അറിയാതെ : ഭാഗം 3
നോവൽ
എഴുത്തുകാരി: അഗ്നി
പുറമെ അവൻ ശാന്തനായി കണ്ടെങ്കിലും അവന്റെ അകമേ വലിയൊരു യുദ്ധം നടക്കുകയായിരുന്നു…അവന് ആദിയോട് എന്തോ ഒരടുപ്പം തോന്നുന്നതായി അവന് മനസ്സിലായി…എന്തോ ഒന്ന് തങ്ങളെ വലിച്ചെടുപ്പിക്കുന്നുണ്ടെന്ന് അവന് തോന്നി. അവന്റെ ആ ചിരിയും നുണക്കുഴി കവിളുകളും എല്ലാം കാണുമ്പോൾ തന്റെ ചെറുപ്പത്തിലെ രൂപം ആയിട്ട് അവന് തോന്നി…അവൻ അതിയായ വാത്സല്യത്തോടെ ആദിയെ എടുത്ത് ആ കവിളുകളിൽ മാറി മാറി ചുണ്ടമർത്തിക്കൊണ്ടേയിരുന്നു….അവന്റെ കുലുങ്ങിച്ചിരി അവിടെ മുഴുവനും പരന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
സാം അവരെ അന്വേഷിച്ചു ചെല്ലുമ്പോൾ കാണുന്നത് ആദിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന കാശിയെയാണ്….അവൻ അവരേത്തന്നെ നോക്കി നിന്നു…എത്ര പെട്ടന്നാണ് കാശിയും ആദിയും തമ്മിലടുത്തത് എന്നവൻ ഓർത്തു… അപ്പോഴേക്കും കാശി സാമിനെ കണ്ടിരുന്നു..പിന്നെ അവർ ഒന്നിച്ച് തിരികെ മുറിയിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ ആമിമോളെ ഉറക്കികിടത്തുന്ന സൈറയെ ആണ് കണ്ടത്…അവൾ ആമിയെ ഉറക്കിയതിന് ശേഷം കാശിയോട് യാത്ര പറഞ്ഞ് എല്ലാവരും ആദിയുമായി തിരികെ പോയി…
അവൾ പോകുന്നതിന് മുൻപ് ആമിയ്ക്കൊരു ചുംബനം നൽകിയിരുന്നു..അവളുടെ സാന്നിധ്യം അറിഞ്ഞപ്പോൾ കുഞ്ഞാമി ഉറക്കത്തിലും ഒന്ന് ചിരിച്ചു…ആദിയാണെങ്കിൽ കാശിയുടെ കവിളിൽ ഒരു മുത്തം കൊടുത്തിട്ടാണ് പോയത്…അവന്റെ ആ ചുണ്ടുകളുടെ ചൂട് ഇപ്പോഴും തന്റെ കവിളുകളിൽ ഉള്ളതായി അവന് തോന്നി… തന്റെ ശരീരം.മുഴുവൻ ആദിയുടെ ഗന്ധമാണെന്ന് അവന് തോന്നി…അവൻ ഉമ്മവെച്ച കവിളിലും അവൻ വലിച്ച മീശയിലും ഒക്കെ അവൻ ഒന്നുകൂടെ തൊട്ടുനോക്കി… എന്നാൽ.എല്ലാ ഓർമ്മകളും ചെന്നവസാനിച്ചത് അവൻ തന്നെ അപ്പാ എന്ന് വിളിക്കുന്ന ആ സന്ദർഭത്തിലായിരുന്നു…
അത് ഓർക്കേ അവൻ വെട്ടി വിയർത്തു..എന്തുകൊണ്ട് തന്റെ ചിന്തകൾ ഇങ്ങനെ പോകുന്നു എന്നോർത്തവൻ നെടുവീർപ്പിട്ടു… സൈറയെ കാണുന്തോറും താൻ രാവിലെ കണ്ട സ്വപ്നം തികട്ടി വരുന്നതായിത്തോന്നി…അവന് ആകെ ഒരു വല്ലായ്മ തോന്നിത്തുടങ്ങിയിരുന്നു… സൈറയുമായുള്ള കൂടിക്കാഴ്ചകൾ ഇനി ഉണ്ടാവാതെ നോക്കണം എന്നവൻ ആലോചിച്ചു അതുകൊണ്ട് തന്നെ ആദിയെയും കാണേണ്ടിവരില്ലല്ലോ എന്നവൻ ചിന്തിച്ചു….
