അന്നേ എനിക്കുണ്ടായിരുന്നു. സ്വഭാവം ആണെങ്കിൽ തനു ഒരു മിണ്ടാപ്പൂച്ച ആയിരുന്നു. ഞാൻ അത്യാവശ്യം തല്ലുകൊള്ളിയും.

പക്ഷെ ഞാൻ ചെയുന്ന കുറ്റങ്ങൾക്ക് മിക്കവാറും അമ്മമാരുടെയും അച്ഛന്മാരുടേയും ഏട്ടൻമാരുടേയും എല്ലാം ചീത്ത കിട്ടുന്നത് അവൾക്കാണ്. തരുണേട്ടൻ മാത്രം ആണ് അവൾക്ക് വീട്ടിൽ സപ്പോടർട്ട്. എന്തുകൊണ്ടും കാശിയേട്ടന് എന്നെയേ ഇഷ്ടപ്പെടു എന്നു ഞാൻ കണക്കുകൂട്ടി. ഏട്ടന് ഞാനും തനുവും മുറപ്പെണ്ണുങ്ങൾ ആണല്ലോ. അതുകൊണ്ട് കല്യാണത്തിന് മറ്റു തടസങ്ങൾ ഉണ്ടാകില്ല. എങ്കിലും തനുവിന് മറ്റാരോടെങ്കിലും പ്രണയം ഉണ്ടായാൽ എന്റെ റൂട്ട് കുറേക്കൂടി ക്ലീയർ ആകും.

അതറിയാൻ വേണ്ടി എല്ലാ വീക്കെൻഡിലും ഞാൻ നാട്ടിൽ വരാൻ തുടങ്ങി. പക്ഷെ അവൾ പറയുന്ന വിശേഷങ്ങൾ കേൾക്കുകയല്ലാതെ എന്റെ മനസ് ഞാൻ തുറക്കാറില്ലായിരുന്നു. അവൾക്ക് ആരോടും പ്രണയം ഒന്നും ഉള്ളതായി പറഞ്ഞില്ല. ദിവസങ്ങൾ മാസങ്ങളായും വര്ഷങ്ങളായും കടന്നുപോയി. കോളേജിലെ ഞാൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ എല്ലാം സോൾവ് ആക്കാൻ വരുന്നത് തനയേട്ടൻ ആയിരുന്നു. ഏട്ടൻ ഒന്നും വീട്ടിൽ പറയാത്തത് കൊണ്ട് എന്റെ ഇമേജ് പോയില്ല.

അങ്ങനെ ഞാൻ കോഴ്‌സ് കഴിയാറായ സമയത്താണ് കാവിലെ ഉത്സവം വരുന്നത്. ഈ തവണ കാശിയേട്ടൻ ഉള്ളത്കൊണ്ട് എനിക്ക് വല്യ ആവേശം ആയിരുന്നു. കഴിഞ്ഞ തവണ ഏട്ടൻ IPS ട്രെയിനിങ് കഴിഞ്ഞു വരുന്നതെ ഉള്ളായിരുന്നു. അതിനു മുൻപത്തെ തവണ എക്സാം ടൈം ആയതിനാൽ ഉത്സവത്തിന് വന്നുമില്ല. എന്റെ മനസു തുറക്കാൻ ഉള്ള നല്ല അവസരമായി ഞാൻ ഇതിനെ കണ്ടു. ഉത്സവത്തിന് ഞാനും തനുവും കാശിയേട്ടനും കൂടി നടന്നാണ് പോയത്. ഏട്ടനും ഞാനും വിശേഷങ്ങൾ പറഞ്ഞുകൊണ്ട് നടന്നു.

അവളാണെങ്കിൽ എല്ലാം കേട്ട് ഒരു ചിരിയോടെ കൂടെ നടക്കുന്നു എന്നു മാത്രം. ഞാനും കാശിയേട്ടനും അവളെ കളിയാക്കുമ്പോഴും അവൾ ഒരു ചിരിയോടെ നിൽക്കും. കാശിയേട്ടന്റെ പ്രെസൻസിൽ, അവൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്ന് പോലും ഞാൻ ഇടക്ക് മറന്നുപോയിരുന്നു. ഉത്സവപറമ്പിൽ വച്ച് ചിലർ ഞങ്ങളെ കമന്റടിച്ചു. തനു പോകാം എന്ന് പറഞ്ഞെങ്കിലും സമ്മതിക്കാതെ ഞാൻ അവരോട് ചോദിക്കാൻ ചെന്നു. ഒടുവിൽ ഒന്നും രണ്ടും പറഞ്ഞു വഴക്കായപ്പോൾ ഒരുത്തൻ എന്റെ കയ്യിൽ കയറി പിടിച്ചു.

