അഷ്ടപദി: ഭാഗം 29
രചന: രഞ്ജു രാജു
ധരൻ ആണെങ്കിൽ പെട്ടന്ന് തന്നെ കർത്തുവിനോട് പിന്നിലെ വാതിലിൽ കൂടി പോകുവാൻ നിർദേശം കൊടുത്തു. ധരൻ….. പെട്ടന്ന് അവൾ ധരന്റെ കൈയിൽ കയറി പിടിച്ചു. എനിക്ക് പേടിയാവുന്നു…… എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ….? “ചിലച്ചോണ്ട് നിൽക്കാതെ വേഗം പോടി…” അവൻ മുരണ്ടു കാർത്തു പെട്ടന്ന് ത്തന്നെ ഇറങ്ങി പോയി. പോലീസ് യൂണിഫോമിൽ ഒരാൾ ധരന്റെ അടുത്തേക്ക് വന്നു. “ഞാൻ സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ.തനിക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട് . അതിനെ കുറിച്ച് അന്വേഷിക്കാൻ ആണ് വന്നത് ” “എന്താണ് സാർ…. ”
“കാർത്തിക നാരായണൻ എന്ന ഈ ഓഫീസിലെ സ്റ്റാഫിനെ താൻ തട്ടിക്കൊണ്ടു പോയി വീട്ടു തടങ്കലിൽ വെച്ചിരിക്കുക ആണോ…..” അയാൾ പരുഷമായി ചോദിച്ചു.. “വാട്ട് യു മീൻ സാർ….” ധരൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.. ” അധികം ഒച്ചയൊന്നും വെക്കണ്ട… മര്യാദയ്ക്ക് അവളെ, അവളുടെ വീട്ടിൽ കൊണ്ടുവന്ന് ആക്കിക്കോണം, ഇല്ലെങ്കിൽ ഞങ്ങൾക്ക് ആക്ഷൻ എടുക്കേണ്ടിവരും ” ” സർ .. ഞാനാരെയും തട്ടിക്കൊണ്ടു പോയിട്ടുമില്ല,,, വീട്ടുതടങ്കലിൽ വെച്ചിട്ടുമില്ല….സാറ് പറയുന്ന കാർത്തിക നാരായണൻ എന്ന പെൺകുട്ടി, അവളുടെ സിസ്റ്ററിന്റെ എൻഗേജ്മെന്റ് പ്രമാണിച്ച് ഇന്ന് ലീവ് എടുത്തിരിക്കുകയാണ്.
കാർത്തിക ഇന്ന് ഓഫീസിൽ എത്തിയിട്ട് പോലുമില്ല.. പിന്നെങ്ങനെയാണ് സാർ ഞാൻ അവളെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്” ” കാര്യങ്ങളൊക്കെ അറിഞ്ഞ ശേഷമാണ് ഞാൻ ഇവിടേക്ക് വന്നിരിക്കുന്നത്, കൂടുതൽ സീൻ ആക്കുന്നതിനു മുൻപ് നീ അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞയക്കണം ഇല്ലെങ്കിൽ എന്റെ മറ്റൊരു മുഖം ആയിരിക്കും നീ കാണാൻ പോകുന്നത്” തന്റെ താടി ഒന്ന് ചൊറിഞ്ഞു കൊണ്ട് രാജേന്ദ്രൻ അവനെ നോക്കി.. ” നാരായണൻ തന്ന കൈക്കൂലിയും മേടിച്ചു കൊണ്ട് താൻ എന്നെ വിരട്ടേണ്ട, അതൊന്നും എന്റെ അടുത്ത് ചെലവാകുകയുമില്ല” ധരനും അയാളുടെ നേർക്ക് ചെന്നുകൊണ്ട് പറഞ്ഞു.. ” “എടാ കൊച്ചനേ പോയി തരത്തിൽ കളിക്കടാ… ഇല്ലെങ്കിൽ നീ വിവരം അറിയും കേട്ടോ….”
