Sunday, December 22, 2024
Novel

ഭാര്യ : ഭാഗം 15

എഴുത്തുകാരി: ആഷ ബിനിൽ

ഓരോരുത്തരായി തനുവിനെ വന്ന് വിഷ് ചെയ്യാൻ തുടങ്ങി. അപ്പോഴും തനുവിന്റെ കണ്ണുകൾ എല്ലാം കണ്ട് പുഞ്ചിരിയോടെ ഒരു വശത്ത് മാറി നിൽക്കുന്ന കാശിയിൽ ചെന്നു നിന്നു. മുണ്ടും ഷർട്ടും ഒക്കെയിട്ട ചുള്ളൻ ആയിട്ടുണ്ട് കക്ഷി. കാശിയുടെ അച്ഛനും അമ്മയും കാവ്യയും തനുവിന്റെ മാതാപിതാക്കളും ഏട്ടന്മാരും പിന്നെ നീലുവും അച്ഛനും അമ്മയും. അത്രയും പേരാണ് അതിഥികൾ. ഈ സർപ്രൈസിന് വേണ്ടിയാണ് കാശി രാവിലെ വിഷ് ചെയ്യാതെ ഇരുന്നതെന്ന് തനു ഓർത്തു.

വീണ്ടും കണ്ണുകൾ അവന്റെ നേരെ പോയി. എവിടുന്ന്. മരുമോൻ അവിടെ അച്ചന്മാരും അളിയന്മാരും ആയി ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയാണ്. ഒരു നോട്ടം പോലും ഈ വഴിക്കില്ല. അമ്മമാർ പിന്നെ അവരുടെ സ്വന്തം സ്ഥലമായ അടുക്കളയിൽ ആണ്. നീലുവും കാവ്യയും ഉണ്ട് കൂടെ. റൂമിൽ ചെന്നപ്പോൾ കട്ടിലിൽ ഒരു സെറ്റും മുണ്ടും ഉണ്ടായിരുന്നു. അതിന് മാച്ച് ആയ ബ്ലൗസും. തനു ഫ്രഷ് ആയി വേഷം മാറി ഇറങ്ങി. ഒരുങ്ങിയിറങ്ങിയ തനുവിനെ കാശി കണ്ണിമയ്ക്കാതെ നോക്കിനിന്നു.

അവൾ നോക്കുന്നത് കണ്ടതോടെ അവൻ നോട്ടം മാറ്റി. തനു പ്രതീക്ഷയോടെ നോക്കുമ്പോൾ കാശി മൈൻഡ് പോലുമില്ല. “എങ്കിൽ പിന്നെ എന്തിനാണ് ഇതെല്ലാം വാങ്ങി വച്ചത്..?” അവൾ ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോകുന്നത് കണ്ട കാശി ചിരിച്ചു. നീലു ആണെങ്കിൽ ഇത്രയും നല്ലൊരു പെണ്കുട്ടി അടുത്ത പഞ്ചായത്തിൽ പോലും ഇല്ല എന്ന മട്ടിലുള്ള പ്രകടനം ആയിരുന്നു. തനുവിനെ കാണുമ്പോൾ സ്നേഹം ഒലിച്ചുചാടുകയാണ്. എത്ര പെട്ടന്നാണ് അവളുടെ നിറം മാറുന്നതെന്ന് തനു ആലോചിച്ചു.

പിന്നെ ആ നല്ല ദിവസത്തിന്റെ മൂഡ് കളയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അതു വിട്ടുകളഞ്ഞു. ഇതിനിടയിൽ തരുണും കാവ്യയും തമ്മിൽ കണ്ണുകൊണ്ട് കഥകളി കളിക്കുന്നത് തനു കണ്ടുപിടിച്ചു. ഏട്ടന്റെ നോട്ടം കാണുമ്പോഴേക്കും കാവ്യ പൂത്തുലഞ്ഞു പോകുകയാണ്. കവിളിൽ നിന്നൊക്കെ ചോര തൊട്ടെടുക്കാം. ഈ മനുഷ്യന് നാണമില്ലേ? കാവ്യയ്ക്ക് വയസ് 20 ആയിട്ടെ ഉള്ളു. 7 വയസ് വ്യത്യാസം ഉണ്ട് അവർ തമ്മിൽ. റൊമാൻസ് കളിക്കാൻ പറ്റിയ പ്രായം..! അല്ലെങ്കിലും പ്രേമത്തിന് കണ്ണും മൂക്കും വായും ഒന്നും ഇല്ലല്ലോ.

