Sunday, December 22, 2024
Novel

ഭാര്യ : ഭാഗം 10

എഴുത്തുകാരി: ആഷ ബിനിൽ

“എന്തുകൊണ്ടാണ് നിന്നെ സ്നേഹിച്ചതെന്ന് ചോദിച്ചാൽ എനിക്കറിയില്ല പെണ്ണേ. ഒന്നറിയാം, മറ്റെന്തിനെക്കാളും തീവ്രമായി, ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു. നിനക്കുണ്ടായ ദുരന്തത്തിൽ നിന്നെക്കാളും ഉരുകുന്നത് ഞാനാണ്. അത് അവൻ നിന്നെ തൊട്ടത് കൊണ്ടല്ല, നിന്റെ മനസിൽ ആ സംഭവം ആഴത്തിൽ മുറിവേൽപിച്ചതിനാലാണ്. പിന്നെ പറയാൻ ആണെങ്കിൽ, നീലു മാത്രം അല്ല, അവളെക്കാളും സൗന്ദര്യം ഉള്ളവർ, കഴിവുള്ളവർ, പ്രശസ്തരായവർ അങ്ങനെ പലരും പല കാലങ്ങളിൽ എന്റെ മുന്നിലേക്ക് വന്നിട്ടുണ്ട്. അവരെല്ലാം എന്നെ പ്രാപ്പൊസ്‌ ചെയ്തു എന്നല്ല അർത്ഥം.

ഞാൻ കൂടി മനസ് വച്ചിരുന്നെങ്കിൽ നടന്നേനെ. പക്ഷെ അവർക്ക് എന്നെ ഉപാധികളില്ലാതെ സ്നേഹിക്കാനോ എന്റെ കുഞ്ഞുകുഞ്ഞു കുറ്റങ്ങൾ ക്ഷമിച്ചു തരാനോ ഏതു ദുഃഖത്തിലും വേദനയിലും കൂടെ നിക്കാനോ ഉള്ള മനസ് ഉണ്ടെന്ന് തോന്നിയില്ല. ആ മനസ് ഞാൻ കണ്ടത് നിന്നിലാണ്.” തനു സംശയത്തോടെ കാശിയെ നോക്കി: “മര്യാദക്ക് ഒന്നു സംസാരിക്കുക പോലും ചെയ്യാതെ കാശിയേട്ടനു എന്നെ മനസിലാക്കാൻ പറ്റിയോ?” “അതിന് എനിക്ക് നിന്നോടൊരു ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നും അല്ലായിരുന്നു തനു. ഒറ്റ കാഴ്ചയിൽ ഭംഗി കണ്ടു സ്നേഹിക്കാനും ജീവിതത്തിൽ കൂടെ കൂട്ടാനും ഒക്കെ ആർക്കെങ്കിലും പറ്റുമോ എന്നെനിക്ക് അറിയില്ല.

അങ്ങനെ ഉള്ളവർ ഉണ്ടാകാം. എനിക്കെന്തായാലും അങ്ങനെ അല്ല. നിന്നെ കണ്ട്, അറിഞ്ഞു, മനസിലാക്കി ആണ് ഞാൻ സ്നേഹിച്ചത്. എന്തൊക്കെ സംഭവിച്ചാലും നീ എന്നെ വിട്ടു പോകില്ല എന്ന ഉറപ്പ്, നിന്റെ സ്നേഹം. അതു മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. പിന്നെ എന്റെ തനു സുന്ദരിയല്ലേ.. നിന്നെക്കാളും സൗന്ദര്യം മറ്റാരിലും ഞാൻ കണ്ടിട്ടില്ല പെണ്ണേ” തനു അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഹൃദയത്തിൽ തറക്കുന്ന അവന്റെ നോട്ടം ഒരു നിമിഷം അവളിൽ ലജ്ജയുടെ പൂക്കൾ വിരിയിച്ചു എങ്കിലും, അടുത്ത നിമിഷത്തിൽ തന്നെ അത് കൊഴിഞ്ഞുപോയി.

