Tuesday, December 17, 2024
Novel

ഭദ്ര IPS : ഭാഗം 6

എഴുത്തുകാരി: രജിത ജയൻ

ബംഗ്ളാവിനുളളിലേക്ക് കുതിച്ചു ചെന്ന ജോസപ്പൻ ഡോക്ടർ കൺമുന്നിലെ ദൃശ്യം കണ്ടു പകച്ചുപോയ്…!! ചോരയൊഴുക്കുന്ന മുഖവുമായ് ആണ്റ്റണി നിൽക്കുന്നു,തൊട്ടുപുറകിൽ തന്നെ പേടിച്ച് വിറച്ച് അടുക്കളക്കാരി രമണിയും. ..!! “എന്താ ആന്റ്റണി ചേട്ടാ,എന്തു പറ്റി…? ഇതെങ്ങനെയാ മുറിഞ്ഞത്..? ആന്റണിയോട് ചോദിക്കുന്നതിനൊപ്പംതന്നെ ഫിലിപ്പിന്റ്റെ കണ്ണുകൾ ആ ഹാളിലാകെ പരതി. പെട്ടെന്നവന്റ്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി..!! മമ്മീ. … !! ഹാളിലെ വാതിലിനു മറവിലേക്ക് നോക്കി ഫിലിപ്പ് പതർച്ചയോടെ വിളിക്കുന്നത് കേട്ട് അങ്ങോട്ടു നോക്കിയ ജോസപ്പനും പീറ്ററും ഞെട്ടി പോയി…, കയ്യിലൊരു പൊട്ടിയ കസേരയും പിടിച്ച് വാതിൽ മറവിൽ അവൾ, ജോസപ്പൻ ഡോക്ടറുടെ ഭാര്യ ‘ഗ്രേസി.’ …!! “ആന്റണി ചേട്ടാ ഇതെങ്ങനെ സംഭവിച്ചു..? ആരാണ് മമ്മിയുടെ മുറി തുറന്നത്…? പീറ്റർ ദേഷ്യത്തോടെ ആന്റ്റണിയുടെ നേരെ തിരിഞ്ഞു.. “അതു പീറ്റർ മോനെ, മമ്മിയ്ക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടി രമണികൊച്ച് തുറന്നതാ…,അവൾക്ക് ഒറ്റയ്ക്ക് കൊടുക്കാൻ ഭയമാണെന്ന് പറഞ്ഞത് കൊണ്ടാ ഞാനും കൂടി ചെന്നത് ,പക്ഷേ വാതിൽ തുറന്നകത്തു കേറീപ്പോ ഗ്രേസിയമ്മഅവളെ ആക്രമിച്ചു …!! തടയാൻ ചെന്ന എന്നെ മുറിയിലെ കസേരയെടുത്തടിക്കുകയും ചെയ്തു…!!

“ഇതെല്ലാം സംഭവിക്കും എന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാനോ, ഡാഡിയോ അല്ലാതെ ആരും മമ്മിയുടെ അടുത്തേക്ക് ചെല്ലരുതെന്ന് നിങ്ങളോടൊക്കെ ആദ്യമേ പറഞ്ഞത്. ..? അറിയില്ലേ അത്…? അതോ മറന്നോ…? “പീറ്റർ മോനെ ..,മമ്മിക്ക് വിശക്കുന്നൂന്ന് തോന്നിയത് കൊണ്ടാണ് ഞാൻ. …,, എങ്ങനെ തോന്നി ..? സംസാരിക്കാൻ വയ്യാത്ത മമ്മി പറഞ്ഞോ വിശക്കുന്നെന്ന്..? ഓരോന്നും ചെയ്തു വെച്ചിട്ട് ന്യായം പറയരുത്….!! പീറ്റർ ആന്റണിയുടെ നേരെ ദേഷ്യപ്പെട്ടു “എന്താണച്ഛായ ഇത് അവരു മമ്മിക്ക് ആഹാരം നൽകാൻ ശ്രമിച്ചതിനാണോ ഇങ്ങനെ വഴക്ക് പറയുന്നത് ..?

