അഷ്ടപദി: ഭാഗം 32
രചന: രഞ്ജു രാജു
. മുറിയിൽ പ്രകാശം നിറഞ്ഞതും കാർത്തു ഞെട്ടി. കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ കിടക്കുക ആണ്.. ടി….. ധരൻ ഉറക്കെ വിളിച്ചുകൊണ്ട് അവളെ പിടിച്ചു നേരെ കിടത്തി. നീ എന്തിനാണ് ഇങ്ങനെ കരയുന്നത്…. നിന്റെ മുത്തശ്ശി ചത്തോ… അതോ നിന്റെ….. അവനു ദേഷ്യം വന്നു. ഒന്നും മിണ്ടാതെ കൊണ്ട് കിടക്കുക ആണ് കാർത്തു അപ്പോളും. അവളുടെ കവിൾത്തടം ആണെങ്കിൽ ചുവന്നു കിടക്കുന്നത് കണ്ടതും ധരൻ അവളെ സൂക്ഷിച്ചു നോക്കി. “നിന്നേ ഇതിനു മാത്രം തല്ലി ചതയ്ക്കാൻ എന്താടി ഉണ്ടായത്..നല്ലോണം കിട്ടിയല്ലോ നിനക്കിട്ട് …. അവളെ അടിമുടി നോക്കി കൊണ്ട് അവൻ പറഞ്ഞു.
നിനക്കെന്ന ഇപ്പൊ നാവില്ലേ… ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.. എന്ത് പറ്റി ഇപ്പൊ,. ഝാൻസി റാണിക്ക് …… ഇത്രമാത്രം അധപ്പതിച്ചു പോയോ നീയ്.. തന്നെ പരിഹസിക്കുന്നവന്റെ നേർക്ക് ദേഷ്യത്തിൽ കാർത്തു നോക്കി. ഓഹ്… നോക്കി പഠിപ്പിക്കാൻ മാത്രെ അറിയൂ അല്ലേ…. പാവം…. എന്നാലും നീ ഈ തല്ലു മുഴുവൻ കൊണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് എനിക്ക് പിന്നേം അങ്ങട്….. ഞാനീ തല്ല് മുഴുവൻ കൊണ്ടത് എന്തിനാണ് എന്നല്ലേ നിങ്ങടെ സംശയം… എന്നാൽ കേട്ടോ,ഈ ലോകത്തിൽ മറ്റെന്തിനെ കാളും ഞാൻ ഇപ്പൊ സ്നേഹിക്കുന്നത് എന്റെ ഈ താലി ആണ്….
ഈ താലി എന്റെ മാറിൽ നിന്നും വേർപ്പെട്ടു പോകാതിരിക്കാൻ ആണ് ഞാൻ എന്റെ അമ്മയുടെ കൈയിൽ നിന്നും ഈ അടി എല്ലാം വാങ്ങിയത്….അത് പറഞ്ഞു കൊണ്ട് അവൾ ഉറക്കെ കരഞ്ഞു…അത്രനേരം പിടിച്ചു വെച്ചിരുന്ന സങ്കടം മുഴുവൻ അവളുടെ കണ്ണീരായി പുറത്തു വന്നു. ധരൻ ഒന്നും മിണ്ടാതെ ബെഡിൽ ത്തന്നെ ഇരുന്നു.. തന്റെ അടുത്തിരുന്നു മുട്ടിന്മേൽ മുഖം പൂഴ്ത്തി ഇരുന്നു കരയുക ആണ് അവൾ.. കുറച്ചു സമയം കഴിഞ്ഞതും ധരൻ അവളുടെ തോളിൽ കൈ വെച്ചു. . കാർത്തികേ… അവൻ വിളിച്ചതും അവൾ മുഖം ഉയർത്തി നോക്കി. നിങ്ങള്…. നിങ്ങള് കാരണം അല്ലേ എനിക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത്…. എന്റെ അച്ചു…
അവള് പോലും ഇന്ന് എന്നോട് ഒരക്ഷരം മിണ്ടിയില്ല അറിയാമോ…അവളുടെ ജീവിതം തകർത്തത് ഇപ്പൊ കാർത്തു ആണ് . എല്ലാവരുടെയും മുന്നിൽ ഞാൻ തെറ്റ്കാരി ആയി… കുടുംബത്തിൽ ചീത്ത പ്പേര് ഉണ്ടാക്കിയവൾ….ഇത്രയും നാളും വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ വഞ്ചിച്ചു കൊണ്ട് ഒളിച്ചോടി ഇറങ്ങി പോയില്ലേ….. നാട്ടുകാരും വീട്ടുകാരും പരിഹസിക്കുവാ…. അതും പറഞ്ഞു കൊണ്ട് അവൾ പിന്നെയും കരഞ്ഞു. ഒക്കെ മായ്ക്കാൻ പറ്റുമോ..നിങ്ങൾക്ക് അതിനു കഴിയുമോ ധരൻ…… അവൾ വിങ്ങി പൊട്ടി. ശരിയാണ്, എന്റെ വീട്ടുകാര് നിങ്ങളോട് കാണിച്ചത് പൊറുക്കാൻ ആവാത്ത തെറ്റ് തന്നെ ആണ്….