എവിടെ വരെ പോകും എന്നു നോക്കാം. അവൾ മനസിൽ കരുതി. തനുവിന് കാശിയുടെ അടുത്തു ചെല്ലാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എല്ലാവരുടെയും മുന്നിൽ വച്ചു മാറി നിൽക്കുന്നത് മര്യാദയല്ലല്ലോ. ഇതിനിടയിൽ ഹരിപ്രസാദ് നീലുവിന്റെ കാര്യം വീണ്ടും ചർച്ചയിൽ കൊണ്ടുവന്നു: “ഏട്ടന്മാർ പഴയതുപോലെ സംസാരിക്കാതെ അവരുടെ കയ്യിൽ നിന്ന് ഒരു സഹായവും സ്വീകരിക്കില്ല എന്ന വാശിയിലാ മോള്. ഒറ്റക്ക് അതിരാവിലെ അവളെ ഇവിടെ വരെ വിടാൻ കഴിയില്ലല്ലോ.

അതുകൊണ്ടാ മോനെ നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്.” “ബസ് ഇഷ്ടം പോലെയുണ്ട്. വേണേൽ കയറി പോകട്ടെ” തരുൺ പറഞ്ഞു. ഹരി അയാളെ നോക്കി കണ്ണുരുട്ടി. “എങ്കിൽ ഞങ്ങൾ പ്രശനം പരിഹരിക്കാം. ഞങ്ങൾ ആരെങ്കിലും തന്നെ അവളെ കൊണ്ടുവന്ന് വിട്ടുകൊള്ളാം ഇവിടെ വന്ന് തനുവിന്റെ ലൈഫിൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഞങ്ങൾ സമ്മതിക്കില്ല” തനയ് ഒരു പരിഹാരം കണ്ടെത്തി. പക്ഷെ അത് കാശിക്ക് സ്വീകാര്യമായി തോന്നിയില്ല: “അത് വേണ്ട തനയ്. എല്ലാവരും അങ്ങനെ പെട്ടന്ന് ക്ഷമിച്ചുകൊടുത്താൽ വീണ്ടും തെറ്റു ചെയ്യാൻ അവൾക്ക് അതു പ്രചോദനമാകും.”

“അത് തന്നെ. നീലു ഇവിടെ വന്നു നിന്നോട്ടെ അല്ലെ കാശിയേട്ടാ” തനു വളരെ നിഷ്കളങ്കമായ മുഖത്തോടെ ചോദിച്ചു. കാശിയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. മറ്റുള്ളവർ നിൽക്കുന്നത് കൊണ്ട് അവൻ സംയമനം പാലിച്ചു. “ക്ലാസ് അടുത്ത മാസം മൂന്നാം തിയതി ആണ് തുടങ്ങുന്നത്. രണ്ടാം തിയതിയെ മോള് വരൂ.” ശിവൻ പറഞ്ഞു. അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി. വൈകുന്നേരം ആയതുകൊണ്ട് സദ്യക്ക് പകരം ഫ്രൈഡ് റൈസും ചിക്കനും ആണ് ഉണ്ടാക്കിയത്. കേക്ക് കട്ടിങ്ങും ഫുഡിങ്ങും നീലുവിന്റെ പാട്ടും അന്താക്ഷരി കളിയുമൊക്കെ ആയി ആ ദിവസം കടന്നുപോയി.

തനുവിനും കാശിക്കും പ്രൈവസി കിട്ടിക്കോട്ടെ എന്നു കരുതി അതിഥികളെല്ലാം ഓരോരുത്തരായി സ്വന്തം വീട്ടിലേക്ക് മടങ്ങി. പോകും വഴി കാവ്യ തരുണിന് കൈവീശി യാത്രയാക്കുന്നത് കണ്ടപ്പോൾ കല്യാണരാമനിലെ അമ്മൂമ്മയെ ആണ് തനുവിന് ഓർമ വന്നത്. അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. വീണ്ടും ഓർത്തോർത്ത് വയറു പൊത്തി ചിരിച്ചു. പിന്നെ സോഫയിൽ കിടന്നായി ചിരി. ഒടുവിൽ സ്വയം നിയന്ത്രിച്ചു എഴുന്നേറ്റ് നോക്കുമ്പോൾ അവളെ തന്നെ നോക്കി മാറിൽ കൈകെട്ടി നിൽക്കുകയാണ് കാശി.