“ആന്റണി ചേട്ടാ ഞാനിവിടെ ഉണ്ടായിരുന്നില്ലേ ഇത്രയും നേരം.? എന്നെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ…? “അത് ഫിലിപ്പ് കുഞ്ഞേ..,മോനെ മമ്മിയുടെ അടുത്തേക്ക് ചെല്ലാൻ സമ്മതിക്കരുതെന്ന് വലിയ മുതലാളി പറഞ്ഞിട്ടുണ്ട് അതാണ് ഞാൻ… … ആന്റണിയുടെ മറുപടി കേട്ടതും ഫിലിപ്പ് അവിശ്വാസത്തോടെ ജോസപ്പൻ ഡോക്ടറെ നോക്കി .. “ഫിലിപ്പേ മമ്മിയുടെ സ്വഭാവം ഓരോ നേരത്തും ഓരോന്നാണ്…ഇപ്പോൾ തന്നെ കണ്ടില്ലേ. …? പീറ്ററിനെയും എന്നെയും പോലും അവൾ ഉപദ്രവിക്കും, അതാണ് നിന്നോടൊറ്റയ്ക്ക് അവളുടെ അരികിലേക്ക് ചെല്ലരുതെന്ന് ഞാൻ പറഞ്ഞത്. .!!

ജോസപ്പൻ ഡോക്ടർ പറഞ്ഞു നിർത്തിയപ്പോഴും ഫിലിപ്പിന്റ്റെ കണ്ണുകൾ ഡാഡിയുടെ മുഖത്ത് തന്നെയായിരുന്നു .., ആ കണ്ണുകളിൽ എന്തോ സംശയം അവശേഷിച്ചിരുന്നു അപ്പോഴും. ..!! “ഹ …നിങ്ങളിങ്ങനെ സംസാരിച്ചു നിൽക്കാതെ മമ്മിയെ തിരികെ റൂമിൽ എത്തിക്കാൻ നോക്ക് ഡാഡി…”!! ഫിലിപ്പേ ..,നീ ചെന്ന് ആണ്റ്റണി ചേട്ടന്റ്റെ മുറിവിൽ മരുന്ന് വെച്ചേ. .. “ഓ മരുന്നൊന്നും വേണ്ട മോനെ ഇതൊരു ചെറിയ മുറിവാ… നിങ്ങളാദ്യം ഗ്രേസിയമ്മയെ അനുനയിപ്പിക്കാൻ നോക്ക് ..” പീറ്റർ മമ്മിയുടെ നേരെ ചെന്നതും അവർ അവിടെ ഉണ്ടായിരുന്ന സാധനങ്ങളെടുത്തവനെ എറിയാൻ തുടങ്ങി.

പീറ്ററിന്റ്റെ ശ്രദ്ധ ഒന്ന് മാറിയതും ഉറക്കെ വികൃത ശബ്ദം ഉണ്ടാക്കി കൊണ്ട് അവർ അകത്തെ പ്രാർഥനാ മുറിയിലേക്ക് പാഞ്ഞു ചെന്ന് അവിടെ ചുമരിലുളള യേശദേവന്റ്റെ ചിത്രത്തിൽ തലയിട്ടുരുട്ടാൻ തുടങ്ങി. ..!! മമ്മിയുടെ പരാക്രമങ്ങൾ കണ്ടു നിന്ന ഫിലിപ്പിണ്റ്റെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ ജോസപ്പൻ ഡോക്ടറും പീറ്ററും ബലംപ്രയോഗിച്ചവരെ അവിടെ നിന്ന് പിടിച്ചിറക്കി മുറിയിൽ കൊണ്ടു പോയി വാതിൽ പുറത്തേക്ക് വലിച്ചടച്ചു…!! “ആന്റണി ഇനി മേലാൽ ഞങ്ങളില്ലാതെ നിങ്ങളാരും ഗ്രേസിയുടെ അടുത്തേക്ക് ചെല്ലരുത് മനസ്സിലായോ …?