പിറ്റേന്ന് ഉച്ചക്ക് മുമ്പ് തന്നെ അവർ തനുവിന്റെ വീട്ടിലെത്തി. എല്ലാവർക്കും ഉള്ള പുതുവസ്ത്രങ്ങൾ കയ്യിൽ കരുതിയിരുന്നു. അതു കൊടുക്കുമ്പോൾ പോലും തനു നീലുവിനെ നോക്കിയില്ല. വീട്ടിൽ എല്ലാവരും തനുവിനെയും കാശിയെയും സ്നേഹത്തോടെ സ്വീകരിച്ചിരുത്തി. അവൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കാനും ഊട്ടാനും അവർ മത്സരിച്ചു. അവളോട് സംസാരിക്കാൻ എല്ലാവരും ആവേശപൂർവം അടുത്തുകൂടി. നീലുവിനെ മാത്രം തനു മനപൂർവം ഒഴിവാക്കി. ഒടുവിൽ അവൾ പുറകെ വന്നപ്പോഴേക്കും തനു തന്റെ മുറിയിൽ കയറി കതകടച്ചു.

നോക്കുമ്പോഴുണ്ട് കാശി കട്ടിലിൽ ഇരുന്നു വയറു പൊത്തി ചിരിക്കുന്നു: “എന്റമ്മേ.. എന്നെ കൊണ്ടു വയ്യ.. രണ്ടു ശരീരവും ഒരു ആത്മാവും ആയി കഴിഞ്ഞവരാ. എന്തൊക്കെ ആയിരുന്നു. ഒരു പാത്രത്തിലെ കഴിക്കൂ, ഒരു പായയിലെ കിടക്കൂ.. ഇപ്പോൾ നേരിൽ കണ്ടാ മിണ്ടില്ല. അല്ല തനു, നിനക്കെന്താ അവളോട് മിണ്ടിയാൽ? പാവം അല്ലെ എന്റെ നീലു?” “നിങ്ങളുടെ നീലുവോ? എന്നാൽ പിന്നെ പോയി അവളുടെ കൂടെ കിടന്നോ” തനു വീണ്ടും പഴയ തനു ആയി. കാശിയെ വലിച്ചു കട്ടിലിൽ നിന്ന് താഴെയിടാൻ നോക്കി. അവൻ കയ്യിൽ പിടിച്ചു വലിച്ച് അവളെ തന്റെ മേലേക്ക് കിടത്തി.

തനുവിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. ചെന്നിയിൽകൂടി വിയർപ്പൊഴുക്കി. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. തനുവിന്റെ പേടി മനസിലാക്കി കാശി അവളിൽ നിന്ന് അകന്നുകിടന്നു. കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടാതെയിരുന്നു. “എനിക്ക് പറ്റുന്നില്ല കാശിയേട്ടാ.. അറിഞ്ഞുകൊണ്ട് അല്ലെങ്കിലും എനിക്ക് സംഭവിച്ച ദുരന്തത്തിന് അവളും കാരണക്കാരി ആണെന്നൊരു തോന്നൽ ആണ്. അവളുടെ മുഖം കാണുമ്പോ അന്നത്തെ സംഭവം ആണ് മനസിൽ വരുന്നത്.” കാശി അവളെ തന്നോട് ചേർത്തുപിടിച്ചു. അവളുടെ എല്ലാ വേദനകളും മറക്കാൻ അതുമാത്രം മതി എന്നവന് അറിയാമായിരുന്നു.

“ഒരു കണക്കിന് അത് നല്ലതാ തനു. അവളുടെ ഈ മാറ്റത്തിൽ എനിക്കത്ര വിശ്വാസം പോരാ” “അതെന്താ അങ്ങനെ?” “അതിപ്പോ.. അങ്ങനെ പെട്ടന്ന് ഒരു ദിവസം കൊണ്ട് മാറാൻ ആർക്കെങ്കിലും പറ്റുമോ? പറ്റിയാൽ തന്നെ ഒരു സാഹചര്യം വരുമ്പോ അവര് പിന്നെയും പഴയപോലെ ആകും. പിന്നെ നീലുവിന്റെ കാര്യത്തിൽ എല്ലാവരുടെയും കണ്ണിൽ പൊടിയിടാൻ ഉള്ള നാടകം ആണോ അവളുടേത് എന്ന് എനിക്ക് സംശയമുണ്ട്.” തനു ഒന്നും മിണ്ടിയില്ല. അവൾക്കും എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു. ഈ സമയം തന്റെ മുറിയിൽ ഭ്രാന്തുപിടിച്ച് ഇരിക്കുകയാണ് നീലു.