മറ്റെല്ലാവരും പോയി കഴിഞ്ഞിരുന്നു. “ഇതൊക്കെ എപ്പൊ.. അല്ല, ആ നിൽപ് അത്ര ശരിയല്ലല്ലോ..” തനു ഒന്നും അറിയാത്തത് പോലെ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു. അന്നത്തെ സംഭവങ്ങൾക്ക് ശേഷം ആദ്യമായി ആണ് തനു ഇങ്ങനെ എല്ലാം മറന്നു പൊട്ടിച്ചിരിച്ചു കാണുന്നത്. കാശി പുറകെ ചെന്നു. അടുക്കളയിൽ പ്രത്യേകിച്ച് ചെയ്യാനൊന്നും ഇല്ലാത്തത് കൊണ്ടു പ്ലെയ്റ്റുകൾ എല്ലാം തുടച്ചു റാക്കിൽ അടുക്കി വയ്ക്കുകയാണ് കക്ഷി. കാശി അവളുടെ പുറകിൽ ചെന്നു നിന്നു. ആ കൈ പിടിച്ചു കയ്യിൽ കരുതിയിരുന്ന വലിയ റൂബി സ്റ്റോണും ഡയമണ്ട്സും പതിപ്പിച്ച മോതിരം നടുവിരലിൽ ഇട്ടു കൊടുത്തു.

തനു അത്ഭുതത്തോടെ അവനെ നോക്കി. റിങ്ങിന്റെ വിലയോ ഭംഗിയോ അല്ല, അതു ഇട്ടുതരുമ്പോൾ അവന്റെ കണ്ണിൽ അലയടിക്കുന്ന ഉപാധികളില്ലാതെ പ്രണയം ആണ് അവളെ തരളിതയാക്കിയത്. തനു ആവേശത്തോടെ കാശിയുടെ കഴുത്തിൽ കൂടെ കയ്യിട്ട് കെട്ടിപ്പിടിച്ചു. കാശി അത് പ്രതീക്ഷിച്ചില്ല. എങ്കിലും അവനും അവളെ ചേർത്തുപിടിച്ചു. എത്ര നേരം ആ നിൽപ് നിന്നു എന്നറിയില്ല. ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് രണ്ടുപേരും അകന്നു മാറിയത്. കാശിയുടെ മുഖത്തു നോക്കാൻ ഉള്ള ചമ്മൽ കാരണം തനു അതിവേഗം വാതിൽ തുറക്കാൻ പോയി. “ഛെ.. ഒരു കിസ് മിസ് ആയി..”

കാശിയും പതം പറഞ്ഞുകൊണ്ട് പുറകെ പോയി. ഹാളിൽ ദേവിയമ്മയും ലക്ഷ്മിയും ഇരിക്കുന്നു. “വിരുന്നുകാരെല്ലാം പോയി അല്ലെ..” “ഇപ്പോ ഇറങ്ങിയതെ ഉള്ളു” കാശിയും അവർക്ക് എതിർവശത്തായി തനുവിനരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു. “ഞങ്ങൾ പിറന്നാളുകാരിയെ ഒന്നു കാണാമല്ലോ എന്നു കരുതി ഇറങ്ങിയതാണ്.” ദേവിയമ്മ തനുവിന്റെ അരികിൽ വന്നിരുന്ന് നെറുകയിൽ തലോടിക്കൊണ്ടു പറഞ്ഞു. “ഇതാണ് ലക്ഷ്മി അല്ലെ.. കാർത്തുമോൾ ഇവിടെ?” തനു ലക്ഷ്മിയുടെ നേരെ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. “മോള് ഉറക്കമായി. യാത്രയൊക്കെ കഴിഞ്ഞു ക്ഷീണിച്ചതല്ലേ..” അവർ സന്തോഷത്തോടെ മറുപടി പറഞ്ഞു.

ഒരു ജോലിക്കാരിയായ തന്നോട് തനു അകൽച്ച കാണിക്കുമോ എന്നൊരു ഭയം അവർക്ക് ഉണ്ടായിരുന്നു. കാശിക്കു ചേരുന്ന ഭാര്യതന്നെയാണ് തനു എന്ന് അവർക്കും ബോധ്യമായി. “കഷ്ടമായി. ഞാനൊന്ന് കണ്ടില്ലലോ മോളെ” തനു പറഞ്ഞു. ദേവിയമ്മയെയും ലക്ഷ്മിയെയും ഭക്ഷണം കഴിപ്പിച്ചു മോൾക്കുള്ളത് പാക്ക് ചെയ്തു കൊടുത്തു വിടുകയും ചെയ്തു. രാത്രി കിടക്കുമ്പോൾ പതിവുപോലെ കാശി തനുവിനെ ഉപദേശിക്കാൻ തുടങ്ങി “ലക്ഷമിയുടെ കഥ ദേവിയമ്മ പറഞ്ഞോ നിന്നോട്?” “ഇല്ല.. എന്താണ്” കയ്യിലെ മോതിരത്തിൽ നോക്കിക്കൊണ്ടാണ് തനുവിന്റെ സംസാരം മുഴുവൻ.