ആ ശബ്ദത്തിലെ ആജ്ഞസ്വരം തിരിച്ചറിഞ്ഞ ആണ്റ്റണിയും രമണിയും അനുസരണയോടെ തലയാട്ടുപ്പോൾ ഫിലിപ്പ് നടന്നു പോവുന്ന ഡാഡിയെ നിസ്സഹയതയോടെ നോക്കി നിന്നു. ..!! “ആന്റണി ചേട്ടാ. ..” “എന്താ ഫിലിപ്പ് കുഞ്ഞേ…” മമ്മിക്കെന്താണ് ശരിക്കും പറ്റിയത്..? ഞാൻ കഴിഞ്ഞ ലീവിന് ഇവിടെ നിന്ന് പോയപ്പോൾ മമ്മിക്കൊരു കുഴപ്പവുമില്ലായിരുന്നല്ലോ..? പിന്നെ പെട്ടെന്നെങ്ങനെ ഈ മൂന്നാലു മാസം കൊണ്ട് മമ്മിയ്ക് ബുദ്ധിശക്തി നഷ്ടപ്പെട്ടു..? സംസാരശേഷി നഷ്ടപ്പെട്ടു. ..?

അതുകുഞ്ഞേ ഞാനെന്താ കുഞ്ഞിനോട് പറയുക. ..? ഡാഡി പറഞ്ഞതല്ലേ കുഞ്ഞിനോട് കാര്യങ്ങളെല്ലാം..? “അതു സാരമില്ല ആന്റണി ചേട്ടൻ പറയൂ…” “മൂന്നാലു മാസം മുമ്പ് ഒരു ദിവസം രാവിലെ രമണികൊച്ച് ജോലിക്ക് വരുമ്പോൾ ഗ്രേസിയമ്മ ഗോവണി ചുവട്ടിൽ വീണു കിടക്കുന്നു.., തലയെല്ലാം പൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട്. ..!! അവളുടെ നിലവിളി കേട്ടാണ് വലിയ മുതലാളിം ,പീറ്ററും, ലീന കൊച്ചുമെല്ലാം എണീറ്റുവരുന്നത്….,അവരൊക്കെ പേടിച്ച് പോയി മമ്മിയുടെ കിടപ്പ് കണ്ടിട്ട്…!! എളുപ്പം ആശുപത്രിയിൽ കൊണ്ടു പോയി പക്ഷെ മമ്മി തിരിച്ചു വന്നത് ഈ അവസ്ഥയിലാണ് മോനെ… !!

ബിപി കൂടി ഗോവണിയുടെ മുകളിൽ നിന്ന് താഴേക്ക് തലയടിച്ച് വീണതുകൊണ്ട് പറ്റീതാണെന്നാ വലിയ മുതലാളി പറഞ്ഞത്. ..!! ബി പിയോ മമ്മിക്കോ..?ഏയ്…!! ആന്റണി പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്ത പോലെ ഫിലിപ്പ് തലയാട്ടി കൊണ്ടിരുന്നു. ..!! &&&&&&&&&&&&& “ദൈവം പ്രകൃതിയുടെ വശീകരണ ശക്തി മുഴുവൻ നൽകി സുന്ദരിയാക്കിയതാണീ തേന്മലയെ എന്ന് തോന്നുന്നില്ലേ നിങ്ങൾക്ക്. ..? രാവിലെ തന്നെ ഗസ്റ്റ് ഹൗസിലൊത്തു കൂടി കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഭദ്രമാഡം തെന്മലയെ പറ്റി വർണ്ണിക്കുന്നതു കേട്ടപ്പോൾ ഷാനവാസും രാജീവനും അമ്പരപ്പോടെ ഭദ്രയെ നോക്കി. ..

പ്രകൃതിയിൽ ലയിച്ചെന്നപോലെ ഭദ്ര നിൽക്കുന്നതവരൊരു നിമിഷം നോക്കി നിന്നു. ..!! ഇപ്പോൾ മാഡത്തിന്റ്റെ മുഖമൊരു കൊച്ചു കുട്ടിയുടെ മുഖത്തിനു സമാനമാണെന്നവർക്കു തോന്നി, കാരണം ആ മുഖത്തിപ്പോൾ യാതൊരു ടെൻഷനുമില്ലാത്തപോലെ…!! “ഷാനവാസേ….” യെസ് മാഡം… “ഈ തെന്മല പോലെയാണിപ്പോൾ നമ്മുടെ കേസ്, പുറത്തു നിന്ന് നോക്കുന്നൊരാൾക്ക് ഇവിടെ സൗന്ദര്യവും ശാന്തതയും മാത്രമേ കാണാൻ കഴിയൂ..പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ചെന്നു പതിക്കുന്ന വലിയ ഗർത്തങ്ങൾ ആരും കാണുന്നില്ല..

