Tuesday, December 17, 2024
Novel

ഭദ്രദീപ് : ഭാഗം 4

എഴുത്തുകാരി: അപർണ അരവിന്ദ്


ജോലികഴിഞ് വീട്ടിൽ എത്തിയപ്പോളേക്കും ദിയയുടെ കാൾ വന്നിരുന്നു..ആദ്യ ദിവസത്തെ ജോലിയുടെ എക്സ്പീരിയൻസ് അറിയാനായിരുന്നു വിളിച്ചത്.

പേടിച്ചപോലെ ദീപക് സർ ഉടക്കാനൊന്നും വന്നില്ലെന്നും ജോലി നന്നായ് ഇഷ്ടമായെന്നും ഞാനവളോട് പറഞ്ഞു.

ദിയയെ കണ്ടകാര്യം പറഞ്ഞപ്പോളേക്കും ഭാമയ്ക്കും അമ്മയ്ക്കും അവളെ കണ്ടേ തീരൂ, അങ്ങനെ അടുത്തദിവസം തന്നെ അവളെ വീട്ടിലേക്ക് ക്ഷണിച്ചു.. ഭാമയ്ക്ക് അവധിയുള്ള ദിവസം നോക്കി വരാമെന്ന് ദിയയും ഏറ്റു..

ഞായറാഴ്ച രണ്ടുകൂട്ടർക്കും ഒഴിവുള്ള ദിവസമായത്കൊണ്ട് ദിയ രാവിലെതന്നെ വരുമെന്ന് പറഞ്ഞിരുന്നു.. പണ്ടത്തെ പോലെ കേമമായ ഒരുക്കമൊന്നും ഉണ്ടായിരുന്നില്ല.. എന്നെകൊണ്ട് പറ്റുന്ന രീതിയിൽ അവൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി.

ഈ വീട് കാണുമ്പോൾ ദിയയ്ക്ക് വല്ലാതെ തോന്നുമോ എന്ന് മനസ്സിൽ സംശയമുണ്ടായിരുന്നു.. ചെറിയൊരു മുറ്റവും രണ്ട് റൂമടങ്ങുന്ന കുഞ്ഞ് വീടുമാണ് ഇപ്പോൾ ഞങ്ങളുടെ ലോകം.. ചെറുതാണെങ്കിലും ചെടികളും പൂക്കളുംകൊണ്ട് സ്വർഗം പോലെ തോന്നുമായിരുന്നു ഞങ്ങളുടെ കുഞ്ഞുവീട്..

മുറ്റം നിറയെ ഓർക്കിഡ് പുഷ്പങ്ങളും മഞ്ഞമന്താരങ്ങളും ഭംഗിയായി ഒരുക്കി വെച്ചിട്ടുണ്ട്. പലതരത്തിലുള്ള, പലവർണങ്ങളിലുള്ള പൂക്കളും മുറ്റം നിറയെ ഉണ്ട്.. എന്നിരുന്നാലും മനസ്സിൽ എന്തോ ഒരു ചമ്മൽ, ദിയയുടെ വീട്ടിലെ തൊഴുത്ത് പോലും ഞങ്ങളുടെ വീടിനേക്കാളും വലുതാണ്.

എന്തോ ഒരു അപകർഷതാബോധം മനസ്സിൽ പൊട്ടിമുളച്ചു.. ഒരുപക്ഷെ പെട്ടെന്നൊരു ദിവസം ചുറ്റുപാടുകൾ മാറേണ്ടിവന്നതുകൊണ്ടാകാം ഇത്തരം ചിന്തകൾ, എന്തായാലും മറ്റു ചിന്തകൾ എല്ലാം മാറ്റിവെച്ച് ഞാനും ഓരോ പരിപാടികളിൽ ഏർപെട്ടു..