“അവർക്ക് ഡെലിവറി കഴിഞ്ഞു കുറേക്കാലം ഡിസ്കിന്റെ പ്രോബ്ലം വന്നു. ജോലികളൊന്നും പഴയപോലെ ചെയ്യാൻ വയ്യ. ആദ്യമൊക്കെ ഭർത്താവ് ഓക്കെ ആയിരുന്നു. പിന്നെ പെട്ടന്നൊരു ദിവസം അയാൾ മറ്റൊരു സ്‌ത്രീയെ വീട്ടിൽ കൊണ്ടുവന്നു. കണ്മുന്നിൽ അവരുടെ പ്രണയലീലകൾ കാണാൻ വയ്യാതെ മോളേയും കൊണ്ട് വീട് വിട്ടിറങ്ങിയതാണ് അവൾ.” “അപ്പോൾ ഫാമിലി ഒക്കെ?” “ഇവരുടേത് പ്രണയവിവാഹം ആയിരുന്നു. അതോടെ വീട്ടുകാർ കയ്യൊഴിഞ്ഞു. പിന്നീട് കാര്യങ്ങളെല്ലാം അറിഞ്ഞു അവർ തിരിച്ചു വിളിച്ചെങ്കിലും ഒരിക്കൽ പടിയിറക്കി വിട്ടിടത്തേക്ക് തിരികെ പോകാൻ ലക്ഷ്‌മി തയ്യാറായില്ല.

വീട്ടുജോലി ചെയ്‌തും ലോട്ടറി വിറ്റും ഒക്കെ ജീവിക്കാൻ തുടങ്ങി. ദേവിയമ്മയുടെ കൂടെ വരുന്നത് വരെ സാരിക്കുള്ളിൽ വെട്ടുകത്തിയുമായി ആണ് കിടന്നുറങ്ങിയിരുന്നത് എന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്” “ആ സ്ത്രീ എന്തു സാധനം ആണല്ലേ. മറ്റൊരാളിന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ.. ഗുണം പിടിക്കില്ല” തനു ആരോടെന്നില്ലാതെ പറഞ്ഞു. കാശി അവളെ തന്റെ കയ്യിൽ നിന്നടർത്തി മാറ്റി: “ഞാനെന്താ പറഞ്ഞത്, നീയെന്താ മനസിലാക്കിയത് തനു?” “എന്തേ?” ” ആ സ്ത്രീ ഒറ്റയ്ക്കല്ല അവരുടെ വീട്ടിലേക്ക് കയറി ചെന്നത്. ലക്ഷ്മിയുടെ ഭർത്താവ് വിളിച്ചുകൊണ്ട് ചെന്നതാണ്.

പ്രണയിച്ചു വീട്ടുകാരെയും ഉപേക്ഷിച്ചു ഇറങ്ങിവന്ന സ്വന്തം ഭാര്യയെ മറന്നു മറ്റൊരാളെ കൂട്ടിക്കൊണ്ട് വന്ന അയാളെ നീ മറന്നു. കുറ്റം മുഴുവൻ ആ സ്ത്രീക്ക്.. അല്ലെ?” തനു ഒന്നും മിണ്ടിയില്ല. കാശി വീണ്ടും അവളെ ചേർത്തുപിടിച്ചു നിറുകയിൽ തലോടി: “തനു.. ഞാൻ പറയാൻ വന്നത് ഇതൊന്നും അല്ല. നമ്മുടെ ചുറ്റിലും ഉള്ള ഓരോരുത്തർക്കും കാണും ഓരോ കഥ പറയാൻ. അതെല്ലാം അറിഞ്ഞു കഴിയുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ എത്ര നിസാരം ആണെന്ന് നമുക്ക് മനസിലാകും. അതുകൊണ്ട് കഴിഞ്ഞതിനെ ഓർത്തു ഇനിയും വിഷമിച്ചിരിക്കരുത്. ജീവിതം തീർന്നുപോയി എന്നു ചിന്തിക്കുകയും ചെയ്യരുത്.