അതുപോലെയാണീ ഈ കേസ്, ഓരോ കാലടിയിലും ഇരട്ടിയിലധികം ശ്രദ്ധ വേണം നമ്മുക്കോരോരുത്തർക്കും…അല്ലെങ്കിൽ നമ്മൾ വീണുപോവും. ..” “ഡു യൂ അണ്ടർസ്റ്റാൻഡ്. .? യെസ് മാഡം… “മാഡം, ഗിരീഷിനെയും ഹരികുമാറിനെയും കാണുന്നില്ലല്ലോ. .? രാജീവ് ചോദിച്ചു രാജീവ് ,അവരെ ഞാനൊരു ജോലിയേൽപ്പിച്ച് പറഞ്ഞു വിട്ടതാ.. ഇപ്പോൾ എത്തും..!! ഭദ്ര പറഞ്ഞു നിർത്തിയതും പെട്ടെന്ന് ദൂരെ നിന്നൊരു ബുളളറ്റിന്റ്റെ ശബ്ദം കേട്ടു.

“ഹരിയാണെന്ന് തോന്നുന്നു” ഷാനവാസ് പറഞ്ഞു മുഖത്ത് പറ്റിയ മഞ്ഞിൻ കണങ്ങളെ കൈകൊണ്ട് തുടച്ചു മാറ്റി കൊണ്ട് ഹരികുമാർ അവരുടെ മുന്നിലെത്തി … എന്തായി ഹരി പോയകാര്യങ്ങൾ. .? മാഡത്തിന്റ്റെ ഊഹംശരിയായിരുന്നു . . ജോസപ്പനും പീറ്ററും ഇന്നലെ സ്റ്റേഷനിൽ നിന്ന് മടങ്ങും വഴി തെന്മല സുനിയെ കണ്ടിട്ടുണ്ട്…,പക്ഷേ അവരുടെ സംസാരമെന്തായിരുന്നു എന്ന് കണ്ടെത്താൻ പറ്റിയില്ല…, അതുപോലെതന്നെ ഇന്നലെ വൈകുന്നേരം മുതൽ സുനിയും കൂട്ടരും ഇവിടെയാകെ അന്വേഷണം ആയിരുന്നു.

എന്തന്വേഷണം ഹരി ..? അവർ ഈ തെന്മലയുടെ മുക്കിലും മൂലയിലും ഇന്നലെ മുതൽ തിരഞ്ഞത് ഡോക്ടർ ലീനയെ ആയിരുന്നു മാഡം ..! ! ഹരിയുടെ വാക്കുകൾ കേട്ട ഭദ്രയുടെ കണ്ണുകൾ വികസിച്ചു. .. “ഓ…അപ്പോൾ അതിനുവേണ്ടി തന്നെയായിരിക്കും ഇന്നലെ ജോസപ്പൻ സുനിയെ കണ്ടത്, അതായത് ലീനയുടെ മിസ്സിംഗ് അവരുടെ അറിവോടെ അല്ല എന്ന് വേണം കരുതാൻ….!! ഭദ്രയുടെ നെറ്റിയിൽ ചുളിവുകൾ വീണു അവൾ വീണ്ടും വീണ്ടും എന്തോ ചിന്തയാൽ തലക്കുടഞ്ഞു. .. “എന്താണ് മാഡം..? രാജീവ് ചോദിച്ചു. .. നത്തിംഗ് രാജീവ് .. കേസുകൾ കൂടുതൽ കൂടുതൽ മുറുകുകയാണല്ലോ…

എന്റെ ഇതുവരെയുള്ള ഒരു കണക്കുകൂട്ടൽ ലീനയുടെ മിസ്സിംഗ് തേക്കിൻതോട്ടംക്കാർ മനപ്പൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിട്ടായിരുന്നു… പക്ഷേ … എന്തിനു വേണ്ടി അവരത് ചെയ്യണം മാഡം…? ജേക്കബച്ചനിലേക്ക് നമ്മൾ എളുപ്പത്തിൽ എത്താതിരിക്കാൻ വേണ്ടിയായിരിക്കാം ഒരു പക്ഷേ. …,, സാരമില്ല ,,നമ്മുക്ക് കണ്ടു പിടിക്കാം അല്ലേ രാജീവ്, ഷാനവാസിനെ പോലെയുളളവർ നമ്മുടെ കൂടെ ഉള്ളപ്പോൾ നമ്മളിത് ഈസിയായ് കണ്ടെത്തുമെന്നേ..!! മാഡം ഞാൻ അതിന് ….,, ഭദ്രയുടെ സംസാരംകേട്ട ഷാനവാസിലൊരു ചമ്മലുടലെടുത്തു , ഭദ്ര മാഡം തന്നെ കളിയാക്കിയതാണോ ..?