“സകല കളിയും കഴിഞ്ഞു വന്നവൻ ആണ് സാറെ… അതുകൊണ്ട് ആ വിരട്ടലും ഇവിടേ മതിയാവില്ല….” ” നിന്നോട് സംസാരിച്ചു നിൽക്കാൻ എനിക്ക് സമയമില്ല.. ഇതു പെണ്ണ് കേസ് ആണ്… നീയമപരം ആയിട്ട് നി അവളെ വിവാഹം കഴിച്ചതുമില്ല… ഇന്നും നാളെയും രജിസ്റ്റർ ഓഫീസ് അവധിയും ആണ്… അതുകൊണ്ട്, വൈകിട്ട് അഞ്ചുമണി എന്നൊരു സമയമുണ്ടെങ്കിൽ കാർത്തിക അവളുടെ വീട്ടിൽ എത്തിയിരിക്കണം…അല്ലെങ്കിൽ നീയാണ് അഴിയെണ്ണാൻ പോകുന്നത്.” അയാൾ എഴുന്നേറ്റു. ഒരു കാര്യം കൂടി തന്നോട് പറഞ്ഞേക്കാം… “താൻ പരസ്യമായി എല്ലാവരുടെയും മുമ്പിൽവെച്ച് അവളോട്,ഇഷ്ടമാണെന്നും ഇറങ്ങിവരാനും പറഞ്ഞപ്പോൾ അവൾക്ക്, തന്നോട് അങ്ങനെയൊന്നും പ്രണയം ഇല്ലെന്നും, തന്നോട് അവിടെ നിന്നിറങ്ങി പോകുവാനുമാണ് അവൾ ആവശ്യപ്പെട്ടത്…
ഈ കാരണം പറഞ്ഞാണ് അവളുടെ അച്ഛൻ പരാതി ഉന്നയിച്ചിരിക്കുന്നത്… അതുകൊണ്ട്,ആലോചിച്ചു പ്രവർത്തിക്കുക,വെറുതെ എന്തിനാ,ഒരു വയ്യാവേലി എടുത്തു തലയിൽ വെക്കുന്നത്.. . അതും പറഞ്ഞുകൊണ്ട് എസ് ഐ രാജേന്ദ്രൻ വെളിയിലേക്ക് ഇറങ്ങിപ്പോയി. അയാൾ പറയുന്ന കാര്യങ്ങൾ എല്ലാം കേട്ടുകൊണ്ട്, മിടിക്കുന്ന ഹൃദയവുമായി, കാർത്തു അകത്ത് കണ്ണീർ വാർക്കുകയായിരുന്നു…. ഈശ്വരാ… ഇനി എന്തൊക്കെ പരീക്ഷണങ്ങളാണ് താൻ അനുഭവിക്കാൻ പോകുന്നത്…. എന്തിനായിരുന്നു തനിക്ക് ഇങ്ങനെ ഒരു ജന്മം തന്നത്…. കാർത്തുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. കാർത്തിക…. ഡോർ തുറക്കൂ…
ധരൻ വന്ന് വാതിലിൽ തട്ടിയപ്പോൾ അവൾ പിടഞ്ഞു എഴുന്നേറ്റു…. വാതിൽ തുറന്നപ്പോൾ കണ്ടു കോപത്തോടെ തന്നെ നോക്കി നിൽക്കന്നവനെ… ” ഇറങ്ങി വാടി ഇങ്ങോട്ട്… ” അവൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ചതും, ധരന്റെ നെഞ്ചിൽ കെട്ടി അവൾ നിന്നു… “നിന്റെ തന്ത കൊണ്ട് പോയി കേസ് കൊടുത്തെന്നു, ഞാൻ നിന്നേ അപഹരിച്ചു കൊണ്ട് വന്നെന്ന്.. കാർത്തു ഒന്നും പറയാത്തത് കൊണ്ട്, മുഖം കുനിച്ചു നിന്നതേയുള്ളൂ… നമ്മൾ തമ്മിൽ ഇഷ്ടമാണെന്നും, നിന്നെ വിളിച്ചിറക്കിക്കൊണ്ട് പോകുവാനാണ് ഞാൻ വന്നതെന്നും, നിന്റെ വീട്ടിൽ എല്ലാവരോടും അന്ന് ഞാൻ പറഞ്ഞപ്പോൾ, നീ മറുപടി പറഞ്ഞത് എന്താണ്… ഓർമ്മയുണ്ടോടി പുല്ലേ..
ധരൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു. ആ……ന്റെ ഗുരുവായൂരപ്പാ അവൾ വേദന കൊണ്ട് പുളഞ്ഞു. “നീ പറഞ്ഞിട്ട് അല്ലേടി,അന്ന് ഞാൻ അവിടെ വന്നത്…. എന്നിട്ട് ഒടുക്കം നീയും കൂടി ചേർന്നു എന്നെ വിഡ്ഢി ആക്കി….. വിടില്ല ഞാൻ ഒന്നിനേം…” അതും പറഞ്ഞു കൊണ്ട്, കാർത്തുവിനെ പിടിച്ച് പിന്നിലേക്ക് തള്ളിയിട്ട് ധരൻ അവിടെ നിന്നും ഇറങ്ങിപ്പോയി.. കാർത്തുവിനെ അന്വേഷിച്ച് പോലീസ് വന്ന വിവരം, ഓഫീസിൽ എല്ലാവരും അറിഞ്ഞിരുന്നു… പക്ഷേ അവൾ ധരന്റെ റൂമിൽ ആയതിനാൽ ആർക്കും അവിടേക്ക് കയറി ചെല്ലുവാൻ പ്രവേശനമില്ലായിരുന്നു…
എന്നാലും എന്താണ് കാരണം എന്ന് അറിയുവാൻ എല്ലാവർക്കും ഒരു ആകാംക്ഷയായിരുന്നു… ധരൻ ആ സമയത്ത് മേനോനെ,ഫോണിൽ വിളിക്കുകയായിരുന്നു…. ഹെലോ…. മോനെ.. ആഹ് അച്ഛാ. എടാ….. അവന്മാർ നാറിയ കളി പിന്നെയും തുടങ്ങി അല്ലേ…. ഹ്മ്മ്…. അതേടാ…. നമ്മൾ ഇനി എന്ത് ചെയ്യും.. ഒന്നും ചെയ്യാൻ പോകുന്നില്ല… അവള് എന്റെ വീട്ടിൽ എന്നോടൊപ്പം കഴിയും… അതിനു യാതൊരു മാറ്റവും ഇല്ല…. മോനെ…. പക്ഷെ… പോലീസ്…… നിങ്ങള് നീയമപരം ആയിട്ട് വിവാഹം കഴിച്ചിട്ടും ഇല്ലല്ലോടാ.. അതൊന്നും ഓർത്തു അച്ഛൻ വിഷമിക്കേണ്ട…. അവളെ കൊണ്ട് ഞാൻ പറയിപ്പിച്ചോളാം, അവൾക്ക് എന്നെ ഇഷ്ടം ആണെന്നും എന്റെ കൂടെ ഇറങ്ങി വന്നത് ആണെന്നും…
അച്ഛനെ സമാധാനിപ്പിച്ചിട്ട് അവൻ ഫോൺ കട്ട് ചെയ്തു.. ഗിരിയുടെ കോൾ ഒന്ന് രണ്ട് തവണ വരുന്നുണ്ടായിരുന്നു.. ധരൻ അത്യാവശ്യമായിട്ട് പക്ഷേ വേറെ ആരോടൊക്കെയോ സംസാരിക്കുകയായിരുന്നു… സംഭാഷണം നീണ്ടു പോയി… ഒരു മണിക്കൂർ കഴിഞ്ഞശേഷം അവൻ ഗിരിയെ തിരികെ വിളിച്ചു… ഹെലോ.. ഗിരി… എന്താടോ. അത് സാർ… കാർത്തിക റെസിഗ്നേഷൻ ലറ്റർ തന്നിട്ട്, ഒരു മണിക്കൂർ മുൻപ്, ഓഫീസിൽ നിന്നും പോയി… വാട്ട്…… അവന്റെ അലർച്ച കേട്ടതും ഗിരി നടുങ്ങി.. ഓഹ് ഷിറ്റ് . ധരൻ സ്റ്റിയറിങ്ങിൽ ആഞ്ഞു അടിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു.. അവന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകി…. പെട്ടെന്ന് തന്നെ അവൻ ഫോണെടുത്തു ലക്ഷ്മി അമ്മയെ വിളിച്ചു, കാർത്തു അവിടേക്ക് വന്നൊ എന്ന് ചോദിച്ചു…
ഇല്ല മോനെ… എന്താടാ… അവൻ നടന്ന കാര്യങ്ങളൊക്കെ വിശദീകരിച്ചു.. ഈശ്വരാ… ആ കുട്ടി.. അവളപ്പോൾ തിരികെ അവളുടെ വീട്ടിലേക്ക് പോയതാണോ മോനെ.. അറിയില്ല അമ്മേ….. അവൻ ഫോൺ കട്ട് ചെയ്ത ശേഷം തളർച്ചയോടെ സീറ്റിലേക്ക് ചാരി കിടന്നു…. അപ്പോളാണ് കാർത്തുവിന്റെ മെസ്സേജ് അവന്റെ വാട്സാപ്പിലേക്ക് വന്നത്. ധരൻ …… ഞാൻ വീട്ടിലേക്ക് പോകുന്നു….ഞാൻ തിരികെ ചെന്നില്ലെങ്കിൽ, അതിന്റെ പേരിൽ, ധരനും വിഷമിക്കേണ്ടി വരും….സോറി…..” അത് കണ്ടതും അവനു ദേഷ്യം ഇരച്ചു കയറി. വീണ്ടും താൻ തോറ്റു പോയല്ലോ എന്ന ചിന്ത അവനെ കടന്നാക്രമിച്ചു. വീട്ടിൽ എത്തിയ ശേഷം അവൻ ദേവമ്മ യുടെ മടിയിൽ തല വെച്ചു കിടക്കുക ആണ്. മോനെ….
ന്റെ കുട്ടി ഇങ്ങനെ വിഷമിക്കാതെ…… അവരും കരഞ്ഞു പോയിരുന്ന്.. കാർത്തു മോൾക്ക് പേടിയാ മോനെ.. അതുകൊണ്ട് ആണ് അവള് പോയത്…… അവർ മിഴിനീർ വാർത്തു. “അയാളുടെ മകൾ അല്ലേ അമ്മേ…. ഇങ്ങനെ ഒക്കെയെ അവളും കാണിക്കൂ….” “അവള്….. ആ വീട്ടിൽ എന്നോട് ആകെ ഇഷ്ടം ഉള്ള, ഏക വ്യക്തി അവൾ മാത്രം ആയിരുന്നു മോനെ…… മറ്റാരെക്കാളും അവൾക്ക് എന്നോട് ആയിരുന്നു സ്നേഹം… എന്തിനും ഏതിനും എന്റെ കുട്ടിക്ക് ഈ ദേവമ്മ മതിയായിരുന്നു.. വിമല യുടെ ഒരു പ്രേത്യേക സ്വഭാവം ആയിരുന്നു… നിസാര കാരണങ്ങൾ പറഞ്ഞു കൊണ്ട് അവൾ ചെറുപ്പം മുതലേ ഈ കുട്ടിയെ വേദനിപ്പിക്കും…. ഈ ഒരെണ്ണം മാത്രം ഒള്ളു ആണായും, പെണ്ണായും..എന്നിട്ട് ആണെന്ന് ഓർത്തോണം….
