Friday, January 17, 2025
Novel

ഭാര്യ-2 : ഭാഗം 4

എഴുത്തുകാരി: ആഷ ബിനിൽ

“എവിടേക്കാ പോകേണ്ടത്..?” അവൻ ചോദിച്ചു. “അത്.. അത്താണി ജങ്ഷനിൽ നിന്ന് ലെഫ്റ്റ് വഴി രണ്ടാമത്തെ ലെയിനിൽ മൂന്നാമത്തെ വീടാണ്” “അടിപൊളി. ഒന്നും മനസിലായില്ല. അത്താണി ചെന്നിട്ട് വഴി പറഞ്ഞു തന്നാൽ മതി” പിന്നീട് രണ്ടാളും ഒന്നും സംസാരിച്ചില്ല. അത്താണി എത്തിയപ്പോൾ നീലു അവന് വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. “അമ്പോ.. യമണ്ടൻ വീടാണല്ലോ” അവൻ ചെമ്പമംഗലം വീടിന് മുന്നിൽ നിന്നു പറഞ്ഞു. “പഴയ തറവാടാണ്. വരൂ കയറിയിട്ട് പോകാം.” “ഇല്ല. പോയെക്കുവാ…” തിരികെ പോകാൻ തുനിഞ്ഞ അവൻ എന്തോ ഓർത്തതുപോലെ വണ്ടി ഒതുക്കി അവൾകൊപ്പം നടന്നെത്തി.

“അല്ലെങ്കി ഞാൻ കൂടെ വരാം. ഈ നേരത്തു പെങ്ങളെ ഇവിടെ ഇറക്കി വിട്ടിട്ട് ചുമ്മാ അങ്ങു പോയാൽ ആളുകൾക്ക് അതു മതി എന്തെങ്കിലും പറഞ്ഞുണ്ടാക്കാൻ” നീലു അത്ഭുതത്തോടെ അവനെ നോക്കി. പിന്നെ പുഞ്ചിരിച്ചു. “നീ എന്താ മോളെ വൈകിയത്? നിന്റെ വണ്ടി എവിടെ? ആരാ ഇത്?” ഗീത വ്യാകുലതയോടെ ചോദിച്ചു. അവരും ശിവനും മുറ്റത്തേക്ക് ഇറങ്ങിവന്നു. “അമ്മേ അത് വണ്ടി ഇടക്ക് വച്ചു ഓഫ് ആയി പിന്നെ ഇത്….” “ഞാൻ അനീഷ്. വീട് ഇടുക്കിയാ. പെങ്ങള് വണ്ടി ഓഫ് ആയി വഴിയിൽ നിക്കുന്നത് കണ്ടപ്പോ വീട്ടിൽ കൊണ്ടുവിടാമല്ലോ എന്നു കരുതി വന്നതാ.” “മോനിരിക്കൂ. ചായ കുടിക്കാം.”

“അയ്യോ വേണ്ട അമ്മേ. ഞാനങ്ങു ഇറങ്ങിയെക്കുവാ.ഇപ്പത്തന്നെ താമസിച്ചു.” അതും പറഞ്ഞു നീലുവിന്റെ നേരെ തിരിഞ്ഞു: “പോട്ടേ പെങ്ങളെ” അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ. ഒരു നന്ദിവാക്ക് പറയാൻ പോലും സമയം നൽകാതെ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ നടന്നകന്നു. ഇതെന്ത് മനുഷ്യൻ എന്ന മട്ടിൽ നീലു ആ പോക്ക് നോക്കിനിന്നു. പിന്നെ അച്ഛനും അമ്മക്കും ഒപ്പം അകത്തേക്ക് കയറി. “ഇപ്പോ എങ്ങനെ ഉണ്ട് അമ്മേ?” “എനിക്കൊരു കുഴപ്പവും ഇല്ല. നീ പോയി വേഷം മാറി വാ. ഞാൻ കഴിക്കാനെടുക്കാം. പിന്നെ ഇനി മുതൽ രാത്രി വൈകിയുള്ള പരിപാടികൾ ഒന്നും ഇനി വേണ്ട.