അയാൾ ഭദ്രയെ നോക്കി .. ഹാ….ഷാനവാസേ താനതിനിങ്ങനെ ചമ്മണ്ടെടോ…., ഞാനൊരു സത്യം പറഞ്ഞതാണ് ,തന്റെ ഉളളിലൊരു കുശാഗ്ര ബുദ്ധിക്കാരനുണ്ട്…അതു നമുക്ക് ഉപകാരപ്പെടും… അതുകൊണ്ട് പറഞ്ഞതാണെടോ….അല്ലാതെ തന്നെ കളിയാക്കിയതല്ല..!! ഭദ്ര പറഞ്ഞു നിർത്തിയതും അവരുടെയെല്ലാംമുഖത്തൊരു ചിരി തെളിഞ്ഞു അതേസമയം സമയം തന്നെയാണ് ഭദ്രയുടെ മൊബൈൽ ബെല്ലടിച്ചത്.. ഫോൺ കാതോടു ചേർക്കവേ ഭദ്രയുടെ മുഖം വലിഞ്ഞു മുറുക്കി….. “”ഗിരീഷ് ,താനവിടെ തന്നെ നിൽക്ക് ഞങ്ങളിതാ വരുന്നു…

പറഞ്ഞു കൊണ്ട് ഭദ്ര വേഗം ചെന്ന് വണ്ടി സ്റ്റാർട്ടു ചെയ്യവേ കാര്യംഎന്തെന്ന് മനസ്സിലാവാതെ മറ്റുളളവരുമവളെ അനുഗമിച്ചു… വെടിയുണ്ടപോലെയാ വണ്ടി റോഡിലൂടെ ചീറി പായവേ ചുറ്റും പൊടിയുയർന്നു…! ****** കത്തി പടരുന്ന ഭാവത്തിലുളള ഭദ്രയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ പളളിയിലെ കപ്യാര് നോട്ടം മാറ്റികൊണ്ടിരുന്നു. .. ടോ ഇവിടെ നോക്കടോ…!! താനെന്താ കളളൻമാരെപോലെ നാലുപാടും നോക്കി നിൽക്കുന്നത്…!! ഭദ്രയുടെ ശബ്ദം ഉയർന്നതും വറീത് പേടിയോടെ ഭദ്രയെ നോക്കി. .. ജേക്കബച്ചൻ വികാരിയായിരുന്ന സെന്റ് ജോൺസ് പളളിയിലായിരുന്നു ഭദ്രയും ടീംമും അപ്പോൾ..

ഭദ്ര നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ടൗൺ എസ് ഐ ഗിരീഷ് പളളിയിലെത്തിയത്..!! അച്ചനെപറ്റി കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോയെന്നറിയാൻ ….!! “എന്താടോ തണ്റ്റെ പേര്. ..? ഷാനവാസ് കപ്യാരെ നോക്കി. . വറീത്. .. അച്ചനെ കാണാതാവുന്നതിന്റ്റെ രണ്ടു നാൾ മുന്നേ അല്ലെടോ ശവകുഴി തൊമ്മിയെ കാണാതായത്….?എന്നിട്ടെന്താടോ നിങ്ങളാരും ഒരു പരാതിയും നൽകാത്തത്…? ഭദ്ര ശബ്ദമുയർത്തി… “ഷാനവാസ്. ..!! യെസ് മാഡം. .. “ഇവിടെ തന്റെ സ്റ്റേഷനിലങ്ങനെ എന്തെങ്കിലും പരാതി ജേക്കബച്ചൻ തന്നിരുന്നോടോ….? ഇല്ല മാഡം… ഭദ്ര പിന്നെയും വറീതിനു നേരെ തിരിയവെ അയാൾ ഭദ്രയ്ക്ക് നേരെ കൈകൂപ്പി.