എന്നാൽ അപ്പോഴും അവന്റെ മനസ്സിനുള്ളിൽ ആ കുഞ്ഞിന്റെ കളിച്ചിരികൾ മുഴങ്ങിയിരുന്നു…സൈറയോടുള്ള ആമിയുടെ അദൃശ്യമായ ആ ബന്ധം അവന്റെ മനസ്സിൽ മിന്നിതെളിഞ്ഞുകൊണ്ടിരുന്നു… അങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു… പിറ്റേന്ന് തന്നെ ആമിയെ ഡിസ്ചാർജ് ചെയ്തു… സാം അവരെയും കൂട്ടിക്കൊണ്ട് അവരുടെ പുതിയ താമസസ്ഥലത്തേക്കാണ് കൊണ്ടുപോയത്…ആ സ്ഥലം തന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കും എന്നവൻ അന്ന് അറിഞ്ഞിരുന്നില്ല…
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 സൈറയ്ക്കും മിയയ്ക്കും ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്നു…അവർ ആദിയെ ദീദിയുടെ കയ്യിൽ ഏല്പിച്ചിട്ട് അവരവരുടെ ജോലിസ്ഥലങ്ങളിലേക്ക് ചെന്നു.. സൈറ ആശുപത്രിയിൽ.എത്തിയ ഉടനെതന്നെ ആമിമോളുടെ മുറിയിലേക്ക് പോയി എങ്കിലും അവിടെ വേറൊരാൾ കിടക്കുന്നത് കണ്ടപ്പോൾ അവർ ഡിസ്ചാർജ് ആയെന്ന് അവൾക്ക് മനസ്സിലായി.. അവൾക്ക് ആമിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നുവെങ്കിലും അവൾ ആ ആഗ്രഹത്തെ തന്റെ മനസ്സിൽ തന്നെ പിടിച്ചടക്കി….
തനിക്കെന്തുകൊണ്ടാണ് ആദിയെപോലെ തന്നെ ആ കുഞ്ഞിനോടും ഒരു വാത്സല്യം തോന്നുന്നതെന്നവൾ ആലോചിച്ചു.. ആമിയെ കാണുമ്പോഴും കാണാതിരിക്കുമ്പോഴും തനിക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ചവൾ ആലോചിച്ചു… ചിലപ്പോൾ അവൾ അമ്മയില്ലാതെ, അമ്മയുടെ ചൂടേൽക്കാതെ വളർന്ന തന്റെ ആദിയുടെ പ്രായമുള്ള കുഞ്ഞായതുകൊണ്ടാകുമോ ഇങ്ങനൊരു വാത്സല്യം… തന്റെ ആദിയെ ആ ഒരു സ്ഥാനത്ത് താൻ ചിന്തിച്ചു നോക്കുമ്പോൾ തനിക്കുണ്ടാകുന്ന ആ വേദനയാണോ തന്നെ ആമിയിലേക്ക് അടുപ്പിക്കുന്നത്….
അതോ അവൾ ഒരു പെണ്കുട്ടിയാണെന്നുള്ളതാണോ…ഒരു സ്ത്രീയുടെ ജീവിതത്തിൽ ഒരു മകൾക്കുള്ള സ്ഥാനം വളരെ വലുതാണ്… ഒരു പ്രായം കഴിയുമ്പോൾ അവൾ ഏറ്റവും കൂടുതൽ തല്ലു കൂടുന്നതും വഴക്കുണ്ടാക്കുന്നതും അവളുടെ അമ്മയായിട്ടായിരിക്കും…പക്ഷെ എന്ത് പറഞ്ഞാലും അവളായിരിക്കും ആ അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്…തിരിച്ചും അങ്ങനെ തന്നെയായിരിക്കും..
അപ്പന്റെ രാജകുമാരി എന്ന പേരിൽ വളരാനും അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കാനും ഉള്ള താൽപര്യമാണ് ഓരോ പെണ്കുഞ്ഞുങ്ങൾക്കുള്ളത്…അതാണ് അവരെ മാതാപിതാക്കളോട് അടുപ്പിക്കുന്നത്…മാതാവിനെയും പിതാവിനെയും ഒരുപോലെ കണ്ട് സ്നേഹിക്കാൻ പെണ്കുട്ടികൾക്കാണ് കൂടുതൽ കഴിവ്… ഒരു പ്രായം കഴിഞ്ഞാൽ മിക്ക ആണ്കുട്ടികളും ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ പോലും അത് പ്രകടിപ്പിക്കാൻ പ്രത്യേകിച്ച് അപ്പൻമാരോട് പ്രകടിപ്പിക്കാൻ വിമുഖത കാണിക്കും..