ഇന്ന് ആ പയ്യൻ വന്നതുകൊണ്ട്.. അല്ലെങ്കിലോ. ഇപ്പോഴത്തെ കാലം ആണ്.” ഈ നൃത്തവും സംഗീതവും ഒക്കെയാണ് ഇപ്പോൾ നീലുവിന്റെ ജീവശ്വാസം. എങ്കിലും അവരുടെ ആധി അറിയാവുന്നത് കൊണ്ട് അവർ അവരോട് എതിർത്തു സംസാരിക്കാൻ പോയില്ല. കഴിക്കാൻ ഇരിക്കുമ്പോഴും ഗീത അതിനെ കുറിച്ചു തന്നെ സംസാരിച്ചുകൊണ്ടിരുന്നു. “താര വിളിച്ചിരുന്നു. അടുത്ത മാസം അവര് നാട്ടിലേക്ക് വരുന്നുണ്ടത്രേ. തൻവിമോളെ പ്ലസ് വണ്ണിന് ഇവിടെ ചേർക്കാനാ പ്ലാൻ” താരയും രാജീവും പന്ത്രണ്ട് വർഷത്തോളമായി UK യിൽ ആണ്. രാജീവിന്റെ വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ആണ് പോയതെങ്കിലും ഇപോൾ അവിടെ സെറ്റിൽ ആകണം എന്നാണ് അവരുടെ പ്ലാൻ.

ഇഷാനി എന്നൊരു മകൾ കൂടിയുണ്ട് ഇപ്പോൾ അവർക്ക്. ആറാം ക്ലാസിൽ പഠിക്കുന്നു. “ആഹാ. അത് നല്ല കാര്യമല്ലേ.. അവള് ഇവിടെ വന്നു നിൽക്കട്ടെ..” അപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും മുഖത്തെ തെളിച്ചകുറവ് നീലു ശ്രദ്ധിച്ചത്. താൻ അനീഷിന്റെ കൂടെ വന്നതിന്റെ അല്ല ഇതെന്ന് ഉറപ്പാണ്. “അച്ഛാ. എന്തെങ്കിലും പ്രശ്നം ഉണ്ടോ?” അത് കേട്ടപ്പോൾ ശിവൻ ഒന്ന് ഞെട്ടി എന്ന് തോന്നി. “ഹേയ്. ഒന്നും ഇല്ല മോളെ” “പിന്നെന്താ മുഖം ഇങ്ങനെ?” അയാൾ ഒന്ന് പതറി. “മോളെ അത്.. ആ കല്യാണം… അത് നടക്കില്ല മോളെ….” പ്രതീക്ഷിച്ചത് ആണെങ്കിലും നീലുവിലും അകാരണമായ ഒരു വേദന നിറഞ്ഞു.

“എന്തു പറ്റി അച്ഛാ..?” “അവര് ഇവിടുന്ന് പോകുന്ന വഴി വണ്ടി ഏതോ പോസ്റ്റിൽ ഇടിച്ചു ആക്സിഡന്റ് ആയി മോളെ. ആകാശിന്റെ അച്ഛൻ മൂന്ന് ദിവസം ആശുപത്രിയിൽ ആയിരുന്നു. ബോധം വന്ന ഉടനെ ആൾ പറഞ്ഞെന്ന്: ഈ കല്യാണം ഒഴിവാക്കാൻ. നിന്റെ ജാതക ദോഷം കൊണ്ടാണ് അവർക്ക് അപകടം ഉണ്ടായതെന്ന്” “ആഹാ. നല്ല ബെസ്റ്റ് കാരണം. അവര് ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചതുകൊണ്ടല്ല, എന്റെ ജാതക ദോഷം കൊണ്ടാണ് അപകടം. അടിപൊളി” അച്ഛന്റെയും അമ്മയുടെയും മുഖത്തെ ദുഃഖം നീലുവിന്റെയും വേദനിപ്പിച്ചു.