തനുവിനോട് ചെയ്തതിൽ ഇന്നുവരെ ആത്മാർഥമായ കുറ്റബോധം ഉണ്ടായിരുന്നു അവൾക്ക്. “തനുവിനോടൊന്ന് തുറന്നു സംസാരിക്കാൻ രണ്ടു ദിവസമായി പട്ടിയെപോലെ പിന്നാലെ നടക്കുകയാണ്. അവളാണെങ്കിൽ കണ്ട ഭാവം പോലും ഇല്ല. ഇവിടെ എല്ലാവരും വന്നപ്പോൾ മുതൽ അവരുടെ പിന്നാലെ ആണ്. ഇഷ്ടമുള്ളത് ഉണ്ടാക്കുന്നു, കഴിപ്പിക്കുന്നു, വിശേഷം ചോദിക്കുന്നു.. ഇത്രയും ദിവസം എന്നോട് മിണ്ടാതെ നടന്ന ഏട്ടന്മാർക്ക് ആണെങ്കിൽ തനുവിനോടും കാശിയേട്ടനോടും മിണ്ടുമ്പോൾ തേനോലിച്ചു ചാടുകയാണ്. അവർ മാത്രമല്ല, കാശിയേട്ടനും തനുവും വന്നതിന് ശേഷം ഇവിടെ ഞാനെന്നൊരാൾ ഉള്ള ഭാവം പോലും കാണിക്കുന്നില്ല ആരും.

എന്നെ സ്നേഹത്തോടെ നോക്കിയിയുന്ന കണ്ണുകൾ അവളുടെ നേരെ തിരിയുമ്പോൾ താങ്ങാൻ പറ്റുന്നില്ല. അല്ലെങ്കിലും ഞാൻ സ്വന്തം മകൾ അല്ലല്ലോ. അപ്പോ പിന്നെ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.” കാശിയോട് പഴയ ഫീലിംഗ്‌സ് ഒന്നുമില്ല ഇപ്പോൾ. പക്ഷെ തനുവിനോട് ഉള്ളിൽ കുഴിച്ചുമൂടിയ അസൂയ വീണും മുളപൊട്ടി വരുന്നത് അവളറിഞ്ഞു. തനുവിന്റെ അവഗണന കൂടി വളമായപ്പോൾ അത് വളർന്ന് വെറുപ്പായി മാറി തുടങ്ങിയിരുന്നു. മയക്കം കഴിഞ്ഞു മുറിക്ക് വെളിയിൽ ഇറങ്ങിയ തനുവിന്റെ കയ്യിൽ പിടിച്ചു വലിച്ച് സ്വന്തം റൂമിലേക്ക് കൊണ്ടുപോയി നീലു:

“നിനക്കെന്താ എന്നോട് സംസാരിച്ചാൽ കുഴപ്പം? വിളിച്ചാൽ ഫോൺ എടുക്കില്ല, മെസേജിന് റിപ്ലൈ ഇല്ല.. ഇപ്പോൾ തന്നെ രണ്ടു ദിവസം ആയി ഞാൻ നിന്റെ പിന്നാലെ ഒന്നു സംസാരിക്കാനായി നടക്കുന്നു. കണ്ട ഭാവം ഉണ്ടോ നിനക്ക്?” “നീലു എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല പക്ഷെ പഴയതുപോലെ ഒരു അടുപ്പം ഇപ്പോ തോന്നുന്നില്ല. അതാണ്…” “അത് എന്തുകൊണ്ടാണ് എന്നാ എനിക്ക് അറിയേണ്ടത്. അന്ന് ഞാൻ പറഞ്ഞതെല്ലാം കേട്ട് കരഞ്ഞുകൊണ്ട് പോകുമ്പോഴും നിനക്ക് അറിയാമായിരുന്നു, അതല്ല സത്യം എന്ന്.

നീയല്ല, ഞാൻ ആണ് അനാഥയെന്ന്. എന്നിട്ടും നീ ഇറങ്ങിപ്പോയി. ദൈവം സഹായിച്ചു കുഴപ്പമൊന്നും കൂടാതെ തിരിച്ചു വരികയും ചെയ്തു. ഇവിടെല്ലാവരും എന്നോട് ക്ഷമിച്ചു. എന്നിട്ടും നിനക്കെന്താ എന്നോട് ക്ഷമിക്കാൻ പറ്റാത്തത്?” “എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ലന്ന് ഞാൻ പറഞ്ഞു നീലു. മറ്റൊന്നും എനിക്ക് പറയാനില്ല.” “എല്ലാം കൂടി എനിക്ക് ഭ്രാന്തു പിടിക്കുകയാണ്. എല്ലാവരും എന്നെ അവഗണിക്കുകയും നിന്നെ ചേർത്തുപിടിക്കുകയും ചെയ്യുന്നത് കാണുമ്പോ നിയന്ത്രണം വിട്ടു പോകുകയാ.