തന്റെ ആദി ഭാവിയിൽ ഇങ്ങനെയായി തീർന്നാലോ എന്നുള്ള ഭയമാണോ ഇനി ആമിമോളേയും ആദിക്കുട്ടനെയും ഒന്നിച്ചോ അല്ലെങ്കിൽ ആമിയെ മാത്രമായോ കാണുമ്പോൾ തോന്നുന്ന ആ വാത്സല്യം.. ഇങ്ങനെ ഓരോരോ കാര്യങ്ങൾ അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു… അവൾ തന്നോട് തന്നെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് സ്വയം പരിശോധിച്ചുകൊണ്ടിരുന്നു…. എന്നാൽ പെട്ടന്നാണ് അവളുടെ ഓർമ്മയിലേക്ക് കാശിയുടെ മുഖം കടന്നു വന്നത്…
താൻ ആമിയെ ഒരു പരിധിയിൽ കൂടുതൽ കൊഞ്ചിക്കുന്നതും ലാളിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായേക്കില്ല എന്നവൾ ഓർത്തു.. അദ്ദേഹത്തിന്റെ മുൻഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എത്രമാത്രമാണെന്ന് മനസ്സിലാക്കിയതാണ്… മാത്രമല്ല അന്ന് ആമിമോള് തന്നെ അമ്മാ എന്ന് വിളിച്ചപ്പോൾ തന്റെ മനസ്സിനൊരു കുളിർമ്മയാണ് അനുഭവപ്പെട്ടതെങ്കിൽ കാശിയുടെ മുഖത്ത് വേറെയെന്തോ ഒരു ഭാവമാണ് രൂപപ്പെട്ടത് എന്നും അവൾ.ഓർത്തു….
അവസാനം അവൾ തന്റെ തീരുമാനത്തിലെത്തി..തനിക്ക് ഇനി തന്റെ ആദി മാത്രം മതി…വേറെയാരും തന്റെ ജീവിതത്തിലേക്ക് കടന്നുവരേണ്ട എന്നവൾ ഉറച്ച തീരുമാനം എടുത്തു… തന്റെ മരണം വരെ താൻ ആദിയുടെ മാത്രം സ്വന്തമാണ്…അവൻ എന്റെയും. .അതിനിടയിൽ ആരും കടന്നുവരേണ്ട എന്നൊക്കെ അവൾ ചിന്തിച്ചെങ്കിലും അതിനിടയിൽ തന്നെ ആമിയുടെ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന മുഖവും ആദിയും ആമിയും ഒന്നിച്ചിരുന്ന് കളിക്കുന്ന ദൃശ്യങ്ങളുമെല്ലാം അവളുടെ മുന്നിൽ വെളിവായി വന്നപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ച് അവളുടെ മേശയിൽ തലവച്ചു കിടന്നു…
ആ കിടപ്പിൽ അവൾ ഒന്നേ പ്രാര്ഥിച്ചുള്ളൂ… “കർത്താവേ…ആ കുഞ്ഞും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല…എന്റെ കാര്യങ്ങളെല്ലാം അങ്ങേയ്ക്കറിയാമല്ലോ…എനിക്ക് ഇപ്പോൾ സ്വന്തം എന്ന് പറയാൻ എന്റെ ആദികുട്ടൻ മാത്രമേ ഉള്ളു…ഇനിയും ഓരോന്ന് ആലോചിക്കാൻ എനിക്ക് കഴിയില്ല കർത്താവേ… ആമിമോൾ ആരാണെന്നോ എന്താണെന്നോ ഒന്നും എനിക്കറിയില്ല… കഴിയുമെങ്കിൽ ഇനി ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി തരേണമേ..