“ശെ.. നിങ്ങൾ രണ്ടുപേരും ഇങ്ങനെ വിഷമിക്കാൻ മാത്രം ഇവിടെ എന്താ ഉണ്ടായത്? ഈ ആക്സിഡന്റ് കല്യാണം നടന്ന ഉടനെ ആയിരുന്നു എങ്കിൽ ജീവിതകാലം മുഴുവൻ ഞാനീ പഴിയും കേട്ട് ആ വീട്ടിൽ ജീവിക്കേണ്ടി വരില്ലായിരുന്നോ? ഇതിപ്പോ നന്നായല്ലേ ഉള്ളൂ.” ആ രീതിയിൽ ചിന്തിച്ചപ്പോൾ അവൾ പറയുന്നത് ശരിയാണ് എന്നു തോന്നി. പക്ഷെ അപ്പോഴും നീലുവിന്റെ ഭാവി ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ തുടർച്ചയായി ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് നീലു കണ്ണ് തുറന്നത്. കാശിയാണ്. “എന്താ ഏട്ടാ രാവിലെ?” “നീലു.. നീ.. നീയൊന്നും അറിഞ്ഞില്ലേ?”

“ഇല്ല. എന്തു പറ്റി?” പിന്നീട് അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് നീലുവിന്റെ ഉറക്ക ക്ഷീണം എല്ലാം പമ്പകടന്നു. കോൾ കട്ട് ചെയ്യാതെ തന്നെ നീലു പോയി TV ഓൺ ചെയ്തു. അവളാണ് അന്നത്തെ ന്യൂസിലെ ശ്രദ്ധാ കേന്ദ്രം. അടുത്തിടെ നടന്ന ഒരു ടെൻഡറിൽ നീലു വൻ അഴിമതി നടത്തി എന്നാണ് വാർത്ത. പത്തു ലക്ഷം രൂപ കോഴ വാങ്ങി അർഹതായില്ലാത്ത ആളുകൾക്ക് ടെൻഡർ നൽകിയത് വഴി അവൾ സർക്കാരിന് വലിയ നഷ്ടം ആണത്രേ ഉണ്ടാക്കിയത്. നീലുവിന്റെ കണ്ണുകളിൽ ഇരുട്ടു കയറി. മനസാ വാചാ അറിഞ്ഞ കാര്യമല്ല. ഓഫീസിൽ പലരും ആ പാർട്ടിയുടെ ഓഫർ ഏറ്റെടുത്തു കിട്ടുന്ന പണവും വാങ്ങി കയ്യിൽ പിടിക്കാൻ പറഞ്ഞിട്ടും ശരിയായ രീതിയിൽ തന്നെയാണ് ഒക്കെ ചെയ്തത്.

പിന്നെങ്ങനെ..? ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായലോ എന്നു കരുതി അവരുമായുള്ള മുഴുവൻ സംഭാഷണങ്ങളും അവൾ റെക്കോർഡ് ചെയ്തിരുന്നു. അത് കൂടാതെ ഓഫീസിലെ തന്റെ ലോക്കറിൽ ചില രേഖകളും സൂക്ഷിച്ചിട്ടുണ്ട്. ഒരു സംശയം തോന്നി സൂക്ഷിച്ചത് ആണെങ്കിലും ഇപ്പോൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ ആ രേഖകൾക്ക് കഴിയും എന്നൊരു ഉറപ്പ് അവൾക്ക് തോന്നി. അല്ലെങ്കിലും അങ്ങനെയൊന്നും തളർന്ന് പോകുന്നവൾ അല്ലല്ലോ നീലു..! കാശിയോട് സംസാരിച്ചിരിക്കെ തന്നെ പുറത്തു പോലീസ് എത്തി. വിജിലൻസിൽ നിന്ന് വാറണ്ട് ഉണ്ടാകാൻ ചാൻസ് ഉണ്ടെന്ന് കാശി അവളെ അറിയിച്ചു.

കയ്യിലുള്ള രേഖകൾ എല്ലാം കാശിക്ക് അയച്ച ശേഷമാണ് പോയി വാതിൽ തുറന്നത്. കോൾ ഹിസ്റ്ററിയും ഡിലീറ്റ് ചെയ്തു. റെക്കോർഡ്‌സ് ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്തു കാശിക്കും തനുവിനും മെയിലും അയച്ച ശേഷം ഫോണിൽ നിന്ന് കളഞ്ഞു. ബാക്കിയുള്ള രേഖകൾ എല്ലാം അവൻ നീലുവിന്റെ ഓഫീസിൽ നിന്ന് എടുക്കാം എന്നു സമ്മതിച്ചിട്ടുണ്ട്. ഇതിനിടയിൽ ശിവനും ഗീതയും തനയ്യെയും തരുണിന്റെയും വിവരം അറിയിച്ചു. അവർ ഉടനെ എത്താം എന്ന് ഉറപ്പുകൊടുത്തു. വർഷങ്ങളോളം സർക്കാർ സർവീസിൽ ഇരുന്ന് വിരമിച്ച അവർക്ക് മകളുടെ നേരെയുള്ള ആരോപണം വളരെ ദുഃഖകരമായിരുന്നു.

