Saturday, January 18, 2025
Novel

ഭദ്രദീപ് : ഭാഗം 8

എഴുത്തുകാരി: അപർണ അരവിന്ദ്


വീഴുമ്പോൾ താങ്ങാനോരു കൈയുണ്ടാവണമെന്ന് ആശിക്കാത്തവരായി ആരുണ്ട്.. ചില നിമിഷങ്ങൾ അങ്ങനെയാണ് സങ്കടങ്ങൾ എത്ര പിടിച്ചുവെയ്ക്കാൻ നോക്കിയാലും ചിലരുടെ മുൻപിൽ അറിയാതെ അണപൊട്ടി ഒഴുകാൻ തുടങ്ങും…

വിഷമങ്ങൾ കണ്ണുനീരായ് പൊഴിഞ്ഞുവീഴുമ്പോൾ ചെറിയൊരാശ്വാസം തോന്നി.. തൊണ്ടയിടറുന്നുണ്ടായിരുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോളാണ് ഞാൻ ചെയ്തതെന്താണെന്ന് ബോധം വന്നത്.. പെട്ടന്ന് തന്നെ ദീപക് സാറിനെ തള്ളിമാറ്റി..

സോറി… ഞാൻ…
എന്ത് പറയണമെന്നറിയാതെ ഞാൻ വിക്കി വിക്കി നിന്നു..
സാറിന്റെ ഷർട്ട്‌ എന്റെകണ്ണുനീരാൽ കുതിർന്നിരുന്നു..

എന്തിനാണ് സോറി.. ഞാനല്ലേ തന്നെ ചേർത്ത് പിടിച്ചത്.. വിഷമം വരുമ്പോൾ ചേർത്ത് പിടിക്കാൻ വേണ്ടിയാണ് ഈശ്വരൻ നമുക്ക് കൈകൾ നൽകിയത്, ഒന്ന് തളരുമ്പോൾ തലചായ്ക്കാനാണ് ഈ തോളുകൾ.. താൻ ചെയ്തതിൽ എന്താണ് തെറ്റ്.. നിന്റെ വിഷമം ഞാൻ പങ്കിട്ടെടുത്തതാണ്..അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല..

തെറ്റുണ്ട് സാർ… തെറ്റുണ്ട്..
സങ്കടങ്ങൾ ഇപ്പോളെന്റെ കൂടപ്പിറപ്പ്പോലെ ആയി.. എന്നും കൂട്ടിന് അവയുണ്ട്..
സാർ ചേർത്ത് പിടിക്കേണ്ടത് എന്റെ കൈകളല്ല, മറിച്ച് നന്ദനയുടെ കൈകളാണ്.. അവൾക് സംരക്ഷണമേകേണ്ട കൈകളാണിത്..ഞാൻ പെട്ടന്നൊരു നിമിഷം വിഷമം കൊണ്ട് അറിയാതെ ചെയ്തതാണ്.. സാർ മാപ്പാക്കണം..

എന്തുപറയണമെന്നറിയാതെ ഞാനും ദീപക് സാറും മൗനം പാലിച്ചു.. ഒന്നും മിണ്ടാതെ അദ്ദേഹം പോയ്‌ വണ്ടിയിലിരുന്നു.. പിന്നാലെ ഞാനും…

മാനം നന്നായ് കറുത്തിരുന്നു.. എന്റെ ഹൃദയം പോലെ അതും പെയ്ത് തുടങ്ങി… . ദീപക് സാറിനെ കാണുംതോറും കണ്ണുകൾ വീണ്ടും വീണ്ടും നിറയാൻ തുടങ്ങി.. എന്റെ ജീവനേക്കാളേറെ അദ്ദേഹത്തെ ഞാൻ പ്രണയിക്കുന്നുണ്ടെന്ന് മനസിലായ മുഹൂർത്തങ്ങളായിരുന്നു അത്..എപ്പോളാണ് അദ്ദേഹം എന്റെ ഹൃദയം കവർന്നെടുത്തത്,? അറിയില്ല.