അല്ലെങ്കിൽ ആ മകളെ കാണുമ്പോൾ എന്റെ മനസ്സിനെ വരുതിയിൽ ആക്കാനുള്ള കൃപ എനിക്ക് നൽകണമേ….” അവൾ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… കുറച്ച് കഴിഞ്ഞ് ഓ.പി വീണ്ടും തുടങ്ങി..അങ്ങനെ സൈറ വീണ്ടും അവളുടെ പ്രവർത്തിയിൽ വ്യാപൃതയായി.. ★★★★★★★★★★★★★★★★★★★★ കാശിയും സാമും ദി ലില്ലി ഗാർഡൻ എന്ന് പേരുള്ള ഒരു അപാർട്മെൻറ് സമുച്ചയത്തിൽ എത്തി…
കാശിയ്ക്ക് കോർട്ടർസ് ശെരിയാക്കാം എന്ന പൊലീസ് അധികാരികൾ പറഞ്ഞെങ്കിലും കുഞ്ഞിന് അവിടേക്കാളും ഇങ്ങനൊരു സ്ഥലമാകും നല്ലാതെന്ന് തോന്നിയതുകൊണ്ടാണ് അവൻ ഫ്‌ളാറ്റിലേക്ക് മാറുവാൻ തീരുമാനിച്ചത്.. അവർ സെക്യൂരിറ്റിയെ പോയി കണ്ടു …..കാര്യങ്ങളൊക്കെ സംസാരിച്ചു.. അതിനു ശേഷം സാധാനസാമഗ്രികളുമൊക്കെ ആയി ലില്ലി ഗാർഡന്റെ ആറാം നിലയിലേക്ക് പോകുവാനായി ലിഫ്റ്റിലേക്ക് കയറി.. ഒരു നിലയിൽ ഇരുപത് ഫ്‌ളാറ്റുകൾ ആയിരുന്നു..
പത്ത് മുറികൾ ഒരു വശത്തും ബാക്കി പത്തെണ്ണം മറുവശത്തുമായി ഒരു മുറിയ്ക്ക് ഓപ്പോസിറ്റ് മറ്റൊരു മുറി വരുന്ന രീതിയിലായിരുന്നു അവിടെയുള്ള ക്രമീകരണങ്ങൾ… ഓരോ മുറിയ്ക്കും ഓരോ നമ്പറുകൾ ആണ്…അതിനായി അതാത് നിലയുടെ നമ്പറും അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരമാലയും ഉപയോഗിച്ചിരുന്നു… അങ്ങനെ കാശിയും സാമും ആറാം നിലയിൽ ഇറങ്ങി 6E എന്നെഴുതിയിരിക്കുന്ന ഫ്‌ളാറ്റിലേക്ക് കയറി…ഈ സമയമത്രയും ആമിമോള് കാശിയുടെ പിന്നിലുള്ള കങ്കാരൂ ബാഗിൽ കിടന്നുറങ്ങുകയായിരുന്നു…
അവർ ആ ഫ്ലാറ്റ് ആകമാനം ഒന്ന് വീക്ഷിച്ചു..മൂന്ന് അറ്റാച്ഡ് കിടപ്പുമുറികൾ…അത് കൂടാതെ ഒരു ലിവിങ് ഏരിയ ,ഒരു ഡൈനിങ്ങ് റൂം പിന്നെയൊരു അടുക്കള…. എല്ലാ മുറിയും ഫുള്ളി ഫർണിഷ്ഡ് ആണ്…ഇനിയാകെ അടുക്കള സാധനങ്ങൾ മാത്രം മതി…അതൊക്കെ വാങ്ങാനായി വൈകുന്നേരം പോകാം എന്നവർ തീരുമാനിച്ചു…എന്നിട്ട് അവർ കൊണ്ടുവന്ന ഭക്ഷണം എടുത്തവർ കഴിച്ചു.. ആമിമോളെ ഏഴുന്നേല്പിച്ചു അവൻ കുറച്ച് ഓട്‌സ് കൊടുത്തു…അവൾ അത് കഴിച്ചിട്ട് വീണ്ടും കിടന്നുറങ്ങി..കാശിയും അവളെ കെട്ടിപ്പിടിച്ചുറങ്ങിപ്പോയി…സാം അപ്പുറത്തെ മുറിയിലേക്ക് മാറി… ★★★★★★★★★★★★★★★★★★★★
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞിരിക്കുകയാണ് സൈറ…പോകുന്ന വഴിയിൽ മിയയെയും വിളിച്ചുകൊണ്ട് വേണം പോകാനായി… സാം ഇല്ലാത്തതുകൊണ്ട് അവൾക്കന്ന് ഒരു നേരമ്പോക്കും ഉണ്ടായിരുന്നില്ല..ആ ആശുപത്രിയിൽ നല്ലൊരു അടുപ്പമുള്ളത് സാമുമായി മാത്രമാണ്…വേറെ ആരെകണ്ടാലും അവൾ ഒന്ന് ചിരിക്കും..അത്രേയുള്ളൂ.. അങ്ങനെ അവൾ ആശുപത്രിയിൽ നിന്നുമിറങ്ങി പതിയെ മിയയുടെ ഓഫീസിലേക്ക് ചെന്നു.. അവിടെനിന്നും അവർ ഒന്നിച്ചു തങ്ങളുടെ അപാർട്മെന്റിന്റെ മുന്നിലെത്തി….ദി ലില്ലി ഗാർഡൻ….അവർ വേഗം.കാർ പാർക്ക് ചെയ്ത് ലിഫ്റ്റിൽ കയറി ആറാം നിലയിലേക്കുള്ള ബട്ടൺ അമർത്തി… ★★★★★★★★★★★★★★★★★★★★