എല്ലാം മറന്നു തുടങ്ങണം. പതിയെ പഴയ തനു ആകണം നീ.” തനു അവനോട് ചേർന്നുകിടന്നു. “നീ കൂടെയുണ്ടെങ്കിൽ ഞാൻ ഒരിക്കലും ഒറ്റക്കാക്കില്ല” എന്നപോലെ. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദിവസങ്ങൾ കടന്നുപോയി. തനുവിന്റെയും കാശിയുടെയും ഫ്ലാറ്റ് ജീവിതം ഒരുമാസം കഴിഞ്ഞു. ഓരോ ദിവസവും കാശി തനുവിന് അത്ഭുതം ആകുകയായിരുന്നു. രാവിലെയും രാത്രിയും ഭക്ഷണം കഴിക്കുമ്പോൾ ആദ്യത്തെ ഉരുള തനുവിന് അവകാശപ്പെട്ടതാണ്. നേരെ തിരിച്ചും.

അതുപോലെ ഇറങ്ങും മുൻപേ ഒരു ചുംബനം നിർബന്ധമാണ്. രാത്രി കിടക്കും മുൻപ് അന്നത്തെ വിശേഷങ്ങൾ പറയുകയും തനുവിന്റെ മനസിന് തന്നാൽ ആകും വിധം ധൈര്യം കൊടുക്കുകയും ചെയ്യും കാശി. പുറമെ ഇതിലൊന്നും വലിയ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ഒരു ദിവസം എന്തെങ്കിലും കാരണം കൊണ്ട് കാശി മറന്നെങ്ങാൻ പോയാൽ തനുവിന്റെ മുഖം കടന്നൽ കുത്തിയപോലെ ആകും. പിന്നെ സോറി പറഞ്ഞു പ്രശനം പരിഹരിക്കേണ്ടി വരും. രാത്രി ഉറക്കമിളച്ചു പഠിക്കുമ്പോൾ ഓരോ ബ്ലാക് കോഫി ആയും വയറുവേദന എടുത്തു കിടക്കുമ്പോൾ ചോക്ലേറ്റ് ആയും ഇടക്ക് ഓരോ സർപ്രൈസ് യാത്രകൾ ആയുമൊക്കെ കാശിയുടെ സ്നേഹം തനുവിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

ഇതിനിടയിൽ ഒരിക്കൽ പോലും തനുവിന്റെ ശരീരത്തിന്മേൽ ഭർത്താവിന്റെ അധികാരം സ്ഥാപിക്കാൻ അവൻ തുനിഞ്ഞില്ല. എല്ലാ വീക്കെൻഡിലും വീട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും കാശിയുടെ ജോലി തിരക്കുകൾ കാരണം അത് നടന്നിരുന്നില്ല. പകരം വീക്ഡേയ്സിൽ എന്നെങ്കിലും കൃഷ്ണനും മാലതിയും കാവ്യയും അവരുടെ കൂടെ താമസിക്കാൻ വരും. അത്തരം ദിവസങ്ങളിൽ വളരെ യാദൃശ്ചികമായി എന്നവണ്ണം തരുണും എത്തും. സൺഡേയ്സിൽ കാശി വീട് മുഴുവനും ക്ളീൻ ചെയ്യും.

അടുത്ത ആഴ്ചത്തെക്കുള്ള പച്ചക്കറി അരിയലും തേങ്ങാ ചിരണ്ടലും ഡ്രസ് അയൺ ചെയ്യലും ഒക്കെ രണ്ടുപേരും കൂടി ചെയ്തുവയ്ക്കും. തനു യൂട്യൂബ് നോക്കിയും അമ്മമാരോട് ചോദിച്ചും ഒക്കെയായി അത്യാവശ്യം പാചകം പഠിച്ചു. കാശിക്കു ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം തയ്യാറാക്കി നൽകാൻ തുടങ്ങി. സ്ഥിരമായി ഉള്ള കൗണ്സലിംഗും കാശിയുടെ ഇടപെടലും ഒക്കെയായി തനു സാധാരണ ജീവിത ഗതിയിലേക്ക് നീങ്ങി തുടങ്ങി. അഭയിനേയും നീലുവിനെയും ഒക്കെ തനു ഏറെക്കുറെ മറന്നു കഴിഞ്ഞിരുന്നു, തന്റെ മനസു മടുപ്പിക്കുന്ന ഓർമകളും. പകരം ആ സ്ഥാനത്ത് കാശിയും അവന്റെ പ്രണയവും മാത്രം സ്ഥാനം പിടിച്ചു. അവരുടെ ജീവിതത്തിൽ വരാൻ പോകുന്ന പരീക്ഷണങ്ങൾ അറിയാതെ ആ ഞായറാഴ്ചയും കടന്നുപോയി.

തുടരും-

ഭാര്യ : ഭാഗം 14