സമയം ഏകദേശം പതിനൊന്ന് മണിയായപ്പോൾ പുറത്ത് കാറിന്റെ ശബ്‌ദം കേട്ടു.. ദിയയാവും എന്നോർത്താണ് ഓടി പോയ്‌ നോക്കിയത്.. കാർ തുറന്ന് പുറത്ത് വന്ന ആളെക്കണ്ട് ഒരു നിമിഷം എന്റെ ശ്വാസം നിലച്ചു..
ദീപക് സർ.
എന്റെ കൃഷ്ണാ.. ഈ കാലൻ എന്താ ഇവിടേക്ക്.. ഇനി വീട്ടിൽ വന്ന് ഉടക്കാനാണോ പ്ലാൻ.. എന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി

ആരാ മോളെ അത്.. അമ്മ പുറത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
.
അത്.. അമ്മേ….. ഞങ്ങളുടെ എം ഡി ആണ് ദീപക് സർ.. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ…

ആ… മനസിലായി.. പക്ഷെ അവരെന്താ ഇങ്ങോട്ട് വന്നത്.. സത്യം പറ നീ എന്തെങ്കിലും പ്രശ്നം ഒപ്പിച്ചുവെച്ചിട്ടുണ്ടോ ഭദ്രേ..

അമ്മയുടെ ചോദ്യം കേട്ട് ഞാൻ പോലും അന്തം വിട്ടുപോയി.. ഹോ ഇങ്ങനെയും ഉണ്ടോ പരദൂഷണം പറച്ചിൽ… അതും ഇത്രയും നിഷ്കളങ്കയായ എന്നെ പറ്റി.. ഞാൻ അത്രക്കാരി നഹി ഹേ… അമ്മയെ ഞാൻ നല്ലോണം ഒന്ന് നോക്കി പേടിപ്പിച്ചു.. ഹല്ലാ പിന്നെ. പണ്ട് ആയിരുന്നെങ്കിൽ ഒരുപക്ഷെ ഭദ്ര എന്തെങ്കിലും ഒപ്പിച്ചുവെച്ചേനെ പക്ഷേ ഇപ്പോൾ ഞാൻ വളരെ പാവമാണ്.. അമ്മയെ നോക്കി ഞാൻ എന്തൊക്കെയോ ആക്ഷൻ കാണിച്ചു.

ഞാനും അമ്മയും കൂടെ കടിപിടി കൂടുമ്പോളാണ് കാറിന്റെ ഇടത് വശത്തെ ഡോർ തുറന്ന് മറ്റൊരാൾ കൂടെ ഇറങ്ങുന്നത്.. നമ്മുടെ ദിയ.. അവളെകൂടെ കണ്ടപ്പോൾ എന്റെ കിളി പോയ്‌.. ഇവളെന്താ ഈ കാലന്റെ കൂടെ.. ഞാനാകെ കൺഫ്യൂഷൻ ആയി..

എന്താണ് ഭദ്രേ.. ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ..
മിസ്റ്റർ കാലൻ വന്നകാലിൽ നിന്ന് കൊണ്ട് ചോദിച്ചു..

അയ്യോ മോനെ, കണ്ടപ്പോൾ പെട്ടന്ന് മനസിലായില്ല, അതാട്ടോ.. മോൻ വരൂ, കയറി ഇരിക്കാം..
അമ്മ ദീപക്‌സാറിനെ വിളിച്ചു അകത്തേക്ക് കൊണ്ടുപോയി.അപ്പോളും ഞെട്ടിയത് ഞാൻ തന്നെ… . ഹോ ഒരു മോൻ വന്നിരിക്കുന്നു.. എന്തറിഞ്ഞിട്ടാ അമ്മ ഈ ഒലിപ്പിക്കുന്നത്… മോനെന്നുള്ള ആ വിളിയിൽ തേനും പാലും ഒഴുകുന്നുണ്ടായിരുന്നു.. അമ്മ സർനോട്‌ സംസാരിക്കുന്ന തക്കം നോക്കി ഞാൻ ദിയയെ പിടിച്ചുവലിച്ചു മുറ്റത്തേക്ക് കൊണ്ടുപോയി..

