അഷ്ടപദി: ഭാഗം 44
രചന: രഞ്ജു രാജു
ഓഫീസിലേക്ക് പോകാനായി വേഗത്തിൽ തന്നെ കാർത്തു റെഡി ആയിരുന്നു… ധരൻ ആണെങ്കിൽ ലാപ് തുറന്നു വെച്ചു എന്തൊക്കെയോ ചെക്ക് ചെയ്തു കൊണ്ട് അവിടെ തന്നെ ഇരിപ്പുണ്ട്. ചുരിദാറിന്റെ ദുപ്പട്ട എടുത്തു മാറിലേക്ക് ഇട്ട ശേഷം രണ്ട് സേഫ്റ്റി പിൻ എടുത്തു ഇരു തോളിലുമായി ഉറപ്പിച്ചു. ഉച്ചിയിൽ കെട്ടി വെച്ചിരുന്ന നനഞ്ഞ മുടിയൊന്ന് അഴിച്ചു തോർത്തിയ ശേഷം കുളി പിന്നൽ പിന്നി ഇട്ട്. ഒരു മോസ്ച്ചുറൈസിംഗ് ക്രീം എടുത്ത് മുഖത്ത് അൽപാല്പമായി തേച്ചുപിടിപ്പിച്ചു….. കണ്മഷി എടുത്തു മെല്ലെ കണ്ണൊന്നു കറപ്പിച്ചു….
ചെറുതായി നിറഞ്ഞു വന്ന മിഴികളെ നോക്കി അവൾ നീലകണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് ഒന്ന് പുഞ്ചിരി ച്ചു. മ്മ്മ്…. ധരന്റെ മുരടനക്കം കേട്ടപ്പോൾ അവൾ പെട്ടന്ന് തന്നെ ബാഗ് എടുത്തു തോളിലേക്ക് ഇട്ടകൊണ്ട് ജോലിക്ക് പോകാനായി ഇറങ്ങി. ടി….. അവന്റ അലർച്ച കേട്ടതും വാതിൽക്കൽ എത്തിയ കാർത്തു ഞെട്ടി…..പിന്നിലേക്ക് അവളെ അവൻ വലിച്ചതും കാർത്തു ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. “എന്താ…..” ഒരു തരം പുച്ഛഭാവത്തിൽ തന്നെ നോക്കുന്നവളെ കണ്ടതും ധരനു ഇത്തിരി ദേഷ്യം തോന്നി.
എങ്കിലും അവളോടൊന്നും പറയാതെ കൊണ്ട് അവൻ കുംകുമചെപ്പ് തുറന്നു ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ അണിയിച്ചു. “ഇനി മേലിൽ, ഇങ്ങനെ കണ്ടുപോകരുത്….. എന്റെ മരണം വരെയും,ഇതു ഇവിടെ കാണണം…. അതിനു ശേഷം നിന്റെ ഇഷ്ടം പോലെ ആയിക്കോ…. പക്ഷെ ഞാൻ ജീവിച്ചു ഇരിക്കുന്ന കാലം അത്രയും ഈ സീമന്തം, ചുവന്നു തന്നെ കിടക്കും…കേട്ടല്ലോ ” അല്പം ഗൗരവത്തിൽ അവൻ കാർത്തു വിനെ നോക്കി പറഞ്ഞു… പെട്ടന്ന് അവളുടെ മിഴികൾ നിറഞ്ഞു തൂവി.. ഒരു വേള ധരനും ഒന്ന് അമ്പരന്ന്. എന്താണ് ഇവൾക്ക് പറ്റിയത് എന്ന് അറിയാതെ..
പെട്ടന്ന് ആയിരുന്നു അതു സംഭവിച്ചത്.. പെണ്ണൊന്നു ഉയർന്നു പൊങ്ങി… സോറി.. അവന്റെ കവിളിൽ ഒരു മുത്തം നൽകിയ ശേഷം അവൾ മെല്ലെ മന്ത്രിച്ചു.. അവൻ എന്തെങ്കിലും മറുപടി പറയും മുന്നേ തന്നെ കാർത്തു ഓടിക്കളഞ്ഞു. കാർത്തുവിന്റെ പിന്നാലെ മുകളിൽ നിന്നും ഇറങ്ങുമ്പോൾ വരണ്ട ചൂണ്ടിൽ ഒരു പുഞ്ചിരി മായാതെ നിലകൊണ്ടു… അത് മറ്റാർക്കും വേണ്ടിയുള്ളതായിരുന്നില്ല അവന്റെ കാർത്തുവിന് വേണ്ടി മാത്രം ആയിരുന്നു.. ദേവമ്മ യേ കൊണ്ടുപോയി ലക്ഷ്മി ആന്റിയുടെ വീട്ടിൽ ഇറക്കിയ ശേഷം, ധരനും കാർത്തുവും ഓഫീസിലേക്ക് പുറപ്പെട്ടു….