നീലുവിന്റെ പത്തു വർഷത്തിൽ ഏറെ നീണ്ടു നിൽക്കുന്ന ഔദ്യോഗികജീവിതത്തിലും ആദ്യമാണ് ഇത്തരം ഒരു അനുഭവം. ആരോ പണി തന്നതാണ് എന്നു വ്യക്തം. പക്ഷെ ആര്..? “നീലിമ ഹരിപ്രസാദ് അല്ലെ..?” SI ചോദിച്ചു. രണ്ടാഴ്ച മുൻപ് സ്ഥലം മാറി വന്നയാൾ ആണ്. മകളെ ഡാൻസ് സ്‌കൂളിൽ ചേർക്കാൻ വന്നപ്പോൾ മോശമായി സംസാരിച്ചതിനും പെരുമാറിയത്തിനും നീലു കണക്കിന് കൊടുത്തിരുന്നു. അവളെ തീരെ പരിചയം ഇല്ലാത്തത് പോലെയാണ് ഇപ്പോൾ സംസാരം. “അതേ..” “മേടത്തിന് നേരെ ഒരു വാറന്റുണ്ട്. സ്റ്റേഷൻ വരെ ഒന്നു വരേണ്ടി വരും.” അപ്പോഴേക്കും തനയ്യും മീനാക്ഷിയും കുട്ടികളുമൊക്കെ എത്തി.

നീലു എല്ലാവരെയും സമാധാനിപ്പിച്ചു. വേഷം മാറാൻ അനുവാദം ചോദിച്ചപ്പോൾ വളരെ ബുദ്ധിമുട്ടി എന്ന മട്ടിൽ ആണ് അയാൾ സമ്മതിച്ചത്. ഫോൺ അവർ വാങ്ങി വച്ചു. അവൾ പല്ലു തേച്ചു മുഖവും കഴുകി ഒരു കോട്ടൻ സാരി ഉടുത്തിറങ്ങി. തനിക്ക് നേരെ ഉയർന്ന ആരോപണത്തെക്കാളും അപ്പോൾ ആ SIയുടെ കണ്ണുകളിലെ ആർത്തി കണ്ടിട്ടും പ്രതികരിക്കാൻ കഴിയാത്തതിൽ ആണ് അവൾക്ക് കൂടുതൽ വേദന തോന്നിയത്. കൂടെയുള്ള വനിതാ പൊലീസുകാർ തന്നെ സഹതാപത്തോടെ നോക്കുന്നതും അവൾ കണ്ടു. പോലീസ് ജീപ്പിന്റെ പുറകിൽ ഇരുന്ന് പോകുമ്പോൾ ഒരല്പം പോലും ഭയം നീലുവിന് തോന്നിയില്ല.

തെറ്റ് ചെയ്യാത്തത് കൊണ്ടുതന്നെ, രക്ഷപെടാൻ ആകും എന്ന ഉറച്ച വിശ്വാസം അവൾക് ഉണ്ടായിരുന്നു. ഏകദേശം എട്ടുമണി സമയം ആയിരുന്നു. സ്റ്റേഷനിൽ എത്തിച്ച ശേഷം ആരും നീലുവിനെ മൈൻഡ് ചെയ്യുന്നില്ല. ഓരോരുത്തരും അവരവരുടെ ജോലികളിൽ മുഴുകി ഇരിക്കുകയാണ്. കുറച്ചു നേരം ശങ്കിച്ചു നിന്ന ശേഷം നീലു അവിടെയുള്ള ബെഞ്ചിൽ കയറിയിരുന്നു. സാമാന്യം ഉയർന്ന സർക്കാർ ഉദ്യോഗസ്ഥ ആയതിനാലും കെട്ടിച്ചമച്ച ആരോപണം ആണ് എന്നു മനസിലായതിനാലും പൊലീസുകാർ എല്ലാവരും അവളോട് മാന്യമായി ഇടപെട്ടു. ഇടക്ക് ഒരു ചായയും കിട്ടി.