എടി ദുഷ്ടേ.. നിന്നോടാരാടി ആ കാലനേയും കൂട്ടി ഇങ്ങോട്ട് വരാൻ പറഞ്ഞത്..
എന്റെ ചെറിയകണ്ണുകൾ പരമാവധി ഉരുട്ടികൊണ്ട് ദിയയെ ഞാൻ നോക്കി പേടിപ്പിച്ചു..

കാലാനോ…. ഓഹ് ദീപക് ഏട്ടൻ…. അങ്ങേരെയാണോ

അയ്യോ… ഒന്നും അറിയാത്തൊരു ഇള്ളാകുട്ടി.. നിന്നെ ഞാൻ ശരിയാക്കിതരാടി ദിയ പെണ്ണെ…നിന്റെ ദീപക് ചേട്ടൻ അവിടെ ഇരിക്കുന്നതിന്റെ ധൈര്യം ഒന്നും നീ കാണിക്കണ്ട.. ആ കാലൻ ഒന്ന് പൊയ്ക്കോട്ടേ മോളെ.. നിന്റെ അന്ത്യം ഈ ഭദ്രയുടെ കൈകൊണ്ടായിരിക്കും ..
ഞാനവളെ നല്ലോണം പറഞ് പേടിപ്പിച്ചു

ഹം.. ഈ ഒരു അഞ്ചുമിനുട്ട് അങ്ങേരെ നിനക്ക് സഹിക്കാൻ കഴിയില്ലേൽ ജീവിതകാലം മുഴുവൻ നീ എങ്ങനെ സഹിക്കും… ദിയ ഒരു കള്ളച്ചിരിയോടെ ചോദിച്ചു

എന്ത്…. ഒന്നും മനസിലാകാതെ നെറ്റിചുളിച്ച് ഞാനവളുടെ വായേലും നോക്കി നിന്നു..

അല്ല.. ഇനിയും ജോലിക്ക് പോവുമ്പോ അങ്ങേരെ സഹിക്കണ്ടേ.. അതാ ഞാൻ ഉദ്ദേശിച്ചേ..
തല ചൊറിഞ്ഞുകൊണ്ട് ദിയ പറഞ്ഞു..

നിന്റെ ഓരോ ഉദ്ദേശങ്ങൾ.. ഒരു ചവിട്ട് വെച്ചുതരും… ഓരോന്ന് ഒപ്പിച്ച് വെച്ചിട്ട്..

എന്റെ ഭദ്രേ.. നീ ഇതെന്തറിഞ്ഞിട്ടാ.. ഞാൻ മര്യാദയ്ക്ക് ഇങ്ങോട്ട് വണ്ടി ഇറങ്ങി നടന്നുവരുവായിരുന്നു, അപ്പോളാണ് നിന്റെ ഈ കാലൻ ആ വഴി വലിഞ്ഞുകേറി വരുന്നത്.. എന്നെ കണ്ടപ്പോൾ എങ്ങോട്ടാണെന്ന് ചോദിച്ചു.. ഇങ്ങോട്ടാണെന്നു കേൾക്കേണ്ട താമസം ചാടി എന്റെ കൂടെ പോന്നു.. നിങ്ങൾ ഇത്രയ്ക്ക് കട്ട ഫ്രണ്ട്‌സ് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ടാണെന്നു പറയില്ലായിരുന്നു… ഇതിപ്പോ ഇവിടം വരെ ഞാൻ സഹിക്കേണ്ടിവന്നില്ലേ.