കാശിയും സാമും വൈകുന്നേരം.കടയിലേക്ക് പോകുവാനുള്ള തയാറെടുപ്പിലാണ്… അതിനായി അവൻ ആദ്യം തന്നെ ആമിമോളെ എഴുന്നേൽപ്പിച് കുളിപ്പിച്ച് വൃത്തിയാക്കി ഒരു കുഞ്ഞുടുപ്പവളെ ധരിപ്പിച്ചു… നല്ല പീച് നിറത്തിലുള്ളൊരു കുഞ്ഞുടുപ്പ്..എന്നിട്ടവൻ അതിന് ചേരുന്നൊരു ഹെയർ ബാൻഡും അവൾക്ക് വച്ചുകൊടുത്തു…കൂടെ കാലിൽ നടക്കുമ്പോൾ ശബ്ദം കേൾക്കുന്ന രീതിയിലുള്ള ചെരുപ്പും ഇടുവിച്ച് സാമിനെ ഏൽപ്പിച്ചു.. അവൾ അവന്റെ മടിയിൽ കയറി കുസൃതികൾ കാണിക്കുന്ന സമയം കൊണ്ട് കാശി കുളിച്ചൊരുങ്ങി വന്നിരുന്നു… എന്നിട്ടവർ ഫ്‌ളാറ്റിന് പുറത്തേക്ക് ഒന്നിച്ചിറങ്ങി….
★★★★★★★★★★★★★★★★★★★★ സൈറയും മിയയും കൂടെ അവരുടെ ഫ്ലാറ്റ് ആയ 6P യിൽ കാളിങ് ബെൽ അടിച്ചതിന് ശേഷം പുറത്ത് കാത്തിരിക്കുമ്പോഴാണ് പുറകിൽ ഒരു ശബ്ദം കേട്ടത്.. അവൾ തിരിഞ്ഞുനോക്കിയപ്പോൾ അവൾക്കാകെ അത്ഭുതമായി… അതേസമയം കാശിയും തിരികെ നോക്കി..അവനും അത്ഭുതം…സാമിനും മിയക്കും ഒരു കുലുക്കവുമില്ല… അപ്പോഴേക്കും ദീദി ആദിയുമായി വാതിൽ തുറന്നിരുന്നു…അവൻ ഉടനെ അമ്മാ എന്നും വിളിച്ചുകൊണ്ട് അവളുടെ പുറത്തേക്ക് അള്ളിപ്പിടിച്ചു… ആമിയും അപ്പോഴാണ് സൈറയേക്കണ്ടത്…അവളും മ്മാ എന്ന് വിളച്ചുകൊണ്ട് കാശിയുടെ മേലെനിന്ന് സൈറയുടെ മേലേക്ക് ചാഞ്ഞു…
സൈറ വീഴാൻ പോയപ്പോൾ വീണ്ടും കാശിയുടെ കൈകൾ അവളെ താങ്ങി…കാശിയെ കണ്ടയുടൻ തന്നെ കുഞ്ഞാദി സൈറയെ വിട്ട് കാശിയോട് ചേർന്നു… അവൻ കാശിയുടെ മേലേക്ക് ചാടി കാശിയുടെ നുണക്കുഴിയിലേക്ക് ചുണ്ടുകൾ ചേർത്തു… ഇതേസമയം ആമി സൈറയുടെ നെഞ്ചോട് ചേർന്ന് കിടന്നു…പക്ഷെ കാശിയും സൈറയും അന്തംവിട്ട് തമ്മിൽ തമ്മിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.. തങ്ങളുടെ മനസ്സ് വീണ്ടും കൈവിട്ടുപോകുകയാണല്ലോ എന്നവർ രണ്ടുപേരും ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടേയിരുന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
“സൈറാമ്മേ…എങ്കിൽ ഒരു കാര്യം ചെയ്യ്…നിങ്ങളും കൂടെ വാ…നിങ്ങളാകുമ്പോൾ അടുക്കളയിലേക്കും മറ്റും എന്തൊക്കെ വേണമെന്ന് നോക്കി വാങ്ങിക്കാൻ അറിയാൻ കഴിയുമല്ലോ..” സാം സൈറയെ നോക്കി പറഞ്ഞു… സൈറയ്ക്കൊരു തൽപര്യമില്ലായ്മ തോന്നിയെങ്കിലും മിയയുടെ മുഖം നോക്കിയപ്പോൾ അവൾ അവളോട് കെഞ്ചുന്നതായിതോന്നി..അതുകൊണ്ട് സൈറ പൂർണ്ണമാനസ്സോടെ അല്ലെങ്കിലും കൂടെ വരാം എന്നേറ്റു..
ഇതേസമയം കാശിയ്ക്കും സൈറ കൂടെ വരുന്നതിനോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല…കാരണം അവളെയും ആദിയെയും മറക്കാൻ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും കണ്മുന്പിൽ അവർ വരുന്നതെന്താണുള്ള ആധിയായിരുന്നു അവന്… അപ്പോഴേക്കും സാം ചെന്ന് ആദിക്ക് മാറാനുള്ള വസ്ത്രവുമായി വന്നിരുന്നു…സാം അവനെ ഒരുക്കാൻ തുടങ്ങിയപ്പോൾ അവൻ മുഖം തിരിച് കാശിയിലേക്ക് ചാഞ്ഞു… ഉടനെ തന്നെ കാശി അവനെ വസ്ത്രം മാറ്റിയുടുപ്പിക്കാൻ തുടങ്ങി…
അവൻ ഇട്ടിരുന്ന ഷോട്‌സ് ഊരി അവൻ ആദിയെ ഒരു പാമ്പേഴ്‌സ് ധരിപ്പിച്ചു..പിന്നെ അവനെ ജീൻസിന്റെ ഒരു ഷൊർട്‌സ് ധരിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും കാശിയുടെ ഫോൺ ബെല്ലടിച്ചു.. അവൻ ആ കാൾ അറ്റൻഡ് ചെയ്യാൻ മാറിയ സമയം കൊണ്ട് സാം ആദിയെ പതുക്കെ വസ്ത്രം മാറ്റിച്ച് സൈറയുടെ ഫ്‌ളാറ്റിലേക്ക് നടന്നു.. അവിടെ ചെന്നപ്പോൾ സൈറ ആമിക്ക് അവിടെയുണ്ടായിരുന്ന സ്ട്രോബെറി എടുത്ത് ചെറിയ കഷണങ്ങളാക്കി കൊടുക്കുകയായിരുന്നു..
ഇത് കണ്ട ആദി വേഗം സാമിന്റെ കയ്യിൽ നിന്നും ഇറങ്ങിയോടി അവരുടെ നടുവിൽ ചെന്നു നിന്നു… ആദിയെ കണ്ടയുടൻ തന്നെ കുഞ്ഞാമി കഴിപ്പ് നിർത്തി എന്നിട്ട് അവിടെ ചെറിയ കഷണങ്ങളാക്കി വച്ചിരുന്ന സ്ട്രോബെറിയിൽ നിന്നും ഒന്നെടുത്ത് ആദിയുടെ വായിൽ വച്ചുകൊടുത്തു… ആദി അവളെ തിരികെ കെട്ടിപ്പിടിച്ചു… അവിടെ നിന്ന സൈറയും സാമും ഇവരുടെ പരസ്പരമുള്ള ആ ബന്ധം നോക്കികാണുകയായിരുന്നു… “പൊന്ന് സൈറാമ്മോ..ഇനിയെനിക്ക് ചത്താലും വേണ്ടില്ല….”