പക്ഷേ അദ്ദേഹമില്ലാതെ ഈ ഭദ്ര ഇല്ലയെന്ന്മാത്രമെനിക്ക് മനസിലാകുന്നുണ്ടായിരുന്നു..
സ്വപ്നങ്ങളെല്ലാം നഷ്ടമാവുകയാണ്.. എന്റെ ജീവിതം പോലും മറ്റാരോ കളിക്കുന്ന കളിപ്പാവപോലെയായി.. ജീവനും ജീവിതവും എല്ലാം നഷ്ടമായി…

എനിക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്തത്ര ഉയരങ്ങളിലാണ് ദീപക് സാർ…പക്ഷേ ഞാൻ… ,

എന്റെ കുടുംബം പോലും നശിപ്പിക്കാൻ ചുറ്റിലും ആളുകൾ കാത്തിരിക്കുകയാണ്.. ഞാൻ കാരണം ദീപക് സാറിന്റെ ജീവിതം കൂടെ നശിക്കേണ്ട… ഒന്നാവാൻ കഴിഞ്ഞില്ലെങ്കിലും എന്നും എന്റെ മനസ്സിൽ അദ്ദേഹമുണ്ടാകും.. എന്റെ ജീവനായ്…കരഞ്ഞുകരഞ് ഞാൻ തളർന്നിരുന്നു.

വീടിന്റെ മുൻപിൽ വണ്ടി നിർത്തിയപ്പോളേക്കും അമ്മ പുറത്തേക്ക് വന്നിരുന്നു..അപ്പോളും മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു..കോരിച്ചൊരിയുന്ന മഴകാരണം ചുറ്റുമുള്ളതൊന്നും വ്യക്തമല്ലായിരുന്നു.. ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും സാർ എന്റെ കൈ പിടിച്ച് പിന്നോട്ട് വലിച്ചു.

ഭദ്രേ.. ഈ കൈകൾ മറ്റാരെ ചേർത്തുപിടിച്ചില്ലെങ്കിലും നിന്നെ വാരി പുണരും.. നിന്നെ ചേർത്ത് പിടിക്കാൻ എന്റെ നെഞ്ചം വിങ്ങുന്നുണ്ട്.. നീയല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല.. ഈ ദീപകിനൊര് ഇണയുണ്ടെങ്കിൽ അത് ഭദ്ര ആയിരിക്കും..

എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് കവിളിൽ ചുംബിക്കുമ്പോൾ അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു, ഭദ്ര അദേഹത്തിന്റെ പ്രാണനാണെന്ന്

കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ തരുത്ത് നിന്നു.. അമ്മ കുടയുമായി മുറ്റത്തേക്ക് വന്നപ്പോൾ യന്ത്രികമായ് ഞാനും ഡോർ തുറന്ന് അമ്മയുടെ കൂടെ അകത്തേക്ക് നടന്നു.. നേരം വൈകിയത് കൊണ്ട് വീട്ടിലേക്ക് കയറുന്നില്ലെന്നു പറഞ്‍ ദീപക് സാർ തിരിച്ചുപോയി..

അന്ന് രാത്രി എനിക്കുറക്കമുണ്ടായിരുന്നില്ല.. അമ്മയോട് നടന്നതെല്ലാം വിവരിച്ചു.. അമ്മയ്ക്കും എല്ലാം വലിയൊരു ഷോക്ക്ആയിരുന്നു..

അച്ഛന്റെ പെട്ടന്നുള്ള മരണത്തിന്പോലും ഉത്തരവാദി സുഭദ്ര അപ്പച്ചി ആണെന്നറിഞ്ഞപ്പോൾ അമ്മയും വിശ്വസിക്കാൻ കഴിയാതെ തകർന്നിരുന്നു..

നമുക്ക് നമ്മൾ മാത്രമേ ഉള്ളു അമ്മേ..
പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഞാൻ പറഞ്ഞു.. അമ്മ എന്നെയും ഭാമയെയും ചേർത്ത് പിടിച്ചു..
ആ രാത്രിയുടെ നിശബ്‌ദതയിൽ ഒരമ്മയും രണ്ട് പെൺകുഞ്ഞുങ്ങളും പൊട്ടിക്കരയുന്നത് ആരറിയാൻ..

“.സ്വത്തും മുതലും ഒന്നും വേണ്ടാ… ആരെയും ശല്യം ചെയ്യാതെ നമുക്ക് ജീവിക്കാം.. ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും.ന്റെ കുട്ട്യാൾക്ക് ദൈവം ണ്ട്. ”
അമ്മ ഞങ്ങളെ മാറോടണച്ചുകൊണ്ട് നെഞ്ചുരുകി പറഞ്ഞു.. .