അവിടെ ചെന്നതും, ധരനോടൊപ്പം ഓഫീസിലേക്ക് കയറിവരുന്ന കാർത്തുവിനെ കണ്ടതും എല്ലാവരും അന്തിച്ചു പോയി.. അവളുടെ മാറിൽ, പറ്റിച്ചേർന്നു കിടക്കുന്ന ആലിലത്താലിയും, അതുപോലെ, സീമന്തരേഖയിലെ സിന്ദൂരവും, ഒക്കെ കണ്ടപ്പോൾ,ഒറ്റനോട്ടത്തിൽ തന്നെ എല്ലാവർക്കും മനസ്സിലായിരുന്നു അവളുടെ വിവാഹം കഴിഞ്ഞുവെന്ന്… “ഇതെപ്പോ….” ജാനി ചുണ്ടനക്കി.. “ആഹ്… ആർക്കറിയാം..ആരാണോ ആ ഹതഭാഗ്യൻ.” അലമ്കൃത പതിയെ പറഞ്ഞു. പെട്ടന്ന് ധരൻ അവരെ ഒന്ന് പിന്തിരിഞ്ഞു നോക്കി. അത് കണ്ടതും ഇരുവരും മുഖം കുനിച്ചു….
“അലംകൃത പ്ലീസ് കം…..” ധരൻ വിളിച്ചതും അലങ്കൃത പതിയെ അവന്റെ അടുത്തേക്ക് ചെന്നു.. ” താൻ പറഞ്ഞ ആ ഹതഭാഗ്യൻ മറ്റാരുമല്ല കേട്ടോ ഈ ധരൻ ദേവ് തന്നെയാണ്…. തൽക്കാലം ഇത് താൻ മാത്രം അറിഞ്ഞാൽ മതി.. ഓക്കേ ” അവളെ നോക്കി ഒന്ന് കണ്ണുറുക്കി കൊണ്ട് റൂമിലേക്ക് കയറിപ്പോയി.. “മ്മ്…. എന്തായിരുന്നു ഒരു രഹസ്യം പറച്ചില് ” തന്റെ ബാഗ് എടുത്ത് മേശമേൽ വെച്ചിട്ട് കാർത്തു ധരനെ ഒന്ന് അടിമുടി നോക്കി… ” എന്തേ നിനക്ക് ഇഷ്ടപ്പെട്ടില്ലേ…. “? “എനിക്കോ…..” “മ്മ്…..” ” എനിക്ക് ഒരു ഇഷ്ടക്കേടും ഇല്ല” ” എന്നാൽ മിണ്ടാതെ ഇരുന്ന് നിന്റെ ജോലി ചെയ്യാൻ നോക്ക്” അതു പറഞ്ഞുകൊണ്ട് അവൻ തന്റെ ചെയറിലേക്ക് പോയി അമർന്നിരുന്നു.