“എന്റെ പൊന്നു സാറെ , തൊമ്മിയെ കാണാതായത് ഞങ്ങളാരും വലിയ ഗൗരവ്വത്തിലെടുത്തിരുന്നില്ല .. അതുകൊണ്ട് തന്നെ അക്കാര്യം അച്ചനോട് പറഞ്ഞതും ഇല്ല..!! അല്ലെങ്കിലേ അച്ചൻ കുറെ ദിവസങ്ങളായി ഭയങ്കര ടെൻഷനിലായിരുന്നു… എന്തു ടെൻഷൻ ..? അതറിയില്ല മാഡം . ഓകെ ….പക്ഷേ തൊമ്മിച്ചനെ കാണാതായത് നിങ്ങളെന്തുകൊണ്ടാണ് ഗൗരവ്വത്തിലെടുക്കാത്തത്….? അയാൾക്ക് വീടും കുടുംബവുമൊന്നുമില്ലോടോ..? രാജീവ് ചോദിച്ചു… അത് സാറെ തൊമ്മിയ്ക്ക് തലയ്ക്ക് നല്ല സുഖമില്ല കുറച്ചായിട്ട്, പിന്നെ വീടും കുടുംബവുമൊന്നുമില്ല ഇവിടെ പള്ളി വരാന്തയിലാണ് കിടപ്പ് പോലും.

ആരെങ്കിലും മരിച്ചാൽ കുഴിവെട്ടുന്നത് അവന്റെ ജോലിയാണ്,അതാണവന്റ്റെ പേര് ശവകുഴി തൊമ്മീന്നായത്….!! അയാൾക്ക് പണ്ടു മുതലേ ബുദ്ധിസ്ഥിരത കുറവ് ഉണ്ടോടോ…? ഇല്ല മാഡം. .. കുറച്ചു കാലം മുമ്പ് വരെ നല്ല ഉഷാറായിരുന്നു…പക്ഷേ …? എന്താടോ ഒരു പക്ഷേ …? അത് സാറെ ഒരുദിവസം രാത്രി സെമിത്തേരിയിലെന്തോ കണ്ടു നിലവിളിച്ചവൻ പളളിമേടയിലേക്കോടി കയറി, ആരൊക്കെ ശ്രമിച്ചിട്ടും അവൻ മേടേന്ന് ഇറങ്ങീല..!! പിന്നെ കുറച്ചു ദിവസം അവനു നല്ല പനിയായിരുന്നു…ആ പനി മാറിയെണീറ്റ അവൻ പിന്നെ പഴയത് പോലെ ആയില്ല..!! എന്തൊക്കെയോ ഒറ്റയ്ക്ക് പിറുപിറുക്കും.. ചിലപ്പോൾ എങ്ങോട്ടെങ്കിലും പോവും…

രണ്ട് ദിവസം കഴിഞ്ഞാൽ അതുപോലെ തിരിച്ചും വരും, പക്ഷേ ഈ പ്രാവശ്യം അങ്ങനെ പോയ അവൻ തിരികെ വന്നില്ല മാഡം…!! പിന്നെ ജേക്കബച്ചനെ കൂടി കാണാതായപ്പോൾ തൊമ്മിയുടെ കാര്യം മറന്നു പോയി സാറെ…ഇന്ന് രാവിലെ ദേ ഈ സാറ് ഓരോന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് തൊമ്മിയുടെ കാര്യം. .. ഗിരീഷിനെ നോക്കി വറീത് വിറയലോടെ പറഞ്ഞു നിർത്തിയപ്പോൾ ഭദ്രയുടെ നോട്ടം സെമിത്തേരിയിലേക്കായിരുന്നു…..!! അവിടെ …, അവിടെയെന്തോ തെളിവുകൾ അവശേഷിക്കുന്നതു പോലെ തോന്നിയ ഭദ്ര സെമിത്തേരിക്ക് നേരെ നടന്നു എന്തോ തിരഞ്ഞെന്ന പോലെ…!! പക്ഷേ അവിടെ ഒന്നും കണ്ടെത്താൻ സാധിക്കാതെ ഭദ്ര പിൻതിരിയവേ പെട്ടെന്ന് പുറകിൽ നിന്ന് ഷാനവാസിന്റ്റെ ശബ്ദം ഉയർന്നു. . “മാഡം ദാ അവിടെ…. .. !!

തുടരും…..

ഭദ്ര IPS : ഭാഗം 5