പക്ഷെ അതിനു പകരo നിങ്ങൾ എന്നെ….യാതൊരു ദോഷവും ആർക്കും ചെയ്യാത്ത എന്നെ ഇതിലേക്ക് വലിച്ചു ഇഴച്ചു.. വീണ്ടും വീണ്ടും വിലപിക്കുക ആണ് അവള്… ധരൻ ഒരക്ഷരം പോലും അവളോട് മിണ്ടിയില്ല.. അവളുടെ ഏറ്റു പറച്ചിൽ കേട്ടപ്പോൾ എന്തോ ഒരു കുഞ്ഞ് നോവ് അവനിലും പടർന്നു…. ഒന്നും മിണ്ടാതെ കൊണ്ട്, ലൈറ്റ് ഓഫ് ചെയ്ത ശേഷം ധരൻ വീണ്ടും കിടന്നു. .. ** രാവിലേ കാർത്തു ഉണർന്നപ്പോൾ ധരൻ ഉറക്കം എഴുനേറ്റ് പോയിട്ടുണ്ടായിരുന്നു. അവൾ പതിയെ എഴുനേറ്റു. ശരീരത്തിന് ഇന്നലത്തെക്കാൾ വേദന കുറവുണ്ട് എന്ന് തോന്നി.. മെല്ലെ അവൾ വാഷ് റൂമിലേക്ക്പോയി. ഒന്നു ഫ്രഷ് ആയ ശേഷം തിരികെ വന്നു നീലക്കണ്ണാടി യുടെ മുന്നിൽ നിന്നു..
മുടി ഒക്കെ പാറി പറന്നു, കവിളൊക്കെ വീങ്ങി, തന്റെ കോലം കണ്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. തലേ ദിവസത്തെ സംഭവങ്ങൾ ഒന്നൊന്നായി കടന്നു വന്നതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി. നിന്റെ കരച്ചിൽ ഇതു വരെ മതിയായില്ലെടി…. വാതിൽക്കലേക്ക് നോക്കിയപ്പോൾ ദേഷ്യം പൂണ്ടു നിൽക്കുന്ന ധരൻ… അവൻ മുറിയിലേക്ക് കയറി വന്നതും, കാർത്തു രണ്ട് ചുവട് പിന്നോട്ട് മാറി.. ഞാൻ ഓഫീസിലേക്ക് പോകുന്നു… ഒരു പതിനൊന്നു മണി ആകുമ്പോൾ തിരിച്ചു എത്തും. ആ സമയത്തു റെഡി ആയി നിന്നോണം….. ” “എന്തിനു ” “രജിസ്റ്റർ മാരിയേജ് നടത്തണം,,,” “ധരൻ ഒരു രണ്ടാoകെട്ടുകാരൻ ആവാൻ ആണോ.. ” . അവളുടെ ചോദ്യം മനസിലാവാതെ അവൻ കാർത്തുവിന്റെ മുഖത്തേക്ക് നോക്കി.
“രജിസ്റ്റർ മാരിയേജ് എങ്ങാനും നടന്നു എന്നറിഞ്ഞാൽ അമ്മ എന്നെ കൊന്നിട്ട് കുളത്തിൽ മുക്കും എന്നാണ് പറഞ്ഞത്….. വിമലാ ദേവി ഒരു വാക്ക് പറഞ്ഞാൽ വാക്കാണ് കേട്ടോ .” ചിരിയോടു കൂടി പറയുന്നവളെ നോക്കി ധരൻ തറഞ്ഞു നിന്നു. “കാർത്തു….” ദേവമ്മ ആയിരുന്നു.അവരുടെ കൈയിൽ ഒരു കപ്പ് കാപ്പി യും ഉണ്ടായിരുന്നു. “എങ്ങനെ ഉണ്ട് മോളെ….” അവർ വന്നു കാർത്തു ന്റെ കൈക്ക് പിടിച്ചു “കുഴപ്പമില്ല അമ്മേ… വേദന കുറവുണ്ട് ” ദേവമ്മ കൊടുത്ത കാപ്പി മേടിച്ചു അവൾ മൊത്തി മൊത്തി കുടിച്ചു. “ദേവാ… എപ്പോളാ മോനെ നീ ഓഫീസിൽ പോയിട്ട് വരുന്നത്.” . “11മണി ആകുമ്പോൾ എത്തും… ഇവളോട് റെഡി ആയി നിൽക്കാൻ പറയുവായിരുന്നു ഞാന്…” “ഹ്മ്മ്…..” “അവിടന്നു നേരെ പോകുന്നത് ഞാൻ എന്റെ തറവാട്ടിലേക്ക് ആണ്.. ഇനി ഉള്ള കാലം നമ്മൾ അവിടെ ആണ് താമസിക്കുന്നത് കേട്ടോ അമ്മേ….”