സ്വത്താണ് വേണ്ടതെങ്കിൽ എല്ലാം അവരെടുത്തോട്ടെ.. തല ചായ്ക്കാൻ ഈ കുടില് തന്നെ ധാരാളമാണ്.. ഭാമയെ ഞാൻ പഠിപ്പിക്കും.. ഈ കുടുംബം ഞാൻ പോറ്റും…
എന്റെ വാക്കുകൾ ഉറച്ചതായിരുന്നു.. വീഴ്ചയിൽ നിന്ന് എഴുനേൽക്കാൻ പഠിച്ച ഒരു യോദ്ധാവിന്റെ ധൈര്യം എന്റെ ശബ്ദത്തിനുണ്ടായിരുന്നു.. അമ്മയ്ക്കും അത് വലിയ ആശ്വാസമായെന്ന് തോന്നുന്നു.. ധൈര്യമുള്ള എന്റെ വാക്കുകളാണ് അമ്മയുടെ ഒരേയൊരു സമാധാനം..

കരച്ചിലും പിഴിച്ചിലുമായ് എപ്പോളോ ഉറങ്ങിപ്പോയി.. പിറ്റേന്ന് ലീവ് ഉള്ള ദിവസമായത് കൊണ്ട് വൈകിയാണ് എഴുന്നേറ്റത്..എഴുന്നേറ്റപാടെ കുളിച്ചുപുറപ്പെട്ട് അമ്പലത്തിൽ പോയ്‌, ഭാമയും കൂടെയുണ്ടായിരുന്നു..

സങ്കടങ്ങൾ ദേവിയുടെ കാൽക്കൽ സമർപ്പിച്ചപ്പോൾ മനസ്സൊന്ന് തണുത്തു.. ദേവിയുടെ നടയ്ക്കൽ ഏറെ നേരം ഇരുന്ന ശേഷമാണ് തിരിച്ചുപോന്നത്.. ഈ ക്ഷേത്രത്തിനോട് എന്തോ ഒരിഷ്ടം കൂടുതലാണ്..

പണ്ടേപ്പോളോ അച്ഛന്റെ കൈപിടിച്ച് ഇവിടെ വന്നൊരു ചെറിയ ഓർമയുണ്ട്.. ഇപ്പോളും ഇവിടെ വരുമ്പോൾ അച്ഛൻ കൂടെയുള്ളപോലെ തോന്നും.. അതൊരു ധൈര്യമാണ്.. ചുവന്നപട്ടിൽ അമ്മ തയച്ചുതന്ന പാട്ടുപാവാടയായിരുന്നു ഞാനും ഭാമയും അണിഞ്ഞത്.. പണ്ടത്തെ നല്ലകാലത്തിന്റെ ഗന്ധം അതിനുണ്ടായിരുന്നു..

ഈ വേഷത്തിൽ അച്ഛന്റെ ഭദ്രകുട്ടി സാക്ഷാൽ ദേവിയെ പോലെ സുന്ദരിയാണെന്ന് അച്ഛൻ കവിളിൽ നുള്ളി പറയുമായിരുന്നു.. അച്ഛൻ എപ്പോളും ഞങ്ങളോടൊപ്പമുണ്ട്, ആ സാമിപ്യം ഞാൻ അറിയാറുണ്ട്.. പ്രാർത്ഥനയ്ക്കിടയിൽ എപ്പോളോ ദീപക് സാറിന്റെ മുഖവും മനസ്സിൽ തെളിഞ്ഞു..

എന്താണ് പ്രാർത്ഥിക്കേണ്ടത്… അദ്ദേഹത്തെ എനിക്ക് തന്നേക്കണേ ദേവി എന്ന് പോലും പറയാൻ പറ്റുന്നില്ല..ഭയമാണ്… സുഖമായിരിക്കട്ടെ.. എവിടെയാണെങ്കിലും സന്തോഷമായിരിക്കട്ടെ.. ഒരുപക്ഷെ ഞാൻ അദേഹത്തിന്റെ ജീവിതത്തിൽ കടന്നുചെന്നാൽ ആ കുടുംബംകൂടെ നശിക്കും… വേണ്ടാ..