വിശപ്പും ക്ഷീണംവും എല്ലാം കൂടി നിറഞ്ഞുനിന്ന സമയത്തു അതൊരു ആശ്വാസം ആയിരുന്നു. സ്റ്റേഷനിൽ എത്തി ഏകദേശം മുപ്പത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നീലുവിനെ SI യുടെ കാബിനിലേക്ക് വിളിപ്പിച്ചു. അവൾ അകത്തു ചെല്ലുമ്പോൾ അയാൾ മാത്രമാണ് അവിടെ ഉള്ളത്. “എന്താണ് സർ?” “ആഹാ. മേഡം വന്നോ.. ഇരി” അയാൾ പുച്ഛസ്വരത്തിൽ പറഞ്ഞു. അവൾ അയാൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നു. ആ മുഖത്തു ഭയത്തിന്റെ ലാഞ്ചനപോലും കാണാത്തത് SIയെ അത്ഭുതപ്പെടുത്തി. അയാൾ തന്റെ സീറ്റിൽ നിന്നെഴുന്നേറ്റ് അവൾക്ക് പിന്നിൽ പോയി നിന്നു കസേരയിൽ തന്റെ ഇരുകൈകളും പിടിച്ചു. “മേടത്തിന്റെ ചേച്ചിയുടെ കെട്ടിയോൻ വന്ന് രക്ഷപ്പെടുത്തും എന്നെനിക്കറിയാം.

പക്ഷെ അവന്റെ കയ്യിൽ ആവശ്യത്തിന് പ്രൂഫ് കിട്ടാനും അതും കൊണ്ട് വക്കീലിനെ കാണാനും ഒക്കെ അല്പം സമയം എടുക്കും. അതിന് മുൻപ് ഒന്നു വിശദമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ്.” നീലു കസേരയിൽ നിന്നെഴുന്നേറ്റ് അയാൾക്ക് അഭിമുഖമായി കൈ കെട്ടി നിന്നു. “ഒരു സ്ത്രീയെ ചോദ്യം ചെയ്യണമെങ്കിൽ വനിതാ പോലീസ് കൂടെ വേണം എന്നറിയില്ലേ SI സാറിന്. പിന്നെ എന്റെ കേസ് വിജിലൻസിന്റെ പരിധിയിൽ വരുന്നതാണ്. ചോദ്യം ചെയ്യാൻ അവർക്കല്ലേ അധികാരം?” “ഫാ….. നീയെന്നെ നിയമം പടിപ്പിക്കുന്നോടി പുന്നാര മോളെ..? ഓർമയുണ്ടോ രണ്ടാഴ്ച മുൻപ് ഞാൻ നിന്നോട് രണ്ടു കൊച്ചുവർത്തമാനം പറയാൻ വന്നപ്പോ ആട്ടി ഇറക്കി വിട്ടത്..?

അന്ന് നീയെന്താ പറഞ്ഞത്? SI അവനവന്റെ പണി നോക്കിയാൽ മതി, മോളെ ചേർക്കാൻ വന്നതാണെങ്കിൽ ചേർത്തിട്ടു പോകാൻ അല്ലെ..? അന്ന് മുതൽ ഞാൻ നോക്കി വച്ചതാ നിന്നെ. ഇപ്പോ ദൈവമായി എനിക്കൊരു അവസരം തന്നതാണ്. ഇപ്പോ ഞാൻ എന്റെ പണി തന്നെ നോക്കാൻ ആണ് പോകുന്നത്. നിന്റെ IPS കാരൻ ചേട്ടൻ വരുന്നതിന് മുൻപ് നിന്നെ ശരിക്കൊന്നു കാണുന്നുണ്ട് ഞാൻ” അയാൾ അവളുടെ തൊട്ടു മുന്പിലെത്തി. ആ മുഖത്തു കാമവും പകയും ഒരുപോലെ നിറയുന്നത് നീലു കണ്ടു. (തുടരും)-

ഭാര്യ-2 : ഭാഗം 3