നിനക്കറിയോ അന്നത്തെ സംഭവം കഴിഞ്ഞതിൽ പിന്നെ ഏട്ടന്മാർ രണ്ടുപേരും എന്നോട് മിണ്ടിയിട്ടില്ല. അച്ചന്മാരും അമ്മമാരും ഒക്കെ നീ വരുന്നത് വരെ എന്റടുത്ത് പഴയതുപോലെ ആയിരുന്നു. ഇപ്പോൾ നീ വന്നതിന് ശേഷം അവരും എന്നെ കണ്ട ഭാവം നടിക്കുന്നില്ല. കാശിയേട്ടൻ എനിക്ക് വേണ്ട. നീ എടുത്തോ. പക്ഷെ എനിക്കും ആരെങ്കിലും ഒക്കെ വേണം തനു. അനാഥയായി എനിക്ക് ജീവിക്കേണ്ട. ഇത്രയും കാലം എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയും ഏട്ടന്മാരും ചേച്ചിയും ബന്ധുക്കളും എല്ലാം.. ഇനി നീ കാരണം അതെല്ലാം ഇല്ലാതെ ആയാൽ സഹിക്കില്ല ഞാൻ.

ഇത്രനാളും ഈ വീട്ടിൽ എനിക്ക് ശേഷമാണ് നിന്റെ സ്ഥാനം. ഇനിയും അങ്ങനെ മതി. മനസിലാകുന്നുണ്ടോ നിനക്ക്?” കല്യാണ തലേന്ന് താൻ കണ്ട അതേ ഭാവമാണ് ഇപ്പോൾ നീലുവിന് എന്നവൾ ഓർത്തു. തനു ഭീതിയോടെ മുറിക്ക് പുറത്തേക്ക് പോയി. അവൾ പോകുന്ന വഴി നോക്കി എരിയുന്ന കണ്ണുകളുമായി നിൽക്കുകയായിരുന്നു നീലു. കാശിയെ കണ്ടപ്പോൾ അവൾ പെട്ടന്ന് അകത്തേക്ക് വലിഞ്ഞു. നീലു പറഞ്ഞതൊന്നും കേട്ടില്ലെങ്കിലും എന്തോ കുഴപ്പം ഉണ്ടെന്ന് അവനു മനസിലായി. തനു കാശി അടക്കം ആരോടും ഒന്നും പറഞ്ഞില്ല.

പരമാവധി നീലുവിനെ വേദനിപ്പിക്കാതെ ഇരിക്കാൻ എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിന്നു. ഇനിയും താൻ കാരണം അവൾക്ക് അനാഥത്വബോധം ഉണ്ടാകാൻ ഇടയാക്കില്ല എന്നവൾ നിശ്ചയിച്ചിരുന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ കാശി തനുവിന്റെ വലതുവശത്തും നീലു ഇടതുവശത്തും വന്നിരുന്നു. എല്ലാവരുടെയും ശ്രദ്ധ തനുവിലേക്ക് ആയതുകൊണ്ട് തന്നെ നീലുവിന്റെ മ്ലാനമായ മുഖം ആരും ശ്രദ്ധിച്ചില്ല. തന്നെ പരിഗണിക്കാതെ എല്ലാവരും തനുവിനെ ശ്രദ്ധിക്കുന്നത് നീലുവിൽ നീരസം ഉണ്ടാക്കി. അവൾക്ക് ആ നിമിഷത്തിൽ തനുവിനോട് കടുത്ത വിരോധം തോന്നി.

തനു വെള്ളമെടുക്കാൻ എഴുന്നേറ്റ സമയത്തു ആരും കാണാതെ അവളിരുന്ന കസേര കാലുകൊണ്ട് പുറകിലേക്ക് മാറ്റിയിട്ടു നീലു. എന്നിട്ട് ഒന്നും അറിയാത്തത് പോലെ കഴിച്ചുകൊണ്ടിരുന്നു. തനു ഇതറിയാതെ ഇരിക്കാൻ പോയപ്പോഴേക്കും കാശി അവളെ ഇടുപ്പിൽ പിടിച്ചു വീഴാതെ നിർത്തി. തനുവിന്റെ കയ്യിലെ ഗ്ലാസ് താഴെ വീണു പൊട്ടി ചിതറി. എല്ലാ കണ്ണുകളും അവളിലേക്കായി. അബദ്ധം പറ്റിയതാണെന്ന് കരുതി എല്ലാവരെയും നോക്കി ഒന്നിളിച്ചു കാണിച്ച ശേഷം കാശിയുടെ കയ്യെടുത്തു മാറ്റി കസേര നേരെയിട്ട് തനു ഇരുന്നു.