അദ്ദേഹം സുഖമായിരിക്കട്ടെ എനിക്കത്‌മതി.. അടുത്തജന്മത്തിലെങ്കിലും എനിക്ക് തന്നേക്കണേ ദേവി… ഈ ജന്മത്തിൽ നീ എനിക്ക് നൽകാതെ തട്ടിപ്പറച്ചു.. ഇനിയൊരായിരം ജന്മം അദേഹത്തിന്റെ പെണ്ണായ് എനിക്ക് ജീവിക്കണം.. പൊട്ടിക്കരയാൻ തുടങ്ങുമ്പോളാണ് ഭാമ തട്ടിവിളിച്ചത്.. കണ്ണ് തുടച്ച് വേഗം അമ്പലത്തിൽനിന്നുമിറങ്ങി..
വീട്ടിലേക്ക് കയറുമ്പോൾ തന്നെ ദിയയുടെ ശബ്‌ദം കേട്ടു.. സാറിന്റെ കാറും മുറ്റത്തുണ്ടായിരുന്നു..

ആഹാ.. ഭദ്ര വന്നല്ലോ..
ദിയയും അമ്മയും എന്നെ കണ്ടപാടെ ഓടിവന്നു.. ദീപക് സാറും രാഘവൻ സാറും കൂടെയുണ്ടായിരുന്നു.. അമ്മ എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.. ഇന്നലെ അവിടുന്ന് കരഞ്ഞിറങ്ങിയതിന്റെ സങ്കടം തീർക്കാൻ ഇങ്ങോട്ട് വന്നതാണത്രേ…

എപ്പോൾ വന്നു.. ഞങ്ങൾ അമ്പലത്തിൽ പോയതായിരുന്നു..
പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

ഹം.. മോൾടെ അമ്മ പറഞ്ഞു.. ഈ വേഷത്തിൽ നല്ല ഐശ്വര്യമുണ്ട്, ദേവി മുന്നിൽ പ്രത്യക്ഷപ്പെട്ടപോലെ..
രാഘവൻ സാർ തലയിൽ തലോടിക്കൊണ്ട് അങ്ങനെപറഞ്ഞപ്പോൾ പെട്ടന്ന് കണ്ണുനിറഞ്ഞുപോയി.. അച്ഛൻ പറയുന്നപോലെ തോന്നി..

സത്യം.. ഭദ്ര കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട്.. ഈ ചന്ദനകുറികൂടിയായപ്പോൾ പൊളിച്ചു.. ദീപക് സാർ ചിരിച്ചുകൊണ്ട് അച്ഛനെ പിന്താങ്ങി..

സാധാരണ ഇത്തരം വാക്കുകൾ കേൾക്കുമ്പോ സന്തോഷംകൊണ്ട് ഞാൻ തുള്ളിചാടേണ്ടതാണ്, പക്ഷേ ഇന്നെന്തോ ഒന്നും തോന്നിയില്ല..ദിയയും അമ്മയും എന്റെ പിന്നാലെ നടക്കുന്നുണ്ടായിരുന്നു.. ദീപക് സാറിന്റെ കണ്ണുകളും എന്നെ തേടിയലയുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു..

ഞങ്ങൾ എത്തിയപ്പോളെക്ക് അമ്മ ചായ റെഡിയാക്കിയിരുന്നു..
അമ്മയും ഭാമയും കൂടെയാണ് ചായ കൊടുത്തത്..

ഭമായല്ല, ഭദ്ര തരട്ടെ ചായ..
രാഘവൻ സാർ ചിരിച്ചുകൊണ്ട് പറഞ്ഞു..

ഭദ്രയെ ഞങ്ങൾക്ക് തരുമോ.., ഞങ്ങളുടെ മോളായിട്ട്,, പൊന്നുപോലെ നോക്കിക്കോളാം…
ദീപുമോന് ഭദ്രയെന്നാൽ ജീവനാണ്.. പെണ്ണുകാണാലെന്ന ചടങ്ങ്കൂടെയാവട്ടെ എന്ന് കരുതിയാണ് ഞങ്ങൾ വന്നത്.

ദിയയുടെ അമ്മ എന്റെ അമ്മയുടെ കൈകളിൽ പിടിച്ച് ചോദിച്ചു.. അമ്മ കേട്ടതൊന്നും വിശ്വസിക്കാനാവാതെ കണ്ണ് നിറച്ചുനിൽക്കുകയായിരുന്നു.. ഞാനും ഒരു നിമിഷം ഞെട്ടിത്തരിച്ചു..
ദീപക്‌ സാറാണെങ്കിൽ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കിനിൽക്കുകയാണ്..