കാർത്തുവിന് ആണെങ്കിൽ അത് കണ്ടു ദേഷ്യവും തോന്നി… പക്ഷേ കൂടുതൽ ഒന്നും അപ്പോൾ അവരോട് പറയുവാൻ അവൾ മെനക്കെട്ടിരുന്നില്ല.. അന്നാണെങ്കിൽ ഓഫീസിൽ അല്പം തിരക്കുള്ള ദിവസമായിരുന്നു… ധരനെ കാണുവാനായി പുറത്തുനിന്നും ഒന്ന് രണ്ട് പാർട്ടികൾ ഒക്കെ വന്നിരുന്നു.. അവരുമായി അവൻ പുറത്തേക്ക് പോകുകയാണ് ചെയ്തത്… പിന്നീട് മടങ്ങി എത്തിയത് ഉച്ചയ്ക്കുശേഷമായിരുന്നു.. ” കാർത്തിക…. ഒരാഴ്ചത്തേക്ക് ഞാൻ ഇവിടെ ഉണ്ടാവില്ല കേട്ടോ. എനിക്ക് ഒന്ന് രണ്ട് മീറ്റിംഗ്സ് ഉണ്ട്… അതുമായി ബന്ധപ്പെട്ട ചെന്നൈ വരെ ഒന്ന് പോകണം ” വന്നു കയറിയതും അവൻ കാർത്തികയെ നോക്കി പറഞ്ഞു. “അയ്യോ അതു പറ്റില്ല……”
ധരനെ നോക്കി കാർത്തു അല്പം ഉറക്കെയാണ് പറഞ്ഞത്. “വാട്ട് ” “എനിക്ക് ഒറ്റയ്ക്ക്……..” “ഒറ്റയ്ക്കോ… ഇവിടെ ഇത്രമാത്രം സ്റ്റാഫ് ഉള്ളപ്പോൾ ” “വേണ്ട ധരൻ….. പോകേണ്ട…..” “നിനക്ക് എന്താ… ഭ്രാന്ത് പിടിച്ചോ….” അവനു ദേഷ്യം വന്നു. “ഒരാഴ്ച എന്നൊക്കെ പറഞ്ഞാൽ” കാർത്തു വീണ്ടും ആലോചനയോടുകൂടി കസേരയിലേക്ക് ചാരി കിടന്നു കൊണ്ട് അവനെ നോക്കി “സെവൻ ഡേയ്സ്…..” “അത്രയും ദിവസം ഞാന് ” “എന്താ നിനക്ക് കാണാതെ ഇരിക്കാൻ പറ്റില്ലേ….” “അയ്യേ… അതു കൊണ്ട് ഒന്നും അല്ല…. ഞാൻ ഒറ്റയ്ക്ക് ഇവിടെ… എങ്ങനെ കൈ കാര്യം ചെയ്യും എന്നോർത്താ ” “ഓഹ്.. അതു സാരമില്ല… ഗിരി ഉണ്ട്… പിന്നെ ജോൺ ഉണ്ട്….അതും കൂടാതെ എന്തെങ്കിലും ഡൌട്ട് വന്നാൽ എന്നെ വിളിച്ചാൽ മതി…..” “മ്മ്……”
അവൾ ഒന്ന് മൂളി. ” ടൂ വീക്സായിരുന്നു അവർ എന്നോട് പറഞ്ഞത്..പിന്നെ ഞാൻ അതു ഒരു പ്രകാരത്തിൽ കുറച്ചത് ആണ് അമ്മേ…. ” വീട്ടിലെത്തിയശേഷം തന്റെ ബിസിനസ് ട്രിപ്പിനെ കുറിച്ച് ധരൻ അമ്മയോട് പറഞ്ഞതും, ദേവമ്മയ്ക്കും പെട്ടെന്ന് വിഷമമായി… ” വിവാഹം കഴിഞ്ഞിട്ട് ഇത്ര ദിവസം ആയതല്ലേ ഉള്ളൂ മോനെ” ” അതൊക്കെ പറയാൻ പറ്റുമോ അമ്മേ…… ഈ സ്ഥാപനത്തിന്റെ,ഏറ്റവും തലപ്പത്തിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ, എനിക്ക് പോയേ പറ്റൂ ” അമ്മ കൊടുത്ത കോഫി കുടിച്ചു കൊണ്ട് ധരൻ പറഞ്ഞു. കാർത്തു മാത്രം ഒന്നും പറയാതെ കൊണ്ട് മുഖം വീർപ്പിച്ചു നിന്നു.