സാം പറഞ്ഞു “അതെനതാടാ…” സൈറ ചോദ്യഭാവത്തിൽ അവനെ നോക്കി ചോദിച്ചു… “പൊന്ന്.സൈറാമ്മോ..ഈ നിൽക്കുന്ന കാശിയേട്ടന്റെ കുരിപ്പില്ലേ…അതിന് ഏറ്റവും ഇഷ്ടപ്പെട്ട സാധനങ്ങളുടെ പട്ടികയിലുള്ള ഒന്നാണ് ഈ സ്ട്രോബെറി…” “അതിന്???….” “പൊന്ന് മോളെ..ഞാനൊന്ന് പറഞ്ഞു തീർക്കട്ടെ..അതായത് ഈ ഇഷ്ടമുള്ള സാധനങ്ങൾ ഒന്നും അവൾ ആർക്കും കൊടുക്കില്ല…ആകെപോകെ കൊടുക്കുന്നത് കാശിച്ചായന് മാത്രമാ… ആ ലവളാണ് ഇന്ന് ആദിയെ ഊട്ടിയത്…”
അവന്റെ പറച്ചിൽ കേട്ട് സൈറ ഒന്ന് ചിരിച്ചു..അവൾ ചിരിക്കുന്നത് കണ്ട് കുഞ്ഞാദിയും കുഞ്ഞാമിയും കൂടെ കുലുങ്ങി കുലുങ്ങി ചിരിക്കാൻ തുടങ്ങി.. അവൾ ഇരുവരെയും വാരിയെടുത്ത് അവരുടെ കവിളുകളോട് തന്റെ ചുണ്ടുകൾ ചേർത്തു… “ഇറങ്ങാറായില്ലേ ഇതുവരെ…” കാശി ഫോൺ വിളി കഴിഞ്ഞ് ഇങ്ങനെ ചോദിച്ചുകൊണ്ടാണ് സൈറയുടെ ഫ്‌ളാറ്റിലേക്ക് കയറിയത്.. അവന്റെ നോട്ടം സൈറയിലേക്ക് പാറിവീണു…
ഒരു നേവി ബ്ലൂ കളറിലുള്ള സിംപിൾ കുർത്തയും ലൈറ്റ് കാക്കി കളറുള്ള ജീൻസുമായിരുന്നു അവളുടെ വേഷം…കഴുത്തിൽ ഒരു സ്റ്റോൾ ചുറ്റിയിട്ടുണ്ട്..മൂക്കിൽ ഒരു ചെറിയ മുക്കൂത്തി.. കാതിൽ ഒരു ചെറിയ സ്റ്റഡ്ഡ്.. അപ്പോഴാണ് കാശി അവളുടെ കഴുത്തിലേക്ക് ശ്രദ്ധിച്ചത്….അവിടെ ആകെ ഒരു ചെറിയ നൂലുപോലുള്ള ചെയിനെ കാണുന്നുള്ളല്ലോ എന്നവൻ ഓർത്തു…അവന് ആകെ സംശയമായി…അവൻ അവളെയും ആദിയെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു… “പോവാം…”
മിയയുടെ ശബ്ദമാണ് കാശിയെ ചിന്തകളിൽ നിന്നുണർത്തിയത്… അവൻ സൈറയെ നോക്കിയപ്പോൾ അവൾ കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു…ഒരു നിമിഷം അത് നോക്കി നിന്ന അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചെറു പുഞ്ചിരി വിടർന്നു… “അപ്പൊ വിട്ടാലോ കാശിച്ചായാ…” സാം വണ്ടിയുടെ ചാവിയും കറക്കിക്കൊണ്ട് ചോദിച്ചു… അവർ ഒന്നിച്ച് താഴേക്ക് നടന്നു…സൈറയുടെ കയ്യിൽ ആമിയും കാശിയുടെ കയ്യിൽ ആദിയുമായിരുന്നു ഉണ്ടായിരുന്നത്..
സാമും മിയയുമാണേൽ കിട്ടിയ തക്കത്തിന് കയ്യും ചേർത്തുപിടിച്ചാണ് നടപ്പ്…. താഴെ ചെന്നപ്പോൾ അവർ കണ്ടു..കറുത്ത നിറത്തിലുള്ള ജീപ്പിന്റെ കോമ്പസ്…സാം ഓടിച്ചെന്ന് ഡ്രൈവറുടെ സീറ്റിലും മിയ കോ ഡ്രൈവറുടെ സീറ്റിലും ഇരുന്നു…എന്നിട്ട് പരസ്പരം ഒന്ന് നോക്കി ചിരിച്ചു…. കാശിയും സൈറയും കുഞ്ഞുങ്ങളുമായി പുറത്ത് തന്നെ നിൽക്കുകയാണ്…അവർക്കെന്തോ ഒന്നിച്ചിരിക്കാനായി ഒരു മടി പോലെ…അവസാനം സാം രണ്ടൊച്ചയെടുത്ത് രണ്ടുപേരെയും അകത്തേക്ക് കയറ്റി…
പുറകിൽ സാമിന്റെ പിന്നിൽ സൈറയും മിയയുടെ പിന്നിൽ കാശിയും ഇരുവരുടെയും മധ്യഭാഗത്തായി കുഞ്ഞുങ്ങളെയും ഇരുത്തി… കുഞ്ഞാമിയും കുഞ്ഞാദിയും ഒന്നിച്ചുള്ള ആദ്യത്തെ യാത്രയായതുകൊണ്ട് തന്നെ അവർ നല്ല സന്തോഷത്തിലായിരുന്നു…അവർ അവരുടേതായ ലോകത്ത് അവരുടേതായ ഭാഷയിൽ സംസാരിച്ചുകൊണ്ടേയിരുന്നു.. ഇടയ്ക്ക് രണ്ടുപേരും കൂടെ കാശിയുടെ മടിയിലേക്ക് കയറും..