എ..നി…ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. എന്റെ മോൾക്… ദീപുമോനെ പോലെ ഒരാളെ കിട്ടുക എന്ന് പറയുന്നത് അവളുടെ ഭാഗ്യമാണ്.. ദീപക് അത്രയ്ക്കും മിടുക്കനാണ്..
അമ്മയ്ക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ശബ്‌ദം ഇടറുന്നുണ്ടായിരുന്നു..

ഭദ്രേ… മോളെന്താണ് ഒന്നും പറയാത്തത്.. ഭദ്രയ്ക്ക് ദീപുനെ ഇഷ്ടമല്ലേ..
രാഘവൻ സാർ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു..

സാർ…. ഞാൻ…

ഹ ഹ ഹ…നാണമാണെങ്കിൽ നിർബന്ധിക്കുന്നില്ല, ചോദിച്ചു എന്നെ ഉള്ളു..

ഈ കല്യാണം ശരിയാകില്ല സാർ.. എനിക്ക് ദീപക് സാറിനെ അങ്ങനെകാണാൻ കഴിയില്ല..
മറ്റൊന്നും പറയാതെ ഞാൻ അകത്തേക്ക് കയറിപോയ്‌.. എന്റെ ഉത്തരം എല്ലാവരെയും നന്നായ് വേദനിപ്പിച്ചിരുന്നു.. എന്ത് പറയണമെന്നറിയാതെ അമ്മയും ഭാമയും അവരുടെ മുൻപിൽ കണ്ണുനിറച്ചുനിന്നു..

ഭദ്രയ്ക്ക് എന്നെ ഇഷ്ടമായില്ലേ അമ്മേ…
ദീപക് സാർ അമ്മയോട് ചോദിക്കുന്നത് എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.. ആ ശബ്ദത്തിന്റെ ഇടർച്ച എന്റെ നെഞ്ച് പൊള്ളിച്ചു..

ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് ഞാൻ നിങ്ങളെ എന്ന് വിളിച്ചുപറയണമെന്നുതോന്നുന്നുണ്ട്.. പക്ഷെ കഴിയില്ല..അദേഹത്തിന്റെ ഇണയാവാൻ എനിക്ക് യോഗമില്ല.. എന്നെപോലെയൊരു ശാപജന്മം അദേഹത്തിന്റെ തലയിൽ വീഴണ്ട.. ഞാൻ പൊട്ടി പൊട്ടി കരഞ്ഞു..

അമ്മ രാഘവൻ സാറിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്.. അമ്മയും അവർക്ക് മുൻപിൽ കരയുകയാണെന്നു തോന്നുന്നു….വേദന കടിച്ചുപിടിച്ച് ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടിരുന്നു..
തോളിൽ ഒരു കൈവന്നു പതിച്ചപ്പോളാണ് തിരിഞ്ഞ് നോക്കിയത്..

നീ എന്നെ സ്നേക്കുന്നില്ല എന്ന കള്ളം മാത്രം എന്നോട് പറയരുത്.. നിന്റെ പ്രണയം ഈ കണ്ണുകളിൽ ഞാൻ എത്രയോ തവണ കണ്ടതാണ്.. എന്തിനാണ് ഭദ്രേ എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത്…

ഞാൻ പറഞ്ഞത് സത്യമാണ്… നിങ്ങളെ എനിക്കിഷ്ടമല്ല.. ഒരാളോട് എങ്ങനെ പെരുമാറണം എന്ന് പോലുമറിയാത്ത നിങ്ങളെ എങ്ങനെയാണ് ഞാൻ സ്നേഹിക്കുക.. എനിക്കിഷ്ടമല്ല… ഇഷ്ടമല്ല.. ഇഷ്ടമല്ല.. പ്ലീസ് ഒന്ന് പോയിതരുമോ.. നിങ്ങളെ കാണുന്നത്പോലുമെനിക്ക് വെറുപ്പാണ്

ഒരൊറ്റശ്വാസത്തിൽ എന്തൊക്കെയാണ് ഞാൻ പറഞ്ഞതെന്ന് എനിക്ക് പോലും ഓർമ്മയില്ല.. ദീപക് ഏട്ടൻ ശിലപോലെ ഉറച്ചുനില്ക്കുകയാണ്.. അദ്ദേഹം ഒന്നും മിണ്ടിയില്ല.. പുറത്തേക്ക് നടക്കുമ്പോളും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3

ഭദ്രദീപ് : ഭാഗം 4

ഭദ്രദീപ് : ഭാഗം 5

ഭദ്രദീപ് : ഭാഗം 6

ഭദ്രദീപ് : ഭാഗം 7