“എങ്കിൽ പിന്നെ ഈ കുട്ടിയെ കൂടി ഒന്നു കൊണ്ടുപോയാലോ… വിവാഹം കഴിഞ്ഞ ശേഷം നിങ്ങൾ രണ്ടാളും ഒരു യാത്ര പോലും ഒന്നിച്ചു പോയത് ഇല്ല” അമ്മ അത് പറയുകയും കാത്തു പ്രതീക്ഷയോടുകൂടി ധരന്റെ മുഖത്തേക്ക് നോക്കി. “അമ്മേ … അതൊന്നും ശരിയാവില്ല, എന്റെ കൂടെ വേറെ രണ്ടു മൂന്നു പാർട്ടികൾ കൂടി ഉണ്ട്……” “മ്മ്…. എന്നാൽ പിന്നെ വേണ്ട മോനെ….. അല്ലാതെ വേറെ നിവൃത്തിയില്ലല്ലോ” “ഹ്മ്മ്….. ഇത് തികച്ചും ഒഫീഷ്യൽ ആയ ഒരു മീറ്റിംഗ് ആണ് അമ്മേ . അതുകൊണ്ടാണ് ഞാൻ പറഞ്ഞത്” ചുണ്ട് കൂർപ്പിച്ചു പിടിച്ചുകൊണ്ട് അകത്തേക്ക് കയറി പോകുന്നവളെ അവൻ കടക്കണ്ണാലെ കണ്ടിരുന്നു…. അത്താഴം ഒക്കെ കഴിച്ച ശേഷം,കാർത്തു,അടുക്കളയൊക്കെ ക്ലീൻ ചെയ്യുകയായിരുന്നു. ”
കാർത്തിക നിനക്കൊരു ഫോൺ ഉണ്ട്… ” ധരന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞുനോക്കി. കൈ നന്നായി തുടച്ചു കൊണ്ടുവന്ന അവൾ ഫോൺ മേടിച്ച് കാതിലേക്ക് വെച്ച്.. ഹെലോ….. ചേച്ചി.. ഞാൻ ആണ് നിച്ചു… ആഹ് മോനെ. നിച്ചു കുട്ടാ… ചേച്ചി… ചേച്ചിക്ക് സുഖമാണോ.. അതെ മോനെ… അവിടെ എല്ലാവരും എന്തെടുക്കുന്നു. ” എല്ലാവരും അപ്പുറത്തിരുന്ന് സംസാരിക്കുവാ ‘ ” നിങ്ങളെല്ലാവരും ഇപ്പോഴും രാധ വല്യമ്മയുടെ വീട്ടിലാണോ മോനെ” ” അല്ല ചേച്ചി…ഞങ്ങൾ അവിടെ നിന്നും മാറി പുതിയൊരു വീട് വാടകയ്ക്ക് എടുത്തു…” ” അതെയോ…എവിടെയാണ് സ്ഥലം”
” രാമമംഗലത്തെ വല്യച്ഛൻ അല്ലേ, അവരുടെ ഒരു മോളുണ്ട്,രേഷ്മ ആന്റി… ആന്റിയും അങ്കിളും വിദേശത്ത് എവിടെയോ ആണ്. അവരുടെ വീട്ടിലേക്കാണ് ഇപ്പോൾ ഞങ്ങൾ താമസിക്കുവാനായി വന്നത്” “മ്മ്…. സൗകര്യങ്ങളൊക്കെ ഉള്ള വീടാണോ മോനെ ” “ഉവ്വ് ചേച്ചി.. രണ്ട് നില വീടാണ്.. കുറെയേറെ മുറികൾ ഒക്കെ ഉണ്ട് ” “മ്മ്.. മോന് സമയം കിട്ടുമ്പോൾ ചേച്ചിയെ വിളിക്കണം കേട്ടോ” “ശരി… എന്നാൽ ഞാൻ വച്ചേക്കാം…” അവൻ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു… ധരന് ഫോൺ കൈമാറിയ ശേഷം, കാർത്തു വീണ്ടും തന്റെ ജോലികൾ തുടർന്നു. എല്ലാം ഒതുക്കി പെറുക്കി ഒക്കെ വെച്ചശേഷം, അവൾ തിരികെ ബെഡ്റൂമിലേക്ക് വന്നപ്പോൾ പെട്ടികൾ ഒക്കെ ബൈക്ക് ചെയ്യുകയായിരുന്നു…
അത് കണ്ടതും എന്തോ കാർത്തുവിന് മനസ്സിൽ ഒരു കൊളുത്തി പിടിക്കൽ പോലെ… “ഞാൻ സഹായിക്കണോ ” മുഖമുയർത്തി തന്നെ നോക്കുന്നവനെ കണ്ടതും അവൾ പെട്ടെന്ന് ചോദിച്ചു. “ഹേയ്…. അത്രയ്ക്കൊന്നും ഇല്ലെടോ…. കുറച്ച് ഡ്രസ്സ് ഒക്കെ എടുത്തു വയ്ക്കുന്നതിന് എന്തിനാണ് ഒരുപാട് പേരുടെ സഹായം ” ” ഒരുപാട് പേർ ഒന്നുമില്ലല്ലോ ഇവിടെ..ഞാൻ മാത്രമല്ലേ ഉള്ളൂ ” അത് കേട്ടതും കാർത്തുവിനെ ദേഷ്യം വന്നിരുന്നു. ” അല്ല നിനക്കെന്താ പറ്റിയത് കുറച്ച് സമയം ആയല്ലോ തുടങ്ങിയിട്ട്….. വെറുതെ ഓരോന്നു പറഞ്ഞു മനുഷ്യനോട് ഉടക്കാൻ വന്നിരിക്കുവാ അല്ലേ ” ധരൻ അവളുടെ അടുത്തേക്ക് വന്നു നിന്നു.….തുടരും……