അതു കണ്ടുകൊണ്ട് വന്ന കാശിയേട്ടൻ അവനെ അടിച്ചു. ആ സംഭവത്തോടെ ഏട്ടന് എന്നോട് പ്രണയമാണെന്ന് ഞാൻ ഉറപ്പിച്ചു. വീട്ടിൽ കല്യാണം ആലോചിക്കുന്ന സമയത്തു ഏട്ടന്റെ പേര് പറയാൻ തീരുമാനിച്ചു. ഇതിനിടയിൽ ഏട്ടനും തനുവും കണ്ണുകൾ കൊണ്ട് കഥ പറയുന്നത് ഞാൻ കണ്ടില്ല. കണ്ടാലും ഒരു വാക്കുപോലും മിണ്ടാതെ നോട്ടം കൊണ്ടു മാത്രം പ്രണയിക്കാൻ കഴിയുമെന്ന് അന്നൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല. ഞാൻ ബി ടെക് കഴിഞ്ഞതോടെ അച്ഛനും വല്യച്ഛനും കൂടി എന്റെയും തനുവിനെയും ജാതകം നോക്കിക്കാൻ കൊണ്ടുപോയി.

അതിലാണ് 22 വയസിന് മുൻപ് തനുവിന്റെ വിവാഹം നടത്തണം എന്ന് പറയുന്നത്. എനിക്ക് മംഗല്യയോഗം 25ആം വയസിലാണത്രേ..! ഞങ്ങൾക്ക് 22 ആകാൻ രണ്ടര മാസം കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഇത്ര പെട്ടന്ന് ഒരു ചെറുക്കനെ എങ്ങനെ കണ്ടെത്തും എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് കാശിയേട്ടൻ തനുവിനെ ഇഷ്ടമാണെന്ന് പറയുന്നത്. എല്ലാവർക്കും സന്തോഷം ആയി. എനിക്കൊഴിച്ചു. തനുവിന്റെ മുഖം തെളിഞ്ഞു കണ്ടതോടെ അവൾക്കും ഏട്ടനെ ഇഷ്ടമാണ് എന്നു ഞാൻ മനസിലാക്കി.

എന്റെ മുൻപിൽ അവർ ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ശേഷി ഇല്ലാത്തത്‌ കൊണ്ട് അവരുടെ കല്യാണത്തിന് മുൻപ് ഒരു ജോലി കണ്ടുപിടിച്ചു വീട്ടിൽ നിന്നു മാറാൻ ഞാൻ തീരുമാനിച്ചു. പക്ഷെ ഒന്നും ശരിയായി വന്നില്ല. ഒരുമാസം മുൻപ്, ഒരു ഉച്ചകഴിഞ്ഞു ഉറക്കം കഴിഞ്ഞു ഞാനെഴുന്നേറ്റ് വന്നപ്പോൾ താഴെ ഒരു സംസാരം കേട്ടു. വല്യമ്മയാണ് കൂടെ ഏതോ ഒരു സ്ത്രീയും ഉണ്ട്. വല്യമ്മ അവർക്ക് പണം കൊടുക്കുന്നത് കണ്ടു ഞാൻ ഞെട്ടിപ്പോയി. “പൈസക്ക് അത്ര അത്യാവശ്യം ഉള്ളതുകൊണ്ടാണ് സുമിത്രേടത്തി,

ഞാൻ വീണ്ടും വന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ കൈ നീട്ടുന്നത്..” “അതെനിക്ക് അറിയാം ശ്യാമളെ. നീ വേഗം പോകാൻ നോക്ക്, മോള് മുകളിൽ ഉണ്ട്” “തനുമോൾ ആണോ? കണ്ടിട്ട് ഒരുപാടായി” “അല്ല, നീലു ആണ്. നീയൊന്ന് പോയേ” “അതെന്താ സുമിത്രേടത്തി അങ്ങനെ പറയുന്നത്.. പതിരുപത്തിരണ്ടു വർഷം മുൻപ് ഞാൻ കയ്യിലോട്ട് വച്ചുതന്ന കുഞ്ഞല്ലിയോ. എനിക്കൊന്നു കാണാൻ മേലയോ?” “അതിനുള്ള പ്രത്യുപകാരം അല്ലെ നീ പലപ്പോഴായി ഇവിടെ നിന്നു വാങ്ങുന്നത്. ഇനിയും അതിന്റെ കണക്ക് പറയാതെ ശ്യാമളെ” “ഞാൻ കണക്കൊന്നും പറഞ്ഞതല്ല ഏടത്തി. കാര്യം പറഞ്ഞതാ.