“നീ ഇതുവരെ വീഴാതെ ഒന്ന് ഇരിക്കാൻപോലും പടിച്ചില്ലേ തനു?” ഹരിയുടെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. കാശിയുടെ മാത്രം കണ്ണുകൾ നീലുവിന്റെ നേരെ ആയിരുന്നു. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയത് അവൻ മാത്രം തിരിച്ചറിഞ്ഞു. തനുവിന്റെ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം നീലുവാണെന്ന് കാശിക്കു ഊഹിക്കാൻ കഴിഞ്ഞു. അവൻ അത് തനുവിന്റെ ഏട്ടന്മാരോട് പങ്കുവച്ചു. എന്തായാലും, അവൾ എവിടെ വരെ പോകും എന്ന് നോക്കാൻ അവർ നിശ്ചയിച്ചു.

“ഇതിപ്പോൾ നീലുവിന്റെ മാത്രം കുറ്റം അല്ല. നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്. ഇത്രയും കാലം രാജകുമാരിയെപ്പോലെ കണ്ടിട്ട് പെട്ടന്ന് ഒരു ദിവസം മുതൽ മാറ്റി നിർത്തിയാൽ അവൾക്ക് അത് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഞാൻ മനസിലാക്കിയേടത്തോളം എന്നോട് അവൾകുണ്ടായിരുന്ന ഇഷ്ടമൊക്കെ അന്നേ അവസാനിച്ചു. ഇപ്പോൾ അവളെ നിങ്ങൾ രണ്ടാളും പിന്നെ തനുവും അവഗണിക്കുന്നു. പിന്നെ ഞങ്ങൾ വന്നതോടെ എല്ലാവരുടെയും ശ്രദ്ധ എന്നിലും തനുവിലും ആയി. ഇതൊക്കെയാണ് അവളെ അസ്വസ്ഥയാക്കുന്നത്.”

“വെൽ ഡൻ മിസ്റ്റർ കൈലാസ് നാഥ്‌ IPS. നന്നായി മനസിലാക്കിയല്ലോ എന്നെ..” മനസിൽ പറഞ്ഞു പല്ലു ഞെരിച്ചുകൊണ്ട് ഇതെല്ലാം വാതിലിന്റെ മറവിൽ നിന്ന് കെട്ടുകൊണ്ടിരുന്നു നീലു തിരിച്ചുപോയി. “അതിപ്പോ സത്യം അറിയുമ്പോൾ അവൾ ഞങ്ങളെ വിട്ടു പോകാതെ ഇരിക്കാനാണ് എല്ലാവരും അവളെ കൂടുതൽ പരിഗണിച്ചത്. സ്വഭാവം ഇതാണെന്ന് നമ്മൾ അന്ന് അറിഞ്ഞില്ലല്ലോ.” തരുൺ പറഞ്ഞു. തനയ് അവനെ പിന്താങ്ങി: “അതേ. അറിഞ്ഞോ അറിയാതെയോ അവൾ കാരണം ആണ് തനുവിന് ഇപ്പോഴത്തെ അവസ്ഥ വന്നത്.

അവളോട് അതെല്ലാം മറന്ന് പെരുമാറാൻ ഞങ്ങൾക്ക് കഴിയില്ല.” “എന്താണ് അളിയന്മാർ തമ്മിലൊരു രഹസ്യ സംഭാഷണം?” അവിടേക്ക് വന്ന ഹരിയും ശിവനും അവരോടൊപ്പം ഇരുന്നു. എന്തു മറുപടി പറയണം എന്നറിയാതെ തനയ്യും തരുണും കാശിയെ നോക്കി. അവരെന്തെങ്കിലും കേട്ടോ എന്ന ചിന്തയും അവരെ അസ്വസ്ഥരാക്കി.

തുടരും-

ഭാര്യ : ഭാഗം 9