ഒന്ന് പോടീ…. നീ ആരെയാ പറഞ് പറ്റിക്കാൻ നോക്കുന്നത്.. ഈ ഭദ്രയെയോ… ഞാനിത് വിശ്വസിക്കില്ല മോളെ.. നീ വെറും ഉടായിപ്പാ.. എന്റെ അടുത്തേക്ക് അങ്ങേര് വന്നത് തന്നെ.. നല്ല സാധനാ… ഇത് നിന്റെ കൂടെ കറങ്ങാൻ ഉള്ള കൊതികൊണ്ടാകും.. ഞാൻ ശരിയാക്കിത്തരാം ട്ടോ രണ്ടിനേം

“എന്താണ് രണ്ട് പേരും കൂടെ മാറിനിന്നൊരു കത്തിയടി, നമുക്കും കൂടെ ജോയിൻ ചെയ്യാമോ.. ”

ദീപക് സർ ഞങ്ങളെ തിരക്കി പുറത്ത് വന്നിരുന്നു. അങ്ങേരെ കണ്ടത്കൊണ്ട് മാത്രം തല്ക്കാലം ഞാനും ദിയയും നല്ല കുട്ടികളായി മിണ്ടാതെ നിന്നു.അങ്ങേരോട് പ്രേത്യേകിച്ചൊന്നുമില്ലെന്ന് പറഞ് ദിയയും ഞാനും സാറിനെയും കൂടെ കൂട്ടി..

ആ നിമിഷങ്ങൾ വളരെ സന്തോഷത്തോടെ കടന്നുപോയി.. ദീപക് സർ തന്നെയാണോ അതെന്ന് ഞാൻ സംശയിച്ചുപോയ്.. ഭാമയോട് തമാശ പറഞ്, അമ്മയെ ആശ്വസിപ്പിച്ച്, എന്റെ കൂടെ കളിപറഞ് അദ്ദേഹം പെട്ടന്നുതന്നെ ഞങ്ങളിൽ ഒരാളായി..

തൊട്ടതിനും പിടിച്ചതിനും ദേഷ്യപെടുന്ന ദീപക് മേനോൻ എത്രപെട്ടന്നാണ്‌ ഭാമയുടെ പ്രിയപ്പെട്ട ദീപുചേട്ടനായത് , അമ്മയുടെ ദീപുമോനായത്.. എനിക്ക് അതിശയം തോന്നി.. ഞങ്ങൾ ഒരുമിച്ച് വീടിനടുത്തുള്ള കായൽ കാണാൻ പോയി, പഴയ കഥകൾ പറഞ്ഞു ചിരിച്ചു, തമാശകൾ പങ്കുവെച്ചു..

അങ്ങനെയങ്ങനെ ഏറെ നാളുകൾക്ക് ശേഷം ഞാനും എന്റെ കുടുംബവും ഒന്ന് പുഞ്ചിരിച്ചു.. അമ്മയുടെ മുഖത്തെ ചിരി കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.. ഇടയ്ക്ക് അച്ഛന്റെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ മാത്രം എല്ലാവരുടെയും മുഖം ഒന്ന് വാടും…

ആ സന്ദർഭം കഴിവതും ഒഴിവാക്കാനും പുഞ്ചിരി നിലനിർത്താനും ദീപക് സർ നന്നായ് ശ്രെമിച്ചിരുന്നു.. ഉച്ചയ്ക്ക് ഊണും കഴിചാണ് ദിയയും ദീപക്‌സാറും പോകാൻ പുറപ്പെട്ടത്.. എന്നെ അപ്പോൾ തന്നെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ദിയ അമ്മയോട് കെഞ്ചുന്നുണ്ടായിരുന്നു, ദിയയുടെ പേരെന്റ്സ് എന്നെ കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ് ദിയ അമ്മയെ സോപ്പ് ഇട്ടു..അവളുടെ കൊഞ്ചലിൽ ആരാണ് വീഴാതെ നിൽക്കുക.