എത്രയൊക്കെ ആയാലും നിങ്ങളുടെ സ്വന്തം ചോര അല്ലല്ലോ വളർത്തുമകൾ അല്ലെ അവള്” അതു കേട്ട ഞാൻ തറഞ്ഞുനിന്നുപോയി. പക്ഷെ ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് മനസിലായില്ല. വല്യമ്മ എന്തൊക്കെയോ പറഞ്ഞു അവരെ സമാധാനിപ്പിച്ചു വിടുമ്പോഴേക്കും അമ്മ അവിടേക്ക് വന്നു: “ആരാ ഏടത്തി വന്നുപോയത്?” “അതാ ശ്യാമള ആണ് ഗീതേ” “അവരോ.. അവരെന്തു പറഞ്ഞു?” “കുറച്ചു പണം ചോദിക്കാൻ വന്നതാ. ഞാൻ എടുത്തു കൊടുത്തു. അതു കൊടുക്കാതെ അവര് മോളോട് വല്ലതും പോയി പറഞ്ഞാൽ നമുക്കല്ലേ ക്ഷീണം” “എന്നാലും.. എനിക്കെന്തോ പേടി തോന്നുന്നു ഏടത്തി.

എത്ര കാലം എന്നു വച്ചാ നമ്മളിത് മറച്ചു വയ്ക്കുക? മോള് എന്നെങ്കിലും സത്യം അറിഞ്ഞാൽ?” അമ്മ തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു. അടുത്തായി വല്യമ്മയും. “അറിഞ്ഞാലും ഒന്നും സംഭവിക്കില്ല ഗീതേ. വളർത്തുമകളായി അല്ലല്ലോ, സ്വന്തം കുഞ്ഞായിട്ടല്ലേ നമ്മൾ അവളെ വളർത്തിയത്. അവൾക്ക് നമ്മളെ മനസിലാകും” അത്രയും കേട്ട് കഴിഞ്ഞപ്പോൾ ഞാൻ മുറിയിലേക്ക് പോന്നു. ആലോചിച്ചു നോക്കിയപ്പോൾ തോന്നി. ശരിയാണ്. എനിക്ക് തരുന്ന സ്നേഹവും പരിഗണനയും ഒന്നും ആരും തനുവിന് കൊടുത്തിട്ടില്ല.

അവളെ ചെറിയ തെറ്റുകൾക്ക് പോലും ശിക്ഷിക്കുമ്പോൾ, എന്റെ തെറ്റുകൾ കണ്ണടച്ചു വിടുകയാണ് പതിവ്. ഡ്രസ് ആയാലും, ആഭരണങ്ങൾ ആയാലും, എനിക്ക് ഇഷ്ടപ്പെട്ടത് ഞാൻ എടുത്തുകഴിഞ്ഞ് ബാക്കി വരുന്നതാണ് അവൾക്ക് കൊടുക്കുന്നത്. അപ്പോൾ അതാണ് സത്യം. തനു ഈ വീട്ടിലെ കുട്ടിയല്ല.. വളർത്തുമകളാണ്..! എനിക്ക് കിട്ടിയ ഒരു പിടിവള്ളി ആയിരുന്നു അത്. കേട്ട അന്നുതന്നെ സത്യങ്ങൾ തനുവിനെ അറിയിച്ചു കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആണ് ഞാൻ ആദ്യം വിചാരിച്ചത്.

പക്ഷെ അങ്ങനെ വന്നാൽ കാശിയേട്ടനെ എനിക്ക് കിട്ടും എന്ന് ഉറപ്പില്ല. അതുകൊണ്ട് ഒരു അവസരം വരുന്നത് വരെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. നടപ്പിലാക്കേണ്ട പ്ലാൻ തയ്യാറാക്കി വച്ചു. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് തനുവിന്റെ കല്യാണം ഇങ്ങെത്തി.

തുടരും

ഭാര്യ : ഭാഗം 1