പാവം കുട്ടി എന്നെ കെട്ടിപിടിച്ചു കരയും,,,, ഇന്ന് അവള് പോയത് വിമലയെ പേടിച്ചാണ് മോനെ…. എനിക്ക് ഉറപ്പാ അത്… അവർ നെടുവീർപ്പെട്ടു. “അമ്മേ….” “എന്താ മോനെ…” “അമ്മയുടെ പേരിലുള്ള സ്വത്തല്ലേ ആ വീടും പറമ്പും ഒക്കെ…” ” അതെ മോനെ” ” അതെനിക്ക് വേണം….. എല്ലാത്തിനെയും അവിടുന്ന്, ഇറക്കി വിട്ടിട്ട് എനിക്ക് അവിടെ കഴിയണം… ധരന്റെ തീരുമാനമാണിത്…” “അത് വേണോ മോനെ…..” “വേണം അമ്മേ…… അത്രയെങ്കിലും അവരോട് ചെയ്തില്ലെങ്കിൽ, പിന്നെ ഞാനെന്തിനാണ് അമ്മയുടെ മകനായിട്ട്, കഴിയുന്നത്….” അവൻ ചാടി എഴുനേറ്റു. “ധരൻ…..നീ കുറച്ച് സാവകാശം കാണിക്കു മോനെ…. എല്ലാത്തിനും നമ്മൾക്കു വഴിയുണ്ടാക്കാം ” മേനോനും ലക്ഷ്മിയും അവനെ പറഞ്ഞു മനസ്സിലാക്കുവാൻ ഒരുപാട് ശ്രമിച്ചെങ്കിലും, എല്ലാം വിഭലമായി..
രണ്ടുദിവസം കൂടി നമ്മൾക്ക് നോക്കാം. കാര്യങ്ങൾ ഏതുവരെയും പോകുമെന്ന്.. എന്നിട്ട് ആവാ ബാക്കി എന്നു പറഞ്ഞ് ദേവമ്മ, ഒടുവിൽ അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു… *** ഈ സമയത്ത്, വിമലയുടെ പ്രഹരങ്ങൾ , ഏറ്റുവാങ്ങിക്കൊണ്ട്, ഒരു ജീവച്ഛവം പോലെ ഇരിക്കുകയായിരുന്നു കാർത്തു… അവളുടെ ഇരു കവിളിലും വിമല മാറിമാറി അടിച്ചു… പടിപ്പുരയുടെ, കോണിൽ നിന്നിരുന്ന, പേര് മരത്തിന്റെ കമ്പ്, ഒടിച്ചെടുത്തു കൊണ്ടുവന്നായിരുന്നു,ബാക്കി, പീഡനങ്ങൾ മുഴുവനും.. ” കണ്ടവന്റെ കൂടെ അഴിഞ്ഞാടിയിട്ട് യാതൊരു കൂസലുമില്ലാതെ, ഇരിക്കുന്ന ഇരിപ്പു കണ്ടില്ലേ….. നിന്നെ എന്തിനാടി ഞാൻ പെറ്റു വളർത്തിയത്,തന്നിഷ്ടപ്രകാരമുള്ള,ജീവിതം, ഇവിടെ നടക്കുകേല…. ”
അതും പറഞ്ഞുകൊണ്ട് അവർ അവളെ,ആഞ്ഞാഞ്ഞടിച്ചു. ” നല്ല ഒന്നാന്തരം ഒരു ചെറുക്കന്റെ, ആലോചന വന്നതല്ലായിരുന്നോടി നിനക്കു…. എന്നിട്ട് ഒടുക്കം….. നിന്റെ അച്ഛനും ഞാനും എല്ലാവരുടെയും മുമ്പിൽ, നാണം കെട്ടില്ലേടി…… എന്റെ വീട്ടുകാരെല്ലാവരും,ഇവിടെ എത്തിയപ്പോൾ,ഞാൻ തലകുനിക്കേണ്ടി വന്നില്ലേ… എല്ലാത്തിനും കാരണം നീ ഒരുത്തി