അവസാനം അമ്മ സമ്മതിച്ചു. പെട്ടന്ന് കൊണ്ടുപോയി സന്ധ്യക്ക് മുൻപേ തിരികെ കൊണ്ടുവിടണമെന്ന് അമ്മ കട്ടായം പറഞ്ഞു. അച്ഛന്റെ മരണം കഴിഞ്ഞ് അധികം ആവാത്തത്കൊണ്ട് അമ്മ എങ്ങോട്ടുമില്ലെന്നു പറഞ്ഞിരുന്നു.. അമ്മ തനിച്ചാകുമെന്നത്കൊണ്ട് ഭാമയും കൂടെ വന്നില്ല.

ഞാനും ദിയയും സർന്റെ കാറിൽ പുറപ്പെട്ടു… ഏറെ നാളുകൾക്ക് ശേഷമാണ് ദിയയുടെ വീട്ടിലേക്ക് പോകുന്നത്.. അവളുടെ അമ്മയും ഞാനും നല്ല കമ്പനിയാണ്.. ദിയയുമായ് ഒരുമിച്ച് ഹോസ്റ്റലിൽ നിൽക്കുമ്പോൾമുതലുള്ള ബന്ധമാണ്.. അച്ഛനെയും ഏട്ടനേയും നേരിൽ കണ്ടിട്ടില്ല.

രണ്ടാളും എപ്പോളും തിരക്കിലാവും.. എന്തായാലും ഇന്ന് എല്ലാവരെയും ഒരുമിച്ച് കാണാം.. വേഗം തിരിച്ചുപോണം അമ്മ തനിച്ചാണ്, വീണ്ടും വീണ്ടും ഞാൻ ഓർത്തുകൊണ്ടിരുന്നു..

അരമണിക്കൂർ കൊണ്ട്തന്നെ ഞങ്ങൾ ദിയയുടെ വീട്ടിൽ എത്തി. ദീപക് സർ ദിയയുടെ പേരെന്റ്സ്നെ കാണണം എന്ന് പറഞ് വീട് വരെ വന്നിരുന്നു.

കൊട്ടാരംപോലെ മനോഹരമായിരുന്നു ദിയയുടെ വീട്.. മുറ്റം മുഴുവൻ ചെടിച്ചട്ടികളും മനോഹരമായ പൂക്കളും ഇടം പിടിച്ചിരുന്നു.. ഒരു ഭാഗത്തായ് നീലനിറത്തിൽ വലിയൊരു നീന്തൽകുളവും മറുഭാഗത് വലിയൊരു പൂമരവും ഉണ്ടായിരുന്നു.

ഞങ്ങളുടെ ശബ്‌ദം കേട്ടപ്പോൾ തന്നെ ദിയയുടെ അമ്മ ഓടിവന്നിരുന്നു.. എന്നെ കണ്ടതും കവിളിൽ തലോടികൊണ്ട് കെട്ടിപിടിച്ചു.. അച്ഛൻ ഇപ്പോൾ എത്തുകയെ ഉള്ളു എന്ന് പറഞ് അമ്മ എന്നെ അകത്തേക്ക് കൊണ്ടുപോയി.

ഏറ്റവും അതിശയം തോന്നിയത് മറ്റൊരു കാര്യത്തിനാണ് ആരും തന്നെ നമ്മുടെ ബ്രില്ലിയൻറ് ബിസ്സിനസ്സ്മാൻ ദീപക് മേനോനെ മൈൻഡ് ചെയ്യുന്നുപോലുമില്ല.. എന്തിന് ദിയ പോലും ഒന്ന് തിരിഞ്ഞുനോക്കിയില്ല..

പക്ഷെ അങ്ങേർക്ക് അതിന്റെ യാതൊരുവിധ ചളിപ്പും ഉണ്ടായിരുന്നില്ല..ഒട്ടും കൂസലില്ലാതെ മൂപ്പര് അകത്ത് കയറി സോഫയിൽ കാലിന്മേൽ കാലും വെച്ച് ഞെളിഞ്ഞിരുന്നു..

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3