കുറച്ച് കഴിഞ്ഞ് ആമിയുടെ മേലേക്ക്…ഇതിനിടയിൽ ആമിയുടെ ബാഗ് തുറന്ന് ആദി അതിലുള്ള സാധനങ്ങളെല്ലാം വലിച്ച് പുറത്തിട്ടു….അപ്പോഴേക്കും ആമി അവനെ മാറ്റി സൈറയ്ക്ക് ഓരോ സാധനങ്ങൾ തിരികെ അവളുടെ കുഞ്ഞിക്കൈകൾ കൊണ്ട് കഴിയുന്നതുപോലെ എടുത്തു കൊടുത്തു.. കുഞ്ഞുങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ളപ്പോൾ അവരും തങ്ങളും എത്ര സന്തോഷവാന്മാരാണെന്ന് കാശി ഓർത്തു… ഇതേ സമയം ഇവരുടെ കളി നോക്കി ചിരിക്കുകയായിരുന്നു സൈറ…
ഒരു നിമിഷം ആ നിഷ്‌കളങ്കമായ ആ ചിരി കാശി ശ്രദ്ധിച്ചു…അവന്റെ മനസ്സിലേക്ക് അവൻ കണ്ട സ്വപ്നം പെട്ടന്ന് കടന്നുവന്നു… അവന്റെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി..അവളുമായി തനിക്കെന്തോ ബന്ധമുണ്ടെന്നൊരു തോന്നൽ…അതോ സ്വപ്നത്തിൽ പാത്തു കാണിച്ചുതന്ന ആളായതുകൊണ്ട് തോന്നുന്നൊരു അടുപ്പമോ…അവന് ആകെ വട്ട് പിടിക്കുന്നതുപോലെ തോന്നി..
“അതേ…ഇത് ആരെ നോക്കിയിരിക്കുവാ…ഇറങ്ങുന്നില്ലേ…” തന്റെ മുന്നിലൊരു കൈ വന്ന് ഞൊട്ടിയപ്പോഴാണ് കാശി സ്വപ്നത്തിൽ നിന്നുണർന്നത്.. “എഹ്..എത്തിയോടാ സാമേ… അയ്യോ..പിള്ളേരെവിടെ…” “ഹം..സൈറാമ്മയെ നോക്കിക്കൊണ്ടിരുന്ന് സൈറയും മിയയും പിള്ളേരും പുറത്തിറങ്ങിയത് അറിഞ്ഞില്ല്യ അല്യോ..” സാം കാശിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു… “ഒന്നു പോടാ ചെറുക്കാ….
കാശി ദേഷ്യപ്പെട്ട് തിരിഞ്ഞു നടന്നു….” “സാമിന്റെ ചൊടികളിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു….” അവർ നേരെ ഒരു മാളിലേക്കാണ് ചെന്നത്…അവിടെ വച്ച് കാശിയേം സൈറയേം കുഞ്ഞുങ്ങളേം ഒന്നിച്ചാക്കിയിട്ട് സാമും മിയയും അവരുടേതായ ലോകത്തിൽ ചേക്കേറി…
(തുടരും…) സംശയങ്ങൾ ഉണ്ടാകും..അതെല്ലാം പോകെ പോകെ ശരിയായി വരും ട്ടോ…❤️ അപ്പോൾ അഭിപ്രായങ്ങൾ അറിയിച്ചേക്കണേ… ഇനി നാളെ കാണാമെ.. എന്ന് നിങ്ങളുടെ സ്വന്തം, അഗ്നി..🔥