അല്ലേടി… ” പേരക്കമ്പ് കൊണ്ട് അവർ അവളെ ആഞ്ഞടിച്ചു.. ചെറിയമ്മയും ചെറിയച്ഛനും അച്ഛനും ഒക്കെ…വാതിലിൽ ശക്തിയായി മുട്ടുന്നുണ്ട്.. “വിമലേ… മതി അടിച്ചത്…. നി ഒന്നടങ്ങു…. ഇല്ലെങ്കിൽ അവള് മരിച്ചുപോകും….” മുത്തശ്ശി വെളിയിൽ നിന്നും വിളിച്ചു പറയുന്നുണ്ട്…. ” ഇവള് ഇനി ജീവിച്ചിരിക്കുന്നതിനും ഭേദം അതാണ് അമ്മേ നല്ലത്…. നമ്മുടെ കുടുംബത്തിന് ഇവൾ ചീത്ത പേരുണ്ടാക്കിയില്ലേ…
എങ്ങനെ വളർത്തിക്കൊണ്ടുവന്നതാ…ഒടുക്കം… നീ അനുഭവിക്കുo… നോക്കിക്കോ.. ” അതും പറഞ്ഞുകൊണ്ട് സ്വയം തന്നെ നെഞ്ചിലേക്ക് ആഞ്ഞടിച്ചുകൊണ്ട് വിമല ഉറക്കെ കരഞ്ഞു….. അമ്മ വാതിൽ തുറന്നപ്പോൾ, അച്ഛനും ചെറിയച്ഛനും ഒക്കെ അകത്തേക്ക് പാഞ്ഞു വന്നു,,, കാർത്തു ആണെങ്കിൽ ആരോടും ഒരക്ഷരം പോലും പറയാതെ, കാൽമുട്ടിന്മേൽ മുഖം,ചേർത്ത് ഇരുന്നു. വിമല അപ്പോൾ ബോധം കെട്ടു പോയിരിന്നു.. അവരെ പിടിച്ചു എഴുനേൽപ്പിച്ചുകൊണ്ട് എല്ലാവരും വെളിയിലേക്ക് പോയി. കാർത്തു എന്നൊരു കുട്ടി അവിടെ ഇരിപ്പുണ്ട് എന്ന് പോലും ആരും ശ്രദ്ധിച്ചില്ല.. പക്ഷേ നിച്ചു മാത്രം,അവളുടെ അടുത്ത് വന്ന് അവളെ കെട്ടിപ്പിടിച്ചു…..
ചേച്ചി… ഒരുപാട് വേദനിച്ചുല്ലേ… അവളുടെ കൈത്തണ്ടയിൽ, തിണിർത്തു കിടക്കുന്ന, അടികൊണ്ട പാടിലേക്ക് നോക്കി അവൻ കരഞ്ഞു. കാർത്തുവിന്റെ ഇരു കവിളുകളിലും,വിമലയുടെ കൈപ്പാട്,അങ്ങനെ തന്നെ കിടന്നു… അവളുടെ, കീഴ്ചുണ്ട് പൊട്ടി രക്തം കിനി യുന്നുണ്ടായിരുന്നു.. നിച്ചു വിനെ നോക്കി അവൾ മെല്ലെ പുഞ്ചിരിച്ചു.. കുഴപ്പമില്ല മോനെ……. എന്റെ മോൻ എണീറ്റ് പൊക്കോ.. ഇല്ലെങ്കിൽ നിനക്ക് കിട്ടും…. അതും പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട്, കാർത്തു പിന്നെയും മുട്ടിലേക്ക് മുഖം കുമ്പിട്ട് ഇരുന്നു.. കുറച്ച് സമയം കൂടി,അവളെ നോക്കിയിരുന്നിട്ട്, അവൻ പിന്നാമ്പുറത്തുകൂടി മുറ്റത്തേക്ക് ഇറങ്ങി… സമയം അപ്പോൾ 9 മണി ആയിരുന്നു.. ഇടവഴി താണ്ടി ധരന്റെ വീട്ടിലേക്ക് അവൻ വേഗത്തിൽ ഓടി…..….തുടരും……