ധരൻ പറഞ്ഞത് കേട്ടപ്പോൾ ദേവമ്മ യും കാർത്തുവും ഞെട്ടി. “ദേവാ… നീ എന്തൊക്കെ ആണ് പറയുന്നേ..” “ഞാൻ പറഞ്ഞ കാര്യങൾ മനസിലാക്കുവാൻ ഉള്ള സാമാന്യ ബുദ്ധി ഉള്ളവർ ആണ് അമ്മയും, കാർത്തു വും എന്ന് എനിക്ക് നന്നായി അറിയാം…….” “മോനെ… ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കരുതടാ…..” “അമ്മ, വേറെന്തു പറഞ്ഞാലും ഞാൻ അനുസരിക്കും… ഈ കാര്യം ഒഴിച്ച്….” അവൻ ആണെങ്കിൽ അലമാര തുറന്ന് തനിക്ക് ഓഫീസിലേക്ക് പോകാൻ ഉള്ള ഡ്രസ്സ് എടുത്തു വെളിയിലേക്ക് വെയ്ക്കുക ആണ് അപ്പോള്. “മോനെ….” “അമ്മ വരുന്നുണ്ടെങ്കിൽ വന്നാൽ മതി… അല്ലെങ്കിൽ ഇവിടെ താമസിക്കാം…. ലക്ഷ്മി അമ്മ യും അച്ഛനും ഉണ്ട്….
പക്ഷെ ഞാനും കാർത്തികയും ഇനി ഉള്ളത് അമ്മയുടെ തറവാട്ടിൽ ആയിരിക്കും….” അമ്മയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ധരൻ ഡ്രസിങ് റൂമിലേക്ക് പോയി. “ദേവമ്മേ…..” കാർത്തു വല്ലായ്മയോടെ അവരെ വിളിച്ചു. “ഇനി എന്തൊക്കെ കാണണം എന്റെ ഭഗവാനെ…..” അവർക്ക് സങ്കടം വന്നു. *** ധരൻ പറഞ്ഞ കാര്യങ്ങൾ മേനോനോടും ലക്ഷ്മി യോടും പങ്ക് വെയ്ക്കുക ആയിരുന്നു ദേവകി. അപ്പോളാണ് അവൻ ഓഫീസിൽ പോകുവാനായി ഇറങ്ങി വന്നത്. “ഞങ്ങൾ കേട്ടത് ഒക്കെ സത്യം ആണോ മോനെ.. നീ മേലെടത്തേക്ക് താമസം മാറ്റുവാണോ …” മേനോനു സംശയം ആയി. “അതെ അച്ഛാ… ഞാനും കാർത്തികയും വിവാഹം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, അവിടെ നിന്നും നേരെ പോകുo…
അമ്മ യ്ക്ക് വരാൻ താല്പര്യം ഇല്ലാ ത്രെ… അതുകൊണ്ട് അമ്മയുടെ ഇഷ്ടം പോലെ ഒന്നെങ്കിൽ ഇവിടെ നിൽക്കാം, അല്ലെങ്കിൽ എന്റെ ഒപ്പം പോരാം ” അത് പറയുമ്പോൾ ധരന് ഉറപ്പായും അറിയാമായിരുന്നു, അമ്മ തന്റെ ഒപ്പം പോരും എന്ന്… ” “അതു വേണോ മോനെ ” “എന്റെ ലക്ഷ്മിയമ്മേ,,,, അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ ഇങ്ങനെ മീശ യും വെച്ചു കൊണ്ട് ആണാണ് എന്ന് പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ടോ…” അതും പറഞ്ഞു കൊണ്ട് ധരൻ വെളിയിലേക്ക് ഇറങ്ങി പോയി.….തുടരും……